ആംസ്‌ലർ ഗ്രിഡ്
ആംസ്ലർ ഗ്രിഡ് | |
---|---|
Medical diagnostics | |
Purpose | മാക്യുലക്കോ ഒപ്റ്റിക് നാഡിക്കോ സംഭവിക്കുന്ന കേടുപാടുകൾ മൂലമുണ്ടാകുന്ന വിഷ്വൽ ഫീൾഡ് പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു[1] |
Test of | കേന്ദ്ര കാഴ്ചമണ്ഡലം (Central visual field) |
ഒരു വ്യ��്തിയുടെ കേന്ദ്ര വിഷ്വൽ ഫീൽഡ് നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന തിരശ്ചീനവും ലംബവുമായ വരകളുടെ ഒരു ഗ്രിഡാണ് ആംസ്‌ലർ ഗ്രിഡ്. 1945 ൽ, സ്വിസ് നേത്രരോഗവിദഗ്ദ്ധനായ മാർക്ക് ആംസ്ലറാണ് ഗ്രിഡ് വികസിപ്പിച്ചെടുത്തത്. റെറ്റിനയിലെ പ്രത്യേകിച്ച് മാക്യുലയിലെ മാറ്റങ്ങൾ (ഉദാ. മാക്യുലാർ ഡീജനറേഷൻ, എപ്പിറെറ്റിനൽ മെംബ്രേൻ) അതുപോലെ ഒപ്റ്റിക് നാഡി ഉൾപ്പടെ തലച്ചോറിലേക്ക് ദൃശ്യവിവരങ്ങൾ വഹിക്കുന്ന വിഷ്വൽ പാത്ത്വേയെ ബാധിക്കുന്ന അസുഖങ്ങൾ മൂലമുണ്ടാകുന്ന ദൃശ്യ അസ്വസ്ഥതകൾ (വിഷ്വൽ ഫീൾഡ് നഷ്ടം) എന്നിവ കണ്ടെത്തുന്നതിന് സഹായിക്കുന്ന വളരെ ലളിതമായ ഒരു ഡയഗ്നോസ്റ്റിക് ഉപകരണമാണിത്. വിഷ്വൽ ഫീൽഡിന്റെ കേന്ദ്ര 20 ഡിഗ്രിയിലെ വൈകല്യങ്ങൾ കണ്ടെത്താൻ ആംസ്‌ലർ ഗ്രിഡ് സാധാരണയായി സഹായിക്കുന്നു.[2]
പരിശോധനയിൽ, ഗ്രിഡിന്റെ മധ്യഭാഗത്തുള്ള ചെറിയ കറുത്ത കുത്തിൽ വ്യക്തി ഓരോ കണ്ണും ഉപയോഗിച്ച് നോക്കുന്നു. മാക്യുലർ രോഗമുള്ള രോഗികൾക്ക് വരകൾ അലകളായി തോന്നാം അല്ലെങ്കിൽ ചില വരികൾ കാണാതെ വരാം.
നേത്രരോഗവിദഗ്ദ്ധർ, ഒപ്‌റ്റോമെട്രിസ്റ്റുകൾ എന്നിവർ നൽകിയതോ, അല്ലെങ്കിൽ വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമായ കൃത്യമായ വലുപ്പത്തിലുള്ള ആംസ്ലർ ഗ്രിഡുകൾ ഉപയോഗിച്ചോ പരിശോധന നടത്താം.
യഥാർത്ഥ ആംസ്‌ലർ ഗ്രിഡ് കറുപ്പും വെളുപ്പും നിറത്തിൽ ആയിരുന്നു. ഇപ്പോൾ ലഭ്യമായ നീലയും മഞ്ഞയും ഉള്ള ഗ്രിഡ് പതിപ്പ് കൂടുതൽ സെൻസിറ്റീവ് ആണ്, കൂടാതെ റെറ്റിന, ഒപ്റ്റിക് നാഡി, പീയൂഷഗ്രന്ഥി എന്നിവയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ വിവിധതരം വിഷ്വൽ പാത്ത്വേ അസാധാരണതകൾ പരിശോധിക്കാൻ ഇത് ഉപയോഗിക്കാം.
തരങ്ങൾ
[തിരുത്തുക]7 തരം ആംസ്‌ലർ ഗ്രിഡ് ചാർട്ടുകൾ ഉണ്ട്. എല്ലാ ചാർട്ടുകളും 10 സെന്റിമീറ്റർ × 10 സെന്റിമീറ്റർ വലിപ്പമുള്ളവയാണ്, ഇത് കണ്ണിൽ നിന്ന് 33 സെന്റിമീറ്റർ അകലെ പിടിച്ചാൽ കേന്ദ്ര 20 ഡിഗ്രി വിഷ്വൽ ഫീൽഡ് അളക്കാൻ കഴിയും.
ചാർട്ട് 1
[തിരുത്തുക]ചാർട്ട് 1 അടിസ്ഥാന പതിപ്പാണ്, ഇത് എല്ലാ ചാർട്ടുകളിലും ഏറ്റവും പരിചിതവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ചാർട്ട് ആണ്. ഈ ചാർട്ടിൽ ഗ്രിഡിൽ 0.5 സെന്റിമീറ്റർ വലുപ്പമുള്ള സമചതുരങ്ങളാണ് (ഓരോന്നും 1° വിഷ്വൽ ഫീൽഡിന് തുല്യമാണ്) ഉള്ളത്, ആകെ വലുപ്പം 10 സെന്റിമീറ്റർ × 10 സെന്റിമീറ്റർ ആണ്. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത നിറത്തിലുള്ള വരകളായാണ് ഗ്രിഡ് സാധാരണയായി കാണപ്പെടുന്നത്. വെളുത്ത പശ്ചാത്തലത്തിൽ കറുത്ത വരകളുള്ള ഗ്രിഡും ലഭ്യമാണ് (ഇൻഫോബോക്സ് ചിത്രം കാണുക).
ചാർട്ട് 2
[തിരുത്തുക]ചാർട്ട് 2 ചാർട്ട് 1 ന് സമാനമാണ്, പക്ഷേ ചെറിയ ചതുരങ്ങൾക്ക് പുറമെ ഇതിന് ഡയഗണൽ ക്രോസ് ലൈനുകൾ ഉണ്ട്, ഇത് സെൻട്രൽ സ്കോട്ടോമയുടെ കാര്യത്തിൽ മദ്ധ്യ ഭാഗത്തേക്ക് ശരിയായി കാഴ്ച കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
ചാർട്ട് 3
[തിരുത്തുക]ചാർട്ട് 3 ചാർട്ട് 1 ന് സമാനമാണ്, പക്ഷേ നിറം കറുപ്പ് പശ്ചാത്തലത്തിൽ ചുവപ്പാണ്. നീളമുള്ള തരംഗദൈർഘ്യമുള്ള ഫോവിയൽ കോണുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ, ടൊക്സിക് മാക്യുലോപ്പതികൾ, ടോക്സിക് ഒപ്റ്റിക് ന്യൂറോപതികൾ, പിറ്റ്യൂട്ടറി ട്യൂമറുകൾ എന്നിവയിൽ ഉണ്ടാകാവുന്ന വർണ്ണ സ്കോട്ടോമകളും ഡീസാചുറേഷനും കണ്ടെത്താൻ ഈ ചാർട്ട് സഹായിച്ചേക്കാം.
ചാർട്ട് 4
[തിരുത്തുക]ചാർട്ട് 4 ന് വരകളില്ല, കറുത്ത പശ്ചാത്തലത്തിൽ വെളുത്ത ഡോട്ടുകളുടെ ക്രമരഹിതമായ പാറ്റേൺ മാത്രം ആണ് ഉള്ളത്. സ്കോട്ടോമ, മെറ്റമോർഫോസിയ എന്നിവയെ വേർതിരിച്ചറിയാനാണ് ഇത് ഉപയോഗിക്കുന്നത്.
ചാർട്ട് 5
[തിരുത്തുക]ചാർട്ട് 5 ന് കറുത്ത പശ്ചാത്തലത്തിൽ, മധ്യഭാഗത്ത് വെളുത്ത പുള്ളിയും തിരശ്ചീന വെളുത്ത വരകളുംമാത്രമാണുള്ളത്, ഇത് മെറ്റമോർഫോപ്സിയ കണ്ടുപിടിക്കാൻ അനുവദിക്കുന്നു.
ചാർട്ട് 6
[തിരുത്തുക]ചാർട്ട് 6 ചാർട്ട് 5 ന് സമാനമാണ്, പക്ഷേ വരികളും സെൻട്രൽ ഡോട്ടും വെളുത്ത പശ്ചാത്തലത്തിൽ കറുപ്പിലാണ്. അതുകൂടാതെ ഫിക്സേഷൻ പോയന്റിന് സമീപമുള്ള വരകൾ ചാർട്ട് 5 നെക്കാൾ അടുത്തടുത്താണ്.
ചാർട്ട് 7
[തിരുത്തുക]ചാർട്ട് 7 ചാർട്ട് 1 ന് സമാനമാണ്, പക്ഷേ നടുക്കുള്ള ചെറിയ ചതുരങ്ങൾ വീണ്ടും ചെറുതാക്കി (0.5 ഡിഗ്രി സ്ക്വയറുകളായി) തിരിച്ചിരിക്കുന്നു.
പരിശോധന നടപടിക്രമം
[തിരുത്തുക]- പരിശോധന ആരംഭിക്കുന്നതിന് മുമ്പ്, രോഗിയുടെ സമീപക്കാഴ്ചയും ദൂരക്കാഴ്ചയും സാധാരണ നിലയിലാക്കണം. രോഗി കണ്ണട ധരിക്കുന്നുവെങ്കിൽ, പരിശോധന ഗ്ലാസുകൾ ഉപയോഗിച്ച് മാത്രം ചെയ്യണം.
- നന്നായി പ്രകാശമുള്ള ഒരു മുറിയിൽ, മുഖത്ത് നിന്ന് 12 മുതൽ 15 ഇഞ്ച് അകലെ ഗ്രിഡ് പിടിക്കാൻ രോഗിയോട് ആവശ്യപ്പെടുക.
- ഒരു കണ്ണ്, കൈകൊണ്ടോ ഒക്ലൂഡർ ഉപയോഗിച്ചോ മറച്ചതിന് ശേഷം മധ്യഭാഗത്തെ കറുത്ത ഡോട്ട് നോക്കാൻ ആവശ്യപ്പെടുക.
- മധ്യഭാഗത്തെ ഡോട്ടിലേക്ക് നേരിട്ട് നോക്കുമ്പോൾ തന്നെ ഗ്രിഡ് നിരീക്ഷിക്കുക. ഏതെങ്കിലും വരികളോ പ്രദേശങ്ങളോ മങ്ങിയതോ, അലകളായോ, ഇരുണ്ടതോ ശൂന്യമോ ആണെന്ന് തോന്നുകയാണെങ്കിൽ ആ പ്രദേശം ചാർട്ടിൽ അടയാളപ്പെടുത്തി നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക.
- ഇതേ രീതിയിൽ തന്നെ അടുത്ത കണ്ണും നോക്കുക.
- ഓരോ തവണ പരിശോധിക്കുമ്പോഴും ആംസ്ലർ ചാർട്ട് കണ്ണുകളിൽ നിന്ന് ഒരേ അകലത്തിൽ പിടിക്കുവാൻ എല്ലായ്‌പ്പോഴും ഓർക്കുക.
- ഈ പരിശോധന വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്നതാണ്.
ഇതും കാണുക
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- amslergrid.org
- ഗൂഗിൾ പ്ലേയിലെ സൌജന്യ "ആംസ്ലർ ഗ്രിഡ്" ടെസ്റ്റ് മൊബൈൽ അപ്ലിക്കേഷൻ
- സ്നെല്ലെൻ ഐ ചാർട്ടിൽ നിന്നുള്ള "ബ്ലൈൻഡ് സ്പോട്ട് ആംസ്ലർ ഗ്രിഡ്" ടെസ്റ്റ്
- അച്ചടിക്കാവുന്ന ആംസ്ലർ ഗ്രിഡ്
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Amsler Grid: A Test for Macular Degeneration and Other Vision Problems". All About Vision (in ഇംഗ്ലീഷ്).
- ↑ Richard C. Allen (2017-01-09). "Amsler Grid Testing".