സ്മാർട്ട് ഫോൺ


സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് സ്മാർട്ട് ഫോണുകൾ അഥവാ സ്മാർട്ഫോണുകൾ.
1991-ടു കൂടിയാണ് മൊബെെൽ കമ്പ്യൂട്ടിങ്ങ് പ്ളാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള ആശയങ്ങൾ ഉയർന്നുവന്നത്. ആദ്യ സ്മാർട്ട് ഫോണായ എെ ബി എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ 1994 -ൽ വിപണിയിലെത്തി. ഇത്തരം ഫോണുകൾക്ക് സ്മാർട്ട് ഫോണുകൾ എന്ന വിശേഷണം നൽകിയത് 1997- ൽ എറിക്സൺ കമ്പനിയാണ്.
സ്മാർട്ട്ഫോണുകളുടെ ആദ്യപതിപ്പായ Personal Digital Assistant[1] ഉപകരണങ്ങൾ വാണിജ്യ രംഗത്തു പ്രവർത്തിച്ചിരുന്നവർക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തവയായിരുന്നു. ഫീച്ചർ ഫോണുകളേക്കാൾ വലിയ സ്‌ക്രീൻ, കാൽക്കുലേറ്റർ, കലണ്ടർ, ഈ മെയിലുകൾ വായിക്കാനും മറുപടി അയക്കാനുമുള്ള സൗകര്യം - ഇവയൊക്കെ ആയിരുന്നു പേഴ്‌സണൽ ഡിജിറ്റൽ അസിസ്റ്റന്റ് ഉപകരണങ്ങളുടെ മേന്മ. ആദ്യകാല പേഴ്‌സണൽ ഡിജിറ്റൽ ഉപകരണങ്ങളിൽ സിം കാർഡ് സൗകര്യം ഉണ്ടായിരുന്നില്ല. തന്മൂലം ആശയവിനിമയോപാധി ആയി ആദ്യകാല പേഴ്‌സണൽ ഡിജിറ്റൽ അസിസ്റ്റന്റുകളെ കണക്കാക്കാനാവില്ല.
കാലക്രമേണ പാം, മൈക്രോസോഫ്ട് എന്നിങ്ങനെയുള്ള കമ്പനികൾ അവരുടേതായ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പി.ഡി.ഏകൾ വിപണിയിറക്കി. ആദ്യകാല ഉപകരണങ്ങളെക്കാൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഉപകാരണങ്ങളായിരുന്നു ഇവ.
പണ്ടുകാലത്തെ പി.ഡി.ഏ കൾക്ക് കുറഞ്ഞ തോതിലുള്ള സമ്പാദനശേഷിയെ ഉണ്ടായിരുന്നുള്ളൂ. ഉപയോഗിക്കുന്ന ആപ്പ്ലിക്കേഷനുകളുടെ എണ്ണം കുറവായതും , ഫയലുകളുടെ വലിപ്പം കുറവായതും ഇതിനൊരു കാരണമായി. എന്നിരുന്നാളും ചില മേന്മയേറിയ പി.ഡി.ഏകൾ , സമ്പാദനശേഷി വർദ്ധിപ്പിക്കാൻ കോംപാക്ട് ഫ്ലാഷ്, മൾട്ടിമീഡിയ കാർഡ് എന്നീ സമ്പാദന ശേഷി ഉയർത്താനുതകുന്ന അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് അനുകൂലിച്ചിരുന്നു.
സ്മാർട്ട് ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം
[തിരുത്തുക]ലോകത്തുള്ള സ്മാർട്ട് ഫോണുകളിൽ 86 ശതമാനം ഉപകരണങ്ങളിലും ഗൂഗിൾ കമ്പനിയുടെ ലിനക്സ് കേന്ദ്രീകൃത ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണുപയോഗിച്ചു വരുന്നത്. ഏകദേശം പന്ത്രണ്ട് ശതമാനം ഉപകരണങ്ങളിൽ ആപ്പിളിന്റെ ഐ.ഓ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപയോഗിച്ച് വരുന്നു. മറ്റു ചെറുകിട സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് സാംസങിന്റെ ടിസൻ, യോള കമ്പനിയുടെ സെയിൽഫിഷ് ഒഎസ് എന്നിവ.
ഡിസ്പ്ളേ
[തിരുത്തുക]സ്മാർട്ട് ഫോൺ ഡിസ്പ്ളേ വളരെയധികം നൂതനമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. പണ്ടുകാലത്തെ ഫോണുകളെ അപേക്ഷിച്ചു വ്യക്തതയും മിഴിവാർന്നതുമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ പ്രാപ്‌തമാണ് ഇന്നത്തെ സ്മാർട്ട് ഫോൺ ഡിസ്പ്ളേകൾ.
ആപ്പിൾ കമ്പനിയുടെ റെറ്റിന ഡിസ്പ്ളേ സാങ്കേതികവിദ്യ ഈ രംഗത്തു വലിയ മാറ്റങ്ങൾക്ക് വഴി വെച്ചു. നിശ്ചിത ഇഞ്ചിൽ പ്രദര്ശിപ്പിക്കാവുന്ന ബിന്ദുക്ക���ുടെ എണ്ണം മുന്നൂറ് എന്ന മാന്ത്രിക സംഖ്യ ആപ്പിൾ റെറ്റിന ഡിസ്പ്ളേയിലൂടെ അവതരിപ്പിച്ചു. ഇത് മനുഷ്യരുടെ കണ്ണിന് ബിന്ദുക്കളെ പര്സപരം വേർതിരിച്ചു കാണാൻ പറ്റാത്തത്രെയും അളവിലായതിനാൽ ദൃശ്യങ്ങളുടെ വ്യക്തത മുൻകാല ഡിസ്‌പ്ലെകളെ അപേക്ഷിച്ചു വളരെ കൂടുതലായിരുന്നു.
ഇത്തരം ഉയർന്ന നിലവാരമുള്ള സ്മാർട്ട്ഫോൺ ഡിസ്പ്ളേകൾ ഇത്തരം വലിപ്പം കുറഞ്ഞ ഉപകരണങ്ങളിൽ മികച്ച ദൃശ്യ വിരുന്നൊരുക്കാൻ സഹായകമായി.[2]
പ്രോസസർ
[തിരുത്തുക]സ്മാർട്ട് ഫോൺ പ്രോസസറുകൾ ദിനംപ്രതി ശക്തിയേറിയതും കാര്യക്ഷമതയുള്ളതും ആയി തീരുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇന്നത്തെ ഒരു ശരാശരി സ്മാർട്ട് ഫോണിന് രണ്ടായിരങ്ങളിലെ ഒരു ലാപ്ടോപ് കംപ്യൂട്ടറിനേക്കാൾ പ്രവർത്തനശേഷി ഉണ്ട്.
ഫോൺ
[തിരുത്തുക]ആശയവിനിമയം നടത്തുക എന്നതാണ് ഒരു സ്മാർട്ട്ഫോണിന്റെ പ്രധാന കടമ എന്നത്. നിലവിലുള്ള എല്ലാ സ്മാർട്ട്ഫോണുകളും ആശയവിനിമയത്തിന് വേണ്ടി ഫോർ ജി അല്ലെങ്കിൽ ഫൈവ് ജി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
ഫൈവ് ജി സാങ്കേതികവിദ്യ ഫോർജിയേക്കാൾ വേഗതയുള്ള ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നു. ഫോർ ജി വോൾട്ടി സാങ്കേതികവിദ്യ അനുകൂലിക്കുന്ന സ്മാർട്ട്ഫോണുകൾ അതിവേഗ ഡാറ്റ കൈമാറ്റത്തിനോടൊപ്പം എച്ച്ഡി ശബ്ദമികവോട് കൂടിയ വോയിസ് കോളുകളും ലഭ്യമാക്കുന്നു.
ഇന്റർനെറ്റ് കമ്മ്യൂണിക്കേറ്റർ
[തിരുത്തുക]ഡാറ്റ കണക്ടിവിറ്റി സൗകര്യം ഉള്ളതിനാൽ സ്മാർട്ട്ഫോണുകൾ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നു. ഡാറ്റ കണക്ടിവിറ്റി ഒന്നുകിൽ വൈ-ഫൈ സാങ്കേതികവിദ്യ മാർഗ്ഗമോ അതോ ഫോണിലുള്ള സിം കാർഡ് വഴിയോ ഉപയോഗത്തിൽ വരുത്താവുന്നതാണ്.
ക്യാമറ
[തിരുത്തുക]പണ്ടുകാലത്തെ ഫോണുകളെ അപേക്ഷിച്ചു ഇപ്പോൾ വിപണിയിലിറങ്ങുന്ന സ്മാർട്ട്ഫോണുകളിലെ ക്യാമറ അത്യന്തം ഗുണമേന്മയേറിയതും മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതുമാണ്.
ഇന്ന് വിപണിയിലുള്ള വിലകൂടിയ സ്മാർട്ട്ഫോണുകളിലെ ക്യാമറ വെച്ചെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒരു സാധാരണ ഡിജിറ്റൽ ക്യാമറയെ വെല്ലുന്ന ഫലം നൽകുന്നു.
ഫോൺ രഹിത ദിനങ്ങൾ
[തിരുത്തുക]ഫെബ്രുവരി 6, 7 തീയതികൾ ഫോൺ, സ്മാർട്ട്‌ഫോൺ രഹിതലോക ദിനങ്ങളയി ആചരിക്കുന്നു. ഫോണും സ്‌മാർട്ട്‌ഫോണും ഇല്ലാത്ത ലോക ദിനങ്ങൾക്കൊപ്പം, സാങ്കേതികവിദ്യയിൽ നിന്നും പുതിയ വിവരങ്ങളുടെ അനന്തമായ ഒഴുക്കിൽ നിന്നുമുള്ള ഒരു ഇടവേള. ഇത് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ്. ജനുവരി 31അന്താരാഷ്ട്ര ഇന്റർനെറ്റ് രഹിത ദിനവും നവംബർ 8 വൈഫൈ രഹിതദിനവുമായും ആചരിക്കുന്നു.[3]