Jump to content

ഡാൽമേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dalmatia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാൽമേഷ്യ
Dalmacija
ഔദ്യോഗിക ചിഹ്നം ഡാൽമേഷ്യ
Dalmatia on a map of Croatia
Dalmatia on a map of Croatia
Country Croatia
Largest citySplit
വിസ്തീർണ്ണം
b
 • ആകെ
13,000 ച.കി.മീ. (5,000 ച മൈ)
ജനസംഖ്യ
c
 • ആകെ
8,90,373
 • ജനസാന്ദ്രത68/ച.കി.മീ. (180/ച മൈ)
a Dalmatia is not designated as an official region, it is a geographic region only. This is the modern meaning, historic boundaries of Dalmatia varied over centuries.
b The figure is an approximation based on the territorial span of the four southernmost Croatian counties (Zadar, Šibenik-Knin, Split-Dalmatia, Dubrovnik-Neretva).
c The figure is an approximation based on the population of the four southernmost Croatian counties (Zadar, Šibenik-Knin, Split-Dalmatia, Dubrovnik-Neretva).

ക്രൊയേഷ്യയിലെ ഒരു പ്രദേശമാണ് ഡാൽമേഷ്യ. അഡ്രിയാറ്റിക് കടലിനും ബോസ്നിയ ഹെർസെഗോവിനയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിനു 320 കിലോമീറ്റർ ദൈർഘ്യമുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ദിനാറിക് ആൽപ്സ് പർവതനിര ഡാൽമേഷ്യയെ ബോസ്നിയ-ഹെർസെഗോവിനയിൽ നിന്നും വേർതിരിക്കുന്നു. ഈ പ്രദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിച്ചിരിക്കുന്ന മലനിരകളെ നെരേത് വ (Neretva), കർക (Karka) എന്നീ നദികൾ മുറിച്ചുകടക്കുന്നു. ഏഡ്രിയാറ്റിക് കടലിന്റെ കിഴക്കൻ തീരത്തായി വ്യാപിച്ചിരിക്കുന്ന ഡാൽമേഷ്യൻ പ്രദേശത്തിന് 12,732 ചതുരശ്ര കിലോമീറ്റർ വിസ്തീർണവും, 4.8 മുതൽ 64 കിലോമീറ്റർ വരെ വീതിയുമുണ്ട്. ഏഡ്രിയാറ്റിക് കടലിലെ ചില ദ്വീപുകൾ ഡാൽമേഷ്യൻ പ്രദേശത്തിന്റെ ഭാഗമാണ്. ബ്രാക് (Brac), ഹ്വാർ (Hvar), കോർകുല (Korcula), ദുഗി ഓതോക് (Dugi atok), മിൽജറ്റ് (Mljet) എന്നിവയാണ്ഇതിൽ പ്രധാനപ്പെട്ടവ. ക്രമരഹിതമായ തീരപ്രദേശമാണ് ഡാൽമേഷ്യയുടേത്. കിന്നിന് (Kinn) അടുത്തുള്ള ബോസ്നിയൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ട്രോഗ്ലവ് (Mount Troglou) ദിനാറിക് ആൽപ്സിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാകുന്നു. 1913 മീറ്ററാണ് ഇതിന്റെ ഉയരം.

ഡാൽമേഷ്യൻ നദികളിൽ ഭൂരിഭാഗവും ഗതാഗയോഗ്യമല്ല. ചില നദികൾ ഭാഗികമായി ഭൂമിക്കടിയിലൂടെയാണ് ഒഴുകുന്നത്. കിർക (Krika), സെറ്റിന (Setina) എന്നിവ മുഖ്യ നദികളിൽപ്പെടുന്നു. ബോസ്നിയ-ഹെർസെഗോവിനയിലൂടെയൊഴുകുന്ന നെരേത്വ ഡാൽമേഷ്യയെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു.

കൃഷിയും വ്യവസായവും

[തിരുത്തുക]

പ്രധാനമായും ഒരു കാർഷിക പ്രദേശമാണ് ഡാൽമേഷ്യ. മുന്തിരി, ഒലിവ്, അത്തി, നാരകഫലങ്ങൾ മുതലായവ ഇവിടത്തെ പ്രധാന കാർഷികവിളകളാകുന്നു. വീഞ്ഞ്, ഒലിവ് തുടങ്ങിയവയാണ് മുഖ്യ ഉത്പന്നങ്ങൾ. 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഡാൽമേഷ്യയിൽ വ്യാവസായികവത്കരണം ആരംഭിച്ചെങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ഈ പ്രദേശത്തിനു കാര്യമായ വ്യാവസായിക പുരോഗതി നേടാനായത്. ലോഹങ്ങൾ, അലൂമിനിയം, ഇലക്ട്രോഡുകൾ, സ്റ്റീൽ-അലോയികൾ, വസ്ത്രങ്ങൾ, ആസ്ബസ്റ്റോസ്, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ഫൈബർ ബോർഡ് തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യവ്യാവസായികോത്പന്നങ്ങൾ ചില ഖനികളും ഈ പ്രദേശത്തുണ്ട്. സിബെനിക് (Sibenik), സ് പ്ലിറ്റ് (Split), ഡൂബൊവ്നിക് (Dubrovnik), സാദർ (Zadar) എന്നിവയാണ് ഇവിടത്തെ പ്രധാന നഗരങ്ങൾ.

ജനവിഭാഗം

[തിരുത്തുക]

ഇൻഡോ-യൂറോപ്യൻ വംശീയവിഭാഗത്തിൽപ്പെടുന്ന ഇലിറിയൻസ് (lllyrians)[1] ആയിരുന്നു ഡാൽമേഷ്യയിലെ ആദിമനിവാസികൾ. ഇതിലെ ഒരു വിഭാഗമായിരുന്ന ഡെൽമെറ്റെ (Delmetae) യുടെ പേരിൽ നിന്നാണ് ഡാൽമേഷ്യ എന്ന പേരിന്റെ ഉദ്ഭവം. ജനങ്ങളിൽ ഭൂരിഭാഗവും സൗത്ത് സ്ലേവിക് (South Slavic) വിഭാഗത്തിൽപ്പെടുന്നു. ഇതിൽ ഏകദേശം 82 ശതമാനം റോമൻ കത്തോലിക്കരായ ക്രൊയേട്സുകളും (Croats), ശേഷിക്കുന്നവർ ഓർത്തഡോക്സ് സെർബുകളുമാണ്. ചെറിയൊരു ശതമാനം ഇറ്റലിക്കാരും ഇവിടെ നിവസിക്കുന്നുണ്ട്. ലാറ്റിൻ, സൈറിലിക് എന്നീ ലിപികളിൽ എഴുതുന്ന സെർബോ ക്രൊയേഷ്യൻ ഭാഷയാണ് ഇവിടെ പ്രചാരത്തിലുള്ളത്. വിനോദ സഞ്ചാരം ഇവിടെ ഒരു മുഖ്യ വ്യവസായമായി വളർന്നിട്ടുണ്ട്. വിനോദസഞ്ചാരമേഖലയിൽ ഡാൽമേഷ്യയിലുണ്ടായ വികസനം ജനങ്ങളെ, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനു പ്രാപ്തിയുള്ളവരാക്കി. സുഖകരമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയുമാണ് ഡാൽമേഷ്യൻ വിനോദസഞ്ചാര വ്യവസായത്തെ പരിപോഷിപ്പിക്കുന്ന അടിസ്ഥാനഘടകങ്ങൾ.

ചരിത്രം

[തിരുത്തുക]

ഡാൽമേഷ്യയിലെ അറിയപ്പെടുന്ന ആദ്യജനവിഭാഗങ്ങൾ ത്രേസ്യരും ഇല്ലീറിയന്മാരുമാണ്. ഈ ഇല്ലീറിയൻ രാജ്യത്ത് ബി. സി. 4-ആം നൂറ്റാണ്ടോടെ ഗ്രീക്കുകാർ കോളനികൾ സ്ഥാപിച്ചു. ഇല്ലീറിയക്കാരുടെ എതിർപ്പിനെത്തുടർന്നു ഗ്രീക്കുകാർ റോമാക്കാരുടെ സഹായം അഭ്യർഥിക്കുകയും ഇതു റോമൻ-ഇല്ലീറിയൻ യുദ്ധങ്ങൾക്കു തുടക്കമിടുകയും ചെയ്തു (സുമാർ ബി. സി. 3-ആം നൂറ്റാണ്ട്). ബി. സി. 1-ആം നൂറ്റാണ്ട് ആയപ്പോഴേക്കും ഡാൽമേഷ്യ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. റോമൻ സംസ്കാരത്തിന്റെ സ്വാധീനമുണ്ടാകുന്നതിന് ഇതു വഴിതെളിച്ചു. എ. ഡി. 5-ആം നൂറ്റാണ്ടിൽ ഓസ്ട്രോഗോത്തുകൾ ഇവിടെ ആധിപത്യം സ്ഥാപിച്ചു. 6-ആം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി ഡാൽമേഷ്യയെ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീർത്തു. 6-ഉം 7-ഉം നൂറ്റാണ്ടുകളിൽ സ്ലാവ് വർഗക്കാർ ഈ പ്രദേശങ്ങൾ കയ്യടക്കിയിരുന്നു. 9-ആം നൂറ്റാണ്ടിൽ ഷാർലമെൻ ഡാൽമേഷ്യയിൽ ആധിപത്യം സ്ഥാപിച്ചു. പിന്നീട് 1420-ൽ വെനീഷ്യൻ ഭരണത്തിൽ കീഴിലാകുന്നതുവരെ ക്രൊയേഷ്യയും സെർബിയയും ഹംഗറിയുമാണ് ഡാൽമേഷ്യയിൽ ഭരണം നടത്തിയിരുന്നത്. 1797-ൽ വെനീഷ്യൻ ഭരണം അവസാനിച്ചു. തുടർന്നുള്ള ഡാൽമേഷ്യ ആസ്ട്രിയയുടെ അധീനതയിലായി. പിന്നീട്, ഇതു ഫ്രാൻസിന്റെ ഭാഗമായി മാറി. വിയന്ന കോൺഗ്രസിനെ തുടർന്ന് ഡാൽമേഷ്യ 1815-ൽ ആസ്ട്രിയയ്ക്കു തിരിച്ചുകിട്ടി. ഒന്നാം ലോകയുദ്ധശേഷം 1920-ലെ റാപ്പോളോ ഉടമ്പടിയിലൂടെ ഡാൽമേഷ്യ യുഗോസ്ലാവിയയുടെ ഭാഗമായി. രണ്ടാം ലോകയുദ്ധത്തിൽ ഡാൽമേഷ്യയുടെ ചില ഭാഗങ്ങൾ ഇറ്റലിയുടെ കൈവശമായിരുന്നു. ഈ ഭാഗങ്ങൾ 1947-ൽ യുഗോസ്ലാവിയയ്ക്ക് മടക്കിക്കൊടുത്തു. 1990-കളുടെ തുടക്കത്തിൽ യുഗോസ്ലാവിയയിലെ ആഭ്യന്തരയുദ്ധം ഇവിടേക്കും വ്യാപിച്ചിരുന്നു.

ചിത്രശാല

[തിരുത്തുക]
Panoramic view of Hvar.


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൽമേഷ്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാൽമേഷ്യ&oldid=3507891" എന്ന താളിൽനിന്ന് ശേഖരിച്ചത്