ഭൈറോൺ സിങ് ശെഖാവത്ത്
ഭൈറോൺ സിങ് ഷെഖാവത്ത് | |
---|---|
ഇന്ത്യയുടെ പതിനൊന്നാമത് ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 2002-2007 | |
മുൻഗാമി | കൃഷൺ കാന്ത് |
പിൻഗാമി | എം.ഹമീദ് അൻസാരി |
രാജസ്ഥാൻ, മുഖ്യമന്ത്രി | |
ഓഫീസിൽ 1993-1998, 1990-1992, 1977-1980 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | അശോക് ഗെഹ്ലോട്ട് |
നിയമസഭാംഗം | |
ഓഫീസിൽ 1998, 1993, 1990, 1989, 1985, 1980, 1977, 1967, 1962, 1957, 1952 | |
രാജ്യസഭാംഗം | |
ഓഫീസിൽ 1973-1977 | |
മണ്ഡലം | മധ്യ പ്രദേശ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1923 ഒക്ടോബർ 23 സിക്കാർ ജില്ല, രാജസ്ഥാൻ |
മരണം | മേയ് 15, 2010 ജയ്പൂർ, രാജസ്ഥാൻ | (പ്രായം 86)
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | സുരജ് ക്വാർ |
കുട്ടികൾ | രത്തൻ രജ്വി |
As of 10 ഡിസംബർ, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
2002 മുതൽ 2007 വരെ ഇന്ത്യയുടെ പതിനൊന്നാമത് ഉപ-രാഷ്ട്രപതിയായിരുന്ന രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായിരുന്നു ഭൈറോൺ സിംഗ് ഷഖാവത്ത്.(1923-2010) മൂന്ന് തവണ രാജസ്ഥാൻ മുഖ്യമന്ത്രി, രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പതിനൊന്ന് തവണ നിയമസഭാംഗം, ഒരു തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.[1][2][3]
ജീവിതരേഖ
[തിരുത്തുക]രാജസ്ഥാനിലെ സിക്കർ ജില്ലയിലെ ഒരു രജപുത്ത് കുടുംബത്തിൽ ദേവിസിംഗിൻ്റെയും ബാനെ കൻവാറിൻ്റെയും മകനായി 1923 ഒക്ടോബർ 23ന് ജനനം. ജീവിതസാഹചര്യങ്ങൾ നിമിത്തം ഹൈസ്കൂൾ വിദ്യാഭ്യാസമേ നേടാൻ കഴിഞ്ഞുള്ളൂ. ഒരു കർഷകനായി ജീവിതമാരംഭിച്ച ഷഖാവത്ത് പിന്നീട് പോലീസിൽ ചേർന്നു. സബ് ഇൻസ്പെക്ടർ റാങ്കിൽ തുടരവെ 1952-ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി പോലീസ് ഉദ്യോഗം രാജിവച്ചു.
1950-ൽ ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപമായിരുന്ന ഭാരതീയ ജന സംഘത്തിൽ അംഗമായി. ജനസംഘം ടിക്കറ്റിൽ ആദ്യമായി 1952-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഷെഖാവത്ത് 2002 വരെ രാജസ്ഥാൻ നിയമസഭാംഗമായിരുന്നു. പന്ത്രണ്ട് തവണ സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചതിൽ 1973-ൽ ഒരേ ഒരു പ്രാവശ്യമെ പരാജയപ്പെട്ടിട്ടുള്ളൂ. 1973 മുതൽ 1977 വരെ മധ്യ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചു.
1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ ആദ്യത്തെ ഉപാധ്യക്ഷനായിരുന്നു ഷഖാവത്ത്. മൂന്നു തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന ഷഖാവത്ത് രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
ഉപ-രാഷ്ട്രപതിയായിരുന്ന കൃഷൺ കാന്ത് 2002 ജൂലൈ 27ന് അന്തരിച്ച ഒഴിവിലേക്ക് എൻ.ഡി.എ യുടെ ഉപ-രാഷ്ട്രപതി സ്ഥാനാർത്ഥിയായി. 2002-ൽ നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സുശീൽ കുമാർ ഷിൻഡയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പതിനൊന്നാമത് ഉപ-രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.[4]
2007-ൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിൻ്റെ രാഷ്ടപതി സ്ഥാനാർത്ഥിയായ പ്രതിഭ പാട്ടിലിനോട് പരാജയപ്പെട്ടു.[5]
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് 2010 മെയ് 15ന് അന്തരിച്ചു.[6]
അവലംബം
[തിരുത്തുക]- ↑ https://www.thehindu.com/news/national//article61761517.ece
- ↑ https://www.freepressjournal.in/india/remembering-former-vice-president-of-india-bhairon-singh-shekhawat-on-his-12th-death-anniversary
- ↑ https://www.iloveindia.com/indian-heroes/bhairon-singh-shekhawat.html
- ↑ https://wap.business-standard.com/article/economy-policy/shekhawat-elected-vice-president-102081301076_1.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://m.timesofindia.com/india/pratibha-trounces-shekhawat-becomes-first-woman-president/articleshow/2223162.cms
- ↑ https://www.indiatvnews.com/news/india/shekhawat-cremated-with-full-state-honours-3011.html