കെ. മുരളീധരൻ
കെ. മുരളീധരൻ | |
---|---|
ലോകസഭാംഗം | |
ഓഫീസിൽ മേയ് 24 2019 – ജൂൺ 5 2024 | |
മുൻഗാമി | മുല്ലപ്പള്ളി രാമചന്ദ്രൻ |
പിൻഗാമി | ഷാഫി പറമ്പിൽ |
മണ്ഡലം | വടകര |
ഓഫീസിൽ ഒക്ടോബർ 10 1999 – ഫെബ്രുവരി 6 2004 | |
മുൻഗാമി | പി. ശങ്കരൻ |
പിൻഗാമി | എം.പി. വീരേന്ദ്രകുമാർ |
മണ്ഡലം | കോഴിക്കോട് |
ഓഫീസിൽ ഡിസംബർ 2 1989 – മേയ് 10 1996 | |
മുൻഗാമി | കെ.ജി. അടിയോടി |
പിൻഗാമി | എം.പി. വീരേന്ദ്രകുമാർ |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 29 2019 | |
പിൻഗാമി | വി.കെ. പ്രശാന്ത് |
മണ്ഡലം | വട്ടിയൂർക്കാവ് |
കേരളത്തിലെ വൈദ്യുതി വകുപ്പ് മന്ത്രി | |
ഓഫീസിൽ ഫെബ്രുവരി 11 2004 – മേയ് 15 2004 | |
മുൻഗാമി | കടവൂർ ശിവദാസൻ |
പിൻഗാമി | കടവൂർ ശിവദാസൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ | 14 മേയ് 1957
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (1981-2005, 2011-തുടരുന്നു)
എൻ.സി.പി. (2005-2011) ഡി.ഐ.സി. (2005-2006) |
പങ്കാളി | ജ്യോതി മുരളീധരൻ |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | തിരുവനന്തപുരം |
As of സെപ്റ്റംബർ 24, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവും 2019 മുതൽ 2024 വരെ വടകരയിൽ നിന്നുള്ള ലോക്സഭാംഗവുമായിരുന്നു കെ. മുരളീധരൻ (ജനനം: 14 മെയ് 1957)[1] കെ.പി.സി.സിയുടെ മുൻ പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ മകനാണ്[2]
ജീവിതരേഖ
[തിരുത്തുക]പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14-ന് തൃശ്ശൂരിലാണ് കണ്ണോത്ത് മുരളീധരൻ എന്ന കെ. മുരളീധരൻ ജനിച്ചത്. ബിജെപി നേതാവ് പത്മജ വേണുഗോപാൽ ഇളയ സഹോദരിയാണ്. തൃശ്ശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളീധരൻ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. അല്പകാലം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു.
ജ്യോതിയാണ് മുരളീധരന്റെ ഭാര്യ. ഇവർക്ക് ശബരീഷ്, അരുൺ എന്നീ രണ്ട് ആൺമക്കളുണ്ട്. ഇരുവരും വിവാഹിതരാണ്.
രാഷ്ട്രീയജീവിതം
[തിരുത്തുക]ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോഷകസംഘടനയായ സേവാദൾ പ്രവർത്തകനായാണ് കെ. മുരളീധരൻ സ്ഥിരമായി രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയർന്നുവന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് സി.പി.എം നേതാവായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1991-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് ജനതാദൾ (എസ്) നേതാവായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ തോൽപ്പിച്ചാണ് വീണ്ടും ലോക്സഭയിലെത്തിയത്.
പിന്നീട് മത്സരിച്ചുവെങ്കിലും 1996-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് എം.പി. വീരേന്ദ്രകുമാറിനോട് പരാജയപ്പെട്ടു. 1998-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐ നേതാവായിരുന്ന വി.വി. രാഘവൻനോട് തോറ്റു.
1999-2001 കാലഘട്ടത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി.
1999-ൽ ജനതാദൾ (എസ്) നേതാവായ ഇബ്രാഹിമിനെ തോൽപ്പിച്ച് കോഴിക്കോട് നിന്ന് വീണ്ടും ലോക്സഭയിൽ അംഗമായി.
2001-2004 കാലഘട്ടത്തിൽ എ.കെ. ആൻറണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോൾ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്[3]. 2004 ഫെബ്രുവരി 11-ന് എ.കെ. ആൻറണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരൻ ചുമതലയേറ്റു. എന്നാൽ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാൽ 2004 മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.[4] കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരൻ
2004-ൽ രാജ്യസഭസീറ്റിന്റെ പ്രശ്നത്തിൽ മുരളീധരന്റെ പിതാവ് കെ. കരുണാകരൻനും അദ്ദേഹത്തിൻ്റെ അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വമായി കലഹിച്ചതിനെ തുടർന്ന് കെ.മുരളീധരൻ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി (കെ.പി.സി.സി) പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.
2005-ൽ കോൺഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്ന് വിളിച്ചതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആറ് വർഷത്തേയ്ക്ക് മുരളീധരനെ സസ്പെൻഡ് ചെയ്തു.
അതിനുശേഷം 2005-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ പാർട്ടിയായ ഡി.ഐ.സി (കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.[5]
2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി (കെ) സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു. പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻനും വെളിയം ഭാർഗവൻ അടക്കമുള്ള സി.പി.ഐ നേതാക്കളും ഡി.ഐ.സിക്കെതിരെ കടുത്ത വിമർശനം നടത്തിയതിനെ തുടർന്ന് ഡി.ഐ.സി (കെ)യെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കി.
പിന്നീട് 2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.മുരളീധരൻ സി.പി.എം സ്വതന്ത്രനായ പി.ടി.എ.റഹീമിനോട് തോറ്റു.
2006 നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച ഡി.ഐ.സി (കെ) എന്ന പാർട്ടിയ്ക്ക് ഒരു സ്ഥലത്ത് മാത്രമാണ് വിജയിക്കാനായത്. ഇതിനിടയിൽ ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് തിരിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളർപ്പിലേക്ക് നയിച്ചു.
2007-ൽ കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും ഡി.ഐ.സി (കെ) പാർട്ടിയും എൻ.സി.പിയിൽ ലയിച്ചു. 2007 ഡിസംബർ 31-ന് കെ. കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരൻ എൻ.സി.പിയിൽ തുടർന്നു.
2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കെ. മുരളീധരൻ എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.[6] 2009-ൽ മുരളീധരനെ എൻ.സി.പിയിൽ നിന്ന് പുറത്താക്കി.
പിന്നീട് ആറു വർഷത്തിനു ശേഷം 2011 ഫെബ്രുവരി 15ന് കെ.മുരളീധരൻ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. [7]
2011 നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച മുരളീധരൻ സിപിഎമ്മിലെ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭ അംഗമായി. 2016ൽ വട്ടിയൂർക്കാവിൽ നിന്ന് തന്നെ വീണ്ടും നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
കെ.പി.സി.സി പ്രസിഡൻറായതിനെ തുടർന്ന് മത്സരരംഗത്ത് നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രൻന് പകരക്കാരനായി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുവാൻ വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന മുരളീധരനെ കോൺഗ്രസ് നിയോഗിച്ചതിനെ തുടർന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയ കെ.മുരളീധരൻ 1999-ന് ശേഷം വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചു. തുടർന്ന് 2019-ൽ നടന്ന നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് കോൺഗ്രസിന് നഷ്ടമായി.
2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ വി.ശിവൻകുട്ടിയോട് പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.[8]
2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മാറി തൃശൂരിൽ എത്തി മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയോട് പരാജയപ്പെട്ടു. തൃശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച വി.എസ്.സുനിൽ കുമാറിന് പിന്നിൽ മൂന്നാം സ്ഥാനമാണ് മുരളീധരന് കിട്ടിയത്.[9]
കോൺഗ്രസ് പാർട്ടി
[തിരുത്തുക]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന മുരളീധരൻ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ അദ്ദേഹം ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന പാർട്ടിയുടെ പ്രസിഡണ്ടാകുകയും പിന്നീട് പാർട്ടി എൻ.സി.പിയിൽ ലയിച്ചപ്പോൾ സംസ്ഥാനപ്രസിഡണ്ടായി നിയമിക്കപ്പെടുകയുമായിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എൻ.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31-ന് പുറത്താക്കി. തുടർന്ന് 2011-ൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുരളി 2011 മുതൽ 2019 വരെ വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.[10] 2011 ഫെബ്രുവരി 15-നു് കെ. മുരളീധരനെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി മൊഹ്സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്സ് എന്ന കെട്ടിടത്തിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. [11]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- കുറിപ്പ് (1) - 2004 -ൽ കെ. മുരളീധരൻ മന്ത്രിയായപ്പോൾ ആറ് മാസത്തിനകം എം.എൽ.എ.യാകുക എന്ന ലക്ഷ്യത്തോടെ വി. ബാലറാം രാജി വെച്ചുണ്ടായ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്.
- 2009 - ലെ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയിരുന്നു. എൽ.ഡി.എഫിലെ എം. റഹ്മത്തുള്ള ആയിരുന്നു രണ്ടാം സ്ഥാനത്ത്.
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/editorial/2021/08/10/k-muraleedharan-again-as-kpcc-campaign-committee-chairman.html
- ↑ https://www.manoramaonline.com/news/latest-news/2021/03/14/k-muraleedharan-to-contest-in-nemom-to-be-the-centre-of-attention.html
- ↑ "ABOUT MURALEEDHARAN". kmuraleedharan.org. മാർച്ച് 27, 2009. Archived from the original on 2009-02-19. Retrieved ഏപ്രിൽ 3, 2009.
- ↑ http://keralaassembly.org/min01.html
- ↑ "Muraleedharan elected DIC(K) president". The Hindu. ഫെബ്രുവരി 28, 2006. Archived from the original on 2006-05-16. Retrieved ഏപ്രിൽ 3, 2009.
- ↑ "K Muraleedharan files nomination". KeralaNext. മാർച്ച് 27, 2009. Retrieved ഏപ്രിൽ 3, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.thehindu.com/news/national/kerala/Muraleedharan-back-in-Congress/article15445428.ece
- ↑ https://www.thehindu.com/news/cities/Thiruvananthapuram/bjp-loses-its-sole-assembly-seat/article34469720.ece
- ↑ https://www.onmanorama.com/news/kerala/2024/06/04/lok-sabha-elections-kerala-thrissur-suresh-gopi-muraleedharan-sunil-kumar.amp.html
- ↑ "മുരളിയും ഗംഗാധരനും പുറത്ത്; എൻ.സി.പിയ്ക്ക് അഡ്ഹോക്ക് കമ്മിറ്റി". മാതൃഭൂമി. Archived from the original on 2009-08-03. Retrieved 2009-07-31.
- ↑ "മുരളീധരനെ കോൺഗ്രസിൽ തിരിച്ചെടുത്തു". Mathrubhumi Online. Archived from the original on 2011-02-18. Retrieved 15 ഫെബ്രുവരി 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-13.
- ↑ http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |
- Pages using the JsonConfig extension
- 1957-ൽ ജനിച്ചവർ
- മേയ് 14-ന് ജനിച്ചവർ
- കെ.പി.സി.സി. പ്രസിഡന്റുമാർ
- തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- ജനവിധിക്ക് മുൻപ് സംസ്ഥാന മന്ത്രിയായവർ
- കേരളത്തിലെ വൈദ്യുതിവകുപ്പ് മന്ത്രിമാർ
- പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ