സിബ്ഗത്തുള്ള മുജദ്ദിദി
സിബ്ഗത്തുള്ള മുജദ്ദിദി صبغت الله مجددی | |
പദവിയിൽ 1992 ഏപ്രിൽ 27 – 1992 ജൂൺ 28 | |
പ്രധാനമന്ത്രി | അബ്ദുൾ സബുർ ഫരീദ് കോഹിസ്താനി |
---|---|
മുൻഗാമി | അബ്ദുൾ റഹീം ഹത്തേഫ് (കാവൽ) |
പിൻഗാമി | ബുർഹാനുദ്ദീൻ റബ്ബാനി |
ജനനം | 1926 കാബൂൾ, അഫ്ഗാനിസ്താൻ |
രാഷ്ട്രീയകക്ഷി | നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ |
മതം | സുന്നി ഇസ്ലാം |
1992-ൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം അഫ്ഗാനിസ്താനിൽ നിലവിൽ വന്ന മുജാഹിദീനുകളുടെ സർക്കാരിന്റെ ആദ്യത്തെ പ്രസിഡണ്ടാണ് സിബ്ഗത്തുള്ള മുജദ്ദിദി (Persian Dari Pashto صبغت الله مجددي, ജനനം 1926). ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥാപകനേതാവുമാണ് ഇദ്ദേഹം. അഫ്ഗാനിസ്താനിലെ പ്രശസ്തമായ മുജദ്ദിദി കുടുംബാംഗമായ സിബ്ഗത്തുള്ളയുടെ കക്ഷി, 1980-കളിൽ സോവിയറ്റ് സൈനികാധിനിവേശത്തിനെതിരെ പൊരുതുന്നതിൽ പ്രധാനപങ്കുവഹിച്ചിരുന്നു.
കമ്മ്യൂണിസ്റ്റുകളുടെ പതനത്തിനു ശേഷം 1992-ൽ അഫ്ഗാനിസ്താന്റെ പ്രസിഡണ്ടായെങ്കിലും രണ്ടു മാസത്തിനു ശേഷം പ്രതിരോധകക്ഷികൾക്കിടയിലെ മുൻ ധാരണപ്രകാരം പ്രസിഡണ്ട് പദവി, ബുർഹാനുദ്ദീൻ റബ്ബാനിക്ക് നൽകി. പിൽക്കാലത്ത് താലിബാന്റെ പതനത്തിനു ശേഷം 2003-ൽ രാജ്യത്തെ സാമൂഹികനേതാക്കളുടെ ഉന്നതസമിതിയായ ലോയ ജിർഗയുടെ അദ്ധ്യക്ഷനാകുകയും ചെയ്തു. മുജദ്ദിദി അദ്ധ്യക്ഷനായ ലോയ ജിർഗയാണ് രാജ്യത്തിന്റെ പുതിയ ഭരണഘടന അംഗീകരിച്ചത്.
2005-ൽ അഫ്ഗാൻ പാർലമെന്റിന്റെ ഉപരിസഭയായ മെഷ്രാനോ ജിർഗയുടെ നേതാവായി സിബ്ഗത്തുള്ള മുജദ്ദിദി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു പുറമേ രാജ്യത്തെ ദേശീയ സമാധാനക്കമ്മീഷന്റെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]1925-ൽ ജനിച്ച സിബ്ഗത്തുള്ള, കാബൂളിലും കെയ്റോയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സോവിയറ്റ് നേതാക്കൾക്കെതിരെയുള്ള വധശ്രമത്തിന്റെ പേരിൽ 1959-64 കാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. 1970-ൽ അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഇദ്ദേഹം ഡെന്മാർക്കിൽ താമസമാക്കി. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനു ശേഷം മുജദ്ദിദി പെഷവാറിലെത്തുകയും ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) എന്ന പ്രതിരോധകക്ഷി രൂപീകരിക്കുകയും അതിന്റെ അദ്ധ്യക്ഷനാകുകയും ചെയ്തു.
നാഷണൽ ലിബറേഷൻ ഫ്രണ്ട്, പരമ്പരാഗതപക്ഷത്തുള്ള ഒരു കക്ഷിയായിരുന്നു. കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദീയ സൂഫി പ്രസ്ഥാനത്തിന്റേയും മുജദ്ദിദി കുടൂംബത്തിന്റേയും അണികൾ തന്നെയായിരുന്നു ഈ കക്ഷിയുടേയും പിന്നിലണിനിരന്നിരുന്നത്.[1]
പ്രസിഡണ്ട് സ്ഥാനത്ത്
[തിരുത്തുക]1989 ഫെബ്രുവരി 23-ന് ഇസ്ലാമികപ്രതിരോധകക്ഷികൾ പെഷവാറിൽ രൂപീകരിച്ച ഇടക്കാലസർക്കാരിന്റെ കാവൽ പ്രസിഡണ്ടായി മുജദ്ദിദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1992-ൽ കമ്യൂണിസ്റ്റുകളുടെ പതനശേഷം മുജാഹിദീനുകൾ കാബൂളിൽ അധികാരമേറ്റപ്പോൾ പെഷവാർ ധാരണപ്രകാരം ആദ്യ രണ്ടുമാസക്കാലം മുജദ്ദിദി പ്രസിഡണ്ടായി നിയമിതനായി. 1992 ഏപ്രിൽ 28 മുതൽ ജൂൺ 28 വരെയുള്ള രണ്ടുമാസക്കാലം ഇദ്ദേഹം രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു. ഇതിനു ശേഷം അധികാരം ബുർഹാനുദ്ദീൻ റബ്ബാനിക്ക് കൈമാറി.[2]
അവലംബം
[തിരുത്തുക]- ↑ Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 316. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 322–325. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അഫ്ഗാനിസ്താൻ ഓൺലൈനിൽ മുജദ്ദിദിയുടെ ജീവചരിത്രം Archived 2010-09-01 at the Wayback Machine
- അഫ്ഗാനിസ്താൻ ദേശീയ സമാധാനക്കമ്മീഷന്റെ വെബ്സൈറ്റ് Archived 2009-08-26 at the Wayback Machine