Jump to content

മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാവ് (വിവക്ഷകൾ) എന്ന താൾ കാണുക. മാവ് (വിവക്ഷകൾ)

മാവ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Anacardiaceae
Genus: Mangifera
Species:
M. indica
Binomial name
Mangifera indica
Synonyms[1]

Numerous

ഇലകോതൽ കഴിഞ്ഞ മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.
കൂട തൈകളിൽ വളരുന്ന മാവ് Mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.
മരങ്ങളിലെ പുനർ യൗവന പ്രക്രിയ ചെയ്ത ശേഷം ഇലകൾ തളിർത്ത്‌ വരുന്ന മാവ് Mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.
മരങ്ങളിലെ പുനർ യൗവന പ്രക്രിയ ചെയ്ത ശേഷം ഇലകൾ തളിർത്ത്‌ വരുന്ന മാവ് Mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.

ഇന്ത്യയിൽ ധാരാളമായി വളരുന്നഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ്‌ മാങ്ങ. മാമ്പഴം വളരെ മധുരമുള്ളതും സ്വദിഷ്ടവുമാണ്. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങി നിർവധി തരം മാങ്ങകൾ ഉണ്ട്.

ഇലകോതൽ കഴിഞ്ഞ ഒരു മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.
വലിയ ചട്ടിയിൽ വളരുന്ന ഒരു മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.

ചരിത്രം

[തിരുത്തുക]

മാവ് എന്ന വൃക്ഷത്തിന്റെ ജന്മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും ദക്ഷിണ ഏഷ്യയിലാണ് മാവ് ജന്മം കൊണ്ടത് എന്ന് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയിൽ ബർമ്മയും ആൻഡമാൻ ദ്വീപുകളിലും ആയിരിക്കണം ഇത് ജന്മം കൊണ്ടത് എന്നാണ് കരുതുന്നത്. മാവിന്റെ ജന്മദേശം ആസ്സാം മുതൽ ബർമ്മ വരെ കാണപ്പെടുന്ന പ്രദേശങ്ങളിൽ ആയിരിക്കാമെന്ന് 1920-ൽ പോപ്പനോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1926-ൽ വാവിലോവ് എന്ന ശാസ്ത്രജ്ഞനും ഇന്തോ-ബർമ്മൻ പ്രദേങ്ങളായിരിക്കാം മാവിന്റെ ജന്മദേശമെന്ന് കണക്കാക്കിയിരുന്നു. എങ്കിലും 19561-ൽ മുഖർജി, ബർമ്മ, സയാ, ഇന്���ോ-ചൈന, മലയ തുടങ്ങിയ സ്ഥലങ്ങളാണ് മാവിന്റെ ജന്മദേശമായി അഭിപ്രായപ്പെട്ടത്. ഇതിൽ തന്നെ ആസ്സാം-ബർമ്മ പ്രദേശങ്ങളിൽ ആയിരിക്കാം മാവിന്റെ ജനനം എന്ന് പറയപ്പെടുന്നു.

ബുദ്ധസന്യാസിമാർ വഴി മലയ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങ്അളിൽ ബി.സി. നാലാം നൂറ്റാണ്ടോടുകൂടി എത്തിച്ചു എന്ന് കരുതപ്പെടുന്നു. ക്രിസ്ത്വാബ്ദ്ദം പത്താം നൂറ്റാണ്ടോടുകൂടി പേർഷ്യക്കാർ വഴി മാവും മാമ്പഴവും കിഴക്കൻ ആഫ്രിക്കയിൽ എത്തി. അതിനു ശേഷം പതിനാറാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസ് സഞ്ചാരികൾ തെക്കേ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലും എത്തിച്ചു. ബ്രസീലിൽ നിന്നും വെസ്റ്റിൻഡിസിലെ ബാർബഡോസിൽ 1742 ലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മാവ് കൃഷി ആരംഭിച്ചു. അതിനു ശേഷം 1782-ൽ ജമൈക്ക, 19-ആം നൂറ്റാണ്ടോടുകൂടി ഫിലിപ്പൈൻസിലും മാവ് വ്യാപിച്ചു. വെസ്റ്റ് ഇൻഡിസ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നും മാവ് മെക്സിക്കോയിലെത്തുകയും അവിടെ നിന്നും 1833-ൽ അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്ക് എത്തുകയും ചെയ്തു.


പൂത്തുനിൽക്കുന്ന നാട്ടുമാവ്‌

സവിശേഷതകൾ

[തിരുത്തുക]

ദീർഘകാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മാവ്. ഏകദേശം 10 മീറ്ററോളം പൊക്കത്തിൽ അനവധി ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യം കൂടിയാണിത്. സാധാരണയായി കറുത്തതും തവിട്ടു നിറം കലർന്നതും ബ്രൗൺ കലർന്നതുമായ നിറങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ തായ്ത്തടി ഏറെക്കുറെ നേരെ വളരുന്നതായി കാണപ്പെടുന്നു. മരത്തിന്റെ തൊലി ചില കാലങ്ങളിൽ വിണ്ടുകീറി അടർന്നു വീഴാറുണ്ട്. ഇങ്ങനെ ഇളകുന്ന തൊലിയിൽ ബ്രൗൺ നിറത്തിലോ മഞ്ഞ കലർന്ന ബ്രൗൺ നിറത്തിലോ പശ ഉണ്ടാകുന്നു. മരത്തിന്റെ തൊലിയിൽ ടാനിക് അമ്ലത്തിനു പുറമേ 78% റേസിനും 15% പശയും അടങ്ങിയിരിക്കുന്നു.

ഇലകൾ മൂടിയ വൃക്ഷത്തിന്റെ മുകൾ ഭാഗം ഏകദേശം വൃത്താകൃതിയിലായിരിക്കും കാണപ്പെടുക. ഇടവിട്ടുണ്ടാകുന്ന തളിർപ്പുകൾ വഴിയാണ് ഈ സസ്യം വളർച്ച പ്രാപിക്കുന്നത്. തളിരിലകൾക്ക് ചെമ്പ് നിറമായിരിക്കും. ഇലകൾക്ക് പാകമാകുന്നതോടെ ചെമ്പുനിറം മാറി പച്ച നിറമായിരിക്കും. ഇലകളിൽ 'മാർജിഫെറിൻ' എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു. ഇലകളൂടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ഏകദേശം ഒരു വർഷത്തോളം ഒരു ഇല മരത്തിൽ നിലനിൽക്കും. അതിനു ശേഷം മഞ്ഞ നിറമാകുകയും പൊഴിഞ്ഞ് പോകുകയും ചെയ്യുന്നു.

മാവിന്റെ ഇനവും അത് വളരുന്ന കാലാവസ്ഥയുടേയും സ്വാധീനത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ സാധാരണയായി ചില്ലകളുടെ അഗ്രഭാഗത്തായി സ്തൂപാകൃതിയിൽ ഉണ്ടാകുന്നു. ഏകദേശം 45 സെന്റീമീറ്ററോളം നീളത്തിൽ ഉണ്ടാകുന്ന പൂങ്കുലകൾക്ക് 500 മുതൽ 6000 വരെ പൂക്കൾ ഉണ്ടാകാം. മാവിന്റെ തനതായ സ്വഭാവം അനുസരിച്ച് ഈ പൂക്കളിൽ ഏകദേശം 65-70 % പൂക്കളും ദ്വിലിംഗ പുഷ്പങ്ങളായിരിക്കാം. ബാക്കിയുള്ളത് ആൺ പൂക്കളും ആയിരിക്കും. ദ്വിലിംഗപുഷ്പങ്ങൾ കൂടുതലുള്ള മാവുകളീൽ കായ്ഫലം കൂടുതലായി കാണപ്പെടുന്നു. മാമ്പൂക്കൽ വിടരുന്നത് രാവിലെ ആറ് മണിമുതൽ വൈകുന്നേരം വരെയാണ്. ഒരു പൂവ് പൂർണ്ണമായും വിരിയാൻ ഏകദേശം 1 മണിക്കൂർ വരെ സമയം എടുക്കാറുണ്ട്.

മാമ്പശ്യം സസ്യശാസ്ത്രപരമായി 'ഡ്രൂപ്പ്' (Drupe) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആകൃതി, വലിപ്പം, നിറം, തൊലിയുടെ പ്രത്യേകത, അകക്കാമ്പിന്റെ നിറം, അകക്കാമ്പിന്റെ കട്ടി, ചാറിന്റെ അളവ്, നാര്, മധുരം, ഗന്ധം എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ മാവ് കാണപ്പെടുന്നു. അകക്കാമ്പിനകത്തായി കട്ടിയുള്ള ആവരണത്താൽ പൊതിഞ്ഞ് ഒരു വിത്ത് കാണപ്പെടുന്നു. എങ്കിലും, കേരളത്തിലെ ചില നാടൻ മാവുകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ബഹുഭ്രൂണത, ഇത്തരം മാവുകളുടെ വിത്തിൽ നിന്നും ഒന്നിലധികം തൈകൾ ഉണ്ടാകുന്നു.അതിൽ ഒന്രു തൈ മാത്രമാണ് പ്രത്യുത്പാദനം വഴി ഉണ്ടാകുന്നത്. ബാക്കിയുള്ളവ അണ്ഡാശയത്തിലെ ചില കോശങ്ങൾ വികസിച്ച് ഉണ്ടാകുന്നവയുമാണ്. സാധാരണയായി ഇത്തരം വിത്തുകളിൽ നിന്നും പ്രത്യുത്പാദനം വഴി ഉണ്ടാകുന്ന തൈകൾ നശിച്ചു പോകാറുണ്ട്. അവശേഷിക്കുന്ന തൈകൽ അലൈംഗികളായിരിക്കുകയും ചെയ്യും. കുരുവിൽ നിന്നും ഉണ്ടാകുന്ന ചെടികൾ ഏകദേശം നൂറോളം വർഷം നിലനിൽക്കുമ്പോൾ; കായിക പ്രജനനമാർഗ്ഗത്തിലൂടെ രൂപപ്പെടുത്തുന്ന സസ്യങ്ങൾ ശരാശരി എൺപത് വർഷം വരെ നിലനിൽക്കുന്നു.

വർഗ്ഗീകരണം

[തിരുത്തുക]

പ്രധാനമായും മാവിന്റെ കായിക സ്വഭാവം, പുഷ്പ - ഫല പ്രത്യേകതകൾ എന്നീ ഗുണങ്ങൾ കണക്കിലെടുത്താണ് സാധാരണയായി വർഗ്ഗീകരണം നടത്തുന്നത്. ഇതിൽ പ്രധാനമായും കണക്കിലെടുക്കുന്ന പ്രധാന ഗുണമാൺ് പഴങ്ങളുടെ ആകൃതി, വലിപ്പം, നിറം തുടങ്ങിയ ഗുണഗണങ്ങൾ. പഴത്തിന്റെ ആകൃതിയനുസരിച്ച് പ്രധാനമായും ഉരുണ്ട മാമ്പഴം, ഇടത്തരം വലിപ്പമുള്ളത്, നീണ്ട മാമ്പഴം എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. കൂടാതെ പഴത്തിന്റെ മറ്റ് സ്വഭാവം, ഇല. പൂങ്കുല എന്നിവയുടെ സ്വഭാവങ്ങളും വർഗ്ഗീകരണത്തിനായി ഉപയോഗിക്കാറുണ്ട്. കൂടാതെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ തീന്മേശ ഇനങ്ങൾ, ചാറുള്ള ഇനങ്ങൾ, വാണിജ്യാവശ്യത്തിനുള്ളവ, അച്ചാർ ഇനങ്ങൾ, ദ്വന്ദ്വോപയോഗ ഇനങ്ങൾ എന്നിങ്ങനേയും ഇവയെ തരം തിരിക്കാറുണ്ട്.

കൂടാതെ കായ്ക്കുന്ന സമയത്തെ അടിസ്ഥാനമാക്കി നേരെത്തെ കായ്ക്കുന്ന ഇനങ്ങൾ, മധ്യ സീസണിൽ കായ്ക്കുന്നവ, താമസിച്ച് കായ്ക്കുന്നവ എന്നിങ്ങനേയും ഒരു തരം തിരിവുകൂടിയുണ്ട്.

നടീൽവസ്തു

[തിരുത്തുക]
മാവ് തൈ

വിത്തുമുളച്ച് ഉണ്ടായ തൈകൾ ആയിരുന്നു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്നത്. പക്ഷേ, അങ്ങനെയുണ്ടാകുന്ന തൈകളിൽ കൂടുതലും മാതൃവൃക്ഷത്തിന്റെ ഗുണഗണങ്ങൾ ഇല്ലാത്തവയായിരിക്കാം. അങ്ങനെയുള്ള തൈകളിൽ മാതൃഗുണമുള്ള വൃക്ഷങ്ങളുടെ ശിഖരം ഒട്ടിച്ച് എടുക്കുകയാണ് വ്യാവസായികമായി മാങ്ങയുത്പാദനം ലക്ഷ്യമിട്ടുള്ള കൃഷിയിടങ്ങൾക്ക് അനുയോജ്യം. ഇങ്ങനെ ഒട്ടിച്ചെടുക്കുന്ന തൈകളേ ഗ്രാഫ്റ്റ് തൈകൾ എല്ലെങ്കിൽ ഒട്ടു തൈകൾ എന്നു പറയുന്നു. ഒട്ടുതൈകൾ ഉണ്ടാക്കുന്നതിനായി നല്ല വലിപ്പവും ആരോഗ്യവുമുള്ള വിത്തുകൾ മുളപ്പിച്ച് സ്റ്റോക്ക് ഉണ്ടാക്കുന്നു. സ്റ്റോക്കിനായി തിരഞ്ഞെടുക്കുന്ന തൈകൾക്ക് നല്ല ആരോഗ്യവും വളവില്ലാത്ത തണ്ടും ഉണ്ടായിരിക്കണം.

ശത്രുകീടങ്ങൾ

[തിരുത്തുക]

തുള്ളൻ എന്നു വിളിക്കുന്ന മങ്കോ ഹോപ്പർ, കൂമ്പുകൾ ഉണക്കുന്ന ഷൂട്ട്മിഡ്ജ്, തടി തുരപ്പൻ (ഷൂട്ട് ബോറർ), പഴ ഈച്ച( ഫ്രൂട്ട് ഫ്ളൈ) ഇവയൊക്ക്ക്കെയാണ്‌. [2]

മാങ്കോ ഹോപ്പർ

[തിരുത്തുക]

തുള്ളൻ എന്നു വിളിക്കുന്ന മാങ്കോ ഹോപ്പറാണ് മാവിന്റെ ശത്രുകീടങ്ങളിൽ പ്രധാനം. ഈ കീടത്തിന്റെ നിംഫുകളും ഹോപ്പറുകളും ഇളം തണ്ടുകളുടേയും പൂങ്കുലകളുടേയും നീർ ഊറ്റിക്കുടിക്കുന്നു. തൻടുകളും പൂങ്കുലകളും ഉണങ്ങാൻ കാരണമാകുന്നു. പൂങ്കുലകളിൽ കായ് പിടുത്തും ഉണ്ടാവില്ല. മാവ് പൂക്കുന്ന സമയത്താണ് ഹോപ്പറുകൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നത്. ഇവ ചെറിയ പ്രാണികളാണ്. മാവിലെ തളിരിലകളിലും തണ്ടിലും പൂങ്കുലയിലുമൊക്കെ ഹോപ്പർ മുട്ടയിടുന്നു. മുട്ട വിരിഞ്ഞു വരുന്ന നിംഫുകൾ പൂങ്കുലകളേയും മറ്റും ആക്രമിച്ചു കഴിയുകയും മുതിർന്ന ഹോപ്പറായി മാറുകയും ചെയ്യും.

ഷൂട്ട് മിഡ്ജ്

[തിരുത്തുക]

മാവിന്റെ കൂമ്പുകൾ ഉണങ്ങുന്നതാണ് ഷൂട്ട് മിഡ്ജിന്റെ ആക്രമണത്തിന്റെ പ്രധാന ലക്ഷണം. ഈ കീടം മാവിന്റെ ഇളം കൂമ്പിലും പൂങ്കുലയിലുമൊക്കെ തുളച്ചു കയറി ഉള്ളിലെ മജ്ജ കാർന്നു തിന്നുന്നു. ഒരുതരം ഈച്ചയുടെ മുട്ട വിരിഞ്ഞാണീ കീടങ്ങൾ ഉണ്ടാകുന്നത്.

ഷൂട്ട് ബോറർ

[തിരുത്തുക]

മാവിന്റെ തടി തുരക്കുന്ന പുഴുക്കളാണ് ഷൂട്ട് ബോറർ പുഴുക്കൾ. തടി തുരപ്പൻ വണ്ടുകൾ മാവിന്റെ തൊലിയിലെ വിടവിൽ മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ തടി തുളച്ച് ഉള്ളിൽ കടക്കുന്നു. ഉള്ളിലെ കാതൽ കാർന്നു തിന്നു സമാധി ദശയെ പ്രാപിക്കുന്നു. തുടർന്ന് ഇവ പ്രായപൂർത്തിയായി വണ്ടായി മാറും. ശാഖകളും ചിലപ്പോൾ മരം തന്നെയും ഉണങ്ങാൻ ഇവ കാരണമാകുന്നു.

പഴ ഈച്ച

[തിരുത്തുക]

ഈ ഈച്ചകൾ മാങ്ങയുടെ തൊലി തുളച്ച് ഉള്ളിൽ മുട്ടയിടുന്നു. മാങ്ങ പഴുക്കുന്ന വേളയിലാണിത് കൂടുതലായും സംഭവിക്കുന്നത്, ശരീരത്തിന്റെ പിൻ ഭാഗത്തുള്ള കൂർത്ത അവയവം ഇവയെ സഹായിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ മാങ്ങയുടെ കാമ്പ് തിന്ന് ജീവിക്കുന്നു. മണ്ണിലാണ് സമാധി ദശ. ആക്രമണത്തിന്റെ ഫലമായി മാമ്പഴത്തിൽ തവിട്ടു നിറമുള്ള അഴുകിയ പാടുകൾ കാണുന്നു. മാങ്ങ കൊഴിഞ്ഞു വീണ് അഴുകുകയും ചെയ്യും.

തുളസിക്കെണികൾ കെട്ടിത്തൂക്കുന്നത് പഴ ഈച്ചയെ തടയാൻ സഹായിക്കുന്നു.

രോഗങ്ങൾ

[തിരുത്തുക]

കൊമ്പുണക്കം (ഡൈ ബാക്ക്), പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യു), ആന്ത്രക്ക്നോസ്, കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്), ചെന്നീരൊലിപ്പ് [3]

കൊമ്പുണക്കം (ഡൈ ബാക്ക്)

[തിരുത്തുക]

കുമിളിന്റെ ആക്രമണം മൂലം മാവിന്റെ കൊമ്പുകൾ അഗ്രഭാഗത്തു തുടങ്ങി താഴേക്ക് ഉണങ്ങുന്ന രോഗമാണിത്. ഈർപ്പം കൂടിയ കാലാവസ്ഥയാണ് ഇതിനു വേണ്ടത്. ഈ കൊമ്പുകൾ ക്രമേണ ഒടിയുന്നു. മാവ് മൊത്തമായി ഉണങ്ങാനും സാധ്യതയുണ്ട്. കൊമ്പുണക്കം ശ്രദ്ധയിൽ പെട്ടാൽ ഉടനെ കൊമ്പുകൾ താഴെ വച്ച് ഒടിച്ചു മാറ്റുന്നത് നല്ലതാണ്.

പൊടിപൂപ്പ് ( പൗഡറി മൈൽഡ്യൂ)

[തിരുത്തുക]

കുമിൾ രോഗമാണ് പൊടിപൂപ്പ്. മാവിന്റെ ഇലകളിലും പൂക്കളിലും കണ്ണിമാങ്ങകളിലുമൊക്കെ വെളുത്ത പൊടി പൊലെ കുമിൾ പറ്റിപ്പിടിക്കുന്നു. ഇലകളും പൂക്കളും കണ്ണിമാങ്ങകളുമൊക്കെ വാടിക്കൊഴിയാൻ ഇത് കാരണമാകുന്നു. സൾഫർ പൊടി ഉപയോഗിച്ച് പൊടിപൂപ്പിനെ നിയന്ത്രിക്കാം. തയോവിറ്റ് 80 വി.പി. 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും ചെയ്യുന്നത് ഇവയെ നിയന്ത്രിക്കും.

ആന്ത്രക്ക്നോസ്

[തിരുത്തുക]

അന്തരീക്ഷ ഈർപ്പം അധികമാകുമ്പോൾ ഉണ്ടാകുന്ന കുമിൾ രോഗമാണിത്. ഇലകളിലും കൊമ്പുകളിലുമൊക്കെ കറുത്ത പുള്ളിയായി കാണപ്പെടുന്നു. കൊമ്പുണങ്ങാനും പൂക്കൾ കൊഴിയാനും കണ്ണിമാങ്ങകൾ ചുക്കിച്ചുളിഞ്ഞു താനേ വീഴാനുമൊക്കെ കാരണമാകുന്നു. സൾഫർ പൊടിയുടെ ഉപയോഗം ഇവയെ നിയന്ത്രിക്കു.

കരിം പൂപ്പ്

[തിരുത്തുക]

മങ്കോഹോപ്പറിൻ്റെ കീടം സ്രവിക്കുന്ന മധുരലായിനി ഇലകളിൽ വീഴുമ്പോഴാണ് കരിം പൂപ്പ് പറ്റിപ്പിടിക്കുന്നത്. ഹോപ്പറിൻ്റെ നിയന്ത്രണമാണ് പ്രതിരോധമാർഗ്ഗം.

ചെന്നീരൊലിപ്പ്

[തിരുത്തുക]

മാവിൻ്റെ തടിയിൽ നിന്നും ചുവന്ന നീര് ഒലിക്കുന്നതാാണ് ലക്ഷണം. കുമിൾബാധയാണ് കാരണം. ബോർഡോ മിശ്രിതം തളിക്കുന്നത് പ്രതിരോധമാർഗ്ഗമാണ്.

പൂവിടൽ

[തിരുത്തുക]
മാമ്പൂവ്

ചില മാവുകൾ എല്ലാ വർഷവും കായ്ക്കാറില്ല. രോഗകീട ബാധ, പോഷക കുറവ്, ഹോർമോൺ തകരാർ ഇതൊക്കെയാണ്‌ കാരണങ്ങൾ.[3]

ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്ക്‌ പോകുന്തോറും പൂവിടൽ വൈകുന്നു. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌ പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌. എന്നാൽ പൂവിടുന്ന കാലയളവിൽ മഴയുണ്ടായാൽ പൂക്കൾ കൊഴിയുന്നു. അതിനാൽ പരാഗണം നടക്കാതിരിക്കുവാൻ ഇത് കാരണമാകും.

ഔഷധ ഉപയോഗം

[തിരുത്തുക]

മാമ്പഴ ചാർ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചു് മീതെ പാൽ കഴിക്കുന്നത് ശരീരം ശോഷിക്കുന്നതു തടയാനും ശരീര ക്ഷീണം മാറാനും ലൈംഗിക ഉത്തേജനം ഉണ്ടാകാനും ഉറക്കം കിട്ടാനും നല്ലതാണ്‌.[3]

ഉൽപാദനം

[തിരുത്തുക]

ആന്ധ്രാപ്രദേശ്

[തിരുത്തുക]

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവിൻ തോട്ടങ്ങൾ കണ്ടു വരുന്ന ഒരു സംസ്ഥാനമാണ് ആന്ധ്ര. ഇത് ഇന്ത്യയിലെ മാമ്പഴ ഉത്പാദനത്തിന്റെ 27 മുതൽ 30 ശതമാനം വരെയാണ്. 30-35 ലക്ഷം ടൺ വരെ മാമ്പഴമാണ് ആന്ധ്രയിൽ നിന്നും ലഭിക്കുന്നത്. അതിൽ ഏറിയ പങ്കും ഈ സംസ്ഥാനത്തിലെ ചിറ്റൂർ, അഡിലാബാദ്, വാറങ്കൽ, ഖമാം, കൃഷ്ണ എന്നീ ജില്ലകളിൽ നിന്നുമാണ് ലഭിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ

[തിരുത്തുക]

കൃഷ്ണഗിരി, തേനി, വെല്ലൂർ, തിരുവള്ളുവർ എന്നീ ജില്ലകളിലാണ് തമിഴ്നാട്ടിൽ മാവ് കൃഷി. ഉത്തർ പ്രദേശിൽ , സഹറൻപൂർ, മുസാഫർ നഗർ, ബിജ് നഗർ, ബാഗ്പട്ട്, മീററ്റ്, ഫൂലേ നഗർ, ബുലന്ദ് ഷാഘർ, ഹർദോയ, സീതാപൂർ, ബാരബങ്കി. ലക്നൗ, പ്രതാപ്ഗർ, വാറണാസി ഫൈസാബാദ് എന്നിവിടങ്ങളിൽ വൻ തോതിൽ മാവ് കൃഷി ചെയ്യപ്പെടുന്നുണ്ട്.

പശ്ചിമബംഗാളിൽ മാൽഡ്, മുർഷിദാബാദ്, പർഗനാസ്, ഹുഗ്ലി, മിഡ്നാപൂറിന്റെ കിഴക്കൻ പ്രദേശങ്ങൾ തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങൾ. 67000 ഹെക്റ്റർ സ്ഥലത്തു നിന്നും 4.60 ൽഅക്ഷം ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു.

കർണ്ണാടക സംസ്ഥാനത്ത് കോളാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. കർണ്ണാടകത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം പ്രതിവർഷം ഏകദേശം 10-11 ലക്ഷം ടൺ ആണ്.

കൊങ്കൺ തീരത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന 'അൽഫോൻസോ' എന്ന ഇനം മാമ്പഴങ്ങളിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

കേരളത്തിൽ

[തിരുത്തുക]

കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ നവംബർ-ഡിസംബർ കാലയളവിലാണ്‌ മാവ്‌ പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതൽ മാവ് കൃഷിയുള്ള ജില്ലകൾ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ്.

മാവ് ഇനങ്ങൾ

[തിരുത്തുക]

മൂവാണ്ടൻ, കിളിച്ചുണ്ടൻ, കാലാപ്പാടി, മല്ലിക, കോട്ടൂർക്കോണം തുടങ്ങിയവ കേരളത്തിൽ കാണപ്പെടുന്ന മാവിനങ്ങൾ ആണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; shah എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉണ്ണികൃഷ്ണൻ നായർ, ജി. എസ്. (2008). കേരളത്തിലെ ഫലസസ്യങ്ങൾ-1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 81-7638-649-9. {{cite book}}: Cite has empty unknown parameter: |coauthors= (help)CS1 maint: extra punctuation (link)
  3. 3.0 3.1 3.2 book3

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാവ്&oldid=4086085" എന്ന താളിൽനിന്ന് ശേഖരിച്ചത്