Jump to content

ഇണപ്രാവുകൾ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇണപ്രാവുകൾ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകർകൈരളി മുദ്രാലയം
പ്രസിദ്ധീകരിച്ച തിയതി
1953

ഇണപ്രാവുകൾ മലയാള നോവൽ സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്ന മുട്ടത്തുവർക്കി എഴുതിയ ഒരു നോവലാണ്. 1953 ൽ കോട്ടയത്തെ കൈരളി മുദ്രാലയമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.  ഇണപ്രാവുകൾ എന്ന തന്റെ നോവലിലൂടെ കഥാകാരൻ മുട്ടത്തുവർക്കി ഗ്രാമീണ മലയാളികളുടെ മനസ്സിൽ  കാൽപ്പനികതയുടെ പുതിയ ഭാവങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ വിജയം വരിച്ചു. നോവലുകൾ, നാടകങ്ങൾ, ചെറുകഥാ സമാഹാരങ്ങൾ, വിവർത്തനങ്ങൾ, കഥാപ്രസംഗം, ചരിത്രം, ഖണ്ഡകാവ്യം, ജീവചരിത്രം എന്നിങ്ങനെയുള്ള വിവിധ തുറകളിൽ അദ്ദേഹം തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു.

ഗ്രന്ഥകാരൻ

[തിരുത്തുക]

ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിലുള്ള പുരാതന തറവാടായ കല്ലുകുളം തവവാടിന്റെ ശാഖയായ മുട്ടത്തു കുടുബത്തിൽ, ചങ്ങനാശ്ശേരി അരമനയിലെ കണക്കപ്പിള്ളയായിരുന്ന ചാക്കോ മത്തായിയുടെയും അന്നമ്മയുടെയും 9 മക്കളിൽ നാലാമനായി 1913 ഏപ്രിൽ 28 നാണ് മുട്ടത്തുവർക്കി ജനിച്ചത്. സ്കൂൾ വിദ��യാഭ്യാസം വടക്കേക്കര ഗവൺമെന്റ് എൽ.പി. സ്കൂളിലും ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിലുമായിരുന്നു. ബാല്യകാലത്ത് തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷകൾ അഭ്യസിക്കുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എസ്.ബി. കോളജിൽനിന്നു ധന തത്ത്വശാസ്ത്രത്തിൽ ബിരുദമെടുക്കുകയും നിയമപഠനത്തിനു തിരുവനന്തപുരത്തു പോയെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം മുണ്ടക്കയത്ത് പൊട്ടംകുളം തടിമില്ലിൽ കണക്കെഴുത്തുകാരനായി ജോലിനോക്കിയിരുന്നു. അതിനുശേഷം എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. ചങ്ങനാശ്ശേരിയിൽ വച്ച് പ്രൊ��സർ എം.പി. പോളുമായി പരിചയത്തിലാകുകയും ഇക്കാലത്ത് ഒരു മാസികയിൽ സഹപത്രാധിപരായി ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇക്കാലത്ത് മുട്ടത്തുവർക്കിയുടെ ആദ്യകൃതിയായ “ആത്മാഞ്ജലി” എന്ന ഖണ്ഡകാവ്യം പുറത്തുവന്നിരുന്നു. ഇതിന് അവതാരിക എഴുതിയിരുന്നത് പ്രൊഫസർ. എം.പി. പോൾ ആയിരുന്നു. ഒരു ജനപ്രിയ സാഹിത്യകാരനെന്ന നിലയിൽ സാഹിത്യരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച മുട്ടത്തുവർക്കി 79-ൽ പരം നോവലുകൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ  26 ൽപ്പരം നോവലുകൾ സിനിമയായിട്ടുണ്ട്. ദീപികയുടെ പത്രാധിപ സമിതിയംഗമായിരുന്നു. 1989 മേയ് 28 നാണ് മുട്ടത്തു വർക്കി അന്തരിച്ചത്.

കഥാസംഗ്രഹം

[തിരുത്തുക]

കൊച്ചാപ്പി എന്ന ബോട്ടുടമ കുഞ്ചെറിയാ എന്ന കാളവണ്ടിക്കാരൻറെ അയൽവാസിയായിരുന്നു. കൊച്ചാപ്പിയുടെ മകൻ ആൻറണി കുഞ്ചെറിയായുടെ മകൾ റാഹേലുമായി പ്രണയത്തിലാകുന്നു. അവരുടെ മാതാപിതാക്കൾ ആൻറണിയുടെയും റാഹേലിൻറെയും ആഗ്രഹത്തിന് എതിരു നിന്നില്ല. ഇതിനിടെ ചാണ്ടി എന്ന ഗ്രാമത്തിലെ ധനികനായ ഭൂവുടമയുടെ മകൻ രാജൻ വിദേശത്തെ പഠനവും കഴിഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തുന്നു. രാജൻ യാദൃച്ഛികമായി റാഹേലിനെ കാണാനിടവരുകയും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. റാഹേലും ആൻറണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലാതിരുന്ന രാജൻ അവളുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ റാഹേൽ നിർദ്ധന കുടുംബത്തിലെയാണെന്നുള്ള കാരണത്താൽ ചാണ്ടി ഈ ആലോചനയെ ശക്തിയുക്തം എതിർക്കുന്നു. എന്നാൽ അവസാനം മകൻറെ ഇംഗിതത്തിനു വഴങ്ങി വിവാഹത്തിനു സമ്മതം മൂളുന്നു. റാഹേലിൻറെ ദുരമൂത്ത മാതാപിതാക്കൾ ആൻറണിയുടെ മാതാപിതാക്കളുമായി മുമ്പ് ചെയ്തിരുന്ന വിവാഹാലോചനയിൽ നിന്നു പിന്തിരിയുകുയും രാജനുമായുള്ള വിവാഹത്തിനു സമ്മതിക്കുകയും ചെയ്യുന്നു. ഈ തീരുമാനം ഒരിക്കൽ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ടു കുടുംബങ്ങളും തമ്മിൽ ശത്രുതയ്ക്കു വഴിതെളിച്ചു. റാഹേൽ നിസ്സഹായയായിരുന്നു. റാഹേലിൻറെ രാജനുമായുള്ള വിവാഹത്തിൻറെ ദിവസം ആൻണി അസുഖം പിടിപെട്ട് മരണമടയുന്നു. ദുഃഖം സഹിക്കാനാവാതെ മോഹാലസ്യപ്പെട്ടു വീണ റാഹേൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണമടയുന്നു. ആൻണിയെ അടക്കം ചെയ്തതിനു തൊട്ടടുത്തു തന്നെ റാഹേലിനെയും അടക്കം ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു.

ഇണപ്രാവുകൾ എന്ന നോവൽ അതേ പേരിൽ 1965 ൽ ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ സിനിമയായിരുന്നു. കുഞ്ചാക്കോ സംവിധാനം ചെയ്ത ഈ സിനിമയിൽ സത്യൻ, പ്രേംനസീർ, ശാരദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇണപ്രാവുകൾ_(നോവൽ)&oldid=3256699" എന്ന താളിൽനിന്ന് ശേഖരിച്ചത്