Jump to content

വിദുരർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vidura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:Vidura and Dhritarashtra.jpg
ധൃതരാഷ്ട്രരും വിദുരരും

മഹാഭാരത്തിലെ ഒരു കഥാപാത്രമാണ്‌ വിദുരർ.( ദേവനാഗരി : विदुर)

ജനനം

വ്യാസ മഹർഷിയ്ക്ക് ദാസിയിൽ പിറന്ന പുത്രനാണിദ്ദേഹം. അദ്ദേഹത്തിനു അംബാലികയിലും അംബികയിലും പിറന്ന കുട്ടികൾ വൈകല്യമുള്ളവർ ആയതുകൊണ്ട് സത്യവതി ഒരിക്കൽകൂടി വ്യാസനെ സ്മരിച്ചു. അംബികയിൽ ഒരു പുത്രനെകൂടി ജനിപ്പിക്കണം എന്നായിരുന്നു സത്യവതി നിർദ്ദേശിച്ചത്. വ്യാസൻ അംബികയുടെ മുറിയിൽ പ്രവേശിച്ചു. വ്യാസന്റെ വേഷത്തിലും ഗന്ധത്തിലും രൂപത്തിലും മനസ്സുമടുത്ത അംബിക മുനിയെ സമീപിച്ചില്ല പകരം തന്റെ ദാസിയെ വ്യാസന്റെ അടുത്തേക്ക് അയച്ചു. ദാസി, വ്യാസനെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. വ്യാസൻ പറഞ്ഞു 'നീ ഇനി ദാസിയല്ല. നിനക്ക് ശ്രേഷ്ഠനായ പുത്രൻ ജനിക്കും, അവൻ മഹാബുദ്ധിമാനും വലിയ ധർമ്മാത്മാവും ആയിരിക്കും. അവന്റെ കീർത്തി ലോകമെമ്പാടും പരക്കും.' ദാസീ പ്രാപ്യത്തിൽ പിറന്ന വിദുരരെ പിന്നീട് രാജ്യകാര്യങ്ങളിൽ സഹായിക്കാൻ നിയോഗിക്കുകയുണ്ടായി. വിദുരരുടെ കൂർമ്മ ബുദ്ധി മഹാഭാരത ചരിത്രത്തിൽ മിക്കയിടത്തും കാണാം. പിന്നീട് പാണ്ഡവരോടുള്ള സ്നേഹവായ്പ്പും ഭാരത കഥയിലെ ശ്രദ്ധയേറിയ ഒരു ഘടകമാണ്. മാണ്ഡവ്യൻ എന്ന മുനിയുടെ ശാപം നിമിത്തം യമദേവന് ഒരു ശൂദ്രസ്ത്രിയിൽ മനുഷ്യനായി പിറക്കേട്ടിവന്നു. അപ്രകാരമുള്ള യമദേവന്റെ മനുഷ്യ അവതാരം ആണ് വിദുരർ

വിദുരനീതി

പാണ്ഡവരുടെ വനവാസത്തിനു ശേഷം അവർക്ക് അർഹപ്പെട്ട രാജ്യം നല്കുവാൻ ദുരിയോധനൻ തയ്യാറായില്ല. യുദ്ധത്തിന്റെ സാഹചര്യം ഉണ്ടായ അവസ്ഥയിൽ ധൃതരാഷ്ഠർ സഞ്ജയനെ പാണ്ഡവരുടെ തിരുമാനം അറിയാനായി ദൂതയച്ചു. മടങ്ങിയെത്തുന്ന സഞ്ജയൻ എന്തായിരിക്കും പറയുക എന്നോർത്ത് ധൃതരാഷ്ഠർ അസ്വസ്ഥനായി. അദ്ദേഹത്തിന്റെ മനസ്സമാധാനം നിശ്ശേഷം നശിച്ചു. അദ്ദേഹം വിദുരരെ വിളിച്ചു വരുത്തി. തനിക്ക് മനസ്സമാധാനം വേണം എന്ന് ധൃതരാഷ്ഠർ ആവശ്യപ്പെട്ടു. ഇപ്രകാരം ധൃതരാഷ്ഠർക്ക് മനസ്സമാധാനം കൈവരിക്കുന്നതിനായി വിദുരർ നടത്തിയ ഉപദേശമാണ് വിദുരനീതി. പണ്ഡിതന്റെ ലക്ഷണങ്ങൾ, മൂഢന്റെ ലക്ഷണങ്ങൾ മുതലായവയും ധർമ്മത്തെ പറ്റിയല്ലാം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

വിദുരരുടെ ദേഹവിയോഗം

കുരുക്ഷേത്രയുദ്ധാന്തരം വിദുരർ വനവാസം അനുഷ്ഠിച്ചു. അദ്ദേഹത്തെ അന്വേഷിച്ചു ചെന്ന യുധിഷ്ഠിരന്റെ ദേഹത്ത് തന്റെ ദേഹചൈതന്യം കുടിയിരുത്തി അദ്ദേഹം ദേഹം ഉപേക്ഷിച്ചു. ഇരുവരും യമാംശം ആണല്ലോ. വിദുരരുടെ ദേഹം സംസ്കരിക്കുവാൻ യുധിഷ്ഠരൻ ഒരുങ്ങിയപ്പോൾ ഒരശരീരി കേട്ടു. 'ഹേ രാജാവേ, വിദുരരുടെ ദേഹം ദഹിപ്പിക്കരുത്. അത് അവിടെ തന്നെ ഇട്ടിട്ടു പോയ്കൊൾകുക. ഇവന് ദിവ്യലോകം ലഭിക്കുന്നതാണ്. യുധിഷ്ഠരൻ വിദുരദേഹം തറയിൽ വച്ചു മടങ്ങി. യുധിഷ്ഠിരൻ വിദുര വിയോഗത്തിനുശേഷം കൂടുതൽ ഓജസ്സിയും ബലവാനും തേജസ്വിയായും ഭവിച്ചു.

വിദുരരുടെ കുടുംബം

[തിരുത്തുക]

വിദുരരുടെ ഭാര്യയുടെ പേര് സുലഭ എന്നാണ് ധൃതരാഷ്ട്രർ ഗാന്ധാരിയെയും പാണ്ഡു കുന്തിയെയും മാദ്രിയെയും വിവാഹം ചെയ്തു.അതിന് ശേഷം വിദുരന്റെ വിവാഹം കൂടി നടത്തണമെന്ന് രാജമാതാവായ സത്യവതി ഭീഷ്മരോട് ആവശ്യപ്പെട്ടു.ഭീഷ്മർ അനുയോജ്യമായ വധുവിനെ അന്വേഷിച്ച് ഇറങ്ങി. ദേവകൻ എന്ന ബ്രാഹ്മണന് പ്രവിശാരി എന്ന ശൂദ്ര സ്ത്രീയിൽ ജനിച്ച സുലഭയെ ആണ് ഭീഷ്മർ കണ്ടെത്തിയത്.സത്യവതി വിദുരർ സുലഭ എന്നിവരുടെ വിവാഹം നടത്തി കൊടുത്തു.

ഈ ബന്ധത്തിൽ അനുകേതു എന്ന മകനും അംബാവതി എന്ന മകളും ജനിച്ചു.

അംബാവതി ശോണിതപുരത്തിലെ രാജാവും മഹാബലിയുടെ പുത്രനും ആയ ശിവ ഭക്തൻ ബാണാസുര നെ വിവാഹം ചെയ്തു.

ഇവരുടെ മകളായ ഉഷയെ കൃഷ്ണന്റെ പൗത്രൻ അനിരുദ്ധൻ വിവാഹം ചെയ്തു.

വിദുരർ ദേഹവിയോഗം ചെയ്ത ശേഷം അനുകെതു ഹസ്തിനപുരത്തിന്റെ പ്രധാന മന്ത്രിയായി.



"https://ml.wikipedia.org/w/index.php?title=വിദുരർ&oldid=3908340" എന്ന താളിൽനിന്ന് ശേഖരിച്ചത്