ശ്രുതി (സംഗീതം)
സമകാലിക ഭാരതീയ സംഗീതസദസ്സുകളിൽ സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ ശ്രുതി എന്നാൽ ഒരു ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥായിയായി നിലനിൽക്കേണ്ടുന്ന, നിശ്ചിതസ്വരങ്ങൾ മിശ്രണം ചെയ്ത ഒരു പശ്ചാത്തലശബ്ദം ആണു് (സ്ഥായീശ്രുതി). പക്ഷേ, സംഗീതശാസ്ത്രത്തിന്റെ ഗൌരവമായ തലത്തിൽ, നിയതമായ ആവൃത്തിബന്ധത്തിൽ തൊട്ടടുത്തുള്ള ഏതെങ്കിലും രണ്ടു് സ്വരസ്ഥാനങ്ങൾക്ക് ഇടയിലുള്ള ഇടവേളകളെ പൊതുവായി വിളിക്കാവുന്ന പേരാണു് ശ്രുതികൾ (Tone). വിവിധ സംഗീതപാരമ്പര്യങ്ങളിൽ ഇവയുടെ എണ്ണം വ്യത്യസ്തമാണു്.
സ്ഥായീശ്രുതി
[തിരുത്തുക]ഭാരതീയ സംഗീതത്തിൽ അവിഭാജ്യമായ ഒരു ഘടകമാണ് ശ്രുതി. സപ്തസ്വരങ്ങളിൽ മദ്ധ്യസ്ഥായിയിലെ ഷഡ്ജം, പഞ്ചമം, താരസ്ഥായിയിലെ ഷഡ്ജം എന്നീ സ്വരങ്ങൾ മാറി മാറി മീട്ടുന്നതിലൂടെ പാട്ടുകാരന് ആവശ്യമായ പശ്ചാത്തലം സൃഷ്ടിക്കുന്നതിനാണ് ശ്രുതി എന്നു പറയുക. പ്രധാന കലാകാരനും, പക്കമേളക്കാരുമായി ചേർന്ന് സ്ഥായീനിബദ്ധമായ ലയം നിലനിർത്താനും ശ്രോതാവിന് ശ്രവണസുഖം വർദ്ധിപ്പിക്കുന്നതിനും ശ്രുതി ഉപയോഗപ്പെടുന്നു. തംബുരു, ഹാർമോണിയം, ശ്രുതിപ്പെട്ടി എന്നീ ഉപകരണങ്ങളാണ് ശ്രുതി മീട്ടുന്നതിനായി ഉപയോഗിക്കുന്നത്. മികച്ച തരം കച്ചേരികളിൽ ഗായികയ്ക്ക്/ഗായകന് പുറകിലായി പ്രത്യേകമായി മറ്റൊരു കലാകാരൻ അഥവാ കലാകാരി തംബുരു കുത്തനെ വയ്ച്ച് ശ്രുതി മീട്ടുന്നതാണ് സാധാരണ പതിവ്. സൂക്ഷ്മമായ സ്വരസംവേദനശേഷിയും സ്വരസ്ഥാനജ്ഞാനവും ശ്രുതി മീട്ടുന്നവർക്കും, ശ്രുതി ചിട്ടപ്പെടുത്തുന്നവർക്കും ആവശ്യമാണ്.
ഇലക്ട്രോണിൿ ഉപകരണങ്ങളുടെ വരവോടെ, മുമ്പുണ്ടായിരുന്ന ശ്രുതിപ്പെട്ടിയ്ക്കു പകരം ചെറുതും വില കുറഞ്ഞതുമായ ഇലൿട്രോണിൿ ശ്രുതിപ്പെട്ടികൾ ലഭ്യമാണു്. ഇത്തരം ശ്രുതിപ്പെട്ടികൾ സംഗീതക്ലാസ്സുകളിലെ പഠനത്തിനും സ്വയം സംഗീതം സാധകം ചെയ്യുന്നതിനും ചെറിയ കച്ചേരികൾക്കും ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്.
ഒരേ തരം ശബ്ദം തുടർച്ചയായി പുറപ്പെടുവിക്കുന്ന ഫാൻ, മോട്ടോറുകൾ, മറ്റു യന്ത്രങ്ങൾ, വാഹനങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയുടെ ആവൃത്തികൾ ചിലപ്പോൾ ഗാനാലാപനത്തിനു് അനുയോജ്യമായ ശ്രുതി പ്രദാനം ചെയ്തെന്നുവരാം.
ശ്രുതി (സ്വരസ്ഥാനങ്ങൾ തമ്മിലുള്ള ഇടവേള)
[തിരുത്തുക]ഭാരതീയശാസ്ത്രീയസംഗീതത്തിൽ
[തിരുത്തുക]ഭാരതീയസംഗീതത്തിന്റെ പ്രാചീനപാരമ്പര്യം അനുസരിച്ച് മൌലികമായ ശ്രുതികൾ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ ‘ഗ്രാമ’വ്യവസ്ഥയിൽ നിന്നും രൂപം പ്രാപിച്ചതാണു്.<
ഭരതന്റെ നിർവ്വചനപ്രകാരം “തമ്മിൽ തിരിച്ചറിയത്തക്ക വ്യത്യാസം മാത്രമുള്ള രണ്ടു് ആവൃത്തികൾക്കു് (Notes) ഇടയിലുള്ള ആവൃത്തിമാത്ര (Band Interval) ആണു് ശ്രുതി. സംഗീതാത്മകമായ ശബ്ദഘടനകളെ അദ്ദേഹം ആദ്യം ജതികളാക്കി വിഭജിച്ചു. ഈ ജതികളെ വീണ്ടും രണ്ടു് ഗ്രാമങ്ങളാക്കി തിരിച്ചു. ഇവയെ ഷഡ്ജഗ്രാമം എന്നും മാദ്ധ്യമഗ്രാമം എന്നും പറയുന്നു.
ഗണിതശാസ്ത്രപരമായി സാധുതയുള്ള ഭരതമുനിയുടെ ഈ നിഗമനത്തിനു വേണ്ടി അദ്ദേഹം ആവിഷ്കരിച്ച ഒരു പ്രായോഗികപരീക്ഷണമാണു് ശരണചതുഷ്ടയം. [1]ശരണചതുഷ്ടയത്തിന്റെ അനുമാനപ്രകാരം ഉരുത്തിരിയുന്ന 22 ശ്രുതികളും അവയ്ക്കു് ഏറേക്കുറെ സമാനമായ പാശ്ചാത്യസംഗീതത്തിലെ തത്തുല്യമായ ശ്രുതികളും താഴെപ്പറയുന്നവയാണു്:
ശ്രുതികൾ | പാശ്ചാത്യസംഗീതത്തിലെ 12-TET ‘നോട്ടുകൾ’ | ||||
---|---|---|---|---|---|
പേരു് | അംശബന്ധം | പ്രതിശതം | ആവൃത്തി (Hz) |
നോട്ട് | ആവൃത്തി (Hz) |
ക്ഷോഭിണി | 1 | 0 | 261.6256 | C | 261.6256 |
തീവ്ര | 256/243 | 90 | 275.6220 | C♯ | 277.1826 |
കുമുദ്വതി | 16/15 | 112 | 279.0673 | ||
മന്ദാ | 10/9 | 182 | 290.6951 | D | 293.6648 |
ചന്ദോവതി | 9/8 | 203 | 294.3288 | ||
ദയാവതി | 32/27 | 294 | 310.0747 | D♯ | 311.1270 |
രഞ്ജനി | 6/5 | 316 | 313.9507 | ||
രക്തികാ | 5/4 | 386 | 327.0319 | E | 329.6275 |
രൌദ്രി | 81/64 | 407 | 331.1198 | ||
ക്രോധ | 4/3 | 498 | 348.8341 | F | 349.2282 |
വജ്രിക | 27/20 | 519 | 353.1945 | ||
പ്രസരിണി | 45/32 | 590 | 367.9109 | F♯ | 369.9944 |
പ്രീതി | 729/512 | 612 | 372.5098 | ||
മാർജ്ജനി | 3/2 | 702 | 392.4383 | G | 391.9954 |
ക്ഷിതി | 128/81 | 792 | 413.4330 | G♯ | 415.3047 |
രക്ത | 8/5 | 814 | 418.6009 | ||
സാന്ദീപനി | 5/3 | 884 | 436.0426 | A | 440.0000 |
ആലാപിനി | 27/16 | 906 | 441.4931 | ||
മദന്തി | 16/9 | 996 | 465.1121 | A♯ | 466.1638 |
രോഹിണി | 9/5 | 1017 | 470.9260 | ||
രമ്യ | 15/8 | 1088 | 490.5479 | B | 493.8833 |
ഉഗ്ര | 243/128 | 1110 | 496.6798 | ||
ക്ഷോഭിണി | 2 | 1200 | 523.2511 | C | 523.2511 |
കർണ്ണാടകസംഗീതത്തിൽ
[തിരുത്തുക]മേൽപ്പറഞ്ഞ 22 ശ്രുതികൾ പ്രായോഗികമായും വ്യതിരിക്തമായും ഉപയോഗിക്കുന്നതു് സുഗമമല്ല. അതിനാൽ അവയിൽ തന്നെ ഭേദഗതികൾ വരുത്തി ശ്രുതികളെ (അഥവാ സ്വരസ്ഥാനങ്ങളെ) 16 എണ്ണം ആക്കി നിജപ്പെടുത്തിയിട്ടുണ്ടു്.
ഇവ താഴെ പറയുന്ന പ്രകാരമാണു്:
- ഷഡ്ജം
- ശുദ്ധ ഋഷഭം
- ചതുശ്രുതി ഋഷഭം
- ശുദ്ധ ഗാന്ധാരം
- ഷഡ്ശ്രുതി ഋഷഭം
- സാധാരണ ഗാന്ധാരം
- അന്തര ഗാന്ധാരം
- ശുദ്ധ മധ്യമം
- പ്രതി മധ്യമം
- പഞ്ചമം
- ശുദ്ധ ധൈവതം
- ചതുശ്രുതി ധൈവതം
- ശുദ്ധ നിഷാദം
- ഷഡ്ശ്രുതി ധൈവതം
- കൈശികി നിഷാദം
- കാകളി നിഷാദം
അവലംബം
[തിരുത്തുക]- ↑ Bhatkhande's contribution to music: a historical perspective By Sobhana Nayar (താളുകൾ 115-116) 1989 ISBN 0 86132 238 X [Popular Prakashan (Pvt) Ltd., Tardeo, Mumbai