ഇയ്യോബിന്റെ പുസ്തകം

(ജോബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പഴയനിയമം എന്നു കൂടി അറിയപ്പെടുന്ന ഹെബ്രായ ബൈബിളിലെ ഖണ്ഡങ്ങളിൽ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മയിലും ഏറെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് ഇയ്യോബിന്റെ പുസ്തകം . നീതിമാന്മാർക്കുപോലും ജീവിതം മിക്കവാറും ക്ലേശകരമായിരിക്കുന്നുവെന്നത്, ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ് ഈ കൃതി. നാല്പത്തിരണ്ട് അദ്ധ്യായങ്ങളിലായി പരന്നുകിടക്കുന്ന ഇത് ബൈബിളിലെ ഏറെ ദൈർഘ്യമുള്ള ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഇതിന്റെ കാമ്പായ ഭാഗം(3.1-42.6) പദ്യരൂപത്തിലുള്ള സംഭാഷണമാണ്. ആ ഭാഗത്തിന് മുൻപും(1.1-2.13)പിൻപും (42.7-17) അതിനെ പൊതിഞ്ഞു നിൽക്കുന്ന ഗദ്യത്തിലുള്ള കഥാഖ്യാനമാണ്.

ഉള്ളടക്കം

തിരുത്തുക

ദൈവവും സാത്താനും

തിരുത്തുക

ഊസ് ദേശത്തെ [൧]ഇയ്യോബ് എന്ന് എന്നു പേരായ മനുഷ്യൻ കുറ്റമറ്റവനും പരമാർഥിയുമായിരുന്നു. ദൈവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം സമ്പത്തും സന്താനസമൃദ്ധിയും ഉള്ളവനായിരുന്നു. അങ്ങനെയിരിക്കെ, ദൈവപുത്രർ കർത്താവിന്റെ സന്നിധിയിൽ ഹാജരാകുന്ന ദിവസം അവർക്കൊപ്പം സാത്താനും വന്നെത്തി. ജോബിന്റെ കഷ്ടപ്പാടുകൾ തുടങ്ങിയത്, ദൈവവും സാത്താനും തമ്മിൽ നടന്ന ഒരു കുശലം പറച്ചിലിൽ ആണ്.

കർത്താവു സാത്താനോടു ചോദിച്ചു: 'നീ എവിടെനിന്നാണു വരുന്നത്?' സാത്താൻ കർത്താവിനോടു മറുപടി പറഞ്ഞു: 'ഭൂമിയിൽ ചുറ്റിയടിച്ചു കയറിയിറങ്ങി നടക്കുന്നതിന്നിടയിൽ നിന്ന്.' കർത്താവ് സാത്താനോടു ചോദിച്ചു: 'എന്റെ ദാസനായ ഇയ്യോബിനെ നീ ഗൗനിച്ചവോ? ഭൂമിയിൽ അയാളെപ്പോലെ മറ്റൊരുവനില്ല. കുറ്റമറ്റവനും പരമാർഥിയുമായ മനുഷ്യൻ; ദൈവത്തെ ഭയപ്പെടുന്നവൻ, തിന്മയെ വർജ്ജിക്കുന്നവൻ.' സാത്താൻ കർത്താവിനോടു പറഞ്ഞു: 'വെറുതെയാണോ ഇയ്യോബ് ദൈവഭയമുള്ളവനായിരിക്കുന്നത്? അയാൾക്കു ചുറ്റും നീ വേലി കെട്ടിയിരിക്കുകയല്ലേ. അയാളുടെ പ്രയത്നങ്ങളെയെല്ലാം നീ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോൾ കൈ നീട്ടി അയാളുടെ വസ്തുവകകളെ സ്പര്ശിക്കൂ. അപ്പോൾ നേർക്കുനേർ നിന്ന് അയാൾ നിന്നെ ശപിക്കും.' കർത്താവ് സാത്താനോട് അരുൾ ചെയ്തു: നോക്കൂ, അയാൾക്കുള്ളതെല്ലാം നിനക്കു വിധേയാമാണ്. അയാളുടെമേൽ മാത്രം നീ കൈവയക്കരുത്.' അപ്പോൾ സാത്താൻ കർത്താവിന്റെ സന്നിധിയിൽ നിന്നു പുറപ്പെട്ടു.[1]

ദുരിതങ്ങളുടെ തുടക്കം

തിരുത്തുക

അനുമതി കിട്ടിയ സാത്താൻ കർത്താവിന്റെ അടുത്തു നിന്ന് പുറപ്പെട്ടുപൊയതിനെ തുടർന്ന് ഒന്നിനു പിറകേ ഒന്നായി അനർഥങ്ങൾ ഇയ്യോബിനെ തേടി വന്നു. അയാളുടെ ആട്ടിൻ പറ്റവും അവയെ നോക്കിയിരുന്നവരും ഇടിമിന്നലേറ്റു നശിച്ചു. മാടുകളെ സെബെയക്കാരും ഒട്ടകങ്ങളെ കൽദായക്കാരും തട്ടിക്കൊണ്ടുപോയി. മരുക്കൊടുങ്കാറ്റിൽ അയാളുടെ പുത്രീപുത്രന്മാരെല്ലാം മരിച്ചു. ഇതൊക്കെയറിഞ്ഞ ഇയ്യോബ് പറഞ്ഞത് "അമ്മയുടെ ഉദരത്തിൽ നിന്ന് ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു; ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ" എന്നാണ്.

ദുസ്സഹ പീഡ

തിരുത്തുക
 
ഇയ്യോബിനെ സാത്താൻ വ്രണങ്ങൾ കൊണ്ടു പീഡിപ്പിക്കുന്നത് വില്യം ബ്ലെക്കിന്റെ ഭാവനയിൽ.

സ്വർഗത്തിലെ അടുത്ത കൂടിക്കാഴ്ചയിൽ, ദുഷ്പ്രേരണക്കു വഴങ്ങി താൻ ഇയ്യോബിന് കഷ്ടപ്പാടുകൾ അനുവദിച്ചിട്ടും അയാൾ വിശ്വസ്തതയിൽ തുടരുന്ന കാര്യം ദൈവം സാത്താന്റെ ശ്രദ്ധയിൽ പെടുത്തി. ഇയ്യോബിന്റെ ശരീരത്തെ സ്പർശിച്ചാൽ അയാൾ ദൈവത്തെ ശപിക്കും എന്നായിരുന്നു ഇതിന് സാത്തന്റെ സമാധാനം. അതുകേട്ട്, അയാളുടെ ശരീരത്തോട്, ജീവഹാനി വരുത്തുന്നതൊഴിച്ച് എന്തും ചെയ്യാൻ ദൈവം സാത്താനെ അനുവദിച്ചു. തുടർന്ന് ഉള്ളംകാൽ മുതൽ നെറുക വരെ വല്ലാത്ത വ്രണങ്ങൾ കൊണ്ട് ഇയ്യോബിനെ സാത്താൻ പീഡിപ്പിച്ചു. മാന്താൻ ഒരു ഓട്ടുകഴണവുമായി അയാൾ ചാരത്തിൽ ഇരുന്നു.


ഇനി വിശ്വസ്തതയിൽ തുടരുന്നതിൽ അർത്ഥമിലെന്നും ദൈവത്തെ ശപിച്ചിട്ട് മരിക്കുകയാണ് വേണ്ടതെന്നും ഭാര്യ പറഞ്ഞതിനെ അയാൾ എതിർത്തു. ഇയ്യോബിന്റെ അന്യദേശക്കാരായ മൂന്നു സുഹൃത്തുക്കൾ, എലീഫാസ്, ബിൽദാദ്, സോഫർ എന്നിവർ, അയാളുടെ അവസ്ഥയറിഞ്ഞ് ആശ്വസിപ്പിക്കാനെത്തി. അവർക്ക് തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു ഇയ്യോബ്. ഉറക്കെ കരഞ്ഞിട്ട് ഒന്നും പറയാതെ ഏഴുദിവസം അവർ അയാൾക്കൊപ്പം തറയിൽ ഇരുന്നു.


മൂവരുടെ 'സമാശ്വാസം'

തിരുത്തുക

ഈ മൗനം അവസാനിപ്പിച്ച് ഇയ്യോബ് വായ് തുറക്കുന്നതോടെയാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കാമ്പായ, പദ്യഭാഗം ആരംഭിക്കുന്ന���്. ആവിടം മുതൽ വായനക്കാർ കാണുന്നത് വ്യത്യസ്തനായ ഒരു ഇയ്യോബിനെയാണ്. അയാൾ തുടങ്ങിയത് താൻ പിറന്ന ദിനത്തെയും ഒരാൺകുഞ്ഞായി താൻ രൂപം കൊണ്ട രാത്രിയെയും ശപിച്ചുകൊണ്ടാണ്. അകാലത്തിൽ പിറന്ന് ചാപിള്ളയാകാതെ ദുരിതമനുഭവിക്കാൻ വെളിച്ചവും ആത്മവ്യഥയനുഭവിക്കാൻ പ്രാണനും തനിക്ക് കിട്ടിയതെന്തിനെന്ന് അയാൾ വിലപിച്ചു.

ഒന്നാമൂഴം
തിരുത്തുക

ഇയ്യോബിന്റെ അമർഷത്തിന്റെ ധാരമുറിയാത്ത ഈ കുത്തൊഴുക്ക്, അയാളുടെ സുഹൃത്തുക്കളെ പ്രതികരിക്കാൻ നിർബ്ബന്ധിതരാക്കി. അവർ മൂവരും അയാളെ മാറിമാറി ഗുണദോഷിച്ചു. ദൈവത്തിന്റെ മുൻപിൽ നീതിമാനായി ആരുമില്ലെന്നിരിക്കെ, സർവശക്തന്റെ ശിക്ഷണത്തെ പുഛിക്കരുതെന്നും മുറിവേല്പ്പിക്കുന്ന അവൻ തന്നെ പിന്നീട് വച്ചുകെട്ടുമെന്നുമൊക്കെയാണ് എലീഫാസ് പറഞ്ഞത്. എന്നാൽ താൻ എന്തു തെറ്റുചെയ്തു എന്ന് മനസ്സിലാക്കിത്തരാനാണ് ഇയ്യോബ് ആവശ്യപ്പെട്ടത്. ദുസ്വപ്നങ്ങളയച്ച് ദൈവം വിരട്ടുക മൂലം ഉറക്കത്തിൽ പോലും തനിക്ക് ആശ്വാസമില്ലെന്നും ഉമിനീരിറക്കാൻപോലും ദൈവം തന്നെ അനുവദിക്കുന്നില്ലെന്നും അയാൾ പരാതിപ്പെട്ടു. ഇതിന് മറുപടിയായി ബിൽദാദ് പറഞ്ഞത് ഇയ്യോബിന്റെ മക്കൾ പാപം ചെയ്തതുകൊണ്ടായിരിക്കാം ദൈവം അവർക്ക് ആപത്ത് വരുത്തിയതെന്നും ദൈവത്തെ തേടുകയും ദൈവത്തോട് യാചിക്കുകയും ചെയ്താൽ അവൻ ഇനിയും അയാളുടെ വായിൽ ചിരിയും, അധരങ്ങളിൽ ആർപ്പുവിളിയും നിറയ്ക്കും എന്നുമാണ്. ഇയ്യോബ് ഇതിനോട് പ്രതികരിച്ചത്, കുറ്റമറ്റവനേയും ദുഷ്ടനേയും ഒരുപോലെ നശിപ്പിക്കുകയും നിർദ്ദോഷിയുടെ നിരാശകാണുമ്പോൾ പുഛിക്കുകയും ചെയ്യുന്ന ദൈവത്തെ ചിത്രീകരിച്ചാണ്. വാചാലത ആരേയും നിർദ്ദോഷീകരിക്കുകയില്ല എന്നാണ് ഇതിന് സോഫർ പറഞ്ഞത സമാധാനം. ഇയ്യോബിന്റെ കുറ്റം അർഹിക്കുന്നതിൽ കുറഞ്ഞ ശിക്ഷയാണ് അയാൾക്ക് കിട്ടിയതെന്നും ഈ സുഹൃത്ത് അഭിപ്രായപ്പെട്ടു. ഈ മറുപടിയിൽ, അല്ലലില്ലാത്തർക്ക് നിർഭാഗ്യവാന്മാരെക്കുറിച്ചുള്ള പുഛം കണ്ട ഇയ്യോബ് "നിങ്ങളാണ് ജനം, നിങ്ങൾ മരിച്ചാൽ ജ്ഞാനവും മരിക്കും" എന്ന് സുഹൃത്തുക്കളെ പരിഹസിച്ചു. ദൈവം തന്നെ കൊല്ലുമെന്നും, തനിക്കൊരു പ്രത്യാശയുമില്ലെന്നും വിശ്വസിച്ചപ്പോഴും, വ്യാജങ്ങൾകൊണ്ട് വെള്ളയടിക്കുന്നവരും കൊള്ളരുതാത്ത വൈദ്യന്മാരുമായ സുഹൃത്തുക്കളുടെ സാന്ത്വനം ശ്രവിക്കുന്നതിനേക്കാൾ ദൈവത്തിന് നേർക്കുനേർ നിന്ന് തന്റെ നിരപരാധിത്വം വാദിക്കാനാണ് അയാൾ ആഗ്രഹിച്ചത്.

രണ്ടാമൂഴം
തിരുത്തുക
 
ഇയ്യോബിനെ വിമർശിക്കുന്ന മൂന്നു സുഹൃത്തുക്കളും ഭാര്യയും - വില്യം ബ്ലേക്കിന്റെ രചന

മൂന്നു സുഹൃത്തുക്കളും ഊഴം വച്ച് ഓരോ വട്ടം ഇയ്യോബിനെ ഗുണദോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആദ്യം സംസാരിച്ച എലീഫാസ് വീണ്ടും വായ് തുറന്നു. സ്വന്തം നിരപരാധിത്വത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ ഉറപ്പിനെ അയാൾ ചോദ്യം ചെയ്തു. ദൈവം തന്റെ വിശുദ്ധരിൽ പോലും വിശ്വാസം അർപ്പിക്കുന്നില്ലെന്നും അവന്റെ ദൃഷ്ടിയിൽ സ്വർഗവും സംശുദ്ധമല്ലെന്നുമിരിക്കെ, അശുദ്ധിയും ദുഷിപ്പും ഉള്ള മനുഷ്യന് എങ്ങനെ നിരപരാധിയെന്നവകാശപ്പെടാൻ കഴിയും എന്നാണ് അയാൾ ചോദിച്ചത്. ഈ സുഹൃത്തുക്കളുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ തനിക്കും ഇങ്ങനെയൊക്കെ സംസാരിക്കാമായിരുന്നെന്ന് ഇയ്യോബ് മറുപടി പറഞ്ഞു. "നിങ്ങൾ എല്ലാവരും മടങ്ങിപ്പോയി വീണ്ടും വരൂ; നിങ്ങളിൽ ഒരു വിജ്ഞാനിയെ ഞാൻ കാണുന്നില്ല" എന്നു പോലും ഇയ്യോബ് സഹികെട്ട് പറഞ്ഞെങ്കിലും സുഹൃത്തുക്കൾ ഉപദേശം തുടർന്നു. രണ്ടാം വട്ടം സംസാരിച്ച ബിൽദാദ് ദുഷ്ടന്മാരെ കാത്തിരിക്കുന്ന ദൈവശിക്ഷയുടെ കാര്യം പറഞ്ഞപ്പോൾ ഇയ്യോബ് പ്രതികരിച്ചതിങ്ങനെയാണ്: "നിങ്ങൾ എത്രകാലം ഇനിയും എന്നെ കുത്തിനോവിക്കും? ഞാൻ എല്ലും തോലുമായി. എന്റെ പല്ലുകൊഴിഞ്ഞു. നിങ്ങളും ദൈവത്തെപ്പോലെ എന്ന വേട്ടയാടുന്നതെന്ത്?" പക്ഷേ വേട്ടായാടൽ തുടർന്നു. രണ്ടാം വട്ടം ഉപദേശത്തിൽ സോഫർ ദൈവത്തിൽ നിന്ന് ദുഷ്ടനുള്ള ഓഹരിയുടെ കാര്യം പറഞ്ഞത് കേട്ട് ബോധ്യം വരാഞ്ഞ് ഇയ്യോബ്, "ദുഷ്ടർ ജീവനോടിരിക്കുന്നതിനും വാർധ്യക്യം പ്രാപിക്കുന്നതിനും അവരുടെ മുൻപിൽ സന്താനപരമ്പരകൾ സുപ്രതിഷ്ഠിതരായിരിക്കുന്നതിനും" വിശദീകരണം ആവശ്യപ്പെട്ടു. സുഹൃത്തുക്കളുടെ മറുപടിയിൽ പൊളിയല്ലാതെ ഒന്നും ഇയ്യോബ് കണ്ടില്ല.

മൂന്നാമൂഴം
തിരുത്തുക

മൂന്നാം തവണ എലീഫാസ് തുടങ്ങിയത് മനുഷ്യൻ ധർമ്മിഷ്നായിരിക്കുന്നത് കൊണ്ട് ദൈവത്തിന് നേട്ടമൊന്നുമില്ലെന്ന് പറഞ്ഞാണ്. മനുഷ്യനെ ദൈവം ശാസിക്കുന്നത്, മനുഷ്യന്റെ തന്നെ നന്മക്കുവേണ്ടിയാണെന്നാണ് അയാൾ സൂചിപ്പിച്ചത്. അയാൾ ഇയ്യോബിനെ മുഖത്തുനോക്കി ഇങ്ങനെ കുറ്റപ്പെടുത്തി: "വലുതല്ലേ നിന്റെ ദുഷ്ടത? അകാരണമായി നീ സഹോദരനിൽ നിന്ന് പണയം പിടിച്ചു വാങ്ങി; ഉടുതുണിപോലും ഉരിഞ്ഞെടുത്തു; പരിക്ഷീണിതർക്ക് നീ കുടിനീരുകൊടുത്തില്ല; വിധവകളെ വെറും കയ്യോടെ പറഞ്ഞയച്ചു; അനാഥരുടെ ഭുജങ്ങൾ നീ ഒടിച്ചുകളഞ്ഞു." ദൈവവുമായി രമ്യപ്പെട്ട് സമാധാനമായിരുന്നാൽ ഇബ്ബോബിന് നന്മ വരുമെന്നും ഈ സുഹൃത്ത് ഉപദേശിച്ചു. ഇയ്യോബാണെങ്കിൽ ദൈവത്തെ കണ്ടെത്തി അവന്റെ ന്യായാസനത്തിനു മുൻപിൽ നേരിട്ട് തന്റെ ഭാഗം അവതരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ദൈവം തന്നെ പരീക്ഷിച്ചുകഴിയുമ്പോൾ താൻ സ്വർണ്ണം പോലെ പുറത്തു വരുമെന്ന് അയാൾ വിശ്വസിച്ചു. എന്നാൽ, നാലുദിക്കിലും അന്വേഷിച്ചിട്ടും ദൈവത്തെ കണ്ടെത്താൻ കഴിയുന്നില്ല എന്ന് അയാൾ പരാതിപ്പെട്ടു. ദൈവത്തിന്റെ മഹത്ത്വത്തിനു നിരക്കും വിധമുള്ള ശുദ്ധി, നക്ഷത്രങ്ങൾക്കു പോലും ഇല്ല എന്നിരിക്കെ കേവലം പുഴുവും കൃമിയുമായ മനുഷ്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും എന്നാണ് ഇതിന് മറുപടിയായി ബിൽദാദ് ചോദിച്ചത്.

ഇയ്യോബിന്റെ ദീർഘഭാഷണം

തിരുത്തുക

തുടർന്നുള്ള അഞ്ച് അദ്ധ്യായങ്ങൾ ഇയ്യോബിന്റെ ദീർഘമായ ഭാഷണമാണ്. ഇതിൽ അയാൾ, ദൈവത്തിന്റെ മഹിമയെ പ്രകീർത്തിക്കുകയും എന്തുവന്നാലും അസത്യത്തിന്റെ വഴി പിന്തുടരുകയില്ല എന്ന് ആണയിടുകയും, അധർമ്മവഴിയിലെ നേട്ടങ്ങൾ ശാശ്വതമല്ലെന്ന് പറയുകയും ഒരദ്ധ്യായം മുഴുവൻ(അദ്ധ്യായം 28)വിജ്ഞാനത്തെ പ്രകീർ‍ത്തിക്കുകയും ചെയ്ത ശേഷം സ്വന്തം നിലയെക്കുറിച്ചു വിലപിച്ച് നിരപരാധിത്വം എടുത്തുപറയുന്നു. തന്റെ പൊയ്പോയ ഐശ്വര്യകാലം അയാൾ ഓർത്തു. അന്ന് അയാളുടെ പാദങ്ങൾ പാലുകൊണ്ട് കഴുകിയിരുന്നു; പാറ അയാൾക്ക് അരുവി കണക്കെ എണ്ണ ചൊരിഞ്ഞിരുന്നു; ഇയ്യോബ് നഗരകവാടത്തിൽ എത്തി പൊതുസ്ഥലത്ത് ഇരിപ്പുറപ്പിക്കുമ്പോൾ, യുവക്കാന്മാർ പിന്നോക്കം മാറും; പ്രായമായവർ എഴുന്നേറ്റു നിൽക്കും; പ്രഭുക്കന്മാർ സംസാരം നിർത്തി വായ്പൊത്തും; ഇപ്പോഴോ ചെറുപ്പമായവർ അയാളെ പരിഹസിക്കുന്നു. നന്മ നോക്കിയിരുന്നപ്പോൾ അയാൾക്ക് തിന്മയുണ്ടായി; വെളിച്ചം കാത്തിരുന്നപ്പോൾ ഇരുട്ടുണ്ടായി. എന്നാൽ അയാൾ അധർമ്മവഴിയിൽ സഞ്ചരിച്ചിട്ടേയില്ല. കന്യകയിൽ കണ്ണുവയ്ക്കാതിരിക്കാനായി അയാൾ സ്വന്തം കണ്ണുകളുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അനാഥനുകൊടുക്കാതെ അയാൾ അപ്പം തനിയെ ഭക്ഷിച്ചിട്ടില്ല. അയാൾ സ്വർണ്ണത്തെ ആശ്രയിക്കുകയോ തങ്കത്തെ ശരണം എന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ദൈവം അയാളെ കാറ്റിൽ പൊക്കിയെടുത്ത് കൊടുങ്കാറ്റിൽ അമ്മാനാടി.

ഇയ്യോബിന്റെ പ്രസംഗത്തെ തുടർന്ന്, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ദൈവവനീതിയെക്കുറിച്ചുള്ള ഈ തർക്കത്തിൽ ദൈവത്തിന്റെ ഭാഗം വാദിക്കാൻ എലീഹു[൨] എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ പുതുതായി പ്രത്യക്ഷപ്പെടുന്നു. മുതിർന്നവരായ ഇയ്യോബിന്റേയും സുഹൃത്തുക്കളുടേയും സം‌വാദം കേട്ട് നിൽക്കുകയായിരുന്നു അയാൾ. ഇയ്യോബിന്റെ വാദങ്ങളെ ഖണ്ഡിക്കാനാകാതെ സുഹൃത്തുക്കൾ കുഴങ്ങിയപ്പോൾ‍ രോഷം‌മൂലം, വീഞ്ഞ് നിറഞ്ഞ് പൊട്ടാൻ തുടങ്ങുന്ന പുത്തൻ വീഞ്ഞുതുരുത്തിയുടെ അവസ്ഥയിലായിരുന്നെങ്കിലും, മൂന്നു സുഹൃത്തുക്കളും മടുത്ത് വായടച്ച ശേഷമാണ് അയാൾ സംസാരിക്കാൻ തുടങ്ങിയത്. ഇയ്യോബിനെ അയാൾ ദുഷ്ടരോടൊത്ത് നടക്കുന്നവനും ദുർവൃത്തരുമായി സംഘം ചേരുന്നവനുമായി ചിത്രീകരിച്ചു. പൊള്ളയായ നിലവിളി ദൈവം കേൾക്കുകയില്ലെങ്കിലും, ദൈവം മറുപടി തരുന്നില്ലെന്ന് ഇയ്യോബ് പരാതിപ്പെടുന്നത് ശരിയല്ല. രോഗശയ്യയിലെ വേദനയും അസ്ഥികളിലെ വിറയലുമൊക്കെ, തിന്മയിൽ നിന്ന് അകന്നുനിൽക്കാനായി ദൈവം മനുഷ്യന് നൽകുന്ന ശിക്ഷണമാണ്. ഇയ്യോബ് ആ ശിക്ഷണം വെറുത്തു. തന്റെ പാപത്തിന് പുറമേ അയാൾ നിഷേധവും കാട്ടുന്നു. ജലപാനം പോലെയാണ് ഇയോബിന് പരിഹാസം എന്നൊക്കെ അയാൾ കുറ്റപ്പെടുത്തി.

ദൈവവുമായി നേർക്കുനേർ

തിരുത്തുക
ചുഴലിക്കാറ്റിലെ ദൈവം
തിരുത്തുക

ഒടുവിൽ ഇയ്യോബിനോട് ദൈവം പ്രതികരിച്ചു. ‍ചുഴലിക്കാറ്റിൽ നിന്ന് ദൈവം ചോദിച്ചു: "വ്യർഥവചനങ്ങളാൽ എന്റെ പരിപാലനയിൽ നിഴൽ‌വീഴ്ത്തുന്ന ഇവൻ ആര്." പുരുഷനെപ്പോലെ അരമുറുക്കിനിൽക്കാൻ ഇയ്യോബിനോടാവശ്യപ്പെട്ടിട്ട് ദൈവം വീണ്ടും ചോദിച്ചു:

ഞാൻ ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോൾ നീ എവിടെ ആയിരുന്നു? ആരാണ് അതിന്മേൽ അളവുചരട് പിടിച്ചത്? ഗർഭപാത്രത്തിൽ നിന്ന് കുതിച്ചുചാടിയ കടലിനെ, കതകുകൾ കൊണ്ട് അടച്ചിട്ടവൻ ആരാണ്? നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും അരുണോദയത്തിന് സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടോ? കടലിന്റെ ഉറവകളിലെക്ക് നീ കടന്നുചെന്നിട്ടുണ്ടോ? മഞ്ഞിന്റെ സംഭരണശാലയിലേക്ക് നീ കടന്നുചെന്നിട്ടുണ്ടോ? മഴക്ക് അപ്പനുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാരാണ്? ഈബീസ് പക്ഷിക്ക് വിജ്ഞാനവും പൂവൻ‌കോഴിക്ക് വിവേകവും നൽകിയതാരാണ്?[2]

ഇയ്യോബിന്റെ കീഴടങ്ങൽ
തിരുത്തുക

പേടിപ്പെടുത്തുന്ന ഈ ചോദ്യശരങ്ങളോടുള്ള ഇയ്യോബിന്റെ പ്രതികരണം അതിഹ്രസ്വമായിരുന്നു. നേരത്തെ ദൈവദൂഷണത്തെ തൊട്ടുനിൽക്കുന്നതെന്നു തോന്നുന്ന ഭാഷയിൽ ദൈവത്തെ ചോദ്യം ചെയ്ത അയാൾ ഇപ്പോൾ പറഞ്ഞത് ഇതാണ്: "കണ്ടാലും, ഈയുള്ളവൻ നിസ്സാരൻ! നിന്നോടു ഞാൻ എന്തുത്തരം പറയും? ഞാൻ വായ് പൊത്തുന്നു." പക്ഷേ ദൈവം ഇയ്യോബിനെ വിട്ടില്ല. തന്റെ സൃഷ്ടിയുടെ, പ്രത്യേകിച്ച് ജീവപ്രഞ്ചത്തിന്റെ, ശക്തിപ്രാതാപങ്ങൾ എണ്ണിപ്പറഞ്ഞ് ദൈവം ഇയ്യോബിനെ പിന്നെയും വെല്ലുവിളിച്ചു. ഈ വെല്ലുവിളിയിൽ നീർക്കുതിരയും(ബീഹെമോത്), ലിവ്യാതാനും(സമുദ്രവ്യാളി) ഒക്കെ പരാമർശിക്കപ്പെടുന്നുണ്ട്. മീൻ‌ചൂണ്ടകൊണ്ട് ലിവ്യാതാനെ പിടിച്ചുകാണിക്കാൻ പോലും ദൈവം ഇയ്യോബിനോട് ആവശ്യപ്പെടുന്നുണ്ട്.[൩] നീതിയെക്കുറിച്ചുള്ള ഇയ്യോബിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തനിക്ക് ചുമതലയില്ല എന്നാണെന്നു തോന്നുന്നു ദൈവത്തിന്റെ നിലപാട്. "ഞാൻ തിരികെക്കൊടുക്കാൻ ആരാണ് എന്നെ എന്തെങ്കിലും ഏല്പിച്ചിട്ടുള്ളത്" എന്ന വാദം സൂചിപ്പിച്ചത് ഇതാണ്.


തുടർന്ന് ഇയ്യോബ് അവസാനമായി സംസാരിക്കുന്നു. "ഞാൻ കാതുകൊണ്ട് നിന്നെക്കുറിച്ച് കേട്ടിരുന്നു. ഇപ്പോഴാകട്ടെ എന്റെ കണ്ണുകൊണ്ട് നിന്നെ കാണുന്നു. അതുകൊണ്ട്, ഞാൻ ഉരുകിപ്പോകുന്നു. പൊടിയിലും ചാരത്തിലും ഇരുന്ന് ഞാൻ പശ്ചാത്തപിക്കുന്നു"[൪] എന്നാണ് അയാൾ പറഞ്ഞത്.

ഉപസംഹാരം

തിരുത്തുക
 
"ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ളവർ അന്നാട്ടിലെങ്ങും ഇല്ലായിരുന്നു"(ഇയ്യോബ് 52:15) - ഇയ്യോബും പെണ്മക്കളും - വില്യം ബ്ലേക്കിന്റെ രചന

മനുഷ്യജീവിതത്തിന്റെ ദുരന്തസ്വഭാവം ചിത്രീകരിക്കുന്ന ഈ കഥ, അവിശ്വസനീയമായ വിധത്തിൽ ശുഭാന്തമാണ്. പദ്യഭാഗത്തെതുടന്ന് വരുന്ന ഗദ്യത്തിലുള്ള സമാപന ഭാഗമാണ് അതിനെ അങ്ങനെയാക്കുന്നത്. ആ ഭാഗത്ത് ദൈവം എലീഫാസിനോട് പറഞ്ഞു: "നിനക്കും നിന്റെ രണ്ടു സ്നേഹിതർക്കും എതിരെ എന്റെ കോപം ജ്വലിക്കുന്നു. നിങ്ങൾ എന്നക്കുറിച്ച് എന്റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, ശരിയായത് സംസാരിച്ചില്ല". ദൈവത്തിന്റെ തന്നെ നിർദ്ദേശമനുസരിച്ച്, ഇയ്യോബ് ദൈവത്തോട് തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പ്രാർഥിച്ചശേഷമാണ്, അവർക്ക് ദൈവകോപത്തിൽ നിന്ന് മുക്തി കിട്ടിയത്. പിന്നെ ദൈവം ഇയ്യോബിന് നഷ്ടപ്പെട്ട എല്ലാ സൗഭാഗ്യങ്ങളും തിരികെകൊടുക്കുന്നു. മുൻപുണ്ടായിരുന്നതിന്റെ ഇരട്ടി ആടുമാടുകളേയും, വേറേ പുത്രീപുത്രന്മാരേയും കൊണ്ട് അയാൾ അനുഗൃഹീതനായി. സന്താനങ്ങളുടെ നാലുതലമുറയെ കണ്ട് കാലം തികഞ്ഞ് വയോവൃദ്ധനായി അയാൾ മരിച്ചു.

ഇയ്യോബിന്റെ പശ്ചാത്തലം

തിരുത്തുക

മനുഷ്യ ജീവിതത്തിന്റെ ദുരന്തഭാവം ചിത്രീകരിക്കുന്ന രചനകൾ പ്രാചീനസംസ്കാരങ്ങളിൽ വേറെയും ഉണ്ടായിട്ടുണ്ട്. "ഒരു മനുഷ്യനും അവന്റെ ദൈവവും" എന്ന സുമേറിയൻ കവിത ഒരുദാഹരണമാണ്. അക്കാദിയൻ ഭാഷയിൽ ക്രിസ്തുവർഷാരംഭത്തിന് ആയിരം വർഷം മുൻപെഴുതപ്പെട്ട "ജ്ഞാനത്തിന്റെ ദൈവത്തെ ഞാൻ പുകഴ്ത്തും" എന്ന ബാബിലോണിയൻ കൃതിക്ക്, ഇയ്യോബിന്റെ കഥയുമായി വിസ്മയകരമായ സമാനതകളുണ്ട്. "ബാബിലോണിയരുടെ ജോബ്" എന്നു പോലും അത് വിശേഷിക്കപ്പെടാറുണ്ട്.[3] ഇത്തരം കൃതികളോട് ജോബിന്റെ കഥക്ക് കടപ്പാടുണ്ടോ എന്ന് വ്യക്തമല്ല.

എബ്രായബൈബിളിലെ ഈ അസാമാന്യകൃതിയുടെ ഉറവിടം, രചനാകാലം, കർതൃത്ത്വം എന്നിവയെയൊക്കെപ്പറ്റി, പൊതുവേ പറഞ്ഞാൽ, ഊഹാപോഹങ്ങളേയുള്ളു. എങ്കിലും, ഉയർന്ന സംസ്കാരവും ലോകവിജ്ഞാനവും ഒത്തിണങ്ങിയ ആളായിരുന്നിരിക്കണം ഈ കൃതി രചിച്ചതെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. വിവിധങ്ങളായ രചനാസങ്കേതങ്ങളെ(literary techniques) അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അയാൾ‍ക്കുണ്ടായിരുന്നു. ജീവലോകത്തെക്കുറിച്ച് ഇയ്യോബിന്റെ കർത്താവിനുണ്ടായിരുന്ന അറിവ് അസാമാന്യമായിരുന്നു. അടുത്തുള്ള രണ്ട് വാക്യങ്ങളിൽ(4:10-11‌) സിംഹത്തെ സൂചിപ്പിക്കാൻ വ്യത്യസ്തമായ അഞ്ച് ഹെബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. 38, 39 അദ്ധ്യായങ്ങളിൽ ഒട്ടേറെ ജന്തുക്കളെക്കുറിച്ചും അവയുടെ വിശേഷമായ ജീവിതരീതികളെക്കുറിച്ചുമുള്ള വിപുലമായ അറിവു പ്രകടമാകുന്നു. ഗ്രന്ഥകാരൻ, പുറംജീവിതം ഇഷ്ടപ്പെട്ടിരുന്നവനും ഒരു പക്ഷേ നായാടി തന്നെയും ആയിരുന്നിരിക്കാം. ഒരിടത്ത്, തുടർച്ചയായ മൂന്നു വാക്യങ്ങളിൽ (18:8-10), 'കെണി' എന്നതിന് ആറു വ്യത്യസ്ത വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. സ്വർണ്ണത്തിന്റെ അഞ്ച് പര്യായപദങ്ങളടക്കം ലോഹങ്ങളേയും, രത്നക്കല്ലുകളേയും സൂചിപ്പിക്കാൻ പതിമൂന്നു വാക്കുകൾ ഈ കൃതി ഉപയോഗിക്കുന്നു. ഇരുപത്തെട്ടാം ആദ്ധ്യായത്തിന്റെ ആദ്യപകുതി ഖനനവിദ്യയുമായുള്ള പരിചയം കാട്ടുന്നു. ഋതുചക്രങ്ങൾ, നക്ഷത്രജാലങ്ങൾ എന്നിവയേക്കുറിച്ചും അയാൾക്ക് നല്ല അറിവുണ്ടായിരുന്നു. വിദേശസംസ്കൃതികളുമായുള്ള പരിചയവും അയാൾ‍ക്കുണ്ടായിരുന്നു. പലസ്തീനയിൽ ഇല്ലാത്ത നീർക്കുതിര, മുതല തുടങ്ങിയ മൃഗങ്ങളുടെ പരാമർശം, ഈജിപ്തിലും മറ്റും യാത്രചെയ്തിട്ടുള്ള ആളായിരുന്നിരിക്കണം ഗ്രന്ഥകാരൻ എന്നതിനു സൂചനായി വേണമെങ്കിൽ കണക്കാക്കാം. [4]

യഹൂദപാരമ്പര്യമനുസരിച്ച് ഇതിന്റെ രചയിതാവ്, ഇസ്രായേലിന്റെ നിയമദാതാവായ മോശെ ആണെങ്കിലും, മോശെയുടേതെന്ന് കരുതപ്പെടുന്ന കാലത്തിന് വളരെ പിന്നീട്, ക്രി.മു. രണ്ടും ഏഴും നൂറ്റാണ്ടുകൾക്കിടയിലെങ്ങോ ആണ് ഇതിന്റെ രചന എന്നാണ് പൊതുവേ അഭിപ്രായം. [5]കഥ ബീജരൂപത്തിൽ നേരത്തേ പ്രചരിച്ചിരുന്നിരിക്കാം. ഇയ്യോബ് ചരിത്രപുരുഷനോ ഭാവനാസൃഷ്ടിയോ എന്നതും തർ‍ക്കവിഷയമാണ്. യഹൂദരുടെ താൽ‍മൂദിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പാരമ്പര്യമനുസരിച്ച്, ഒരന്യാപദേശത്തിലെ കഥാപാത്രം മാത്രമാണ് ഇയ്യോബ്. എന്നാൽ യഹൂദർ പൊതുവേ ഇയ്യോബിനെ ഇസ്രായേലിന്റെ പൂർവപിതാക്കളുടെ കാലത്ത് ജീവിച്ചിരുന്ന ഒരു യഥാർഥമനുഷ്യനായാണ് എണ്ണുന്നത്. ഇയ്യോബ് ഏതു നാട്ടുകാരനാണെന്നും നിശ്ചയമില്ല. ഗ്രന്ഥത്തിലെ തന്നെ സൂചനകളിൽ നിന്ന് അദ്ദേഹം ഇസ്രായേൽക്കാരൻ അല്ലായിരുന്നു എന്ന് കരുതാനാണ് ന്യായം. യഹൂദർക്ക് പരിചയമുള്ള ദൈവനാമങ്ങളോ, യഹൂദനിയമത്തെക്കുറിച്ചുള്ള പരാമർശങ്ങളോ ഈ കൃതിയിൽ ഇല്ലെന്നതിനാൽ അദ്ദേഹം യഹദ മതത്തിൽ പേടാത്തവനായിരുന്നിരിക്കാനും മതി.[6]

ഈ കൃതിയുടെ ആദ്യരൂപം എന്തായിരുന്നു, ഏതൊക്ക ഭാഗങ്ങളാണ് പിന്നീട് 'പ്രക്ഷിപ്തമായവ' എന്നുമൊക്കെ തർക്കങ്ങളുണ്ടായിട്ടുണ്ട്. ആദ്യവസാനങ്ങളായി വരുന്ന ഗദ്യഭാഗങ്ങളും പദ്യഭാഗത്തെ എലീഹൂവിന്റെ ഉപദേശവും ആണ് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയായി പറയപ്പെടുന്നവ.[൫]

വിലയിരുത്തൽ, ആസ്വാദനം

തിരുത്തുക
 
ഇയ്യോബിന്റെ പുസ്തകത്തിന്റെ അറബിപരിഭാഷയുടെ ഒരു ഭാഗം ബ്രിട്ടീഷ് സംഗ്രഹാലയത്തിൽ - ഇയ്യോബിന്റെ നാടായി പറയപ്പെടുന്ന ഊസ് ദേശം അറേബ്യ ആയിരുന്നുവെന്ന് വാദമുണ്ട്.

കേവലം ഒരു മതഗ്രന്ഥം എന്ന നിലയിൽ മാത്രമല്ല ഇയ്യോബിന്റെ പുസ്തകം മതിക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലെ എല്ലാക്കാലത്തേയും ഒന്നാംകിട രചനകളിൽ ഒന്നെന്നും ഇലിയഡ്, ഡിവൈൻ കോമഡി, പറുദീസനഷ്ടം എന്നിവക്കൊപ്പം വക്കേണ്ട 'മാസ്റ്റർപീസ്' എന്നും ഒക്കെ അത് പ്രകീർ‍ത്തിക്കപ്പെട്ടിട്ടുണ്ട്.[7] അത്യുന്നതങ്ങൾ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യകാരന്മാർ ഷേക്സ്പിയറും, ദസ്തയേവ്സ്കിയും, ഇയ്യോബിന്റെ പുസ്തകം എഴുതിയ കലാകാരനും ആണെന്നും വരെ അഭിപ്രായമുണ്ട്. [8]

മനുഷ്യന്റെ കഷ്ടപ്പാടുകളെക്കുറിച്ചും ദൈവനീതിയെക്കുറിച്ചും ഇത് അവതരിപ്പിക്കുന്ന വീക്ഷണമെന്താണെന്നത് ഇപ്പോഴും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രന്ഥാരംഭത്തിലെ ദൈവവും സാത്താനുമായുള്ള സംഭാഷണം ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. സാത്താനുമായി പന്തയം വച്ചിട്ട് നീതിമാനെ സാത്താന്റെ ദുഷ്ടതക്ക് വിട്ടുകൊടുക്കുന്ന ദൈവം വ്യവസ്ഥാപിത മതങ്ങളുടെ ദൈവസങ്കല്പവുമായി ചേർന്നുപോകുന്നതല്ല. ദൈവവും മനുഷ്യരുമായുള്ള പഴയനിയമത്തിലെ ഉടമ്പടി മനുഷ്യന്റെ അനുസരണക്ക് പ്രതിഫലമായി, ദൈവത്തിന്റെ പരിപാലന ഉറപ്പു നൽകുന്നതായിരുന്നു. ഉടമ്പടി പാലിക്കുകയെന്നത് മനുഷ്യന്റെ മാത്രം ബാദ്ധ്യതയാണെന്ന നീതിരഹിതമായ ചിന്ത, ദൈവത്തിന്റെമേൽ കൗശലപൂർ‌വം അടിച്ചേൽ‌പ്പിക്കുകയാണ് സാത്താൻ ചെയ്തത് എന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. [9]

മനുഷ്യജീവിതത്തിലെ ദുരിതങ്ങളേയും ദൈവനീതിയേയും കുറിച്ച് നിശിതങ്ങളായ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ഈ കൃതി അവയ്ക്കൊന്നിനും സമാധാനം തരാതെയാണ് സമാപിക്കുന്നത്. ദൈവത്തോട് നേരിട്ട് തന്റെ ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് വാശിപിടിച്ച ഇയ്യോബിന് ദർശനം നൽ‍കിയെങ്കിലും നീതിയെക്കുറിച്ചുള്ള അയാളുടെ ചോദ്യങ്ങളെ അവഗണിച്ച്, തന്റെ ശക്തിയെപ്പറ്റി അയാൾക്ക് മുന്നിൽ വാചാലനാകുകയാണ് ദൈവം ചെയ്തത്. ഇയ്യോബാണെങ്കിൽ ദൈവശക്തിയെ ഒരിക്കലും ചോദ്യം ചെയ്തിരുന്നുമില്ല. ഒടുവിൽ കഥ അവിശ്വസനീയമായ ഒരു ശുഭാന്ത്യത്തിലെത്തി നിൽക്കുകയും ചെയ്യുന്നു. ശുഭാന്ത്യം പിന്നീട് കൂട്ടിച്ചേർ‍ത്തതായിരിക്കാമെങ്കിലും ഈ കൃതിയുടെ അദ്ധ്യായങ്ങളെല്ലാം "ഒരേ ദർശനത്തിന്റെ സുഗന്ധപ്പശകൊണ്ട്" ബന്ധിക്കപ്പെട്ടവയാണെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യ വിമർശകനായ കെ.പി. അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. "സൃഷ്ടിയുടെ പ്രഹേളികാസൗന്ദര്യം" എന്ന പേരിൽ ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതിതാണ്:-

ദൈവത്തിന്റെ അനീതിക്കെതിരെ ഈ പുസ്തകത്തിന്റെ രചയിതാവ് ഉന്നയിച്ച ഉഗ്രമായ സംശയങ്ങൾ കേട്ട്, ഭൂമി വിറച്ചു കുലുങ്ങാതിരിക്കാൻ ആ സംശയങ്ങളെ ബോധപൂർ‌വം മറച്ചുവയ്ക്കുന്ന സൗന്ദര്യതന്ത്രമാണ് അവിശ്വസനീയമായ ഈ സമാപ്തി. അതിനാൽ പ്രാർഥനാരൂപത്തിലുള്ള വായനക്കുശേഷവും വായനക്കാർ വെളിചത്തിലല്ല, ഇരുട്ടിൽ തന്നെയാണ്. നിരപരാധിയെ എന്തിനു കഷ്ടപ്പെടുത്തി എന്ന പ്രശ്നം നിലനിൽക്കുന്നു. അതുകൊണ്ട് ഈ പുസ്തകം ആപത്കരമായ പുസ്തകം തന്നെയാണ്. കാരണം മോഹിപ്പിച്ചു നിരാശപ്പെടുത്തുന്ന ദുർഗ്രഹതയോടെയാണ്(Tantalizing Ambiguity)കാവ്യം അവസാനിക്കുന്നത്, ഈ ദുർഗ്രഹത ദർശനത്തിലും രൂപഘടനയിലും കാണാം. ഇതാണ് ഇയ്യോബിന്റെ പുസ്തകത്തെ മികച്ച കലാസൃഷ്ടിയാക്കുന്നത്. [10]

കഥ ശുഭപര്യവസായി ആണെങ്കിലും, ഈ കലാസൃഷ്ടി അതുന്നയിക്കുന്ന പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ സമാപിക്കുന്നു എന്നതു തന്നെ ഒരു ദുരന്തമാണ് എന്നും അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇയ്യോബിന്റെ പ്രഭാവം

തിരുത്തുക

പരമ്പരാഗതമായ യഹൂദ-ക്രൈസ്തവവീക്ഷണം ഇയ്യോബിനെ ദൈവത്തോടുള്ള വിശ്വസ്തതയിൽ നിന്ന് വ്യതിചലിക്കാതെ സഹനത്തിലൂടെ കടന്നു പോകുന്നതെങ്ങനെയെന്നതിന് ദൃഷ്ടാന്തമായാണ് അവതരിപ്പിക്കാറ്. ആറാം നൂറ്റാണ്ടിൽ ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ എഴുതിയ "ഇയ്യോബ് തരുന്ന ഗുണപാഠങ്ങൾ" എന്ന കൃതിയിലെ ചിത്രീകരണം ഇത്തരത്തിലാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദ ചിന്തകനായിരുന്ന മൈമോനിഡിസിന്റെ "സന്ദേഹികൾക്ക് വഴികാട്ടി" എന്ന പ്രഖ്യാതഗ്രന്ഥം ഇയ്യോബിന്റെ കൃതിയുടെ സങ്കീർണ്ണതകളോട് കുറേക്കൂടി നീതി പുലർത്തുന്നുണ്ടെന്ന് പറയാം. നീതിമാനായിരുന്നെങ്കിലും, ജ്ഞാനത്തിന്റെ അഭാവം മൂലം ദൈവഹിതം സ്വീകരിക്കുവാൻ കഴിയാതിരുന്ന ഒരു മനുഷ്യനായാണ് മൈമൊനിഡിസ് ഇയ്യോബിനെ ചിത്രീകരിച്ചത്. ആധുനികകാലത്തെ മതബോധനഗ്രന്ഥങ്ങളും ചിലപ്പോഴൊക്കെ ഇയ്യോബിന്റെ കഥയെ വ്യത്യസ്തമായ രീതിയിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് കാണാം. നെഥർലാന്ഡ്സിലെ കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ച ഒരു വേദപാഠഗ്രന്ഥം ഇയ്യോബിന്റെ പുസ്തകത്തെ മനുഷ്യന്റെ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ദൈവനീതിയുടെ പ്രശ്നം ഉന്നയിക്കുന്ന നാടകീയ കാവ്യം എന്ന് വിശേഷിപ്പിച്ചിട്ട്, ഇങ്ങനെ തുടരുന്നു:-

'എന്തുകൊണ്ട് ഇങ്ങനെ' എന്ന ചോദ്യം ഉന്നയിച്ചിട്ട് അത് ദൈവത്തോട്, സന്ദേഹം മാറ്റുംവിധം സ്വയം വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു. ദൈവം അപ്പോൾ സൃ��്ടപ്രപഞ്ചത്തിന്റെ പ്രതാപം പ്രകടിപ്പിച്ച്, മനുഷ്യചിന്തക്കതീതനാണ് താനെന്ന് വെളിപ്പെടുത്തുന്നു. [11]

ആധുനിക കാലത്ത്, ദസ്തയേവ്സ്കിയുടെ നോവലായ "കരമസോവ് സഹോദരന്മാർ", ഗെയ്ഥേയുടെ 'ഫൗസ്റ്റ്' തുടങ്ങിയ പല സാഹിത്യസൃഷ്ടികൾക്കും ഇയ്യോബ് പ്രചോദനമായിട്ടുണ്ട്. ഇയ്യോബിന്റെ കഥയെ വിഷയമാക്കി പ്രഖ്യാത ഇംഗ്ലീഷ് കവി വില്യം ബ്ലേക്ക് വരച്ച ചിത്രങ്ങൾ പ്രസിദ്ധമാണ്. [12]. ആകസ്മികമായ അപകടങ്ങളിൽ മക്കൾ അഞ്ചു പേരും, ഒരു വ്യോമാക്രമണത്തിൽ മുഴുവൻ സമ്പത്തും നഷ്ടപ്പെടുന്ന ഒരു ആധുനിക വ്യവസായ പ്രമുഖനായി ഇയ്യോബിനെ പുനരാവിഷ്കരിക്കുന്ന ആര്ച്ചിബാൾഡ് മാക്ലീഷിന്റെ ജെ.ബി എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "നമുക്ക് കുറ്റം ചെയ്തവരാവുകയല്ലാതെ വഴിയില്ല; നാം നിരപരാധികളെങ്കിൽ, ദൈവത്തിന് എവിടെ പ്രസക്തി?" എന്നാണ് അതിൽ മുഖ്യകാഥാപാത്രം ചോദിക്കുന്നത്.[13]

കുറിപ്പുകൾ

തിരുത്തുക

^ ഊസ് ദേശം ഏതെന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. അറേബ്യയും പഴയനിയമത്തിലെ എസ്സാവിന്റെ നാടായ ഈദോമും ഒക്കെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[14]

^ ഇങ്ങനെയൊരാൾ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഗദ്യത്തിലുള്ള ആമുഖത്തിലോ സമാപനത്തിലോ പരാമർശിക്കപ്പെടുന്നില്ല. എലീഹുവിന്റെ ഭാഷണം പിന്നീട് ചേർക്കപ്പെട്ടതാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

^ ഇയ്യോബിനുള്ള മറുപടിയിൽ ദൈവം തന്നെ ക്ഷണനേരത്തേക്ക് ദൈവദൂഷകന്റെയും നിരീശ്വരന്റേയും വേഷം അണിഞ്ഞു എന്ന് ജി.കെ. ചെസ്റ്റർട്ടൻ. [15]


^ ഇയ്യോബ് ദൈവത്തിന് കൊടുത്ത മറുപടിയിൽ പശ്ചാത്താപമല്ല, പതിഞ്ഞ പരിഹാസവും അമർഷവും, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിരാശയും ആണ് ഉള്ളതെന്നും "എന്റെ കണ്ണുകൾ കൊണ്ട് നിന്നെ കണ്ടതിനാൽ, പൊടിയിലും ചാരത്തിലും ഇരുന്ന് ഞാൻ പശ്ചാത്തപിക്കുന്നു" എന്നല്ല "Now that my eyes have seen you, I shudder with sorrow for mortal Clay - നിന്നെ കണ്ണുകൾകൊണ്ട് കണ്ട ഞാൻ‍, കളിമണ്ണായ മനുഷ്യനെയോർത്ത് ദുഃഖിച്ചുവിറക്കുന്നു" എന്നാണ് മൂലത്തിന്റെ ശരിയായ അർത്ഥം എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[16]

^ ഏത് ഭാഗമാണ് ആദ്യം എഴുതപ്പെട്ടത്, ഏതാണ് പ്രക്ഷിപ്തം എന്ന തർക്കം‍ ഇവിടെ അപ്രസക്തമാണെന്ന് ജി.കെ. ചെസ്റ്റർട്ടൺ ജോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ വാദിച്ചിട്ടുണ്ട്. ഇത്തരം തർക്കങ്ങൾ ആധുനികമനസ്സിന്റെ ഭ്രാന്തമായ അഹംഭാവത്തിന്റെ(Insane individuality) ഫലമാണെന്നും, ക്രമേണ വികസിച്ച് പൂർണ്ണ രൂപം പ്രാപിക്കുകയെന്നത് പൗരാണിക കാലാസൃഷ്ടികളുടെ രീതിയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. "The creation of the tribal epic was to some extent regarded a tribal work". [17]

ഗ്രന്ഥഘടന

തിരുത്തുക
  • 1:1-2:13 - ഇയ്യോബിനു സന്താനങ്ങളും സമ്പത്തും നഷ്ടപ്പെടുന്നു
  • 3:1-31:40 - ഇയ്യോബും കൂട്ടുകാരും തമ്മിലുള്ള സംഭാഷണം (ഇയ്യോബിന്റെ പരാതി 3:1-26; ആദ്യസംഭാഷണം 4:1-14:22: രണ്ടാം സംഭാഷണം 15:1-21:34; മൂന്നാം സംഭാഷണം 22:1-27:23; വിജ്ഞാനകീർത്തനം 28:1-28; ഇയ്യോബ്‌ തന്റെ നില വിശദമാക്കുന്നു 29:1-31:37)
  • 32:1-37:24 - എലീഹുവിന്റെ പ്രഭാഷണം
  • 38:1-42:6 - കർത്താവ്‌ സംസാരിക്കുന്നു
  • 42:7-17 - ഉപസംഹാരം[18]
  1. ഇയ്യോബ് 1:7-12 - ഓശാന മലയാളം ബൈബിൾ
  2. ഇയ്യോബ്, അദ്ധ്യായം 38: ഓശാന മലയാളം ബൈബിൾ
  3. ഹൊവാർഡ് ക്ലാർക്ക് കീയുടെ നേതൃത്വത്തിൽ സംശോധനം ചെയ്യപ്പെട്ട The Cambridge Companion to the Bible - പുറം 255
  4. The Book of Job - Dennis Bratcher - http://www.crivoice.org/books/job.html
  5. The Book of Job - Dennis Bratcher - ലിങ്ക് മുകളിൽ
  6. "Job evidently did not belong to the chosen people. He lived, indeed outside of Palestine" കത്തോലിക്കാ വിജ്ഞാനകോശത്തിൽ ജോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന് - http://www.newadvent.org/cathen/08413a.htm
  7. Oxford Companion to the Bible
  8. അമേരിക്കൻ സാഹിത്യകാരനായ ആർച്ച്‌ബാൾഡ് മക്‌ലീഷിന്റെ അഭിപ്രായംകെ.പി. അപ്പന്റെ "ബൈബിൾ വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നത്
  9. God: A Biography - ജാക്ക് മൈൽസ് - വിന്റേജ് ബുക്ക്‌സ്, ന്യൂ യോർക്ക്
  10. ബൈബിൽ വെളിച്ചത്തിന്റെ കവചം - കെ.പി. അപ്പൻ
  11. A New Catechism - Caththolic Faith for Adults - Herder and herder
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-16. Retrieved 2008-05-20.
  13. "We have no choice but to be guilty; God is unthinkable if we are innocent." - Archibald MacLeish's J.B. - Ronald L. Ecker - http://www.ronaldecker.com/jb.htm Archived 2008-02-23 at the Wayback Machine
  14. കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം - ലിങ്ക് മുകളിൽ
  15. Introduction to the Book of Job - GK Chesterton
  16. God a Biography - ജാക്ക് മൈൽസ്
  17. ചെസ്റ്റർട്ടന്റെ മേലുദ്ധരിച്ച ലേഖനം
  18. ബൈബിൾ, മൂന്നാം പതിപ്പ്, KCBC ബൈബിൾ കമ്മീഷൻ, Pastoral Orientation Center, കൊച്ചി 682025
"https://ml.wikipedia.org/w/index.php?title=ഇയ്യോബിന്റെ_പുസ്തകം&oldid=4103927" എന്ന താളിൽനിന്ന് ശേഖരിച്ചത്