എസ്രായുടെ പുസ്തകം
എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് എസ്രായുടെ പുസ്തകം. ഇതിന്റെ ആദിരൂപം, തുടർന്നു വരുന്ന നെഹമിയായുടെ പുസ്തകവുമായി ചേർന്ന്, എസ്രാ-നെഹമിയാ എന്ന പുസ്തകത്തിന്റെ ഭാഗമായിരുന്നു. ഈ ഇരട്ടഗ്രന്ഥം വേർതിരിക്കപ്പെട്ടത് ക്രിസ്തുവർഷത്തിലെ ആദ്യനൂറ്റാണ്ടുകളിലെന്ന�� ആണ്.[1] ബാബിലോണിലെ പ്രവാസത്തിനൊടുവിൽ യെരുശലേമിലേക്കുള്ള യഹൂദരുടെ മടക്കമാണ് ഈ കൃതിയുടെ വിഷയം. അതിലെ ആഖ്യാനത്തിൽ രണ്ടു ഘട്ടങ്ങൾ കാണാനാകും. പേർഷ്യൻ രാജാവായ സൈറസിന്റെ വാഴ്ചയുടെ ആദ്യവർഷമായ ക്രി.മു. 538-ൽ പ്രവാസികളുടെ ആദ്യഗണത്തിന്റെ യെരുശലേമിലേക്കുള്ള മടക്കവും, ഒന്നാം ദാരിയസ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷമായ ക്രി.മു. 515-ൽ യഹൂദരുടെ പുതിയ ദേവാലയത്തിന്റെ പൂർത്തീകരണവും സമർപ്പണവുമാണ് അദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിന്റെ വിഷയം, ജനനേതാവായ എസ്രാ യെരുശലേമിൽ മടങ്ങിയെത്തുന്നതും യഹൂദജനതയെ യഹൂദേതരരുമായുള്ള വിവാഹബന്ധങ്ങൾ മൂലമുണ്ടായ "പാപ"-ത്തിൽ നിന്ന് മോചിപ്പിച്ച് വിശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്.
പ്രവാസികളായ ഇസ്രായേല്യർക്കിടയിൽ നിന്നു നേതാക്കളെ തെരഞ്ഞെടുത്ത് ദൈവികദൗത്യത്തിനായി യെരുശലേമിലേക്കയക്കാൻ പേർഷ്യയിലെ രാജാവിനെ ഇസ്രായേലിന്റെ ദൈവം പ്രചോദിപ്പിച്ചുവെന്ന സങ്കല്പത്തിനു ചേരും വിധമാണ് എസ്രായുടെ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. അതനുസരിച്ച്, ഒന്നിനു പിറകേയുള്ള മൂന്നു ദൗത്യങ്ങളിൽ മൂന്നു നേതാക്കൾ നിയുക്തരാകുന്നു: ആദ്യദൗത്യം ദേവാലയത്തിന്റെ പുനർനിർമ്മിതിയും രണ്ടാം ദൗത്യം, യഹൂദ സമൂഹത്തിന്റെ ശുദ്ധീകരണവും മൂന്നാം ദൗത്യം നഗരത്തെ ഒരു മതിലിൽ കെട്ടി സംരക്ഷിക്കുന്നതുമാണ്. ഇതിൽ നെഹമിയായുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ദൗത്യം എസ്രായുടെ പുസ്തകത്തിന്റെ ഭാഗമല്ല. ഈ പുസ്തകത്തിന്റെ സമയരേഖയിൽ കടന്നുവരുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ വിശദീകരണം തേടേണ്ടത് അതിന്റെ ദൈവശാസ്ത്രപദ്ധതിയിലാണ്.[2] ക്രി.വ. 400-നടുത്ത് ആദിരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കാവുന്ന ഈ കൃതി തുടർന്നു വന്ന നൂറ്റാണ്ടുകളിലെ തുടർച്ചയായ സംശോധനയ്ക്കു ശേഷം ക്രിസ്തുവർഷാരംഭത്തിനടുത്ത് വിശുദ്ധഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു.