Jump to content

സുശീലാ ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുശീലാ ഗോപാലൻ
സുശീലാ ഗോപാലൻ
കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
1996-2001
മുൻഗാമിപി.കെ.കുഞ്ഞാലിക്കുട്ടി
പിൻഗാമിപി.കെ.കുഞ്ഞാലിക്കുട്ടി
ലോക്‌സഭാംഗം
ഓഫീസിൽ
1991, 1980, 1967
മണ്ഡലം
നിയമസഭാംഗം
ഓഫീസിൽ
1996, 1965
മണ്ഡലം
  • അമ്പലപ്പുഴ
  • മാരാരിക്കുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-12-29)29 ഡിസംബർ 1929
മുഹമ്മ, ആലപ്പുഴ, കേരളം
മരണം19 ഡിസംബർ 2001(2001-12-19) (പ്രായം 71)
തിരുവനന്തപുരം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിഎ.കെ. ഗോപാലൻ
കുട്ടികൾലൈലാ ഗോപാലൻ

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയും നിയമസഭാ സാമാജികയുമായിരുന്നു സുശീലാ ഗോപാലൻ. (ഡിസംബർ 29, 1929 -ഡിസംബർ 19, 2001). ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന സ്ഥലത്താണ് സുശീല ജനിച്ചത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയിൽ ചേർന്നത്. സി.പി.ഐ.(എമ്മിന്റെ) സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു സുശീല. 1967-ൽ അമ്പലപ്പുഴയിൽ നിന്നും1980-ൽ ആലപ്പുഴയിൽ നിന്നും 1991-ൽ ചിറയിൻകീഴ് നിന്നുമായി മൂന്ന് തവണ സുശീലാ ഗോപാലനെ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

1996-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. പാലക്കാട് പ്ലാച്ചിമടയിൽ കൊക്കൊകോളയ്‌ക്കും, പുതുശ്ശേരി പഞ്ചായത്തിൽ പെപ്സിക്കും പ്രവർത്തനാനുമതി ലഭിച്ചത് സുശീലാ ഗോപാലൻ വ്യവസായമന്ത്രി അയിരുന്ന കാലത്താണ്‌.

ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലൻ ഒളിവിൽ താമസിക്കുമ്പോൾ സുശീലയുമായി പരിചയപ്പെട്ട് വിവാഹം കഴിക്കുകയായിരുന്നു. 1996-ൽ സുശീലാ ഗോപാലൻ കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ഒരു വോട്ടിന് ജയിച്ചാണ് എം.എൽ.എ അല്ലാതിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രി ആയത്.

ജീവിതരേഖ

[തിരുത്തുക]

വേലുക്കുട്ടി തണ്ടാരുടെയും മാധവിയുടേയും മകളായി 1929 ഡിസംബർ 29ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ മുഹമ്മയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ സെൻ്റ് മേരീസ് കോളേജ്, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.

കോളേജിൽ പഠിക്കുമ്പോഴെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ സുശീല 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു മുഹമ്മ സെൽ മെമ്പറായി. 1952-ൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ഗോപാലനുമായി വിവാഹം ചെയ്തു. 1958-ൽ മോസ്കോയിൽ വച്ച് നടന്ന ലോക സമാധാനത്തിന് വേണ്ടിയുള്ള വനിത സമ്മേളനത്തിൽ പങ്കെടുത്തു.

1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായ സുശീല 1960-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിലിലും സംസ്ഥാന എക്സിക്യൂട്ടീവിലും അംഗമായിരുന്നു.

1964-ലെ പിളർപ്പിൽ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന സുശീല 1964 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നു. കേരള നിയമസഭ ചേരാതെ പോയ 1965-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്ന് സി.പി.എം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.

1967-ൽ ആലപ്പുഴയിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായ സുശീല 1971 മുതൽ 2001 വരെ കയർ വർക്കേഴ്സ് സെൻ്റർ സിഐടിയുവിൻ്റെ ആദ്യ സംസ്ഥാന പ്രസിഡൻ്റായിരുന്നു. 1978-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് വീണ്ടും ലോക്സഭയിലെത്തി.

1968-ൽ രൂപീകരിക്കപ്പെട്ട കേരള മഹിളാ സംഘത്തിൻറെ സംസ്ഥാന ഭാരവാഹിയായിരുന്ന സുശീല ഗോപാലൻ 1980 മുതൽ 1998 വരെ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആദ്യ ദേശീയ പ്രസിഡൻ്റും 1998 മുതൽ 2001 വരെ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് മൂന്നാം തവണയും പാർലമെൻ്റ് അംഗമായി.

1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ച് വിജയിച്ച സുശീലയെ 1996-ൽ ഇടതു മുന്നണിക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ.നായനാരാണ് മുഖ്യമന്ത്രിയായത്.

മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം 1996-ൽ തലശേരി മണ്ഡലത്തിൽ നിന്ന് ഉപ-തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തിയ നായനാർ മുഖ്യമന്ത്രിയായ മൂന്നാം നായനാർ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു സുശീല ഗോപാലൻ.[1][2]

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരവെ 2001 ഡിസംബർ 19ന് സുശീല ഗോപാലൻ അന്തരിച്ചു.[3][4][5]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2022/09/15/cpm-politics-kk-shailaja-shares-the-same-fate-of-kr-gauri-susheela-gopalan.html
  2. https://janmabhumi.in/2018/12/04/2886806/news/kerala/news842674/amp/
  3. https://chintha.in/?p=2791
  4. https://frontline.thehindu.com/cover-story/article30196092.ece
  5. https://www.chinthapublishers.com/authors/susheela-gopalan.html
"https://ml.wikipedia.org/w/index.php?title=സുശീലാ_ഗോപാലൻ&oldid=4083000" എന്ന താളിൽനിന്ന് ശേഖരിച്ചത്