Jump to content

ആന്റണി പടിയറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർ ആന്റണി പടിയറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റണി പടിയറ
Antony Padiyara
സിറോ-മലബാർ സഭയുടെ ആദ്യ മേജർ ആർച്ച്ബിഷപ്
സ്ഥാനാരോഹണംഏപ്രിൽ 23, 1985
മുൻഗാമിജോസഫ് പാറേക്കാട്ടിൽ
പിൻഗാമിവർക്കി വിതയത്തിൽ
വൈദിക പട്ടത്വംഡിസംബർ 19, 1945
മെത്രാഭിഷേകംജൂലൈ 3, 1955
കർദ്ദിനാൾ സ്ഥാനംജൂൺ 28, 1988
മറ്റുള്ളവഊട്ടി രൂപതാ മെത്രാൻ (1955-1970)
ചങ്ങനാശേരി ആർച്ച് ബിഷപ്പ് (1970-1985)
വ്യക്തി വിവരങ്ങൾ
ജനനം(1921-02-11)ഫെബ്രുവരി 11, 1921
മണിമല, കേരളം, ഇന്ത്യ
മരണംമാർച്ച് 23, 2000(2000-03-23) (പ്രായം 79)
കാക്കനാട്, എറണാകുളം, ഇന്ത്യ
വിഭാഗംസിറോ മലബാർ കത്തോലിക്കാ സഭ

സിറോ-മലബാർ സഭയുടെ രണ്ടാമത്തെ കർദ്ദിനാളും പ്രഥമ മേജർ ആർച്ച് ബിഷപ്പുമായിരുന്നു മാർ ആന്റണി പടിയറ (ഫെബ്രുവരി 11, 1921 — മാർച്ച് 23, 2000).

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ മണിമലയിൽ പടിയറ കുരുവിള ആന്റണിയുടെയും അന്നമ്മയുടെയും അഞ്ചാമത്തെ മകനായി 1921 ഫെബ്രുവരി പതിനൊന്നിന് ജനിച്ച ആന്റണി പടിയറയുടെ ആദ്യനാമം പി.കെ.ആന്റണി എന്നായിരുന്നു.[1] മണിമല ഗവൺമെന്റ് സ്കൂൾ, സെന്റ് ജോർജ്ജ് മിഡിൽ സ്കൂൾ, ചങ്ങനാശേരി എസ്.ബി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് റീജിയണൽ സെമിനാരിയിലെ വിദ്യാഭ്യാസത്തെത്തുടർന്ന് 1945 ഡിസംബർ 19 -ന് കോയമ്പത്തൂർ രൂപതയിൽ നിന്ന് വൈദികപട്ടം നേടിയ അദ്ദേഹം തമിഴ്നാട്ടിലെ ഊട്ടിയിലും കർണ്ണാടകയിലെ കൊള്ളീഗലിലും അത്മീയ-പ്രബോധനവൃത്തികളിലേർപ്പെട്ടു.[2] 1952 മുതൽ 1955 വരെയുള്ള കാലയളവിൽ അദ്ദേഹം മൈനർ സെമിനാരിയിലെ റെക്ടറായും തുടർന്ന് ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് റീജിയണൽ സെമിനാരിയിലെ പ്രഫസറായും സേവനം അനുഷ്ടിച്ചു.[3]

1955 ജൂലൈ 3-ന് മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മാർ ആന്റണി പടിയറ 1955 ഒക്ടോബർ 16-ന് സ്ഥാനാരോഹിതനായി.[2] തന്റെ 34-ആമത്തെ വയസ്സിൽ ഊട്ടി രൂപതയുടെ മെത്രാനായി ചാർജ്ജെടുത്ത അദ്ദേഹം ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു.[4] 1970 ജൂൺ 14-ന് ചങ്ങനാശേരി അതിരൂപതയിലും 1985 ഏപ്രിൽ 23-ന് എറണാകുളം-അങ്കമാലി അതിരൂപത അതിരൂപതയിലും ആർച്ചുബിഷപ്പ് സ്ഥാനത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു.

1988 ജൂൺ 28-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി.[2] 1992-ൽ സീറോ-മലബാർ സഭക്ക് മേജർ ആർക്കി-എപ്പിസ്കോപ്പൽ പദവി ലഭിച്ചപ്പോൾ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം അലങ്കരിക്കുവാനുള്ള നിയോഗം മാർ ആന്റണി പടിയറക്ക് ലഭിച്ചു.[5] ആരോഗ്യപരമായ കാരണങ്ങളാൽ 1996 നവംബർ 11-ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. എറണാകുളം ജില്ലയിലെ കാക്കനാട്ട് അദ്ദേഹം തന്നെ സ്ഥാപിച്ച പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ വിശ്രമജീവിതം നയിച്ചു വരികെ 2000 മാർച്ച് 23-ന് അദ്ദേഹം അന്തരിച്ചു.[1] മാർച്ച് 24-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ മാർ പടിയറയെ അടക്കം ചെയ്തു.

ബഹുമതികൾ

[തിരുത്തുക]

1998-ൽ പത്മശ്രീ പുരസ്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.[1]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "കർദിനാൾ മാർ ആൻറണി പടിയറയുടെ ജന്മശതാബ്ദി; ദീപ്തസ്മരണയിൽ സീറോ മലബാർ സഭ". Retrieved 2023-08-20.
  2. 2.0 2.1 2.2 Sathyadeepam (2020-03-18). "മർമ്മരം പോലൊരു മഹാനുഭാവൻ കാർഡിനൽ ആൻറണി പടിയറ". Retrieved 2023-08-20.
  3. "വിശുദ്ധ റോമാസഭയിലെ കർദ്ദിനാളുമാരുടെ ജീവചരിത്രസമാഹാരം". Archived from the original on 2013-12-31. Retrieved 2011-04-02.
  4. കർദ്ദിനാൾ പടിയറ അന്തരിച്ചു, ദ ഹിന്ദു വാർത്ത, മാർച്ച് 24, 2000 [പ്രവർത്തിക്കാത്ത കണ്ണി]
  5. "സമന്വയത്തിന്റെ ദീപ്ത ജീവിതം". Retrieved 2023-08-20.
"https://ml.wikipedia.org/w/index.php?title=ആന്റണി_പടിയറ&oldid=3959750" എന്ന താളിൽനിന്ന് ശേഖരിച്ചത്