ആമോസിന്റെ പുസ്തകം
ബൈബിളിലെ പഴയനിയമത്തിലെ ഏറെ സവിശേഷതകളുള്ള ഒരു പ്രവചനഗ്രന്ഥമാണ് ആമോസിന്റെ പുസ്തകം. ഏശയ്യാ, ജറെമിയ, എസെക്കിയേൽ എന്നീ മൂന്നു വലിയ പ്രവാചകന്മാരുടെ(Major Prophets) ഗ്രന്ഥങ്ങളെ തുടർന്ന് വരുന്ന പന്ത്രണ്ട് ചെറിയ പ്രവചനഗ്രന്ഥങ്ങളിൽ (Minor Prophets) മൂന്നാമത്തേതായാണ് ഹെബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളുടെ ക്രമീകര��ത്തിൽ ഇതിന്റെ സ്ഥാനമെങ്കിലും, ചരിത്രപരമായി, സ്വന്തം പേരിൽ ഗ്രന്ഥമുള്ള ആദ്യത്തെ പ്രവാചകനായാണ് ആമോസ് കണക്കാക്കപ്പെടുന്നത്. ഗ്രന്ഥത്തിന്റെ ഉള്ളടക്കം മുഴുവൻ പ്രവാചകന്റെ സ്വന്തമായിരിക്കില്ല എന്നും പ്രവചനങ്ങളിൽ ഏറിയകൂറും ശിഷ്യന്മാർ സംഭരിച്ചതായിരിക്കാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പശ്ചാത്തലം
തിരുത്തുകതാൻ പ്രവാചകനോ, പ്രവാചകന്റെ പുത്രനോ അല്ലെന്നും ഇടയനും കാട്ടത്തിമരം (സിക്കമൂർ) വെട്ടിയൊരുക്കുന്ന ജോലി ചെയ്യുന്നവനും മാത്രമാണെന്നും ആമോസ് പറയുന്നുണ്ട്. എന്നാൽ "ദാസരായ പ്രവാചകരോട് തന്റെ പദ്ധതികൾ വെളിപ്പെടുത്താതെ ഒന്നും ചെയ്യാത്ത ദൈവം", ആട്ടിൻ പറ്റത്തിന്റെ പിന്നാലെ നടക്കുമ്പോൾ തന്നെ പിടികൂടി എന്ന് അദ്ദേഹം പറഞ്ഞു. ദൈവം അരുൾചെയ്തപ്പോൾ അദ്ദേഹത്തിന് പ്രവചിക്കാതിരിക്കാൻ കഴിയാതെവന്നത്രെ. [1]യഹൂദായിലെ തെക്കോവ എന്ന സ്ഥലത്തെ ഒരു ആട്ടിടയനായിരുന്ന ആമോസ് വടക്കൻ രാജ്യമായ ഇസ്രായേലിൽ ജറോബോവാം രാജാവായിരുന്ന കാലത്ത് ചുരുങ്ങിയ കാലയളവിൽ മാത്രമാണ് പ്രവാചകദൗത്യം നിർവ്വഹിച്ചത് (ക്രി. മു. 760). തെക്ക് യഹൂദായിൽ അപ്പോൾ രാജാവായിർന്നത് ഊസിയാ ആണ്.
ഉള്ളടക്കം
തിരുത്തുകജറൊബോവാമിന്റേയും ഊസിയായുടേയും ഭരണകാലം സുരക്ഷിതത്വത്തിന്റേയും സാമ്പത്തിക അഭിവൃദ്ധിയുടേയും മതതീക്ഷ്ണതയുടേയും നാളുകളായി എണ്ണപ്പെട്ടു. എന്നാൽ സുരക്ഷിതത്വം താത്കാലികവും ഭക്തി ആത്മാർഥത ഇല്ലാത്തതും ആണെന്നും, ഉപരിവർഗ്ഗത്തിനു മാത്രം പ്രയോജനപ്പെട്ട സാമ്പത്തിക വളർച്ച, അനീതിയിലും പാവങ്ങളുടെ അടിച്ചമർത്തലിലും വേരുറച്ചതാണെന്നും അമോസിനു തോന്നി. [2] അതുകൊണ്ട്, രാഷ്ട്രങ്ങൾക്കുള്ളിലും രാഷ്ട്രാന്തരതലത്തിലും നടമാടിയിരുന്ന അനീതിക്കെതിരായുള്ള അതിരില്ലാത്ത രോഷവും നീതിക്കുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും ആമോസിന്റെ പ്രവചനത്തിന്റെ മുഖമുദ്രയായി.
അയൽ രാഷ്ട്രങ്ങൾക്കെതിരെ
തിരുത്തുകപ്രവചനം തുടങ്ങുന്നത്, ഇസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാൻ പോകുന്നു എന്നു പറഞ്ഞാണ്. ഗിലെയാദിനെ ഇരുമ്പുമെതിവണ്ടികൾ കൊണ്ടു മെതിച്ചതിന് ദമാസ്കസും, കത്തിക്കാളിയ കോപത്തിൽ വാളുമായി സഹോദരനെ പിന്തുടർന്നതിന് ഏദോമും ഇസ്രായേലിലെ ഗർഭിണികളെ കുത്തിപ്പിളർന്നതിന് അമ്മോനും ഇവിടെ വിമർശിക്കപ്പെടുന്നു. ഇവയെക്കൂടാതെ, ഫിലിസ്തിയ, ടയിർ, മൊവാബ് എന്നിവയും ഇസ്രായേലിന്റെ സഹോദരരാജ്യമായ യഹുദായും ഈ ഭാഗത്ത് പ്രവാചകന്റെ രോഷത്തിന് വിഷയീഭവിക്കുന്നു.
ഇസ്രായേലിനെതിരെ
തിരുത്തുകതുടർന്ന് ഇസ്രായേലിലെ തന്നെ ഭരണാധികാരികളേയും ഉപരിവർഗത്തേയും, അവരുടെ അധർമ്മ പ്രവർത്തികളും ദൈവത്തോടുള്ള അവിശ്വസ്തതയും എണ്ണിപ്പറഞ്ഞ് ആമോസ് വിമർശിക്കുന്നു. അവരെ, ബലിപീഠത്തിന്റെ സമീപത്ത് പണയം വാങ്ങിയ വസ്ത്രങ്ങളിൽ കിടക്കുന്നവരും, തങ്ങൾ പിഴചുമത്തിയവരുടെ വീഞ്ഞ് ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കുന്നവരും ആയി അദ്ദേഹം ചിത്രീകരിച്ചു. [3] അവരുടെ നഗരങ്ങളിലെല്ലാം പല്ലിനു വിശ്രമം നൽകിയും വാസസ്ഥലങ്ങളിലെല്ലാം ഭഷ്യക്ഷാമം ഉണ്ടാക്കിയും [4]കരിവുകൊണ്ടും പൂപ്പൽകൊണ്ടും തകർത്തും [5]ദൈവം തന്റെ അപ്രീതി പ്രകടിപ്പിച്ചിട്ടും അവർ ഗൗനിച്ചില്ല. അവർ ദരിദ്രനെ ചവിട്ടിമെതിക്കുന്നതും അയാളിൽനിന്നു ഞെക്കിപ്പിഴിഞ്ഞു കോതമ്പു വാങ്ങുന്നതും അവസാനിപ്പിച്ചില്ല. [6] ആത്മാർഥതയില്ലാത്ത മതാഭ്യാസങ്ങളുടെ നിശിതമായ വിമർശനവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ആഹ്വാനവുമാണ് തുടർന്നൊരിടത്ത്[൧]:-
നിങ്ങളുടെ തിരുനാളുകൾ ഞാൻ വെറുക്കുന്നു, ഞാൻ തള്ളിക്കളയുന്നു. നിങ്ങളുടെ പാവനസമ്മേളനങ്ങളിൽ ഞാൻ ആമോദിക്കുന്നില്ല. നിങ്ങൾ എനിക്കു ഹോമബലികളും ധാന്യബലികളും അർപ്പിച്ചാലും ഞാൻ അവ സ്വീകരിക്കില്ല; കൊഴുത്ത മൃഗങ്ങളെക്കൊണ്ടുള്ള സമാധാനബലികളിലേക്കും ഞാൻ ദൃഷ്ടി തിരിക്കില്ല. നിന്റെ പാട്ടുകളുടെ ശബ്ദത്തിൽ നിന്ന് എന്നെ മോചിപ്പിക്കൂ; നിന്റെ വീണാനാദം ഞാൻ ചെവിക്കൊള്ളില്ല. ന്യായം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെയും.[7]
ആഡംബരഭ്രമത്തേയും സുഖലോലുപതയേയും വിമർശിച്ച് ശിക്ഷ പ്രവചിക്കുന്ന ഈ വരികളും പ്രസിദ്ധമാണ്:-
ആനക്കൊമ്പു പതിച്ച തല്പങ്ങളിൽ ചാരിക്കിടന്ന്, ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളേയും, തൊഴുത്തിലെ കൊഴുത്ത പശുക്കളേയും തിന്ന് മഞ്ചത്തിൽ പുളക്കുന്നവർക്ക് ദുരിതം! അവർ വീണാനാദത്തിനൊപ്പം പാട്ടുകൾ ഉണ്ടാക്കി പാടുന്നു; ദാവീദിനെപ്പോലെ വാദ്യോപകരണങ്ങൾ കണ്ടുപിടിക്കുന്നു; പാത്രം നിറയെ വീഞ്ഞു കുടിക്കുന്നു; വിശിഷ്ടതൈലങ്ങൾ പൂശുന്നു! അതുകൊണ്ട്, പ്രവാസത്തിലേക്കു പോകുന്നവരുടെ മുമ്പിൽ അവരായിരിക്കും; പുളക്കുന്നവരുടെ നിന്നു കുടിച്ചുള്ള തിമിർപ്പ് അവസാനിക്കും.[8]
വിനാശദർശനം
തിരുത്തുകപന്ത്രണ്ടദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ അവസാനത്തെ മൂന്നദ്ധ്യായങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രധാനഭാഗം ഇസ്രായേലിന് വരുവാനിരുന്ന തകർച്ചയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന അഞ്ചു ദർശനങ്ങളാണ്. ഇവയിൽ ആദ്യത്തെ രണ്ടുദർശനങ്ങൾ പച്ചപ്പുല്ലുമുഴുവൻ തിന്നുതീർക്കുന്ന വെട്ടുക്കിളി ആക്രമണത്തിന്റേയും ആഴത്തേയും കരയെയും വിഴുങ്ങുന്ന അഗ്നിബാധയുടേതുമാണ്. ഇവയുടെ സൂചന അറിഞ്ഞ പ്രവാചകൻ ദൈവത്തോട് ഇസ്രായേലിനുമേൽ കരുണ കാണിക്കണമെന്നപേ��്ഷിച്ചപ്പോൾ കർത്താവിന് അലിവു തോന്നി അവ സംഭവിക്കുകയില്ല എന്നുറപ്പു നൽകി. [9] മൂന്നാമത്തെ ദർശനത്തിൽ ആമോസ് കണ്ടത് തൂക്കുകട്ട പിടിച്ചു നിർമ്മിച്ച ഒരു മതിലിന്നരികെ, തൂക്കുകട്ടയും ഏന്തി നിൽക്കുന്ന കർത്താവിനെയാണ്. ഇസ്രയേലിലെ മന്ദിരങ്ങളും പൂജാഗിരികളും നിലംപരിശാക്കപ്പെടുമെന്നതിന്റെ സൂചനയായിരുന്നു അത്. [10]അടുത്ത ദർശനത്തിൽ ഒരുകുട്ട നിറയെ ഗ്രീഷ്മഫലങ്ങളായിരുന്നു. ഇസ്രായേലിനും പഴുപ്പുകാലം വന്നെത്തിയിരിക്കുന്നു; ഇനി താൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല എന്നാണ് അത് സൂചിപ്പിക്കുന്നതെന്ന് കർത്താവ് വിശദീകരിച്ചു. [11] അവസാനദർശനത്തിൽ ബലിപീഠത്തിനരികെ കോപിഷ്ടനായി നിന്ന് അതിന്റെ ഉമ്മറപ്പടികൾ കിടുങ്ങുമാറ് സ്തംഭങ്ങളുടെ മകുടങ്ങളിൽ അടിക്കാൻ കല്പിക്കുന്ന കർത്താവാണ് കാണപ്പെട്ടത്. [12] ഒടുവിലത്തെ മൂന്നു ദർശനങ്ങളിൽ പ്രവാചകൻ ദൈവത്തിന്റെ കരുണ ഇരക്കുകയോ ദൈവം അലിയുകയോ ചെയ്യുന്നില്ല.
ഈ ദർശനങ്ങൾക്കിടയിലൊരിടത്ത് പ്രവാചകൻ ഇസ്രായേലിൽ ബേഥേലിലെ മന്ദിരത്തിലെ പുരോഹിതനായിരുന്ന അമസ്യായുമായി ഏറ്റുമുട്ടുന്നുണ്ട്. വിനാശപ്രവചനം കേട്ടു കോപിച്ച അമസ്യാ ആമോസിനോട് രാജാവിന്റെ വിശുദ്ധമന്ദിരവും, രാജ്യത്തിന്റെ ക്ഷേത്രവുമായ ബെഥേലിൽ പ്രവചിക്കരുതെന്നും യ്ഹൂദാദേശത്തേക്കു ഓടിപ്പോയി അവിടെ പ്രവചിച്ച് അപ്പവും തിന്ന് കഴിയാനും ആവശ്യപ്പെട്ടു. താൻ പ്രവാചകനോ പ്രവാചകപുത്രനോ അല്ലെന്നും ആട്ടിടയനും അത്തിമരം വെട്ടിയൊരുക്കുന്നവനുമാണെന്നും ആമോസ് പറഞ്ഞത് ഈ സന്ദർഭത്തിലാണ്.
പ്രത്യാശാവചനങ്ങൾ
തിരുത്തുകഭീതിയും നിരാശയും ജനിപ്പിക്കുന്ന പ്രവചനങ്ങൾ നിറഞ്ഞ ഈ ഗ്രന്ഥം അവസാനിക്കുന്നത് അതിന്റെ മറ്റുഭാഗങ്ങളിൽ കാണപ്പെടുന്നതിൽ നിന്ന് ഭിന്നമായ പ്രത്യാശയുടെ ഒരു സന്ദേശത്തോടെയാണ്.[13] പർവതങ്ങൾ മധുരമുള്ള വീഞ്ഞുപൊഴിച്ച് മലകളിലെല്ലാം അത് ഒഴുകുന്ന ഒരു നല്ലകാലമാണ് അത് വർണ്ണിക്കുന്നത്. ഉത്തരരാജ്യമായ ഇസ്രായേൽ പശ്ചാത്തലമാക്കി എഴുതപ്പെട്ട ആമോസിന്റെ പുസ്തകത്തിന്റെ ഈ ഭാഗം, പിൽകാലത്ത് യഹൂദായുടെ പ്രാധാന്യം ഏറിയപ്പോൾ, ഏതോ സമ്പാദകൻ കൂട്ടിച്ചേർത്തതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.[14]
വിലയിരുത്തൽ
തിരുത്തുകആമോസിന്റെ പ്രാധാന്യം
തിരുത്തുകഹെബ്രായബൈബിളിലെ പ്രവചനഗ്രന്ഥങ്ങളുടെ തുടക്കം, മനുഷ്യരാശിയുടെ ചരിത്രത്തിലേക്ക് പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിലുള്ള അനുഷ്ഠാനബദ്ധമായ മതത്തെയും രഷ്ട്രീയാധികാരത്തേയും മറികടന്നു നിന്ന പുതിയ ധാർമ്മികശക്തിയുടെ പ്രവേശനം സൂചിപ്പിച്ചു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [൨] ആമോസിന്റെ പ്രാധാന്യം ഈ തുടക്കം അദ്ദേഹത്തിൽ ആണെന്നതു മാത്രമല്ല. ഹെബ്രായ പ്രവാചകന്മാരിലെ പന്ത്രണ്ടു ചെറിയവരിൽ ഒരുവനായി എണ്ണപ്പെടുന്നെങ്കിലും, പൗരാണികലോകത്തെ ധർമ്മഗുരുക്കൾക്കിടയിൽ വലിയ പ്രാധാന്യമുള്ള ഒരതികായനാണ് ആമോസ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[൩] ഈ പ്രാധാന്യം അംഗീകരിക്കുന്നതിൽ മതേതര ചരിത്രവും മടി കാണിക്കുന്നില്ല. പ്രഖ്യാത ചരിത്രകാരനായ വിൽ ഡുറാന്റ് ആമോസിന്റെ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്.
ഇവിടെ ഏഷ്യയുടെ സാഹിത്യത്തിൽ ആദ്യമായി സാമൂഹ്യമനസാക്ഷി കൃത്യമായ രൂപം ധരിച്ച് മതത്തിലേക്ക് ഒഴുകിയെത്തി അതിന് ഒരു പുതിയ ആത്മാവുനൽകുന്നു. അത് മതത്തെ അനുഷ്ഠാനങ്ങളുടേയും സ്തുതിവചനങ്ങളുടേയും തലത്തിൽ നിന്നുയർത്തി ധാർമ്മികതയുടെ ചാട്ടവാറും നന്മയിലേക്കുള്ള വിളിയും ആക്കി മാറ്റുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷം ആമോസിൽ തുടങ്ങുന്നു. ആമോസിലും ഏശയ്യായിലും ആണ് ക്രിസ്തുമതത്തിന്റേയും സോഷ്യലിസത്തിന്റേയും തുടക്കം. ദാരിദ്ര്യത്തിനും യുദ്ധത്തിനുമിടയിലും മനുഷ്യസാഹോദര്യം സാധ്യമാക്കുന്ന ആദർശനിഷ്ഠയുടെ നദി (Stream of Utopias) ഉറവെടുത്തത് അവരിൽ നിന്നാണ്[15]
വിമർശനം
തിരുത്തുകദൈവത്തെ ഭീഷണിമുഴക്കുന്നവനായി ചിത്രീകരിക്കുന്നുവെന്നത് ആമോസിന്റെ ആദർശവാദത്തിന്മേൽ ഒരു കളങ്കമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[16] സുകൃതജീവിതത്തിന് ന്യായം അതിലെ സുകൃതം തന്നയാകണമെന്നും പകരം അതിനെ ദൈവഹിതമായി ചിത്രീകരിച്ച് ന്യായീകരിക്കുന്നത് ദൈവികചൈതന്യത്തിന് നിരക്കാത്ത അസഹിഷ്ണുതയിൽ ചെന്നെത്തിയേക്കുമെന്നും "കർത്താവ് അരുളിച്ചെയ്തിരിക്കെ ആർക്കു പ്രവചിക്കാതിരിക്കാൻ കഴിയും" എന്ന ആമോസിന്റെ വാക്യത്തിന്റെ സന്ദർഭത്തിൽ സർവപ്പള്ളി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[17]
കുറിപ്പുകൾ
തിരുത്തുക൧ ^ ഇതിലെ, ന്യായം വെള്ളംപോലെയും നീതി വറ്റാത്ത അരുവിപോലെയും ഒഴുകട്ടെയെന്ന ആഹ്വാനം ആമോസിന്റെ പുസ്തകത്തിലെ ഏറ്റവും പ്രസിദ്ധമായ വരികളാണെന്നു പറയാം.
൨ ^ Appearance of a new power in the world, the power of individual moral appeal, of an appeal to the free conscience of mankind against the fetish sacrifice and slavish loyalties that had hitherto bridled and harnessed our race[18]
൩ ^ Amoz himself is one of the giants of the ancient world, one of the most powerful of the biblical poets.[19]
അവലംബം
തിരുത്തുക- ↑ ആമോസ് 3:7-8 ഓശാന മലയാളം ബൈബിൾ
- ↑ Introduction to the Book of Amos - Good News Bible with Deuterocanonicals/Apocrypha
- ↑ ആമോസ് 2:8
- ↑ ആമോസ് 4:6
- ↑ ആമോസ് 4:9
- ↑ ആമോസ് 5:11
- ↑ ആമോസ് 5: 21-24
- ↑ ആമോസ് 6:4-7
- ↑ ആമോസ് 7:1-6
- ↑ ആമോസ് 7:7-9
- ↑ ആമോസ് 8:1-3
- ↑ ആമോസ് 9:1
- ↑ ആമോസ് 9:11-15
- ↑ Amos, The World of Israel's Prophets; The Cambridge Companion to the Bible
- ↑ Judea, Our Oriental Heritage, The Story of Civilization : Part I, Will Durant
- ↑ വിൽ ഡുറൻഡിന്റെ മേലുദ്ധരിച്ച പുസ്തകം
- ↑ സർവപ്പള്ളി രാധാകൃഷ്ണന്റെ പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും എന്ന പുസ്തകത്തിലെ The World's Unborn Soul എന്ന പ്രഭാഷണം
- ↑ Priests and Prophets in Judea; A Short History of the World - HG Wells
- ↑ Amos, The Book of, Oxford Companion to the Bible