ധർമ്മരാജാ/അദ്ധ്യായം പതിനാല്
←അദ്ധ്യായം പതിമൂന്ന് | ധർമ്മരാജാ രചന: അദ്ധ്യായം പതിനാല് |
അദ്ധ്യായം പതിനഞ്ച്→ |
<poem>
[ 113 ]
- “എല്ലാം വേണ്ടതുപോലെയാക്കി വരുവൻ
- വേണ്ടാ വിഷാദോദയം.”
അർദ്ധരാത്രിവരെ രാജധാനിവർത്തമാനങ്ങളെക്കുറിച്ച് ഭഗവതിഅമ്മയോടു സംസാരിച്ചുകൊണ്ടിരുന്ന വൃദ്ധ, അടുത്തദിവസം സൂര്യോദയത്തിൽ നിയമപ്രകാരം ദൗഹിത്രിയുടെ മൃണാളശീതളമായ അംഗുലികൾകൊണ്ടുള്ള പരാമർശനത്താലല്ല, മന്ത്രക്കൂടത്തു നാലുകെട്ടിന്റെ നടുമുറ്റത്തു പ്രചരിച്ച സൂര്യകിരണങ്ങളുടെ സ്പർശത്താലാണ് സുഖനിദ്രയിൽ നിന്നുണർത്തപ്പെട്ടത്. മീനാക്ഷിയുടെ ഭഗവൽസ്തോത്രകളഗീതത്തെ ശ്രവിച്ചുള്ള സുഖമാകട്ടെ, വാത്സല്യാതിരേകമായ ആലിംഗനമകട്ടെ തനിക്കു ലഭ്യമാകായ്കയാൽ, ആ ബാലിക ഉറക്കമുണർന്നിട്ടില്ലെന്നു വിചാരിച്ച്, വൃദ്ധ തന്റെ ദൗഹിത്രിയെ ഉണർത്തുന്നതിനായി മൃദുസ്വരത്തിൽ വിളിച്ചു. അതിനു പ്രതിശബ്ദമൊന്നും ഉണ്ടാകായ്കയാൽ അവർ എഴുന്നേറ്റ് നാലുകെട്ടിന്റെ പുറത്തിറങ്ങി തന്റെ കുമാരിയെ നോക്കിത്തുടങ്ങി. ആ പരിശോധനയും നിഷ്ഫലമായതു കൊണ്ട് സ്വല്പമൊരു പരിഭ്രമത്തോടുകൂടി കുപ്പശ്ശരെ വിളിച്ചു. തന്റെ നിരന്തരപരിചാരകനായ ആ ഭൃത്യനും വിളികേൾക്കുന്നില്ല. കിഴക്കോട്ടുള്ള പടിവാതൽ തുറന്നുകിടക്കുകയും ചെയ്യുന്നു. വൃദ്ധയുടെ നരച്ച കേശബന്ധം പിംഗളസടപോലെ ജൃംഭിച്ചു. ഉമ്മിണിപ്പിള്ളയ്ക്കു കാണപ്പെട്ടതുപോലെ അവരുടെ മുഖവിസ്തൃതി ഒന്നു വർദ്ധിച്ചു . വിശാലനേത്രങ്ങൾ യൗവനദശാവർത്തനത്താലെന്നപോലെ നീലിമകൊണ്ട് ഉജ്ജ്വലിച്ചു. ദ്രുതരക്തഗതികൊണ്ട് കണ്ഠദേശത്തിലെ രക്തനാളങ്ങൾ പീനങ്ങളായിത്തുടിച്ചു. വാമനേത്രത്തിന്റെ വലതുഭാഗത്തുള്ള ഒരു മറുക് തുടുതുടെ സ്ഫുരിച്ചു. വൃദ്ധയ്ക്കു ജീവധാരണത്തിലുണ്ടായിരുന്ന മോഹമാസകലം നഷ്ടമായി. ശൂലാഗ്രാരോഹണമായ ശിക്ഷയേയും അനശ്വരയശോമുദ്രയെന്നു ഗണിച്ച ആ നിസർഗ്ഗധൈര്യവതി അവമാനശങ്കാക്ഷോഭംകൊണ്ട് ദ്രാഹകർത്താവിന്റെ നേർക്ക് അതിരുഷ്ടയായി, സ്വജീവിതഹതിക്കും സന്നദ്ധയായി, തന്റെ പരദേവതയായ ചാമുണ്ഡിയെപ്പോലെ പ്രഭാവത്തോടുകൂടി, ശരീരത്തിന്റെക്ഷീണത്തേയും സൂര്യകിരണങ്ങളുടെ ഔഷ്ണ്യത്തേയും മറന്നു നിന്നു. തന്റെ കുടുംബപ്രതാപത്തെ ഉദ്ധാരണംചെയ്‌വാനുള്ള ബീജമായിക്കരുതിയിരുന്ന കന്യക ചന്ത്രക്കാറനാൽ അപഹരിക്കപ്പെട്ട് കുലഭ്രഷ്ടയായിത്തീർന്നിരിക്കുന്നു. ആ ദുർവൃത്തന്റെ ദുഷ്ടതയെ പ്രതിരോധിച്ച ഭക്തശിരോമണിയായ ഭൃത്യൻ വധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഉദിച്ച വിചാരങ്ങളോടൂടി, സർവ്വവീര്യവും സ്ഥൈര്യവും അസ്തമിച്ച് ആ മാന്യകുടുംബിനി വാതിലിനുനേർക്കുള്ള മുറ്റത്ത് മോഹാലസ്യപ്പെട്ടു വീണുപോയി.
പഥികനായുള്ള ഒരാൾ ഇങ്ങനെ ഒരു ശരീരം കിടക്കുന്നതു കണ്ട് അനാഥപ്രേതമെന്നു ശങ്കിച്ച്, ഓടിപ്പോയി താൻ കണ്ട സംഗതിയെ ചിലമ്പിനേത്തു ധരിപ്പിച്ചു. ആ സംഗതിയിൽ നിരപരാധിയായ ചന്ത്രക്കാറൻ അപ്പോൾ അവിടെ ഇല്ലായിരുന്നു എങ്കിലും, കഴക്കൂട്ടത്തു കുടുംബാവശിഷ്ടങ്ങളുടെ ഭാഗ്യംകൊണ്ട് അത്യുത്തമനായ ഒരു പ്രമാണി അവിടെ എത്തീട്ടുണ്ടായിരുന്നു. കേശവൻകുഞ്ഞിന്റെ ആപൽക്കഥയെ അറിഞ്ഞ് തന്റെ പുത്രന്റെ സഹായത്തിനായി, പാചകന്മാരായ മലയാളബ്രാഹ്മണരും, കാര്യസ്ഥന്മാരായ നായന്മാരും അനേകം ഭൃത്യരും ഒരുമിച്ചു പുറപ്പെട്ട രാഘവരുണ്ണിത്താൻ ചന്ത്രക്കാറനെക്കണ്ട് ആദ്യമായി വേണ്ട ആലോചനകൾ ചെയ്യുവാൻ ചിലമ്പിനേത്ത് ഇറങ്ങിയിരുന്നു. അദ്ദേഹത്തിന് ചിലമ്പിനേത്തുള്ള മഠത്തിൽ [ 114 ] അരിവെപ്പിനും മറ്റും വട്ടംകൂട്ടുന്നതിനിടയിലാണ് വഴിപോക്കന്റെ വർത്തമാനം അവിടെ കിട്ടിയത്. സംസ്കൃത സാഹിത്യത്തിന്റെ പാരംഗതനായിരുന്നതുകൂടാതെ ‘സർവ്വാംഗസുന്ദരീ’വല്ലഭനും ആയിരുന്ന ഉണ്ണിത്താൻ നിമിഷമാത്രപോലും താമസിക്കാതെ തന്റെ ഔഷധപ്പെട്ടിയും എടുപ്പിച്ച് മന്ത്രക്കൂടത്തെത്തി. ഇദ്ദേഹ�� ആകൃതിയിൽ മസൂരിത്തഴമ്പുകളും കഷണ്ടിയും വാർദ്ധക്യജരാനരകളുടെ പ്രാരാംഭലക്ഷണങ്ങളും വാതോപദ്രവംകൊണ്ട് നടക്കുന്നതിൽ ഒരു വിഷമതയും ചേർന്നുള്ള കേശവൻകുഞ്ഞുതന്നെ ആയിരുന്നു. പുത്രന്റെമേൽ ചുമത്തപ്പെട്ട അപരാധത്തെക്കുറിച്ചു കേട്ടിരിക്കുന്നു എങ്കിലും, തന്റെ സന്താനം നീചമായ ഒരു കർമ്മത്തിന്റെ കർത്താവാകുന്നതു കേവലം അസംഭാവ്യമെന്നുള്ള ധൈര്യത്തോടുകൂടിയും, മഹാരാജാവിനെ മുഖം കാണിച്ചു കല്പന വാങ്ങി എതൃവാദം നടത്തി മകനെ വീണ്ടുകൊണ്ടുപോകുന്നതിനായും, ഇതിനിടയിൽ ചിലമ്പിനേത്തു ചന്ത്രക്കാറൻ വല്ലതും സാഹസത്തിനു പുറപ്പെടുന്നെങ്കിൽ അതിനെ തടുക്കുന്നതിനായും പുറപ്പെട്ടിരിക്കുന്നതാണ്. തന്റെ സഹായംകൊണ്ടു സമ്പന്നനായ അണ്ണാവയ്യൻ സ്വതേ തന്നെ ഗുണവാനും, ആ ബ്രാഹ്മണനും കേശവൻകുഞ്ഞും തമ്മിൽ ആത്മമിത്രങ്ങളും ആയിരുന്നു. കേശവൻകുഞ്ഞിനെക്കുറിച്ച് അണ്ണാവയ്യനിൽനിന്നു കിട്ടിയിരുന്ന സന്ദേശങ്ങളെല്ലാം സ്നേഹാദരപൂർണ്ണങ്ങളായിരുന്നു. അതിനാൽ, അവർ തമ്മിൽ കലഹമുണ്ടായി കൊല നടന്നു എന്നത് കലിയുഗാവസ്ഥയ്ക്കും വിശ്വസനീയമല്ലെന്ന് ഉറപ്പായി വിശ്വസിച്ച് സ്ഥിരനിശ്ചയനായ ഈ മഹാനുഭാവൻ ചിലമ്പിനേത്ത് എത്തി. തന്റെ പുത്രനു മഹാരാജാവ് അരുളിയിരിക്കുന്ന പ്രഥമശിക്ഷയെക്കുറിച്ച് കേട്ടപ്പോൾ, “തിരുമനസ്സിലെ ചോറുതന്നെയാണ് നാം എല്ലാവരും എല്ലായ്പോഴും ഉണ്ണുന്നത്. അവിടത്തെ സ്വന്തചെലവിന്മേൽ അവൻ കുറച്ചുദിവസം കഴിക്കുന്നതുകൊണ്ട് എന്ത് അവമാനം വരാനുണ്ട്?” എന്നു സാധാരണ പിതാക്കന്മാർക്കുണ്ടാകാത്തതായ നിശ്ചലതയോടുകൂടി ആ പുരുഷരത്നം അഭിപ്രായപ്പെട്ട്, ഈ പ്രഭു ചന്ത്രക്കാറന്റെ ഐശ്വര്യസമ്പൂർണ്ണതയിലും, അയാളുടെ ഹാർദ്ദമായ സ്നേഹത്തെ കാംക്ഷിച്ചിട്ടില്ല. അയാളുടെ സമ്പാദ്യത്തിന് തന്റെ മകൻ അനന്തരാവകാശിയായിക്കൂടെന്നുമായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യാഭിപ്രായം. കുടിലകുലാവതംസമായ ചന്ത്രക്കാറനോടു തനിക്കു വാസ്തവമായ ജുഗുപ്സയും ദ്വേഷവും തോന്നിയിരുന്നു എങ്കിലും ഉണ്ണിത്താൻ തന്റെ അന്തർഗ്ഗതത്തെ ഇതരന്മാർക്കു വിട്ടുകൊടുത്തില്ല. ഈ മഹാനുഭാവൻ വൃദ്ധയുടെ താമസസ്ഥലത്തെത്തി അവരെ മുറ്റത്തുനിന്നു മാറ്റി, നാലുകെട്ടിനകത്തുള്ള തട്ടുപടിയിൽ കിടത്തി, നാഡി പരീക്ഷിച്ച് ചില ചികിത്സകളും ചെയ്തു. വൃദ്ധയുടെ കണ്ഠത്തിൽ സർപ്പാകൃതിയിലുള്ള ഒരു മംഗല്യസൂത്രവും, വലതുകണ്ണിന്റെ പുറങ്കോണിനടുത്ത് ഒരു കറുത്ത മറുകും കാണപ്പെട്ടു. ഹാ ഹാ കർമ്മഗതി! ഒന്നുകൂടി വൃദ്ധയുടെ നാഡിപരിശോധിച്ച്, കേവലം മോഹാലസ്യമായിരുന്നു എന്നും തൽക്കാലം ആപത്ഭയമില്ലെന്നും അദ്ദേഹം തന്റെ മനസ്സിനു ബോദ്ധ്യം വരുത്തി. വൃദ്ധയോട് അടുത്തുചെന്ന് സ്വമാതൃസമീപത്തിലെന്നപോലെ ഇരുന്ന് ഉണ്ണിത്താൻ സ്നേഹാദരഭക്തികളെ സ്ഫുടീകരിക്കുന്ന കരുണയോടുകൂടി കയ്യണച്ച്, ‘ചേച്ചീ’ എന്നു വൃദ്ധയെ വിളിച്ചു. വൃദ്ധ ബോധാവർത്തനത്തോടുകൂടി, ക്ഷീണസ്വരത്തിൽ അതിനുത്തരമായി ഒന്നു മൂളി. ഉണ്ണിത്താൻ തന്റെ രണ്ടാം മുണ്ടിനെ മടക്കി വൃദ്ധയെ വീശിത്തുടങ്ങുന്നു. വൃദ്ധ ദീനസ്വരത്തിൽ “ആരത്?” എന്നു ചോദ്യംചെയ്യുന്നു; “നന്തിയത്തൂന്ന്” എന്ന് ഉണ്ണിത്താൻ ഉത്തരം പറയുന്നു; “രാമരുണ്ണിച്ചേട്ടനോ?” എന്നു വൃദ്ധ ചോദിക്കുന്നു; “അല്ലാ അദ്ദേഹം മരിച്ചുപോയി; രാഘവനാണ്” എന്ന് ഉണ്ണിത്താൻ തന്നെ അറിയിക്കുന്നു; “കുഞ്ഞുണ്ണിയോ” എന്നു പറഞ്ഞുകൊണ്ട് വൃദ്ധ കണ്ണു തുറന്ന്, അദ്ദേഹത്തെ നോക്കിക്കരഞ്ഞുതുടങ്ങുന്നു. രണ്ടുപേരും സ്നേഹോപചാരവചനങ്ങൾകൊണ്ട് പരസ്പരമുള്ള ബലവത്തായ പരിചയസ്നേഹബന്ധങ്ങളെ പ്രദർശിപ്പിക്കുന്നു. ഒടുവിൽ “എന്റെ കുഞ്ഞിനെ ചിലമ്പിനേത്തെ മഹാപാപി എന്തു ചെയ്തു?” എന്ന് വൃദ്ധ അശ്രുവർഷത്തോടെ ചോദ്യംചെയ്യുന്നു.
ഉണ്ണിത്താൻ: “കുഞ്ഞിനെ ചന്ത്രക്കാറൻ കൊണ്ടുപൊയ്ക്കളഞ്ഞു എന്നാണോ വിചാരം?”
വൃദ്ധ: (കഷ്ടപ്പെട്ട്) “ആ സ്വാമിദ്രാഹി അതും അതിൽ കടന്നും പ്രവർത്തിക്കും. ആൺ [ 115 ] തുണ ഒന്നുണ്ടായിരുന്നതിനേയും—കൊന്നു കൈകഴുകിയേ–നാരായണാ!”
കുലീനതകൊണ്ടും വയോവൃദ്ധികൊണ്ടും കഷ്ടങ്ങളുടെ സഹനംകൊണ്ടും വന്ദ്യയായുള്ള ആ മഹതിയുടെ ദുഃഖത്തിൽ അവരെപ്പോലെ അഭിജാതനും സഹജഭാവാനുവർത്തകനും സൗഭാഗ്യപൂർണ്ണനും ആയ ഉണ്ണിത്താൻ പൂർവ്വചരിത്രങ്ങളെ വിസ്മരിച്ച് ശ്രീകൃഷ്ണകോപഗ്രസ്തനായ ഗയന് ആശ്രിതത്രാണനിപുണനായ അർജ്ജുനനെന്നപോലെ ഒരു അഭയപ്രതിജ്ഞ നല്കി ആശ്വസിപ്പിച്ചു: “ചേച്ചി വ്യസനിക്കേണ്ടേ. രാജ്യം ഇപ്പോൾ നല്ല ഭരണത്തിലാണ്. ദുരാപത്തുകൾ ഒന്നും വരികയില്ല. ചന്ത്രക്കാറൻ അവനെ കൊന്നിരിക്കയില്ല. ഞാൻ ഒന്നു ചോദിക്കട്ടെ. ഉണ്ണി ഇവിടെ വരാറുണ്ടായിരുന്നു ഇല്ലേ?”
വൃദ്ധ: “കർമ്മബന്ധം അങ്ങനെ വരുത്തിവച്ചു. ആ കുഞ്ഞിന് ആപത്തു വന്നപ്പോൾ എന്റെ മകൾ കുഞ്ഞിന്റെ ബുദ്ധിയും ക്ഷയിച്ചു.”
ഉണ്ണിത്താന് മകന്റെ അനുരാഗത്തെപ്പറ്റി ആ യുവാവിന്റെ എഴുത്തുകൾ കിട്ടിയിരുന്നു. കന്യക ഏതു ഭവനക്കാരി എന്നും മറ്റും എഴുത്തുകളിൽ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആ യുവാവിന്റെ പ്രണയാസ്പദമായ കാമിനി ആരെന്ന് ഉണ്ണിത്താന് വെളിപ്പെട്ടു. വൃദ്ധയ്ക്ക് ആ കന്യകയുടെ വേർപാടുകൊണ്ടു സംഭവിച്ചിരിക്കുന്ന ആപത്ത് തന്നെയും തുല്യദുഃഖനാക്കുന്നതുപോലെ ഉണ്ണിത്താനു തോന്നി.
ഉണ്ണിത്താൻ: “കുഞ്ഞ് എന്നു പറഞ്ഞത് ചേച്ചിയുടെ ഒടുവിലത്തെ മകളാണോ?”
വൃദ്ധ: “ഞങ്ങൾ ഇവിടന്നു പോയപ്പോൾ സാവിത്രിയും അവളുടെ ഭർത്താവുംകൂടിയുണ്ടായിരുന്നതറിയാമല്ലോ. അപ്പോൾ കൈക്കുട്ടികളായി ഉഗ്രശാന്തന്മാരെന്ന് എല്ലാവരും വിളിച്ചുവന്ന ത്രിവിക്രമനും ജനാർദ്ദനനും മാത്രം ഉണ്ടായിരുന്നു. അതിൽപിന്നെ ഞാൻ പ്രസവിച്ചില്ല. അവരെല്ലാം പൊയ്പോയി, ഉണ്ണീ–ദൈവം അങ്ങനെ വിധിച്ചു. ഭർത്താവും പോയി, ഞങ്ങൾ ഏകാന്തകളായി. ആദിത്യനും ചന്ദ്രനുംപോലെ ഇരുന്ന ഉഗ്രനേയും, എന്റെ മകൻ (തൊണ്ട ഇടറി ദുസ്സഹമായ വ്യഥയോട്) ശാന്തനേയും തീരാവിനക്കാറ്, — അയ്യോ—മഹാപാപികള്—ആ മറവന്മാര് കൊണ്ടേപോയി. ഏതുവഴി പോയോ എന്തോ? അവരുടെ അച്ഛൻ അങ്ങനെ പറഞ്ഞുകൊണ്ട്—അദ്ദേഹത്തിന്റെ സ്വഭാവമെല്ലാം അവിടെ അറിയാമല്ലോ—ലോകത്ത് ആണിനും പെണ്ണിനും ഇണങ്ങാത്ത സ്വഭാവം! ഞാൻ മാത്രം കഴിച്ചുകൂട്ടിയത് എങ്ങനെ എന്ന് ദൈവത്തിനറിയാം. ഒടുവിൽ ദുശ്ശീലം മുഴുത്ത്, ഇടയ്ക്കിടെ ഞങ്ങളെ വിട്ടുപോകും— അങ്ങനെ ഇരിക്കുമ്പോൾ തിരിച്ചുവരും. രാത്രി കാണാതെയാകും— ആറുമാസം കഴിയുമ്പോൾ പിന്നെയും വരും. മധുര, കാഞ്ചീപുരം, തൃക്കൊടിനല്ലൂര്, വൈഗാപുരം ഇങ്ങനെ ഓരോരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഞങ്ങളേയും വലിച്ചിഴച്ചു. ‘ഗോവിന്ദസ്വാമിഗുരു’ എന്ന് എല്ലാടത്തും പേരെടുത്തു. പണം വന്നു ചൊരിയുന്നതിനു കണക്കില്ലായിരുന്നു. അവിടങ്ങളിലെ ആളുകളെല്ലാം ഞങ്ങളെ വളരെ സഹായിച്ചു. നമ്മുടെ ആളുകൾപോലും അങ്ങനെയുള്ള മര്യാദയും ദയയും കാണിക്കൂല്ല. പാളയപ്പേട്ടക്കാരേയും നാവാഭന്മാരേയും കാണുകയോ എന്തെല്ലാം ചെയ്തു. തിരുവിതാംകോട് മുടിക്കണമെന്ന് ഒരേ വ്രതമായി. സാവിത്രിയെ വിചാരിച്ചെങ്കിലും അടങ്ങിപ്പാർക്കണമെന്നു ഞാൻ കാൽപിടിച്ചിരന്നിട്ടും ഒന്നും കേട്ടില്ല. അങ്ങനെയിരിക്കവേ മീനാക്ഷിയെ സാവിത്രി പ്രസവിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലവും കഴിഞ്ഞു. അപ്പോൾ സാവിത്രിയുടെ അച്ഛന് ഉത്സാഹം കൂടിത്തുടങ്ങി. പിന്നെ കാണുന്നതും അപൂർവ്വമായി. നാല്പതാമാണ്ട് എങ്ങാണ്ടോവച്ച് ഒരു ജ്വരംപിടിച്ച് ഞങ്ങളെ വിട്ടുപോയി. അന്നു മുതൽ ഇങ്ങോട്ടു പോരാൻ ആലോചന തുടങ്ങി. അടുത്തപോലെ സാവിത്രിയും അവളുടെ ഭർത്താവും രാമരുണ്ണിത്താൻ ഞങ്ങളുടെ സഹായത്തിന് അയച്ചിരുന്��� നായന്മാരും അച്ചിയും ഒരു കൊള്ളവസൂരിയിൽ മരിച്ചു. കുപ്പനേയും അതു പിടികൂടി, എങ്കിലും രക്ഷപ്പെട്ടു. ഞങ്ങൾക്കുള്ളതെല്ലാം വിറ്റുപിറക്കി, ഈയാണ്ട് ആദ്യം ഇങ്ങോട്ടു പോന്നു. ചാമുണ്ഡീശ്വരത്തിറങ്ങി, ഊട്ടുപുരയിലോ മറ്റോ താമസിച്ചുകൊണ്ട്, വല്ലെടത്തും ഒരു പറമ്പു വാങ്ങി കുടികെട്ടിപ്പാർക്കാമെന്നു വിചാരിച്ച് അവിടെ ചെന്നു—എന്റെ ശിവനേ! നശിപ്പിച്ചാലും ഇത്ര കൊടിയ നാശം ചെയ്യാമോ? അവിടെ ചന്ത്രക്കാറനും വന്നുകൂടി. എന്തോ, [ 116 ] മനസ്സിരങ്ങി ഞങ്ങളെ ഇവിടെ പാർപ്പിച്ചു. ഞങ്ങൾ പോകുമ്പോൾ തുണ നന്തിയത്തുനിന്നായിരുന്നു. വന്നപ്പോഴും നന്തിയത്തെ സന്താനം ഞങ്ങൾക്കുതകുവാൻ വന്നുചേർന്നു. ദേവിയാണേ സത്യം—ഞാൻ അനുകൂലിച്ചില്ല—കേശവൻകുഞ്ഞിനെ ഇവിടെ കേറരുതെന്നു ചട്ടംകെട്ടി വെള്ളമൊഴിച്ച കൈയ്ക്കു കടിച്ചുകൂടെന്നു വിചാരിച്ചു. എനിക്കറിയാം—അവനും അവളും കണ്ണും കണ്ണമണിയുമായിപ്പോയി. അതു കളിയല്ലാ എന്നു വിചാരിച്ച്, ഞാൻ ആണയിട്ട് അവനെ വെളിയിലാക്കി. ഞങ്ങൾ ഏതുവഴിയും പോട്ടെ—ഉണ്ണി ഉടനെ പോയി കേശവൻകുഞ്ഞിനെ വിടുവിക്കണം. എന്റെ കുഞ്ഞ് എങ്ങോട്ടു പോയോ ദൈവമേ! കഴിയുമെങ്കിൽ അവൾ പോയ വഴിയും—”
വൃദ്ധ ക്ഷീണിച്ച് തന്റെ കഥയും അപേക്ഷയും നിറുത്തി. ഉണ്ണിത്താനും തന്റെ ഭാര്യയും വിവാഹത്തിനുമുമ്പിൽ പ്രണയബദ്ധരായിത്തീർന്ന്, ചില കുരങ്ങാട്ടങ്ങൾ ആടി, തങ്ങളുടെ ഭവനക്കാരെ വിഷമിപ്പിച്ച്, ഒടുവിൽ സംഘടിച്ചിട്ടുള്ള ദമ്പതിമാരാണ്. വൃദ്ധയും വൃദ്ധയുടെ ഭർത്താവും കുടുംബനിർബന്ധപ്രകാരം ചേർക്കപ്പെട്ട വല്ലഭനും ഗൃഹിണിയും ആയിരുന്നു. അതുകൊണ്ട് കാമദേവന്റെ പ്രേരണയിൽ യുവാക്കന്മാരും യുവതികളും എന്തു ചാപലങ്ങൾ കാട്ടിപ്പോകുമെന്ന് ആ സ്ത്രീക്ക് അറിവാൻപാടില്ലെങ്കിലും, ഉണ്ണിത്താന് സ്വാനുഭവത്താൽ നല്ലവണ്ണം ഊഹിക്കാമായിരുന്നു. അദ്ദേഹത്തിന്റെ അഭിരാമമായുള്ള ഗംഭീരമുഖം സരളങ്ങളായ അനവധി സൽപാഠങ്ങൾ അടങ്ങീട്ടുള്ള ഒരു ഗ്രന്ഥത്തിന്റെ മുഖപത്രമായിരുന്നു. ഗ്രഹണശക്തികൊണ്ട് ദൃഢമായ വൈശദ്യംകൂടി ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മറ്റു വിഷയങ്ങളെ പുരസ്കരിച്ച് ഇങ്ങനെ ചോദ്യംചെയ്തു: “കുട്ടൻ ബന്ധനത്തിലെന്നും മറ്റും മീനാക്ഷിക്കു മനസ്സിലായോ?”
വൃദ്ധ: “പറയാതെങ്ങനെ കഴിക്കും? നാലഞ്ചുദിവസത്തിനു മുമ്പ് തിരുവനന്തപുരത്തുകാരി ഒരു സ്ത്രീ വടക്കെങ്ങാണ്ടോ പോയി, തിരിച്ചു പോകുന്നവഴി ഇവിടെക്കേറി. കൊലക്കഥയും കൊല്ലാക്കഥയും അവരു വിസ്തരിച്ചുപറഞ്ഞു. അപ്പോൾ മുതൽ മീനാക്ഷി തിരുവനന്തപുരത്തെ കാര്യങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. അവരെ വിട്ടുപിരികയില്ലെന്നുമായി. എന്റെ അടുത്തുനിന്നു മാറി, അവരോടു രാപ്പകൽ വർത്തമാനമായി. അവർ ഇന്നലെ രാത്രി ഉറങ്ങുമ്പോൾ രാവിലെ എഴിച്ചുപോകുമെന്നു പറഞ്ഞുകൊണ്ടു കിടന്നു. ഉദിക്കുംമുമ്പു പോവുകയും ചെയ്തു.”
ഉണ്ണിത്താൻ: “എന്നാൽ പിന്നെ വ്യസനിപ്പാനൊന്നുമില്ല. ഭർത്താവിനെ വിടീക്കാൻ ആ സ്ത്രീയോടുകൂടി ഭാര്യ പോയിരിക്കയാണ്. അവരുടെ പുറകെ കുപ്പശ്ശാർ തടയാനും പുറപ്പെട്ടു. ഇത്രയേ ഉള്ളു കഥ. അതുകൊണ്ട് ജീവനെ കളയണ്ട — ‘ഭർത്താവ്’ എന്നും ‘ഭാര്യ’ എന്നും പറഞ്ഞതുകൊണ്ട് അവരുടെ വിവാഹം നടന്നു എന്നുതന്നെ വിചാരിച്ചുകൊള്ളണം. കുട്ടിയെ കണ്ടിട്ടില്ലെങ്കിലും ഞാൻ എല്ലാം അനുവദിച്ചു. ചേച്ചി ഇനി വ്യസനിക്കരുത്. ജ്യേഷ്ഠൻ അന്നുപകരിച്ചു. അതിലധികം ഇന്ന് അനുജൻ ഏൽക്കുന്നു. നിങ്ങൾ നന്തിയത്തു പോരണം. ആ കൊച്ചുകന്നത്തി ആരും അറിയാതെ ചാടിപ്പോയതു വെടിപ്പായില്ല. കുട്ടനും അതത്ര രസിക്കുമെന്നു തോന്നുന്നില്ല. തന്നെ അന്വേഷിച്ച് ഒരു പെണ്ണു പുറപ്പെടാൻ വേണ്ട യോഗ്യത തനിക്കുണ്ടല്ലൊ എന്ന് അയാൾ അഹങ്കരിക്കുന്നവനല്ല. എന്തായാലും അതെല്ലാം നാം ഇനി വകവെയ്ക്കേണ്ട. കുട്ടികളാകുമ്പോൾ പല ഗോഷ്ടികളും കാട്ടും.”
വൃദ്ധ: “പക്ഷേ, എല്ലാത്തിനടിയിലും ഒരു വലിയ കോന്ത്രമുണ്ട്—അതുക്കൂടി പറഞ്ഞേക്കാം. ഞങ്ങടെ കൈവശം ഉണ്ടായിരുന്ന ഒരു മോതിരം കേശവൻകുഞ്ഞു കൊണ്ടുപോയി അണ്ണാവയ്യനു വിറ്റു. അതാണു തിരുവനനതപുരത്തുള്ള ഇപ്പോഴത്തെ കലക്കത്തിനെല്ലാം അടിസ്ഥാനം. മോതിരം ആരുടേതെന്നു സമ്മതിക്കുമ്പോൾ ഞങ്ങൾക്കെങ്ങനെ കിട്ടി എന്നും, ഞങ്ങളാരെന്നും ചോദ്യങ്ങളിളകും. പിന്നത്തെ ഫലം ഉണ്ണിതന്നെ ഊഹിക്കൂ.”
ഉണ്ണിത്താൻ: “ചിലതെല്ലാം ഒളിക്കുന്നതുകൊണ്ടാണ് അനർത്ഥങ്ങളുണ്ടാകുന്നത്. വരുന്നതു വരട്ടെ എന്നുറച്ച് പരമാർത്ഥത്തെ മുഴുവൻ പറയണം. ആ ഉണ്ണിതന്നെ എന്തെല്ലാം വളച്ചുപുളച്ചാണ് എനിക്കെഴുതീട്ടുള്ളത്! അവന്റെ പ്രായവും സ്ഥിതിയും വർണ്ണിച്ചൊരോല [ 117 ] നാലുവശം; പ്രായം തികഞ്ഞ പുരുഷന്മാർ പരിണയംചെയ്യേണ്ട ആവശ്യത്തെപ്പറ്റി മറ്റൊരോല അങ്ങനെ; അച്ഛനമ്മമാരുടെ ഇഷ്ടത്തെ അനുകരിക്കേണ്ട മുറകളെപ്പറ്റി മറ്റൊരോല; എങ്ങാണ്ടൊരു പെണ്ണു സൗന്ദര്യവതിയായിരിക്കുന്നതിനെക്കുറിച്ചുള്ള വർണ്ണന, കുനുകുനെ, പൊടി അക്ഷരത്തിൽ, അവളുടെ സൗശീല്യാദി ഗുണവും മറ്റും വർണ്ണിച്ച് ഒരു കവിത—എത്ര ഓല എന്നു ഞാൻ എണ്ണീല്ല. ചേച്ചീടെ മകടെ മകള് ഒന്നുണ്ട്, അവളെ കൂട്ടിക്കൊണ്ടു വീട്ടിൽ പോരണമെന്നു താല്പര്യമുണ്ട്. അതിനനുവദിക്കണം; എന്നു മാത്രം എഴുതിയിരുന്നാൽ ഇതിനുമുമ്പിൽത്തന്നെ ആ ക്രിയയും നടന്ന്, ഇപ്പോഴത്തെ അനർത്ഥങ്ങളും അവമാനങ്ങളും കൂടാതെ കഴിയുമായിരുന്നു. ചന്ത്രക്കാറൻ തടുത്താലും ഇവിടെക്കിടന്ന് തടുക്കുകേ ഉള്ളു. സംഗതികൾ അവിടെ സുഖമായി നടക്കും.”
വൃദ്ധ:“കേശവൻകുഞ്ഞിനെ കുറ്റപ്പെടുത്തേണ്ട. ഞങ്ങൾ ഉണ്ണി’ക്കു ‘ചേച്ചി’യാണെന്നും മറ്റും അയാൾ ഒടുവിലത്തെ ദിവസം സന്ധ്യക്കേ അറിഞ്ഞൊള്ളു. എന്റുണ്ണി ഇപ്പോൾത്തന്നെ തിരുവനന്തപുരത്തേക്കു പോണം. പട്ടണങ്ങളേ ചീത്ത സ്ഥലങ്ങളാണ്. മീനാക്ഷി ̧ പക്ഷേ ̧ തനിച്ചായിരിക്കാം. അവൾ കണ്ടാൽ കുറച്ചു ഭേദവുമാണ്. ഉണ്ണിക്കു കാണുമ്പോൾ മനസ്സിലാവും.”
ഉണ്ണിത്താൻ: “സാവിത്രിയുടെ ഛായയാണെങ്കിൽ എനിക്കു കാണാതെതന്നെ കഥ എന്തെന്നു നിശ്ചയിക്കാം.”
വൃദ്ധ: “സാവിത്രിയൊ? –” എന്നു പറഞ്ഞുതുടങ്ങീട്ട് തന്റെ ദൗഹിത്രിയുടെ സൗന്ദര്യത്തെ താൻ വർണ്ണിക്കുന്നതുചിതമല്ലെന്നു വിചാരിച്ചു വിരമിച്ചു. ഇങ്ങനെ സംഭാഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ വൃദ്ധ ഉണ്ണിത്താനെ പിടിച്ചണച്ച്, ഗദ്ഗദത്തോട് ഒരു ചോദ്യം ചെയ്തു: “സാവിത്രിയുടെ അമ്മാവനെ കണ്ടിട്ടുണ്ടോ?”
ഉണ്ണിത്താൻ: “ഉണ്ട്.”
വൃദ്ധ: “എന്റെ വലിയാങ്ങളെ —അദ്ദേഹം കുലത്തിനൊത്ത കരുത്തോടുതന്നെ കൊലവാൾ ഏറ്റോ?”
ഉണ്ണീത്താൻ: “ചേച്ചി അതൊന്നും ചോദിക്കരുത്. അക്കാലം ഒരു പ്രളയകാലമായിരുന്നു. കഴിഞ്ഞതെല്ലാംകഴിഞ്ഞതായിരിക്കട്ടെ. ഇങ്ങേഭാഗത്തും നിലയില്ലാത്ത ദ്രോഹപ്രവൃത്തികളുണ്ടായിരുന്നു. ചേച്ചിയുടെ ഭർത്താവ്, ശകുനിയും കർണ്ണനും ഭീക്ഷ്‌മരും ഒന്നായിച്ചേർന്ന് ഒരു മഹാകൗരവനായിരുന്നു. അദ്ദേഹത്തിന് എല്ലാം തടുക്കാൻ കഴിയുമായിരുന്നു. പെരുവെള്ളത്തള്ളൽ കണ്ടപ്പോൾ നിങ്ങളേയും കൊണ്ട് നന്തിയത്തു പോന്നു. വെള്ളക്കൂത്തു മുറുകിയപ്പോൾ അവിടന്നും കടന്നു. ഇപ്പോൾ നിലകൊണ്ടിരിക്കുന്ന സ്ഥിതിതന്നെ എല്ലാം കൊണ്ടും ഉത്തമമെന്ന് ആശ്വസിക്കണം.”
അല്ലയോ ബുദ്ധിയും വിദ്യയും സമ്പത്തുംകൊണ്ടു സമൃദ്ധനായ പ്രഭുവേ! അങ്ങയുടെ ഒടുവിലത്തെ അഭിപ്രായത്തിൽ ഒരു തെറ്റുണ്ടെന്ന് അങ്ങ് അറിയുന്നില്ലല്ലൊ? അങ്ങ് ഉത്തമപുരുഷന്മാരുടെ ഉത്തംസംതന്നെ എന്നു സമ്മതിക്കാം. പക്ഷേ, ആരുംതന്നെ പരിപൂർണ്ണബുദ്ധിമാനെന്നും, സർവ്വസാക്ഷി എന്നും നടിച്ചുപോകരുത്. അങ്ങിരിക്കുന്ന ഭവനത്തിന്റെ അല്പം കിഴക്കുമാറി, ഒരു വലിയ പറമ്പു മുഴുവൻ വ്യാപിച്ചുനില്‌ക്കുന്ന ഒരു വടവൃക്ഷം ബഹുശതവർഷങ്ങൾക്കു മുമ്പിൽ, ഒരു സാധുപ്രാണിയുടെ വായിൽനിന്നും പതനംചെയ്ത് എൺമണിയിലും ചെറുതായ ഒരു ബീജത്തിൽനിന്നും മുളച്ചു വളർന്നിട്ടുള്ളതാണ്. അങ്ങനെ ഒരു സ്വല്പജന്തുവിനും, പ്രത്യേക ഉദ്ദേശ്യം കൂടാതെയും ഒരു മഹത്പ്രതിഷ്ഠാപനം സാധിക്കുമെന്നുവരികിൽ, പ്രതിക്രിയൈകവ്രതനും ദൃഢനിഷ്ഠനും ആയും, മൂലത്രിഗുണശക്തികൾ ഏകീകരിച്ചും ഉള്ള ഒരു ബുദ്ധന്റെ ആത്മാവ് ഭൂലോകത്തിൽ അവശേഷിക്കാതെ, എല്ലാം നിലകൊണ്ടു എന്നു നിർദ്ദേശിക്കുന്നതെങ്ങനെ? കുട്ടിക്കോന്തിശ്ശന്റെ കൗരവത്വമോ രൗരവത്വമോ—എന്തെങ്കിലുമാകട്ടെ—അതിനെ, സന്ദർഭം വരുമ്പോൾ വർണ്ണിക്കാൻ, ചില വിശേഷണപദങ്ങളെക്കൂടി സംഭരിച്ചുകൊള്ളുക. [ 118 ] അന്ന് അത്താഴവും കഴിഞ്ഞു രാഘവരുണ്ണിത്താൻ മന്ത്രക്കൂടത്തു തന്നെ താമസിച്ചു. മീനാക്ഷിയും കുപ്പശ്ശാരും തിരുവനന്തപുരത്തുണ്ടെന്നും, അടുത്തദിവസം മടങ്ങിയെത്തുമെന്നും ചന്ത്രക്കാന്റെ ഒരു ഭൃത്യൻ വന്നു മന്ത്രക്കൂടത്തു തെര്യപ്പെടുത്തി. മീനാക്ഷി വന്നു കണ്ടതിന്റെശേഷം ആ സ്ഥലത്തുനിന്നും തിരിക്കാമെന്നു നിശ്ചയിച്ചാണ് ഉണ്ണിത്താൻ അവിടെ താമസിച്ചത്.
ഇതിനിടയിൽ ഹരിപഞ്ചാനനയോഗീശ്വരന്റെ തപോമന്ദിരത്തിൽ നടന്ന രണ്ടു സംഭവങ്ങളെ വർണ്ണിച്ചുകൊള്ളട്ടെ. ഉമ്മിണിപ്പിള്ളയുടെ നാസികയ്ക്കു പക്ഷാഘാതം സംഭവിച്ചു എന്നു കണ്ട ഉടനെതന്നെ ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയുമായി മർമ്മവിദ്യാവിദഗ്ദ്ധനായ യോഗീശ്വരനെക്കണ്ടു ചികിത്സോപദേശത്തെ പ്രാർത്ഥിച്ചു.
ഉമ്മിണിപ്പിള്ളയ്ക്കു നേരിട്ട ആപത്തിനെക്കുറിച്ചു യോഗീശ്വരൻ സകരുണം അനവധി ചോദ്യങ്ങൾ ചെയ്തു. അതിന്റെ നിവാരണത്തിന് അധികസമയം ഗാഢചിന്തനവുംചെയ്തു. നാസാവൈരൂപ്യം സംഭവിച്ചിരിക്കുന്നതു മരണലക്ഷണമെന്നു വ്യാഖ്യാനിക്കപ്പെടാമെങ്കിലും, ആ ഭയം മനസ്സിനെ ബാധിക്കേണ്ടെന്നും, ആ സംഭവം മഹമ്മദീയമുഷ്കരന്റെ കരസ്പർശം കൊണ്ടുണ്ടായിട്ടുള്ളതല്ലെന്നും, കേവലം മുഖവാതാരംഭത്തിന്റെ ലക്ഷണമാണെന്നും, അതിലേക്കു ചിലക്ഷാരസിന്ദൂരാദികൾ സേവിച്ചു ക്രമേണ പരിഹാരം ഉണ്ടാക്കേണ്ടേതാണെന്നും, യോഗീശ്വരൻ വിധിച്ചു. ഉമ്മിണിപ്പിള്ളയുടെ സന്താപത്തിന് ഇങ്ങനെയാണു ശാന്തി അരുളിച്ചെയ്തതെന്നുവരികിലും, അദ്ദേഹത്തിന്റെ പാദങ്ങളിൽ അന്നു രാത്രി കുപ്പശ്ശാർ വീണുരുണ്ട്, ക്രന്ദനം ചെയ്ത്, മീനാക്ഷിയോടു പ്രയോഗിച്ച കർണ്ണമന്ത്രത്തെത്തുടർന്ന് ആ കന്യകയുടെ പ്രണിധിയായി, ഒരപേക്ഷ ചെയ്തപ്പോൾ അവർ തമ്മിൽ ദീർഘമായ ഒരു സംഭാഷണം നടന്ന്, അവസാനത്തിൽ ഹരിപഞ്ചാനനൻ ആലോചനയിൽ മഗ്നനായി ഇരുന്നു. അപേക്ഷയെ നിർവ്വഹിച്ചില്ലെങ്കിൽ, മീനാക്ഷി ജീവത്യാഗംചെയ്തുകളയുമെന്നും, അത്രത്തോളവും അതിലധികവും പ്രവർത്തിക്കുന്നതിന് ആ കന്യക സന്നദ്ധയായിരിക്കുന്നു എന്നും കുപ്പശ്ശാർ ഉണർത്തിച്ചു. ഹരിപഞ്ചാനനന്റെ ശിലാഹൃദയം ഉരുകി. മീനാക്ഷിയുടെ ഇംഗിതത്തിനു സിദ്ധി ഉണ്ടാകുമെന്ന് അദ്ദേഹം അനുഗ്രഹം ചെയ്തു. കുപ്പശ്ശാർ അവിടെനിന്നു പിരിയുന്നതിനു മുമ്പിൽ യോഗീശ്വരൻ ഇങ്ങനെ ഒരു കല്പനക്കൂടിക്കൊടുത്തു: “അമ്മിണിയെ ആരുക്കാവത് ദത്തം ചെയ്യക്കൂടാത്. നമതു യജ്ഞം മുടിയട്ടും. അപ്പാൽ തകിന്തപടി നാമേ സുമാർശെയ്‌വോം. ഭദ്രം!” പിന്നെയും എന്തോ ചിലതു പറവാൻ ആലോചിച്ചിട്ട്, ഉള്ളിലുണ്ടായ വികാരവിക്ഷോഭംകൊണ്ട്, ആ പ്രാരബ്ധനിവൃത്തനും ‘പരവശ’പ്പെട്ടു നിന്നു. കുപ്പശ്ശാർക്കു ചില വസ്ത്രങ്ങളും കുറച്ചു ദ്രവ്യവും സമ്മാനിച്ചും, അയാളെ വാതൽപ്പടിവരെ അനുഗമിച്ചു തലോടി പരിരംഭണവും ചെയ്തും, യോഗീശ്വരൻ യാത്രയാക്കി. കുപ്പശ്ശാരുടെ ഭൃത്യഭക്തിയെ ഇതിലധികംകൊണ്ടു അഭിമാനിക്കേണ്ടതല്ലയോ?
അടുത്തദിവസം ഉദിച്ച് ഏഴെട്ടുനാഴിക ചെന്നപ്പോൾ മീനാക്ഷിയുടെയും കുപ്പശ്ശാരുടെയും തിരിയെയുള്ള യാത്രയുണ്ടായി. വൃദ്ധയുടേയും ഇവരുടേയും പുനസമ്മേളനത്തിൽ ഇരുഭാഗത്തേക്കും വിഷമങ്ങളൊന്നുമുണ്ടാകാതെയും, വൃദ്ധയാൽ മീനാക്ഷിക്കുട്ടി ശാസിക്കപ്പെടാതെയും സൂക്ഷിക്കുന്നതിനു മനഃപൂർവ്വം അവിടെ താമസിച്ചിരുന്ന ഉണ്ണിത്താന്റെ സാന്നിദ്ധ്യംകൊണ്ട്, കോപപ്രദർശനമൊന്നും കൂടാതെയും, എന്നാൽ സ്വൽപമായ അന്യഥാഭാവത്തോടും വൃദ്ധ മീനാക്ഷിയെ സ്വീകരണംചെയ്തു. തന്റെ പുത്രനാൽ സ്വയംവരണം ചെയ്യപ്പെട്ട കന്യക ഉണ്ണിത്താന്റെ നേത്രങ്ങൾക്കു സാവിത്രി എന്ന മാതാവിനേയും ബഹുമണ്ഡലങ്ങക്കപ്പുറം ദൂരീകരിക്കുന്നതും രംഭയ്ക്കു പകരം നിയോജ്യയായിരുന്നെങ്കിൽ നിത്യബ്രഹ്മചാരിയായ ശുകബ്രഹ്മർഷിയേയും പ്രാപഞ്ചികനാക്കുവാൻ പോരുമായിരുന്നതും ആയ ഒരു സൗന്ദര്യധാമമെന്ന്, അത്യാശ്ചര്യാനന്ദങ്ങളെ ഉല്പാദിപ്പിച്ചു. അദ്ദേഹം ആ പ്രൗഢകന്യകയെ സമീപത്തു വിളിച്ച്, കരുണാപൂർവ്വം തലോടി, സന്തോഷപ്രദമായുള്ള തന്റെ നിശ്ചയങ്ങളെ ധരിപ്പിക്കയും, തന്റെ വാഗ്ദത്തത്തെ അനുസരിച്ചു ഗൂഢമായി ചില ശാസനോപദേശങ്ങൾ നൽകുകയും ചെയ്തു. ഇതു കണ്ടും കേട്ടും നിന്ന കുപ്പശ്ശാർ വേദാന്തഗ്രഹണമോ കീർത്തനകഥനമോ കൂടാതെ ‘പടിയാറും കടന്ന്’ കൈലാസപ്രാപ്തനാവുകയും ചെയ്തു.