Jump to content

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Operation Blue Star എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുവർണ ക്ഷേത്രം
സുവർണ ക്ഷേത്രം

ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നറിയപ്പെടുന്നത്.[1] 1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബർ 31-നു സ്വന്തം സിഖ് കാവൽക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു.[2]

പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീർത്ഥാടന കേന്ദ്രമായ സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. അവിടെ 1984 ജൂൺ ആദ്യവാരം  'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്ന പേരിൽ ഒരു സൈനിക നടപടിയുണ്ടായി. ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ, സുവർണ്ണക്ഷേത്രത്തിനുള്ളിലെ അകാൽ തഖ്‌ത് എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാനി തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ഈ നിർണായക ഓപ്പറേഷന്റെ ലക്‌ഷ്യം. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പരശ്ശതം മിലിട്ടറി ഓപ്പറേഷനുകളിൽ ഒന്നുമാത്രമാണ് 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ'.[3] അതിനുള്ള ഉത്തരവുകൾ നൽകിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാർത്ഥപ്രേരണ. ആദ്യം, റോയുടെ ഒരു കമാൻഡോ ഓപ്പറേഷൻ ആയിട്ടായിരുന്നു ഇത് പ്ലാൻ ചെയ്തത്. പ്രസ്തുത കമാൻഡോ ഓപ്പറേഷനുവേണ്ടി റോ തീവ്രവാദികൾ ഒളിച്ചു പാർക്കുന്ന  കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്സലുകൾ വരെ നടത്തിയ ശേഷമാണ്, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിച്ചത്, പകരം സൈനിക ഇടപെടൽ മതി എന്ന് തീരുമാനിച്ചത്.[3][2][4]  

തുടക്കം

[തിരുത്തുക]

എല്ലാറ്റിന്റെയും തുടക്കം പഞ്ചാബിന്റെ മണ്ണിൽ ഖാലിസ്ഥാനി പ്രസ്ഥാനത്തിന്റെ വേരുപിടിക്കുന്നതിൽ നിന്നാണ്. ഖാലിസ്ഥാൻ എന്നത് ഒരു 'സിഖ് രാഷ്ട്ര'സങ്കല്പമാണ്. ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെട്ടുകൊണ്ട് സിഖുകാർക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം സാധ്യമാണ് എന്ന ചിന്ത ഉടലെടുക്കുന്നത് 40 -കളിലും 50 -കളിലും ഒക്കെയാണെങ്കിലും 'ദംദമി തക്‌തൽ' എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജർണൈൽ സിങ് ഭിന്ദ്രൻവാലയാണ് ആ തീപ്പൊരിക്ക് കാറ്റുപകരുന്നത്.  സിഖ് മതത്തിന്റെ സങ്കൽപ്പങ്ങൾ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടി യുവതലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കടുത്ത പാരമ്പര്യവാദിയും, ആ നിലയ്ക്ക് തന്നെ യുവാക്കളിൽ പലരുടെയും ആരാധനാ മൂർത്തിയുമായിരുന്നു ഭിന്ദ്രൻവാല. [3][2][4]

ഭിന്ദ്രൻവാല

[തിരുത്തുക]

പഞ്ചാബിൽ ശക്തിയാർജ്ജിച്ചുകൊണ്ടിരുന്ന അകാലിദളിനെതിരെ നില്ക്കാൻ വേണ്ടി കോൺഗ്രസ് തന്നെ വളർത്തിക്കൊണ്ടുവന്ന ഭിന്ദ്രൻവാല ഒടുവിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് വളരെ വിഘടനവാദപരമായ പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയത് ഇന്ദിരാഗാന്ധിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. 1982 -ൽ തന്റെ ആസ്ഥാനമായ ചൗക്ക് ഗുരുദ്വാരയിൽ നിന്ന് ആദ്യം സുവർണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗുരുനാനാക് നിവാസിലേക്കും, പിന്നീട് അതിനുള്ളിലെ അകാൽ തഖ്‌ത്തിലേക്കും തന്റെ ആസ്ഥാനം മാറ്റിയത്, ഒരർത്ഥത്തിൽ അവിടേക്ക് ബലം പ്രയോഗിച്ച് കടന്നുകയറിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. അതിർത്തിക്കപ്പുറത്തുനിന്നുള്ള പാകിസ്ഥാൻ്റെ ഐഎസ്‌ഐ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവർത്തിച്ച്, ആകെ ശല്യക്കാരനായി മാറിയിരുന്ന ഭിന്ദ്രൻവാലയുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ പ്രഥമ ലക്‌ഷ്യം.[3][2][4]

സൈനിക നടപടിയിലേക്ക് നയിച്ച കാരണങ്ങൾ

[തിരുത്തുക]

1984 ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ ഇന്ത്യൻ ത്രിവർണ്ണ പതാകക്ക് പകരമായി ഖാലിസ്ഥാൻ്റെ പതാകയുയർന്നു. സർക്കാരും അകാലി നേതാക്കളും നിസ്സഹായരായി നോക്കി നിന്നതേയുള്ളു. ഹിന്ദു വിരുദ്ധ മുദ്രവാക്യങ്ങളുയർന്നതോടെ അമൃത്സറിലെ ഹിന്ദു കച്ചവടക്കാർ ജീവനും കൊണ്ട് സ്ഥലം വിട്ടു. പഞ്ചാബിലെ ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു. ബസുകൾ തടഞ്ഞ് നി‍ർത്തി ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്നു. ഹിന്ദുക്കൾക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ, അവരെല്ലാം ജീവനിൽ കൊതി കാരണം സ്ഥലം വിട്ടു.[5]ചോദ്യം ചെയ്യുകയോ, എതിർക്കുകയോ ചെയ്തവരെല്ലാം അപ്രത്യക്ഷരായി. സുവർണക്ഷേത്രത്തിന് പുറത്ത് ഓടകളിൽ മൃതശരീരങ്ങൾ അടിക്കടി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്ത്യൻ ഭരണകൂടത്തിന് തലവേദനയായി തീവ്രവാദം കൊടുമ്പിരിക്കൊണ്ട പഞ്ചാബിൽ,തങ്ങൾ സൃഷ്ടിച്ച ഭീകരനെ നിയന്ത്രിക്കാനാവാതെ ഇന്ദിരാഗാന്ധിയും ഭരണകൂടവും നിസ്സഹായരായി നോക്കി നിന്നു. അകാലി നേതൃത്വം ഭിന്ദ്രനെ എതിർക്കാൻ ശേഷിയില്ലാതെ മൗനത്തിലായി. പരമ്പരാഗതമായ അയഞ്ഞ കുപ്പായങ്ങൾ ധരിച്ച സായുധരായ സിഖ് യോദ്ധാക്കൾ സുവർണക്ഷേത്രത്തിന്റെ പരമാധികാരികളായി മാറി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അകാലികളുടെ ആവശ്യങ്ങൾ പരിഗണിക്കാനായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.[5][2][4]

ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആസൂത്രണം

[തിരുത്തുക]

കാര്യങ്ങൾ അങ്ങേയറ്റം നിയന്ത്രണമില്ലാതായതോടെ പഞ്ചാബ് സംസ്ഥാനം കലാപബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പരിപൂർണമായ അധികാരമുള്ള സിഖ് രാഷ്ട്രം എന്ന അനന്ത്പൂർ പ്രമേയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 1984 ജൂൺ 3 ന് സിഖുകാർ നേതാവായ ലോംഗോവാളിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഗവൺമെൻ്റ് കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. പ്രസിഡൻ്റ് ഭരണം പരാജയപ്പെട്ട അവസ്ഥയിൽ സൈനിക നടപടി അനിവാര്യമാണെന്ന് ഇന്ദിരാ ഗാന്ധിക്ക് ഉറപ്പായി. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്തതും സങ്കീർണവും അപകടകരവും വിഷമകരവുമായ തീരുമാനമായിരുന്നു അത്. ആ തീരുമാനത്തിന് അവരും രാജ്യവും വലിയ വില കൊടുക്കേണ്ടിയും വന്നു. ഭിന്ദ്രൻ വാലയുടെ കണക്കുകൂട്ടലുകൾ പിഴച്ചതും ആ തീരുമാനത്തിലൂടെയായിരുന്നു. പോലീസ് സേനയെ ഉപയോഗിച്ച് പ്രക്ഷോഭം നേരിടുമെന്നായിരുന്നു അയാൾ കരുതിയത്. പക്ഷേ1984 ജൂൺ 2ന് ഇന്ദിരാ ഗാന്ധി അവസാന തീരുമാനം കൈക്കൊണ്ടു. എന്ത് പ്രത്യാഘാതമുണ്ടായാലും, സുവർണ്ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ച് തീവ്രവാദികളെ പുറത്ത് ചാടിക്കുക.[5]ഇതേ കുറിച്ച് പ്രസിഡൻ്റ് സെയിൽ സിങ്ങുമായി അവർ സംസാരിച്ചപ്പോൾ സെയിൽ സിംഗ് ഇതിനെ ശക്തിയായി എതിർത്തു. തന്ത്രപരമായി , സൈനിക നടപടികളിലൂടെയല്ലാതെ വേണം എന്നായിരുന്നു സെയിൽ സിംഗ് ഉപദേശിച്ചത്. പട്ടാള നടപടിയുണ്ടായാൽ ജനരോഷം ഉയരും. അത് ഒഴിവാക്കാണമെന്ന് ശക്തിയായി അദ്ദേഹം വാദിച്ചു. തീർച്ചയായും അത് പരിഗണിക്കാമെന്ന് അവർ പറഞ്ഞെങ്കിലും തീരുമാനം മറ്റൊന്നായിരുന്നു. പട്ടാള നടപടികൾ വേഗത്തിലായി. ഭിന്ദ്രൻ വാലയെയും അനുയായികളെയും പുറത്ത് ചാടിക്കാനുള്ള സൈനിക നടപടി 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' ആസൂത്രണം ചെയ്യപ്പെട്ടു.[5][2]

അതിന് മുൻപ് ഇന്ത്യയുടെ പാകിസ്താനുമായുള്ള അതിർത്തികൾ പട്ടാളം ഭദ്രമായി അടച്ചു .സൈനിക തലങ്ങളിൽ.' ഇത് 'ഓപ്പറേഷൻ വുഡ് 'റോസ് എന്ന രഹസ്യനാമത്തിലറിയപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ കൊച്ചുമക്കളായ രാഹുൽ, പ്രിയങ്ക എന്നിവരെ സ്‌കൂൾ ബോർഡിങ്ങിൽ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാറ്റി. 1984 ജൂൺ 2ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ടിവിയിലൂടെയും ,റേഡിയോയിലൂടെയും ജനങ്ങളെ അഭിസംബോധന ചെയ്തു.'അകാലികളോട് പ്രക്ഷോഭം ഉപേക്ഷിക്കാനും . സർക്കാർ മുന്നോട്ട് വെയ്ക്കുന്ന പരിഹാരങ്ങൾ സ്വീകരിച്ച്, സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും അഭ്യർത്ഥിച്ചു.'മുറിവുകളുണക്കാൻ നാം ഒരുമിച്ച് കൈകോർക്കണം' പ്രക്ഷേപണത്തിനൊടുവിൽ വികാരാധീനയായി പറഞ്ഞവസാനിപ്പിച്ചു. അതിൻ്റെ തലേന്ന് വൈകീട്ട് സൈന്യവും ഭീകരരും തമ്മിൽ കനത്ത വെടിവയ്പ്പാരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനകം ഇന്ത്യൻ പട്ടാളം സുവർണ ക്ഷേത്രത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് തൊട്ട് മുൻപ് സുവർണക്ഷേത്രത്തിനകത്ത് അകാൽ തക്തിൽ ഭിന്ദ്രനുമായി അവസാനമായി അഭിമുഖം നടത്തിയ സുഭാഷ് കൃപേക്ക‍ർ എന്ന പത്രപ്രവർത്തകൻ ചോദിച്ചു - 'ബൃഹത്തായ ഇന്ത്യൻ സൈനിക ശക്തിക്ക് മുൻപിൽ സിഖുകാർ നിഷ്പ്രഭരാവില്ലേ ?' ഭിന്ദ്രൻ ഒരു പ്രവാചകനെപ്പോലെ മറുപടി പറഞ്ഞു. 'ആയിരം ആടുകളെ നേരിടാൻ ഒരൊറ്റ സിംഹം മതി.സിംഹം ഉറങ്ങുമ്പോൾ പക്ഷികൾ ചിലയ്ക്കും. ഉറങ്ങിയെഴുന്നേറ്റ നിമിഷം അവ പറന്നു പോകും.'അക്രമങ്ങൾ അവസാനിപ്പിക്കാൻ എന്ത് ചെയ്യും ?'അതിനുത്തരവാദികളോടാണ് ഇത് ചോദിക്കേണ്ടത്.' എന്നായിരുന്നു മറുപടി മരണഭയത്തെ കുറിച്ച് കൃപേക്കറുടെ ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു- 'ഒരു സിഖുകാരൻ മരണത്തെ ഭയപ്പെടുന്നില്ല. ഭയപ്പെടുന്നവൻ സിഖുകാരനുമല്ല'.[5][2]

അതിനിർണായകമായ സൈനിക നടപടി

[തിരുത്തുക]

ഒരു സൈനിക ഓപ്പറേഷൻ നടത്തി ഭിന്ദ്രൻവാല അടക്കമുള്ളവരെ നിർമാർജ്ജനം ചെയ്തില്ലെങ്കിൽ പഞ്ചാബിൽ സ്ഥിതി കൈവിട്ടുപോകും എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി നിർണായകമായ ഈ തീരുമാനമെടുക്കുന്നതും, ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകുന്നതും. ലഫ്. ജനറൽ കുൽദീപ് സിങ് ബ്രാർ, ലഫ്. ജനറൽ കൃഷ്ണസ്വാമി സുന്ദരംജി, ജനറൽ എ എസ് വൈദ്യ എന്നിവർക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. രണ്ടു ഭാഗങ്ങളുണ്ടായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്. ഒന്ന്, 'ഓപ്പറേഷൻ മെറ്റൽ'. സുവർണക്ഷേത്രത്തിനുള്ളിൽ നിന്ന് ഭീകരരെ തുരത്തുക എന്ന ഭാഗം മാത്രമായിരുന്നു അത്. അതിന്റെ തുടർച്ചയായി ഒരു അനുബന്ധമിഷൻ കൂടി നടന്നു. പഞ്ചാബിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ റെയ്ഡുകൾ നടത്തി ഖാലിസ്ഥാനികളെ തുറുങ്കിൽ തള്ളുന്ന ആ ദൗത്യത്തെ അന്ന് വിളിച്ചത് 'ഓപ്പറേഷൻ ഷോപ്പ്' എന്നായിരുന്നു.[3] ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ രണ്ടാമത്തെ ഭാഗം, 'ഓപ്പറേഷൻ വുഡ് റോസ്' എന്നപേരിൽ അറിയപ്പെട്ടു. അതും സൈന്യം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഒന്നായിരുന്നു. പഞ്ചാബിൽ ഉടനീളം നടപ്പിലാക്കപ്പെട്ട ഒന്ന്. ടാങ്കുകൾ, ആർട്ടിലറികൾ, ഹെലികോപ്റ്ററുകൾ, കവചിതവാഹനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി നടത്തിയ ഒന്ന്. ഇന്ത്യൻ സൈന്യത്തിലെ മുൻ മേജർ ജനറൽ ആയിരുന്ന ഷാബേഗ് സിങ് ആയിരുന്നു ഭിന്ദ്രൻവാലയുടെ  കൊച്ചു സൈന്യത്തെ നിയന്ത്രിച്ചിരുന്നത്.[3][2][4]

ഓപ്പറേഷൻ

[തിരുത്തുക]

അമൃത്സർ നഗരത്തെ തികച്ചും ബാഹ്യലോകവുമായി ബന്ധം വിഛേദിച്ച നിലയിലായിരുന്നു. കർഫ്യൂ ഏർപ്പെടുത്തുകയും തീവണ്ടി വിമാന സർവീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. വിദേശ പത്ര ലേഖകരുൾപ്പടെ എല്ലാ പത്ര പ്രതിനിധികളേയും പ്രത്യേകം ഏർപ്പെടുത്തിയ വാഹനങ്ങളിൽ അമൃത്സറിൽ നിന്ന് നീക്കം ചെയ്തു. ജൂൺ 5ന് വൈകീട്ട് 7 മണിക്ക് ഇന്ത്യൻ സൈന്യത്തിലെ 16-ാം റെജിമെൻ്റിൻ്റെ ടാങ്കുകൾ സുവർണ്ണ ക്ഷേത്രസമുച്ചയത്തിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആരംഭിച്ചു.'ഹൃദയത്തിൽ മനുഷ്യത്വവുമായി, ചുണ്ടുകളിൽ പ്രാർത്ഥനയുമായാണ് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചത്' ഇതേ കുറിച്ച് ജനറൽ കൃഷ്ണസ്വാമി സുന്ദർജി പിന്നിട് പറഞ്ഞു. നിർഭാഗ്യവശാൽ അന്ന് അഞ്ചാമത്തെ സിഖ് ഗുരുവായ അർജ്ജുൻ സിംഗിൻ്റെ രക്തസാക്ഷി ദിനമായിരുന്നു. സിഖുകാ‍ർക്ക് മതപരമായ പ്രധാനപ്പെട്ട ദിനം. ഇത് പ്രമാണിച്ച് പതിനായിരക്കണക്കിന് സാധാരണക്കാരായ സിഖ് ഭക്തന്മാർ, ഗ്രാമീണർ ക്ഷേത്രത്തിൽ ദർശനത്തിനായി തിങ്ങിക്കൂടിയിരുന്നു. സൈനിക മേധാവികൾ ഉച്ചഭാഷിണിയിൽ ഇവരോട് ക്ഷേത്രത്തിനു പുറത്തേക്ക് വരാൻ അഭ്യർത്ഥിച്ചു. പക്ഷെ, അവർക്കതിനു കഴിഞ്ഞില്ല. ഭീകരർ അവരെ രക്ഷാകവചമായി ഉപയോഗിച്ചു. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം അകത്ത് പെട്ടു പോയി. പിന്നീട് കനത്ത ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഇവർ ബലിയാടുകളായി.അകാൽ തക്ത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യൻ പാരാകമാൻഡോകളെ എതിരേറ്റത് ഭീകരരുടെ മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയുണ്ടകളായിരുന്നു. അപ്രതീക്ഷിതമായ ഈ തിരിച്ചടിയിൽ ഒട്ടെറെ കമാൻഡോകൾ കൊല്ലപ്പെട്ടു. അതോടെ ഇന്ത്യൻ സൈന്യത്തിന്റെ ടാങ്കുകൾ ഇരച്ചുകയറി ഷെല്ലാക്രമണമാരംഭിച്ചു. തീവ്രവാദികൾ മോർട്ടോറുകളും മെഷീൻ ഗണ്ണുകളുകളുമുപയോഗിച്ച് തിരിച്ചടിച്ചു. ഒടുവിൽ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനു ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തിൽ ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ ഭിന്ദ്രൻ വാലയുടേയും, ഓൾ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷൻ പ്രസിഡന്റ് അമറിക്ക് സിംഗ് എന്നിവരുടെയും മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ നിന്ന് കണ്ടെടുത്തു. 250 തീവ്രവാദികൾ കീഴടങ്ങി. കീഴടങ്ങിയ കുറെ പേരെ അവിടെ വെച്ചു തന്നെ കൂട്ടക്കൊല ചെയ്തുവെന്നും പിന്നീട് ആരോപണമുയർന്നിരുന്നു. വിദേശ മുദ്രയിലുള്ള ആയുധങ്ങൾ വൻ തോതിൽ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് വിലയുള്ള സ്വർണ്ണവും കോടിക്കണക്കിന് കറൻസിയും പിടിച്ചെടുത്തു. സർക്കാർ പുറത്ത് വിട്ട ധവളപത്രമനുസരിച്ച് 493 തീവ്രവാദികളും 4 ഓഫീസറുമുൾപ്പടെ 83 സൈനികർ കൊല്ലപ്പെട്ടു. 249 പേർക്ക് പരിക്കേറ്റു.[5][6][2][4]

അനന്തരഫലം

[തിരുത്തുക]
സൈനിക നടപടിയിൽ തകർന്ന സുവർണ്ണ ക്ഷേത്രത്തിൻ്റെ അകാൽ തഖ്ത് എന്ന ഭാഗം.
സൈനിക നടപടിയിൽ തകർന്ന സുവർണ്ണ ക്ഷേത്രത്തിൻ്റെ അകാൽ തഖ്ത് എന്ന ഭാഗം.

1984 ഒക്ടോബർ 31-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകർ പ്രതികാര നടപടിയായി കൊലപ്പെടുത്തുന്നതിലേക്കും ഈ ഓപ്പറേഷൻ നയിച്ചു. 1984-ലെ സിഖ് കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടു. പ്രധാനമായും ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഉത്തരേന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും സിഖുകാർ വ്യാപകമായി കൊല്ലപ്പെടുന്നത് സിഖ് സമൂഹവും ഇന്ത്യാ ഗവൺമെൻ്റും തമ്മിലുള്ള വലിയ ഭിന്നതകൾക്ക് കാരണമായി. പിന്നീട് 1984-ൽ സിഖ് ആവശ്യങ്ങളുടെ സമ്മർദ്ദത്തിൽ സുവർണ ക്ഷേത്രത്തിൽ നിന്ന് സൈന്യം പിൻവാങ്ങി. 1985-ൽ നടന്ന എയർ ഇന്ത്യ 182- വിമാനത്തിലെ ബോംബ് സ്‌ഫോടനം ഇതിൻ്റെ പ്രതികാര നടപടിയാണെന്നാണ് കരുതപ്പെടുന്നത്.

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്ത് അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറൽ അരുൺ ശ്രീധർ വൈദ്യയെ 1986-ൽ പൂനെയിൽ വെച്ച് രണ്ട് സിഖുകാർ കൊലപ്പെടുത്തി. ഹർജീന്ദർ സിംഗ് ജിൻഡയും സുഖ്‌ദേവ് സിംഗ് സുഖയും ആയിരുന്നു ആ രണ്ട് പേർ. ഇരുവരെയും വധശിക്ഷയ്ക്ക് വിധിക്കുകയും 1992 ഒക്ടോബർ 7-ന് തൂക്കിലേറ്റുകയും ചെയ്തു.

1986ൽ, സിഖ് തീവ്രവാദികൾ ക്ഷേത്ര വളപ്പ് വീണ്ടും കൈവശപ്പെടുത്തുകയും തുടർന്നും ഉപയോഗിക്കുകയും ചെയ്തു. ഇതിനെതിരെ 1986 മെയ് 1 ന് ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ എന്നറിയപ്പെടുന്ന മറ്റൊരു കമാൻഡോ നടപടി ആവശ്യമായി വന്നു. ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമായ ദേശീയ സുരക്ഷാ സേനയും (എൻ.എസ്.ജി.) അതിർത്തിരക്ഷാസേനയും (ബി.എസ്.എഫ്.) ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. കമാൻഡോകൾ ക്ഷേത്രത്തിൽ പ്രവേശിച്ച് മൂന്ന് മാസത്തിലേറെയായി സുവർണ്ണ ക്ഷേത്രം കൈവശപ്പെടുത്തിയ 200 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. 1986 മെയ് 2-ന് അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ അർദ്ധസൈനിക വിഭാഗം 12 മണിക്കൂർ നീണ്ട ഓപ്പറേഷൻ നടത്തി. എന്നിരുന്നാലും എല്ലാ പ്രമുഖ തീവ്രവാദി നേതാക്കൾക്കും രക്ഷപ്പെടാൻ കഴിഞ്ഞു. സുവർണ ക്ഷേത്രത്തിന് ചുറ്റുമുള്ള തീവ്രവാദികളുടെ പ്രവർത്തനം തടയാൻ, 1990 ജൂണിൽ ഇന്ത്യാ ഗവൺമെൻ് ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള നിവാസികളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു.

രാഷ്ട്രപതിക്കെതിരെ വധശ്രമം

[തിരുത്തുക]

പഞ്ചാബിനെ കലാപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനാൽ പട്ടാളത്തെ വിളിക്കാൻ പ്രസിഡൻ്റിൻ്റെ ആവശ്യമില്ല എന്ന സാങ്കേതിക കാരണത്താൽ ഇന്ത്യൻ പ്രസിഡൻ്റ് ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ നിന്ന് മാറ്റി നി‍ർത്തപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, രാഷ്ട്രപതി സെയിൽ സിങ്ങിനെ ഫോണിൽ വിളിച്ച് കാര��യങ്ങൾ നേരിട്ട് കണ്ട്, മനസിലാക്കാൻ അമൃത്സറിൽ പോകണമെന്ന് നിർദ്ദേശിച്ചു. ഒരു സിഖുകാരനായ രാഷ്ട്രപതിയുടെ അപ്പോഴത്തെ മനോനില രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഇന്ദിരാ ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു. രാഷ്ട്രപതി സ്ഥാനം രാജി വെയ്ക്കാൻ ഇതിനകം സിഖ് സമുദായത്തിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നു. പക്ഷേ, സെയിൽ സിംഗ് വഴങ്ങിയില്ല. ഒടുവിൽ രാഷ്ട്രപതി സുവർണക്ഷേത്രം സന്ദർശിച്ചു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളറിയാൻ ഇന്ദിരാ ഗാന്ധിയുടെ സ്‌പെഷൽ അസിസ്റ്റന്റ് ആർ.കെ. ധവാൻ കൂടെ തന്നെ നടന്നു.തുടർന്ന് ക്ഷേത്ര സമുച്ചയം നടന്ന് കണ്ട സെയിൽ സിംഗിന് തന്നെ സർക്കാർ അറിയിച്ചതിൻ്റെ പത്തിരട്ടി നാശനഷ്ടമാണ് സുവർണക്ഷേത്രത്തിന് സംഭവിച്ചിരിക്കുന്നതെന്ന് മനസിലായി. തീർത്ഥക്കുളത്തിനു ചുറ്റുമുള്ള, പ്രദക്ഷിണം വെയ്ക്കുന്ന, നടപ്പാതയിലേക്ക് രാഷ്ട്രപതി കാലെടുത്തു വെച്ചപ്പോൾ ഒരു വെടിയൊച്ച കേട്ടു. രാഷ്ട്രപതിക്കു ചുറ്റുമുള്ള സുരക്ഷക്കായി നിൽക്കുന്ന കേണൽ ചൗധരിയെന്ന ഓഫീസർ ആ വെടിയേറ്റ് നിലം പതിച്ചു. ഒരു ഇന്ത്യൻ പ്രസിഡൻ്റ് നേരിട്ട ആദ്യത്തെയും അവസാനത്തെയും വധശ്രമമായിരുന്നു അത്. കീഴടങ്ങാൻ വിസമ്മതിച്ച ഒറ്റപ്പെട്ട ഭീകരരാണ് ഇന്ത്യൻ രാഷ്ട്രപതി സെയിൽ സിങ്ങിനെ വകവരുത്താൻ ശ്രമിച്ചത്. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട, രാഷ്ട്രപതി ഡൽഹിയിൽ തിരിച്ചെത്തി. കത്തിലൂടെ രൂക്ഷമായി പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ, രക്തപങ്കിലമായ സൈനിക നടപടി അങ്ങനെ അവസാനിച്ചു. [5][4]

വിമർശനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പബ്ലിക്കേഷൻസ്, മാതൃഭൂമി (2013). മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. ISBN 9788182652590. Archived from the original on 2013-02-16. Retrieved 2013-06-19.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 "ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് 34 വയസ്സ്.. ഇന്നും ഉണങ്ങാത്ത സിഖ് മുറിവുകൾ". https://malayalam.oneindia.com. Retrieved 13 മാർച്ച് 2023. {{cite web}}: External link in |publisher= (help)
  3. 3.0 3.1 3.2 3.3 3.4 3.5 babu.ramachandran. "'ഓപ്പറേഷൻ ബ്ലൂസ്റ്റാർ', ഇന്ത്യൻ രാഷ്ട്രീയ സൈനിക ചരിത്രങ്ങളിലെ ദൗർഭാഗ്യകരമായ ഒരു അധ്യായത്തിന്റെ ഓർമ്മ". Retrieved 2023-03-13.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആസൂത്രിതം? ഇന്ദിരയുടെ മരണത്തിലേക്ക് നയിച്ച് ഓപ്പറേഷൻ ഇങ്ങനെ..." Retrieved 2023-03-13.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 രാംകുമാർ, പി. "ഭീകരതയുടെ ആൾരൂപം ; ഭിന്ദ്രൻ വാലയുടെ പേര് വീണ്ടുമുയരുമ്പോൾ". Retrieved 2023-03-13.
  6. "വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്ന് കമ്മിഷൻ; ഓപ്പറേഷൻ ബ്ലൂസ്റ്റാർ 'രഹസ്യ'മായി തുടരും". Retrieved 2023-03-13.
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_ബ്ലൂസ്റ്റാർ&oldid=3985946" എന്ന താളിൽനിന്ന് ശേഖരിച്ചത്