Jump to content

എഡ്‌വേഡ് ഗിബ്ബൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്‌വേഡ് ഗിബ്ബന്റെ ചിത്രം - രചന, ഹെന്‌റി വാൾട്ടൻ

എഡ്‌വേഡ് ഗിബ്ബൺ പതിനെട്ടാം നൂറ്റാണ്ടിലെ (ഏപ്രിൽ 27, 1737 - ജനുവരി 16, 1794) ഒരു ഇംഗ്ലീഷ് ചരിത്രകാരനും പാർലമെന്റ് അംഗവും ആയിരുന്നു. അദ്ദേഹത്തിന്റെ മുഖ്യകൃതി, റോമാസാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും ചരിത്രം (History of the Decline and Fall of the Roman Empire) 1776-നും 1788-നും ഇടക്ക് ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. "തളർച്ചയും തകർച്ചയും" അതിലെ ആക്ഷേപഹാസ്യം നിറഞ്ഞ ഗദ്യത്തിന്റെ മേന്മ, മൂല്യസ്രോതസ്സുകളിലുള്ള ആശ്രയം, സംഘടിതമതത്തിന്റെ വിമർശനം എന്നിവയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടു.

ബാല്യം

[തിരുത്തുക]

ഇംഗ്ലണ്ടിൽ സറിയിൽ പുട്ട്ണി നഗരത്തിലെ ലൈം ഗ്രോവിൽ എഡ്‌വേഡ്-ജൂഡിത്ത് ഗിബ്ബൺ ദമ്പതിമാരുടെ മകനായി 1737-ലാണ് എഡ്വേഡ് ഗിബ്ബൺ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് വേറെ ആറുമക്കൾ കൂടി ജനിച്ചെങ്കിലും അവരെല്ലാം ശൈശവത്തിൽ മരിച്ചു. "സൗത്ത് സീ കുമിള" എന്നറിയപ്പെടുന്ന 1720-ലെ ഓഹരിക്കമ്പോളത്തകർച്ചയിൽ ഗിബ്ബന്റെ എഡ്‌വേഡ് എന്നു തന്നെ പേരുള്ള മുത്തച്ഛന് സ്വത്തെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാൽ കാലക്രമേണ അദ്ദേഹം വീണ്ടും ധനം സമ്പാദിച്ചതിനാൽ ഗിബ്ബന്റെ പിതാവിന് സാമാന്യം വലിയ സ്വത്ത് പൈതൃകമായി കിട്ടി.


ബാല്യത്തിൽ തുടരെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. "അമ്മ അവഗണിക്കുകയും പോറ്റമ്മ(നഴ്സ്) പട്ടിണിക്കിടുകയും ചെയ്ത ഇത്തിരിക്കില്ലാത്ത കുട്ടി" ആയിരുന്നു താനെന്ന് ഗിബ്ബൺ പറയുന്നു. ഒൻപതാമത്തെ വയസ്സിൽ തെംസ് നദിയുടെ തീരത്തുള്ള കിങ്ങ്സ്റ്റണിൽ ഡോക്ടർ വൊഡേസൺ എന്നൊരാളുടെ സ്കൂളിൽ അദ്ദേഹത്തെ ചേർത്തു. താമസിയാതെ അമ്മ മരിച്ചു. അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട് "കിറ്റി അമ്മായി" എന്നു വിളിച്ചിരുന്ന കാതറീൻ പോർട്ടന്റെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിലാണ് പിന്നെ ഗിബ്ബൺ ചേർന്നത്. അമ്മയുടെ വെറുപ്പ് മാത്രം അനുഭവിച്ചു വളർന്ന തനിക്ക്, അറിവിന്റേയും, യുക്തിയുടേയും, പിന്നീട് തന്റെ ആനന്ദവും ആശ്വാസവും ആയിത്തീർന്ന വായനയുടേയും ലോകങ്ങളിലേക്കു വഴിതുറന്നത് അവരാണെന്ന്, 1786-ൽ അവരുടെ മരണസമയത്ത് ഗിബ്ബൺ നന്ദിപൂർവം അനുസ്മരിച്ചു. [1] 1751 ആയപ്പോൾ ഗിബ്ബൺ പരന്ന വായനയുടെ ശീലം പ്രകടിപ്പിച്ചു. ലോറൻസ് എക്കാർഡിന്റെ "റോമൻ ചരിത്രം" (1713), വില്യം ഹോവലിന്റെ പൊതുചരിത്രം(1680–85), ആദിമകാലം മുതലുള്ള വിശ്വചരിത്രം" എന്ന പ്രശംസ പിടിച്ചുപറ്റിയ പരമ്പരയുടെ 65 വാല്യങ്ങളിൽ പലതും എല്ലാം വായനയിൽ ഉൾപ്പെടുത്തിയ ഗിബ്ബൺ, താൻ ഭാവിയിൽ പിന്തുടരാനിരിക്കുന്ന വഴിയുടെ സൂചന അന്നേ നൽകി.[2]

ഓക്സ്ഫോർഡ്, ലോസാൻ, വിശ്വാസയാത്ര

[തിരുത്തുക]

ആരോഗ്യം മെച്ചപ്പെടുത്താനായി 'ബേത്ത്' എന്ന സുഖവാസകേന്ദ്രത്തിൽ ഗിബ്ബൺ കുറേക്കാലം കഴിഞ്ഞു. തുടർന്ന് 1752-ൽ 15-ആമത്തെ വയസ്സിൽ അദ്ദേഹത്തെ ഓക്സ്ഫോർഡിലെ മാഗ്ദലൻ കോളജിൽ ചേർത്തു. അവിടത്തെ സാഹചര്യങ്ങൾ ഗിബ്ബന്റെ സ്വഭാവത്തിന് ചേരുന്നവയായിരുന്നില്ല. ഓക്സ്ഫോർഡിൽ കഴിഞ്ഞ 14 മാസം തന്റെ ജീവിതത്തിലെ ഏറ്റവും അലസവും പ്രയോജനരഹിതവുമായ സമയമായിരുന്നെന്ന് പിന്നീട് ഗിബ്ബൻ പരിതപിച്ചു. അമ്മായിയുടെ സ്വാധീനം ഗിബ്ബണിൽ ദൈവജ്ഞാനപരമായ തർക്കങ്ങളിൽ താത്പര്യം ജനിപ്പിച്ചിരുന്നു. സ്വതന്ത്രചിന്തകനായ ദൈവശാസ്ത്രജ്ഞൻ കോണ്യേഴ്സ് മിഡിൽട്ടന്റേയും അദ്ദേഹത്തിന്റെ അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ച് ഒരന്വേഷണം(1749) എന്ന കൃതിയുടേയും സ്വാധീനത്തിൽ ഇത് ഗിബ്ബണെ എത്തിച്ചു. ത��്റെ കൃതിയിൽ അത്ഭുതങ്ങളുടെ സംഭവ്യതയെ മിഡിൽട്ടൺ നിഷേധിച്ചിരുന്നു; എന്നാൽ ഗിബ്ബൺ മിഡിൽട്ടണെ എതിർത്തു. ആ തർക്കവും, കത്തോലിക്കാ മെത്രാൻ ഷാക് ബെനീൻ ബോസറ്റ്(1627–1704), ഇലിസബത്തൻ ഈശോസഭാവൈദികൻ റോബർട്ട് പാർസൺസ്(1546–1610), എന്നിവരുടെ രചനകളുടെ സ്വാധീനവും, ഓക്സ്ഫോർഡിലെ ഗിബ്ബന്റെ നാളുകളിലെ ഏറ്റവും ശ്രദ്ധേയമായ സംഭവത്തിന് വഴിയൊരുക്കി: 1753 ജൂൺ എട്ടാം തിയതി ഗിബ്ബൺ കത്തോലിക്കാവിശ്വാസത്തിലേക്ക് പരിവർത്തിതനായി. നാടകരചയിതാവ് ഡേവിഡ് മാലറ്റിന്റേയും അദ്ദേഹത്തിന്റെ പത്നി, കവയിത്രി ലൂസി മാലറ്റിന്റേയും സ്വതന്ത്രദൈവചിന്തയുടെ സ്വാധീനത്തിൽ ഗിബ്ബൺ പിന്നെയും "വഴിപിഴച്ചത്"[3] പിതാവിനെ കൂടുതൽ അമ്പരപ്പിലാക്കി.


പരിവർത്തനം നടന്ന് ആഴ്ചകൾക്കകം പിതാവ് ഗിബ്ബണെ ഓക്സ്ഫോർഡിൽ നിന്ന് മാറ്റി, സ്വിറ്റ്സർലൻഡിലെ ലൊസാനിൽ നവീകൃത പാതിരി ദാനിയേൽ പാവിലാർഡിന്റെ ശിക്ഷണത്തിലാക്കി. ഇവിടെ വച്ചാണ് ഗിബ്ബൺ തന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സുഹൃത്തുക്കളെ കണ്ടുമുട്ടിയത്: ഗൈഥേയുടെ "വെർതറുടെ ദുഃഖങ്ങൾ" ഫ്രഞ്ചുഭാഷയിലേക്ക് മൊഴിമാറ്റിയ ഷാക് ജോർജ്ജ് ഡെയ്‌വർഡൺ ആയിരുന്നു അവരിലൊരാൾ; പിന്നീട് ഷെഫീൽഡ് പ്രഭു ആയിത്തീർന്ന ജോൺ ബേക്കർ ഹോൾറോയ്ഡ് രണ്ടാമനും. കുടുംബസ്വത്തിലുള്ള അവകാശം നിഷേധിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്, ഒന്നരവർഷത്തിനു ശേഷം 1754-ലെ ക്രിസ്മസ് ദിനത്തിൽ ഗിബ്ബൺ പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് തിരികെ പരിവർത്തിതനായി. "റോമൻസഭയുടെ വിശ്വാസപ്രമാണങ്ങൾ ഒരു സ്വപ്നം പോലെ മാഞ്ഞുപോയി" എന്നാണ് ഇതേക്കുറിച്ച് ഗിബ്ബൺ പിന്നീടെഴുതിയത്. ഫലസമൃദ്ധമായ അഞ്ചുവർഷങ്ങൾ ഗിബ്ബൺ ലൊസാനിൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും ആവിഷ്കരണനിപുണതയേയും ഏറെ പുഷ്ടിപ്പെടുത്തിയ വർഷങ്ങളായിരുന്നു അവ. ഗിബ്ബൺ ലത്തീൻ സാഹിത്യം വായിച്ചു; സ്വിറ്റ്സർലൻഡിലെ പ്രവിശ്യകളുടെ ഭരണഘടനകൾ പഠിച്ച് ആ നാട്ടിലുടനീളം സഞ്ചരിച്ചു; ഹ്യൂഗൊ ഗ്രോത്തിയസ്, ജോൺ ലോക്ക്, പിയറി ബേയ്ൽ, ബ്ലെയ്സ് പാസ്ക്കൽ എന്നിവരുടെ രചനകൾ ആഴത്തിൽ പഠിക്കുകയും ചെയ്തു.

തടയപ്പെട്ട പ്രേമം

[തിരുത്തുക]

ജീവിതത്തിൽ ഉണ്ടായ ഒരേയൊരു പ്രേമബന്ധത്തിൽ ഗിബ്ബൺ പെട്ടതും ഇക്കാലത്താണ്: ക്രാസി പാതിരിയുടെ മകൾ, പിന്നീട് ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ധനമന്ത്രി ജാക്ക് നെക്കറുടെ പത്നിയും പേരുകേട്ട മദാം ദ സ്റ്റാളിന്റെ അമ്മയും ആയിത്തീർന്ന സൂസാൻ കുർക്കോഡായിരുന്നു പെൺകുട്ടി. അവർ ഊഷ്മളപ്രേമത്തിലാവുകയും ഗിബ്ബൺ വിവാഹാഭ്യർത്ഥനനടത്തുകയും ചെയ്തെങ്കിലും[4] ഗിബ്ബന്റെ പിതാവിന്റെ ശക്തമായ എതിർപ്പും, സ്വിറ്റ്സർലൻഡ് വിട്ടുപോകാൻ സൂസാൻ വിസമ്മതിച്ചതും മൂലം വിവാഹം അസാദ്ധ്യമായി. 1758-ൽ ഗിബ്ബൺ പിതാവിനെ കാണാൻ പോയി. തന്റെ തീരുമാനത്തെ പുത്രൻ ധിക്കരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഗിബ്ബൺ അതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്: "വേദനിപ്പിക്കുന്ന ഒരു ആന്തരികസമരത്തിനൊടുവിൽ ഞാൻ എന്റെ വിധിക്കു വഴങ്ങാൻ തീരുമാനിച്ചു: കാമുകൻ നെടുവീർപ്പിട്ടു, മകൻ അനുസരിച്ചു."[5] സൂസൻ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുമെന്ന് പറഞ്ഞെങ്കിലും ഗിബ്ബൺ അവരുമായുള്ള അടുപ്പം അവസാനിപ്പിച്ചു. അവരുടെ ഒടുവിലത്തെ വികാരനിർഭരമായ കൂടിക്കാഴ്ച 1764-ലെ വസന്തകാലത്ത് ഫ്രാൻസിലെ ഫെർണിയിലാണ് നടന്നത്. ഒരു വർഷത്തിനുശേഷം അവർ വീണ്ടും ഒരുവട്ടംകൂടിയെങ്കിലും കണ്ടുമുട്ടിയിട്ടുണ്ട്.[6]

ആദ്യപ്രശസ്തി, ദീർഘയാത്ര

[തിരുത്തുക]

ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ഗിബ്ബൺ, സാഹിത്യത്തിന്റെ പഠനത്തെക്കുറിച്ച് ഒരു പ്രബന്ധം {Essai sur l'Étude de la Littérature) എന്ന കൃതി ഫ്രഞ്ചുഭാഷയിൽ പസിദ്ധീകരിച്ചു. പാരീസിലെങ്കിലും ഇത് അദ്ദേഹത്തിന് എഴുത്തുകാരനെന്ന നിലയിൽ പ്രശസ്തി നേടിക്കൊടുത്തു.[7]1759 മുതൽ 1770 വരെ തെക്കൻ ഹാമ്പ്ഷയർ മിലിഷ്യാ എന്ന സൈനികവിഭാഗത്തിൽ പ്രവർത്തിച്ചു. അതിൽ നിന്ന് വിമുക്തി കിട്ടിയത് സപ്തവത്സരയുദ്ധത്തിന്റെ സമാപ്തിയിൽ ആ സേനാവിഭാഗം തന്നെ പിരിച്ചുവിടപ്പെട്ടപ്പോഴാണ്.[8] അടുത്ത വർഷം യൂറോപ്പിൽ ഒരു വിശാലപര്യടനത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചു. റോമിലേക്കുള്ള സന്ദർശനം ഈ യാത്രയുടെ ഭാഗമായിരുന്നു. "തീർത്ഥയാത്രയുടെ ഈ ലക്‌ഷ്യസ്ഥാനത്ത്" എത്താറായപ്പോഴുള്ള തന്റെ മനോനില ഗിബ്ബൺ സ്മരണകളിൽ ഇങ്ങനെ വിവരിക്കുന്നു:

ആദ്യമായി "നിത്യനഗരത്തെ" സമീപിച്ച് അതിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ വികാരാവേശം എനിക്ക് മറക്കാനോ വിവരിക്കാനോ കഴിയുകയില്ല. നിദ്രാരഹിതമായി ഒരു രാത്രിക്കുശേഷം, നീണ്ട കാൽവയ്പുകളോടെ ഞാൻ, പ്രദർശനശാലയുടെ അവശിഷ്ടങ്ങളിൽ പ്രവേശിച്ചു; റോമുലസ് നിന്നതും, സിസറോ പ്രസംഗിച്ചതും, സീസർ വീണതുമായ സ്ഥലങ്ങൾ എന്റെ കണ്മുൻപിൽ തന്നെ ഉണ്ടായിരുന്നു; ഏറെ ദിവസങ്ങൾ ഈ ഉന്മാദാവസ്ഥയുടെ ആനന്ദത്തിൽ നഷ്ടപ്പെടുത്തിയതിനു ശേഷം മാത്രമാണ് സമനിലയോടെയുള്ള ഒരന്വേഷണം തുടങ്ങാൻ എനിക്കായത്.[9]

റോമിന്റെ ചരിത്രമെഴുതുകയുന്ന ആശയം ഗിബ്ബണ് തോന്നിയത് ഇവിടെവച്ചാണ്. പിന്നീട് സാമ്രാജ്യത്തിന്റെ തന്നെ ചരിത്രമെഴുത്തിലേക്ക് നയിച്ച ആ നിമിഷത്തെ പിൽക്കാലചരിത്രകാരന്മാർ "കാപ്പിറ്റലിലെ വെളിപാട്"[10] എന്നു വിളിച്ചു.

1764 ഒക്ടോബർ പതിനഞ്ചാം തിയതി, നിഷ്പാദുകരായ സംന്യാസികൾ ജൂപ്പിറ്റർ ദേവന്റെ ക്ഷേത്രത്തിൽ സായാഹ്നപ്രാർത്ഥന നടത്തിക്കൊണ്ടിരിന്നപ്പോൾ, കാപിറ്റലിന്റെ നാശനഷ്ടങ്ങൾക്കിടയിൽ ചിന്താമഗ്നനായിരുന്ന എനിക്ക്, റോമിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രം എഴുതുകയെന്ന ആശയം ആദ്യമായുദിച്ചു.[11]

"തളർച്ചയും തകർച്ചയും"

[തിരുത്തുക]
ഗെൻസറിക്കിന്റെ വാൻഡൽ സൈന്യം ക്രി.വ. 455-ൽ റോം കൊള്ളയടിക്കുന്നു.

1770-ൽ ഗിബ്ബന്റെ പിതാവ് മരിച്ചു. പൈതൃകമായി കിട്ടിയ എസ്റ്റേറ്റിൽ അറ്റകുറ്റപ്പണികൾക്കു പണം മുടക്കിയശേഷവും അല്ലലില്ലാതെ മാന്യമായി തുടർന്ന് ജീവിക്കാൻ ഗിബ്ബണെ അനുവദിച്ചു. ലണ്ടണിലെ ബെന്റിക് തെരുവിൽ അദ്ദേഹം താമസമാക്കി. 1773 ഫെബ്രുവരിയായപ്പോൾ അദ്ദേഹം ഉത്സാഹിച്ച് എഴുത്ത് തുടങ്ങിയിരുന്നു. നേരമ്പോക്കിനുള്ള ഇടവേളകൾ മനപൂർവം അനുവദിച്ചുകൊണ്ടായിരുന്നു എഴുത്ത്. ലണ്ടണിലെ പൊതുജീവിതത്തിൽ അദ്ദേഹം സജീവമായി പങ്കുചേർന്നു. സാമുവൽ ജോൺസന്റെ സാഹിത്യസഭ അടക്കമുള്ള ക്ലബ്ബുകളിൽ അദ്ദേഹം അംഗമായിരുന്നു. ഇടക്കിടെ സുഹൃത്ത്, സസക്സിലെ ഹോൾറോയ്ഡുമായും ഒത്തുചേർന്നു. ഒലിവർ ഗോൾഡ്സ്മിത്തിനെ പിന്തുടർന്ന് അദ്ദേഹം റോയൽ അക്കാദമിയിൽ പുരാതനചരിത്രത്തിന്റെ പ്രൊഫസറായി. പ്രതിഫലത്തോടുകൂടിയതല്ലെങ്കിലും ഏറെ മാനിക്കപ്പെട്ടിരുന്ന സ്ഥാനമായിരുന്നു അത്. 1774-ൽ അദ്ദേഹം ഫ്രീമേസൺ എന്ന സ്വതന്ത്ര ക്രിസ്തീയ കൂട്ടായ്മയിലും സ്വീകരിക്കപ്പെട്ടു.[12] അതേവർഷം തന്നെ, ക്രോൺവാളിലെ ലിസ്കെയാർഡിൽ നിന്ന് അദ്ദേഹം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബന്ധുവും അഭ്യുദയകാംക്ഷിയുമായ എഡ്വേഡ് ക്രാഗ്സ് ഇലിയറ്റിന്റെ ഇടപെടൽ മൂലമാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. പിൻകസേരകളിൽ അറിയപ്പെടുന്ന മൗനിയായി സഭാനടപടികളിൽ താത്പര്യം കാട്ടാതെയാണ് അദ്ദേഹം ജനസഭയിൽ സമയം പോക്കിയത്. ഈ അലസത ഒരുപക്ഷേ മനപൂർവം തെരഞ്ഞെടുത്തതാകാം. സഭയിലെ അംഗത്വം "തളർച്ചയുടേയും തകർച്ചയുടേയു" പുരോഗതിയെ ബാധിക്കാതിരിക്കാൻ അത് ഇടയാക്കി.[13] അമേരിക്കൻ കോളനികളുടെ കലാപത്തോട് ജോർജ്ജ് മൂന്നാമൻ രാജാവിന്റെ സർക്കാർ പ്രതികരിച്ച രീതിയേയും മറ്റും പിന്തുണച്ചതിനു പ്രതിഫലമായാകാം, സാമാജികസ്ഥാനം നഷ്ടപെട്ട ഗിബ്ബൺ, വ്യാപാര-തോട്ട ബോർഡിൽ 750 പൗണ്ട് വാർഷികവരുമാനമുള്ള സ്ഥാനത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും കഥ കൂടി എഴുതാതിരിക്കാൻ, ജോർജ്ജ് മൂന്നാമൻ ഗിബ്ബണെ വിലക്കെടുക്കുകയാണ് ചെയ്തതെന്ന് ആളുകൾ തമാശപറയാൻ ഇത് ഇടയാക്കി.[14]


പല തിരുത്തിയെഴുതലുകൾക്കൊടുവിൽ ജീവിതത്തിലെ മുഖ്യനേട്ടമായിത്തീർന്ന രചനയുടെ ആദ്യവാല്യം ഗിബ്ബൺ 1776 ഫെബ്രുവരി 17-ന് പ്രസിദ്ധീകരിച്ചു. 1777 അവസാനിച്ചപ്പോൾ അതിന്റെ മൂന്നു പതിപ്പുകൾ വെളിച്ചം കണ്ടിരുന്നു. ഗിബ്ബണ് നല്ല പ്രതിഫലവും കിട്ടി. മൊത്തം കിട്ടിയ ലാഭത്തിന്റെ മൂന്നിലൊന്നായ 1000 പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ വിഹിതം.[15] തുടർന്ന് ഗിബ്ബന്റെ പ്രശസ്തി ശീഘ്രം വളർന്ന് സ്ഥിരമായി നിന്നു എന്ന് ജീവചരിത്രകാരൻ ലെസ്ലി സ്റ്റീഫൻ എഴുതിയിട്ടുണ്ട്. ആദ്യവാല്യത്തിന് "ഡേവിഡ് ഹ്യൂം നൽകിയ ഊഷ്മളമായ അഭിനന്ദനം തന്നെ പത്തുവർഷത്തെ പ്രയത്നത്തിന് പ്രതിഫലമാകാൻ മതിയാകുമായിരുന്നു" എന്ന് ഗിബ്ബൺ എഴുതി.


1781 മാർച്ചിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടും മൂന്നും വാല്യങ്ങളും ആദ്യവാല്യത്തിനൊപ്പം തന്നെ ജനസമ്മതി നേടി. നാലാം വാല്യം വെളിച്ചം കണ്ടത് 1784 ജൂണിലാണ്;[16] അവസാനത്തെ രണ്ടു വാല്യങ്ങൾ 1783 സെപ്റ്റംബർ മുതൽ 1787 ഓഗസ്റ്റ് വരെ ലൊസാനിലേയ്ക്കുനടത്തിയ രണ്ടാം യാത്രക്കിടെയാണ് പൂർത്തിയായത്. ലൊസാനിൽ അദ്ദേഹം പഴയ സുഹൃത്ത് ഡെയ്‌വർഡുമായി സൗഹൃദം പുതുക്കി. തന്റെ സം‌രംഭത്തിന്റെ സമാപ്തി നൽകിയ ആശ്വാസത്തെക്കുറിച്ച് ഗിബ്ബൺ സ്മരണകളിൽ ഇങ്ങനെ എഴുതി:

1787 ജൂൺ 27-ആം തിയതി പതിനൊന്നും പന്ത്രണ്ടും മണികൾക്കിടക്ക് എന്റെ തോട്ടത്തിലെ ഒരു വേനൽക്കാലവസതിയിലാണ് ഞാൻ അവസാനപുറം ഒടുവിലെ വരി എഴുതിയത്. എന്റെ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയതിലും ഒരുപക്ഷേ പ്രശസ്തി ഉറച്ചതിലും തോന്നിയ സന്തോഷത്തെക്കുറിച്ച് കൂടുതൽ പറയാനില്ല. അതേസമയം എന്റെ അഹങ്കാരത്തിൽ വിനയവും കലർന്നിരുന്നു. പ്രിയങ്കരനായ ഒരു പഴയ സുഹൃത്തിനോട് വിടവാങ്ങുമ്പോഴെന്നപോലെ ഒരുതരം ശോകഭാവം എന്റെ മനസ്സിൽ നിറഞ്ഞു.[17]

നാലും അഞ്ചും ആറും വാല്യങ്ങൾ 1788 മേയ് മാസത്തിലാണ് അച്ചടിക്കെത്തിയത്. ഗിബ്ബന്റെ 51-ആം പിറന്നാൾ വരെ പ്രസിദ്ധീകരണം താമസിപ്പിച്ചു. [18] അവസാനവാല്യങ്ങളെ പ്രശംസകൊണ്ടു മൂടാൻ അക്കാലത്തെ പ്രശസ്തന്മാരായ ആദം സ്മിത്ത്, വില്യം റോബർട്ട്സൺ, ആദം ഫർഗൂസൺ, ചാൾസ് പ്രാറ്റ്, ക്യാംഡൻ പ്രഭു ഹൊറേസ് വാൽപോൾ എന്നിവർ മുന്നിലുണ്ടായിരുന്നു. ഗിബ്ബന്റെ നേട്ടം അദ്ദേഹത്തെ യൂറോപ്പിലെ എഴുത്തുകാരുടെ മുൻനിരയിൽ എത്തിച്ചെന്ന് ആദം സ്മിത്ത് അഭിപ്രായപ്പെട്ടു.


ഏറ്റവും മഹാനായ റോമൻ ചക്രവർത്തിമാരിലൊരാളായിർന്ന മാർക്കസ് ഔറേലിയസ് തന്റെ അനന്തരാവകാശിയായി തെരഞ്ഞെടുത്തത് ദുർവൃത്തനായ പുത്രൻ കമ്മോഡസിനെയായിരുന്നു. സാമ്രാജ്യത്തിന്റെ തളർച്ച ആ തെരഞ്ഞെടുപ്പിൽ തുടങ്ങിയതായി ഗിബ്ബൺ കരുതി. പാശ്ചാത്യസാമ്രാജ്യത്തിന്റെ ക്രി.വ. 476-ലെ പതനത്തോടെ രചന അവസാനിപ്പിക്കാനാണ് ആദ്യം ഗിബ്ബൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ മൂന്നാം വാല്യം പൂർത്തിയായപ്പോൾ തന്റെ ചരിത്രത്തിൽ ബൈസാന്തിയത്തിന്റെ ബാക്കി കഥ കൂടി ഉൾപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് തുടർന്ന് മൂന്നുവാല്യങ്ങൾ കൂടി എഴുതപ്പെട്ടത്.[14]

പിൽക്കാലജീവിതം, അന്ത്യം

[തിരുത്തുക]

തളർച്ചയും തകർച്ചയും പ്രസിദ്ധീകരിച്ചതിനെ തുടർന്നുവന്ന വർഷങ്ങൾ ദുഃഖവും ശാരീരികക്ലേശങ്ങളും നിറഞ്ഞതായിരുന്നു. പ്രസിദ്ധീകരണത്തിനു മേൽനോട്ടം വഹിക്കാനായി അദ്ദേഹം ഷെഫീൽഡ് പ്രഭുവിനൊപ്പം 1787-ൽ ലണ്ടണിലെത്തിയിരുന്നു. അതുപൂർത്തിയാക്കി 1789-ൽ ലൊസാനിൽ തിരിച്ചെത്തിയ അദ്ദേഹം സുഹൃത്ത് ഡെയ്‌വർഡന്റെ മരണവാർത്ത കേട്ടു ദുഃഖിതനായി. ഡെയ്‌വർഡന്റെ വസതി ലാ ഗ്രോട്ടെ എന്ന വസതി കാലശേഷം ഗിബ്ബണാണ് നൽകിയത്. അവിടെ ഏറെ ഒച്ചപ്പാടില്ലാതെ ജീവിച്ച അദ്ദേഹം, അയൽക്കാരുമായി ഇടപ്പഴകുകയും, 1791-ൽ സന്ദർശകനായെത്തിയ ഷെഫീൽഡ് പ്രഭുവിനെ സ്വീക്കരിക്കുകയും, ഫ്രഞ്ചുവിപ്ലവത്തെ ആശങ്കയോടെ നോക്കിക്കാണുകയും ചെയ്തു. 1793-ൽ ഷെഫീൽഡിന്റെ പത്നി മരിച്ചു; സുഹൃത്തിനെ ആശ്വസിപ്പിക്കാനായി അദ്ദേഹം ഉടൻ ലൊസാനിൽ നിന്ന് തിരിച്ചു. ഡിസംബർ മാസത്തോടെ ഗിബ്ബന്റെ ആരോഗ്യം വഷളാകാൻ തുടങ്ങി. വർഷം അവസാനിക്കുമ്പോൾ അദ്ദേഹം മരണത്തോടടുത്തിരുന്നു.


വൃഷണസഞ്ചിയിൽ ദ്രാവകം നിറഞ്ഞ് വീർക്കുന്ന രോഗമായിരുന്നു (hydrocele testis) ഗിബ്ബണെ അലട്ടിയിരുന്നത് എന്ന് കരുതപ്പെടുന്നു. ശരീരത്തോടൊട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ ഫാഷനായിരുന്ന അക്കാലത്ത് ഇത് ഗിബ്ബണെ സാമൂഹികമായി ഒറ്റപ്പെടുത്തി. [19] അദ്ദേഹത്തിന്റെ സ്ഥിതി വഷളായതോടെ ആശ്വാസം കിട്ടാനുള്ള പലതരം പ്രക്രിയകൾ��്കും വിധേയനാക്കിയെങ്കിലും ഒന്നും ഫലിച്ചില്ല. ജനുവരി ആദ്യം നടത്തിയ മൂന്ന് ശസ്ത്രക്രിയകൾ സ്ഥിതി കൂടുതൽ വഷളാക്കിയതേയുള്ളു. "ഇംഗ്ലീഷ് ജ്ഞാനോദയത്തിലെ ആ അതികായൻ"[20] 1794 ജനുവരി 16-ആം തിയതി 12.45-ന് 56-ആമത്തെ വയസ്സിൽ അന്ത്യശ്വാസം വലിച്ചു. സസെക്സിലെ ഫ്ലെച്ചിങ്ങിലുള്ള ഷെഫീൽഡിന്റെ കുടുംബശ്മശാനത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു.[21]

വിലയിരുത്തൽ

[തിരുത്തുക]

ഗിബ്ബന്റെ കൃതി, അതിന്റെ പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളിൽ ക്രിസ്തുമതത്തിനുനേരേ അദ്ദേഹം നടത്തുന്ന ആക്രമണത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ അദ്ധ്യായങ്ങൾ നിശിതമായി വിമർശിക്കപ്പെടുകയും പുസ്തകം പല രാജ്യങ്ങളിലും നിരോധിക്കപ്പെടുന്നതിന് അവ ഇടവരുത്തുകയും ചെയ്തു. ക്രിസ്തുമതത്തേയും പാവനമെന്നുകരുതിയ അതിന്റെ വിശ്വാസസംഹിതയേയും ഭൗതികേതരമായ വിശദീകരണങ്ങൾ ആവശ്യപ്പെടുന്നതും ചരിത്രപ്രക്രിയയുടെ പരിധിയിൽ വരാത്തതുമായ പ്രതിഭാസങ്ങളായി പരിഗണിക്കാതെ ചരിത്രത്തിന്റെ തന്നെ ഭാഗമായി വിലയിരുത്തി എന്നതായിരുന്നു ഗിബ്ബന്റെ 'കുറ്റം'. മതത്തെ അദ്ദേഹം ദൈവശാസ്ത്രത്തിന്റെ മേഖലയിൽ നിന്ന് ചരിത്രത്തിന്റെ മേഖലയിലേക്ക് ഇറക്കിക്കൊണ്ടുവന്നു. പോരാഞ്ഞ്, അതിനുമുൻപുണ്ടായിരുന്ന മഹത്തായ സംസ്കാരത്തെ പിഴുതെറിയുന്നതിൽ ക്രിസ്തുമതം അനാവശ്യവും വിനാശകരവുമായ ബലം പ്രയോഗിച്ചെന്നും മതപരമായ അസഹിഷ്ണുതയും അക്രമവും ഉപയോഗിച്ചെന്നുമുള്ള ഗിബ്ബന്റെ ആരോപണം ദൈവനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു.[22]


റോമിന്റെ തളർച്ചക്കുള്ള കാരണങ്ങളിലൊന്ന് ക്രിസ്തുമതം തന്നെയാണെന്ന് സൂചിപ്പിക്കുന്ന ഗിബ്ബൺ ആരംഭഘട്ടത്തിൽ സാമ്രാജ്യം ക്രിസ്തുമതത്തോടുപുലർത്തിയ ശത്രുതാമനോഭാവത്തേയും ക്രിസ്തുമതപീഡനങ്ങളേയും വിലയിരുത്തിയതും വ്യത്യസ്തമായാണ്. രഹസ്യസ്വഭാവമുള്ള സംഘങ്ങളായി പ്രവർത്തിച്ച ക്രിസ്തീയസമൂഹങ്ങൾ രാഷ്ട്രത്തിന്റെ നിലനില്പിനെ അപകടപ്പെടുത്തിയേക്കാമെന്ന ഭരണാധികാരികളുടെ ആശങ്കയോട് അദ്ദേഹം അനുഭാവം പ്രകടിപ്പിക്കുന്നു. അത്തരം സമൂഹങ്ങൾ, സാമ്രാജ്യത്തിന്റെ നിലനില്പിനാവശ്യമായ സൈനികസേവനത്തോടും പ്രയോജനപ്രദമായ മറ്റു ജീവിതവൃത്തികളോടും വൈമുഖ്യം പ്രകടിപ്പിക്കുന്ന സ്വർഗ്ഗകാമികളുടെ കുട്ടായ്മകളാണെന്ന ആരോപണം അടിസ്ഥാനരഹിതമല്ലായിരുന്നു. ഭിക്ഷതെണ്ടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് അദ്ധ്വാനിക്കുന്നതിനേക്കാൾ എളുപ്പമാണെന്ന് കണ്ടെത്തിയ അലസന്മാരായാണ് അദ്ദേഹം ക്രിസ്തീയ സംന്യാസികളെ ചിത്രീകരിച്ചത്. റോമിന്റെ ക്രിസ്തുമതപീഡനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരത്തിൽ കവിയില്ലെന്നും പിൽക്കാലത്ത് ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംഖ്യയേക്കാൾ വളരെക്കുറവാണ് ഇതെന്നുമുള്ള വോൾട്ടയറുടെ വിലയിരുത്തലിനോടും ഗിബ്ബൺ സഹമതി പ്രകറ്റിപ്പിച്ചു.[14]


എന്നാൽ തീർത്തും മതവിരുദ്ധനായി ഗിബ്ബൺ കണക്കാക്കപ്പെടാറുണ്ടെങ്കിലും ഔദ്യോഗിക മതസംഹിതകളുടെ സ്വാധീനത്തിൽ നിന്ന് വിമുക്തമായി ചരിത്രമെഴുതുക എന്ന തന്റെ മുഖ്യലക്‌ഷ്യത്തിന് തടസമാകാതിരുന്നപ്പോൾ മതത്തെ പിന്തുണച്ചു. പുസ്തകത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട രണ്ട് അദ്ധ്യായങ്ങളിൽ ആക്ഷേപഹാസ്യത്തിന്റെ പിൻബലത്തോടെ ഗിബ്ബൺ മതത്തെ വിമർശിക്കുന്നുണ്ടെങ്കിലും അവയിലൊരിടത്തും ക്രിസ്തുമതത്തെ അദ്ദേഹം തീർത്തും തള്ളിപ്പറയുന്നില്ലെന്നും ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ സത്യവും ശരിയുമാണെന്ന് ഏറെ ശക്തിയോടെയല്ലെങ്കിലും വാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുമതത്തെ പരിധിവിട്ട് വിമർശിക്കുന്നത് അപകടകരവുമായിരുന്നു. ക്രിസ്തീയവിശ്വാസം അഭ്യസിക്കപ്പെട്ടിട്ടുള്ള ഒരാൾ ആ വിശ്വാസം കപടമാണെന്ന് എഴുതിയാൽ മൂന്നുവർഷത്തെ ജാമ്യമില്ലാത്ത തടവുശിക്ഷ നൽക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം അപ്പോഴും നിലവിലുണ്ടായിരുന്നു. ഇതുമനസ്സിലാക്കിയ ഗിബ്ബൺ, മതത്തെ പരാമർശിക്കുമ്പോൾ മമതാരഹിതവും ആക്ഷേപഹാസ്യം നിറഞ്ഞതുമായ ശൈലി ഉപയോഗിച്ചു. ക്രിസ്തുമതത്തിന്റെ പ്രാബല്യം ഉറയ്ക്കുന്നതിനുമുൻപ് റോമാസാമ്രാജ്യത്തിൽ നിലനിന്നിരുന്ന വിശ്വാസവൈവിദ്ധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പേരുകേട്ട ഒരു നിരീക്ഷണം ഇതിനുദാഹരണമാണ്:



ഹോൾറോയ്‌ഡിനും മറ്റും എഴുതിയ കത്തുകളിൽ സഭയുടെ ഭാഗത്തുനിന്ന് ചില വിമർശനങ്ങൾ താൻ പ്രതീക്ഷിക്കുന്നതായി ഗിബ്ബൺ സൂചിപ്പിച്ചിരുന്നെങ്കിലും യഥാർത്ഥത്തിൽ ഉണ്ടായ വിമർശനത്തിന്റെ കാഠിന്യവും ശക്തിയും അദ്ദേഹത്തിന്റേയും സുഹൃത്തുക്കളുടേയും ആശങ്കകളെയെല്ലാം അതിലംഘിക്കുന്നതായിരുന്നു. ജൊസഫ് പ്രീസ്റ്റ്ലി, റിച്ചാർഡ് വാട്ട്സൺ തുടങ്ങിയ എതിരാളികൾ ആരംഭദശയിൽ വിമർശനത്തെ ആളിക്കത്തിച്ചു. എന്നാൽ ഏറ്റവും കടുത്ത വിമർശനം ഹെൻട്രി എഡ്വേഡ്സ് ഡേവിസ് എന്ന യുവപുരോഹിതന്റേതായിരുന്നു. [23] ഗിബ്ബൺ ഡേവിസിന്റെ വിമർശനങ്ങൾക്ക് 1779-ൽ മറുപടി എഴുതി. താൻ സാഹിത്യചോരണം നടത്തിയതായും മറ്റുമുള്ള ആരോപണങ്ങളെ അദ്ദേഹം ശക്തിയായി നിഷേധിച്ചു.[24] ഇതിന് ഡേവീസും ഒരു മറുപടി അതേവർഷം തന്നെ പ്രസിദ്ധീകരിച്ചു.


ഗിബ്ബന്റെ ക്രിസ്തുമതവിരോധം ഇടക്ക് യഹൂദമതവിരോധമായും പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹം യഹൂദവിരുദ്ധനാണെന്നുള്ള ആരോപണത്തിന് ഇത് കാരണമായി. ഉദാഹരണമായി അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്:

ഈജിപ്തിലേയും സൈപ്രസ്സിലേയും സൈറീനിലേയും പട്ടണങ്ങളിൽ നിഷ്കളങ്കരായ നാട്ടുകാരുമായി വഞ്ചനാപൂർവമായ സൗഹൃദത്തിൽ കഴിഞ്ഞ യഹൂദർ അവർക്കെതിരെ കാട്ടിയ കൊടുംക്രൂരതകൾ മനുഷ്യരാശിക്ക് ഞെട്ടലുണ്ടാക്കുന്നു;¹ അന്ധവിശ്വാസത്തിന്റെ പേരിൽ റോമൻ സർക്കാരിന്റെയെന്നല്ല മനുഷ്യരാശിയുടെ തന്നെ ശത്രുക്കളായിത്തീർന്ന അസഹിഷ്ണുക്കളുടെ ഈ വർഗ്ഗത്തിനെതിരെ റോമൻ സൈന്യം കൈക്കൊണ്ട പ്രതികാരനടപടികളെ പ്രശംസിക്കാനേ നമുക്കു തോന്നൂ.²[25]


ക്രിസ്തുമതവിരോധത്തിന്റെ പേരിൽ മാത്രമല്ല ഗിബ്ബന്റെ രചന വിമർശിക്കപ്പെട്ടിട്ടുള്ളത്. ആ മതത്തിലെ നാനാവിധമായ ചേരിതിരിവുകൾക്കും അവയ്ക്കുപിന്നിലുള്ള സങ്കീർണ്ണമായ ദൈവശാസ്ത്രസം‌വാദങ്ങൾക്കും ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്തതു��� പലർക്കും മുഷിപ്പുണ്ടാക്കി. "തളർച്ചയും തകർച്ചയും" ഇറങ്ങിയപ്പോൾ അതിനെ ഏറെ പ്രശംസിച്ച എഴുത്തുകാരൻ ഹോറേസ് വാല്പോൾ ഇതേക്കുറിച്ചു പറഞ്ഞത് " ഗിബ്ബൺ ഏകപ്രകൃതിവാദികളേക്കുറിച്ചും(Monophysittes) നെസ്തോറിയന്മാരെക്കുറിച്ചും അതുപോലുള്ള മറ്റു വിഡ്ഢികളെക്കുറിച്ചും കേട്ടിട്ടേയില്ലായിരുന്നെങ്കിൽ എത്രനന്നായിരുന്നു" എന്നാണ്. വാക്കുകൾ കൊണ്ട് അമ്മാനാടി അത്ഭുതം സൃഷ്ടിക്കുന്ന ഗിബ്ബന്റെ ഏറെ പ്രശംസിക്കപ്പെട്ട ശൈലിപോലും, ദീർഘമായ ഗ്രന്ഥത്തിൽ ആവർത്തനം കൊണ്ട് വിരസത സൃഷ്ടിച്ചു. കലയുടേയും ശാസ്ത്രത്തിന്റേയും സാഹിത്യത്തിന്റേയും ചരിത്രം ഗിബ്ബൺ സ്പർശിച്ചതേയില്ല. ഗോത്തിക്ക് ഭദ്രാസനപ്പള്ളികളും, മുസ്ലിം മോസ്ക്കുകളും അറേബ്യൻ സയൻസും അദ്ദേഹത്തിന്റെ ആഖ്യാനത്തിനു വെളിയിൽ നിന്നു. താഴേക്കിടയിലുള്ള മനുഷ്യരുടെ ജീവിതവും അദ്ദേഹം മിക്കവാറും അവഗണിച്ചു.[14]

ബർക്ക്, ചർച്ചിൽ 'മൂലസ്രോതസ്സുകൾ'

[തിരുത്തുക]

ഗിബ്ബൺ പൊതുവേ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ സൃഷ്ടിയായി പരിഗണിക്കപ്പെടുന്നു. മദ്ധ്യകാലചരിത്രത്തെ അദ്ദേഹം സംക്ഷേപിക്കാൻ അദ്ദേഹം ഉപയോഗിച്ച പ്രസിദ്ധമായ വാക്യം തന്നെ ഇതിനു തെളിവാണ്: "കാടത്തത്തിന്റേയും മതത്തിന്റേയും വിജയത്തിന്റെ ചരിത്രം ഞാൻ വിവരിച്ചിരിക്കുന്നു."[26] എന്നാൽ രാജനീതിയിൽ അദ്ദേഹം യാഥാസ്ഥിതികനായ എഡ്മണ്ട് ബർക്കിനൊപ്പം നിന്ന് ജനാധിപത്യ മുന്നേറ്റങ്ങളെ എതിർക്കുകയും മനുഷ്യാവകാശങ്ങളെ നിഷേധിക്കുകയും ചെയ്തു. [27]

ഗിബ്ബന്റെ കൃതി അതിന്റെ ശൈലിയുടേയും, ആക്ഷേപഹാസ്യത്തിന്റേയും, കുറിക്കുകൊള്ളുന്ന ലഘുവാക്യങ്ങളുടേയും പേരിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. വിൻസ്റ്റൻ ചർച്ചിലിന്റെ പ്രശംസ ശ്രദ്ധേയമാണ്: "ഗിബ്ബന്റെ "തളർച്ചയും തകർച്ചയും" വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അതിലെ ആഖ്യാനവും ശൈലിയും എന്നെ ആകർഷിച്ചു ...ഗിബ്ബണെ ഞാൻ ഒന്നോടെ അകത്താക്കി. ആദ്യവസാനം ഞാൻ ആ കൃതിയിലൂടെ ജൈത്രയാത്രനടത്തുകയും അത് പൂർണ്ണമായി ആസ്വദിക്കുകയും ചെയ്തു."[28] തന്റെ സാഹിത്യശൈലി മിക്കവാറും ഗിബ്ബന്റെ രീതിയിലാണ് ചർച്ചിൽ രൂപപ്പെടുത്തിയത്. ഗിബ്ബണെപ്പോലെ അദ്ദേഹവും "ദീർഘമായ കാലഘട്ടങ്ങളെക്കുറിച്ച് മിഴിവുള്ള ചരിത്രാവലോകനങ്ങൾ എഴുതാൻ തുനിഞ്ഞു."[29]


തന്റെ രചനക്ക് ആശ്രയമായി മൂലസ്രോതസ്സുകൾ തന്നെ വേണമെന്ന ഗിബ്ബന്റെ നിർബ്ബന്ധം പതിനെട്ടാം നൂറ്റാണ്ടിൽ പുതുമയായിരുന്നു. "മുഖ്യധാരയെ തന്നെ ആശ്രയിക്കാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചു," എന്നദ്ദേഹം പറഞ്ഞു; "എന്റെ കൗതുകവും ഉത്തരവാദിത്തബോധവും മൂലരചനകളെത്തന്നെ ആശ്രയിക്കാൻ എന്നെ പ്രേരിപ്പിച്ചു; ചിലപ്പോൾ അവ ലഭ്യമല്ലെന്നു വന്നാൽ, വളരെ ശ്രദ്ധയോടെ മറ്റുറവിടങ്ങളെ ആശ്രയിച്ചു."[30] മൂലരചനകളിന്മേലുള്ള ഈ ആശ്രയം ഗിബ്ബണെ ആധുനിക ചരിത്രരചനയുടെ ഉദ്ഘാടകരിൽ ഒരാളാക്കുന്നു:

കൃത്യത, സമഗ്രത, വ്യക്തത, വിഷയജ്ഞാനം എന്നീ ഗുണങ്ങളിൽ ഗിബ്ബന്റെ ചരിത്രത്തെ വെല്ലാൻ മറ്റൊന്നില്ല. ഇംഗ്ലീഷിലുള്ള ചരിത്രഗ്രന്ഥങ്ങളിൽ, തീർത്തും വിശ്വസിക്കവുന്ന ഒന്നാണത്. ...അതിന്റെ കുറവുകളെല്ലാം നിൽക്കുമ്പോഴും, ഒരു വലിയകാലഘട്ടത്തിന്റെ ചിത്രം എന്ന നിലയിൽ ഒരു കലാസൃഷ്ടിയും ചരിത്രരചനയും എന്നനിലയിൽ അത് മഹത്തരമാണ്.[31]

ഗിബ്ബന്റെ സ്വാധീനം

[തിരുത്തുക]

ഗിബ്ബൺ തെരഞ്ഞെടുത്ത വിഷയവും അദ്ദേഹത്തിന്റെ ആശയങ്ങളും ശൈലിയും പിൽക്കാലലേഖകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. ചർച്ചിലിനുപുറമേ ഐസക്ക് അസിമോവും അദ്ദേഹത്തെ പിന്തുടർന്നു. അസിമോവിന്റെ ഫൗൻഡേഷൻ ട്രൈല���ജി പിന്തുടരുന്നത് ഗിബ്ബന്റെ മാതൃകയാണ്.

എവ്‌ലീൻ വാഗ് ഗിബ്ബന്റെ ശൈലിയെ ബഹുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ മതേനിരപേക്ഷനിലപാടിനെ വിമർശിച്ചു. വാഗ് 1950-ൽ പ്രസിദ്ധീകരിച്ച് ഹെലീന എന്ന നോവലിൽ ആദ്യകാലക്രൈസ്തവ ലേഖകനായ ലക്ടാന്റിയസ്, ഭാവിയിൽ സിസറോയുടേയോ ടാസിറ്റസിന്റേയോ ബുദ്ധിയും ഒരു മൃഗത്തിന്റെ ആത്മാവുമുള്ള "കപടചരിത്രകാരൻ" ഉണ്ടായേക്കാമെന്ന ആശങ്ക പ്രകടിപ്പിക്കുന്നത് ഗിബ്ബണെ സൂചിപ്പിച്ചാണ്"[32]

റോമിനുണ്ടായിരുന്ന മഹത്ത്വം(1911‌)‌ എന്ന കൃതിയുടെ രചയിതാവായ ജെ.സി. സ്റ്റോബാർട്ട് ഗിബ്ബണെക്കുറിച്ച് ഇങ്ങനെ എഴുതി: '"ഒരു സാമ്രാജ്യം അഞ്ചു നൂറ്റാണ്ടുകാലം "തളർന്നും തകർന്നും" കൊണ്ടിരുന്നു എന്ന ആശയം തന്നെ പരിഹാസ്യമാണ്... ചരിത്രം സൃഷ്ടിക്കുന്നത് ചരിത്രപുരുഷന്മാരോ, പ്രകൃതിയോ അല്ല ചരിത്രകാരന്മാരാണ് എന്നതിന് ഇത് തെളിവാണ്."


നുറുങ്ങുകൾ

[തിരുത്തുക]

അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യസമരത്തോട് തീരെ സഹതാപമില്ലാത്ത നിലപാടാണ് ഗിബ്ബൺ സ്വീകരിച്ചത്. അമേരിക്കൻ ദേശീയവാദിയും ചിന്തകനും ശാസ്ത്രജ്ഞനും ആയ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഫ്രാൻസിലെ അമേരിക്കൻ സ്ഥാനപതിയായിരിക്കെ, പാരീസിലെത്തിയ ഗിബ്ബണെ കൂടിക്കാഴ്ചക്കു ക്ഷണിച്ചു. തത്ത്വചിന്തകനെന്ന നിലയിൽ തനിക്ക് ഫ്രാങ്ക്ലിനോട് ബഹുമാനമുണ്ടെങ്കിലും വിഘടിച്ചുനിൽക്കുന്ന പ്രജയെ കാണാൻ രാജാവിനോടുള്ള കൂറ് തന്നെ അനുവദിക്കുന്നില്ലെന്നാണ് ഗിബ്ബൺ പ്രതികരിച്ചത്. തനിക്ക് ഗിബ്ബണോട് ഇപ്പോഴും മതിപ്പാണെന്നും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താഴ്ചയുടേയും വീഴ്ചയുടേയും കഥ എഴുതാൻ എപ്പോഴെങ്കിലും തീരുമാനിച്ചാൽ പ്രസക്തമായ പല വിവരങ്ങളും തരാൻ തനിക്ക് സന്തോഷമായിരിക്കുമെന്നും ഫ്രാങ്ക്ലിനും മറുപടി എഴുതി.[14]

അവലംബം

[തിരുത്തുക]
  1. Norton, Letters, vol. 3, 10/5/[17]86, 45-48.
  2. Stephen, DNB, p. 1130; Pocock, EEG, 29–40. പതിനാലു വയസ്സുള്ള ഗിബ്ബൺ "അതിരില്ലാത്തെ വായനയുടെ പിടിയിൽ ആയിരുന്നു." "വകതിരിവില്ലാതെ വായിക്കുമായിരുന്നെന്ന്" ഗിബ്ബൺ തന്നെ സമ്മതിച്ചിട്ടുണ്ട്
  3. Pocock, EEG. മിഡിൽട്ടണെക്കുറിച്ച് 45–47 പുറങ്ങൾ; ബോസെറ്റിനെക്കുറിച്ച്, പുറം 47; മാലറ്റ് ദമ്പതിമാരെക്കുറിച്ച്, പുറം. 23. ഗിബ്ബന്റെ സ്മരണകളുടെ 1796-ലെ പതിപ്പിൽ, തന്റെ പരിവർത്തനത്തിന് കാരണം പാർസൺസിന്റെ രചനകളാണെന്ന് ഗിബ്ബൺ കരുതിയതായി ഷെഫീൽഡ് പ്രഭു അവകാശപ്പെട്ടിട്ടുണ്ട്.
  4. Norton, Biblio, p.2;   Letters, vol. 1, p. 396. അവരുടെ ബന്ധത്തിന്റെ ഒരു ഹ്രസ്വവിവരണം 396-401 പുറങ്ങളിൽ കാണാം.
  5. ഗിബ്ബന്റെ സ്മരണകളിൽ ഈ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: "കേൾക്കുന്നവർ പരിഹസിച്ചെങ്കിലോ എന്ന ഭയം മൂലം (ഇതെഴുതാൻ) എനിക്ക് സങ്കോചമാണ്....". "നെടുവീർപ്പിട്ടു" എന്നും മറ്റും എഴുതിയിരിക്കുന്നതിൽ ഗിബ്ബണ് ഫ്രഞ്ച് ദുരന്തനാടകങ്ങളുടെ പിതാവ് പിയറി കൊർണേലിയുടെ ഒരു നാടകത്തോട് കടപ്പാടുണ്ട്. Womersley, ODNB, p. 11.
  6. Ibid., 11-12.
  7. അക്കാലത്ത് പണ്ഡിതലോകത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സാഹിത്യാസ്വാദനപാരമ്പര്യത്തെ ചോദ്യം ചെയ്യുകയാണ് 24 വയസ്സുമാത്രമുണ്ടായിരുന്ന ഗിബ്ബൺ ഈ പ്രബന്ധത്തിൽ ചെയ്തത്. Ibid., p. 11; and "Miscellaneous Works of Edward Gibbon", First edition, vol. 2.
  8. Womersley, ODNB, pp. 11, 12. ക്യാപ്റ്റനായി ഈ സേനാവിഭാഗത്തിൽ ചേർന്ന ഗിബ്ബൺ പിരിഞ്ഞത് ലെഫ്റ്റനന്റ് കേണലായാണ്. ഇംഗ്ലീഷ് ലോകത്തെക്കുറിച്ച് വിപുലമായൊരു പരിചയം ഈ സേവനകാലം തനിക്ക് തന്നതായും ഈ അനുഭവം റോമൻ സൈനികസം‌വിധാനത്തെ വിശകലനം ചെയ്യുന്നതിൽ സഹായകമായെന്നും ഗിബ്ബൺ പിന്നീട് എഴുതി. ഗിബ്ബൺ, സ്മരണകൾ
  9. ഗിബ്ബൺ, സ്മരണകൾ, "ശീഘ്രഗതിയിൽ മിതഭാഷിയായി ഞാൻ തുടരട്ടെ."
  10. Pocock, "ക്ലാസിക്കൽ ചരിത്രം"
  11. ഗിബ്ബൺ, സ്മരണകൾ, "വിദേശയാത്രയുടെ പ്രയോജനങ്ങൾ." ഈ അവകാശവാദത്തെ സംശയിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നും ( Womersley (ODNB, പുറം 12) ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിക്കപ്പെട്ട സ്മരണയോ (created memory) സർഗ്ഗവാസനയുടെ കണ്ടുപിടിത്തമോ(literary invention) ആകാം എന്ന് ("ക്ലാസിക്കൽ ചരിത്രം") പോക്കോക്ക് വാദിക്കുന്നു.
  12. ഈ കൂട്ടായ്മയിലെ ഗിബ്ബന്റെ അംഗത്വത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ.
  13. ഇലിയറ്റ് പ്രതിപക്ഷത്തേക്ക് കാലുമാറിയതിനെ തുടർന്ന് 1780-ൽ ഗിബ്ബണ് ലിസ്കെയാർഡിൽ നിന്നുള്ള ജനസഭയിലെ അംഗത്വം നഷ്ടമായി. "ആ മണ്ഡലത്തിലെ അംഗങ്ങൾ സാധാരണയായി ഇലിയറ്റിന്റെ അഭിപ്രായങ്ങളെ പിന്തുണക്കുന്നവരായിരുന്നു" എന്ന് ഗിബ്ബൺ സ്മരണകളിൽ പറയുന്നു. അടുത്തവർഷം പ്രധാനമന്ത്രി നോർത്ത് പ്രഭുവിന്റെ ഔദാര്യത്തിൽ ഒരിടക്കാലതെരഞ്ഞെടുപ്പില അദ്ദേഹം ലൈമിങ്ടൺ മണ്ഡലത്തിൽ നിന്ന് ജനസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിഗ് കഷിയിൽ അംഗമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ തികച്ചും യാഥാസ്ഥിതികമായിരുന്നു: നിയമവാഴ്ച സാധാരണജനങ്ങൾക്കു നൽകുന്ന അവകാശങ്ങളെ പിന്തുണച്ചെങ്കിലും, ധനസ്ഥിതിയുള്ള ഉപരിവർഗ്ഗത്തിനനുകൂലമായാണ് അദ്ദേഹം നിലകൊണ്ടത്; മനുഷ്യന്റെ പ്രകൃതിദത്തമായ അവകാശങ്ങൾ, ജനങ്ങളുടെ പരമാധികാരം തുടങ്ങിയ ആശയങ്ങളെ അദ്ദേഹം എതിർത്തു. "പ്രാകൃതവും അപകടകരവുമായ ആശയം" എന്നാണ് ജനാധിപത്യത്തെ ഗിബ്ബൺ വിശേഷിപ്പിച്ചത്. (Dickinson, "Politics," 178-79). പാരീസിൽ ബ്രിട്ടീഷ് എംബസിയിൽ അദ്ദേഹത്തെ നിയമിക്കുന്ന കാര്യം പിൽക്കാലത്ത് പരിഗണിക്കപ്പെട്ടെങ്കിലും നടപ്പായില്ല. തകർച്ചയുടേയും തളർച്ചയുടേയും രചന നിർബ്ബാധം തുടരാൻ അത് ഇടയാക്കി.
  14. 14.0 14.1 14.2 14.3 14.4 14.5 സംസ്കാരത്തിന്റെ കഥ പത്താം വാല്യം - വിൽ-ഏരിലയൽ ഡുറാന്റുമാർ
  15. Norton, Biblio, pp. 37, 45. ഒന്നാം പതിപ്പിന്റെ അവശേഷിക്കുന്ന പതിപ്പുകളുടേയും തുടർന്നുള്ള അഞ്ചു പതിപ്പുകളുടേയും പ്രസിദ്ധീകരണാവകാശം ഗിബ്ബൺ പ്രസാധകരായ സ്ട്രഹാൻ ഹാൻ ആൻഡ് കേഡലിന് 8000 പൗണ്ടിന് വിറ്റതിനാൽ ഗിബ്ബണ് കിട്ടിയ മൊത്തം പ്രതിഫലം 9000 പൗണ്ടായി.
  16. Ibid., pp. 49, 57.
  17. ഗിബ്ബൺ, സ്മരണകൾ
  18. നോർട്ടൺ, Biblio, p. 61.
  19. രണ്ടുനൂറ്റാണ്ട് കാലത്തിനുശേഷവും ഗിബ്ബന്റെ രോഗത്തിന്റെ യഥാർത്ഥസ്വഭാവം തർക്കവിഷയമായിരിക്കുന്നു. വോമർസ്ലിയുടെ ഭാഷ്യം പാട്രീഷ്യാ ക്രാഡക്കിന്റെ വിവരണവുമായി ഒത്തുപോകുന്നതാണ്. ഗിബ്ബന്റെ അന്ത്യദിനങ്ങളുടെ സമഗ്രവിവരണം തരുന്ന അവർ, അദ്ദേഹത്തിന് ഹൈഡ്രോസീൽ രോഗമായിരുന്നില്ലെന്നും ഹെർണിയായും കരളിലെ ബാധിക്കുന്ന സിരോസിസ് എന്ന അവസ്ഥയും ആണ് അദ്ദേഹത്തെ അലട്ടിയിരുന്നതെന്നുമുള്ള സർ ഗാവിൻ ഡെ ബീയറുടെ 1949-ലെ നിഗമനം പരാമർശിക്കുന്നുണ്ട്. കടുത്ത വേദനയിൽ അന്ത്യത്തോടടുക്കുമ്പോഴും ഗിബ്ബൺ സമചിത്തതയും ഫലിതബോധവും പ്രകടിപ്പിച്ചവെന്ന് ഈ ലേഖകർ പറയുന്നു. രണ്ട് എഴുത്തുകാരും ഗിബ്ബന്റെ ഒരു പരുക്കൻ തമാശ ഉദ്ധരിക്കുന്നുണ്ട്: "ചോദ്യം: ഒരു കുടവയറനും കോർണിഷ് പാർലമെന്റ് മണ്ഡലത്തിലെ വോട്ടറും തമ്മിൽ സാമ്യമെന്ത്? ഉത്തരം: ഇരുവർക്കും അവരുടെ 'മെംബർമാരെ' കാണാൻ കിട്ടാറില്ല." see Womersley, ODNB, p.16; Craddock, Luminous Historian, 334-342; and Beer, "Malady."
  20. ജ്ഞാനോദയപഠനവിദഗ്ദ്ധനും ചരിത്രകാരനുമായ ഫ്രാങ്കോ വെണ്ടൂരിയാണ്(1914–1994) ഗിബ്ബണെ അങ്ങനെ വിശേഷിപ്പിച്ചത് - 'Utopia and Reform in the Enlightenment (Cambridge: 1971), p. 132. See Pocock, EEG, p. 6; x.
  21. അദ്ദേഹത്തിന്റെ സ്വത്ത് 26,000 പൗണ്ട് വിലമതിക്കപ്പെട്ടിരുന്നു. മിക്കവാറും സ്വത്ത് പിതൃസഹോദരന്മാരുടെ മക്കൾക്കാണ് അദ്ദേഹം നൽകിയിരുന്നത്. വില്പത്രത്തിൽ പറഞ്ഞിരുന്നതുപോലെ ഷെഫീൽഡ് ഗിബ്ബന്റെ ഗ്രന്ഥശേഖരം ലേലം ചെയ്തുവിറ്റു. വില്യം ബെക്ക്ഫോർഡ് ആണ് അത് 950 പൗണ്ടിന് വാങ്ങിയത്.
  22. ക്രാഡോക്ക്, ഉജ്ജ്വല ചരിത്രകാരൻ, p.60; ഷെല്ലി തോമസ് മക്‌ക്ലോയിയുടെ ഗിബ്ബന്റെ ക്രിസ്തുമതവിരോധം (Chapel Hill: Univ. of North Carolina Press, 1933). എന്നാൽ ഗിബ്ബൺ പതിനഞ്ചാം അദ്ധ്യായം തുടങ്ങിയത് രാഷ്ടീയാധികാരത്തിലേക്കും ശക്തിയിലേക്കുമുള്ള ക്രിസ്തുമതത്തിന്റെ വളർച്ചയുടെ വളരെ അനുകൂലമായതെന്നു തോന്നിക്കുന്ന ഒരു വിലയിരുത്തലോടെയാണ്. റോമാസാമ്രാജ്യത്തിലുടനീളം ക്രിസ്തുമതം ശീഘ്രം പ്രചരിക്കാനിടയായത് ഒരു മുഖ്യ കാരണവും അഞ്ചു മറ്റുകാരണങ്ങളും മൂലമാണെന്ന് ഗിബ്ബൺ അവിടെ വാദിച്ചു: മുഖ്യകാരണമായി പറഞ്ഞത്, "ക്രിസ്തുമത സിദ്ധാന്തങ്ങളുടെ സ്വയം സിദ്ധിയും,... അവയുടെ രചയിതാവിന്റെ പരിപാലനയും" ആണ്. മറ്റുകാരണങ്ങളായി പറയപ്പെട്ടത്, ക്രിസ്ത്യാനികളുടെ "അസാമാന്യമായ തീക്ഷ്ണത, പരലോകത്തെക്കുറിച്ചുള്ള പ്രത്യാശ, അത്ഭുതങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ, വിട്ടുവീഴ്ചയില്ലാതെ പിന്തുടർന്ന വിശുദ്ധി, ആദിമസഭയുടെ പ്രത്യേകമായ ചട്ടക്കൂട്" എന്നിവയാണ്. (ആദ്യത്തെ ഉദ്ധരണി, ക്രാഡോക്കിന്റെ, ഉജ്ജ്വലചരിത്രകാരൻ, p. 61; രണ്ടാമത്തേത്, വോമ��്ലി സംശോധന ചെയ്ത, തളർച്ചയും തകർച്ചയും, vol. 1, ch. XV, p. 497.)
  23. ഹെൻട്രി എഡ്വേഡ്സ് ഡേവിസ്, ഗിബ്ബന്റെ റോമാസാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും ചരിത്രം എന്ന പുസ്തകത്തിന്റെ പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളുടെ ഒരു വിശകലനം"(London: J. Dodsley, 1778). online.
  24. See Gibbon monographs.
  25. വോമർസ്ലി സംശോധന ചെയ്ത്, തളർച്ചയും തകർച്ചയും, vol. 1, ch. XVI, p. 516. ഇവിടെ ഗിബ്ബൺ കൊടുത്തിട്ടുള്ള അടിക്കുറിപ്പുകളിൽ ആദ്യത്തേത് ഈ ഭാഗം വിളിച്ചുവരുത്തിയ വിമർശനങ്ങളെ മനസ്സിലാക്കാൻ കൂടുതൽ സഹായകമാവും: "സൈറീനിൽ യഹൂദർ 220,000 യവനരെ കൊന്നു; സൈപ്രസ്സിൽ, 240,000; ഈജിപ്തിലും ഒരു വലിയ സംഖ്യ. നിർഭാഗ്യരായ ഈ ഇരകളിൽ പലരുരേയും ദാവീദ് രാജാവ് കാണിച്ചുകൊടുത്തിരുന്ന ഒരു മാതൃക പിന്തുടർന്ന് രണ്ടായി അറുത്തുമുറിക്കുകയാണ് ചെയ്തത്. വിജയികളായ യഹൂദർ കൊന്നവരുടെ മാംസം തിന്നു; രക്തം നക്കിയെടുത്തു; കുടൽമാലകൾ കഴുത്തിൽ ധരിച്ചു. ഡയോൺ കാഷിയസ് l.lxviii, p. 1145 കാണുക"
  26. തളർച്ചയും തകർച്ചയും, vol. 3, ch. LXXI, p. 1068.
  27. ബർക്ക് അമേരിക്കൻ സ്വാതന്ത്ര്യാഭിലാഷത്തെ പിന്തുണച്ചപ്പോൾ ഗിബ്ബൺ അക്കാര്യത്തിൽ പോലും സർക്കാരിനെയാണ് പിന്തുണച്ചത്; ഫ്രഞ്ച് വിപ്ലവത്തെ അവരിരുവരും അതീവമായ വെറുപ്പോടെയാണ് കണ്ടത്. ആദ്യം (1789-1790), വിപ്ലവത്തെ അപലപിക്കാൻ ഗിബ്ബൺ മടിച്ചു. ഡേവിഡ് വോമെർസ്ലി, "ഗിബ്ബന്റെ അപൂർണ്ണചരിത്രം," in Gibbon and the 'Watchmen of the Holy City', 195-196. എന്നാൽ താമസിയാതെ അദ്ദേഹം വിപ്ലവത്തെ തുല്യവും അമിതവുമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഫ്രഞ്ചുകാരുടെ ഉത്തരവാദിത്തമില്ലാത്ത നിലപാടിൽ നിന്ന് ജന്മമെടുത്തതായി വിലയിരുത്തി. ബർക്കിന്റെ അഭിപ്രായത്തെ അദ്ദേഹം ഇങ്ങനെ വിലയിരുത്തി: "ഫ്രാൻസിലെ വിപ്ലവത്തെക്കുറിച്ചുള്ള മിസ്റ്റർ ബർക്കിന്റെ അഭിപ്രായത്തെ ഞാൻ പിന്തുണക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ വാക്‌വൈഭത്തെ മാനിക്കുകയും, രാജനീതിയെ അംഗീകരിക്കുകയും, ധീരരതയെ ആരാധിക്കുകയും, സഭാസ്ഥാപനങ്ങളുടെ നേരേയുള്ള ബഹുമാനത്തെ മിക്കവാറും ക്ഷമിക്കുകയും ചെയ്യുന്നു." ഗിബ്ബൺ, സ്മരണകൾ, "പ്രവാസികളുടെ കൂട്ടം;" ഷെഫീൽഡിനെഴുതിയ കത്തിലും അദ്ദേഹം ഈ നിലപാടുതന്നെ സ്വീകരിച്ചു: "ബർക്കിന്റെ പുസ്തകം ഫ്രഞ്ചുകാരുടെ രോഗത്തിന് ഏറ്റവും ഉത്തമമായ മരുന്നാണ്. ...ഇംഗ്ലീഷ് ജനതയുടെ മനോഭാവത്തെക്കുറിച്ച് ഫ്രഞ്ചുകാർ കണക്കില്ലാത്ത നുണകൾ പറഞ്ഞുപരത്തുന്നു. നോർട്ടൺ, 'കത്തുകൾ, vol. 3, 5/2/[17]91, 212-217, at p. 216; cf. also p. 243. ഫ്രഞ്ചു വിപ്ലവത്തിന്റെ കാര്യത്തിൽ അഭിപ്രായൈക്യം ഉണ്ടായിരുന്നെങ്കിലും ബർക്കും ഗിബ്ബണും തമ്മിൽ "അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല". വിഗ് പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളും വ്യത്യസ്തങ്ങളായ ധാർമ്മികനിലപാടുകളും അവരെ അകറ്റി നിർത്തി. 1782-ൽ ബർക്ക് മുൻകൈ എടുത്തുകൊണ്ടുവന്ന ഒരു റവന്യൂ നിയമം, വ്യാപാരത്തിന്റേയും പ്ലാന്റേഷനുകളുടേയും സമിതിയിൽ ഗിബ്ബണുണ്ടായിരുന്ന സ്ഥാനവും അതിൽ നിന്ന് ലഭിച്ചിരുന്ന വരുമാനവും ഇല്ലാതാകുന്നതിന് കാരണമായി. see Pocock, "The Ironist," "Both the autobiography...."
  28. ചർച്ചിൽ, എന്റെ ആദ്യകാലജീവിതം: A Roving Commission (New York: Charles Scribner's Sons, 1958), p. 111.
  29. Roland Quinault, "ചർച്ചിലും ഗിബ്ബണും," എഡ്വേഡ് ഗിബ്ബണും സാമ്രാജ്യവും', സംശോധകർ. R. McKitterick and R. Quinault (Cambridge: 1997), 317-332, at p. 331
  30. തളർച്ചയും തകർച്ചയും, vol. 2, ഗിബ്ബണ് മുഖവുര vol. 4, p. 520.
  31. Stephen, DNB, p. 1134.
  32. (London: Chapman and Hall), chapter 6, p.122.

ഗ്രന്ഥസൂചി

[തിരുത്തുക]
  • Beer, G. R. de. "The Malady of Edward Gibbon, F.R.S.," Notes and Records of the Royal Society of London 7,1 (December 1949), 71–80. cited as 'Beer, "Malady"'.
  • Craddock, Patricia B. Edward Gibbon, Luminous Historian 1772–1794 (Baltimore: Johns Hopkins Univ. Press, 1989); [hb: ISBN 0-8018-3720-0]. biography; cited as 'Craddock, Luminous Historian'.
  • Dickinson, H.T., "The Politics of Edward Gibbon," Literature and History 8,4(1978), 175-196. cited as 'Dickinson, "Politics"'.
  • Norton, J.E. A Bibliography of the Works of Edward Gibbon (New York: Burt Franklin Co., 1970;1940). cited as 'Norton, Biblio'.
    • Norton, The Letters of Edward Gibbon, 3 vols. (London: Cassell & Co. Ltd., 1956). cited as 'Norton, Letters'.
  • Pocock, J.G.A. Barbarism and Religion, vol. 1, The Enlightenments of Edward Gibbon, 1737–1764 (Cambridge: 1999); [hb: ISBN 0-521-63345-1]. cited as 'Pocock, EEG'.
    • Pocock, "Classical and Civil History: The Transformation of Humanism," Cromohs 1(1996);
      online Archived 2002-02-15 at the Wayback Machine. cited as 'Pocock, "Classical History"'.
    • Pocock, "The Ironist," London Review of Books 24,22(November 14, 2002). cited as 'Pocock, "Ironist"'.
  • Project Gutenberg: Gibbon, Memoirs of My Life and Writings, online: cited as 'Gibbon, Memoirs'.
  • Stephen, Sir Leslie, "Gibbon, Edward (1737-1794)," Dictionary of National Biography, vol. 7, eds. Sir Leslie Stephen, Sir Sidney Lee (Oxford: 1963;1921), 1129–1135. cited as 'Stephen, DNB'.
  • Womersley, David, Edward Gibbon - The History of the Decline and Fall of the Roman Empire, 3 vols. (Allen Lane, London; Penguin Press, New York: 1994). cited as 'Womersley, Decline and Fall'.
    • Womersley, "Introduction," in Womersley, Decline and Fall above, vol. 1, xi-cvi, cited as 'Womersley, Intro'.
    • Womersley, "Gibbon, Edward (1737-1794)," Oxford Dictionary of National Biography, vol. 22, H.C.G. Matthew; Brian Harrison, eds. (Oxford: 2004), 8-18. cited as 'Womersley, ODNB'.
"https://ml.wikipedia.org/w/index.php?title=എഡ്‌വേഡ്_ഗിബ്ബൺ&oldid=4024627" എന്ന താളിൽനിന്ന് ശേഖരിച്ചത്