Jump to content

തായിപ്പരദേവത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുൻ ഹേതുവായിട്ടു ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ എനിക്ക് കൽപ്പിച്ചു തന്ന ഈ തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…ഇത് മാടായിക്കാവിലെ കലശസമയത്ത് വടക്കേംഭാഗം ആസ്വദിക്കുമ്പോൾ തായ് പരദേവതയുടെ തിരുമൊഴി.കളിയാട്ടത്തിൽ കെട്ടിയാടുന്ന അമ്മ ദൈവങ്ങളിൽ പരമോന്നതസ്ഥാനമാണ് തായ് പരദേവതക്കുള്ളത്. കോലത്തിരി തംബ്രാക്കന്മാരുടെ കുലദേവതയായും പരദേവതയും ധർമ്മദൈവവും രാജമാതാവുമൊക്കെയാണ്‌ തായ് പരദേവത.

കോലത്തുനാട്ടുകാർക്ക് പെറ്റമ്മ തന്നെയാണ് ദേവി. മാടായിക്കാവിലമ്മയെന്നും തിരുവർക്കാട്ടച്ചിയെന്നും തിരുവർക്കാട്ട് ഭഗവതിയെന്നും തമ്പുരാട്ടിയെന്നും വലിയതമ്പുരാട്ടിയെന്നും വലിയ മുടിപ്പോതിയെന്നും കോലസ്വരൂപത്തിങ്കൽ തായി എന്നുമൊക്കെ പൈതങ്ങൾ അമ്മയെ വിളിച്ചുപോരുന്നു.

രക്താംബരങ്ങളണിഞ്ഞ് രക്തഹാരങ്ങൾ ചൂടിയ തിരുവുടലിന് അലങ്കാരമായി നിൽക്കുന്ന ആയിരം നാഗങ്ങൾ , മുത്തുനാദങ്ങൾ പൊഴിക്കും ചിലമ്പണിഞ്ഞ തൃപ്പാദങ്ങളും , നക്ഷത്രാങ്കിതമായ ആകാശക്കോട്ടകളെ തൊട്ടുതലോടുന്ന തിരുമുടിയും കരവലയത്തിൽ നാന്ദകവാളും പരിചയുമൊക്കെയായി എഴുന്നള്ളുന്ന തമ്പുരാട്ടിയുടെ രൂപം മനോഹരം.

ദാരികാന്തകിയായ മഹാകാളിയാണ് ഭഗവതി. ശ്രീ മഹാദേവൻ തിരുവടിയുടെ മൂന്നാം തൃക്കണ്ണിൽ നിന്നും തിരുപ്പുറപ്പെട്ട് ഏഴ് രാവുകളും ഏഴ് പകലുകളും യുദ്ധംചെയ്തു ദാരികനെ കൊന്നുകൊലവിളിച്ചു ദേവി. പക്ഷേ ദാരികനെ കൊന്നെറിഞ്ഞ ക്രൂരമൂർത്തിയാണെങ്കിലും തായ് പരദേവത ക്ഷിപ്രകോപവും രക്തദാഹവുമൊക്കെ വെടിഞ്ഞ ശാന്തസ്വരൂപിയാണ്. ദാരികനെ തകർത്തെറിഞ്ഞ ആ കൈകളിൽ തൻറെ പൈതങ്ങൾക്കുള്ള വാത്സല്യമാണ്. അഗ്നിമഴ പൊഴിയിച്ച ആ മിഴികളിൽ ഇപ്പോൾ സ്നേഹവും ദീനാനുകംബയാണ്..

കോലസ്വരൂപത്തിങ്കൽ തായി എന്നാൽ കോലസ്വരൂപത്തിന് മാതാവ് എന്നർഥം. മാടായിപ്പാറയിലെ മാടായിക്കോട്ടയിൽ വച്ച് മഹാകാളിയാം മാതാവ് ദാരികനെ നിഗ്രഹിച്ചു എന്ന പുരാണകഥക്കപ്പുറം മറ്റൊരു ഐതിഹ്യം കൂടി കോലസ്വരൂപത്തിങ്കൽ തായിയുടെ പുരാവൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് വെറുമൊരു നേരംപോക്കോ നാടോടിക്കഥയോ ഒന്നുമല്ല , മറിച്ച് കേൾവികേട്ട ഒരു സാമ്രാജ്യത്തിൻറെ അവിടെ വാണ വിഖ്യാത രാജരാജക്കന്മാരുടെ വീരചരിതം കൂടിയാണ്.

ചരിത്രകാവ്യങ്ങളായ മൂഷികവംശവും കേരളോല്പത്തിയുമെല്ലാം പ്രദിപാദ്യവിഷയമാക്കുമ്പോൾ, ഡോ: എൻ വി പി ഉണിത്തിരിയുടെ "അത്യുത്തരകേരളീയം" അനുബന്ധമാക്കുമ്പോൾ, ക്രിസ്തുവർഷത്തിൻറെ ആദ്യദശകങ്ങളിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൻറെ ആധ്രയിൽ നിന്നും വന്നു എന്ന് പറയപ്പെടുന്ന നന്ദ എന്ന തമ്പുരാട്ടി അവരുടെ കുലദേവനായ നരസിംഹാ മൂർത്തിയെ ഏഴിമലയിൽ പ്രീതിഷ്ഠിച്ചു ആരാധിച്ചിരുന്നു ഇപ്പോൾ നാരായൺ കണ്ണൂർ ക്ഷേത്രം അറിയപ്പെടുന്നു ... നന്ദ തമ്പുരാട്ടി വന്നു എന്ന് പറയപ്പെടുന്ന ആന്ധ്രായിൽ കൂടുതലയിൽ ആരാധിച്ചു പോരുന്നത് നരസിംഹ മൂർത്തിയെയാണ് ..ഇതിനാൽ ഈ കാരണം കൂടി തെളിവായി മേല്പറഞ്ഞ സ്ഥലത്തു നിന്നാണ് വന്നതെന്ന് സാധൂകരിക്കാൻ പറ്റാവുന്നതാണ്. മാഹിഷ്മതി രാജ്യത്ത് ഒരു ഹേഹയസാമ്രാജ്യം ഉണ്ടായിരുന്നുവത്രേ. പ്രകൃതിവിഭവങ്ങൾകൊണ്ടും ധനധാന്യവൃദ്ധികൊണ്ടും സമൃദ്ധവും സമ്പന്നവുമായിരുന്ന മാഹിഷ്മതിയെ ശത്രുരാജ്യങ്ങൾ ആക്രമിച്ച് രാജാവിനെ വകവരുത്തി. അപ്പോൾ ഗർഭിണിയായിരുന്ന മാഹിഷ്മതി രാജ്ഞി നന്ദ മന്ത്രിമാരുടെ സഹായത്തോടെ ഒരു മരക്കപ്പലിൽ ക���റി രാജ്യം വിട്ടു. അലയാഴിയിലെ കാറ്റിനേയും കോളിനെയും ജയിച്ച് അഴികളും ചുഴികളും അധിജീവിച്ച്, വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും താണ്ടി ആ ജലയാനം മുന്നോട്ടുകുതിച്ചു. അങ്ങ് ദൂരെ പശ്ചിമതീരത്ത് അറബിക്കടലിന്റെ കരകളിൽ ആട്യതയോടെ ആഭിജാത്യത്തോടെ നിൽക്കുന്ന വാകമരങ്ങൾ നിറഞ്ഞ എഴിമലയിൽ ആ നൌക നങ്കൂരമിട്ടു. ആ എഴിമലക്കുന്നുകളിൽ മാഹിഷ്മതി റാണിയായ നന്ദയും പരിവാരങ്ങളും പരിചാരകരും രാജ്യം നിർമ്മിച്ച്‌ വാസം ആരംഭിച്ചു. അങ്ങനെയിരിക്കെ ഒരു ഭീമാകാരനായ മൂഷികൻ‌ രാജ്ഞിയെ ആക്രമിക്കാൻ വന്നു. ആപത്തിൽ നിന്നും രക്ഷതേടി അവർ ഉള്ളുരുകി പ്രാർഥിച്ചു. അപ്പോൾ അവരുടെ കണ്ണിൽ നിന്നും അഗ്നി പുറപ്പെട്ട് ആ മൂഷികനെ ചുട്ടുകരിച്ചത്രേ. അപ്പോൾ മൂഷകൻ പർവ്വതരാജനായി പുനർജനിച്ച് റാണിയെ അനുഗ്രഹിച്ചു. തന്നെ പരീക്ഷിച്ച എന്നാൽ പിന്നെ അനുഗ്രഹിച്ച ആ മൂഷികനോടുള്ള കടപ്പാട് നിമിത്തം തൻറെ രാജ്യത്തിന് അവർ മൂഷകരാജ്യം എന്ന നാമം നൽകി.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ രാജ്ഞി ഒരു ആൺകുഞ്ഞിന് ജന്മംനൽകി. ആ കുഞ്ഞാണ് മൂഷികവംശത്തിലെ പ്രഥമ ചക്രവർത്തിയായ രാമഘടമൂഷികൻ‌. ഭരണനൈപുണ്യംകൊണ്ടും യുദ്ധസാമർത്ഥ്യം കൊണ്ടും അദ്ദേഹം കീർത്തികേട്ടു. അദ്ദേഹം ഭരിച്ച പ്രദേശം എന്നത്തിൽ നിന്നാണ് ഏഴിമല സ്ഥിതിചെയ്യുന്ന ഭൂപ്രേദേശത്തിന് പിൽക്കാലത്ത് രാമന്തളി( രാമൻ തളിച്ച ദേശം) എന്ന പേര് സിദ്ധിച്ചത്‌.

വാകമരത്തെ രാഷ്ട്രവൃക്ഷമാക്കി,

വാകപ്പൂക്കുലയും ചങ്ങലവട്ടയും രാജകീയ മുദ്രയാക്കി, നാന്ദകം ഉടവാളാക്കി

ഏഴിമലനന്ദനൻ, ഉഗ്രൻ, ഉഗ്രധന്വാവ്, സിംഹസേനൻ, ചന്ദ്രവർമ്മ തുടങ്ങിയ രാജാക്കന്മാർ രാമഘടമൂഷികന് ശേഷം മൂഷികരാജ്യം ഭരിച്ചു. പക്ഷേ മൂഷികവംശത്തിൻറെ സ്ഥാപണത്തിന് ആദിയും ആധാരവുമായ മാഹിഷ്മതി രാജ്ഞി എന്ന മഹതി വിസ്മരിക്കപ്പെട്ടു.

കാലങ്ങൾ പിന്നെയും കഴിഞ്ഞു, . മൂഷികവംശത്തിന്റെ ആസ്ഥാനം എഴിമലയിൽ നിന്നും വളപട്ടണത്തെക്ക് പറിച്ചുമാറ്റപ്പെട്ടു. പിന്നേയും അനേകം പേർ വംശം ഭരിച്ചു. പിൽക്കാലത്ത് ഇവരിൽ ഏതോ ഒരു രാജാവിന് , തങ്ങളുടെ വംശത്തിന് കാരണഭൂതയായ മാഹിഷ്മതി രാജ്ഞിയാം മാതാവിനെ സർവ്വരും മറന്നതിൽ കുറ്റബോധം തോന്നി. അതിൻറെ പ്രായശ്ചിത്തമായി , ആ മാതാവിനെ (നന്ദയെ) കോലം കെട്ടിയാടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുശേഷമാണത്രെ തായ് പരദേവതയെ കോലം കെട്ടിയാടിക്കാൻ തുടങ്ങിയത്.

തായിപ്പരദേവതയുടെ കോലം കെട്ടിയാടുന്നത് സാധാരണയായി വണ്ണാൻ സമുദായക്കാരാണ് .അഞ്ഞൂറ്റാൻമാരും കെട്ടിയാടാറുണ്ട്. അഷ്ടമച്ചാൽ ഭഗവതി, കളരിയാൽ ഭഗവതി,,വീരഞ്ചിറ ഭഗവതി തുടങ്ങി അതതു കാവുകളുടെയും ഗ്രാമങ്ങളുടെയും പേരുചേർത്ത് ഈ ഭഗവതിയെ വിവിധ സങ്കല്പങ്ങളിൽ കെട്ടിയാടിക്കാറുണ്ട്.

ഏറ്റവും ഉയരമേറിയ തിരുമുടി തായിപ്പരദേവതയുടെതാണ് .[അവലംബം ആവശ്യമാണ്] പ്രാക്കെഴുത്ത് ആണ് മുഖത്തെഴുത്ത്‌.അരച്ചമയത്തിന് വിതാനത്തറ എന്നു പേര്. മുള കൊണ്ട് നിർമ്മിച്ച തിരുമുടിയിൽ ചുവപ്പും കറുപ്പും നിറങ്ങളിൽ വരകളുള്ള വെളുത്ത തുണി പൊതിഞ്ഞ് അലങ്കരിച്ചിട്ടുണ്ടാകും. ചുകന്നമ്മ ,നീലിയാർ ഭഗവതി എന്നിവരുടെ തിരുമുടിയുമായി വളരെ സാമ്യമുണ്ട്. നീളമുടി എന്ന് അറിയപ്പെടുന്നു ഈ തിരുമുടി.വെള്ളികൊണ്ടുള്ള എകിറ് (ദംഷ്ട്ര )യും വേഷത്തിന്റെ ഭാഗമാണ്.വാളും ഏറെക്കുറെ ചതുരാകൃതിയിലുള്ള പരിചയുമാണ്‌ തിരുവായുധങ്ങൾ .തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയിൽ വാദ്യഘോഷങ്ങൾ നിർത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:

"https://ml.wikipedia.org/w/index.php?title=തായിപ്പരദേവത&oldid=3931408" എന്ന താളിൽനിന്ന് ശേഖരിച്ചത്