സംഖ്യ (ബൈബിൾ പഴയനിയമം)

വിക്കിപീഡിയ വിവക്ഷ താൾ

എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലേയും നാലാമത്തെ ഗ്രന്ഥമാണ് സംഖ്യ അല്ലെങ്കിൽ സംഖ്യാപുസ്തകം (ഇംഗ്ലീഷ്:Book of Numbers). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ നാലാമത്തേതും ഇതാണ്. ഇതിനെ മൂന്നു ഖണ്ഡങ്ങളായി തിരിക്കാനാകും:

  1. സിനായ് പർവതപ്രദേശത്തുവച്ച് മോശെ ജനങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്നതും, വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയുടെ പുനരാരംഭത്തിനുള്ള ഒരുക്കങ്ങളും(1–10:10).
  2. സീനായ് മുതൽ മൊവാബ് വരെയുള്ള യാത്രയുടെ വിവരണം; ഇസ്രായേലിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി അവിടേയ്ക്ക് ചാരന്മാരെ അയക്കുന്നതും അവർ കൊണ്ടുവരുന്ന വിവരങ്ങളും; വഴിയിൽ നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ജനത്തിന്റെ എട്ടുവട്ടം ആവർത്തിച്ചുള്ള പിറുപിറുക്കലും അതുമൂലമുണ്ടായ ദൈവകോപവും; തുട���ന്ന് നാലു ദശകങ്ങളോളം മരുഭൂമിയിൽ അലഞ്ഞുതിരിയാനുള്ള ദൈവവിധി(10:11–21:20).
  3. യോർദ്ദാൻ നദി കടക്കുന്നതിനു മുൻപ് മൊവാബിലെ സമതലത്തിൽ നടന്ന സംഭവങ്ങൾ; രണ്ടാമതൊരു കനേഷുമാരി ഇതിൽ ഉൾപ്പെടുന്നു. (21:21–36).

ഇസ്രായേൽ ജനത്തെ ഈ വാക്കുകളിൽ അനുഗ്രഹിക്കാൻ പുരോഹിതർ നിർദ്ദേശിക്കപ്പെടുന്നതായി സംഖ്യയിൽ വായിക്കാം: “യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യട്ടെ. യഹോവ തന്റെ മുഖശോഭ നിങ്ങൾക്കു കാണിച്ചു തരുകയും നിങ്ങളോട് കരുണകാണിക്കുകയും ചെയ്യട്ടെ. യഹോവ നിങ്ങൾക്കു നേരെ മുഖം തിരിക്കുകയും നിങ്ങൾക്ക് ശാന്തി തരുകയും ചെയ്യട്ടെ.”[1] ഈ പുരോഹിതാനുഗ്രഹം യഹൂദാരാധനകളിലും ആഘോഷങ്ങളിലും പതിവായി ആവർത്തിക്കപ്പെടുന്നു.[2] ചിലപ്പോൾ, വെള്ളിയാഴ്ച വൈകിട്ടുള്ള സാബത്തു ഭക്ഷണസമയത്ത് മാതാപിതാക്കൾ മക്കളേയും ഈ വാക്കുകളിൽ അനുഗ്രഹിക്കാറുണ്ട്.[3]

ഈ പുസ്തകം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ദൈർഘ്യം ഈജിപ്തിൽ നിന്നുള്ള പുറപ്പാടിനുശേഷം രണ്ടാം വർഷം രണ്ടാം മാസം മുതൽ നാല്പതാം വർഷം പതിനൊന്നാം മാസത്തിന്റെ തുടക്കം വരെയുള്ള 37 വർഷവും 9 മാസവുമാണ്; പൊതുവേ അലച്ചിലിന്റെ വിഷമം പിടിച്ച കാലഘട്ടമായിരുന്നു അത്. അതിന്റെ പൂർത്തിയിൽ ഇസ്രായേൽ ജനത്തിന്റെ എണ്ണം, ഈജിപ്തിൽ നിന്നു പുറപ്പെട്ടപ്പോഴുള്ളതിനേക്കാൾ കുറഞ്ഞിരുന്നു. പഞ്ചഗ്രന്ഥിയിലെ അഞ്ചുഗ്രന്ഥങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് യഹൂദപാരമ്പര്യം. ഇന്ന് പണ്ഡിതന്മാർ ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. മൂലകൃതി പുരാതനകാലത്ത് മോശെ എഴുതിയതു തന്നെയാണെന്ന യാഥാസ്ഥിതിക പക്ഷവും, ഒന്നിലേറെ ലേഖകന്മാർ ചേർന്ന് പിൽക്കാലത്തെങ്ങോ രചിച്ചതാണെന്ന എതിർപക്ഷവും നിലവിലുണ്ട്.[4]

  1. Numbers 6:24-26 (NJB)
  2. Priests, in Illustrated Dictionary & Concordance of the Bible, 1986. Wigoder G, Paul S, Viviano B, Stern E, eds., G.G. Jerusalem Publishing House Ltd. And Reader’s Digest Association, Inc. ISBN 0895774070
  3. Blessing The Children article at judaism.about.com
  4. "Introduction to the Old Testament", chapter on Numbers, by T. Longman and R. Dillard, Zondervan Books (2006)
"https://ml.wikipedia.org/w/index.php?title=സംഖ്യ_(ബൈബിൾ_പഴയനിയമം)&oldid=1717105" എന്ന താളിൽനിന്ന് ശേഖരിച്ചത്