Jump to content

ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൗളർ ഷോൺ പൊള്ളോക്ക് ബാറ്റ്സ്മാൻ മൈക്ക് ഹസിക്കെതിരെ പന്തെറിയുന്നു. മങ്ങിയനിറത്തിൽ കാണുന്ന പുല്ല് കുറഞ്ഞ ഭാഗമാണ് ക്രിക്കറ്റ് പിച്ച്. പിച്ചിന്റെ രണ്ട് അറ്റങ്ങളിലുമായി കാണുന്ന രണ്ട് കൂട്ടം മൂന്ന് മരക്കമ്പുകളാണ് വിക്കറ്റുകൾ. രണ്ട് വെളുത്ത രേഖകളാണ് ക്രീസുകൾ.
2005 ജനുവരിയിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽനിന്ന്. വലതുവശത്തായി കറുത്ത ട്രൗസറുകൾ ധരിച്ച് നിൽക്കുന്നവരാണ് അമ്പയർമാർ. ടെസ്റ്റ് ക്രിക്കറ്റ്, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ്,ക്ലബ് ക്രിക്കറ്റ് എന്നിവയിൽ പരമ്പരാഗതമായ വെളുത്ത യൂണിഫോമും ചുവന്ന ക്രിക്കറ്റ് ബോളുകളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പ്രൊഫഷണൽ ഏകദിന ക്രിക്കറ്റിൽ പല നിറങ്ങളിലുള്ള യൂണിഫോമുകളും വെളുത്ത പന്തുമാണ് ഉപയോഗിക്കാറ്.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഏകദിന മത്സരത്തിൽ നിന്ന്. ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ മഞ്ഞ വസ്ത്രങ്ങളും ഫീൽഡ് ചെയ്യുന്ന ഇന്ത്യൻ കളിക്കാർ നീല വസ്ത്രങ്ങളും ധരിച്ചിരിക്കുന്നു.
റോസ്ബോൾസ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടന്ന ഒരു അന്താരാഷ്ട്ര ട്വെന്റി20 മത്സരത്തിന്റെ ദൃശ്യം. ട്വെന്റി20 മത്സരങ്ങൾ സാധരണായായി സന്ധ്യാസമയത്ത് തുടങ്ങുകയും രണ്ടര മുതൽ മൂന്ന് മണിക്കൂറിനകം അവസാനിക്കുകയും ചെയ്യുന്നു.
     പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. 
     വൃത്താകൃതിയിലുള്ള പുൽ‌മൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു. 
    കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു. 
    ബാറ്റ്സ്മാനെ കീഴടക്കി ബോളറുടെ പന്ത് വിക്കറ്റിൽ പതിക്കുകയോ ബാറ്റ്സ്മാൻ അടിക്കുന്ന പന്ത് നിലംതൊടുന്നതിനു മുൻപ് എതിർടീമംഗങ്ങൾ പിടിക്കുകയോ ചെയ്താൽ ബാറ്റ്സ്മാൻ പുറത്താകുന്നു. പുറത്താകുന്ന ബാറ്റ്സ്മാനു പകരം അടുത്തയാളെത്തുന്നു. ഇപ്രകാരം ബാറ്റിങ് ടീമിലെ പത്തു ബാറ്റ്സ്മാന്മാർ പുറത്താകുമ്പോൾ (ഏകദിന ക്രിക്കറ്റിൽ ഇതു വ്യത്യസ്തമാണ്) അടുത്ത ടീമിന്റെ ഊഴമെത്തുന്നു. ഏറ്റവുമധികം റൺസ് നേടുന്ന ടീം കളിയിൽ ജയിക്കുന്നു. ഇത്രയുമാണ് ക്രിക്കറ്റ് കളിയുടെ രത്നചുരുക്കം. സാങ്കേതികമായ വിശദാംശങ്ങൾ ഈ ലേഖനത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ കാണാം.
   പ്രധാനമായും രണ്ടു തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളാണ് പ്രചാരത്തിലുള്ളത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും ഏകദിന നിയന്ത്രിത ഓവർ മത്സരങ്ങളും. ടെസ്റ്റ് ക്രിക്കറ്റ് ക്രിക്കറ്റ് കളിയിലെ അടിസ്ഥാന മത്സരമാണെങ്കിലും ആധുനിക കാലത്ത് ഏകദിന മത്സരങ്ങൾക്കാണ് ജനപ്രീതി.
  22 പേരുടെ മത്സരമാണെങ്കിലും ഇത്രയും പേർതന്നെ കളിക്കുന്ന ഇതര കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റ് ജനപ്രീതിയിൽ പിന്നിലാണ്. ഇപ്പോഴും കോമൺ‌വെൽത്ത് രാജ്യങ്ങളിൽ ചിലവയിൽ മാത്രമേ ഈ കായികവിനോദം ആസ്വദിക്കപ്പെടുന്നുള്ളൂ. ക്രിക്കറ്റിന്റെ ജനപ്രീതിക്കു വിഘാതമാകുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്. പ്രധാനമായും മത്സരം ഒന്നോ അതിലധികമോ ദിവസങ്ങൾ നീണ്ടു നിൽക്കുന്നു എന്നതാണ്. ഫുട്ബോളാകട്ടെ ഒന്നര മണിക്കൂറിൽ മത്സരം അവസാനിക്കുന്നു. ഇതര കായിക വിനോദങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന്റെ നിയമങ്ങൾ സങ്കീർണ്ണമാണെന്നു പറയാം. കളിക്കാരുടെ കായികക്ഷമതയേക്കാൾ സാങ്കേതിക മികവിനാണ് ക്രിക്കറ്റിൽ പ്രാധാന്യം. ക്രിക്കറ്റിന്റെ ജന‍പ്രീതിയുയർത്താൻ ട്വന്റി 20 ക്രിക്കറ്റ്‌ പോലുള്ള പരീക്ഷണങ്ങൾ അരങ്ങേറുന്നുണ്ട്.

മത്സര ഘടനയും ലക്ഷ്യവും

[തിരുത്തുക]
ഒരു ക്രിക്കറ്റ് ബാറ്റിന്റെ മുൻവശവും പിൻവശവും
ഒരു ക്രിക്കറ്റ് ബോൾ. ചുവന്ന നിറത്തിലുള്ള ഇത്തരം പന്തുകൾ സാധാരണയായി ടെസ്റ്റ് മത്സരങ്ങളിലാണുപയോഗിക്കുന്നത്. ഏകദിന മത്സരങ്ങളിൽ വെളുത്ത പന്തും ഉപയോഗിക്കാറുണ്ട്

ക്രിക്കറ്റ് ബാറ്റും ബോളും ഉപയോഗിച്ചുള്ള കളിയാണ്. എതിർടീമിനേക്കാൾ കൂടുതൽ റൺസ് നേടുക എന്നതാണു കളിയുടെ ലക്ഷ്യം. ഒരു കളി ഇന്നിംഗ്സുകളായി വിഭജിച്ചിരിക്കുന്നു. ഒരു ടീം ബാറ്റു ചെയ്യുമ്പോൾ എതിർടീം ഫീൽഡ് ചെയ്യുന്നു.

രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം എതിർടീം നേടിയ റൺസിനേക്കാൾ കുറവാണ് നേടിയതെങ്കിൽ അവർ അത്രയും റൺസിനു തോറ്റു എന്നു പറയും. അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു. ഒരു ടീം രണ്ടിന്നിംഗ്സുകൾ കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്ത ടീം രണ്ടിന്നിംഗ്സുകൾ ബാറ്റു ചെയ്തിട്ടും ആദ്യത്തെ ടീമിന്റെ ഒന്നാം ഇന്നിംഗ്സിലെ സ്കോറിന് ഒപ്പമെത്തിയില്ലെങ്കിൽ ആദ്യ ടീം പിന്നീടു ബാറ്റുചെയ്യേണ്ടതില്ല. അവർ ഇന്നിംഗ്സിനും അത്രയും റൺസിനും ജയിച്ചു എന്നും പറയും.

രണ്ടാമതു ബാറ്റുചെയ്യുന്ന ടീം ആദ്യത്തെ ടീമിന്റെ അതേ സ്കോറാണു നേടിയതെങ്കിൽ മത്സരം ടൈ ആയി എന്നു പറയും. ഇതു വളരെ വിരളമായേ സംഭവിക്കുകയുള്ളൂ. രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം ആദ്യത്തെ ടീമിനേക്കാൾ സ്കോർ നേടി കളിയവസാനിക്കുമ്പോൾ എത്ര വിക്കറ്റുകൾ(ബാറ്റ്സ്മാന്മാർ) ശേഷിക്കുന്നോ അത്രയും വിക്കറ്റുകൾക്കു ജയിച്ചു എന്നു പറയും. ഇരു ടീമുകളും ലക്ഷ്യം നേടുന്നതിനു മുൻപേ മത്സര സമയം അവസാനിച്ചുവെങ്കിൽ പ്രസ്തുത മത്സരം സമനിലയിൽ അവസാനിച്ചു എന്നു പറയും.

ഒരു മത്സരത്തിൽ ഓരോ ടീമും ഒരിന്നിംഗ്സ് മാത്രമേ കളിക്കുകയുള്ളുന്നു എങ്കിൽ ആ മത്സരത്തിൽ ഓരോ ടീമും എറിയുന്ന പന്തുകളുടെ എണ്ണം നിയന്ത്രിച്ചിരിക്കും. ഏകദിനം(50 ഓവർ) ,ട്വൻറി-ട്വൻറി (20 ഓവർ) എന്നീ നിയന്ത്രിത ഓവർ മത്സരങ്ങളാണ് ഇപ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.ഓരോ ഓവറിലും ആറു പന്തുകളാണ് അനുവദിച്ചിരിക്കുന്നത്.

ഇങ്ങനെയുള്ള മത്സരങ്ങളിൽ നിശ്ചിത ഓവറുകൾക്കുള്ളിൽ രണ്ടാമത്തെ ടീം ആദ്യ ടീം നേടിയ സ്കോറിനേക്കാൾ അധികം റൺസ് നേടുമ്പോൾ ആ ടീം വിജയിക്കുന്നു. നിശ്ചിത ഓവറുകൾ തീരുന്നതിന് മുമ്പ് രണ്ടാമത്തെ ടീം ലക്ഷ്യം നേടാതിരിക്കുകയോ എല്ലാവരും പുറത്താകുകയോ ചെയ്യുമ്പോൾ ആദ്യ ടീം വിജയിക്കുന്നു.
സ്കോർ തുല്യമാകുകയും ഓവറോ വിക്കറ്റോ തീരുകയും ചെയ്യുമ്പോൾ ഇരു ടീമും ടൈ പ്രാപിക്കുന്നു.അത്തരം സന്ദർഭങ്ങള��ൽ പുതുക്കിയ നിയമമനുസരിച്ച് സൂപ്പർ ഓവർ രീതിയിൽ വിജയികളെ നിശ്ചക്കുന്നു.ഇരു ടീമും ഒരോവർ മാത്രം ബാറ്റ് ചെയ്യുകയും രണ്ടാമത്തെ ടീം ആ ലക്ഷ്യം നേടുകയാണെങ്കിൽ ആദ്യ ടീം തോലക്കുകയും ചെയ്യുന്നു

ക്രിക്കറ്റ് നിയമങ്ങൾ

[തിരുത്തുക]

പ്രധാനമായും 42 നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുമായി കൂടിയാലോചിച്ച് മേരിലെബോൺ ക്രിക്കറ്റ് ക്ലബ് ആണ് പ്രസ്തുത നിയമങ്ങൾ തയ്യാറാക്കിയത്. ചില പ്രത്യേക സാഹചര്യങ്ങളിൽ പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുകയോ നിയമങ്ങൾ പരിഷ്കരിക്കുകയോ ചെയ്യുമെങ്കിലും ക്രിക്കറ്റ് കളിയുടെ അടിസ്ഥാന പ്രമാണങ്ങൾ ഈ 42 നിയമങ്ങൾ തന്നെയാണ്.

കളിക്കാരും കളിനിയന്ത്രിക്കുന്നവരും

[തിരുത്തുക]

കളിക്കാർ

[തിരുത്തുക]

ഒരു ടീമിൽ പതിനൊന്ന് അംഗങ്ങളുണ്ടായിരിക്കണം. കളിക്കാരന്റെ കഴിവനുസരിച്ച് ബാറ്റ്സ്മാനെന്നോ ബോളറെന്നോ വേർതിരിക്കുന്നു. സന്തുലിതമായ ഒരു ടീമിൽ സാധാരണയായി അഞ്ചോ ആറോ ബാറ്റിംഗ് പ്രതിഭകളും നാലോ അഞ്ചോ ബോളിംഗ് പ്രതിഭകളുമായിരിക്കും ഉൾപ്പെട്ടിരിക്കുക. മിക്കവാറും ടീമുകൾ വിക്കറ്റിനു പിന്നിലുള്ള ഫീൽ‌ഡിംഗ് സ്ഥാനത്തേക്ക് പ്രത്യേക കഴിവുള്ള ഒരാളെ(വിക്കറ്റ് കീപ്പറെ) ഉൾപ്പെടുത്തിയിരിക്കും. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ ശോഭിക്കാനാകുന്ന കളിക്കാരെ ഓൾ‌റൌണ്ടർ എന്നു വിളിക്കും. ഓൾ‌റൌണ്ടർമാർ ഒരു ടീമിന്റെ വിജയങ്ങളിൽ നിർണ്ണായക ഘടകങ്ങളാണ്.[1]

അമ്പയർമാർ

[തിരുത്തുക]

ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നവരെ അമ്പയർമാർ എന്നു വിളിക്കുന്നു. കളിക്കളത്തിലുള്ള രണ്ടു അമ്പയർമാരാണ് മത്സരം നിയന്ത്രിക്കുന്നത്. ഇവരിൽ പ്രധാനി ബോൾ ചെയ്യുന്ന വിക്കറ്റിനു പിന്നിലായി നിലയുറപ്പിക്കും. പ്രധാന തീരുമാനങ്ങളെല്ലാം ഈ സ്ഥാനത്തു നിൽക്കുന്ന അമ്പയറായിരിക്കും സ്വീകരിക്കുന്നത്.

രണ്ടാമത്തെ അമ്പയർ സ്ക്വയർ ലെഗ് എന്നറിയപ്പെടുന്ന ഫീൽഡിംഗ് സ്ഥാനത്തിനു സമീപം നിലയുറപ്പിക്കും. ബാറ്റ്സ്മാന്റെ നീക്കങ്ങൾ ഒരു വശത്തു നിന്നും നിരീക്ഷിക്കുന്നതിനാണ് ഈ സ്ഥാനം ഉപയോഗപ്പെടുത്തുന്നത്.

പ്രധാന മത്സരങ്ങളിൽ ഈ രണ്ടുപേർക്കു പുറമേ കളിക്കളത്തിനു പുറത്തും ഒരമ്പയർ ഉണ്ടായിരിക്കും. ഈ മൂന്നാം അമ്പയർ ടെലിവിഷൻ കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. മൂന്നാം അമ്പയർക്ക് നേരിട്ട് മത്സരത്തിൽ ഇടപെടാനാവില്ല. കളിക്കളത്തിലുള്ള അമ്പയർമാർ സങ്കീർണ്ണമായ തീരുമാനങ്ങളെടുക്കാൻ മൂന്നാം അമ്പയറെ ആശ്രയിക്കുയാണു ചെയ്യുന്നത്.

അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും. മത്സരം ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ചുതന്നെയാണ് മുന്നേറുന്നത് എന്നു വിലയിരുത്തുകയാണു മാച്ച് റഫറിയുടെ ദൌത്യം.

സ്കോറർ

[തിരുത്തുക]

കളിയുടെ ഭാഗമായി രണ്ടു സ്കോറർമാർ ഉണ്ടായിരിക്കണം. മിക്കവാറും ഓരോ ടീമും ഓരോ സ്കോറർമാരെ നൽകുകയാണു പതിവ്. കളിക്കിടയിൽ സ്കോർ ചെയ്യപ്പെടുന്ന റണ്ണുകളും വിക്കറ്റുകളും ബോൾ ചെയ്ത ഓവറുകളും കൃത്യമായി രേഖപ്പെടുത്തുകയാണിവരുടെ ദൌത്യം. അമ്പയർമാർ കളിക്കളത്തിൽ നിന്നും നൽകുന്ന അംഗവിക്ഷേപങ്ങൾ മനസ്സിലാക്കിയെടുത്താണ് സ്കോർ രേഖപ്പെടുത്തുന്നത്. രേഖപ്പെടുത്തുന്ന സ്കോറുകൾ പിഴവില്ല എന്നുറപ്പാക്കുകയും വേണം.

രാജ്യാന്തര മത്സരങ്ങളിൽ ഔദ്യോഗിക സ്കോറർമാർക്കു പുറമേ മത്സരത്തിന്റെ സവിശേഷ തലങ്ങളും വിലയിരുത്തുന്ന അനൌദ്യോഗിക സ്കോറർമാരും ഉണ്ടായിരിക്കും.

കളിക്കളം

[തിരുത്തുക]
ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ ഭാഗങ്ങൾ

അണ്ഡാകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള പുൽമൈതാനമാണ് ക്രിക്കറ്റുകളിക്ക് സാധാരണയായി ഉപയോഗിക്കുന്നത്. നിശ്ചിത വലിപ്പം വേണമെന്ന നിഷ്കർഷയൊന്നുമില്ല. എങ്കിലും 137 മീറ്റർ മുതൽ 150 മീറ്റർ വരെ വ്യാസമുള്ള കളിക്കളങ്ങളായിരിക്കും മിക്കവാറും തയ്യാറാക്കുന്നത്. മൈതാനത്തിന്റെ അറ്റത്തായി വൃത്താകൃതിയിൽ തന്നെ ഒരു കയർ വിന്യസിച്ചിരിക്കും. ബൌണ്ടറി എന്നാണിതിനെ വിളിക്കുന്നത്.

ബാറ്റ്

വില്ലൊമരത്തിന്റെ തടികൊണ്ടുണ്ടാക്കുന്ന ബാറ്റുപയോഗിച്ചാണ് ക്രിക്കറ്റ് കളിക്കാറുള്ളത്

പന്ത്

കോർക്കുകൊണ്ടുള്ള ഉൾക്കാമ്പിനെ തുന്നിപ്പൊതിഞ്ഞ തുകൽ കൊണ്ടാണ് ക്രിക്കറ്റ് കളിക്കാനുള്ള പന്ത് ഉണ്ടാക്കുന്നത്

പിച്ച്

കളിക്കളത്തിന്റെ ഒത്തനടുവിൽ ദീർഘവൃത്താകൃതിയിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് ക്രിക്കറ്റ് കളിയുടെ കേന്ദ്രം. പിച്ച് എന്നു വിളിക്കുന്ന ഈ ഭാഗം ഇതരഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി കളിമണ്ണിൽ തീർത്തതായിരിക്കും. അല്പം മാത്രം കുറ്റിപ്പുല്ലേ കാണുകയുള്ളൂ. 10x66 അടി(3.05X20.12 മീറ്റർ) ആണ് പിച്ചിന്റെ വിസ്തീർണ്ണം. പിച്ചിന്റെ രണ്ടറ്റത്തും മുമ്മൂന്നുവീതം തടിക്കാലുകൾ സ്ഥാപിച്ചിരിക്കും. ഇവയെ സ്റ്റമ്പുകൾ എന്നു വിളിക്കുന്നു. മുന്നു സ്റ്റമ്പുകളും വിരലിന്റെ വലിപ്പമുള്ള ബെയിൽ‌സ് എന്ന ചെറുതടിക്കഷണംവഴി ബന്ധിതമായിരിക്കും. സ്റ്റമ്പുകളും ബെയിത്സും മൊത്തത്തിൽ വിക്കറ്റ് എന്നു വിളിക്കപ്പെടുന്നു.

പിച്ചിന്റെ ഒരറ്റം കളിക്കുന്ന ബാറ്റ്സ്മാനും മ���്റേ അറ്റം ബോളർക്കും വേണ്ടിയുള്ളതാണ്. ബോളറുടെ വശത്ത് സഹബാറ്റ്സ്മാനും നിലയുറപ്പിക്കുന്നു. ഇരു വിക്കറ്റുകളോടും ചേർന്ന് ഓരോ ചെറുചതുരം വരച്ചിരിക്കും. ഇതിനെ ക്രീസ് എന്നു പറയുന്നു. പിച്ചിൽ ബാറ്റ്സ്മാന്റെയും ബോളറുടെയും സ്ഥാനം നിയന്ത്രിക്കുന്നത് ക്രീസാണ്.

കളിക്കള ഭാഗങ്ങൾ

നിയന്ത്രിത ഓവർ മത്സരങ്ങളിൽ ക്രിക്കറ്റ് കളിക്കളം മൂന്നു പ്രധാനഭാഗങ്ങളായി വിഭജിച്ചിരിക്കും. ഇൻ‌ഫീൽഡ്(അകക്കളം) ഔട്ട്ഫീൽഡ്(പുറംകളം) ക്ലോസ്-ഇൻഫീൽഡ് എന്നിങ്ങനെയാണ് കളിക്കളം വിഭജിക്കുന്നത്. ഓരോ വിക്കറ്റിൽ നിന്നും മുപ്പതടി വ്യാസമുള്ള ഒരു അർധവൃത്തം വരച്ചാണ് ഇൻ‌ഫീൽഡ് തയ്യാറാക്കുന്നത്. ഈ രണ്ട് അർധവൃത്തങ്ങളും ചേരുമ്പോൾ മൊത്തത്തിൽ കളിക്കളത്തിന്റെ ഒത്ത മധ്യഭാഗം അണ്ഡാകൃതിയിൽ വേർതിരിക്കപ്പെടുന്നു. അണ്ഡാകൃതിയിലുള്ള ഇൻ‌ഫീൽഡിനു പുറത്തുള്ള ഭാഗങ്ങളെ ഔട്ട്ഫീൽഡ് എന്നു വിളിക്കും. ഒരോ വിക്കറ്റിനോടും ചേർന്ന് 15 അടിവ്യാസമുള്ള മറ്റൊരു വൃത്തരൂപം ചെറുകുത്തുകൾ ചേർത്തു വരയ്ക്കപ്പെട്ടിരിക്കും. ഈ ഭാഗങ്ങളെ ക്ലോസ്-ഇൻഫീൽഡ് എന്നു വിളിക്കുന്നു. കളിക്കിടയിലെ ഫീൽഡിംഗ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനാണ് ഈ മൂന്നു ഭാഗങ്ങളും നിർവചിച്ചിരിക്കുന്നത്.

കളിക്കാരുടെ സ്ഥാനങ്ങൾ

ബാറ്റു ചെയ്യുന്ന ടീമിന്റെ രണ്ടംഗങ്ങൾ എപ്പോഴും കളിക്കളത്തിൽ കാണും. ഇതിൽ എതിർടീമിന്റെ ബോളറെ നേരിടുന്ന ബാറ്റ്സ്മാനെ സ്ട്രൈക്കർ എന്നു വിളിക്കുന്നു. സഹബാറ്റ്സ്മാൻ ഈ സമയം ബോളറുടെ വശത്താണു നിലയുറപ്പിക്കുന്നത്. നോൺ സ്ട്രൈക്കർ എന്നാണു രണ്ടാമത്തെ ബാറ്റ്സ്മാൻ വിളിക്കപ്പെടുന്നത്.

ഫീൽഡിംഗ് ടീമിന്റെ പതിനൊന്നുപേരും കളിക്കളത്തിലുണ്ടാവും. ഇവരിലൊരാൾ ബോളറായിരിക്കണം. ഓരോ ഓവറിനുശേഷവും ബോളർമാർ മാറിമാറി വരുന്നു. പ്രധാനബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിനു പിറകിലായാണ് വിക്കറ്റ് കീപ്പറുടെ സ്ഥാനം. ബാക്കിയുള്ള ഒൻപതു പേരെ കളിക്കളത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്ത്രപരമായി വിന്യസിക്കുന്നു. ടീമംഗങ്ങളെ ബാറ്റ്സ്മാന്റെ ശൈലിക്കനുസരിച്ചു വിന്യസിക്കുക ക്യാപ്റ്റന്റെ ധർമ്മമാണ്.

മത്സരഘടന

[തിരുത്തുക]
നറുക്കെടുപ്പ്

മത്സരം തുടങ്ങുന്നതിനു മുൻപുള്ള നറുക്കെടുപ്പാണ് ക്രിക്കറ്റ് കളിയുടെ ആദ്യപടി. ഇരു ടീമുകളുടെയും നായകന്മാർ പിച്ച് പരിശോധിച്ചശേഷം അമ്പയറുടെ അടുത്തെത്തുന്നു. അമ്പയർ നാണയം മുകളിലേക്കെറിഞ്ഞ് നായകന്മാരുടെ ഭാഗ്യം പരീക്ഷിക്കുന്നു. നറുക്കെടുപ്പിൽ ജയിക്കുന്ന നായകന് ബാറ്റിങ്ങോ ഫീൽഡിങ്ങോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. പിച്ചിന്റെ സ്വഭാവമനുസരിച്ച് ഉചിതമായ തീരുമാനത്തിലെത്തുകയാണ് നറുക്കെടുപ്പിൽ വിജയിച്ച നായകന്റെ ദൌത്യം. മത്സര ഫലത്തിൽ പലപ്പോഴും ഈ നറുക്കെടുപ്പും തിരഞ്ഞെടുപ്പും നിർണ്ണായകമാകാറുണ്ട്.

ഓവറുകൾ

ക്രിക്കറ്റ് കളിയിലെ ഓരോ ഇന്നിംഗ്സുകളും ഓവറുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. തുടർച്ചയായി എറിയുന്ന ആറു പന്തുകളടങ്ങിയതാണ് ഒരു ഓവർ. പന്തെറിയുന്നതിൽ വരുത്തുന്ന പിഴവ് ചിലപ്പോൾ ഓവറിന്റെ ദൈർഘ്യം വർദ്ധിപ്പിക്കും. ഒരോവർ പൂർത്തിയായിക്കഴിയുമ്പോൾ അതെറിഞ്ഞ ബോളർ ഫീൽഡിംഗ് സ്ഥാനത്തെത്തുകയും പകരം അടുത്തബോളർ വരികയും ചെയ്യുന്നു. ഓവറുകൾ പൂർത്തിയാകുന്നതിനനുസരിച്ച് പ്രധാന ബാറ്റ്സ്മാന്റെ സ്ഥാനം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റെ അറ്റത്തേക്കുമാറും. ഇതിനനുസരിച്ച് വിക്കറ്റ് കീപ്പറും അമ്പയറും സ്ഥാനം മാറുന്നു. ബോളറുടെ അരികിൽ നിൽക്കുന്ന അമ്പയർ സ്ക്വയർ ലെഗിലേക്കും അവിടത്തെ അമ്പയർ പ്രധാന സ്ഥാനത്തേക്കും വരുന്നു.

ഇന്നിംഗ്സിന്റെ അവസാനം

ഒരിന്നിംഗ്സ് താഴെപ്പറയുന്ന രീതികളിലാണ് അവസാനിക്കുന്നത്

  1. പതിനൊന്നു ബാറ്റ്സ്മാന്മാരിൽ പത്തു പേരും പുറത്താകുമ്പോൾ.
  2. വിജയം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ടീം ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്കോർ മറികടക്കുമ്പോൾ.
  3. നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ(ഏകദിന മത്സരങ്ങൾക്കു മാത്രമേ ഇതു ബാധകമാകുന്നുള്ളൂ).
  4. ടീമിന്റെ നായകൻ ഇന്നിംഗ്സ് ഇടയ്ക്കുവച്ച് അവസാനിപ്പിക്കുമ്പോൾ (ഏകദിന മത്സരങ്ങൾക്ക് ഇതു ബാധകമല്ല)
മത്സര ദൈർഘ്യം

രണ്ടിന്നിംഗ്സുകളുള്ള മത്സരങ്ങൾ മിക്കതും മൂന്നു മുതൽ അഞ്ചുദിവസം വരെ നീളും. ഓരോ ദിവസവും കുറഞ്ഞത് ആറുമണിക്കൂറെങ്കിലും കളിയുണ്ടാകും.ഒരു അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചുദിവസങ്ങളിലായി പരമാവധി 450 ഓവറുകളാണ് പൂർത്തിയാക്കാറ്. ഒരിന്നിംഗ്സ് മത്സരങ്ങളുടെ ദൈർഘ്യം മിക്കവാറും ഒരു ദിവസത്തിൽ ഏഴു മണിക്കൂർ മാത്രമേ കാണുകയുള്ളു. ഏകദിന മത്സരങ്ങൾ ആധുനിക ക്രിക്കറ്റിൽ ദിനരാത്ര മത്സരങ്ങളായും ക്രമീകരിക്കാറുണ്ട്.സാധാരണ ഏകദിന മത്സരങ്ങളിൽ 50 ഓവറുകളാണ് ഒരു ടീം നേരിടേണ്ടത്/എറിയേണ്ടത്.ഏകദിന ക്രിക്കറ്റിന്റെ കുട്ടി പതിപ്പായ ട്വന്റി 20 ക്രിക്കറ്റിലാകട്ടെ ഇത് 20 ഓവറുകളാക്കി ചുരുക്കിയിട്ടുമുണ്ട്.

ബാറ്റിംഗും റൺ‌നേടലും

[തിരുത്തുക]
ബാറ്റിംഗ്

ബാറ്റ്ചെയ്യുന്നയാൾ ബാറ്റിംഗ് ക്രീസിൽ നിന്നും തടികൊണ്ടുനിർമ്മിച്ച ബാറ്റുകൊണ്ട് പന്ത് അടിച്ചകറ്റുന്നു. വിവിധ ശൈലികളിൽ പന്തടിച്ചകറ്റാറുണ്ട്. ടീമിന്റെ നയമനുസരിച്ച് ആക്രമണാത്മകമായോ പ്രതിരോധാത്മകമായോ ബാറ്റ് ചെയ്യാം. ടീമിന്റെ നായകൻ തീരുമാനിക്കുന്ന ക്രമത്തിലാണ് ബാറ്റ്സ്മാന്മാർ ക്രീസിലെത്തുന്നത്. ആദ്യം ക്രീസിലെത്തുന്ന ബാറ്റ്സ്മാന്മാരെ ഓപ്പണർമാർ എന്നു വിളിക്കുന്നു.

റൺ നേടൽ

ബാറ്റുകൊണ്ട് പന്ത് അടിച്ചകറ്റിയശേഷം പിച്ചിന്റെ എതിർ‌വശത്തേക്ക് ഓടിയാണ് റൺ നേടുന്നത്. പ്രധാനബാറ്റ്സ്മാൻ ഓടുന്നതിനൊപ്പം സഹബാറ്റ്സ്മാൻ ബോളിംഗ് ക്രീസിൽ നിന്നും മറുവശത്തേക്കും ഓടുന്നു. ഓടിയെത്തി ബാറ്റുകൊണ്ട് ക്രീസിൽ തൊടുമ്പോൾ മാത്രമേ റൺ ആവുകയുള്ളൂ. പന്ത് ദൂരത്തേക്കാണടിച്ചകറ്റിയതെങ്കിൽ ഒന്നിലേറെത്തവണ റൺ നേടാൻ ബാറ്റ്സ്മാന്മാർ ശ്രമിക്കും.

ബാറ്റ്സ്മാന്മാരിൽ ആരെങ്കിലും ക്രീസിലെത്തുന്നതിനു മുൻപ് എതിർ ടീമിലെ ഫീൽഡർമാർ പന്തു കൈക്കലാക്കി സ്റ്റമ്പിന്റെ ബെയിൽ‌സ് തെറിപ്പിച്ചാൽ ക്രീസിൽ എത്താൻ പരാജയപ്പെട്ട ബാറ്റ്സ്മാൻ പുറത്താകും. ഇതിനെ റൺ‌ഔട്ട് എന്നു വിളിക്കുന്നു.

അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല. നിലംതൊട്ടാണ് അതിർത്തികടന്നതെങ്കിൽ നാലു റൺസും(ഫോർ) നിലംതൊടാതെ അതിർത്തികടന്നെങ്കിൽ ആറു റൺസും (സിക്സർ) ഓടാതെ തന്നെ ലഭിക്കുന്നു.

പിഴ റണ്ണുകൾ

ബാറ്റ്സ്മാന്മാർ നേടുന്നതുകൂടാതെ ചിലപ്പോൾ പിഴ റണ്ണുകളും (എക്സ്ട്രാസ്) ബാറ്റിംഗ് ടീമിന്റെ സ്കോറിനൊപ്പം ചേർക്കുന്നു. ബൌളിംഗ് ടീം വരുത്തുന്ന പിഴവുകളാണ് പിഴറണ്ണുകൾ. ബൈ, ലെഗ് ബൈ, നോബോൾ, വൈഡ് എന്നിവയാണ് പിഴറണ്ണുകൾ. ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്.

പന്ത് ബാറ്റിൽ തൊടാതെ പോകുമ്പോൾ നേടുന്ന റൺസാണ് ബൈ എന്നു പറയുന്നത്. ബാറ്റിനു പകരം കാലിലോ ഇതര ശരീരഭാഗങ്ങളിലോ കൊണ്ടശേഷം ബാറ്റ്സ്മാന്മാ നേടുന്ന റൺസിനെ ലെഗ് ബൈ എന്നും പറയുന്നു.

ബോളർ വരുത്തുന്ന സാങ്കേതിക പിഴവിനെയാണ് അമ്പയർമാർ നോബോൾ വിളിക്കുന്നത്. ബോളിംഗിൽ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിക്കുമ്പോഴാണ് നോബോൾ വിളിക്കുന്നത്. എറിയുന്ന പന്ത് നോബോളായിക്കഴിഞ്ഞാൽ ബാറ്റ്സ്മാന്മാർ പുറത്തായാലും പുറത്താകുന്നില്ല. അതായത് ഇത്തരം ബോളുകൾ വിക്കറ്റിൽ പതിച്ചാലും ബാറ്റ്സ്മാൻ അടിച്ച പന്ത് ഫീൽഡർ പിടിച്ചാലും പുറത്താകുകയില്ല. എന്നാൽ നോബോളിനുശേഷവും റൺ‌ഔട്ടിന് സാധുതയുണ്ട്.

മേല്പറഞ്ഞവ കൂടാതെ അസാധാരണമായി സംഭവിക്കാവുന്ന പിഴറണ്ണുകളും ഉണ്ട്. ബോളിംഗ് ടീം മനപൂർവം പന്തിനുകേടുവരുത്തുകയോ, ബോളിംഗ് സമയം അനാവശ്യമായി വലിച്ചുനീട്ടുകയോ, പിച്ച് മനപൂർവം കേടു വരുത്തുകയോ ചെയ്താൽ അമ്പയർമാർ ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് നൽകുന്നു. ശരീരത്തിന്റെ ഭാഗമല്ലാത്ത എന്തെങ്കിലും വസ്തുക്കൾകൊണ്ട് ഫീൽഡർമാർ പന്തു തടുക്കാൻ ശ്രമിച്ചാലും ഇത്തരത്തിൽ പിഴ റൺസ് നൽകാം. ചിലയവസരങ്ങളിൽ വിക്കറ്റ് കീപ്പർക്കു പിറകിലായി ഫീൽഡിംഗ് ടീം ഒരു ഹെൽമെറ്റ് വയ്ക്കാറുണ്ട്. ബാറ്റ്സ്മാൻ അടിക്കുന്ന പന്ത് ഈ ഹെൽമറ്റിൽ പതിച്ചാൽ അഞ്ചു റൺസ് പിഴറണ്ണായി നൽകും.

ബോളിങും, പുറത്താകലുകളും

[തിരുത്തുക]
ബോളിങ്

ഒരു ബോളർ ബാറ്റ് ചെയ്യുന്നയാളുടെ നേർക്ക് പന്ത് എറിയുന്ന പ്രവൃത്തിയെയാണ് ബോളിങ് ആക്ഷൻ എന്നു പറയുന്നത്. ഈ പ്രവർത്തിക്കിടയിൽ ബോളറുടെ കൈമുട്ട് ഏത് കോണിലേക്കു വേണമെങ്കിലുമാകാം. പിന്നീട് വളയുകയുമാകാം, പക്ഷെ, ബോളിങ് ആക്ഷനിടയിൽ കൈമുട്ട് ഒരിക്കലും വളയുവാൻ പാടില്ല. കൈമുട്ട് വളയുകയാണെങ്കിൽ അത് നിയമപരമായി തെറ്റാവുകയും, ആ പന്ത് നോ ബോൾ ആയി പരിഗണിക്കാനും അനുവാദമുണ്ട്. പുതിയ ക്രിക്കറ്റ് നിയമങ്ങളുടെ ഭാഗമായി ആരോഗ്യ വിദഗ്ദരുമായി നടന്നചർച്ചകാൽക്കൊടുവിൽ ഒരു ബോളർക്ക് 15 ഡിഗ്രി വരെ കൈ വളക്കുവാൻ അനുമതി നൽകുന്നു. 15 ഡിഗ്രിയിലും അധികമായി ഒരു ബോളർ തന്റെ കൈ വളക്കുന്നുവെങ്കിൽ അത് ഒരു നോ ബോളായി പരിഗണിക്കുന്നു. ഈ പുതിയ നിയമം ബോളർമാർക്ക് പരിക്കിൽ നിന്നും സംരക്ഷണം നൽകുന്നു. സാധാരണയായി ബോളർമാർ പിച്ചിലേക്ക് പന്ത് പതിപ്പിക്കുകയും തന്മൂലം പന്ത് ഉയർന്നുപൊങ്ങി ബാറ്റ്സ്മാന്റെ നേർക്കു പോവുകയും ചെയ്യുന്നു. ഒരു ബോളർ പന്ത് എറിയുന്നതിനിടയിൽ തന്റെ മുൻ കാലുകൾ “പോപ്പിങ് ക്രീസി” നു പുറകിലായി വയ്ക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അത് ഒരു നോ ബോളായി പരിഗണിക്കുന്നു. അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്. അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു. ബാറ്റ്സ്മാൻ പന്ത് അടിക്കുന്നപക്ഷം ഒരു വൈഡിനുള്ള സാധ്യത നഷ്ടപ്പെടുന്നു. ഒരു പന്ത് വൈഡോ നോ ബോളോ ആയാൽ ബാറ്റിങ് ടീമിന്റെ സ്കോറിന്റെ കൂടെ ഒരു അധിക റൺ കൂട്ടിച്ചേർക്കുന്നു, കൂടാതെ ആ ഓവറിൽ അധികമായി ഒരു ബോൾ കൂടി എറിയേണ്ടതുണ്ട്.

ബാറ്റുചെയ്യുന്ന ആളെ പുറത്താക്കി വിക്കറ്റു നേടുക എന്നതാണ് ബോളറുടെ പ്രധാന ലക്ഷ്യം. കൂടുതലായി റൺ സംഭാവന ചെയ്യുന്ന ബാറ്റ്സ്മാനെ പുറത്താക്കുന്നതിലൂടെ ഒരു ബോളർ മറുപക്ഷത്തെ കൂടുതൽ സ്കോർ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നു. ബോളറുടെ മറ്റൊരു കടമ എന്നത് അവരുടെ ഓരോ ഓവറുകളുലും വിട്ടുകൊടുക്കുന്ന റണ്ണിന്റെ അളവ് കുറയ്ക്കുക എന്നതാണ്. ഓരോ ഓവറുകളുലും ബോളർ വിട്ടുകൊടുക്കുന്ന റണ്ണിന്റെ അളവിനെ “ഇക്കോണമി റേറ്റ്“ എന്നു പറയുന്നു. ബോളർ ഒരു ബാറ്റ്സ്മാനെ പുറത്താക്കുകയാണെങ്കിൽ ആ വിക്കറ്റ് അയാളുടെ പേരിലാകുന്നു. ബോളർമാർ പ്രധാനമായും രണ്ട് തരത്തിലുണ്ട്. പേസ് ബോളർമാർ,‎‏‍ സ്പിൻ ബോളർമാർ എന്നിവയാണവർ.

ബാറ്റ്സ്മാൻ പുറത്താകുന്ന വിധങ്ങൾ

പുറത്താകുന്നതുവരെ ബാറ്റ്സ്മാനു ബാറ്റ്ചെയ്യാൻ അവസരമുണ്ട്. ക്രിക്കറ്റിൽ പത്തു രീതിയിൽ ഒരു ബാറ്റ്സ്മാൻ പുറത്താകുന്നു. ഈ പുറത്താകലുകളിൽ ചിലവ ബോളറുടെ പേരിൽ ചേർക്കപ്പെടുന്നു. ഒരു ബാറ്റ്സ്മാൻ പുറത്താകുമ്പോൾ ബാറ്റിംഗ് ടീമിലെ അടുത്ത കളിക്കാരൻ (പത്തുപേർ പുറത്താകുന്നതുവരെ) ക്രീസിലെത്തുന്നു.

ബാറ്റ്സ്മാൻ പുറത്താകണമെങ്കിൽ പലപ്പോഴും വിക്കറ്റ് നിലം‌പതിച്ചിരിക്കണം. വിക്കറ്റിന്റെ ബെയിൽ‌സുകളിലൊന്ന് താഴെവീണാൽ പോലും വിക്കറ്റ് നിലം‌പതിച്ചതായി കണക്കാക്കും. ക്രിക്കറ്റിലെ പുറത്താക്കൽ രീതികൾ താഴെച്ചേർക്കുന്നു. ഇതിൽ ആദ്യത്തെ ആറെണ്ണം മാത്രമാണ് സാധാരണം സംഭവിക്കാറ്. ശേഷിക്കുന്നവ അത്യപൂർവമാണ്.

  • കോട്ട് (പന്തു പിടിക്കുക) - എതിർടീമിലെ ഫീൽഡർ പന്തു പിടിച്ചു പുറത്താക്കുന്ന രീതിയാണ് കോട്ട് എന്നറിയപ്പെടുന്നത്. ബാറ്റിലോ, ബാറ്റുമായി സ്പർശിച്ചിരിക്കുന്ന കൈകളിലെ ഉറകളിലോ(ഗ്ലൌസ്) സ്പർശിക്കുന്ന പന്ത് നിലംതൊടുന്നതിനുമുൻപേ എതിർ ടീ‍മിലെ ആരെങ്കിലും പിടിച്ചാൽ ബാറ്റ്സ്മാൻ പുറത്തുപോകണം. ഇത്തരം പുറത്താക്കലുകളുടെ അവകാശം ബോളറും പന്തു പിടിച്ച ഫീൽഡറും പങ്കുവയ്ക്കുന്നു.
  • ബോൾഡ് (വിക്കറ്റ് വീഴ്ത്തുക)- ബോളർ എറിഞ്ഞ പന്ത് പ്രധാന ബാറ്റ്സ്മാന്റെ വിക്കറ്റ് തെറിപ്പിക്കുന്ന രീതിയാണ് ബോൾഡ്. പന്ത് ബാറ്റിൽ തട്ടിയാണെങ്കിൽക്കൂടി ഈ പുറത്താക്കലിന്റെ മുഴുവൻ അവകാശവും ബോളർക്കായിരിക്കും. നേരത്തേ പറഞ്ഞതുപോലെ സ്റ്റമ്പിന്റെ ബെയിൽ‌സ് താഴെവീണാൽ മാത്രമേ ബാറ്റ്സ്മാൻ പുറത്താകുകയുള്ളൂ.
  • ലെഗ് ബിഫോർ വിക്കറ്റ് (വിക്കറ്റിനു മുന്നിൽ കുടുക്കുക) - ക്രിക്കറ്റിലെ ഏറ്റവും വിഷമമേറിയ പുറത്താക്കൽ തീരുമാനമാണിത്. ബോളർ എറിയുന്ന പന്ത് ബാറ്റ്സ്മാന്റെ ബാറ്റിൽ സ്പർശിക്കുന്നതിനു പകരം സ്റ്റമ്പിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന കാലിൽ പതിക്കുമ്പോഴാണ് എൽബിഡബ്ല്യു എന്നറിയപ്പെടുന്ന ഈ പുറത്താക്കൽ രീതിക്കു സാധ്യത തെളിയുന്നത്. ഇത്തരം അവസരങ്ങളിൽ എതിർടീമിലെ കളിക്കാർ ഒന്നടങ്കം ബാറ്റ്സ്മാന്റെ പുറത്താകലിനായി മുറവിളികൂട്ടുന്നു. പന്ത് കാലിലോ കാൽ‌കവചത്തിലോ(പാഡ്) സ്പർശിച്ചിരുന്നിലെങ്കിൽ അതു നേരെ വിക്കറ്റിൽ പതിക്കുമായിരുന്നു എന്നു നിർവചിച്ച് പുറത്താക്കൽ തീരുമാനമെടുക്കേണ്ടത് അമ്പയറാണ്. ഇതിനാൽതന്നെ ക്രിക്കറ്റിലെ ഏറ്റവും സങ്കീർണ്ണമായ തീരുമാനങ്ങളിലൊന്നാണ് വിക്കറ്റിനു മുന്നിൽ കുടുക്കൽ. ഇത്തരം പുറത്താക്കലുകളുടെ അവകാശവും ബോളർക്കു മാത്രമാണ്.
  • റൺ ഔട്ട് (ഓട്ടത്തിനിടയിൽ പുറത്താകൽ) - റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ ക്രീസിലെത്തും മുൻപ് എതിർടീമിലെ കളിക്കാർ സ്റ്റമ്പ് തെറിപ്പിച്ചാൽ ക്രീസിലെത്താൻ പരാജയപ്പെട്ട ബാറ്റ്സ്മാൻ പുറത്താകുന്നു. മറ്റു പുറത്താകലുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ പന്തടിച്ചകറ്റിയ ബാറ്റ്സ്മാനും ഓട്ടക്കാരനായി നിൽക്കുന്ന ബാറ്റ്സ്മാനും പുറത്താകാനുള്ള സാധ്യത തുല്യമാണ്. ഫീൽഡർമാർ നേരീട്ട് വിക്കറ്റിലേക്കെറിഞ്ഞോ, കൈവശപ്പെടുത്തിയ പന്തുപയോഗിച്ചോ ആണ് ബെയിത്സ് തെറിപ്പിക്കുന്നത്. ഇത്തരം പുറത്താകലുകളുടെ അവകാശം ആരുടെ പേരിലും കുറിക്കാറില്ല. എന്നിരുന്നാലും എറിഞ്ഞു പുറത്താക്കുന്ന ഫീൽഡർമാരുടെ പേര് ചിലപ്പോൾ സ്കോർബോർഡിൽ ചേർക്കാറുണ്ട്.
  • സ്റ്റം‌മ്പ്ഡ് (സ്റ്റം‌മ്പ് ചെയ്യുക) - പന്തു നേരിടുന്നതിനായി ബാറ്റ്സ്മാൻ ചിലപ്പോൾ ക്രീസിൽ നിന്നും അറിഞ്ഞോ അറിയാതെയോ അല്പം മുന്നിലേക്കു നീങ്ങാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പന്തു പിടി���്കുന്ന വിക്കറ്റ് കീപ്പർ ബെയി‌ൽ‌സ് തെറിപ്പിക്കുന്ന രീതിയാണ് സ്റ്റം‌മ്പ്ഡ് എന്നറിയപ്പെടുന്നത്. വിക്കറ്റ് കീപ്പർ വിക്കറ്റിനോടു ചേർന്നു നിലയുറപ്പിക്കുന്ന സന്ദർഭങ്ങളിലാണ് ഇത്തരം പുറത്താകലുകൾക്ക് സാധ്യതകൂടുതൽ. സ്പിൻബോളർമാർ പന്തെറിയുമ്പോഴാണ് സാധാരണ വിക്കറ്റ് കീപ്പർമാർ ഈ സ്ഥാനത്തു നിലയുറപ്പിക്കുന്നത്. ഈ പുറത്താക്കലിന്റെ അവകാശം ബോളറും വിക്കറ്റ് കീപ്പറും പങ്കിടുന്നു.
  • ഹിറ്റ് വിക്കറ്റ് (വിക്കറ്റിൽ തട്ടുക) - പന്ത് കളിയിലായിരിക്കുന്ന അവസരങ്ങളിൽ ബാറ്റ്സ്മാന്റെ ശരീരമോ ബാറ്റോ അറിയാതെ വിക്കറ്റിൽ തട്ടി ബെയിൽ‌സ് താഴെവീണു പുറത്താകുന്നതിനെയാണ് ഹിറ്റ് വിക്കറ്റ് എന്നു പറയുന്നത്. ബാറ്റ്‌സ്മാന്റെ പിഴവുമാത്രമാണെങ്കിലും ഇത്തരം പുറത്താക്കലുകളുടെ അവകാശം ബോളറുടെ പേരിൽ കുറിക്കപ്പെടുന്നു.
  • ഹാൻഡിൽഡ് ദ് ബോൾ (പന്തു കൈകൊണ്ടു തൊടുക) - വിക്കറ്റിലേക്കെറിഞ്ഞ പന്ത് ഫീൽഡിംഗ് ടീമിന്റെ അനുവാദമില്ലാതെ ബാറ്റ്സ്മാൻ മനപൂരവം കൈകൊണ്ടെടുത്താൽ അയാൾ പുറത്താകുന്നു. ഈ പുറത്താക്കലിന്റെ അവകാശം ആർക്കുമില്ല.
  • ഹിറ്റ് ദ് ബോൾ ട്വൈസ് (രണ്ടുതവണ പന്തടിക്കൽ) - വിക്കറ്റ് സംരക്ഷിക്കാനല്ലാതെ ബാറ്റുപയോഗിച്ച് രണ്ടു തവണ പന്തടിച്ചാൽ ബാറ്റ്സ്മാൻ പുറത്താകുന്നു. ഇവിടെയും പുറത്താക്കലിന്റെ അവകാശം ആർക്കുമില്ല.
  • ഫീൽഡറെ തടസ്സപ്പെടുത്തൽ - പന്തു തടുക്കാൻ ശ്രമിക്കുന്ന ഫീൽഡറെ ബാറ്റ്സ്മാൻ മനപൂരവം തടസപ്പെടുത്താൻ ശ്രമിച്ചാൽ അമ്പയർ ബാറ്റ്സ്മാനെ പുറത്താക്കുന്നു. ഇത്തരം പുറത്താക്കലുകളുടെ അവകാശവും ആരുടെയും പേരിൽ കുറിക്കപ്പെടുന്നില്ല.
  • ടൈംഡ് ഔട്ട് -പുറത്തായ ബാറ്റ്സ്മാനു പകരമെത്തേണ്ട ബാറ്റ്സ്മാൻ ക്രീസിലെത്താൻ മൂന്നുമിനിറ്റിലേറെ വൈകിയാൽ അയാൾ പുറത്തായതായി അമ്പയർ പ്രഖ്യാപിക്കുന്നു. ഇതിനെയാണ് ടൈംഡ് ഔട്ട് എന്നു പറയുന്നത്. ഈ പുറത്താക്കലിന്റെ അവകാശവും ആർക്കുമില്ല.

ഒരു കളിക്കാരൻ പുറത്താവാ‍തെ തന്നെ മൈതാനത്തിൽ നിന്നു പുറത്തുപോകാം. അതായത് പരിക്കു പറ്റുകയോ, അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്. ഈ പുറത്താകലിനെ ‘ റിട്ടയേർഡ് ഹർട്ട് ’ അല്ലെങ്കിൽ ‘ റിട്ടയേർഡ് ഇൽ‘ എന്നുപറയുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ബാറ്റ്സ്മാൻ പുറത്തായതായി പരിഗണിക്കുന്നില്ല. അതേ ഇന്നിങ്‌സിൽ തന്നെ തന്റെ പരിക്കോ അസുഖമോ ഭേദമാവുകയാണെങ്കിൽ ആ ബാറ്റ്സ്മാന് തിരികെ വന്ന് ബാറ്റ് ചെയ്യാവുന്നതാണ്. അതേപോലെതന്നെ പരിക്കോ മറ്റ് അസുഖങ്ങളോ ഉണ്ടാവാത്ത ഒരു ബാറ്റ്സ്മാനും മൈതാനത്തിൽ നിന്നു പുറത്തുപോകാവുന്നതാണ്. ഇങ്ങനെയുള്ള അവസരത്തിൽ ആ ബാറ്റ്സ്മാൻ ‘റിട്ടയേർഡ് ഔട്ട്‘ ആയതായി പരിഗണിക്കുന്നു. ഒരു കളിക്കാരനും ഇത്തരത്തിലുള്ള പുറത്താകലിന് അവകാശമില്ല.

ഒരു ബാറ്റ്സ്മാൻ ഒരു ‘നോ ബോളിൽ‘ ബോൾഡ്, ലെഗ് ബിഫോർ വിക്കറ്റ്, കോട്ട്, സ്റ്റം‌മ്പ്ഡ്, ഹിറ്റ് വിക്കറ്റ് ആയി ഒരിക്കലും പുറത്താവുന്നില്ല.

ഒരു ബോളർ പന്ത് എറിയാതെ തന്നെ ബാറ്റ്സ്മാൻ പുറത്താവാറുണ്ട്. ബോളർ പന്ത് എറിയുന്നതിന് മുമ്പായി ‘നോൺ സ്ട്രക്കിങ്‘ എന്ഡിൽ നിൽക്കുന്നബാറ്റ്സ്മാൻ ക്രീസിനു വെളിയിൽ നിൽക്കുകയാണെങ്കിൽ ബോളർക്ക് ആ ബാറ്റ്സ്മാനെ റൺ ഔട്ടാക്കി പുറത്താക്കാവുന്നതാണ്. ഇതിനെ മങ്കാദിംഗ് എന്നു പറയുന്നു. കൂടാതെ ഫീൽഡറെ തടസ്സപ്പെടുത്തുമ്പോഴും, റിട്ടയേർഡ് ഔട്ട് ആകുമ്പോഴും ഒരു ബാറ്റ്സ്മാൻ പുറത്താവാറുണ്ട്. ഫീൽഡറെ തടസ്സപ്പെടുത്തുക, പന്ത് കൈകൊണ്ട് തടുക്കുക, ടൈമിഡ് ഔട്ട്, വിക്കറ്റ് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയല്ലാതെ പന്തിൽ രണ്ട് വട്ടം അടിക്കുക തുടങ്ങിയ പുറത്താവലുകൾ സാധാരണ വിരളമായേ സംഭവിക്കറുള്ളൂ.

ഫീൽഡിങും വിക്കറ്റ് കീപ്പിങും

[തിരുത്തുക]

ഒരു ഫീൽഡർ ബാറ്റ്സ്മാനെ കൂടുതൽ റണ്ണെടുക്കുന്നതിൽ നിന്നും തടഞ്ഞ് ബോളറെ സഹായിക്കുന്നു.സാധാരണ രണ്ട് വഴികളിലൂടെയാണ് ഇതു ചെയ്യാറുള്ളത്. ക്യാച്ചുകളിലുടെ ബാറ്റ്സ്മാനെ പുറത്താക്കുയും, ബാറ്റ്സ്മാൻ അടിക്കുന്ന പന്ത് പിടിച്ചെടുക്കുകയും പന്ത് വിക്കറ്റിലേക്ക് എറുയുന്നതിലൂടെ റൺ ഔട്ടിനുള്ള സാധ്യത ഉണ്ടാക്കുകയും ബാറ്റ്സ്മാൻ കൂടുതൽ റൺ നേടുന്നത് തടയുകും ചെയ്യുന്നു.

വിക്കറ്റ് കീപ്പർ

വിക്കറ്റ് കീപ്പർ ഒരു പ്രത്യേക ഫീൽഡറാണ്. ഇയാൾ കളിയിലുടനീളം വിക്കറ്റിനു പുറകിൽ നിൽക്കുന്നു.ബാറ്റ്സ്മാൻ അടിക്കുവാൻ സാധിക്കാത്ത പന്തുകൾ പിടിച്ചെടുക്കുകയും, ബാറ്റ്സ്മാൻ ബൈ റണ്ണുകൾ നേടുന്നത് തടയുകയും ചെയ്യുക എന്നതാണ് ഇയാളുടെ പ്രധാന ജോലി. ഇതിനു വേണ്ടി വിക്കറ്റ് കീപ്പർ ഒരു പ്രത്യേക തരത്തിലുള്ള കൈയ്യുറകൾ ധരിക്കുന്നു.( ഇത്തരത്തിലുള്ള കൈയ്യുറകൾ ധരിക്കുവാൻ അനുവദമുള്ള ഒരേ ഒരു ഫീൽഡർ ) കൂടാതെ വിക്കറ്റ് കീപ്പർ കാലുകളിൽ പാഡുകൾ ധരിക്കറുണ്ട്. ഒരു ബാ‍റ്റ്മാന്റെ ബാറ്റിലുരസി പോകുന്ന പന്തുകൾ നിലം തൊടുന്നതിന് മുമ്പ് പിടിച്ച് പുറത്തക്കുന്നതിനുള്ള സാധ്യത വളരെയധികം ഉള്ള ഒരു ഫീൽഡറാണ് വിക്കറ്റ് കീപ്പർ ( വിക്കറ്റ് കീപ്പർ വിക്കറ്റിനു പുറകിൽ നിൽക്കുന്നു എന്നുള്ളതിനാൽ ). ബാറ്റ്സ്മാന്റെ ബാറ്റിൽ കട്ടിയായി ഉരസുന്ന പന്തുകൾ സാധാരണ സ്ലിപ്പിലാണ് വരാറുള്ളത്. ബാറ്റ്സ്മാനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ഒരേ ഒരു ഫീൽഡർ വിക്കറ്റ് കീപ്പറാണ്. ബോൾ ചെയ്യുന്നതിന് മുമ്പായി വിക്കറ്റ് കീപ്പറോ അദ്ദേഹത്തിന്റെ ഉപകരണത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ പോപ്പിഗ് ക്രീസിനു മുമ്പിൽ വരുകയാണെങ്കിൽ അത് ഒരു നോബോളായി പരിഗണിക്കപ്പെടുവാൻ അനുവാദമുണ്ട്.


സുരക്ഷ ഉപകരണങ്ങൾ

[തിരുത്തുക]

കനം കൂടി ബോൾ എറിയുന്നതും ശക്തിയിൽ അടിച്ചകറ്റുന്നതുമാണ് ക്രിക്കറ്റിലെ കളി രീതി. അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്.

  1. ഹെൽമെറ്റ് - മുഖത്തിന് സ്റ്റീൽ കമ്പികൾ കൊണ്ടുള്ള ആവരണത്തോടുകൂടിയെ ഹെൽമെറ്റും ഉപയോഗിക്കാറുണ്ട്.
  2. ലെഗ് പാഡ് - ബാറ്റ്സ്മാന്മാരും കീപ്പറും കാലിൽ കെട്ടി ഉപയോഗിക്കുന്ന പാഡുകൾ
  3. ബാറ്റിംഗ് ഗ്ലൗസ് - ബാറ്റ്സ്ന്മാർ കൈപ്പത്തിക്ക് സുരക്ഷ നൽകാനായി ഉപയോഗിക്കുന്ന ഗ്ലൗസുകൾ
  4. കീപ്പിംഗ് ഗ്ലൗസ് - കീപ്പർ മാത്രം ഉപയോഗിക്കുന്ന പ്രത്യേകതരം ഗ്ലൗസുകൾ
  5. അബ്‌ഡമൻ പാഡ് - അബ്‌ഡമൻ കവർ ചെയ്യാനായി ഉപയോഗിക്കുന്നത്

ക്രിക്കറ്റ് കളിക്കിടെയുണ്ടായ അപകടങ്ങൾ

[തിരുത്തുക]

ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ് മരണപ്പെട്ട നിരവധി താരങ്ങളുണ്ട്. [2]

പേര്|വയസ്സ്|രാജ്യം|മൽസരം നടന്ന സ്ഥലം|ഏത് തരം മൽസരം|ഏത് തരം അപകടം|
ഹിലൽ ഓസ്കർ|55|ഇസ്രായേൽ|അഷ്‌ദൂദ്|ആഭ്യന്തര ക്രിക്കറ്റ് മത്സരം|അമ്പയറായി നിൽക്കുമ്പോൾ പന്ത് തലയിൽ തട്ടി[3] |
ഫിലിപ്പ് ഹ്യൂസ്|25|australia|ആസ്ത്രേലിയ|ആഭ്യന്തര ക്രിക്കറ്റ് മത്സരം|പന്ത് തലയിൽ തട്ടി|
ഡാറിൻ റാൻഡൽ|32|ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്ക|ആഭ്യന്തര മത്സരം|പന്ത് തലയിൽ തട്ടി|
സുൾഫിക്കർ ഭാട്ടി|22|പാകിസ്താൻ|സിന്ധ് പ്രവിശ്യ|ക്ലബ് മത്സരം|പന്ത് നെഞ്ചിൽ തട്ടി|
റിച്ചാഡ് ബ്യൂമോണ്ട്|33|ഇംഗ്ലണ്ട്|ബർമിങ് ഹാം
വസിം രാജ|54|പാകിസ്താൻ|ബക്കിംഹാംഷയർ
ആൽക്വിൻ ജെൻകിസ്|72|ഇംഗ്ലണ്ട് അമ്പയർ ആയിരുന്ന അദ്ദേഹത്തിന്റെ തലയിൽ പന്ത് കൊണ്ടാണ് മരിച്ചത്|
ഇയാൻ ഫോളി|30 അഭ്യന്തര മൽസരം|ബാറ്റുചെയ്യുന്നതിനിടെ കണ്ണിനുതാഴെ പന്തുകൊണ്ട് ഗുരുതര പരിക്കേറ്റു. ആസ്പത്രിയിൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം.|
രമൺ ലാംബ|38|ഇന്ത്യ|ധാക്ക|ക്ലബ് മൽസരം|ഫീൽഡ് ചെയ്യുന്നതിനിടെ പന്ത് തലയിൽക്കൊണ്ടതിനെത്തുടർന്ന് തലച്ചോറിന് പരിക്കേറ്റ് മരിച്ചു|
വിൽഫ് സ്ലാക്ക്|34|ഇംഗ്ലണ്ട് |സ്ലാക്ക് ഗാംബിയ
അബ്ദുൽ അസീസ്|18|പാകിസ്താൻ|കറാച്ചി
ആൻഡ ഡ്യുക്കാറ്റ്|56|ഇംഗ്ലണ്ട്|ലോർഡ്‌സ്
ജോർജ് സമ്മേഴ്‌സ്|25 ലോർഡ്‌സ്

വിവിധ ക്രിക്കറ്റ് മത്സരങ്ങൾ

[തിരുത്തുക]

ക്രിക്കറ്റിൽ പലരൂപത്തിൽ മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. എങ്കിലും അന്താരാഷ്ട്രതലത്തിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മൂന്നുതരം മത്സരങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ്, ട്വെന്റി20 ക്രിക്കറ്റ്.

ടെസ്റ്റ് ക്രിക്കറ്റ്

[തിരുത്തുക]

ഒരു ടീം രണ്ടുവീതം മൊത്തം നാല് ഇന്നിംഗ്സുകൾ അഞ്ചു ദിവസങ്ങളിലായി കളിക്കുന്ന ക്രിക്കറ്റ് രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്. 1877ലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തോടെയാണ് ഈ രൂപം പ്രചാരത്തിലെത്തിയത്. 1877 മാർച്ച് 15നാണ് ആദ്യത്തെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം അരങ്ങേറിയത്. ഓസ്ട്രേലിയയായിരുന്നു പ്രസ്തുത മത്സരത്തിലെ ജേതാക്കൾ.

നാളിതുവരെ 2000ൽ അധികം ടെസ്റ്റ് മത്സരങ്ങൾ രാജ്യാന്തര തലത്തിൽ അരങ്ങേറിയിട്ടുണ്ട്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ഉയർന്നു. അഫ്ഗാനിസ്ഥാനാണ് ഏറ്റവുമൊടുവിൽ ടെസ്റ്റ് പദവി നേടിയ രാജ്യം.

ടെസ്റ്റ് ക്രിക്കറ്റ് ടീമുകൾ

[തിരുത്തുക]

രാജ്യാന്തര ക്രിക്കറ്റ് കൌൺസിൽ അംഗീകരിച്ച ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന രാജ്യങ്ങള് താഴെപ്പറയുന്നവയാൺ`.

ഏകദിന ക്രിക്കറ്റ്

[തിരുത്തുക]

1963ൽ ഇംഗ്ലീഷ് ആഭ്യന്തര ലീഗിലാണ് നിയന്ത്രിത ഓവർ അഥവാ ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചത്. പല ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ കാണികൾക്ക് വിരസമാകുന്നു എന്ന കണ്ടെത്തലായിരുന്നു നിയന്ത്രിത ഓവർ മത്സരങ്ങളെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 1971-ൽ ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരത്തെ മഴ മുടക്കിയപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യാന്തരതലത്തിലെ ആദ്യ നിയന്ത്രിത ഓവർ മത്സരം നടത്തപ്പെട്ടു. ക്രമേണ ഏകദിന ക്രിക്കറ്റ് ജനകീയമായി. 1975ലെ ക്രിക്കറ്റ് ലോകകപ്പോടെ ക്രിക്കറ്റ് ടെലിവിഷൻ കാണികളെയും നേടിത്തുടങ്ങി. കാലക്രമത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ ഏകദിനക്രിക്കറ്റിൽ നടപ്പാക്കി. ഓവറുകളുടെ എണ്ണം പല രാജ്യങ്ങളിലും പലതായിരുന്നത് 50 ആയി നിജപ്പെടുത്തി. 1990കളിൽ ഓരോ ടീമിലും പ്രത്യേക നിറങ്ങളിലുള്ള ഔദ്യോഗിക വേഷങ്ങൾ നിലവിൽ വന്നു. പകൽ സമയം മാത്രം എന്നതുമാറി ഏകദിന മത്സരങ്ങൾ പകലും രാത്രിയുമായും കളിച്ചുതുടങ്ങി. ഇവയൊക്കെ ഏകദിന ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ഏകദിന ക്രിക്കറ്റ് ടീമുകൾ

[തിരുത്തുക]
  • ഇന്ത്യ
  • ഇംഗ്ലണ്ട്
  • ഓസ്‌ട്രേലിയ
  • ദക്ഷിണാഫ്രിക്ക
  • ന്യൂസിലൻഡ്
  • പാകിസ്താൻ
  • ബംഗ്ലാദേശ്
  • വെസ്റ്റ് ഇൻഡീസ്
  • സിംബാബ്‌വേ
  • ശ്രീലങ്ക
  • അയർലണ്ട് (താൽക്കാലിക അംഗീകാരം)
  • ബെർമുഡ (താൽക്കാലിക അംഗീകാരം)
  • യുണൈറ്റഡ് അറബ്‌ എമിറേറ്റ്സ് (താൽക്കാലിക അംഗീകാരം)
  • കാനഡ (താൽക്കാലിക അംഗീകാരം)
  • കെനിയ (താൽക്കാലിക അംഗീകാരം)
  • ഹോളണ്ട്(താൽക്കാലിക അംഗീകാരം)
  • സ്കോട്ട്‌ലൻഡ് (താൽക്കാലിക അംഗീകാരം)
  • അമേരിക്ക (താൽക്കാലിക അംഗീകാരം)
  • അഫ്ഗാനിസ്ഥാൻ (താൽക്കാലിക അംഗീകാരം)

[4]

ട്വന്റി 20 ക്രിക്കറ്റ്‌

[തിരുത്തുക]

ഇരുപത്‌ ഓവർ മാത്രമുള്ള ക്രിക്കറ്റ് കളിയാണ്‌ ട്വന്റി 20 ക്രിക്കറ്റ്‌‌. 75 മിനിറ്റു വീതമുള്ള ഇന്നിങ്ങ്സുകളാണ്‌ ടീമുകൾ കളിക്കുന്നത്. സാധാരണ ഗതിയിൽ രണ്ടു വർഷത്തിലൊരിക്കലാണ് ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ നടക്കുന്നത്.അഥവാ ഇത് നടക്കേണ്ട വർഷം ഏകദിന ക്രിക്കറ്റ് ലോക കപ്പ് അരങ്ങേറുന്നുണ്ടെങ്കിൽ ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പ് തലേവർഷം തന്നെ നടത്തുന്നതാണ്.

2007 സെപ്റ്റംബർ 24നു ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി20 ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്താനെ 5 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ ആദ്യത്തെ ട്വന്റി 20 ലോകകപ്പ് കരസ്ഥമാക്കി. ട്വന്റി 20 ക്രിക്കറ്റ് അതിനു ശേഷം ഇന്ത്യയിൽ വൻ പ്രചാരം നേടി. കോടിക്കണക്കിനു വരുമാനം ഉണ്ടാക്കുന്ന ഐ.പി.ൽ. അഥവാ ഇന്ത്യൻ പ്രീമിയർ ലീഗ് ഇതിനു ശേഷം നിലവിൽ വന്നു.

രണ്ടാം ട്വന്റി20 ചാമ്പ്യൻഷിപ്പ് പാകിസ്താൻ കരസ്ഥമാക്കി, ഫൈനലിൽ അവർ ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്. മൂന്നാം ട്വന്റി20 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി.

അന്താരാഷ്ട്ര ഘടന

[തിരുത്തുക]
ICC അംഗരാജ്യങ്ങൾ. ഏറ്റവും ഉയർന്ന തലത്തിലുള്ള രാജ്യങ്ങളുടെ വിഭാഗമായ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ ഓറഞ്ച് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു; അസോസിയേറ്റ് അംഗരാജ്യങ്ങളെ പച്ചയിലും; അഫിലിയേറ്റ് അംഗരാജ്യങ്ങളെ പർപ്പിളിലും അടയാളപ്പെടുത്തിയിരിക്കുന്നു.

ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണനിയന്ത്രണം ദുബായ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനാണ്‌ (ICC). 1909ൽ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൻ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ്‌ ഇത് സ്ഥാപിച്ചത്. പിന്നീട് 1965ൽ ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് കോൺഫ്റൻസ് എന്നും അതിനുശേഷം 1989ൽ നിലവിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലെന്നും ഇത് നാമകരണം ചെയ്യപ്പെട്ടു.

ഐ.സി.സി.യിൽ 104 അംഗരാജ്യങ്ങൾ ഉണ്ട്. ഇവയിൽ 12 രാജ്യങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു. മറ്റു 34 രാജ്യങ്ങൾ അസോസിയേറ്റ് രാജ്യങ്ങളും 60 രാജ്യങ്ങൾ അഫിലിയേറ്റ് അംഗങ്ങളുമാണ്‌.[5]. ക്രിക്കറ്റിലെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾ, പ്രത്യേകിച്ച് ക്രിക്കറ്റ് ലോകകപ്പ്, സംഘടിപ്പിക്കുന്നത് ഐ.സി.സി.യുടെ ചുമതലയാണ്‌. അതുപോലെ അംഗീകരിച്ച ടെസ്റ്റ് മാച്ചുകൾ, ഏകദിന മത്സരങ്ങൾ, അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാനുള്ള അമ്പയർമാരെയും മറ്റു ഉദ്യോഗസ്ഥരെയും നിയമിക്കുന്നതും ഐ.സി.സി.യാണ്‌.

അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്. ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നതും രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ഈ ക്രിക്കറ്റ് ബോർഡുകളുടെ ചുമതലയാണ്‌.

പ്രശസ്തരായ കളിക്കാർ

[തിരുത്തുക]

ജോണ്ടി റോഡ്സ്


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Cricket World Cup".
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-27. Retrieved 2014-11-27.
  3. http://www.aljazeera.com/news/middleeast/2014/11/ball-kills-cricket-umpire-israel-2014112916534850806.html
  4. Afghanistan
  5. CricketArchive: full list of ICC members

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്&oldid=4022888" എന്ന താളിൽനിന്ന് ശേഖരിച്ചത്