കൊല്ലത്തെ കശുവണ്ടി വ്യവസായം
കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.[1] കശുമാവ് കൃഷി കുറവായതിനാൽ വടക്കൻ ജില്ലകൾ, അയൽ സംസ്ഥാനങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയാണ് ഇവിടെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്. തോട്ടണ്ടി സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അവ വിദേശ രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി ചെയ്യുകയുമാണ് ഈ വ്യവസായത്തിൽ ചെയ്യുന്നത്.[1] കൊല്ലം ജില്ലയിൽ കശുവണ്ടി സംസ്കരണത്തിനായി കേരള സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. 'കശുവണ്ടി ഫാക്ടറികളുടെ നാട്', 'കേരളത്തിൽ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം', 'ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം'[2] എന്നൊക്കെ കൊല്ലം നഗരത്തെ വിശേഷിപ്പിക്കുന്നു. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട പല സർക്കാർ സ്ഥാപനങ്ങളുടെയും ആസ്ഥാനം കൊല്ലമാണ്.
കൊല്ലത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കശുവണ്ടി വ്യവസായം നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്.[3] ജില്ലയിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനവും കശുവണ്ടി വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നു. ഇതിൽ 95 ശതമാനവും സ്ത്രീകളാണ്.[2] ഏകദേശം 3 ലക്ഷം പേർ പണിയെടുക്കുന്ന ഈ വ്യവസായത്തിലൂടെ മികച്ച വിദേശ വരുമാനവും ലഭിക്കുന്നുണ്ട്.[2]
കേരളത്തിൽ റബ്ബർ കൃഷി വ്യാപകമായതോടെ കശുവണ്ടിയുടെ കാർഷികോൽപ്പാദനത്തിൽ കുറവുണ്ടായി. അതോടെ അസംസ്കൃത കശുവണ്ടിക്കായി അന്യസംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നു. ആഫ്രിക്കയിൽ നിന്നുള്ള തോട്ടണ്ടിയുടെ ഇറക്കുമതി കുറഞ്ഞതും വ്യവസായികൾക്കിടയിലെ കിടമത്സരവും കൊല്ലത്തെ കശുവണ്ടി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തോട്ടണ്ടി ക്ഷാമത്തെ തുടർന്ന് 2015-16 കാലഘട്ടത്തിൽ കൊല്ലത്തെ സർക്കാർ ഫാക്ടറികൾ ഉൾപ്പെടെ എല്ലാ ഫാക്ടറികളും മാസങ്ങളോളം അടഞ്ഞുകിടന്നു. തോട്ടണ്ടിയുടെ വിലയിലുണ്ടായ വർദ്ധനവും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയും ചെറുകിട വ്യവസായികളെ കടക്കെണിയിലാക്കി.[4] തൊഴിലാളികൾക്കു മിനിമം കൂലി നൽകാൻ തയ്യാറാകാതെ മറ്റു സ്വകാര്യ ഫാക്ടറികളും അടച്ചുപൂട്ടി.
2016 മേയ് മാസത്തോടെ കേരള സർക്കാർ ഇടപെടലിനെ തുടർന്ന് കൊല്ലം ജില്ലയിലെ സർക്കാർ ഫാക്ടറികൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു.[5] കശുവണ്ടി വ്യവസായം തകർന്നാൽ 3 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും 3000-ത്തോളം കോടി രൂപയുടെ വിദേശനാണ്യം വരുന്നതു നിലയ്ക്കുമെന്നും കണക്കാക്കുന്നു.[2]
കശുവണ്ടി
[തിരുത്തുക]കശുവണ്ടിയുടെ ജൻമദേശം ബ്രസീലാണ്. ഇന്ത്യയിലാദ്യമായി കശുമാവ് ചെടി കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്. ബ്രസീലുകാർ 'അകാജു' (Accaju) എന്നും പോർച്ചുഗീസുകാർ 'കാജു' (Caju) എന്നും ഈ വൃക്ഷത്തെ വിളിക്കുന്നു. ഈ വാക്കുകളിൽ നിന്നാണ് 'കശുമാവ്' എന്ന മലയാളപദം ഉണ്ടായതെന്നു കരുതുന്നു.[3] റോഡ് വിക്ടോറിയ എന്ന ആംഗ്ലോ ഇന്ത്യക്കാരനെ കശുവണ്ടി വ്യവസായത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നു.[3]
കേരളത്തിൽ
[തിരുത്തുക]കേരളത്തിൽ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലേക്കു വ്യാപിച്ചുകിടക്കുന്നു.[5] കൊല്ലം ജില്ലയിൽ അറുനൂറോളം കശുവണ്ടി ഫാക്ടറികളുള്ളതായി കണക്കാക്കുന്നു. കശുവണ്ടി വികസന കോർപ്പറേഷനു കീഴിലുള്ള 30 ഫാക്ടറികളിൽ 24 എണ്ണവും കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്നു.[5] പൊതുമേഖലാ സ്ഥാപനമായ കാപെക്സിന്റെ 10 ഫാക്ടറികളിൽ 9 എണ്ണവും കൊല്ലത്താണുള്ളത്.[5] ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ളതിനെക്കാൾ കൂടുതൽ ഫാക്ടറികൾ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നു.[6] ഇത്രയധികം കശുവണ്ടി ഫാക്ടറികളുള്ള കൊല്ലം ജില്ലയെ 'കശുവണ്ടി വ്യവസായ കേന്ദ്രം' എന്നാണ് കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്.[1]
കശുമാവ് കൃഷി
[തിരുത്തുക]റബ്ബർ കൃഷി വ്യാപകമായതോടെ കേരളത്തിൽ കശുമാവ് കൃഷിയിൽ കുറവു സംഭവിച്ചു. കശുമാവ് തോട്ടങ്ങളിലെ കാടുവെട്ടി സംരക്ഷിക്കുന്നതു ചെലവേറിയ പണിയായതും വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും കൃഷി കുറയുന്നതിനു കാരണമായി.[2] ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമൊക്കെ കശുവണ്ടി ഇറക്കുമതി ചെയ്യേണ്ടതായി വന്നു. ഇടുക്കി, കണ്ണൂർ, വയനാട്, കാസർകോഡ്, പാലക്കാട് എന്നീ വടക്കൻ ജില്ലകളിൽ നിന്നും ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നും ഐവറികോസ്റ്റ്, ഘാന, ബെനിൻ, നൈജീരിയ, ടാൻസാനിയ, മൊസാംബിക് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അസംസ്കൃത കശുവണ്ടി (തോട്ടണ്ടി) ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു.[2] ഈ തോട്ടണ്ടി സംസ്കരിച്ച് വിവിധ ഉൽപ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്ന വ്യവസായമാണ് കൊല്ലം ജില്ലയിൽ നിലനിൽക്കുന്നത്. ഇതിലൂടെ ഏകദേശം 3000 കോടി രൂപാ വിദേശ വരുമാനം ലഭിക്കുന്നു.[2]
പ്രതിസന്ധികൾ
[തിരുത്തുക]മറ്റൊരു ഭൂഖണ്ഡത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളയെ ആശയിച്ചുള്ള വ്യവസായമായതിനാൽ കൊല്ലത്തെ കശുവണ്ടി വ്യവസായം ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നുണ്ട്.[4]
ഇടനിലക്കാർ
[തിരുത്തുക]ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇടനിലക്കാർ മുഖേനയാണ് കൊല്ലത്തേക്ക് കശുവണ്ടി ഇറക്കുമതി ചെയ്യുന്നത്. കശുവണ്ടിയുടെ ഗുണനിലവാരം കുറയുന്നതും ഇടനിലക്കാരുടെ മേലുള്ള അഴിമതിയാരോപണങ്ങളും വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നു.[4] ഇടനിലക്കാരെ ഒഴിവാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു നേരിട്ട് തോട്ടണ്ടി വാങ്ങാൻ ഈ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി കേരള സർക്കാർ ചർച്ച നടത്തിയിരുന്നു.[4]
തോട്ടണ്ടി ക്ഷാമം
[തിരുത്തുക]കൊല്ലത്തെ കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തോട്ടണ്ടി ക്ഷാമം. തമിഴ്നാട്ടിലും മംഗലാപുരത്തുമൊക്കെ കശുവണ്ടി ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും കൊല്ലത്തേക്കുള്ള തോട്ടണ്ടിയുടെ വരവുകുറഞ്ഞു.[2] ഉൽപ്പാദനച്ചെലവ് താരതമ്യേന കുറവായതിനാൽ തമിഴ്നാട്ടിലും മംഗലാപുരത്തുമൊക്കെ തോട്ടണ്ടിക്ക് മികച്ച വില ലഭിക്കുന്നതാണ് ഇതിനു കാരണം.
ആഫ്രിക്കൻ രാജ്യങ്ങളിൽ കശുവണ്ടി സംസ്കരണ യൂണിറ്റുകൾ ആരംഭിച്ചതോടെ അവിടെ നിന്നുള്ള തോട്ടണ്ടിയുടെ ഇറക്കുമതിയും കുറഞ്ഞു. വിയറ്റ്നാം, ബ്രസീൽ എന്നിവിടങ്ങളിൽ യന്ത്രവൽകൃത ഉൽപാദനം തുടങ്ങിയതും ആഫ്രിക്കൻ രാജ്യങ്ങളെ അവിടങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്.[2] ചെലവു കുറഞ്ഞ യന്ത്രവൽകൃത ഉൽപാദനത്തിലൂടെ ലഭിക്കുന്ന കശുവണ്ടിക്ക് ഗുണമേൻമ കുറവാണ്.[2] പരമ്പരാഗത രീതിയിലുള്ള തൊഴിലാളി അധിഷ്ഠിത വ്യവസായത്തിനു ചെലവു കൂടുതലാണെങ്കിലും ഗുണമേന്മ കൂടിയ കശുവണ്ടി സംസ്കരിച്ചെടുക്കുവാൻ കഴിയുന്നു.[2][7]
ചെറുകിട വ്യവസായങ്ങളുടെ തകർച്ച
[തിരുത്തുക]തോട്ടണ്ടിക്ഷാമത്തെ തുടർന്ന് വിപണിയിൽ കശുവണ്ടിയുടെ വില വർദ്ധിച്ചു. തോട്ടണ്ടിയുടെ അമിതവിലയും ഇറക്കുമതി തീരുവയും നൽകി അവ ഇറക്കുമതി ചെയ്യുന്ന ചെറുകിട വ്യവസായികൾക്ക് 'ഇൻസെന്റീവ്' പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.[2] തൊഴിലാളികൾക്കു ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകിക്കഴിയുമ്പോൾ ഈ വ്യവസായികൾ കടക്കെണിയിലാകുന്നു. ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ ഇവരുടെ ഫാക്ടറികൾ അടച്ചുപൂട്ടേണ്ടിവരുന്നു.[4][8] തൊഴിൽ നഷ്ടപ്പെടുന്നവർ സമരം തുടങ്ങുന്നതോടെ ചെറുകിട വ്യവസായികൾ അയൽ സംസ്ഥാനങ്ങളിലേക്കു തങ്ങളുടെ വ്യവസായം മാറ്റിസ്ഥാപിക്കുന്നു.[2] അതോടെ ഇവിടുത്തെ ചെറുകിട വ്യവസായരംഗം തകരുന്നു.
ഫാക്ടറികളുടെ അടച്ചുപൂട്ടൽ
[തിരുത്തുക]2015-16 കാലഘട്ടത്തിൽ തോട്ടണ്ടിക്ഷാമം രൂക്ഷമായതിനെത്തുടർന്ന് കൊല്ലം ജില്ലയിൽ കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികൾ മാസങ്ങളോളം അടഞ്ഞുകിടന്നു. തൊഴിലാളികൾക്കു വർദ്ധിപ്പിച്ച മിനിമം കൂലി നൽകാൻ തയ്യാറാകാതെ സ്വകാര്യ ഫാക്ടറികളും അടച്ചുപൂട്ടി.[5] ഫാക്ടറികൾ അടച്ചിട്ടു പ്രതിസന്ധി സൃഷ്ടിക്കുകയും അതിന്റെ മറവിൽ അയൽ സംസ്ഥാനങ്ങളിൽ കശുവണ്ടി വ്യവസായം ആരംഭിക്കുകയും ചെയ്യുന്നുവെന്ന് സ്വകാര്യ ഫാക്ടറികൾക്കെതിരെ ആരോപണവുമായി തൊഴിലാളി സംഘടനകൾ രംഗത്തുവന്നു.[7] കൊല്ലത്തെ കശുവണ്ടി മുതലാളിമാരുടെ ഫാക്ടറികൾ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും യന്ത്രവൽകൃത ഫാക്ടറികളാണ്. അവിടെ തൊഴിലാളികൾക്കു കുറഞ്ഞ കൂലി നൽകിയാൽ മതി എന്നതാണ് മുതലാളിമാരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നതെന്നാണ് ഈ സംഘടനകളുടെ വാദം.[7] എന്നാൽ തൊഴിലാളികളുടെ മിനിമം കൂലി വർദ്ധിപ്പിച്ചതാണ് വ്യവസായം നഷ്ടത്തിലാകാൻ കാരണമെന്ന് മുതലാളിമാരും വാദിക്കുന്നു.[7][4] തോട്ടണ്ടി ക്ഷാമവും മുതലാളിമാർക്കിടയിലെ മത്സരവും മൂലം ഫാക്ടറികൾ അടഞ്ഞുകിടന്നതോടെ പലർക്കും തൊഴിൽ നഷ്ടമായി. ഇവർ പിന്നീട് കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുവാൻ നിർബന്ധിതരാകുന്നു.
സംസ്ഥാന സർക്കാരിന്റെ ഇടപെടൽ
[തിരുത്തുക]2016 മേയിൽ കേരള സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ജില്ലയിലെ സർക്കാർ ഫാക്ടറികൾ വിണ്ടും പ്രവർത്തനം തുടങ്ങി.[5] 2016 സെപ്റ്റംബറോടെ കശുവണ്ടി വികസന കോർപ്പറേഷനു കീഴിലുള്ള എല്ലാ ഫാക്ടറികളും തുറന്നെങ്കിലും തൊഴിലാളികൾക്കു മിനിമം കൂലി നൽകാൻ തയ്യാറാകാതെ സ്വകാര്യ ഫാക്ടറികൾ അടഞ്ഞുകിടന്നു.[6][9] 2016 നവംബർ 8-ന് കേന്ദ്രസർക്കാർ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതോടെ തൊഴിലാളികൾക്കു ശമ്പളം നൽകാൻ പ്രയാസം നേരിട്ടു.[10] മറ്റു പരമ്പരാഗത വ്യവസായങ്ങൾ പോലെ കശുവണ്ടി വ്യവസായവും തകർന്നാൽ 3 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെടുമെന്നും കൊല്ലം ജില്ലയുടെ സാമൂഹ്യ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു.[2]
പുനരുജ്ജീവനം
[തിരുത്തുക]തകർന്നുകൊണ്ടിരിക്കുന്ന കശുവണ്ടി വ്യവസായ രംഗത്തെ സംരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു. സ്വകാര്യ കശുവണ്ടി വ്യവസായമേഖലയെ സഹായിക്കുവാനും ബാങ്ക് വായ്പ ലഭ്യമാക്കാനും സർക്കാരിന്റെ പിന്തുണ നേടിക്കൊടുക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നു. പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ 'കേരള കാഷ്യു ബോർഡ്' രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.[4]
സ്ഥാപനങ്ങൾ
[തിരുത്തുക]കശുവണ്ടി വ്യവസായരംഗം ശക്തിപ്പെടുത്തുന്നതിനായി ചില സർക്കാർ സ്ഥാപനങ്ങൾ കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്നു.
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ
[തിരുത്തുക]കശുവണ്ടി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനവും ശമ്പളവും ഉറപ്പുവരുത്തുന്നതിനായി 1969-ൽ കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ (KSCDC) രൂപീകരിച്ചു.[2][11] അസംസ്കൃത കശുവണ്ടി സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യവും കോർപ്പറേഷനുണ്ട്.[1] കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലുള്ള കാഷ്യു ഹൗസാണ് ഇതിന്റെ ആസ്ഥാനം.[2] സംസ്ഥാനത്ത് കശുവണ്ടി വികസന കോർപ്പറേഷനു കീഴിൽ 30 ഫാക്ടറികളുള്ളതിൽ 24 എണ്ണവും കൊല്ലത്താണ് സ്ഥിതിചെയ്യുന്നത്.[5]
കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപ്പെക്സ് സഹകരണ സംഘം
[തിരുത്തുക]കശുവണ്ടി വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപെക്സ് സഹകരണ സംഘം (കാപ്പെക്സ്). കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിൽ ദാതാവാണ് ഈ സ്ഥാപനം.[1] ഇതിന്റെ ആസ്ഥാനവും കൊല്ലത്താണ്. കാപ്പെക്സിനു കീഴിലുള്ള പത്ത് ഫാക്ടറികളിൽ ഒൻപതെണ്ണവും കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്നു.[5]
കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ
[തിരുത്തുക]വിദേശരാജ്യങ്ങളിലേക്കു കശുവണ്ടി കയറ്റുമതി ചെയ്യുന്നതിനും മറ്റുമായി 1955-ൽ കേന്ദ്രസർക്കാർ ആരംഭിച്ച കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ സ്ഥിതിചെയ്യുന്നു.[12][13][14][15][16] കശുവണ്ടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിക്കുക എന്നിവയാണ് ഇതിന്റെ ചുമതലകൾ.
കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷൻ
[തിരുത്തുക]കശുമാവ് കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 2007-ൽ രൂപീകരിച്ച കേരള സംസ്ഥാന കശുവണ്ടി കൃഷി വികസന ഏജൻസിയുടെ (KSACC) ആസ്ഥാനവും കൊല്ലം ജില്ലയിലാണ്.[1] കശുമാവ് കൃഷി പ്രോത്സാഹിപ്പിച്ച് തോട്ടണ്ടിയുടെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ സ്ഥാപനവും കശുവണ്ടി വികസന കോർപ്പറേഷനും ചേർന്ന് നടത്തിവരുന്നു.[4] ആയിരക്കണക്കിനു തൈകൾ മുളപ്പിച്ച് വിവിധ പദ്ധതികളിലൂടെ കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തും സ്കൂൾ പരിസരങ്ങളിലും എത്തിക്കുവാൻ ഇവർ ശ്രമിക്കുന്നു.[4] കേരളത്തിലെ 800 ഫാക്ടറികൾക്ക് പ്രതിവർഷം 6 ലക്ഷം മെട്രിക് ടൺ കശുവണ്ടി ആവശ്യമാണ്. ഏകദേശം 5000 കോടി രൂപയുടെ അസംസ്കൃത കശുവണ്ടി വിദേശരാജ്യങ്ങളിൽ നിന്നും ഓരോവർഷവും ഇറക്കുമതി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ 2 ലക്ഷം ഹെക്ടേർ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിച്ചാൽ 6000 കോടി രൂപയിലേറെ വിദേശനാണ്യം നേടാനാകുമെന്ന് കണക്കാക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "വ്യവസായം, അധ്വാനം, തൊഴിൽ". കേരള സർക്കാർ. Archived from the original on 2017-10-05. Retrieved 2017-12-13.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 "കശുവണ്ടിയുടെ കാണാപ്പുറങ്ങൾ". മാതൃഭൂമി. 2016-07-26. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ 3.0 3.1 3.2 "Trade & Commerce, Kollam Municipal Corporation". കൊല്ലം കോർപ്പറേഷൻ. Archived from the original on 2017-11-22. Retrieved 2017-12-13.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 "കശുവണ്ടി വ്യവസായം തളിർക്കുമോ?". മാതൃഭൂമി. 2017-07-05. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "തോട്ടണ്ടി ഇറക്കുമതിക്ക് നടപടി; പ്രതീക്ഷയോടെ കശുവണ്ടി വ്യവസായം". ദേശാഭിമാനി ദിനപത്രം. 2016-05-31. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ 6.0 6.1 "കൊല്ലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറികള് തുറക്കാത്തതിൽ പ്രതിഷേധം". ഏഷ്യാനെറ്റ് ന്യൂസ്. 2016-09-13. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ 7.0 7.1 7.2 7.3 "സ്വകാര്യ മേഖലയ്ക്ക് നിഷേധാത്മക നയം; കശുവണ്ടി വ്യവസായം നാടുനീങ്ങുന്നു". മാതൃഭൂമി. 2017-01-11. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ "കശുവണ്ടി വ്യവസായം; അഴിമതിയെന്നു പറഞ്ഞ് ചിലർ പുകമറ സൃഷ്ടിക്കുന്നു: മന്ത്രി". മലയാള മനോരമ. 2017-05-30. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ "കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കണം; നിരാഹാരസമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം; പിന്തുണയുമായി ജനപ്രതിനിധികളും..." കൈരളി ടി.വി. 2017-01-05. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ "വഴിമുട്ടി കശുവണ്ടി വ്യവസായം". മാധ്യമം ദിനപത്രം. 2016-11-28. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ [1] Archived 2014-10-20 at the Wayback Machine. Kollam Cashew Organizations - KSCDC, CEPCI
- ↑ [2] CEPCI - Kollam
- ↑ [3] CEPCI - Kollam
- ↑ [4] Archived 2014-10-14 at the Wayback Machine. CEPCI
- ↑ [5] CEPCI - BS
- ↑ [6] Cashew Industry In India