തൃപ്രങ്ങോട്ട് ശിവക്ഷേത്രം
തൃപ്രങ്ങോട് മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°51′19″N 75°56′51″E / 10.85528°N 75.94750°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | മലപ്പുറം |
പ്രദേശം: | തിരൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | മഹാകാലൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ് |
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.[1] കാലസംഹാരമൂർത്തി സങ്കല്പത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടുത്തെ പ്രതിഷ്ഠ. കൂടാതെ വേറെയും നാല് ശിവപ്രതിഷ്ഠകൾ ഈ ക്ഷേത്രത്തിലുണ്ട്. ഉപദേവതകളായി പാർവ്വതി, ഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണൻ, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവവും കുംഭമാസത്തിലെ മഹാശിവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്.
ഐതിഹ്യം
[തിരുത്തുക]ക്ഷേത്രം
[തിരുത്തുക]പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണത്തിൽ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് ആധാരം. ആ കഥയിങ്ങനെ: ഇന്ന് ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഒന്നിനും കൊള്ളാത്ത, നൂറുവയസ്സുവരെ ജീവിയ്ക്കുന്ന മകനെയാണോ, എല്ലാം തികഞ്ഞ, പതിനാറുവയസ്സുവരെ ജീവിയ്ക്കുന്ന മകനെയാണോ വേണ്ടത് എന്ന് ചോദിച്ചു. ഈ ചോദ്യം ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരു��്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു:
ഹേ മാർക്കണ്ഡേയാ, കാലനുമായി ഏറ്റുമുട്ടാൻ സാക്ഷാൽ മഹാദേവനു മാത്രമേ സാധിയ്ക്കൂ. അതിനാൽ, നീ മഹാദേവനെ ശരണം പ്രാപിയ്ക്കുക. അതിനൊരു വഴിയുണ്ട്: പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.
തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല. ഇന്നും ആ വാതിൽ തിരുനാവായ ക്ഷേത്രത്തിൽ കാണാം. പ്രതീകാത്മകമായി നന്ദികേശന്റെ ഒരു വിഗ്രഹവും ഇവിടെ കാണാം.
നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. ഇത് കണ്ട് കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. ദേഷ്യത്താൽ കാലൻ ആ കയർ പുറത്തേക്ക് വലിച്ചു. ഇളക്കം തട്ടിയ മാത്രയിൽ ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, കോപാകുലനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രത്തിന്റെ ഉദ്ഭവകഥ.
ശംഖാഭിഷേകം
[തിരുത്തുക]തൃപ്രങ്ങോട് ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്. ക്ഷേത്രക്കുളത്തിൽ നിന്നെടുക്കുന്ന ജലം വലംപിരി ശംഖിൽ നിറച്ച് മന്ത്രപുരഃസരം അഭിഷേകം ചെയ്യുന്നതാണ് ഈ ചടങ്ങ്. ക്ഷേത്രത്തിലെ പന്തീരടിപൂജയോടനുബന്ധിച്ചാണ് ശംഖാഭിഷേകം നടത്തുന്നത്. ക്ഷേത്രം തന്ത്രിമാരായ കൽപ്പുഴ ഇല്ലക്കാരാണ് ഇത് നടത്തുന്നത്. ഈ വഴിപാട് തുടങ്ങിയതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
കാലസംഹാരത്തിനുശേഷം, മൃത്യുഞ്ജയഭഗവാൻ സ്വയം തണുപ്പിയ്ക്കുന്നതിന് വൃദ്ധവേഷത്തിൽ വന്ന് തെക്കുപടിഞ്ഞാറേമൂലയിലെ കുളത്തിൽ നിന്ന് വെള്ളമെടുത്ത് സ്വന്തം തലയിൽ ഒഴിച്ചുകൊണ്ടിരുന്നു. ഇത് കൽപ്പുഴ മനയ്ക്കലെ ഒരു ബാലൻ കാണാനിടയായി. താൻ സഹായിയ്ക്കണോ എന്ന് ചോദിച്ച ബാലനോട് അപ്പോൾ സഹായിച്ചോളൂ എന്നും എങ്ങാനും കണ്ടില്ലെങ്കിൽ ശ്രീകോവിലിൽ ചെയ്താൽ മതിയെന്നും ഭഗവാൻ അരുൾ ചെയ്തു. തുടർന്ന്, ഇതിന്റെ പൂജാവിധികൾ കൂടി നിർദ്ദേശിച്ചശേഷം ഭഗവാൻ അപ്രത്യക്ഷനായി. ഇതിനുശേഷമാണ് തൃപ്രങ്ങോട്ടപ്പന് ശംഖാഭിഷേകം തുടങ്ങിയത്. ക്ഷേത്രത്തിൽ രാവിലെ എട്ടുമണിയ്ക്കുള്ള പന്തീരടിപൂജ കഴിഞ്ഞാൽ തുടങ്ങുന്ന അഭിഷേകം ഉച്ചപ്പൂജ വരെ തുടരും. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത്, തെക്കേടത്ത് കൽപ്പുഴ മനക്കാർക്കാണ് ഇതിനുള്ള അധികാരം. സർവ്വാഭീഷ്ടസിദ്ധിയ്ക്ക് ശംഖാഭിഷേകം നടത്തിയാൽ മതിയെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. പുലമുടക്കുള്ളപ്പോൾ മാത്രമേ ഇത് നിർത്താറുള്ളൂ.
സ്ഥലനാമം
[തിരുത്തുക]ക്രോഡം എന്ന സംസ്കൃത പദത്തിൽ നിന്ന് കോട് എന്നുള്ള മലയളപദം ഉണ്ടായി. പരക്രോഡം ബഹുമാനസൂചകമായ തൃ എന്ന് കൂട്ടിച്ചേർത്തപ്പോൽ തൃപ്പരക്രോഡ് മായി. ഭാഷയിൽ അത് തൃപ്രങ്കോടും ഉച്ചാരണത്തിൽ തൃപ്രങ്ങോടും ആയിത്തീർന്നു.
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]മതിലകം
[തിരുത്തുക]ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. പടിഞ്ഞാറും കിഴക്കും രണ്ട് ഇരുനില ഗോപുരങ്ങളുണ്ട്. പടിഞ്ഞാറുഭാഗത്ത് വെള്ളോട്ട് പാടശേഖരങ്ങളാണ്. ക്ഷേത്രപ്പറമ്പിനെ ചുറ്റി വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നിലയിൽ ആനക്കൊട്ടിൽ പണിതിരിക്കുന്നു. കിഴക്കേ നടയിലെ ഗോപുരത്തിന് നേരെമുന്നിൽ വലിയ ഒരു ആൽമരമുണ്ട്. ഇതിന്റെ സ്ഥാനത്ത് മുമ്പ് ഒരു ആൽമരമുണ്ടായിരുന്നു. അത് മാർക്കണ്ഡേയന്റെ ഐതിഹ്യമാഹാത്മ്യത്തെ അനുസ്മരിപ്പിയ്ക്കും വിധത്തിൽ ഒരുവശം പിളർന്ന നിലയിലായിരുന്നു. 1970-കളിലൊരിയ്ക്കൽ അത് വെട്ടിമാറ്റി. ക്ഷേത്രമതിലകത്തും ധാരാളം ആൽമരങ്ങളുണ്ട്. ത്രിമൂർത്തീസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായി അരയാലിനെ കണ്ടുവരുന്നു. അതിൻപ്രകാരം, അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും താഴെ ശിവനും സ്ഥിതി ചെയ്യുന്നു. കൂടാതെ, ശൈവസാന്നിദ്ധ്യമായി ഇലഞ്ഞിയും ക്ഷേത്രത്തിൽ വളരുന്നു.
ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ നടയിൽ ഒരു പഞ്ചലോഹക്കൊടിമരമുണ്ട്. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റിക്കൊണ്ട് അത് ഉയർന്നുനിൽക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽ���്പുരയാണ്. വലിയ ബലിക്കല്ലിനും സാമാന്യം വലിപ്പമുണ്ട്. ഏകദേശം ഒരാൾപൊക്കം വരും. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിൽ ഏതാനും സ്വയംഭൂശിലകളുണ്ട്. ഇവയുടെ നേരെ മുന്നിൽ ഒരു ചെറിയ തീർത്ഥക്കുളം കാണാം. അഭിഷേകത്തിനും നിവേദ്യത്തിനും ഇതിലെ വെള്ളമാണ് എടുക്കുന്നത്. അതിനാൽ, ക്ഷേത്രത്തിൽ കിണർ കുഴിച്ചിട്ടില്ല. ഇതിനപ്പുറത്ത് താരതമ്യേന വലിയ കുളങ്ങളുണ്ട്. അവ, 'ശാന്തിക്കുളം' എന്നും 'വെള്ളോട്ട് കുളം' എന്നുമറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കാരണത്തിൽ ശിവക്ഷേത്രം ഈ കുളങ്ങളിലേയ്ക്ക് ദർശനമായാണിരിയ്ക്കുന്നത്. ചതുരാകൃതിയിൽ രണ്ടുനിലകളോടുകൂടിയ ഒരു ചെറിയ ശ്രീകോവിലാണ് കാരണത്തിൽ ക്ഷേത്രത്തിനുള്ളത്. ഇവിടെയാകണം പരശുരാമൻ പ്രതിഷ്ഠ നടത്തിയിട്ടുണ്ടാകുക. അത്യുഗ്രമൂർത്തിയാണ് കാരണത്തിലപ്പൻ എന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. അതിനാൽ, ഉഗ്രത കുറയ്ക്കുക എന്ന സങ്കല്പത്തിലാകണം കുളം കുഴിച്ചിട്ടുണ്ടാകുക. ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് ഒരു ഭീമൻ കുളമുണ്ട്. ഇത് പിൽക്കാലത്ത് കുഴിച്ചതാണ്. അസാമാന്യ വലുപ്പമുള്ള ഈ കുളം പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
ക്ഷേത്രത്തിലെ പ്രദക്ഷിണവഴി മുഴുവൻ കരിങ്കല്ല് പാകിയതാണ്. ഇതിനകത്ത് നാലമ്പലത്തിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ ചതുരശ്രീകോവിലുണ്ട്. മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം വരുന്ന അപൂർവ്വ മഹാവിഷ്ണുക്ഷേത്രമാണിത്. നാവാമുകുന്ദനായാണ് സങ്കല്പം. ഇതിന് വടക്കുകിഴക്കും കാരണത്തമ്പലത്തിന്റെ തെക്കുപടിഞ്ഞാറുമായി അതാത് ക്രമത്തിൽ മൂന്ന് ശ്രീകോവിലുകൾ കാണാം. രണ്ട് ചതുരശ്രീകോവിലുകളും ഒരു വട്ടശ്രീകോവിലുമാണിവിടെ. മൂന്നിലും ശിവൻ തന്നെയാണ് പ്രതിഷ്ഠ. ഇവ മാർക്കണ്ഡേയനെ രക്ഷിച്ചശേഷം ഭഗവാൻ വച്ച ഓരോ ചുവടായി കണക്കാക്കിവരുന്നു. ഇവയ്ക്ക് നേരെപ്പുറകിൽ രണ്ട് ചെറിയ ശ്രീകോവിലുകളിൽ വേട്ടയ്ക്കൊരുമകനും ഭദ്രകാളിയും സാന്നിദ്ധ്യമരുളുന്നു. ഇവർക്ക് ആൾരൂപത്തിൽ വിഗ്രഹങ്ങളില്ല.
തെക്കുകിഴക്കുഭാഗത്ത് ഒരു ആൽത്തറയിൽ മാർക്കണ്ഡേയസ്മരണയിൽ ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഇതിനപ്പുറത്ത് ദേവസ്വം ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളാണ്. തെക്കുഭാഗത്തെ പ്രദക്ഷിണവഴിയ്ക്കകത്ത് അയ്യപ്പസ്വാമി കുടികൊള്ളുന്നു. മഹാവിഷ്ണുപ്രതിഷ്ഠയുടെ നേരെ എതിർഭാഗത്താണ് അയ്യപ്പപ്രതിഷ്ഠ. ചെറിയൊരു ചതുരശ്രീകോവിൽ തന്നെയാണ് ഇവിടെയുമുള്ളത്. പടിഞ്ഞാറോട്ടാണ് അയ്യപ്പന്റെയും ദർശനം. ഇതിനടുത്ത് ഒരു കരിങ്കൽരൂപമുണ്ട്. പ്രധാനമൂർത്തിയായ മൃത്യുഞ്ജയന്റെ മനുഷ്യരൂപത്തിലുള്ള ആവിഷ്കരണമാണിത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനിടയിൽ ഇതിന് ചില കേടുപാടുകൾ പറ്റി. അതേ രൂപത്തിലാണ് ഇന്നും ഇത് നിലകൊള്ളുന്നത്. തെക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണഭഗവാൻ കുടികൊള്ളുന്നു. ഗോശാലകൃഷ്ണനാണ് ഇവിടെ ഭഗവാൻ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗോശാലയുടെ ആകൃതിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിയ്ക്കുന്നത്. കിഴക്കോട്ട് ദർശനം. ഇതിന് തൊട്ട് വടക്കുവശത്ത് രക്ഷസ്സുകളുടെ പ്രതിഷ്ഠയുണ്ട്. പണ്ടെന്നോ കൊല്ലപ്പെട്ട ചില ഭക്തരുടെ ആത്മാക്കളാണ് രക്ഷസ്സുകൾ. ഇവയ്ക്കപ്പുറത്ത് മറ്റൊരു കുളമുണ്ട്. കാലവധത്തിനുശേഷം ഭഗവാൻ ശൂലം കഴുകിയത് ആ കുളത്തിലാണെന്ന് വിശ്വസിച്ചുവരുന്നു. ഇതിന്റെ തെളിവായി ഏറെക്കാലം രക്തവർണ്ണാങ്കിതമായിക്കിടന്ന ഈ കുളം 2007-ലാണ് വൃത്തിയാക്കിയത്. ആരും ഈ കുളത്തിൽ കുളിയ്ക്കാറില്ല.
ശ്രീകോവിൽ
[തിരുത്തുക]കേരളത്തിൽ അത്യപൂർവ്വമായ ഗജപൃഷ്ഠാകൃതിയിൽ രണ്ടുനിലകളോടെ പണിതീർത്തതാണ് ഇവിടത്തെ ശ്രീകോവിൽ. സാമാന്യം വലിപ്പമുള്ള ശ്രീകോവിലാണിത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ഏറ്റവും മുകളിൽ മൂന്ന് സ്വർണ്ണത്താഴികക്കുടങ്ങൾ ശോഭയോടെ നിൽക്കുന്നു. ശ്രീകോവിലിനകത്തേയ്ക്ക് കടക്കാൻ മൂന്ന് കരിങ്കൽപ്പടികളും കാണാം. ഇവ ഇന്ന് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ശ്രീകോവിലിലെ വാതിലും ഇതേപോലെ സ്വർണ്ണം പൂശിയിരിയ്ക്കുകയാണ്. ഇതിനിരുവശവും ദ്വാരപാലകരുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. കിഴക്കേ അറ്റത്താണ് ശിവലിംഗം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നരയടിയോളം പൊക്കം വരുന്ന സ്വയംഭൂവായ ശിവലിംഗം പടിഞ്ഞാറോട്ട് അഭിമുഖമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. സ്വയംഭൂലിംഗമായതിനാൽ യാതൊരുവിധ മിനുക്കുപണികളും നടത്തിയിട്ടില്ല. ഒപ്പം, വിഗ്രഹപീഠം മുകളിലൂടെ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ശിവന് പ്രിയപ്പെട്ടതായി പറയപ്പെടുന്ന കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിട്ടുണ്ടാകും. വിശ്വപ്രകൃതിയുടെ തേജസ്സിനെ പൂർണ്ണമായി ആവാഹിച്ചുകൊണ്ട് കാലാന്തകനായ ഭഗവാൻ മഹാശിവലിംഗമായി തൃപ്രങ്ങോട്ട് വാഴുന്നു.
ശ്രീകോവിലിന് ചുറ്റും നിരവധി ദാരുശില്പങ്ങളുണ്ട്. മിക്ക പുരാണകഥകളും ദേവതാരൂപങ്ങളും അവയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കുഭാഗത്തേയ്ക്ക് ചെറിയൊരു എടുപ്പും അതിനകത്ത് ചെറിയൊരു മുറിയും ഈ ശ്രീകോവിലിലുണ്ട്. പാർവ്വതീദേവിയാണ് ഇവിടെ പ്രതിഷ്ഠ. ഭഗവാന്റെ വാമാംഗത്തിലിരിയ്ക്കുന്ന ഭഗവതിയായാണ് ഇവിടെ സങ്കല്പം. ഇത് പിൽക്കാലത്ത് വന്ന പ്രതിഷ്ഠയാകാനാണ് കൂടുതൽ സാദ്ധ്യത. എങ്കിലും മംഗല്യസൗഭാഗ്യത്തിന് പാർവ്വതീദേവിയെ ഇവിടെ വന്ന് തൊഴുന്നത് പരമപവിത്രമായി കണ്ടുവരുന്നു. വടക്കുവശത്ത് ഗംഗാസങ്കല്പത്തിൽ ഓവ് അതിമനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം പാടില്ല.
നാലമ്പലം
[തിരുത്തുക]സാമാന്യം വിസ്തീർണ്ണമുള്ള നാലമ്പലമാണിവിടെയുള്ളത്. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. ഇതിന്റെ പുറം ചുവരുകൾ വിളക്കുമാടമായി ഉപയോഗിച്ചുവരുന്നു. പടിഞ്ഞാറേ നടയിലൂടെ നാലമ്പലത്തിനകത്ത് കടക്കുമ്പോൾ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. ഭക്തർ നാമജപത്തിനും വിശ്രമത്തിനുമുപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയാണ്. ഇവിടെ ക്ഷേത്രത്തിൽ കിണറില്ല. അതിനാൽ, പുറത്തെ കുളത്തിൽ നിന്നാണ് അഭിഷേകത്തിനും നിവേദ്യത്തിനും വെള്ളമെടുക്കുന്നത്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതി സാന്നിദ്ധ്യമരുളുന്നു. സാധാരണക്ഷേത്രങ്ങളിലേതുപോലെത്തന്നെയാണ് ഇവിടെയും വിഗ്രഹം. ഗണപതിയ്ക്ക് സമീപത്ത് ദക്ഷിണാമൂർത്തിയുമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം, ശിവന്റെ സന്യാസരൂപമായി കണക്കാക്കപ്പെടുന്ന രൂപമാണ് ദക്ഷിണാമൂർത്തി. സാധാരണയായി തെക്കോട്ട് ദർശനം നൽകുന്ന ദക്ഷിണാമൂർത്തി, ഇവിടെ കിഴക്കോട്ടാണ് ദർശനം നൽകുന്നത് എന്നൊരു പ്രത്യേകതയും ക്ഷേത്രത്തിലുണ്ട്. വിദ്യാലാഭത്തിനും ബുദ്ധിശക്തിയ്ക്കും ദക്ഷിണാമൂർത്തിയെ വന്ദിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.
പതിവുപോലെ നാലമ്പലത്തിൽ ഒത്തമദ്ധ്യത്തിലാണ് ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. ഇതിനുചുറ്റും ദേവന്റെ ഭൂതഗണങ്ങളെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകളുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), ഗണപതി, വീരഭദ്രൻ, സുബ്രഹ്മണ്യൻ, ശാസ്താവ്, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) തുടങ്ങിയ മൂർത്തികളാണ് ഇവിടെ ബലിക്കല്ലുകളായി കുടികൊള്ളുന്നത്. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലി തൂകുന്നു.
നമസ്കാരമണ്ഡപം
[തിരുത്തുക]പ്രധാന ശ്രീകോവിലിന്റെ നേരെ മുന്നിൽ അതിവിശാലമായ നമസ്കാരമണ്ഡപം സ്ഥിതിചെയ്യുന്നു. പതിനാറ് കാലുകളാണ് ഇവിടെ മണ്ഡപത്തിന്. ഇതിലിരുന്നാണ് ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും വേദമന്ത്രങ്ങളും ജപിയ്ക്കുന്നത്. മണ്ഡപത്തിന്റെ മേൽക്കൂരയും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇവിടെയും സ്വർണ്ണത്താഴികക്കുടം കാണാം. മണ്ഡപത്തിന്റെ മച്ചിൽ അഷ്ടദിക്പാലകരും ബ്രഹ്മാവും സാന്നിദ്ധ്യമരുളുന്നു. ഇതിനടുത്തുള്ള തൂണുകളിൽ രാമായണം, ഭാഗവതം തുടങ്ങി മിക്ക പുരാണങ്ങളിൽ നിന്നുമുള്ള കഥകൾ ദാരുശില്പങ്ങളായി ആവിഷ്കരിച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കേ അറ്റത്ത് ഭഗവദ്വാഹനമായ നന്തിയുടെ ഒരു ശിലാവിഗ്രഹവുമുണ്ട്. നമ്മൾ നന്തിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ നന്തി അത് ഭഗവാന്റെയടുക്കൽച്ചെന്ന് പറയുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹം പറയാറുണ്ട്.
പ്രതിഷ്ഠകൾ
[തിരുത്തുക]തൃപ്രങ്ങോട്ടപ്പൻ (ശിവൻ)
[തിരുത്തുക]തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അത്യുഗ്രമൂർത്തിയായ കാലാന്തകനാണ് ഇവിടെ പ്രതിഷ്ഠാസങ്കല്പം. കാലവധവുമായി ബന്ധപ്പെട്ട ഐതിഹ്യകഥയുള്ള ഈ പുണ്യക്ഷേത്രത്തിൽ മൂന്നരയടി പൊക്കം വരുന്ന സ്വയംഭൂലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഭഗവാൻ കുടിയിരിയ്ക്കുന്നത്. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായി വിളങ്ങുന്ന ഭഗവാൻ ഭക്തരെ മരണഭയത്തിൽ നിന്നും രോഗാവശതകളിൽ നിന്നും രക്ഷിച്ചുകൊണ്ട് കാലകാലനായി, മൃത്യുഞ്ജയനായി ക്ഷേത്രത്തിൽ വാഴുന്നു. ശംഖാഭിഷേകമാണ് തൃപ്രങ്ങോട്ടപ്പന് പ്രധാന വഴിപാട്. ക്ഷേത്രക്കുളത്തിൽ നിന്നെടുക്കുന്ന തീർത്ഥജലം ശംഖിൽ നിറച്ച് അത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. തന്ത്രിയാണ് ഇത് നടത്തുന്നത്. പുലമുടക്കുള്ളപ്പോഴൊഴികെ മറ്റെല്ലാ ദിവസവും ഇതുണ്ട്. പിൻവിളക്ക്, കൂവളമാല, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ.
കാരണത്തിൽ ശിവനും ശിവതൃപ്പാദങ്ങളും
[തിരുത്തുക]നാലമ്പലത്തിന് പുറത്ത് ക്ഷേത്രമതിലകത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കാരണത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂന്നരയടി ഉയരം വരുന്ന ശിവലിംഗമാണിവിടെയും പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. പരശുരാമപ്രതിഷ്ഠിതമായ ശിവലിംഗമാണിതെന്ന് പറയപ്പെടുന്നു. കാരണത്തിലപ്പന്റെ ശിവലിംഗത്തിലാണത്രേ മാർക്കണ്ഡേയൻ കയറിപ്പിടിച്ചത്. അത്യുഗ്രമൂർത്തിയായ കാരണത്തിലപ്പന്റെ ഉഗ്രതയ്ക്ക് ശമനമുണ്ടാക്കാൻ നേരെ നടയ്ക്കുമുമ്പിൽ കുളം കുഴിച്ചിരിയ്ക്കുന്നു. ഇവിടെ ധാര നടക്കുന്നത് കാരണത്തിലപ്പന്റെ നടയിലാണ്. കാലവധം കഴിഞ്ഞ് ഭഗവാൻ മൂന്ന് ചുവടുകൾ വച്ച സ്ഥാനങ്ങളിൽ പിൽക്കാലത്ത് ശിവലിംഗപ്രതിഷ്ഠകൾ നടത്തി. ഇവരും പടിഞ്ഞാറോട്ടാണ് ദർശനം.
ഉപദേവതകൾ
[തിരുത്തുക]പാർവ്വതി
[തിരുത്തുക]ശിവന്റെ ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്താണ് പാർവ്വതീദേവിയുടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനമായിരിയ്ക്കുന്ന ഭഗവാന്റെ വാമാംഗത്തിൽ (ഇടതുഭാഗത്ത്) വരുന്ന വിധത്തിലാണ് ഇവിടെ ദേവീസാന്നിദ്ധ്യം. രണ്ടുകൈകളോടുകൂടിയ ശിലാവിഗ്രഹമാണ് ഇവിടെ. ഏകദേശം മൂന്നടി ഉയരം വരും ഈ വിഗ്രഹത്തിന്. വരദാഭയമുദ്രകളാണ് രണ്ടുകൈകളിലുമുള്ളത്. പാർവ്വതിയും പടിഞ്ഞാറോട്ട് ദർശനമായാണിരിയ്ക്കുന്നത്. ദേവി ശിവസാന്നിദ്ധ്യത്തിലിരിയ്ക്കുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ്. ദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതാണ് പ്രധാനവഴിപാട്.
ഗണപതി
[തിരുത്തുക]ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിലാണ് സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാൻ കുടികൊള്ളുന്നത്. ഏകദേശം രണ്ടടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവുമുണ്ട്. മുന്നിലെ വലതുകൈ വരദമുദ്രാങ്കിതമാണ്. വിഘ്നേശ്വരനായ ഭഗവാന്റെ പ്രീതിയ്ക്കായി ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ഒറ്റയപ്പം, കറുകമാല, മോദകം തുടങ്ങിയവയാണ് ഗണപതിനടയിലെ പ്രധാന വഴിപാടുകൾ.
ദക്ഷിണാമൂർത്തി
[തിരുത്തുക]ഗണപതിപ്രതിഷ്ഠയ്ക്ക് തൊട്ടടുത്തുതന്നെയാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. സാധാരണയായി തെക്കോട്ട് ദർശനം നൽകുന്ന ദക്ഷിണാമൂർത്തി, ഇവിടെ കിഴക്കോട്ട് ദർശനം നൽകുന്നത് ഒരു പ്രത്യേകതയാണ്. ദക്ഷിണാമൂർത്തി ശിവസ്വരൂപമായതിനാൽ ശിവപ്രീതികരമായ എല്ലാ വഴിപാടുകളും പ്രധാനമാണ്.
മഹാവിഷ്ണു
[തിരുത്തുക]ത്രിമൂർത്തികളിൽ സ്ഥിതികാരകനായ മഹാവിഷ്ണു നാലമ്പലത്തിന് പുറത്തും വടക്കേ നടയിലെ പ്രദക്ഷിണവഴിയ്ക്കകത്തുമായി പ്രത്യേകം തീർത്ത ചതുരശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. നാവാമുകുന്ദനായാണ് പ്രതിഷ്ഠാസങ്കല്പം. ശംഖചക്രഗദാപദ്മധാരിയായി നിൽക്കുന്ന രൂപത്തിലുള്ള ഭഗവാനാണ് ഇവിടെയും. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. പാൽപ്പായസം, അപ്പം, അട, പുരുഷസൂക്തപുഷ്പാഞ്ജലി, വിഷ്ണുസഹസ്രനാമാർച്ചന, ചന്ദനം ചാർത്ത് തുടങ്ങിയവയാണ് ഈ നടയിലെ പ്രധാന വഴിപാടുകൾ.
വേട്ടയ്ക്കൊരുമകൻ
[തിരുത്തുക]അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം കൊടുക്കാനായി കിരാതവേഷം ധരിച്ച് വനവിഹാരം നടത്തിയ പാർവ്വതീപരമേശ്വരന്മാരുടെ പുത്രനായി വേട്ടയ്ക്കൊരുമകനെ കണ്ടുവരുന്നു. ഉഗ്രമൂർത്തിയായ വേട്ടയ്ക്കൊരുമകൻ യുദ്ധവിജയത്തിനും ശത്രുനാശനത്തിനും കേരളത്തിലെ ക്ഷത്രിയർ പൂജിച്ചുവന്ന മൂർത്തിയാണ്. തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ കാരണയിൽ ക്ഷേത്രത്തിനും ശിവപാദസ്ഥാനങ്ങൾക്കും പുറകിൽ ചെറിയൊരു ചതുരശ്രീകോവിലിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. പടിഞ്ഞാറോട്ട് ദർശനം. അരയടി ഉയരം വരുന്ന ശിവലിംഗസമാനമായ വിഗ്രഹത്തിലാണ് വേട്ടയ്ക്കൊരുമകന്റെ സാന്നിദ്ധ്യമുള്ളത്. നാളികേരമുടയ്ക്കലാണ് ഇവിടെ പ്രധാന വഴിപാട്.
ഭദ്രകാളി
[തിരുത്തുക]വേട്ടയ്ക്കൊരുമകന്റെ ശ്രീകോവിലിന് തൊട്ടുതെക്കുവശത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് ഉഗ്രദേവതയായ ശ്രീഭദ്രകാളിയുടെ സാന്നിദ്ധ്യം. ശിലാനിർമ്മിതമായ കണ്ണാടി ബിംബമാണ് ഇവിടെ പ്രതിഷ്ഠ. ഗുരുതി, രക്തപുഷ്പാഞ്ജലി, ഇരട്ടിപ്പായസം തുടങ്ങിയവയാണ് ഭദ്രകാളിയ്ക്ക് പ്രധാന വഴിപാടുകൾ.
അയ്യപ്പൻ
[തിരുത്തുക]നാലമ്പലത്തിന് പുറത്തും തെക്കേ നടയിലെ പ്രദക്ഷിണവഴിയ്ക്കകത്തുമായാണ് ഹരിഹരപുത്രനായ ശ്രീ അയ്യപ്പന്റെ സ്ഥാനം. ചതുരാകൃതിയിൽ തീർത്ത പ്രത്യേകശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായാണ് അയ്യപ്പസ്വാമി കുടികൊള്ളുന്നത്. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും ഭഗവാന്റെ വിഗ്രഹം. എന്നാൽ, ഇവിടെ ശിലാവിഗ്രഹമാണ് (ശബരിമലയിലും ആദ്യം ശിലാവിഗ്രഹമായിരുന്നു. അത് തകർത്തശേഷമാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചത്). ഒന്നരയടി ഉയരം വരും. പട്ടബന്ധം പൂണ്ട് യോഗസമാധിയിലിരിയ്ക്കുന്ന ഭഗവാന് നീരാജനം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.
ശ്രീകൃഷ്ണൻ
[തിരുത്തുക]ക്ഷേത്രവളപ്പിന്റെ തെക്കുപടിഞ്ഞാറേ അറ്റത്താണ് മഹാവിഷ്ണുവിന്റെ പരിപൂർണ്ണാവതാരമായ ശ്രീകൃഷ്ണഭഗവാൻ കുടികൊള്ളുന്ന ശ്രീകോവിൽ. വലതുകയ്യിൽ കാലിക്കോലും ഇടതുകയ്യിൽ ഓടക്കുഴലും ചൂടിയ ഗോശാലകൃഷ്ണനാണ് ഇവിടെയുള്ളത്. അതിനാൽ, ശ്രീകോവിൽ ഒരു ഗോശാലയുടെ ആകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്നു. രണ്ടടി ഉയരം വരുന്ന മനോഹരമായ വിഗ്രഹമാണിവിടെ. കിഴക്കോട്ട് ദർശനം. പാൽപ്പായസം, തൃക്കൈവെണ്ണ, കദളിപ്പഴം തുടങ്ങിയവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.
.
നിത്യപൂജകളും വഴിപാടുകളും
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകം നടക്കുന്നു. അഭിഷേകത്തിനുശേഷം മലർ നിവേദ്യമാണ്. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആറേകാലിന് എതൃത്തപൂജയും ഗണപതിഹോമവും തുടർന്ന് ശീവേലിയുമാണ്. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നത് ശീവേലിയുടെ സങ്കല്പം. ശീവേലി കഴിഞ്ഞാൽ നവകാഭിഷേകവും തുടർന്ന് ശംഖാഭിഷേകവും ധാരയും നടക്കുന്നു. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശ്ശീവേലിയും തുടർന്ന് തൃപ്പുകയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
ക്ഷേത്രത്തിലെ തന്ത്രാധികാരം മാർക്കണ്ഡേയന്റെ പിന്മുറക്കാരെന്ന് പറയപ്പെടുന്ന കൽപ്പുഴ മനയിലെ വടക്കേടത്ത്, തെക്കേടത്ത് ശാഖകൾക്കാണ്. ഇവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ശംഖാഭിഷേകം നടത്തുന്നത്. ഇന്നും ദിവസവും തന്ത്രിമാരുടെ നേതൃത്വത്തിൽ പന്തീരടിപൂജയ്ക്ക് ശംഖാഭിഷേകം നടത്തുന്നു. ഇതിന്റെ പൂജാവിധികളും മന്ത്രങ്ങളും തന്ത്രികുടുംബക്കാർക്കുമാത്രമേ അറിയൂ. പുലമുടക്കുള്ളപ്പോൾ മാത്രം ശംഖാഭിഷേകം നിർത്തിവയ്ക്കുന്നു. കാരണത്തിലപ്പന് ധാരയും വളരെ പ്രധാനമാണ്.
ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് മഹാമൃത്യുഞ്ജയഹോമമാണ്. കാലാന്തകനായ ഭഗവാൻ കുടികൊള്ളുന്ന ഈ ശ്രീലകത്തെ മഹാമൃത്യുഞ്ജയഹോമത്തിന്, അതിനാൽത്തന്നെ കൂടുതൽ പ്രാധാന്യം കല്പിച്ചുവരുന്നു. 'ഓം ത്രയംബകം യജാമഹേ' എന്നുതുടങ്ങുന്ന മൃത്യുഞ്ജയമന്ത്രം ജപിച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. ദീർഘായുസ്സും ആരോഗ്യവുമാണ് ഇതിന്റെ ഫലം.
പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതും പായസം നേദിയ്ക്കുന്നതും പ്രധാനമാണ്. ഗണപതിയ്ക്ക് ഒറ്റയപ്പം, മോദകം, കറുകമാല, ഗണേശസഹസ്രനാമാർച്ചന, അപ്പം മൂടൽ, മഹാഗണപതിഹോമം എന്നിവ പ്രധാനം.
ക്ഷേത്ര ഭരണം
[തിരുത്തുക]വെട്ടത്ത് രാജകുടുംബത്തിന്റെ അന്ത്യം വരെ ഭരണ കർത്താവ് വെട്ടത്ത് രാജാവായിരുന്നു. തുടർന്ന് ക്ഷേത്രഭരണം നമ്പൂതിരിമാരിൽ എറ്റെടുത്തു. അവർക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം ക്ഷേത്രഭരണം കോഴിക്കോട് സാമൂതിരിപ്പാടിന്റെ ഉടമസ്ഥതയിലായി. ഇന്ന് മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ സാമൂതിരി രാജാ ട്രസ്റ്റിയായി ഭരണം നടത്തുന്നു.
വിശേഷങ്ങളും ഉത്സവങ്ങളും
[തിരുത്തുക]കൊടിയേറ്റുത്സവം
[തിരുത്തുക]ധനുമാസത്തിൽ തിരുവാതിര ആറാട്ടായി എട്ടുദിവസമാണ് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ധ്വജാദിമുറയിൽ നടക്കുന്ന ഈ ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ചടങ്ങുകളുമെല്ലാം ക്ഷേത്രത്തിലുണ്ടാകും. ആദ്യകാലത്ത് ശിവരാത്രിയോടനുബന്ധിച്ച് നടത്തിയിരുന്ന ഉത്സവം, 2009-ലെ ദേവപ്രശ്നത്തിനുശേഷമാണ് തിരുവാതിരയോടനുബന്ധിച്ചാക്കിയത്. ധ്വജാദിമുറയനുസരിച്ച് നടക്കുന്ന, അതായത് കൊടിയേറ്റത്തോടെ തുടങ്ങുന്ന ഉത്സവമാണിത്.
മഹാശിവരാത്രി
[തിരുത്തുക]വഴിപാടുകൾ
[തിരുത്തുക]ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.
പ്രധാന ദിവസങ്ങൾ
[തിരുത്തുക]ശിവ പ്രധാനമായ ഞായർ, തിങ്കൾ, പ്രദോഷ ശനിയാഴ്ച, ജന്മ നക്ഷത്ര ദിവസം, മലയാളം-ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി എന്നിവ ദർശനത്തിന് പ്രധാനം. ഉത്സവ ദിവസങ്ങൾ കൂടാതെ മഹാശിവരാത്രി, നവരാത്രി എന്നിവ അതിവിശേഷം.
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“