എസ്തേറിന്റെ പുസ്തകം
എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് എസ്തേറിന്റെ പുസ്തകം. 'പൂരിം' എന്ന പേരിൽ അറിയപ്പെടുന്ന യഹൂദാഘോഷത്തിനു പിന്നിലുള്ള കഥ ഈ പുസ്തകത്തിലാണ്. പൂരിം തിരുനാളിലെ സായാഹ്നത്തിലും അടുത്ത പ്രഭാതത്തിലും ഈ പുസ്തകത്തിന്റെ സമ്പൂർണ്ണപാഠം യഹൂദർ ഉറക്കെ വായിക്കുന്നു. യഹൂദർക്കെതിരെ പേർഷ്യൻ രാജാവിന്റെ കൊട്ടാരത്തിൽ നടന്ന ഒരുപജാപത്തിന്റേയും, തത്ഭലമായി ഉണ്ടാകാനിരു��്ന വംശഹത്യയിൽ നിന്ന്, സ്വന്തം വംശത്തിൽ പെട്ട ഒരു പേർഷ്യൻ രാജ്ഞിയുടെ ഇടപെടൽ യഹൂദരെ രക്ഷപെടുന്നതിന്റേയും കഥയാണിത്.
പശ്ചാത്തലം
തിരുത്തുകപേർഷ്യയിലെ രാജാവായ അഹാസ്വേരസിന്റെ വാഴ്ചയുടെ മൂന്നാം വർഷമാണ് ഈ ബൈബിൾ കഥയുടെ പശ്ചാത്തലം. എസ്തേറിന്റെ പുസ്തകത്തിന്റെ പിൽക്കാലത്തെ ഗ്രീക്ക്, എത്യോപ്യൻ പരിഭാഷകളും, "എസ്തേർ റബ്ബാ" എന്ന യഹൂദ വ്യാഖ്യാനവും അഹാസ്വേരസിനെ 'അർത്താസെർക്സസ്' എന്നു പേരുള്ള ഒരു രാജാവായി കണക്കാക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസെഫസ്, പതിമൂന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ ചരിത്രകാരൻ ബാർ ഹെബ്രായൂസ് എന്നിവരും ഈ നിലപാടു പിന്തുടരുന്നു. അഹാസ്വേരസ്, അർത്താസെർക്സസ് രണ്ടാമനാണെന്നു ബാർ ഹെബ്രായൂസ് കൃത്യമായി പറയുക പോലും ചെയ്യുന്നു. എങ്കിലും, അഹാസ്വേരസ് എന്ന പേര് പാശ്ചാത്യരേഖകളിൽ സെർക്സസ് (Xerxes) എന്നറിയപ്പെടുന്ന രാജാവിന്റേതാണെണെന്നും ഈ രണ്ടുപേരുകളും 'ഖഷായാർഷ' എന്ന പേർഷ്യൻ പേരിൽ നിന്നുത്ഭവിച്ചതാണെന്നും കരുതപ്പെടുന്നു. അഹാസ്വേരസ് ക്രി.മു. 486-465 കാലത്ത് ഭരണം നടത്തിയ സെർക്സസ് ഒന്നാമൻ ആയിരിക്കണ��. [1]
കഥാസംഗ്രഹം
തിരുത്തുകഎസ്തേർ രാജ്ഞിയാകുന്നു
തിരുത്തുകകൊട്ടാരത്തിലെ ഉന്നതന്മാർക്കും തലസ്ഥാനത്തെ എല്ലാ നിവാസികൾക്കുമായി അഹാസ്വേരസ് രാജാവു നടത്തുന്ന വിരുന്നിലാണ് കഥ തുടങ്ങുന്നത്. അതിഥികൾക്കു മുൻപിൽ സന്നിഹിതയായി സൗന്ദര്യം പ്രദർശിപ്പിക്കാൻ രാജാവ് രാജ്ഞിയായിരുന്ന വഷ്ടിയോട് ആവശ്യപ്പെടുന്നു. രാജ്ഞി രാജാവിനെ അനുസരിക്കാതിരുന്നപ്പോൾ അദ്ദേഹം അവരെ രാജ്ഞിസ്ഥാനത്തു നിന്നു നീക്കുകയും പുതിയ രാജ്ഞിയെ കണ്ടെത്താനായി, രാജ്യത്തെ എല്ലാ യുവസുന്ദരികളേയും തനിക്കു മുൻപിൽ ഹജരാക്കാൻ ഉത്തരവിടുകയും ചെയ്യുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ടിരുന്നതിനാൽ ബന്ധുവായ മൊർദേകായിയുടെ സംരക്ഷണയിൽ വളർന്നു വന്നിരുന്ന യഹൂദ യുവതി എസ്തേർ ആ യുവതികളിൽ ഒരാളായിരുന്നു. എസ്തേറിനെ ഇഷ്ടപ്പെട്ട രാജാവ് അവളെ രാജ്ഞിയായി തെരഞ്ഞെടുക്കുന്നു. എന്നാൽ താൻ യഹൂദവംശജയാണെന്ന് അവൾ വെളിപ്പെടുത്തുന്നില്ല. താമസിയാതെ, രാജാവിനെ വധിക്കാനുള്ള ഒരുപജാപം മൊർദേകായ് വെളിച്ചത്തു കൊണ്ടു വന്നതിനാൽ ഉപജാപത്തിനുത്തരവാദികളെ കണ്ടെത്തി വധിക്കാനായി. രാജാവിനു മൊർദേകായ് ചെയ്ത ഉപകാരം രാജകീയ രേഖകളിൽ എഴുതപ്പെട്ടു.
ഹാമാന്റെ ദുഷ്ടത
തിരുത്തുകഅഹാസ്വേരസ്, ഹാമാൻ എന്നയാളെ തന്റെ പ്രധാനമന്ത്രിയാക്കുന്നു. കൊട്ടാരവാതിൽക്കൽ ഇരുന്നിരുന്ന മൊർദേകായ് അയാൾക്കു മുൻപിൽ കുമ്പിടാതിരുന്നതിനാൽ ഹാമാന്റെ അപ്രീതി നേടുന്നു. മൊർദേകായ് യഹൂദനാണെന്നറിഞ്ഞ ഹാമാൻ, അയാളേയും സാമ്രാജ്യത്തിലെ മുഴുവൻ യഹൂദരേയും വധിക്കാൻ പദ്ധതിയിടുന്നു. പതിനായിരം താലന്ത് വെള്ളി നൽകി അയാൾ ഈ പദ്ധതി നടപ്പാക്കാനുള്ള രാജസമ്മതം വാങ്ങുന്നു. തീരുമാനം നടപ്പാക്കാനുള്ള തിയതിക്കായി നറുക്കിട്ടപ്പോൾ നിശ്ചയമായത് ആദർ മാസം പതിമൂന്നാം തിയതിയാണ്. ഈ പദ്ധതി കേട്ടറിഞ്ഞ മൊർദേകായ് യഹൂദരോട് ദൈവകാരുണ്യത്തിനായി ഉപവാസം അനുഷ്ടിക്കാൻ ആവശ്യപ്പെടുന്നു. വിവരങ്ങൾ എസ്തേറിനെ അറിയിച്ച അയാൾ, സ്വജനങ്ങൾക്കു വേണ്ടി രാജസമക്ഷം ഇടപെടാൻ അവളോടാവശ്യപ്പെടുന്നു. വിളിക്കപ്പെട്ടല്ലാതെ രാജസന്നിധിയിൽ ചെല്ലുന്നതിനുള്ള വിലക്ക് ലംഘിക്കാൻ അവൾക്കു ഭയമായിരുന്നു. വധശിക്ഷ കിട്ടാവുന്ന കുറ്റമായിരുന്നു അത്. എന്നാൽ, അവൾ അത് ചെയ്തേ മതിയാവൂ എന്നു മൊർദേകായ് നിർബ്ബന്ധിക്കുന്നു. യഹൂദരോട്, തനിക്കൊപ്പം മൂന്നു ദിവസം ഉപവാസം അനുഷ്ടിക്കാൻ എസ്തേർ ആവശ്യപ്പെടുന്നു. മൂന്നാം ദിവസം അവൾ രാജസന്നിധിയിലെത്തുന്നു. രാജാവ് അവൾക്കു നേരെ ചെങ്കോൽ നീട്ടുന്നു. അവളിൽ അപ്രീതിയില്ല എന്നതിന്റെ സൂചനയായിരുന്നു അത്. രാജാവിനെ അവൾ ഹാമാനോടൊപ്പം ഒരു വിരുന്നിനു സന്നിഹിതനാകാൻ ക്ഷണിക്കുന്നു. വിരുന്നിൽ, അടുത്ത സായാഹ്നത്തിൽ തന്നോടൊപ്പം മറ്റൊരു വിരുന്നിൽ കൂടി പങ്കെടുക്കാൻ അവൾ അവരെ ക്ഷണിക്കുന്നു.
മൊർദേകായിക്കുള്ള പുരക്സാരം
തിരുത്തുകഇതിനിടെ മൊർദേകായിയോടുള്ള അപ്രീതി വർദ്ധിച്ച ഹാമാൻ, അയാൾക്കായി കഴുമരം തീർക്കുന്നു. ആ രാത്രി ഉറക്കം കിട്ടാൻ ബുദ്ധിമുട്ടിയ രാജാവ്, ഉറക്കം കിട്ടാനായി പഴയ രാജകീയരേഖകൾ തന്നെ വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഗൂഢാലോചനയിൽ രാജാവിനെ രക്ഷിക്കാൻ മൊർദേകായ് ചെയ്ത സേവനവും വായനയിൽ ഉൾപ്പെട്ടു. തന്റെ ജീവൻ രക്ഷിച്ച മൊർദേകായിയ്ക്കു യാതൊരു പുരസ്കാരവും നൽകിയിട്ടില്ലെന്നും രാജാവ് മനസ്സിലാക്കി. വായനയ്ക്കിടയിൽ തന്റെ മുന്നിലെത്തിയ ഹാമാനോട് രാജാവ്, താൻ ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് രാജാവ് എങ്ങനെ പെരുമാറണം എന്ന് ആരായുന്നു. ബഹുമാനിതനാകാൻ പോകുന്ന വ്യക്തി താൻ തന്നെയെന്നു ഹാമാൻ കരുതി. ആ വ്യക്തിയെ രാജകീയവസ്ത്രങ്ങൾ അണിയിച്ച്, രാജാശ്വത്തിന്മേലിരുത്തി "രാജപ്രീതിനേടിയവൻ ബഹുമാനിക്കപ്പെടുന്നതു കണ്ടാലും" എന്ന ആർപ്പുവിളിയോടെ പ്രദക്ഷിണമായി കൊണ്ടുനടക്കണം എന്നു ഹാമാൻ രാജാവിനെ ഉപദേശിച്ചു. എങ്കിൽ ആ വിധം ബഹുമാനമൊക്കെ മൊർദേകായിയൊടു ചെയ്യാൻ രാജാവ് ആവശ്യപ്പെട്ടപ്പോൾ ഹാമാൻ അത്ഭുതപ്പെട്ടു. മൊർദേകായിയെ കൊലമരത്തിലേറ്റനുള്ള ഹാമാന്റെ പദ്ധതി അങ്ങനെ നടപ്പാകാതെ വന്നു.
യഹൂദരുടെ വിജയം
തിരുത്തുകഅന്നു രാത്രി രാജാവും ഹാമാനും എസ്തേറിന്റെ രണ്ടാമത്തെ വിരുന്നിൽ പങ്കെടുത്തു. വിരുന്നിനിടെ, താൻ യഹൂദവംശജ അണെന്നും താനുൾപ്പെടെയുള്ള യഹൂദരെ മുഴുവൻ നശിപ്പിക്കാൻ ഹാമാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും എസ്തേർ രാജാവിനെ അറിയിച്ചു. കോപാക്രാന്തനായ രാജാവ് വിരുന്നുശാല വിട്ടുപോകുന്നു; അവിടെ തന്നെ നിന്ന ഹാമാൻ, എസ്തേറിന്റെ മുൻപിൽ വീണു തന്റെ ജീവൻ രക്ഷിക്കണം എന്നപേക്ഷിക്കുന്നു. ആ സമയം തന്നെ തിരിച്ചു വന്ന രാജാവ് കരുതിയത്, ഹാമാൻ രാജ്ഞിയെ ആക്രമിക്കുകയാണെന്നാണ്; അങ്ങനെ രോഷം പെരുത്ത രാജാവ്, ഹാമാനെ, മൊർദേകായിക്കു വേണ്ടി അയാൾ തീർത്ത കൊലമരത്തിലേറ്റി കൊല്ലാൻ ഉത്തരവിടുന്നു. യഹൂദർക്കെതിരേയുള്ള പഴയ രാജശാസനം പിൻവലിക്കുക സാധ്യമല്ലായിരുന്നു. എന്നാൽ അവർക്കെതിരെയുള്ള ആക്രമണത്തിൽ സ്വരക്ഷയ്ക്കു വേണ്ടതു ചെയ്യാൻ രാജാവ് യഹൂദരെ അനുവദിച്ചു. അതിനാൽ നിശ്ചയിക്കപ്പെട്ടിരുന്ന ദിനമായ ആദർ മാസം 13-ആം തിയതി ഹാമാന്റെ 10 പുത്രന്മാർ ഉൾപ്പെടെ 500 ആക്രമകാരികൾ കൊല്ലപ്പെട്ടു. തുടർന്ന് 75,000 പേർഷ്യാക്കാരെ യഹൂദർ വധിച്ചു. എങ്കിലും അവർ കൊള്ളമുതലൊന്നും കയ്യടക്കിയില്ല. തുടർന്ന് അഹാസ്വേരസിന്റെ കൊട്ടാരത്തിൽ പ്രാമാണികത നേടിയ മൊർദേകായ്, യഹൂദരുടെ വിമോചനത്തിന്റെ സ്മരണക്കായി ഒരു വാർഷികോത്സവം ഏർപ്പെടുത്തി.[2]
നുറുങ്ങുകൾ
തിരുത്തുക- ദൈവത്തിന്റെ പേര് ഒരിക്കൽ പോലും ഉപയോഗിക്കാത്ത എബ്രായ ബൈബിളിലെ ഏകഗ്രന്ഥമാണ് എസ്തേറിന്റെ പുസ്തകം എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3]
- യഹൂദർക്കിടയിലെ താപസവിഭാഗമായ എസ്സീനുകളുടെ ഗ്രന്ഥശേഖരമായിരുന്ന ചാവുകടൽ ചുരുളുകളിൽ എബ്രായബൈബിളിലെ ഗ്രന്ഥങ്ങളിൽ എസ്തേറിന്റെ പുസ്തകത്തിന്റെ മാത്രം ഒരു ശകലം പോലും ഉണ്ടായിരുന്നില്ല.