നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°48′58″N 76°20′28″E / 9.81611°N 76.34111°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | ചേർത്തല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, ശിവരാത്രി |
ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) ചേർത്തലയിൽ പാണവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രം. നൂറ്റെട്ട് ശിവാലയ സ്തോത്രത്തിൽ രണ്ട് ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം. വേളോർവട്ടം മഹാദേവക്ഷേത്രമാണ് രണ്ടാമത്തേത്.[1]. കഥകളിയ്ക്കു പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം കൂടിയാണ് നാല്പത്തെണ്ണീശ്വരം. വർഷത്തിൽ മിക്ക ദിവസങ്ങളിലും നാല്പത്തെണ്ണീശ്വരന്റെ തിരുമുമ്പിൽ കഥകളി വഴിപാട് നടത്താറുണ്ട്. കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് പുന്നത്തുറ എന്ന ഗ്രാമത്തിൽ മീനച്ചിലാറിന്റെ തീരത്തായി ഇതേ സങ്കല്പത്തിലുള്ള ഒരു ക്ഷേത്രമുണ്ട്. പുന്നത്തുറ കക്കയം ശ്രീ കിരാതമൂർത്തി ക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2]
പരശുരാമ പ്രതിഷ്ഠിതമായ നാല്പത്തെണ്ണീശ്വരത്തപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം . പാണ്ഡവരുടെ വനവാസക്കാലത്ത് കൂടുതൽ ആയോധന വിദ്യകളും ശക്തിയും കൈവരാനായി പശുപതിയെ മനസ്സിൽ ധ്യാനിച്ച് തപസ്സാരംഭിച്ചുവെന്നു മഹാഭാരതം. അർജ്ജുനനിൽ സംപ്രീതനായ ഭഗവാൻ, ദേവീസമേതം കാട്ടാളവേഷത്തിൽ അർജ്ജുനനെ പരീക്ഷിക്കുകയും തുടർന്ന് കിരീടിക്ക് പാശുപതാസ്ത്രം സമ്മാനിച്ച് അനുഗ്രഹിക്കുകയും ചെയ്തു. അർജ്ജുനന് പാശുപതം കൊടുത്ത് അനുഗ്രഹിച്ച കിരാതമൂർത്തി സങ്കല്പമാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരത്തെന്നു ഐതിഹ്യം. പാണ്ഡവർ ദേശാടനത്തിനിടയിൽ ഇവിടെ വരികയുണ്ടായന്നും വളരെ നാൾ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ 'പാണ്ഡവർ വെളിയായി' അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം. [3]
ചരിത്രം
[തിരുത്തുക]പാണാവള്ളി നല്പത്തെണ്ണീശ്വരം ക്ഷേത്രം നാല്പത്തിഎട്ടു ഇല്ലാക്കാരുടെ വക ആയിരുന്നു. നാല്പത്തെട്ട് ഇല്ലക്ക���ർക്ക് അധികാരസ്ഥാനം ഉണ്ടായിരുന്നതിൽ ക്ഷേത്രം നാല്പത്തെണ്ണീശ്വരം എന്നും ക്ഷേത്രേശൻ നാല്പത്തെണ്ണീശ്വരത്തപ്പൻ എന്നും അറിയപ്പെട്ടു പോന്നു. ഈ നാല്പത്തെട്ട് ഊരളർമാർ ആരൊക്കെയായിരുന്നെന്നും അവരുടെ മന ഏതൊക്കെയായിരുന്നു എന്നും കണ്ടത്തേണ്ടിരിക്കുന്നു. ഇതിൽ പല ബ്രാഹ്മണ കുടുംബങ്ങളും അന്യം നിന്ന് പോയിരിക്കുന്നു. തുടർന്ന് വടക്കുംകൂർ-കൊച്ചി രാജാധികാരങ്ങൾ ക്ഷേത്രഭരണം കൈയ്യാളുകയും പിന്നീട് അഞ്ചുകൈമൾക്ക് ക്ഷേത്ര കൈമൾ സ്ഥാനം കിട്ടുകയും ചെയ്തു.[4]
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]വേമ്പനാട്ടുകായലിനു പടിഞ്ഞാറുഭാഗത്തായി ചേർത്തല പാണാവള്ളിയിലാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേശനാഥനു ഉതകുംവണ്ണം പ്രൗഢഗംഭീരമായിതന്നെ ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നു. ദ്രാവിഡീയ-കേരളാ ശില്പ വൈദഗ്ദ്ധ്യം നമ്മുക്ക് ഇവിടെ കാണാം. പണ്ട് മഹാക്ഷേത്രമായി പരിലസിച്ചിരുന്നു വെന്ന് ഇവിടുത്തെ ക്ഷേത്ര നിർമ്മാണം കണ്ടാൽ മനസ്സിലാക്കാം. ഏകദേശം 1500 വർഷങ്ങൾക്ക് മുൻപുതന്നെ മഹാക്ഷേത്രമായി പരിലസിച്ചിരുന്നുവത്രെ. അങ്ങനെ നോക്കുമ്പോൾ രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാവാം ക്ഷേത്ര സമുച്ചയം. എന്തായാലും ക്ഷേത്ര പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലിയും ഗാംഭീരവും ക്ഷേത്രത്തിനു ഇന്നുമുണ്ട്. ഒരുകാലത്ത് 48 ഇല്ലക്കാരുടെ സ്വന്തമായിരുന്നുവത്രേ നാല്പത്തെണ്ണീശ്വരം ക്ഷേത്രം. [5]അന്ന് തുടങ്ങിവെച്ച പല ആചാരങ്ങളും ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നു.
ശ്രീകോവിൽ
[തിരുത്തുക]ചതുരാകൃതിയിൽ ഇരുനിലയിലായി പണിതീർത്ത പുണ്യ ശ്രീകോവിലാണ് ഇവിടുത്തേത്. രണ്ടാം കുലശേഖരന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട മനോഹരമായ സൃഷ്ടികളിൽ ഒന്ന്. കിഴക്കോട്ട് ദർശനം നൽകി ശ്രീ നാല്പത്തെണ്ണീശ്വരത്തപ്പൻ ഇവിടെ ശിവലിംഗ രൂപത്തിൽ കിരാതമൂർത്തിയായി ദർശനം നൽകുന്നു. കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തിയിലെ കരവിരുതുകൾ അതിന്റെ ഭംഗികൂട്ടുന്നു. ചെമ്പുമേഞ്ഞതാണ് ഇവിടുത്തെ ശ്രീകോവിൽ.
നമസ്കാരമണ്ഡപം
[തിരുത്തുക]നാല്പത്തെണ്ണീശ്വര മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാശൈലിക്ക് ഉദാത്തമായ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ചമ്പു മേഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ നന്ദികേശ്വര പ്രതിഷ്ഠ ഇതിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നാലമ്പലം
[തിരുത്തുക]കല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വളരെ വിസ്താരമേറിയതാണ്. നാലമ്പലഭിത്തികൾ കുമ്മായവും സിമന്റു കൊണ്ട് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ കിഴക്കുവശത്ത് നമസ്കാരമണ്ഡപവും വടക്കു കിഴക്കേ മൂലയിൽ കിണറും പണിതീർത്തിരിക്കുന്നു. ബലിക്കൽപ്പുരയോട് ചേർന്നതാണ് ഇവിടുത്തെ നാലമ്പലം. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്ന നാലമ്പലത്തിനുള്ളിലായി തെക്കു-കിഴക്കു മൂലയിൽ തിടപ്പള്ളിയും പണികഴിപ്പിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ പുറംഭിത്തിയിൽ വിളക്കുമാടം പണിതീർത്തിട്ടുണ്ട്. ശിവരാത്രിക്കും മറ്റു വിശേഷ ദിവസങ്ങളിലും വിളക്കുമാടത്തിലെ തിരികൾ തെളിയിക്കാറുണ്ട്.
ആനക്കൊട്ടിൽ
[തിരുത്തുക]കിഴക്കേനടയിൽ വലിപ്പമേറിയ ആനക്കൊട്ടിൽ ഗതകാലസ്മരണകൾ അയവിറക്കി നിലകൊള്ളുന്നു. വലിപ്പമേറിയ ഉരുളൻ തൂണുകളാൽ സമ്പന്നമാണ് നാല്പത്തെണ്ണീശ്വരത്തെ ആനക്കൊട്ടിൽ. കുംഭമാസത്തിലെ രോഹിണിനാളിൽ ദേശനാഥനെ കണ്ടു വണങ്ങാൻ എത്തുന്ന മറ്റു ദേവി-ദേവന്മാരുമായി കൂടിയെഴുന്നള്ളത്ത് നടക്കുന്നത് ഈ ആനക്കൊട്ടിലിലാണ്. അതുപോലെതന്നെ വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിനകത്തു വടക്കുവശത്തായി ഊട്ടുപുരയും ദേവസ്വം ഓഫീസും നിലകൊള്ളുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
പ്രതിഷ്ഠകൾ
[തിരുത്തുക]തിരുനാല്പത്തെണ്ണീശ്വരത്തപ്പൻ (ശിവൻ)
[തിരുത്തുക]തിരുനാല്പത്തെണ്ണീശ്വരത്തെ പ്രധാന പ്രതിഷ്ഠ. പാർവ്വതീസമേതനായ കിരാതമൂർത്തിയായാണ് പ്രതിഷ്ഠാസങ്കല്പം. സർവ്വാഭിഷ്ടദായകനായി കിരാതമൂർത്തിയായി സങ്കല്പത്തിലുള്ള ചുരുക്കം ചില മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരം. പൃഥയുടെ (കുന്തി) പുത്രനായ പാർത്ഥന് (അർജ്ജുനൻ) പാശുപതം കൊടുത്തനുഗ്രഹിച്ചതുപോലെ പൃഥ്വിയുടെ പുത്രന്മാരായ നമ്മളേയും കിരാത മൂർത്തി അനുഗ്രഹിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
ഉപദേവന്മാർ
[തിരുത്തുക]- ഗണപതി
- ദുർഗ്ഗാദേവി
- ചൊവ്വാഭഗവതി (ഭദ്രകാളി)
- വരാഹമൂർത്തി
- അയ്യപ്പൻ
- നാഗരാജാവ്
- നാഗയക്ഷി
- രക്ഷസ്സ്[6]
പൂജാവിധികളും, വിശേഷങ്ങളും
[തിരുത്തുക]പഞ്ചപൂജാവിധികളും മൂന്നുശീവേലികളും പടിത്തരമായുള്ള മഹാക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം. പുലർച്ചേ അഞ്ചുമണിയ്ക്ക് നടതുറക്കുന്ന നട ഉച്ചയ്ക്ക് 12-മണിയ്ക്ക് അടച്ചുകഴിഞ്ഞാൽ വൈകിട്ട് 5-മണിക്ക് ദീപാരാധനയ്ക്കുമുൻപായി വീണ്ടും നടതുറന്ന് രാത്രി 8-മണിയോടെ അത്താഴശീവേലിക്കു ശേഷം അടയ്ക്കുന്നു.
നിത്യ പൂജകൾ
[തിരുത്തുക]- ഉഷഃ പൂജ
- എതൃത്തപൂജ
- പന്തീരടി പൂജ
- ഉച്ച പൂജ
- അത്താഴ പൂജ
പ്രധാന വഴിപാട്
[തിരുത്തുക]നാല്പത്തെണ്ണീശ്വരന്റെ പ്രധാന ഇഷ്ട വഴിപാട് കഥകളി ആണ്. വഴിപാടായി കഥകളി നടത്താറുള്ള കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഒന്നാണിത്. മറ്റുള്ള ക്ഷേത്രങ്ങൾ തിരുവല്ലശ്രീവല്ലഭമഹാക്ഷേത്രം ,ഏവൂർ ശ്രീകൃഷ്ണക്ഷേത്രം ,മരുതോർവട്ടം ധന്വന്തരി ക്ഷേത്രം ഇവയാണ്.ക്ഷേത്രത്തിൽ കഥകളിനടത്തുന്നത് കിഴക്കേ ആനക്കൊട്ടിലിലാണ്. പ്രധാനമായും സന്താനഗോപാലം കുചേലവൃത്തം രുഗ്മിണീസ്വയംവരം സീതാസ്വയംവരം ദക്ഷയാഗം , കിരാതം തുടങ്ങിയ കഥകൾ ആണ് നടത്താറുള്ളത്. ഉത്സവ കാലങ്ങളിൽ ഈ കഥകൾ നിർബന്ധമായ പടിത്തരവുമാണ്.
തിരുവുത്സവം
[തിരുത്തുക]തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി - മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ട് ദിവസം കൊണ്ടാടുന്നു. ഒന്നാം ദിവസം (ഉത്രട്ടാതി നക്ഷത്രത്തിൽ) മഹാദേവക്ഷേത്ര നടയിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയു��� വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും. അഞ്ചാം ദിവസം മുതൽ കരക്കാരുടെ നേതൃത്വത്തിൽ പ്രത്യേക എഴുന്നള്ളിപ്പുകളും ഉണ്ടാവാറുണ്ട്.
പ്രസിദ്ധമായ രോഹിണിനാളിലെ കൂടിയെഴുന്നള്ളത്ത് ആറാം ഉത്സവ ദിവസം ആണ് നടത്തുന്നത്. ദേശനാഥനെ കണ്ടു വണങ്ങാൻ ഊരാളിപറമ്പത്ത് ശാസ്താവു തുടങ്ങി നിരവധി ദേവി-ദേവന്മാർ നാല്പത്തെണ്ണീശ്വര സന്നിധിയിൽ എത്തിച്ചേരും. തുടർന്നുള്ള കൂടിയെഴുന്നള്ളത്തും യാത്രാമൊഴിയും, ആതിഥേയാനായ നാല്പത്തെണ്ണീശ്വരൻ പാർവ്വതീ സമേതനായി അനുവാദം കൊടുക്കുന്നതും കണ്ടുതൊഴാൻ ഭക്തജനസഹസ്രം സാക്ഷിയാകും. അഞ്ചുകൈമൾമാർ അകമ്പടി സേവിച്ചുള്ള മകയിരം എഴുന്നള്ളത്തും പള്ളിവേട്ടയും ഏഴാം ദിവസമായ മകയിരം നാൾ രാത്രിയിലാണ്. ആനയുടെ കുടമണികൾ അഴിച്ചുവെച്ച്, ശബ്ദമുണ്ടാക്കാതിരിക്കുവാൻ ചങ്ങല മുറുക്കി കെട്ടിയാണ് നായാട്ടിനെഴുന്നള്ളുന്നത്. ക്ഷേത്ര തന്ത്രം പുലിയന്നൂർ മനയ്ക്ക് നിക്ഷിപ്തമാണ്. പണ്ട് താഴമൺ മഠത്തിന് അവകാശമുണ്ടായിരുന്നതായി പഴമ. ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. നാല്പത്തെണ്ണീശ്വരനു പ്രിയമായ കഥകളി വഴിപാട് നിർബന്ധം. കഥയിൽ ഭഗാവന്റെ സാന്നിധ്യത്തിനു പ്രാധാന്യം വരുംവണ്ണം കഥ കിരാതമോ ദക്ഷയാഗമോ ആവും പതിവ്.
ശിവരാത്രിയും പന്ത്രണ്ടുകളഭവും കഥകളി ഉത്സവവും
[തിരുത്തുക]കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പന്ത്രണ്ടു കളഭവും നടത്താറു പതിവുണ്ട്. ഈ പന്ത്രണ്ടു ദിനങ്ങളും ക്ഷേത്രം ഭക്തരാൽ നിബിഡമായിരിക്കും. അതുപോലെതന്നെ ശിവരാത്രി നാളിൽ രാത്രിശീവേലി കാളപ്പുറത്താണ് (ഋഷഭ വാഹനം) എഴുന്നള്ളിക്കുന്നത്.
തിരുവാതിര
[തിരുത്തുക]ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് രാത്രിശീവേലിക്കുശേഷം കിഴക്കേ ആനക്കൊട്ടിലിൽ തിരുവാതിര കളിക്കുന്നു.
വിനായക ചതുർത്ഥി
[തിരുത്തുക]ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളിലാണ് വിനായക ചതുർത്ഥി' ആഘോഷിക്കുന്നത്. അന്നേദിവസം രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നു. അതിനായി 1008 നാളികേരമാണ് ഉപയോഗിക്കുന്നത്. ഇതിനുശേഷം ഗജപൂജ നടത്തുന്നു. ലക്ഷണമൊത്ത ഒരു ഗജവീരനെയാണ് പൂജിക്കുന്നത്. അതിനുശേഷം ഉച്ചപൂജയ്ക്ക് ആനയൂട്ടും നടത്താറുണ്ട്.
ഗജപൂജ
[തിരുത്തുക]വെള്ളയും കരിമ്പടവും വിരിച്ച് ആനയെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ഇരുത്തി ഗണപതിയായി സങ്കല്പിച്ച് പ്രതീകാത്മകമായി പൂജ നടത്തുന്നു. അതിനായി ലക്ഷണയുക്തനായ കരിവീരനെയാണ് തിരഞ്ഞെടുക്കുന്നത്. പൂജകഴിച്ച് നിവേദ്യം ആനയ്ക്കു നൽകി ഗജപൂജ അവസാനിക്കുന്നു. തുടർന്നാണ് ആനയൂട്ട് നടത്തൂന്നത്.
ഇതുംകാണുക
[തിരുത്തുക]ക്ഷേത്രത്തിലെത്തിചേരാൻ
[തിരുത്തുക]ചേർത്തല പാണാവള്ളിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേർത്തലയിൽ നിന്നും തൈക്കാട്ടുശ്ശേരി വഴി അരൂരിനുള്ള യാത്രാ മദ്ധ്യേയാണ് പാണാവള്ളി. പാണാവള്ളിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറു മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
ക്ഷേത്ര ദർശന സമയം
[തിരുത്തുക]- നട തുറക്കുന്നത്: പുലർച്ചേ 5:00 മണിയ്ക്ക്
- ഉച്ചയ്ക്ക് അടയ്ക്കുന്നത്: 11:30 ന്
- വൈകിട്ട് തുറക്കുന്നത്: 5:00 മണിക്ക്
- രാത്രി നട അടയ്ക്കുന്നത്: 8:00 മണിയ്ക്ക്
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
- ↑ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്
- ↑ "പാണാവള്ളി ഗ്രാമപഞ്ചായത്ത്". Archived from the original on 2013-09-06. Retrieved 2011-05-30.
- ↑ "പാണാവള്ളി ഗ്രാമപഞ്ചായത്ത്". Archived from the original on 2013-09-06. Retrieved 2011-05-30.
- ↑ കേരളാക്ഷേത്രങ്ങൾ-നാല്പത്തെണ്ണീശ്വരം
- ↑ കേരളാക്ഷേത്രങ്ങൾ-നാല്പത്തെണ്ണീശ്വരം