ലാൽ
ലാൽ | |
---|---|
ജനനം | എം.പി. മൈക്കി��� ഡിസംബർ 2, 1958 |
തൊഴിൽ | അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് |
സജീവ കാലം | 1988 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | നാൻസി |
കുട്ടികൾ | ജീൻ, മോണിക്ക |
മാതാപിതാക്ക(ൾ) | എം.എ.പോൾ , ഫിലോമിന |
തെന്നിന്ത്യൻ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് ലാൽ. എറണാകുളം സ്വദേശിയാണ്.മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻവിജയങ്ങളായിരുന്നു. തുടർന്ന് നിർമ്മാണരംഗത്തും അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച ലാൽ പടിപടിയായി വളർന്ന് ഇന്ന് മലയാളചലച്ചിത്രരംഗത്തെ മുൻനിര വ്യവസായികളിൽ ഒരാളാണ്. അഭിനേതാവ് എന്ന നിലയിൽ തമിഴ് സിനിമയിലും സജീവസാന്നിധ്യമറിയിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്രസംഘടനകളിൽ അംഗത്വമുള്ള അപൂർവം ചിലരിൽ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.
പശ്ചാത്തലം
[തിരുത്തുക]കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ലാലിന്റെ വരവ്. പിതാവ് പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത് തബല പഠിക്കുന്നതിന് അവിടെ ചേർന്നു. പോൾ-ഫിലോമിന ദമ്പതികളുടെ നാലുമക്കളിൽ മൂത്തവനാണ് മൈക്കിൾ എന്ന ലാൽ.
കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ് പരേഡ് എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു.
സിനിമയിൽ
[തിരുത്തുക]തിരക്കഥാകൃത്ത്, സഹസംവിധായകൻ, സംവിധായകൻ, നടൻ
[തിരുത്തുക]ഫാസിലിന്റെ നോക്കെത്താദൂരത്തു കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ ചിത്രങ്ങളിൽ സഹസംവിധായകരായാണ് ലാലും കലാഭവനിലെ സഹപ്രവർത്തകനായിരുന്ന സിദ്ദിഖും സിനിമാ രംഗത്ത് എത്തിയത്. തുടർന്ന് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് കഥയെഴുതി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിന്റെ അണിയറയിലും ഇരുവരും ഉണ്ടായിരുന്നു.
ഫാസിലിന്റെ നിർദ്ദേശപ്രകരമാണ് ലാലും സിദ്ദിഖും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവ് സ്പീക്കിംഗ് ക്ലിക്കായി. തുടർന്ന് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബുളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു.
സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാൽ അഭിനയത്തിൽ ശ്രദ്ധപതിപ്പിച്ചു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിൽ പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന അരങ്ങേറ്റം. ജോണി വാക്കർ എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രം.
കന്മദം, ഓർമച്ചെപ്പ്, പഞ്ചാബി ഹൗസ്, ദയ, അരയന്നങ്ങളുടെ വീട്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മഴ, രണ്ടാം ഭാവം, തെങ്കാശിപ്പട്ടണം, ഉന്നതങ്ങളിൽ, നക്ഷത്രങ്ങൾ പറയാതിരുന്നത് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് ശക്തമായ സന്നിധ്യമറിയിച്ച ലാലിന് അടിപൊളി നൃത്തരംഗങ്ങൾ മികവുറ്റതാക്കുന്നതിനുള്ള മികവ് മുതൽക്കൂട്ടായി.താൻ ഒരിക്കലും നൃത്തം അഭ്യസിച്ചിട്ടില്ലെന്ന് ലാൽ പറയുന്നു.
രഞ്ജിത്തിന്റെ ബ്ലാക്കിലെ വില്ലൻ വേഷവും ഷാഫിയുടെ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ കഥാപാത്രവും ലാലിന്റെ താരമൂല്യം ഗണ്യമായി ഉയർത്തി. ശാന്തിവിള ദിനേശ് സംവിധാനംചെയ്ത ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിൽ ഡബിൾ റോളിൽ അഭിനയിച്ച ലാലിന്റെ വൃദ്ധ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കൾ അണ്ണ എന്ന ചിത്രത്തിലൂടെ തമിഴിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.
2009 ൽ ലാൽ സ്വന്തമായി ടു ഹരിഹർ നഗർ എന്ന സിനിമ സംവിധാനം ചെയ്തു. ലാലിന്റെ തിരിച്ചുവരവായിരുന്നു ഈ ചിത്രം. 1990ൽ സിദ്ദീഖ് ലാൽ കൂട്ടു കെട്ടിൽ പുറത്ത് വന്ന ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. 2009 ഏപ്രിൽ 1 ന് ഈ സിനിമ തിയ്യേറ്ററുകളിലെത്തി. ആദ്യ ഭാഗത്തെ പോലെ തന്നെ ഇതും വിജയമായിരുന്നു.അതിനുശേഷം അദ്ദേഹം ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന പേരിൽ ഒരു മൂന്നാം ഭാഗം സൃഷ്ടിച്ചു. 2010 മാർച്ച് 25 ന് ഈ സിനിമ തിയ്യേറ്ററുകളിലെത്തി. ഇതും വിജയമായി തുടരുന്നു.
നിർമ്മാണം, വിതരണം
[തിരുത്തുക]1996ൽ സിദ്ദിഖ് സംവിധാനംചെയ്ത ഹിറ്റ്ലർ എന്ന ചിത്രത്തിലൂടെയാണ് ലാൽ ക്രിയേഷൻസ് എന്ന സിനിമാനിർമ്മാണകമ്പനിയുടെ തുടക്കം. പിന്നീട് ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, ചാന്ത്‌പൊട്ട്, പോത്തൻ വാവ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമ്മാണ സ്ഥാപനമായി വളർന്നു.
ലാൽ നായകനായ ഓർമച്ചെപ്പ് വിതരണം ചെയ്തുകൊണ്ട് തുടക്കമിട്ട ലാൽ റിലീസും ഇന്ന് ഏറെ സജീവമാണ്.
ചതിക്കാത്ത ചന്തുവിലൂടെ ഇളയസഹോദരൻ അലക്സ് പോളിനെയും ലാൽ സിനിമാ രംഗത്തു കൊണ്ടുവന്നു.
സിനിമയുടെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന ലാലിന്റെ വാക്കുകൾക്ക് മലയാളചലച്ചിത്ര ലോകം ഏറെ വില കൽപ്പിക്കുന്നു. 2005ൽ വിവിധ ചലച്ചിത്രസംഘടനകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്ന വേളയിൽ ലാലിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്.[അവലംബം ആവശ്യമാണ്]
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]- റാംജിറാവ് സ്പീക്കിങ്ങ്
- ഇൻ ഹരിഹർ നഗർ
- ഗോഡ്ഫാദർ
- വിയറ്റ്നാം കോളനി
- കാബൂളിവാല
- ടു ഹരിഹർ നഗർ
- ഇൻ ഗോസ്റ്റ് ഹൌസ് ഇൻ
- ടൂർണമെന്റ്
- കോബ്ര
പുരസ്കാരങ്ങൾ
[തിരുത്തുക]- 2013 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (അയാൾ, സക്കറിയായുടെ ഗർഭിണികൾ)
- 2008 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (തലപ്പാവ്)[1]
അവലംബം
[തിരുത്തുക]- ↑ "അടൂരിനും ലാലിനും പ്രിയങ്കയ്‌ക്കും അവാർഡ്". മാതൃഭൂമി. 2009 ജൂൺ 3. Archived from the original on 2009-06-11. Retrieved 2009 ജൂൺ 3.
{{cite news}}
: Check date values in:|accessdate=
and|date=
(help)