അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ
1970-കളുടെ അവസാനം അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയും പിന്നീട് 1980-കളിൽ അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ച സോവിയറ്റ് സൈന്യത്തിനെതിരെയും പോരാടിയ വിവിധ ഇസ്ലാമിക-സൈനികവിഭാഗങ്ങളെയാണ് പ്രതിരോധകക്ഷികൾ എന്നും അഫ്ഗാൻ മുജാഹിദീൻ എന്നും അറിയപ്പെടുന്നത്.
ഇസ്ലാമിന്റെ നാമമുപയോഗിച്ചാണ് തദ്ദേശീയനേതാക്കളും വൈദേശികമതനേതാക്കളും, മാർക്സിസ്റ്റ് സർക്കാരിനെതിരെയുള്ള പോരാട്ടം നയിച്ചിരുന്നത് എന്നതിനാൽ, ഇവർ സ്വയം മുജാഹിദീൻ എന്നും ഇവരുടെ പോരാട്ടത്തെ ജിഹാദ് ആയും വിശേഷിപ്പിച്ചു. ഈ പ്രതിരോധവിഭാഗങ്ങൾ തന്നെ അവരുടെ വിശ്വാസപ്രമാണങ്ങളും വീക്ഷണവുമനുസരിച്ച് നിരവധി വിഭാഗങ്ങളായിരുന്നു.[1]
1989-ൽ സോവിയറ്റ് സേന രാജ്യത്തു നിന്നും പിന്മാറിയെങ്കിലും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലായിരുന്ന അഫ്ഗാനിസ്താൻ സർക്കാരിനെതിരെ പ്രതിരോധകക്ഷികൾ പോരാട്ടം തുടർന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ബലഹീനമായ അഫ്ഗാൻ സർക്കാരിനെ സ്ഥാനഭ്രഷ്ടമാക്കി, 1992-ൽ പ്രതിരോധകക്ഷികൾ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തു. 1996-ൽ താലിബാന്റെ ഉയർച്ച വരെ പ്രതിരോധകക്ഷികളുടെ സർക്കാരായിരുന്നു കാബൂളിൽ അധികാരത്തിലിരുന്നത്.
ഇസ്ലാമികകക്ഷികളുടെ ഉദയം
[തിരുത്തുക]അഫ്ഗാനിസ്താനിൽ സർക്കാരിനെതിരെയുള്ള ഇസ്ലാമികകക്ഷികളുടെ പോരാട്ടം ആരംഭിക്കുന്നത് ആദ്യ പ്രസിഡണ്ടായ മുഹമ്മദ് ദാവൂദ് ഖാന്റെ കാലം മുതൽക്കാണ്. 1965 മുതൽക്കേ, അഫ്ഗാനിസ്താനിൽ വലതുപക്ഷ ഇസ്ലാമികവാദികളും, ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് കക്ഷികളും ശക്തി പ്രാപിച്ചിരുന്നു. 1973-ൽ കമ്മ്യൂണിസ്റ്റുകളുടേയും സോവിയറ്റ് യൂനിയന്റേയും പിന്തുണയിൽ, സഹീർ ഷാ രാജാവിനെ അട്ടിമറിച്ച്, മുഹമ്മദ് ദാവൂദ് ഖാൻ രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി സ്ഥാനമേറ്റു. തന്റെ വിപ്ലവാത്മകമായ പരിഷ്കാരങ്ങൾക്ക് എതിരുനിന്നിരുന്ന മൗലികഇസ്ലാമികവാദികളെ എതിരാളികളായി കണ്ട്, ദാവൂദ് ഖാൻ അവരെ അടിച്ചമർത്തി.
1974 ജൂണിൽ 200-ഓളം ഇസ്ലാമികപ്രസ്ഥാനനേതാക്കളെ കാബൂളിൽ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്താനിലെ ഇസ്ലാമികപ്രസ്ഥാനങ്ങളുടെ തുടക്കക്കാരനായ ഗുലാം മുഹമ്മദ് നിയാസി ഇക്കൂട്ടത്തിൽപ്പെടുന്നു. നിയാസി, പിന്നീട് വധശിക്ഷക്ക് വിധേയനായി. ഗുൾബുദ്ദീൻ ഹെക്മത്യാർ, ബുർഹനുദ്ദീൻ റബ്ബാനി തുടങ്ങിയ ഒട്ടനവധി ഇസ്ലാമികനേതാക്കൾ പാകിസ്താനിലേക്ക് കടക്കുകയും ചെയ്തു. അഫ്ഗാനിസ്താനിൽ ഇന്നും തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം ഈ സംഭവമാണ്. 1975 ജൂലൈ മാസം, പാകിസ്താനിലേക്ക് കടന്ന അഫ്ഗാൻ നേതാക്കൾ ഒത്തുചേർന്ന് ദാവൂദിന്റെ ഭരണത്തിനെതിരെ പോരാടാൻ ആരംഭിച്ചു. എങ്കിലും തുടക്കത്തിൽ ഇവരുടെ കലാപനടപടികൾ പരാജയത്തിലാണ് അവസാനിച്ചത്.[2]
1978-ൽ സോർ വിപ്ലവത്തിലൂടെ ദാവൂദിനെ അട്ടിമറിച്ച് കമ്മ്യൂണിസ്റ്റുകൾ കാബൂളിൽ അധികാരത്തിലെത്തി. എങ്കിലും ഇസ്ലാമികവാദികളുടെ എതിർപ്പുമൂലവും ഉൾപ്പോരുമൂലവും കമ്മ്യൂണിസ്റ്റുകൾക്കും ഭരണം അത്ര സുഗമമായിരുന്നില്ല. 1979 അവസാനം കമ്മ്യൂണിസ്റ്റുകളിലെ ഖൽഖ് വിഭാഗം നേതാവായിരുന്ന ഹഫീസുള്ള അമീനെ അട്ടിമറിച്ച് സോവിയറ്റ് സൈന്യത്തിന്റെ സഹായത്തോടെ കമ്മ്യൂണിസ്റ്റുകളിലെ പാർചം വിഭാഗം നേതാവ് ബാബ്രക് കാർമാൽ അധികാരത്തിലേറി. ഇതോടൊപ്പം രാജ്യത്തിന്റെ സുരക്ഷ സോവിയറ്റ് സൈന്യം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
വിവിധ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ, തങ്ങളുടെ ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ഇസ്ലാമികവാദികളുമായി അനുരഞ്ജനത്തിന് നിരന്തരം ശ്രമിച്ചിരുന്നെങ്കിലും, പാശ്ചാത്യസഹായത്തോടെ പോരാടിയിരുന്ന ഇസ്ലാമികവാദികൾ, സോവിയറ്റ് സൈന്യത്തിന്റേയും കമ്മ്യൂണിസ്റ്റുകളുടേയും പൂർണ്ണമായ പിന്മാറ്റത്തിലൂടെയല്ലാതെ പോരാട്ടം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.
വിവിധ പ്രതിരോധകക്ഷികൾ
[തിരുത്തുക]അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികളെ തദ്ദേശീയകക്ഷികൾ എന്നും ബാഹ്യകക്ഷികൾ എന്നും രണ്ടായി തിരിക്കാറുണ്ട്. യഥാർത്ഥയുദ്ധമുഖത്തുള്ള തദ്ദേശവാസികളാണ് ആദ്യത്തെ കൂട്ടരെങ്കിൽ, 1979-ന് മുൻപും ശേഷവുമായി രാജ്യം വിട്ട് വിദേശത്ത് കഴിയുന്നവരായിരുന്നു രണ്ടാമത്തെ വിഭാഗം. ബാഹ്യകക്ഷികളിലെ സുന്നി വിഭാഗക്കാർ കൂടുതലും പാകിസ്താനിലെ പെഷവാറിലാണ് കേന്ദ്രീകരിച്ചിരുന്നതെങ്കിൽ ഷിയാ വിഭാഗക്കാർ, പാകിസ്താനിലെ ക്വെത്തയിലും ഇറാനിലുമായിരുന്നു സ്ഥാനമുറപ്പിച്ചിരുന്നത്. 1980-കളിൽ പാകിസ്താനിലെ അഫ്ഗാൻ അഭയാർത്ഥികളുടെ സാന്നിധ്യം 30 ലക്ഷത്തോളമായിരുന്നെങ്കിൽ ഇറാനിലേത് 20 ലക്ഷത്തോളമായിരുന്നു.
അഫ്ഗാനികളുടെ പ്രതിരോധത്തിനുള്ള വിദേശസഹായങ്ങൾ പൊതുവേ പാകിസ്താൻ വഴിയാണ് നൽകപ്പെട്ടിരുന്നത് എന്നതിനാൽ, ബാഹ്യകക്ഷിനേതാക്കൾ തദ്ദേശീയരെ അപേക്ഷിച്ച് കൂടുതൽ ശക്തരായി. പാകിസ്താനിലേക്ക് പലായനം ചെയ്ത അഫ്ഗാനികളിൽ മിക്കവരും പഷ്തൂണുകളായിരുന്നു. ഡ്യൂറണ്ട് രേഖ മുറിച്ചുകടന്ന ഇവർ, അതിനു കിഴക്കുള്ള അവരുടെ ബന്ധുക്കളുടെ പക്കൽ അഭയം തേടി. സ്ത്രീകളൂം കുട്ടികളും മാത്രമാണ് ഇങ്ങനെ പാകിസ്താനിൽ സ്ഥിരതാമസമാക്കാറൂള്ളത്. പുരുഷന്മാർ തരം കിട്ടുമ്പോൾ രാജ്യത്ത് തിരിച്ചെത്തി യുദ്ധം ചെയ്തു. പാകിസ്താനിലെ പഷ്തൂണുകളും അതിർത്തിക്ക് പടിഞ്ഞാറുള്ള അവരുടെ ബന്ധുക്കൾക്കു വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. മുജാഹിദീനുകൾക്ക് ഇത്തരത്തിൽ ഒളിച്ചുതാമസിക്കാനും ആയുധങ്ങൾ സംഘടിപ്പിക്കാനുമായി അതിർത്തി തുറന്നിട്ടുകൊണ്ട് പാകിസ്താൻ സർക്കാരും ഇവരെ പോത്സാഹിപ്പിച്ചു.[1]
പെഷവാർ സപ്തം (സുന്നി വിഭാഗങ്ങൾ)
[തിരുത്തുക]1980-ൽ, മദ്ധ്യസ്ഥതക്കും, പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള സൈനികസാമ്പത്തിക സഹായങ്ങൾ കൈമാറുന്നതിനുമായി, പാകിസ്താൻ സർക്കാർ അംഗീകരിച്ച താഴെക്കാണുന്ന 7 സുന്നി പ്രതിരോധകക്ഷികൾ പെഷവാറിലുണ്ടായിരുന്നു.[1] ഈ ഏഴുകക്ഷികളെ സപ്തകക്ഷി മുജാഹിദീൻ സഖ്യം എന്നും പെഷവാർ സപ്തം എന്നും അറിയപ്പെടുന്നു.[3] [4]
ക്രമം | കക്ഷിയുടെ പേര് | ഇംഗ്ലീഷിൽ | നേതാവ് |
---|---|---|---|
1 | ഹിസ്ബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ[ക] | ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ | ഗുൾബുദ്ദീൻ ഹെക്മത്യാർ |
2 | ജാമിയത്ത്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ | ഇസ്ലാമിക് സൊസൈറ്റി ഓഫ് അഫ്ഗാനിസ്താൻ | ബുർഹാനുദ്ദീൻ റബ്ബാനി |
3 | ഹിസ്ബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ[ക] | ഇസ്ലാമിക് പാർട്ടി ഓഫ് അഫ്ഗാനിസ്താൻ | മൗലവി യൂനിസ് ഖാലിസ് |
4 | ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദി-യി അഫ്ഗാനിസ്താൻ | ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ | അബ്ദ് അൽ-റസൂൽ സയ്യഫ് |
5 | ഹർക്കത്ത് ഇ ഇങ്കിലാബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ | ഇസ്ലാമിക് റെവല്യൂഷണറി മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ | മൗലവി മുഹമ്മദ് നബി മുഹമ്മദി |
6 | ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ | നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ | സിബ്ഗത്തുള്ള മുജദ്ദിദി |
7 | മഹസ്-ഇ മില്ലി-യി ഇലാമി-യി അഫ്ഗാനിസ്താൻ | നാഷണൽ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ | സയ്യിദ് അഹ്മദ് ഗൈലാനി |
പട്ടികയിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ 4 കക്ഷികൾ ഇസ്ലാമികമൗലികവാദി (fundamentalists) കക്ഷികളായിരുന്നന്നു. മറ്റു മൂന്നു കക്ഷികൾ പെഷവാറിലുണ്ടായിരുന്ന പഷ്തൂൺ പ്രാമുഖ്യമുള്ള മൂന്ന് പരമ്പരാഗത (traditionalist) ഇസ്ലാമികകക്ഷികളാണ്.
സോവിയറ്റ് സൈന്യവുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ, മൗലവി മുഹമ്മദ് നബി മുഹമ്മദിയുടെ പരമ്പരാഗതകക്ഷിയായിരുന്നു കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധകക്ഷി. പഷ്തൂൺ വംശജരായ മതനേതാക്കളുടേയും മദ്രസ വിദ്യാർത്ഥികളുടേയ്യും പിന്തുണ ഈ കക്ഷിക്കുണ്ടായിരുന്നു. പാകിസ്താൻ അതിർത്തിയിലെ പഷ്തൂൺ വംശജരുടെ പിന്തുണയും ഇതിനു ലഭിച്ചിരുന്നു. എന്നാൽ കുറച്ചുവർഷങ്ങൾക്കകം മുഹമ്മദിയുടെ കക്ഷിയുടെ പ്രാധാന്യം കുറഞ്ഞു. 1980-കളോടെ സോവിയറ്റ് മാർക്സിസ്റ്റ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യ പങ്കുവഹിച്ചത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റേയും ബുർഹാനുദ്ദീൻ റബ്ബാനിയുടേയും നേതൃത്വത്തിലുള്ള കക്ഷികളായിരുന്നു.
മറ്റ് പ്രതിരോധകക്ഷികളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയ ചരിത്രമുണ്ടെങ്കിൽക്കൂടിയും ഏറ്റവുമധികം വിദേശസഹായം കരസ്ഥമാക്കിയ പ്രതിരോധകക്ഷിയായിരുന്നു, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ ഹിസ്ബ് ഇ ഇസ്ലാമി. പാകിസ്താനിൽ കാര്യമായ സ്വാധീനമുള്ള ഇസ്ലാമികപ്രസ്ഥാനമായ ജമാ അത്ത്-ഇ ഇസ്ലാമിയുടേയും, ഐ.എസ്.ഐ.യുടേയും ഏറ്റവും പ്രിയപ്പെട്ട കക്ഷിയായിരുന്നു ഇത്.
ബുർഹാനുദ്ദീൻ റബ്ബാനിയുടെ ജാമിയത്ത്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ ആയിരുന്നു, പ്രധാനപ്പെട്ട മറ്റൊരു പ്രതിരോധകക്ഷി. റബ്ബാനി, ആദ്യകാലത്ത് കടുത്ത ഇസ്ലാമികമൗലികവാദരാജ്യത്തിന്റെ വക്താവായിരുന്നെങ്കിലും പിന്നീട് കൂടുതൽ പരമ്പരാഗത-മിതവാദസ്വഭാവത്തിലേക്ക് മാറിയിരുന്നു. അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള ഒരു കൂട്ടം സൂഫികളും മതനേതാക്കളുമായിരുന്നു റബ്ബാനിയുടെ പ്രധാന ശക്തികേന്ദ്രം. രണ്ട് പ്രാദേശികസൈന്യാധിപർ, റബ്ബാനിയെ ശക്തമായി പിന്തുണച്ചിരുന്നു. പഞ്ച്ശീർ താഴ്വരയിൽ നിന്നുള്ള അഹ്മദ് ഷാ മസൂദും, ഹെറാത്ത് കേന്ദ്രമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ പോരാടീയിരുന്ന മുഹമ്മദ് ഇസ്മഈലുമായിരുന്നു ഇവർ. പ്രതിരോധസേനകളിൽ ഏറ്റവും പേരെടുത്ത സൈന്യാധിപനായിരുന്ന പഞ്ച്ശീർ സിംഹം എന്നറിയപ്പെട്ടിരുന്ന അഹമദ് ഷാ മസൂദ്, സൈനികനടപടികൾക്കു പുറമേ, സമാന്തരമായി ഒരു ഭരണസംവിധാനവും പഞ്ച്ശീറീൽ അദ്ദേഹം കെട്ടിപ്പടുത്തിരുന്നു. 1980-കളുടെ തുടക്കം മുതൽ തന്നെ, അഹ്മദ് ഷാ മസൂദും ഗുൾബുദ്ദീൻ ഹെക്മത്യാറൂം ശത്രുതയിലായിരുന്നു. സോവിയറ്റ് സേനയുടെ പിന്മാറ്റത്തിനു മുൻപും പിൻപും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.
റബ്ബാനിയുടേയും ഹെക്മത്യാറിന്റേയും കക്ഷികൾക്കുപുറമേയുള്ള മറ്റു കക്ഷികൾ യുദ്ധത്തിൽ വളരെ ചെറിയ പങ്കേ വഹിച്ചിരുന്നുള്ളൂ.
1979-ൽ ഹെക്മത്യാറിന്റെ കക്ഷിയിൽ നിന്നും വേറിട്ടു പോയാണ് മൗലവി യൂനുസ് ഖാലിസിന്റെ ഹിസ്ബ് ഇ ഇസ്ലാമി രൂപമെടുത്തത്. മാതൃകക്ഷിയെ അപേക്ഷിച്ച്, ഇതിൽ അംഗബലം വളരെ കുറവായിരുന്നു എന്നു മാത്രമല്ല ഇതിന്റെ സ്വാധീനം പെഷവാർ കാബൂൾ ഹൈവേയിലെ പഷ്തൂൺ ആവാസപ്രദേശങ്ങളിലും പാക്ത്യയിലും മാത്രമായി ഒതുങ്ങി. അതിന്റെ മാതൃസംഘടനയെപ്പോലെ അത്ര മൂല്യാധിഷ്ഠിത ആശയങ്ങൾ ഈ വിഭാഗത്തിനുണ്ടായിരുന്നില്ല.
നാലാമത്തെ മൗലികഇസ്ലാമികകക്ഷിയായിരുന്നു ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ). 1946-ൽ കാബൂളിന് പടിഞ്ഞാറുള്ള പാഗ്മാനിൽ ജനിച്ച അബ്ദുറസൂൽ സയ്യഫ് ആണ് ഈ കക്ഷി രൂപീകരിച്ചത്. 1980-ൽ പ്രതിരോധകക്ഷികളുടെ സംയുക്തസഖ്യമായിരുന്ന ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താന്റെ വക്താവായിരുന്ന സയ്യഫ്, രണ്ടുവർഷത്തെ കാലാവധിക്കു ശേഷം, ഈ സ്ഥാനമൊഴിയാൻ വിസമ്മതിച്ചതോടെ നിർബന്ധപൂർവ്വം സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതോടെ ഇദ്ദേഹം സംയുക്തസഖ്യത്തിന്റെ അതേ പേരിൽ സംഘടന രൂപീകരിച്ചു. മാത്രമല്ല സംയുക്തസഖ്യത്തിലെ പ്രവർത്തനപരിചയമുപയോഗിച്ച് അറബ് രാജ്യങ്ങളിൽ നിന്നും ധാരാളം ധനം സമാഹരിക്കുന്നതിലും ഇദ്ദേഹം വിജയിച്ചു.
പരമ്പരാഗതപക്ഷത്തുള്ള ഒരു കക്ഷിയായിരുന്നു സിബ്ഗത്തുള്ള മുജദ്ദിദി നയിച്ച ജഭാ-യി മജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ (നാഷണൽ ലിബറേഷൻ ഫ്രണ്ട്). കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദീയ സൂഫി പ്രസ്ഥാനത്തിന്റേയും മുജാദ്ദിദി കുടുംബത്തിന്റേയും അണികൾ തന്നെയായിരുന്നു ഈ കക്ഷിയുടേയും പിന്നിലണിനിരന്നിരുന്നത്.
സയ്യിദ് അഹ്മദ് ഗൈലാനി നയിച്ച മഹസ്-ഇ മില്ലി-യി ഇസ്ലാമിയി അഫ്ഗാനിസ്താൻ (നാഷണൽ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) ആണ് പരമ്പരാഗത പ്രതിരോധകക്ഷികളിലെ മറ്റൊന്ന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഖാദിരയ്യ സൂഫി പ്രസ്ഥാനമായിരുന്നു ഈ സംഘനയുടെ വേര്. രാജകുടുംബവുമായി ബന്ധമുണ്ടായിരുന്ന അഹ്മദ് ഗൈലാനി, പലായനം ചെയ്ത സഹീർ ഷാ രാജാവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിരുന്നു. പെഷവാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കക്ഷികളിൽ വച്ച് ഏറ്റവും ഉദാരസമീപനമുള്ളതും മതനിരപേക്ഷനിലപാടുകളുള്ളതും ആധുനികകാഴ്ചപ്പാടുകളുള്ളതുമായ കക്ഷിയായിരുന്നു സയ്യിദ് അഹ്മദ് ഗൈലാനിയുടെ നാഷണൽ ഇസ്ലാമിക് ഫ്രണ്ട്.[1]
സപ്തകക്ഷികളുടെ സഖ്യങ്ങൾ
[തിരുത്തുക]യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ പാകിസ്താനിലെ പ്രതിരോധകക്ഷികളുടെ ഒരു സഖ്യം രൂപീകരിക്കുന്നതിന് വിദേശശക്തികളുടെ സമ്മർദ്ദം നിലനിന്നിരുന്നു. 1980-ൽ സോവിയറ്റ് സേനയുടെ അധിനിവേശത്തൊടെ ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) എന്ന സഖ്യം, അബ്ദുൾ റസൂൽ സയ്യഫിന്റെ അദ്ധ്യക്ഷതയിൽ നിലവിൽ വന്നു. ഹെക്മത്യാറിന്റെ ഹിസ്ബ് ഇ ഇസ്ലാമിയൊഴികെയുള്ള അഞ്ചുകക്ഷികളും ഈ സഖ്യത്തിൽ അംഗമായിരുന്നു. എങ്കിലും അധികകാലത്തിനു മുൻപേ ഈ സഖ്യം വേർപിരിഞ്ഞു. സഖ്യത്തിന്റെ അതേ പേരിൽ അബ്ദുൾ റസൂൽ സയ്യഫ് പുതിയ കക്ഷിയുണ്ടാക്കുകയും ചെയ്തു.
1985-ൽ ഇസ്ലാമിക് അലയൻസ് ഓഫ് അഫ്ഗാൻ മുജാഹിദീൻ എന്ന സഖ്യം രൂപമെടുത്തു. ഏഴു പ്രതിരോധകക്ഷികളും ഇതിൽ അംഗമായിരുന്നു. എങ��കിലും സഖ്യം എന്ന നിലയിലുള്ള ഈ കക്ഷികളുടെ കൂട്ടായ പ്രവർത്തനം പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.[1]
ഷിയ പ്രതിരോധകക്ഷികൾ
[തിരുത്തുക]മറ്റു പ്രതിരോധകക്ഷികളിൽ നിന്നും വേറിട്ട നിലപാടാണ് ഷിയ മുസ്ലീങ്ങളായിരുന്ന ഹസാരകൾ സ്വീകരിച്ചിരുന്നത്. അഫ്ഗാൻ സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗമായിരുന്നു ഹസാരകൾ. 1890-93 കാലത്തെ പടയോട്ടത്തിൽ അമീർ അബ്ദുർറഹ്മാന്റെ നേതൃത്വത്തിൽ പഷ്തൂണുകൾ ഇവരെ മദ്ധ്യ അഫ്ഗാനിസ്താൻ മലകളുടെ മുകളിലേക്ക് തുരത്തിയിരുന്നു.[5] അങ്ങനെ കാലങ്ങളായി പഷ്തൂൺ ആധിപത്യത്തിനു കീഴിൽ അമർന്നിരുന്ന ഹസാരകൾ 1978-ലെ മാർക്സിസ്റ്റ് വിപ്ലവവും തുടർന്ന് കാബൂൾ ഭരണകൂടത്തിൽ നിന്നും ഹസാരജാത് മേഖലയിലേക്കുള്ള നിയന്ത്രണത്തിൽ കുറവും വന്നതോടെ ഏതാണ്ട് സ്വതന്ത്രരായി മാറി.[1]
ഷിയ വിഭാഗങ്ങളുടെ പ്രതിരോധത്തെ രണ്ടു ഘട്ടങ്ങളായി വിഭജിക്കാറുണ്ട്. 1978 മുതൽ 83 വരെയുള്ള കാലഘട്ടത്തെ ശവ്രയുടെ നേതൃത്വത്തിലുള്ള വിജയകരമായ ജനകീയപ്രതിരോധമാണ് ഒന്നാം ഘട്ടം. തുടർന്ന് ഇറാന്റെ പിന്തുണയോടെയുള്ള ഹസാര വിഭാഗങ്ങളുടെ ഉയർച്ചയെ രണ്ടാം ഘട്ടമായും കണക്കാക്കുന്നു.[6]
ശവ്ര
[തിരുത്തുക]1979 സെപ്റ്റംബറിൽ ശവ്ര-യി ഇത്തിഫാഖ്-ഇ ഇങ്ക്വിലാബ്-ഇ ഇസ്ലാമി-യി അഫ്ഗാനിസ്താൻ (റെവല്യൂഷണറി കൗൺസിൽ ഓഫ് ദ് ഇസ്ലാമിക് യൂണിയൻ ഓഫ് അഫ്ഗാനിസ്താൻ) എന്ന ഒരു സംഘടന ഹസാരകൾ രൂപീകരിച്ചു. ശവ്ര എന്നാണ് ഈ സംഘടന പൊതുവിൽ അറിയപ്പെട്ടത്. സയ്യിദ് അലി ബെഹെശ്തി ആയിരുന്നു ഈ സംഘടനയുടെ പ്രസിഡണ്ട്. സയ്യിദ് മുഹമ്മദ് ഹസൻ ജാഗ്രൺ ഇതിന്റെ സേനാനേതാവുമായിരുന്നു. ഗോർ പ്രവിശ്യ, വാരാസും (waras) അതിനു ചുറ്റുമുള്ള പ്രദേശങ്ങൾ, ദശ്ത്-ഇ നവാറിന് വടക്കുള്ള ബെഹ്സൂദ് പ്രദേശം എന്നിവയായിരുന്നു ഇവരുടെ കേന്ദ്രങ്ങൾ.
ബാമിയാനിൽ ജനിച്ച ബെഹെശ്തി, ഇറാഖിലാണ് പരിശീലനം നേടിയത്. ഹസാരകളിലെ പരമ്പരാഗത ശിയാ നേതാക്കളെയാണ് ബെഹെശ്തി പ്രതിനിധാനം ചെയ്തത്. മാർക്സിസ്റ്റ് ഭരണകാലത്ത് ശവ്ര വളരെ ശക്തിയാർജ്ജിച്ചിരുന്നു. അതിനാൽ സോവിയറ്റ് സേനക്ക് ഒരിക്കലും ഹസാരാജാതിൽ പ്രവേശിക്കാനോ നിയന്ത്രണം കൈയടക്കാനോ സാധിച്ചിരുന്നില്ല. ബെഹെശ്തി ഇവിടെ ഒരു പൊതുഭരണസംവിധാനം സ്ഥാപിക്കുകയും, നികുതി പിരിക്കുകയും ഒരു സ്വതന്ത്രരാജ്യത്തിന്റെ അധിപനെന്നപോലെ ഭരണം നടത്തുകയും ചെയ്തു. എന്നാൽ 1980-കളിൽ വിപ്ലവാനന്തര ഇറാന്റെ പിന്തുണയോടുകൂടിയ വിഭാഗങ്ങളുടേയും ഇറാനിൽ നിന്നുള്ള ഹസാരകളുടേയും എതിർപ്പിനെത്തുടർന്ന് ശവ്രയുടെ ശക്തി ക്ഷയിക്കാൻ തുടങ്ങി.
1984-ൽ ഇക്കൂട്ടർ ബെഹെശ്തിയുടെ ശക്തികേന്ദ്രമായിരുന്ന വാറാസിൽ നിന്നും ശവ്രാകളെ തുരത്തി. ഇതോടെ ബെഹെശ്തി, ബുർഹാനുദ്ദീൻ റബ്ബാനിയുടെ കൂടെച്ചേർന്നു.[1]
തെഹ്രാൻ അഷ്ടം
[തിരുത്തുക]ഹോജത്തുലിസ്ലാം മിർ ഹുസൈൻ സാദിഖി, അബ്ദുൾ അലി മസാരി എന്നിവരുടെ നേതൃത്വത്തിലുള്ള സാസ്മാൻ-ഇ നാസർ-ഇ അഫ്ഗാനിസ്താൻ (വിക്റ്ററി ഓർഗനൈസേഷൻ ഓഫ് അഫ്ഗാനിസ്താൻ), ഉസ്ദാദ് അക്ബാരിയുടെ നേതൃത്വത്തിലുള്ള സാസ്മാൻ-ഇ പാസ്ദരാൻ-ഇ ജിഹാദ്-ഇ ഇസ്ലാം (ഓർഗനൈസേഷൻ ഓഫ് ദ് ഗാർഡിയൻസ് ഓഫ് ദ് ഇസ്ലാമിക് ജിഹാദ്) എന്നിവയായിരുന്നു ഇറാൻ പിന്തുണയോടെ ശവ്രക്കെതിരെത്തിരിഞ്ഞ പ്രധാന സംഘടനകൾ.
ഇറാന്റെ പാത പിന്തുടർന്ന് ഷിയ മതനേതാക്കൾ നേതൃത്വം നൽകുന്ന ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കാൻ ഈ വിഭാഗങ്ങൾ ശ്രമിച്ചു. ഇതോടൊപ്പം തന്നെ ഇവർ ശക്തമായ പഷ്തൂൺ വിരുദ്ധമനോഭാവക്കാരുമായിരുന്നു. 1984-ൽ ശവ്രകളെ തുരത്തിയതിനു ശേഷം[1] ഇറാന്റെ പിന്തുണയോടെ എട്ട് ഷിയ കക്ഷികൾ കക്ഷികളാണ് ഇങ്ങനെ ഇറാൻ പിന്തുണയിൽ ശവ്ര-യി ഇതിലാഫ് ഇ ഇസ്ലാമിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് കോഅലീഷൻ കൗൺസിൽ ഓഫ് അഫ്ഗാനിസ്താൻ) എന്ന പേരിൽ ഒന്നിച്ചത്. ഇവയെ തെഹ്രാൻ അഷ്ട��� എന്നും ഹഷ്ടഗണ എന്നും അറിയപ്പെടുന്നു. താഴെക്കാണുന്നവയാണ് ഈ കക്ഷികൾ [6]
ക്രമം | കക്ഷിയുടെ പേര് | ഇംഗ്ലീഷിൽ | നേതാവ് |
---|---|---|---|
1 | സസ്മൻ ഇ നസർ | വിക്റ്ററി ഓർഗനൈസേഷൻ | അബ്ദുൾ അലി മസാരി |
2 | പാസ്ദരൻ ഇ ജിഹാദി ഇസ്ലാമി | ഇസ്ലാമിക് പാസ്ദരൺ ഓഫ് ജിഹാദ് | മുഹമ്മദ് അക്ബാരി |
3 | ഹർകത് ഇ ഇസ്ലാമിയി അഫ്ഗാനിസ്താൻ | ഇസ്ലാമിക് മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ | ആസിഫ് മൊഹ്സേനി |
4 | നോഹ്സതി ഇസ്ലാമി | ഇസ്ലാമിക് മൂവ്മെന്റ് | അലി ഇഫ്തിഖരി |
5 | ജഭായി മുത്തഹദി ഇങ്ക്വിലാബി ഇസ്ലാമി | യുണൈറ്റഡ് ഫ്രണ്ട് ഫോർ ഇസ്ലാമിക് റെവല്യൂഷൻ | യൂസുഫ് അലി സാകി |
6 | ഹിസ്ബി ദവാത്തി ഇസ്ലാമി | ഇസ്ലാമിക് കോൾ പാർട്ടി | ഷേഖ് ഹുസൈൻ ഖുറാബാഗി |
7 | ഹിസ്ബുള്ള | പാർട്ടി ഓഫ് ഗോഡ് | യസ്ദാൻ അലി വോസുഖി |
8 | സസ്മാനി നിരുയി ഇസ്ലാമി | ഓർഗനൈസേഷൻ ഇസ്ലാമിക് ഫോഴ്സ് | ഹോജത്തുലിസ്ലാം സയ്യിദ് മുഹമ്മദ് സഹീർ മുഹഖഖ് കാബൂളി |
1989-90-ൽ ഈ ഷിയ കക്ഷികളിൽ നിന്നും ഉരുത്തിരിഞ്ഞ മറ്റൊരു സംയുക്തസംഘടനയാണ് ഹിസ്ബി വാഹ്ദത്തി ഇസ്ലാമി (ഇസ്ലാമിക് പാർട്ടി ഓഫ് യൂനിറ്റി). അബ്ദുൾ അലി മസാരി ആയിരുന്നു ഇതിന്റെ അദ്ധ്യക്ഷൻ.[1]
യുദ്ധം
[തിരുത്തുക]1980-നും 88-നുമിടയിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും, മാർക്സിസ്റ്റ് ഭരണകൂടവും അഫ്ഗാൻ മുജാഹിദീനുകളുമായി കടുത്ത യുദ്ധം നടത്തി. എങ്കിലും ആർക്കും ഇതിൽ സമ്പൂർണ്ണവിജയം നേടാനായില്ല. സോവിയറ്റ്, കാബൂൾ സേനക്ക്, സോവിയറ്റ് യൂനിയനിൽ നിന്ന് അളവറ്റ ആയുധപിന്തുണ ലഭിച്ചപ്പോൾ, പാകിസ്താനിലും ഇറാനിലും കേന്ദ്രീകരിച്ച മുജാഹിദീനുകൾക്ക് അമേരിക്കയും വൻതോതിൽ ആയുധങ്ങൾ നൽകി സഹായിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിന് പാകിസ്താനും അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകൂടവും തമ്മിൽ 1982 ജൂണിൽ ജനീവയിൽ വച്ച് ചർച്ചകൾ ആരംഭിച്ചു. സോവിയറ്റ് യൂനിയനും അമേരിക്കൻ ഐക്യനാടുകളുമായിരുന്നു യഥാക്രമം ഇരുകക്ഷികളേയും പിന്തുണച്ചിരുന്നത്. മുജാഹിദീനുകൾ ഈ ചർച്ചയിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഇതിനിടെ മുജാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന ബാബ്രാക് കാർമാൽ പ്രസിഡണ്ട് പദം രാജിവക്കുകയും 1986 മേയ് 4-ന് മുഹമ്മദ് നജീബുള്ള തത്സ്ഥാനമേറ്റെടുത്തെങ്കിലും മുജാഹിദീനുകൾ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു.
1987 ജനുവരി 15-ന് പുതിയ പ്രസിഡണ്ട് നജീബുള്ള ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ ഗോർ പ്രവിശ്യയിൽ വച്ച് നടന്നു. ഹെറാത്ത് പ്രവിശ്യയിലെ ജാമിയത് ഇ ഇസ്ലാമി പ്രതിരോധകക്ഷിയുടെ നേതാവായിരുന്ന ഇസ്മ ഈൽ ഖാൻ ആയിരുന്നു ഈ സമ്മേളനം വിളിച്ചുചേർത്തത്. ഈ സമ്മേളനത്തിൽ പ്രതിരോധകക്ഷികൾ നജീബുള്ളയുടെ അനുരഞ്ജനനിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. ഈ സമയത്ത് പ്രതിരോധകക്ഷികൾക്കായുള്ള വിദേശസഹായം ഏതാണ്ട് 130 കോടി ഡോളറായിരുന്നു. പ്രധാനമായും അമേരിക്കയും സൗദി അറേബ്യയുമായിരുന്നു ഈ സഹായങ്ങൾ നൽകിയിരുന്നത്. അതുകൊണ്ട് പ്രതിരോധകക്ഷികൾ, അവർ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും നജീബുള്ളയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും കരുതി.[1]
ആദ്യ ഇടക്കാല സർക്കാർ
[തിരുത്തുക]1988-ൽ ജനീവയിൽ നടന്ന ചർച്ചകളുടെ ഫലമായി സോവിയറ്റ് സേന അഫ്ഗാനിസ്താനിൽ നിന്നും പിന്മാറുന്നതിനും കാബൂൾ സർക്കാരിനും മുജാഹിദീനും നൽകിവന്ന വിദേശസഹായങ്ങളെല്ലാം നിർത്താനും അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്തവർക്ക് തിർച്ചെത്താനുള്ള സൗകര്യമൊരുക്കാമെന്നും വ്യവസ്ഥയായി.
ജനീവ ധാരണാചർച്ചയിൽ പങ്കാളിയല്ലാതിരുന്നതിനാൽ തങ്ങൾ ധാരണയെ അംഗീകരിക്കുന്നില്ലെന്ന് 1988 ഫെബ്രുവരിയിൽ ഇസ്ലാമിക് അലയൻസ് ഓഫ് അഫ്ഗാനിസ്താൻ മുജാഹിദീന്റെ വക്താവ് ആയിരുന്ന പിർ സയ്യദ് അഹ്മദ് ഗൈലാനി പ്രഖ്യാപിച്ചു. ഒരു ഇടക്കാലസർക്കാർ രൂപീകരിക്കുന്നതിനെക്കുറീച്ചും ഗൈലാനി തുടർന്ന് പ്രഖ്യാപിച്ചു. 1988 ജൂണിൽ പെഷവാർ ആസ്ഥാനമാക്കി, മുജാഹിദീന്റെ ഇടക്കാലസർക്കാർ നിലവിൽ വന്���ു. അബ്ദുൾ റസൂൽ സയ്യഫിന്റെ കക്ഷിയിലെ അമേരിക്കയിൽ നിന്ന് വിദ്യാഭ്യാസം ചെയ്ത് വന്ന അഹ്മദ് ഷാ ആയിരുന്നു ഇടക്കാലസർക്കാരിന്റെ അദ്ധ്യക്ഷനായത്.
പെഷവാറീലെ വിവിധ പ്രതിരോധകക്ഷികൾ തമ്മിലുള്ള ഭിന്നതയും നിർദ്ദിഷ്ട സർക്കാരിൽ ആവശ്യത്തിന് പ്രാതിനിത്യം ഇല്ലെന്ന കാരണത്താൽ ഹസാരകളിൽ നിന്നുമുള്ള എതിർപ്പും മൂലം ഇടക്കാലസർക്കാർ പ്രാവർത്തികമായില്ല. ഇതിനെത്തുടർന്ന് ഹസാരകൾ ഹിസ്ബ് ഇ വാഹ്ദത്ത് എന്ന പേരിൽ അവരുടെ ഒരു സഖ്യത്തിനു രൂപം കൊടുത്തു. 1988 ഓഗസ്റ്റിൽ മുജാഹിദിനുകൾക്ക് കാര്യമായ പിന്തുണ നൽകിയിരുന്ന പാകിസ്താൻ പ്രസിഡണ്ട് സിയാ ഉൾഹഖ് കൊല്ലപ്പെട്ടതോടെ മുജാഹിദീനുകളുടെ നില വഷളായി.
1988 ഡിസംബറിൽ അഫ്ഗാൻ പ്രതിരോധകക്ഷികളുടെ പ്രതിനിധികൾ പ്രൊഫസർ റബ്ബാനിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്നു യൂറി വൊറോണ്ട്സോവുമായി സൗദി അറേബ്യൻ നഗരമായ തൈഫിൽ വച്ച് ഒരു കൂടീക്കഴ്ച നടത്തി. സോവിയറ്റ് സൈന്യത്തിന്റെ പിൻമാറ്റം മൂലം രാജ്യത്തുണ്ടാകുന്ന ശൂന്യത കലാപങ്ങളിലേക്ക് വഴിവെക്കാതിരിക്കുന്നതിനും അധികാരം ക്രമമായ രീതിയിൽ കൈമാറുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേർക്കപ്പെട്ടത്. കാബൂളിലെ പുതിയ സർക്കാരിൽ നജീബുള്ളക്കും അയാളുടെ കക്ഷിക്കും ഒരു സ്ഥാനവും നൽകേണ്ടെന്ന് മുജാഹിദീനുകളും, നൽകണമെന്ന് സോവിയറ്റ് യൂനിയനും ശഠിച്ചതോടെ ഈ ചർച്ചയും നിഷ്ഫലമായി.[1]
രണ്ടാം ഇടക്കാലസർക്കാർ
[തിരുത്തുക]1989 ഫെബ്രുവരിയോടെ സോവിയറ്റ് സേന അഫ്ഗാനിസ്താനിൽ നിന്നും പൂർണ്ണമായി പിന്മാറി. എങ്കിലും അധികാരത്തിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രസിഡണ്ട് നജീബുള്ള തുടർന്നുകൊണ്ടിരുന്നു. ഈ സമയത്ത് പെഷവാറിലെ പ്രതിരോധകക്ഷികൾ, വീണ്ടുമൊരു ഇടക്കാലസർക്കാരിനായി ധാരണയിലെത്തി. 1989 ഫെബ്രുവരി 23-ന് ഇതിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. സിബ്ഗത്തുള്ള മുജാദ്ദിദി ആയിരുന്നു കാവൽ പ്രസിഡണ്ട്. അബ്ദുൾ റസൂൽ സയ്യഫ് കാവൽ പ്രധാനമന്ത്രിയുമായി.
തുടക്കം മുതലേ ഷിയകൾ ഈ ഇടക്കാലസർക്കാരിനെ എതിർത്തിരുന്നു. സയ്യദ് അഹ്മദ് ഗൈലാനിയാകട്ടെ, സർക്കാരിൽ അദ്ദേഹത്തിന് നൽകിയ സ്ഥാനം ഏറ്റെടുത്തതുമില്ല. എങ്കിലും പിന്നീട്, ഉന്നതന്യായാധിപൻ എന്ന സ്ഥാനം അദ്ദേഹം സ്വീകരിച്ചു.[7]
ജലാലാബാദിലെ പരാജയം
[തിരുത്തുക]സോവിയറ്റ് സേനയുടെ സമ്പൂർണപിന്മാറ്റത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം, 1989 മാർച്ച് ആദ്യം, മുജാഹിദീനുകൾ, നജീബുള്ളായുടെ സൈന്യത്തിനു നേരെ ജലാലാബാദിൽ വൻ ആക്രമണം നടത്തി. ജലാലാബാദ് എളുപ്പത്തിൽ പിടിച്ചടക്കാമെന്നും മാർക്സിസ്റ്റ് സർക്കാരിന്റെ പതനം ഉടൻ തന്നെയുണ്ടാകുമെന്ന ധാരനയിലായിരുന്നു ഈ ആക്രമണം. മാർക്സിസ്റ്റുകളുടെ പതനവും, മുജാഹിദീന്റെ പട്ടണത്തിലേക്കുള്ള പ്രവേശനവും കാണാനായി, പാശ്ചാത്യപത്രപ്രവർത്തകരുടെ വൻ സംഘം തന്നെ കാബൂളിലെത്തി. എന്നാൽ പ്രതീക്ഷക്ക് വിപരീതമായി വൻ പരാജയമാണ് മുജാഹിദീന് ഈ ആക്രമനത്തിൽ നേരിട്ടത്.
ജലാലാബാദ് ആക്രമണം, പ്രതിരോധകക്ഷികളും അവരുടെ വിദേശസഹായികളും, പെഷവാറിൽ വച്ചാണ് ആസൂത്രണം ചെയ്തത്. തദ്ദേശീയസൈനികനേതാക്കൾ, ഈ പദ്ധതിക്ക് തുടക്കം മുതലേ എതിരായിരുന്നു. പരമ്പരാഗത യുദ്ധരീതികളിൽ മുജാഹിദീനുകൾക്കുള്ള പരിചയക്കുറവ്, വ്യോമമാർഗ്ഗമുള്ള പിന്തുണയുടെ അഭാവം, തുടങ്ങിയവയായിരുന്നു ഈ നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ ആശങ്കകൾ ശരിയാണെന്ന് തെളിയുകയും ചെയ്തു.
ആക്രമണം തുടങ്ങി ആഴ്ചകൾക്കകം, വൻ തോൽവിയേറ്റ മുജാഹിദീനുകൾക്ക് പെഷവാറിലേക്ക് പിന്മാറേണ്ടി വന്നു. പരസ്പരധാരണയില്ലായ്മ, വിവിധ മുജാഹിദീൻ വിഭാഗങ്ങളിലെ ഉൾപ്പോര്, നജീബുള്ളായുടെ വ്യോമസേനയുടെ നേതൃത്വത്തിലുള്ള കനത്ത ബോംബാക്രമണം, എന്നിവയായിരുന്നു മുജാഹിദീനുകളുടെ പരാജയത്തിലേക്കുള്ള വഴിയൊരുക്കിയത്. ഇതോടെ മുൻപത്തേക്കാൾ ശക്തി പ്രാപിച്ച നജീബുള്ള, കാബൂളിൽ അധികാരത്തിൽ തുടർന്നു. മാത്രമല്ല ഹെക്മത്യാർ, തന്റെ പിന്തുണ പിൻവലിച്ചതോടെ ഇതേവർഷം 1989 അവസാനത്തോടെ മുജാഹിദീനുകളുടെ ഇടക്കാലസർക്കാരും തകർന്നു.[7]
ഉയർത്തെഴുന്നേൽപ്പ്
[തിരുത്തുക]1989 അവസാനമായപ്പോഴേക്കും മുജാഹിദീന്റെ ശക്തി ക്ഷയിച്ചിരുന്നു എങ്കിലും നജീബുള്ളായുടെ കൂട്ടാളികൾ പലരും മുജാഹിദീനുകളുടെ പക്ഷത്തേക്ക് ചേർന്നതിനാൽ അവർ വീണ്ടും ശക്തിപ്��െട്ടു.
1986 മുതൽ സൈന്യത്തലവനും 1988-90 കാലത്ത് പ്രതിരോധമന്ത്രിയുമായിരുന്ന ഷാനവാസ് തനായ് എന്ന ഖൽഖ് പക്ഷക്കാരൻ, സർക്കാർ വിമതനാകുകയും 1990 മാർച്ചിൽ ഇദ്ദേഹം ഹെക്മത്യാറിനോടൊപ്പം ചേർന്ന് ഒരു അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്തു. ഈ അട്ടിമറി പരാജയപ്പെട്ടെങ്കിലും ഇതിനു പിന്നാലെ നിരവധി ഖൽഖികൾ പ്രതിരോധകക്ഷികളുടെ കൂട്ടത്തിൽച്ചേർന്നു. ഖൽഖി വിമതർ, ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയിലേക്കാണ് നീങ്ങിയതെങ്കിൽ പാർചം വിഭാഗത്തിൽ നിന്നുള്ള വിമതർ, റബ്ബാനിയുടെ ജാമിയത്ത്-ഇ ഇസ്ലാമിയിലേക്കാണ് നീങ്ങിയത്.
1991-ന്റെ തുടക്കത്തിൽ, പ്രതിരോധകക്ഷികൾ വീണ്ടും ഒന്നുചേർന്നു. 1991 മാർച്ചിൽ, ഇവർ പാകിസ്താൻ അതിർത്തിയിലുള്ള ഖോസ്ത് പട്ടണവും ജില്ലയും അധീനതയിലാക്കി. 1991 മദ്ധ്യത്തിൽ സോവിയറ്റ് യൂനിയൻ തകരുകയും മാർക്സിസ്റ്റ് സർക്കാരിന് ലഭിച്ചുവന്ന സോവിയറ്റ് സഹായങ്ങൾ നിലക്കുകയും ചെയ്തെങ്കിലും തങ്ങളുടെ ഐക്യമില്ലായ്മ മൂലം 1992 വരെയും മുജാഹിദീനുകൾക്ക് കാബൂളിലേക്ക് ഉടൻ മുന്നേറാനായില്ല. 1992-ൽ വടക്കൻ അഫ്ഗാനിസ്താനിലെ ജനറൽ അബ്ദുൾ റഷീദ് ദോസ്തം, സയ്യിദ് മൻസൂർ നദീറിൻ എന്നീ സർക്കാർ സൈന്യാധിപർ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണ് കാബൂളിലേക്ക് മുന്നേറാൻ മുജാഹിദീനുകൾക്കായത്. ഇരുവരും ചേർന്ന് മസാർ-ഇ ശരീഫും തുടർന്ന് വടക്കൻ അഫ്ഗാനിസ്താന്റെ മുഴുവൻ ഭാഗങ്ങളുടെ നിയന്ത്രണവും സർക്കാരിൽ നിന്നും പിടിച്ചടക്കി. രണ്ടു വടക്കൻ നേതാക്കളും തുടർന്ന് പഞ്ച്ശീറിലെ അഹ്മദ് ഷാ മസൂദുമായി സഖ്യത്തിലാകുകയും 1992 ഏപ്രിലിൽ ഇവർ കാബൂൾ പിടിച്ചടക്കുകയും ചെയ്തു.[7]
പെഷവാർ ധാരണ
[തിരുത്തുക]കാബൂളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യം ആസന്നമായിരിക്കെ അധികാരം പങ്കിടുന്നതിന് 1992 ഏപ്രിൽ 24-ന് പ്രതിരോധകക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയെയാണ് പെഷവാർ ധാരണ (Peshawar accord) എന്നറിയപ്പെടുന്നത്. ഈ ധാരണപ്രകാരം നിലവിലുള്ള ഇടക്കാലസർക്കാരിന്റെ പ്രസിഡണ്ടായ സിബ്ഗത്തുള്ള മുജദ്ദിദി തുടർന്നുള്ള രണ്ടുമാസക്കാലം പ്രസിഡണ്ടായിരിക്കാനും അതിനു ശേഷം 4 മാസത്തേക്ക്ക് അധികാരം ബുർഹാനുദ്ദീൻ റബ്ബാനിക്ക് നൽകാനും വ്യവസ്ഥ ചെയ്തു. അതിനു ശേഷമുള്ള 18 മാസത്തേക്കുള്ള ഇടക്കാലസർക്കാരിനെ ധാരണാസമിതി (Council of Solution and Pact) എന്ന ഒരു സമിതി തിരഞ്ഞെടുക്കുതിനും ഈ കാലയളവിൽത്തന്നെ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനും ധാരണയായി.
എന്നാൽ ഗുൾബുദ്ദീൻ ഹെക്മത്യാറൂം ഹസാരകളുടെ ഹിസ്ബ് ഇ വാഹ്ദത് കക്ഷിയും ഈ ധാരണയിൽ പങ്കാളിയായിരുന്നില്ല.[7]
അധികാരത്തിലേക്ക്
[തിരുത്തുക]1992 ഏപ്രിൽ 25-നാണ് കാബൂളിന്റെ പതനം പൂർണമായത്. ഇതോടെ പ്രസിഡണ്ട് നജീബുള്ള കാബൂളിലെ ഐക്യരാഷ്ട്രസഭാസമുച്ചയത്തിൽ അഭയം തേടി. 200-ലധികം യുദ്ധവിമാനങ്ങളും, നൂറുകണക്കിന് യുദ്ധടാങ്കുകളും ആയുധങ്ങളും അടങ്ങിയ സർക്കാരിന്റെ ആയുധശേഖരം, പ്രതിരോധകക്ഷികളുടെ കൈയിലായി. 1992 ഏപ്രിൽ 28-ന് പ്രതിരോധകക്ഷികളുടെ ഇടക്കാലസർക്കാരിന്റെ പ്രസിഡണ്ട്, സിബ്ഗത്തുള്ള മുജദ്ദിദി, പെഷവാറിൽ നിന്നും കാബൂളിലെത്തി അധികാരം ഏറ്റെടുത്തു. ��ിവിധ പ്രതിരോധകക്ഷികളുടെ പരസ്പരപോരാട്ടങ്ങൾ മൂലം പ്രതിരോധകക്ഷികളുടെ സർക്കാരിന് സ്ഥിരതയുണ്ടായിരുന്നില്ല. 1996-ൽ താലിബാൻ, പ്രതിരോധകക്ഷികളിൽ നിന്നും രാജ്യത്തിന്റെ ഭരണം പിടിച്ചടക്കി.[7] ഇതോടെ താലിബാനെതിരെ പോരാടുന്നതിനായി, അതുവരെ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന വിവിധ പ്രതിരോധകക്ഷികൾ ഒന്നു ചേർന്ന്, വടക്കൻ സഖ്യം എന്ന ഒരു ഐക്യവേദി രൂപീകരിച്ചു.
കുറിപ്പുകൾ
[തിരുത്തുക]- ക. ^ മൗലവി യൂനിസ് ഖാലിസിന്റെ ഹിസ്ബ് ഇ ഇസ്ലാമി എന്ന കക്ഷി, ഹെക്മത്യാറിന്റെ കക്ഷിയിൽ നിന്നും പിളർന്നുണ്ടായതാണ്. അതുകൊണ്ട് ഈ രണ്ടു കക്ഷികളുടേയും പേര് ഒന്നുതന്നെയാണ്.
- ഖ. ^ മുൻപ് പ്രസിഡണ്ട് ദാവൂദ് ഖാനു കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്നു മുഹമ്മദ് ഹസൻ ഷാർഖ്. ഇദ്ദേഹം പി.ഡി.പി.എ. അംഗമായിരുന്നില്ല. നജീബ് അള്ളായുടെ അധികാരകേന്ദ്രം വ്യാപകമാക്കുന്നതിനായിഉന്നു ഈ നടപടി എന്നു കരുതുന്നു. ഈ ഉദ്ദേശ്യത്തിൽത്തന്നെ 1988-ൽ നവംബറിൽ തന്റെ ആഭ്യന്തരമന്ത്രിയും ഖൽഖി വിഭാഗത്തിന്റെ മുതിർന്ന നേതാവുമായിരുന്ന മുഹമ്മദ് ബഷീർ ഗുലാബ്സോയെ മോസ്കോയിലെ സ്ഥാനപതിയാക്കി പറഞ്ഞയക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 311–320. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 300. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Ruttig, Thomas. Islamists, Leftists - and a Void in the Center. Afghanistan's Political Parties and where they come from (1902-2006) (PDF). Konrad Adenauer Stiftung. p. 2. Archived from the original (PDF) on 2013-05-24. Retrieved 2009-03-27.
The first current was mainly represented in the 1980s by the Sunni Mujahedin tanzim based in Pakistan, the'Peshawar Seven', and the Shia Mujahedin groups based in Iran, the 'Tehran Eight'.
- ↑ http://www.globalsecurity.org/military/world/para/mujahideen.htm
- ↑ Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 36. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 6.0 6.1 Ruttig, Thomas. Islamists, Leftists - and a Void in the Center. Afghanistan's Political Parties and where they come from (1902-2006) (PDF). Konrad Adenauer Stiftung. p. 11. Archived from the original (PDF) on 2013-05-24. Retrieved 2010 ജൂൺ 5.
Resistance by Shia groups can be divided into two phases: a 'successful popular resistance movement' between 1978-83, led by Shura-ye Inqilabi-ye Ittifaq-e Islami-ye Afghanistan, or 'Revolutionary Islamic Unity Council of Afghanistan', and the 'in-fighting' period which resulted from the 'emergence of Hazara groups backed by Iran'
{{cite book}}
: Check date values in:|accessdate=
(help) - ↑ 7.0 7.1 7.2 7.3 7.4 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 322–325. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)