ജെ.ഡി. തോട്ടാൻ
ജെ.ഡി. തോട്ടാൻ | |
---|---|
ജനനം | ജോസ് ദേവസ്യ തോട്ടാൻ ഫെബ്രുവരി 23, 1922 |
മരണം | സെപ്റ്റംബർ 23, 1997 | (പ്രായം 75)
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | സംവിധായകൻ, നിർമ്മാതാവ് |
ജീവിതപങ്കാളി(കൾ) | സാറാക്കുട്ടി |
മാതാപിതാക്ക(ൾ) | ദേവസ്യ, റോസ് |
മലയാളചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ജെ.ഡി. തോട്ടാൻ. ഇരിഞ്ഞാലക്കുട സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 ഫെബ്രുവരി 23ന് തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ ജനിച്ചു. 1946ൽ മൈസൂറിലുള്ള നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാളചിത്രം കൂടപ്പിറപ്പ് ആണ്. ചതുരംഗം, സ്ത്രീഹൃദയം, കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം, സ്ത്രീഹൃദയം തുടങ്ങി പല ചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.[1]1997 സെപ്റ്റംബർ 23ന് ജെ.ഡി. തോട്ടാൻ അന്തരിച്ചു.
ചലച്ചിത്രപ്രവർത്തനം
[തിരുത്തുക]1946ൽ സിനിമാരംഗത്തു പ്രവേശിച്ച ജെ.ഡി. തോട്ടാൻ അഞ്ച് ദശകക്കാലം ഈ രംഗത്തു പ്രവർത്തിച്ച സംവിധായകനാണ്. ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം മുതൽ നൂറ്റി ഇരുപത്തേഴ് ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം വരെ സിനിമാരംഗത്തു നിലയുറപ്പിച്ച അപൂർവം ചിലരിലൊരാളാണ് തോട്ടാൻ. 1946ൽ മൈസൂറിലെ നവജ്യോതി ഫിലിം കമ്പനിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.[2] തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1950ൽ മദിരാശിയിലെത്തിയ ഇദ്ദേഹം വീണ്ടും രണ്ടരവർഷക്കാലം പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി. അങ്ങനെ സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. 1952ൽ അസോസിയേറ്റഡ് ഫിലിംസിൽ ചേർന്ന തോട്ടാൻ ആശാദീപം, സ്നേഹസീമ തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ജി.ആർ. റാവുവിന്റെയും എസ്.എസ്. രാജന്റെയും സഹസംവിധായകനായി പ്രവർത്തിച്ചു.
1956ൽ സ്വന്തം ഭാഷയിൽ തിരിച്ചെത്തി, ചിറയിൻകീഴ് ഖദീജാ പ്രൊഡക്ഷൻസിന്റെ കൂടപ്പിറപ്പ് സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഥമ സംഭാവനയായ കൂടപ്പിറപ്പ് അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ അംബികയും പ്രേംനവാസും ആണ് ഇതിലെ നായികാനായകന്മാർ. മറ്റു പ്രവർത്തകരും ഏറിയ പങ്കും പുതുമുഖങ്ങളായിരുന്നു. അനുഗൃഹീത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരൻ പോഞ്ഞിക്കര റാഫി ഇതിലൂടെ തിരക്കഥാകൃത്തായി. 1956ൽ അഞ്ചു മലയാളചിത്രങ്ങളായിരുന്നു കേരളത്തിൽ റിലീസ് ചെയ്തത്. അതിലൊന്നായിരുന്നു ‘കൂടപ്പിറപ്പ്’. (‘അവരുണരുന്നു’, ‘ആത്മാർപ്പണം’, ‘മന്ത്രവാദി’, ‘രാരിച്ചൻ എന്ന പൗരൻ’ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. തോട്ടാന്റെ കന്നിച്ചിത്രമായ കൂടപ്പിറപ്പ് ബോക്സോഫിസ് തകർത്തുമുന്നേറി.[2]
പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പിൽക്കാലത്തും തോട്ടാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനവിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാൻ സംവിധാനം നിർവഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ ചതുരംഗം ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. സ്ത്രീഹൃദയവും ചതുരംഗവും പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാൻ കഴിഞ്ഞു. സംവിധായകനും നിർമാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 1963ൽ പ്രശസ്ത നടൻ രാജ്കുമാറിനെ നായകനാക്കി കന്യാരത്നം എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തു. രാജ്കുമാർ ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. കർണ്ണാടകത്തിൽ നൂറുദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചിത്രമായിരുന്നു അത്.[2] തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ആകെ പതിനേഴ് ചിത്രങ്ങളാണ് തോട്ടാൻ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും എഴുതിയ അതിർത്തികളാണ് ഇദ്ദേഹം നിർമ്മാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]ചിത്രം | വർഷം | നിർമ്മാതാവ് |
---|---|---|
കൂടപ്പിറപ്പ് | 1956 | റഷീദ് |
ചതുരംഗം | 1959 | ഡാ. ജോഷ്വ |
സ്ത്രീഹൃദയം | 1960 | ടി ആൻഡ് ടി പ്രൊഡക്ഷൻ |
കല്യാണഫോട്ടോ | 1964 | ടി.ഇ. വസുദേവൻ |
സർപ്പക്കാട് | 1965 | പി.കെ. സത്യപാൽ |
വിവാഹം സ്വർഗ്ഗത്തിൽ | 1970 | പി.എ. മുഹമ്മദ് കാസ്സിം |
അനാഥ | 1970 | പി.ഐ.എം. കാസിം |
കരിനിഴൽ | 1971 | കോവൈ രാമസ്വാമി |
ഗംഗാസംഗമം | 1971 | പോൾ കല്ലുങ്കൽ |
വിവാഹസമ്മാനം | 1971 | അന്ന അരുണ |
ഓമന | 1972 | ജെ.ഡി. തോട്ടാൻ |
ചെക്ക് പോസ്റ്റ് | 1974 | ജെ.ഡി. തോട്ടാൻ |
നുരയും പതയും | 1977 | ജെ.ഡി. തോട്ടാൻ |
അതിർത്തികൾ | 1988 | എം.റ്റി.പി. പ്രൊഡക്ഷൻ |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന് ജെ.ഡി തോട്ടാൻ
- ↑ 2.0 2.1 2.2 "മൗനത്തിന്റെ കൂടപ്പിറപ്പ്". മാധ്യമം ആഴ്ചപ്പതിപ്പ്. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ജെ.ഡി. തോട്ടാൻ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജെ.ഡി. (1922 - 97) തോട്ടാൻ, ജെ.ഡി. (1922 - 97) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |