Jump to content

ഇന്ദുലേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indulekha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
ആദ്യ പതിപ്പിന്റെ ശീർഷക പുറം
പ്രഥമപതിപ്പിന്റെ ശീർഷകതാൾ
കർത്താവ്ഒ. ചന്തു മേനോൻ
യഥാർത്ഥ പേര്ഇന്ദുലെഖാ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംസാമൂഹ്യ നോവൽ
പ്രസാധകർ
  • ഗ്രന്ഥകർത്താ. (1889)
  • എഡ്യുക്കേഷ്ണൽ ആന്റ് ജനറൽ ബുക്ക് ഡിപ്പോ. കോഴിക്കോട്.(1890)
പ്രസിദ്ധീകരിച്ച തിയതി
1889
മാധ്യമംഅച്ചടി
ഏടുകൾ498
പാഠംഇന്ദുലേഖ at ഇന്റർനെറ്റ് ആർകൈവ്

ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.

നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും[അവലംബം ആവശ്യമാണ്] അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന മലബാർ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ഈ നോവലിനു സാധിച്ചു[അവലംബം ആവശ്യമാണ്]. മലയാളത്തിലെ പില്കാല നോവലുകളെ ഒരു വലിയ അളവിൽ ഇന്ദുലേഖ സ്വാധീനിച്ചു.

ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തിൽ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടിൽ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.[1]

പ്രസാധനചരിത്രം

[തിരുത്തുക]

ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാൻ പ്രസാധകർ തയ്യാറാകാത്തതുകൊണ്ട് ആ വർഷം ഡിസംബറിൽ ചന്ദു മേനോൻ സ്വന്തമായാണ് കോഴിക്കോട്ടെ സ്പെക്ടെറ്റർ പ്രെസ്സിൽ അച്ചടിച്ച്‌ പുറത്തിറക്കിയത്.1890 ജനുവരിയിൽ നോവൽ വിൽപനക്ക് എത്തി. മൂന്ന് മാസത്തിനുള്ളിൽ ഒന്നാം പതിപ്പ് മുഴുവൻ വിറ്റു തീർന്നൂ. 1889 മുതൽ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിക്കപെട്ടിടുണ്ട്. നോവലിന്റെ പ്രാധാന്യം മനസ്സിലക്കി പല പത്രങ്ങളും നോവലിന്റെ നിരുപണം പ്രസദ്ധികരിച്ചു . 1890 ൽ നോവലിന്റെ രണ്ടാം പതിപ്പും പ്രസദ്ധികരിച്ചു. ഇക്കാലയളവിൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.

വിവർത്തനങ്ങൾ

[തിരുത്തുക]

ഇന്ദുലേഖയ്ക്ക് പ്രധാനമായും മൂന്ന് ഇംഗ്ലീഷ് വിവർത്തനങ്ങളാണ് ഉള്ളത്: 1890-ൽ ഇറങ്ങിയ മലബാർ കലക്ടറായിരുന്ന ഡബ്ല്യൂ. ഡ്യൂമർഗിന്റെ(Willoughby Francis Dumergue) വിവർത്തനവും (Indulekha: A Novel from Malabar ) 1979 ലെ ആർ. ലീലാദേവിയുടെ വിവർത്തനവും 1995-ലെ അനിതാ ദേവസ്യയുടെ വിവർത്തനവും.

വെട്ടിത്തിരുത്തലുകൾ

[തിരുത്തുക]
രണ്ടാം പതിപ്പിന്റെ ശീർഷകതാൾ (1890)

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത യഥാർഥ ഇന്ദുലേഖയുടെ ഒന്നാം പതിപ്പിൽ നിന്ന് നോവലിന്റെ അന്തഃസത്ത ചോർത്തിക്കളയുന്ന രീതിയിൽ വെട്ടിത്തിരുത്തലുകൾ നടന്നതായുള്ള തെളിവുകളും യഥാർഥ ഇന്ദുലേഖയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളും ഉൾപ്പെടുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക പതിപ്പ് തയ്യാറാക്കിയിരുന്നു. കഥാന്ത്യവും നോവലിന്റെ തുടക്കവും വെട്ടിമാറ്റപ്പെട്ട നിലയിലാണെന്നാണ് ഇത് കണ്ടെത്തിയ ഡോ. പി.കെ. രാജശേഖരൻ, ഡോ. പി. വേണുഗോപാലൻ എന്നിവരുടെ അഭിപ്രായം. കഥാന്ത്യത്തിൽ നോവലിസ്റ്റ് ഒ. ചന്തുമേനോൻ നിർവഹിച്ച ചരിത്ര പ്രസക്തിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്താവന ഒഴിവാക്കിയതായി ഇവർ ആരോപിക്കുന്നു. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു എന്ന ഭാഗവും വികലമാക്കിയതായും നോവലിന്റെ തുടക്കത്തിൽ കഥാപാത്രങ്ങളുടെ ബന്ധം പ്രസ്താവിക്കുന്ന പ്രധാനഭാഗം വെട്ടിമാറ്റപ്പെട്ടതായും ഇവർ പറയുന്നു. [2]

ഒന്നാം പതിപ്പിലെ അവസാന അധ്യായമായ ‘കഥയുടെ സമാപ്തി’ യിലെ അവസാനത്തേതിനു തൊട്ടുമുൻപുള്ള ഖണ്ഡികയിൽ ‘ഇംക്ലീഷ പഠിച്ച ഇംക്ലീഷ സമ്പ്രദായമാവുന്നതകൊണ്ട നുമ്മടെ നാട്ടുകാരായ സ്‌ത്രീകൾക്ക അത്യാപത്ത വരുന്നു എന്ന കാണിപ്പാൻ ഇയ്യടെ വടക്കെ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്‌തകം എഴുതീട്ടുണ്ട’ എന്നാണ് ചന്തുമേനോൻ എഴുതിയിരുന്നത്. പിന്നീട് ഈ പരാമർശം ഒഴിവാക്കപ്പെട്ടു.

ബ്രിട്ടിഷ് ലൈബ്രറിയിൽ

[തിരുത്തുക]

ബ്രിട്ടിഷ് ലൈബ്രറിയിൽ ഇന്ദുലേഖയുടെ ആദ്യകാല എട്ടു പ്രതികൾ ലഭ്യമാണ്. ഇന്ത്യ ഓഫിസ് ശേഖരത്തിൽ ഒന്നാം പതിപ്പു കൂടാതെ രണ്ടാം പതിപ്പിന്റെ മൂന്നു പ്രതികളും 1922 ലെ പതിപ്പും  (1889 – Shelfmark:  Mal. D. 128, 1890 – Shelfmarks: Mal.D.144, Mal.D.398, Mal.D.346.1922 Mal.D. 377) ബ്രിട്ടിഷ് മ്യൂസിയം ഡിപ്പാർട്മെന്റ് ഓഫ് പ്രിന്റഡ് ബുക്സ്, ഓറിയന്റൽ കലക്‌ഷൻസിൽ 1890ലെ രണ്ടു പ്രതികൾ, 1906ലെ പതിപ്പിന്റെ ഒരു പ്രതി ( 1890 – Shelfmarks :  14128.d.28 & 14178.d.201906: 14178.dd.8.)[3]

അവലംബം

[തിരുത്തുക]
  1. ജെ. ദേവിക (2010). "9 - പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്. p. 174. Retrieved ഫെബ്രുവരി 9, 2013.
  2. "മലയാളി വായിച്ചത് യഥാർഥ 'ഇന്ദുലേഖ'യല്ല Posted on: 08 Apr 2014 വെട്ടിമാറ്റിയ ഭാഗങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ". മാതൃഭൂമി. Archived from the original on ഏപ്രിൽ 8, 2014. Retrieved ഏപ്രിൽ 8, 2014.
  3. ഇ.കെ. പ്രേംകുമാർ (നവംബർ 26, 2019). "നൂറ്റിമുപ്പതാം വർഷത്തിൽ ഇന്ദുലേഖയുടെ ഒന്നാം പതിപ്പ്". മനോരമ. Archived from the original on ഡിസംബർ 9, 2020. Retrieved ഡിസംബർ 9, 2020.

കൂടുതൽ അറിവിന്

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഇന്ദുലേഖ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഇന്ദുലേഖ&oldid=4009946" എന്ന താളിൽനിന്ന് ശേഖരിച്ചത്