Jump to content

ഉപയോക്താവ്:Arunsunilkollam/Barindra Kumar Ghosh

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്രപ്രവർത്തകനുമാണ് ബരീന്ദ്ര കുമാർ ഘോഷ് (1880 ജനുവരി 5 - 1959 ഏപ്രിൽ 18). ഇദ്ദേഹം ബരീന്ദ്ര ഘോഷ്, ബരീന്ദ്രനാഥ് ഘോഷ്, ബരിൻ ഘോഷ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ബംഗാളിൽ രൂപംകൊണ്ട യുഗാന്തർ എന്ന വിപ്ലവ പാർട്ടിയുടെ സ്ഥാപകാംഗങ്ങളിലൊരാളായ ഇദ്ദേഹം അരവിന്ദഘോഷിന്റെ അനുജനാണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

1880 ജനുവരി 5-ന് ലണ്ടനു സമീപമുള്ള ക്രോയ്ഡോണിലാണ് ബരീന്ദ്ര ഘോഷ് ജനിച്ചത്. ജില്ലാ സർജനും ഫിസിഷ്യനുമായിരുന്ന ഡോ. കൃഷ്ണധൻ ഘോഷാണ് പിതാവ്. ബ്രഹ്മോ സാമൂഹ്യപരിഷ്കർത്താവും പണ്ഡിതനുമായ രാജ്നാരായൺ ബസുവിന്റെ മകൾ സ്വർണലതയാണ് ബരീന്ദ്ര ഘോഷിന്റെ മാതാവ്. വിപ്ലവകാരിയും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്, ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായിരുന്ന മൻമോഹൻ ഘോഷ് എന്നിവർ സഹോദരൻമാരാണ്. ഡിയോഗഢിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1901-ൽ പാട്ന കോളേജിൽ ചേർന്ന ബരീന്ദ്ര ഘോഷ് പിന്നീട് ബറോഡയിൽ സൈനിക പരിശീലനം പൂ���ത്തിയാക്കി. സഹോദരനും വിപ്ലവകാരിയുമായ അരവിന്ദഘേഷിന്റെ ആശയങ്ങളിൽ ആകൃഷ്ടനായതോടെ അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തനം തുടങ്ങി.

വിപ്ലവ പ്രവർത്തനങ്ങൾ

[തിരുത്തുക]

1902-ൽ കൊൽക്കത്തയിൽ മടങ്ങിയെത്തിയ ബരീന്ദ്ര ഘോഷ് ബംഗാളിലെ വിപ്ലവ പ്രവർത്തകരെ സംഘടിപ്പിക്കുവാൻ ശ്രമിച്ചു. അതിനായി ജഠീന്ദ്രനാഥ് മുഖർജിയുടെ സഹായവും ലഭിച്ചു. 1906-ൽ ബരീന്ദ്ര ഘോഷ് യുഗാന്തർ എന്ന ബംഗാളി മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. വൈകാതെ തന്നെ അതേ പേരിൽ ഒരു വിപ്ലവ സംഘടനയും അദ്ദേഹം രൂപീകരിച്ചു. അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയുടെ ഉള്ളിൽ നിന്നുകൊണ്ടാണ് 'യുഗാന്തർ' പ്രവർത്തിച്ചിരുന്നത്. ബരീന്ദ്ര ഘോഷും ബാഘാ ജതിനും ചേർന്ന് ബംഗാളിലെ അനേകം യുവാക്കളെ വിപ്ലവപ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നു. കൊൽക്കത്തയിലെ മണിക്ടല കേന്ദ്രീകരിച്ചാണ് ഘോഷും സംഘവും പ്രവർത്തിച്ചിരുന്നത്. ഈ രഹസ്യ സങ്കേതത്തിൽ അവർ ബോംബുകളും യുദ്ധോപകരണങ്ങളും നിർമ്മിക്കുവാൻ തുടങ്ങി.

1908 ഏപ്രിൽ 30-ന് കിംഗ്സ്ഫോർഡ് വധവുമായി ബന്ധപ്പെട്ട് ഖുദ്ദിറാം ബോസിനെയും പ്രഭുല്ല ചാക്കിയെയും അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിപ്ലവകാരികളെ കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിച്ചു. അതേത്തുടർന്ന് 1908 മേയ് 2-ന് ബരിൻ ഘോഷിനെയും കൂട്ടരെയും പോലീസ് പിടികൂടി. തുടർന്നുള്ള കോടതി നടപടികൾ അലിപ്പൂർ ഗൂഡാലോചനക്കേസ് എന്ന പേരിൽ പ്രസിദ്ധി നേടി. വിചാരണയ്ക്കു ശേഷം ബരിൻ ഘോഷിനെ ആദ്യം വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും പിന്നീട് ശിക്ഷയിൽ ഇളവുനൽകി ജീവപര്യന്തമാക്കി. 1909-ൽ അദ്ദേഹത്തെ ആൻഡമാനിലുള്ള സെല്ലുലാർ ജയിലിലേക്കു മാറ്റി. 1920-ലാണ് അദ്ദേഹം ജയിൽ മോചിതനായത്.

ജയിൽ മോചനത്തിനു ശേഷം

[തിരുത്തുക]

ജയിൽ മോചിതനായ ശേഷം കൊൽക്കത്തയിൽ മടങ്ങിയെത്തിയ അദ്ദേഹം പത്രപ്രവർത്തകനായി ജോലി ചെയ്തു. വൈകാതെ തന്നെ ആ ജോലി ഉപേക്ഷിച്ച അദ്ദേഹം കൊൽക്കത്തയിൽ ഒരു ആശ്രമം തുടങ്ങി. സഹോദരൻ അരബിന്ദഘോഷും ഇതുപോലൊരു ആശ്രമം പോണ്ടിച്ചേരിയിൽ തുടങ്ങിയിരുന്നു. 1923-ൽ പോണ്ടിച്ചേരിയിലെത്തിയ ബരീന്ദ്ര ഘോഷ് തന്റെ സഹോദരനെപ്പോലെ തന്നെ ആത്മീയതയിലേക്കു തിരിഞ്ഞു. അദ്ദേഹം ശ്രീ ശ്രീ താക്കൂറിന്റെ ശിഷ്യത്വം സ്വീകരിച്ചു. 1929-ൽ കൊൽക്കത്തയിൽ തിരിച്ചെത്തിയ ബരീന്ദ്ര ഘോഷ് വീണ്ടും പത്രപ്രവർത്തനരംഗത്തു ശ്രദ്ധ പതിപ്പിച്ചു. 1933-ൽ ദ ഡോൺ ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് വാരിക ആരംഭിച്ചു. ദ സ്റ്റേറ്റ്സ്മാൻ, ദൈനിക് ബസുമതി (ബംഗാളി ഭാഷ) എന്നീ പത്രങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു. 1959 ഏപ്രിൽ 18-ന് അന്തരിച്ചു.

കൃതികൾ

[തിരുത്തുക]

ബരീന്ദ്ര ഘോഷ് രചിച്ച കൃതികൾ:

  • ദ്വിപാന്തരർ ബൻഷി
  • പഥേർ ഇംഗിത്
  • അമർ ആത്മകഥ
  • അഗ്നിയുഗ്
  • ഋഷി രാജ്നാരായൺ
  • ദ ടെയിൽ ഓഫ് മൈ എക്സൈൽ
  • ശ്രീ അരബിന്ദോ

അവലംബം

[തിരുത്തുക]
  • Barindrakumar Ghosh, Pather Ingit, Calcutta, 1337 (Bengali year).
  • Upendra Nath Bandyopadhyaya, Nirbasiter Atmakatha, Calcutta, 1352 (Bengali year).
  • RC Majumdar, History of the Freedom Movement in India, II, Calcutta, 1963.

പുറം കണ്ണികൾ

[തിരുത്തുക]


വർഗ്ഗം:തൂക്കിലേറ്റപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ വർഗ്ഗം:വധശിക്ഷയ്ക്ക് വിധേയരായ വിപ്ലവകാരികൾ വർഗ്ഗം:ഇന്ത്യൻ വിപ്ലവകാരികൾ വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും വർഗ്ഗം:1880-ൽ ജനിച്ചവർ വർഗ്ഗം:ജനുവരി 5-ന് മരിച്ചവർ വർഗ്ഗം:1959-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 18-ന് മരിച്ചവർ