Jump to content

റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമാ ചക്രവർത്തിയായ തിയോഡോഷ്യസ് ഒന്നാമൻ ക്രി. വ. 380ൽ പുറപ്പെടുവിച്ച തെസ്സലോനിക്കാ ശാസനം അനുസരിച്ച് ക്രിസ്തുമതം റോമ�� സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു. അതിനോടകം പൗരാണിക ക്രൈസ്തവ സഭയുടെ നിഖ്യൻ ഓർത്തഡോക്സ് കത്തോലിക്കാ വിശ്വാസവീക്ഷണം പിന്തുടരുന്നവർ റോമാ സാമ്രാജ്യത്തിന്റെ പ്രബല ക്രൈസ്തവമത വിഭാഗമായി ശക്തിപ്രാപിച്ചുകഴിഞ്ഞിരുന്നു.[1] ചക്രവർത്തി ഒരേസമയം രാഷ്ട്രത്തിന്റെയും സഭയുടെയും തലവനായി പ്രവർത്തിച്ചിരുന്നു.[2][3][4] കത്തോലിക്കാ സഭ, ഓർത്തഡോക്സ് സഭ, സാമ്രാജ്യത്തിന്റെ സഭ, റോമൻ സാമ്രാജ്യത്തിന്റെ സഭ, അല്ലെങ്കിൽ ബൈസന്റൈൻ സഭ എന്നിങ്ങനെയുള്ള പേരുകൾ ഈ ക്രൈസ്തവ സഭയ്ക്കായി വിവിധ ചരിത്രകാരന്മാർ ഉപയോഗിക്കുന്നു. ആധുനിക കിഴക്കൻ ഓർത്തഡോക്സ് സഭ, കത്തോലിക്കാ സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്നിവയെല്ലാം ഈ സഭയുടെ പിന്തുടർച്ച അവകാശപ്പെടുന്നു.[5][6]

റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭ
റോമൻ കത്തോലിക്കാ ഓർത്തഡോക്സ് സഭ
കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിയും 325ലെ നിഖ്യാ സൂനഹദോസ് നേതാക്കളും 381ലെ നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം വഹിക്കുന്ന ഐക്കൺ
വർഗംപൗരാണിക ക്രിസ്തീയത
വീക്ഷണംനിഖ്യൻ ക്രിസ്തീയത
ദൈവശാസ്ത്രംനിഖ്യാ - കോൺസ്റ്റാന്റിനോ-
പ്പോളീറ്റൻ ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
സഭാഭരണംപെന്റാർക്കിയ (പഞ്ചാധിപത്യം)
ഘടനപാത്രിയർക്കാസനങ്ങൾ,
മെത്രാസനങ്ങൾ,
രൂപതകൾ
പരമാധികാരിറോമാ ചക്രവർത്തി
എപ്പിസ്കോപ്പൽ
നേതാവ്
റോമിലെ മാർപ്പാപ്പ
പാത്രിയർക്കാസനങ്ങൾറോമ,
കോൺസ്റ്റാന്റിനോപ്പിൾ,
അലക്സാണ്ട്രിയ,
അന്ത്യോഖ്യ,
ജറുസലേം
ശാഖകൾഓറിയന്റൽ ഓർത്തഡോക്സ് സഭകൾ (451നുശേഷം),

കിഴക്കൻ (ഗ്രീക്ക്) ഓർത്തഡോക്സ് സഭ,

റോമൻ കത്തോലിക്കാ സഭ
ഭരണമേഖലറോമാ സാമ്രാജ്യം
ഉരുത്തിരിഞ്ഞത്നിഖ്യൻ ക്രിസ്തുമതത്തിൽ നിന്ന്
പിളർപ്പുകൾകിഴക്കിന്റെ സഭ (അഞ്ചാം നൂറ്റാണ്ടിൽ)

ചരിത്രം

[തിരുത്തുക]

4-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 303-313 കാലത്തെ ഡയോക്ലെഷ്യാനിക് മതപീഡനത്തിനും അതിന്റെ അനന്തരഫലമായി ഉയർന്നുവന്ന ഡൊണാറ്റിസ്റ്റ് വിവാദത്തിനും ശേഷം, ക്രൈസ്തവ വിശ്വാസത്തിന്റെ യഥാർത്ഥ രൂപം നിർവചിക്കാനും മുമ്പ് നടന്നിട്ടുള്ള മതസമ്മേളനങ്ങളുടെ തീരുമാനങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് 325ൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിയാണ് നിഖ്യായിൽ സാർവ്വത്രിക സൂനഹദോസ് വിളിച്ചുചേർത്തത്. ഇതും ഇതിന് തുടർച്ചയായി 4ാം നൂറ്റാണ്ടിലും 5ാം നൂറ്റാണ്ടിലും പിന്നീടുള്ള റോമൻ ചക്രവർത്തിമാർ വിളിച്ചുകൂട്ടിയ സൂനഹദോസുകളും ആരിയനിസം, മൊണാർക്കിയനിസം, നെസ്തോറിയനിസം, യൗത്തീക്കിയനിസം എന്നിവയെ ചുറ്റിപ്പറ്റി സഭയിൽ വിവാദങ്ങളും ഭിന്നിപ്പുകളും ഉണ്ടാക്കി. അന്ത്യോഖ്യൻ, അലക്സാണ്ട്രിയൻ ക്രിസ്തുവിജ്ഞാനീയങ്ങൾ തമ്മിലുള്ള പൊരത്തക്കേടുകൾ ചർച്ച ചെയ്ത 431ലെ എഫേസൂസ് സൂനഹദോസും അതിനുശേഷം നെസ്തോറിയസിനെതിരെ ഉണ്ടായ നടപടികളും സസ്സാനിയൻ സാമ്രാജ്യത്തിലെ കിഴക്കിന്റെ സഭയെ റോമൻ സാമ്രാജ്യത്തിലെ സഭയിൽ നിന്ന് അകറ്റി. 449ൽ നടന്ന രണ്ടാം എഫേസൂസ് സൂനഹദോസ്, 451ലെ കൽക്കെദോൻ സൂനഹദോസ് എന്നിവ റോമൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭയിൽത്തന്നെ പിളർപ്പിന് കാരണമായി. കൽക്കെദോൻ സൂനഹദോസിന്റെ ക്രിസ്തുവിജ്ഞാനീയ തീരുമാനങ്ങൾ നിരസിച്ച കോപ്റ്റിക്, പടിഞ്ഞാറൻ സുറിയാനി, അർമ്മേനിയൻ സഭകൾ (ഇവ ഇരുപതാം നൂറ്റാണ്ടുമുതൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന് അറിയപ്പെടുന്നു) റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക സഭയിൽ നിന്ന് വഴിപിരിയുകയും ചക്രവർത്തിയുടെ അംഗീകൃത സഭയുടെ അനുയായികളെ മെൽക്കൈറ്റ് (സുറിയാനി: മൽക്കായ) എന്ന് വിളിക്കുകയും ചെയ്തു.

തിയഡോഷ്യസ് ഒന്നാമൻ ചക്രവർത്തിയ്ക്ക് ശേഷം 395ൽ റോമാ സാമ്രാജ്യം പടിഞ്ഞാറൻ റോമാ സാമ്രാജ്യം, കിഴക്കൻ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയും ഓരോന്നിനും ഒരോ റോമാ ചക്രവർത്തി ഒരേസമയം ഉണ്ടാവുകയും ചെയ്തു. ഇതോടെ പടിഞ്ഞാറ്, കിഴക്ക് മേഖലകളിലെ സഭാവിഭാഗങ്ങൾ വ്യത്യസ്ത രാഷ്ട്രീയ സംവിധാനങ്ങൾക്ക് കീഴിലായി. അഞ്ചാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ റോമൻ സാമ്രാജ്യം ക്ഷയിച്ചു. 410ലും 455ലും റോം നഗരം ആക്രമണകാരികൾ കൊള്ളയടിക്കുകയും, അവസാന പാശ്ചാത്യ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസിനെ 476-ൽ സ്ഥാനമൊഴിയുകയും ചെയ്തതോടെ കിഴക്കൻ റോമാ സാമ്രാജ്യം (ബൈസാന്റൈൻ സാമ്രാജ്യം) മാത്രം അവശേഷിച്ചു.

ക്രി. വ. 500കളിലെ റോമൻ സഭാ സംവിധാനവും പഞ്ചാധിപത്യവും

527-ൽ ബൈസന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ റോമും മദ്ധ്യധരണ്യാഴിയുടെ തീരത്തെ മറ്റ് പടിഞ്ഞാറൻ ഭൂപ്രദേശങ്ങളും വീണ്ടെടുത്തു. സഭയെ സ്ഥാനക്രമത്തിൽ റോം, കോൺസ്റ്റാന്റിനോപ്പിൾ, അലക്സാണ്ട്രിയ, അന്ത്യോഖ്യ, ജറുസലേം എന്നിങ്ങനെ അഞ്ച് മേഖലകളായി അദ്ദേഹം വിഭജിക്കുകയും അഞ്ച് സ്ഥലങ്ങളിൽ ഒരോന്നിലെയും പ്രധാന മെത്രാന് പാത്രിയർക്കീസ് സ്ഥാനവും ആ മേഖലയിലെ സഭയുടെ ഭരണാധികാരവും നൽകുകയും ചെയ്തു. ഇവയിൽ റോമിലെ മെത്രാനായ മാർപ്പാപ്പയ്ക്ക് ആത്മീയ മേൽക്കൊയ്മ ലഭിച്ചിരുന്നു. ഈ സംവിധാനം പെന്റാർക്കിയ അഥവാ പഞ്ചാധിപത്യം എന്ന് വിളിക്കപ്പെടുന്നു. എന്നിരുന്നാലും, ആരാധനയുടെയും അച്ചടക്കത്തിന്റെയും ഓരോ വിഷയവും നൈയ്യാമികമായി നിയന്ത്രിക്കുന്നതിനുള്ള അധികാരവും അതോടൊപ്പം ദൈവശാസ്ത്രപരമായ വിഷയങ്ങളിലെ നിർണ്ണയാധികാരവും ജസ്റ്റീനിയൻ അവകാശപ്പെട്ടിരുന്നു.[7]

പത്താം നൂറ്റാണ്ടിൽ പഞ്ചാധിപത്യ സഭാ സംവിധാനത്തിൽ ഉണ്ടായ മാറ്റങ്ങൾ: ബൈസന്റൈൻ സാമ്രാജ്യത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ റോമാ പാത്രിയർക്കേറ്റിൽ നിന്ന് വേർപെടുത്തി കോൺസ്റ്റാന്റിനോപ്പിളിന്റെ നിയന്ത്രണത്തിൽ ആയതും മറ്റ് പാത്രിയർക്കേറ്റുകൾ ഇസ്ലാമിക ഭരണത്തിൽ ആയതും കാണാം

ബൈസന്റൈൻ സാമ്രാജ്യത്തിന് താമസിയാതെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടെങ്കിലും, റോമിനെ റവെന്ന എക്സാർക്കേറ്റിന്റെ ഭാഗമായി 751 വരെ തങ്ങളുടെ അധികാരത്തിന് കീഴിൽ നിലനിർത്താൻ കഴിഞ്ഞു. മാർപ്പാപ്പമാരുടെ തിരഞ്ഞെടുപ്പും നിയമനവും ഇക്കാലത്ത് ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നു. ഈ കാലഘട്ടം കത്തോലിക്കാ സഭാ ചരിത്രത്തിൽ ബൈസന്റൈൻ പേപ്പസി എന്നറിയപ്പെടുന്നു. ഇക്കാലഘട്ടത്തിലും റോമിലെ മാർപ്പാപ്പമാർ ചക്രവർത്തിമാരുടെ ആത്മീയ അധികാരം ചോദ്യം ചെയ്തിരുന്നു.[8][9] 800 ഡിസംബർ 25ന് ലിയോ മൂന്നാമൻ മാർപാപ്പ കാറൽമാനെ റോമാ ചക്രവർത്തിയായി അവരോധിച്ചതോടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത പൂർണ്ണമായി.

മദ്ധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക, അനത്തോലിയ, ഐബീരിയൻ ഉപദ്വീപ് എന്നീ പ്രദേശങ്ങളിൽ 7-9 നൂറ്റാണ്ടുകളിൽ നടന്ന മുസ്ലീം അധിനിവേശങ്ങൾ, അലക്സാണ്ട്രിയാ, അന്ത്യോഖ്യാ, ജറുസലേം, കാർത്തേജ് എന്നിവിടങ്ങളിലെ അന്നത്തെ സഭാ വിഭാഗങ്ങളെ ദുർബലമാക്കി. ഇത് റോമിൽ പടിഞ്ഞാറിലെയും കോൺസ്റ്റാന്റിനോപ്പിളിൽ കിഴക്കിലെയും സഭയുടെ അധികാരങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നതിന് കാരണമായി. എന്നിരുന്നാലും ഈ രാഷ്ട്രീയ ഭിന്നതകൾക്കിടയിലും ഇരു വിഭാഗങ്ങളും തമ്മിൽ ആത്മീയ ബാന്ധവവും സഭാസംസർഗ്ഗവും തുടർന്നു. എന്നാൽ ഇക്കാലത്ത് റോമിലെ മാർപ്പാപ്പയും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസും തമ്മിൽ അധികാര തർക്കങ്ങൾ നിലനിന്നിരുന്നു. 858ൽ ചക്രവർത്തി മിഖായേൽ മൂന്നാമൻ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ഇഗ്നാത്തിയോസിനെ പുറത്താക്കുകയും തത്സ്ഥാനത്ത് ഫോത്തിയോസ് എന്ന ആളെ നിയമിക്കുകയും ചെയ്തു. ചക്രവർത്തിയുടെ ഈ നടപടി റദ്ദാക്കിയ നിക്കോളാസ് ഒന്നാമൻ മാർപ്പാപ്പ ഫോത്തിയോസിനെ നീക്കി ഇഗ്നാത്തിയോസിനെ സ്ഥാനത്തേക്ക് തിരച്ചുകൊണ്ടുവന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഫോത്തിയോസിന് അധികാരത്തിൽ തിരിച്ചെത്താനായത്. ഫോത്തിയോസിന്റെ ഭരണകാലത്ത് ഇരു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം വളരെ കലുഷിതമായ സ്ഥിതിയിലെത്തി. പിന്നീട് പാത്രിയർക്കീസായ മിഖായേൽ ചെറുലാറിയൂസിന്റെ കാലത്ത് തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയും 1054ൽ കിഴക്കൻ സഭയിലെയും പടിഞ്ഞാറൻ സഭയിലെയും നേതാക്കൾ പരസ്പരം മുടക്കുകയും ചെയ്തു. പൗരസ്ത്യ - പാശ്ചാത്യ ശീശ്മ എന്നറിയപ്പെടുന്ന ഈ സംഭവത്തിന് ശേഷം ഈ വിഭാഗങ്ങൾ കിഴക്കൻ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും ആയി മാറി.[10]

അവലംബം

[തിരുത്തുക]
  1. Binns, John; Binns, Vicar John (2002-07-04). An Introduction to the Christian Orthodox Churches (in ഇംഗ്ലീഷ്). Cambridge University Press. pp. 162–164. ISBN 978-0-521-66738-8.
  2. Herrin, Judith (2013-04-07). Margins and Metropolis: Authority Across the Byzantine Empire (in ഇംഗ്ലീഷ്). Princeton University Press. p. 11. ISBN 978-0-691-15301-8.
  3. VanVoorst, Jenny Fretland (2013). The Byzantine Empire (in ഇംഗ്ലീഷ്). Capstone. p. 14. ISBN 978-0-7565-4565-9.
  4. Stefoff, Rebecca (2008). Monarchy (in ഇംഗ്ലീഷ്). Marshall Cavendish. p. 62. ISBN 978-0-7614-2630-1.
  5. Seitz, Christopher R. (2001). Nicene Christianity: The Future for a New Ecumenism (in ഇംഗ്ലീഷ്). Brazos Press. ISBN 978-1-84227-154-4.
  6. "Theodosius I" (in ഇംഗ്ലീഷ്). Retrieved 2023-03-07.
  7. Ayer, Joseph Cullen (2019-09-25). A Source Book for Ancient Church History (in ഇംഗ്ലീഷ്). BoD – Books on Demand. p. 325. ISBN 978-3-7340-7120-1.
  8. Dwyer, John C. (1998). Church History: Twenty Centuries of Catholic Christianity (in ഇംഗ്ലീഷ്). Paulist Press. p. 118. ISBN 978-0-8091-3830-2.
  9. "Church and State - MSN Encarta". 2009-10-29. Archived from the original on 2009-10-29. Retrieved 2023-03-07.
  10. Mansi, Gian Domenico (1774). Sacrorum conciliorum nova et amplissima collectio (in ലാറ്റിൻ). pp. 676–679.