ഹത്ത

ഐക്യ അറബ് എമിറേറ്റിലെ ദുബൈ പട്ടണത്തിൽ നിന്നും 110 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നതും ദുബൈ എമിറേറ്റിന്റെ ഭാഗമായി വരുന്നതുമായ ഒരു രാജഭരണ പ്രദേശമാണ് ഹത്ത. ഹജ്ജർ മലനിരകളിലാണ് ഈ ഭൂപ്രദേശത്തിന്റെ കിടപ്പ്. തലസ്ഥാന പട്ടണവും ഹത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. ദുബൈയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ കാലാവസ്ഥ താരതമ്യേന സുഖകരമായതിനാൽ ദുബൈ നിവാസികൾക്ക് ഒരു ഉല്ലാസകേന്ദ്രം കൂടിയാണ് ഹത്ത. പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ സൈനിക ഗോപുരങ്ങളും (മിലിറ്ററി ടവേഴ്സ്) 1780 ൽ നിർമ്മിച്ചതും ഹത്തയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടവുമായ ജുമാമസ്ജിദും 30 കളിമൺ വീടുകളും ഹത്തയിലെ പുരാതന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പുനർനിർമ്മിക്കപ്പെട്ട ഹെറിറ്റേജ് ഗ്രാമത്തിൽ പഴയ തലമുറയുടെ നിത്യജീവിത ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ജലവിതരണ ശൃംഖലയായ ഫലജും പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 24°49′21″N 56°06′15″E / 24.82250°N 56.10417°E