Jump to content

പാത്തുമ്മായുടെ ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാത്തുമ്മായുടെ ആട്
നോവലിന്റെ പുറംചട്ട
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1959
ISBNNA

വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മായുടെ ആട്. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലുള്ള തന്റെ കുടുംബ വീട്ടിൽ കഴിയവേ 1954-ൽ ആണ് ബഷീർ ഇത് എഴുതുന്നത്‌.

നോവലിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. തലയോലപറമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഥ നടക്കുന്നത്. കഥയിലെ ആട്, സഹോദരി പാത്തുമ്മായുടെതാണ്. പെണ്ണുങ്ങളുടെ ബുദ്ധി (സ്ത്രീകളുടെ ജ്ഞാനം) എന്ന ഒരു ബദൽ ശീർഷകത്തോടെയാണ് ബഷീർ നോവൽ ആരംഭിക്കുന്നത്. 1959-ൽ ആണ് നോവൽ പ്രസിദ്ധീകരിക്കുന്നത്.

സവിശേഷതകൾ

[തിരുത്തുക]
  • 1954 ഏപ്രിൽ 27ന്‌ എഴുതിതീർത്തു.
  • 'ശുദ്ധസുന്ദരമായ ഭ്രാന്തിന്‌' ഘോരമായ ചികിത്സ validation
  • നടക്കുന്നതിനിടയിൽ എഴുതി.
  • തിരുത്തുകയോ പകർത്തി എഴുതി ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയപടി തന്നെ പ്രസിദ്ധീകരിച്ചു.
  • 1959 മാർച്ച് 1നാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
  • നോവലിലെ ആഖ്യാതാവ് "ഞാൻ" ആണ്‌.
  • നോവലിൽ പ്രണയമില്ല. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മാത്രം.
  • സ്ത്രീ സമൂഹം നേരിടുന്ന ദുരിതത്തിന്റെ ചിത്രങ്ങൾ.
  • മനുഷ്യേതര കഥാപാത്രങ്ങളുടെ അർത്ഥവ്യാപ്തി.
  • ഗ്രാമീണ ബിംബങ്ങളുടെ സാന്നിധ്യം.
  • കുടുംബകഥ സമൂഹത്തിന്റെ കൂടി കഥയാകുന്നു.
  • കഥ പറയുന്നത് ദൃക്സാക്ഷി വിവരണം പോലെയാണ്‌.
  • കഥാപാത്രങ്ങൾ ഒന്നും വില്ലന്മാരാകുന്നില്ല; സാധാരണ മനുഷ്യർ മാത്രം.
  • പൊട്ടിച്ചിരിയാകുന്ന കല. [1][2]

പാത്തുമ്മ

[തിരുത്തുക]

നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്.

ബഷീറിന്റെ രണ്ട് സഹോദരിമാരിൽ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭർത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളിൽ തറവാട്ടിൽ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവർ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു "സ്റ്റൈലിലാണ്" എന്നാണ് ബഷീർ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് “എന്റെ ആട് പെറട്ടെ , അപ്പൊ കാണാം”. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളർച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണവർ.

പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കൽ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിൻ പാൽ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതിൽ നന്നാക്കുന്നതുൾപ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാർക്കു വേണ്ടി ആടിന്റെ പാൽ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കൽ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരൾ വരട്ടിയതും വെച്ച് സൽക്കരിക്കുന്നു. എന്നാൽ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുൽ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാൻ പറ്റുന്നില്ല. പാത്തുമ്മായുടെ ഭർത്താവ് അവർക്കു കടപ്പെട്ടിരുന്ന പണത്തിന്റെ പേരിൽ ഭർത്താവിനേയും പാത്തുമ്മായേയും മകൾ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങൾ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാൽ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്. കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാൽ അവർ കറന്നെടുക്കുകയും ചെയ്തിരുന്നു.

അവലംബം

[തിരുത്തുക]
  1. "ഇവിടെനിന്നും". Archived from the original on 2010-02-11. Retrieved 2010-02-09.
  2. മാതൃഭൂമി ദിനപത്രം . വിദ്യ സപ്ലിമെന്റ്; ലക്കം - 69, 2010 ഫെബ്രുവരി 9. പുറം 14


"https://ml.wikipedia.org/w/index.php?title=പാത്തുമ്മായുടെ_ആട്&oldid=4135562" എന്ന താളിൽനിന്ന് ശേഖരിച്ചത്