നഗാവോൻ
നഗാവോൻ | |
---|---|
നഗരം | |
രാജ്യം | ഇന്ത്യ |
State | Assam |
District | Nagaon |
Languages | |
• Official | Assamese |
സമയമേഖല | UTC+5:30 (IST) |
PIN | 782001 to 782003 |
Telephone code | 91-3672 |
Vehicle registration | AS 02 - |
വെബ്സൈറ്റ് | nagaon |
നഗാവോൻ(ആസമീസ്: নগাঁও) അസം സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവുമാണ്. ബ്രഹ്മപുത്രാ നദിക്കരയിലെ അസം താഴ്വരയിൽ സ്ഥിതിചെയ്യുന്ന നഗാവോൻ ജില്ലയ്ക്ക് 2,374 ച.കി.മീ. വിസ്തീർണമുണ്ട്. നവഗാവോൻ എന്ന ഹിന്ദിപദത്തിൽ നിന്നാണ് ജില്ലാനാമം നിഷ്പന്നമായിട്ടുള്ളത്. നഗാവോൻ ജില്ലയുടെ അതിരുകൾ: വ. ബ്രഹ്മപുത്രാനദി, പ. മറിഗാവോൻ ജില്ല, തെക്കും കിഴക്കും കർബി ആങ്ലോങ് ജില്ല. ജില്ലയുടെ ആസ്ഥാനപട്ടണമായ നഗാവോൻ സ്ഥിതിചെയ്യുന്നത് കലോങ് (Kulong) നദിക്കരയിലാണ്.
ഭൂപ്രകൃതി
[തിരുത്തുക]ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എക്കൽ നിറഞ്ഞ സമതലപ്രദേശങ്ങൾ കാണാം. ഇവയുടെ അതിർത്തികളോടു ചേർന്നുകാണുന്ന ചെറു കുന്നുകളും അവിടവിടെയായി കാണപ്പെടുന്ന ചതുപ്പുനിലങ്ങളുമാണ് മറ്റൊരു പ്രത്യേകത. ബ്രഹ്മപുത്രാ നദീതീരത്തെ നിമ്നതടം പുൽമേടുകളാൽ സമ്പന്നമാണ്. ചിലയിടങ്ങളിൽ നിബിഡവനങ്ങളും കാണാം.
നദികൾ
[തിരുത്തുക]ബ്രഹ്മപുത്രയാണ് ജില്ലയിലെ പ്രധാന നദി. ബ്രഹ്മപുത്രയ്ക്കുപുറമേ ദിഫുലു (Diphulu), ഗതോങ്ഗ (Gatonga), ദിയോപാനി (Deopani), കലോങ്, കോപിലി തുടങ്ങിയ നദികളും നഗാവോൻ ജില്ലയെ ജലസിക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നെല്ലാണ് മുഖ്യ വിള. ചോളം, ഗോതമ്പ്, തേയില, മറ്റു ഭക്ഷ്യധാന്യങ്ങൾ, തിന, എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ തുടങ്ങിയവയും ജില്ലയിൽ വൻതോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്. തദ്ദേശീയരുടെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയാണ്. കന്നുകാലിവളർത്തലിനും അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. ചെറുകിട വ്യവസായങ്ങൾക്കും കൈത്തറിനെയ്ത്തിനും ജില്ലയുടെ സമ്പദ്ഘടനയിൽ നിർണായകസ്ഥാനമാണുള്ളത്.
ഭാഷ
[തിരുത്തുക]നഗാവോൻ ജില്ലയിലെ പ്രധാന ഭാഷ അസമിയ ആണ്. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവരാണ്. ജില്ലയിലെ മൊത്തം 1,419 ഗ്രാമങ്ങളിൽ 44 എണ്ണത്തിൽ ജനവാസമില്ല. കലോങ് നദിക്കരയിലെ ഗ്രാമങ്ങളാണ് ജനസാന്ദ്രതയിൽ മുന്നിൽ. എന്നാൽ കോപിലി താഴ്വരയിലെ ആദിവാസിഗ്രാമങ്ങളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഗതാഗതമാർഗം
[തിരുത്തുക]ഗുവാഹത്തിക്ക് 123 കി.മീ. അകലെ സ്ഥിതിചെയ്യുന്ന നഗാവോൻ പട്ടണം റോഡ് മാർഗ്ഗം സംസ്ഥാനത്തിലെ മറ്റു ജില്ലകളും ഇതര പട്ടണങ്ങളുമായി ബന്ധപ്പിക്കപ്പെട്ടിരിക്കുന്നു. ഈ പട്ടണത്തിൽനിന്ന് 53 കി.മീ. അകലെ സ്ഥിതിചെയ്യുന്ന സിൽഘട്ട് അസമിലെ ഒരു പ്രധാന നദീ തുറമുഖമാണ്. ലുംദിങ്ങും പചാർമുഖുമാണ് ജില്ലയിലെ പ്രധാന റെയിൽ ജങ��ഷനുകൾ. പ്രധാന വാണിജ്യകേന്ദ്രങ്ങൾ കൂടിയാണിവ. ജില്ലയിലെ ബർദോവ, ചാപൽ ദല്ല, കാംപൂർ, റാഹ, ഫുലാഗുരി, ദാബാക, ആകാശി ഗംഗ തുടങ്ങിയ പ്രദേശങ്ങൾക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നഗാവോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |