Jump to content

തലതൊട്ടപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രൈസ്തവ സഭയിൽ മാമ്മോദീസ (ജ്ഞാനസ്നാനം) സമയത്ത് സ്നാനാർഥിയുടെ ആത്മീയ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വ്യക്തിയെ വിശേഷിപ്പിക്കുന്ന നാമമാണ് തലതൊട്ടപ്പൻ (God Father).

നിലവിൽ സ്നാനം ഏറ്റിട്ടുള്ളവർക്കും ക്രൈസ്തവ സഭാവിശ്വാസത്തിൽ ഉറച്ചു നില്ക്കുന്നവർക്കും മാത്രമേ ഇതിന് അനുവാദമുള്ളൂ. ഈ സ്ഥാനം വഹിക്കുന്ന സ്ത്രീ 'തലതൊട്ടമ്മ' (God mother) എന്നറിയപ്പെടുന്നു. മലയാളത്തിൽ 'ജ്ഞാനമാതാപിതാക്കന്മാർ'(God parents) എന്നും ഇവരെ വിളിക്കാറുണ്ട്. ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന കുഞ്ഞിനുവേണ്ടി പുരോഹിതന്റെ മുമ്പാകെ പ്രതിജ്ഞ എടുക്കുന്നത് ജ്ഞാനമാതാപിതാക്കന്മാരാണ്. ശിശുക്കളെ സ്നാനത്തിനായി കൊണ്ടുവരുന്നവർ, അവർ സ്നാനത്തിൽ സ്വീകരിക്കുന്ന വിശ്വാസത്തെ ഏറ്റു പറയുവാനും അവരെ ക്രിസ്തുവിന്റെ വഴിയിലൂടെ വളർത്തിക്കൊണ്ടു വരാമെന്ന് വാഗ്ദാനം ചെയ്യുവാനും ബാധ്യസ്ഥരാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തിൽ വിശ്വാസം അർപ്പിച്ചു ജീവിക്കുന്നതിനു വേണ്ട മാർഗനിർദ്ദേശം നല്കാമെന്ന് തലതൊടുന്നവർ പുരോഹിതന്റെ മുമ്പാകെ വാഗ്ദാനം ചെയ്യണം. സാത്താനെ ഉപേക്ഷിച്ച് ദൈവത്തിൽ വിശ്വസിച്ച് അനുസരണയോടെ ജീവിക്കുവാൻ ശിശുവിന് തങ്ങൾ മാതൃകയായിരിക്കും എന്ന് തലതൊട്ടപ്പനും തലതൊട്ടമ്മയും പ്രതിജ്ഞ ചെയ്യണം. ജ്ഞാനസ്നാനത്തിനായി കൊണ്ടുവന്നിരിക്കുന്ന ശിശു വളർന്ന് വിശുദ്ധ കുർബാന സ്വീകരണത്തിന് അർഹനാ(യാ)കുന്ന പ്രായംവരെ അവന്റെ (അവളുടെ) ആത്മീയജീവിത്തിന്റെ മേൽനോട്ടം ജ്ഞാനമാതാപിതാക്കന്മാർ വഹിക്കണമെന്ന് ചട്ടങ്ങൾ അനുശാസിക്കുന്നു. യഥാകാലം ആദ്യ കുർബാന സ്വീകരണം നിർവഹിക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും ജ്ഞാനമാതാപിതാക്കൾ തന്നെയാണ്.

ആചാരത്തിനു പിന്നിൽ

[തിരുത്തുക]

അപരിചിതരെ മതത്തിൽ ചേർക്കുമ്പോൾ മധ്യസ്ഥരായി ആരെയെങ്കിലും വയ്ക്കുന്ന പതിവ് യെഹൂദ മതത്തിലാണ് ആരംഭിച്ചതെന്നും അതിന്റെ ചുവടുപിടിച്ചാണ് 'തലതൊടുക' എന്ന ആചാരം നിലവിൽ വന്നതെന്നും കരുതപ്പെടുന്നു. 'തലതൊടുക' എന്ന ആശയത്തോട് മിക്കവാറും എല്ലാ ക്രൈസ്തവ സഭകളും യോജിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീ��ിക്ക് ചില വ്യത്യാസങ്ങൾ കാണാം. ആംഗ്ലിക്കൻ സഭയിൽ ആൺകുഞ്ഞിനു വേണ്ടി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ പെൺകുഞ്ഞിനുവേണ്ടി രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് അപ്രകാരം ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും ആയാലും മതി എന്നൊരു സഭാനിയമം 1969-ൽ ആംഗ്ലിക്കൻ സഭയിൽ നടപ്പിൽവന്നിട്ടുണ്ട്. എങ്കിലും പൊതുവേ ആദ്യത്തെ രീതിയാണ് ഇപ്പോഴും തുടർന്നു വരുന്നത്. കത്തോലിക്കാ സഭയിൽ ഒരു കുഞ്ഞിനുവേണ്ടി ഒരു പുരുഷനും ഒരു സ്ത്രീയും വാഗ്ദാനം നടത്തുകയാണ് പതിവ്. യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ സഭാവിഭാഗങ്ങളിൽ ആൺകുഞ്ഞിന് ഒരു ജ്ഞാനപിതാവും പെൺകുഞ്ഞിന് ഒരു ജ്ഞാനമാതാവും മതിയാകും.

ജ്ഞാനസ്നാന സമയത്ത് സ്ഥലത്ത് എത്തിച്ചേരാൻ തല തൊടുന്നവരിൽ ആർക്കെങ്കിലും തക്കതായ കാരണത്താൽ ബുദ്ധിമുട്ടുണ്ടായാൽ ചടങ്ങിന്റെ സമയത്ത് അവർക്കുവേണ്ടി മറ്റാർക്കെങ്കിലും വാഗ്ദാന നിർവഹണം നടത്താം. ചില പാശ്ചാത്യ രാജ്യങ്ങളിൽ ജ്ഞാനസ്നാനത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കപ്പെടുന്ന ശിശുക്കൾ വളർന്ന് വിവാഹപ്രായമെത്തുമ്പോൾ അവരുടെ വിവാഹ നിശ്ചയച്ചടങ്ങിന്റെ (engagement) മേൽനോട്ടം ജ്ഞാനമാതാപിതാക്കൾ വഹിക്കുന്ന പതിവുണ്ട്.

കലാസാഹിത്യ രംഗങ്ങളിലോ ബിസ്സിനസിലോ നവാഗതനായ ഒരാൾക്ക് അതതു മേഖലയിലെ മുതിർന്ന ഒരാൾ പ്രോത്സാഹ നവും പിന്തുണയും നല്കിയാൽ അയാളെ അപരന്റെ 'ഗോഡ് ഫാദർ' എന്നു വിളിക്കാറുണ്ട്. സംഘം ചേർന്ന് ഭക്ഷണ ശാലകളും മറ്റും സന്ദർശിക്കുമ്പോൾ കൂട്ടത്തിൽ ഒരാളെ അന്നത്തെ ചെലവുകൾ വഹിക്കാൻ മറ്റുള്ളവർ ഏർപ്പെടുത്തുന്നു. അയാളേയും 'ഗോഡ് ഫാദർ' എന്ന് പരാമർശിക്കാറുണ്ട്. അങ്ങനെ ആത്മീയേതര മേഖലകളിലും 'തലതൊട്ടപ്പൻ' അഥവാ 'ഗോഡ് ഫാദർ' എന്ന വാക്കിന് പ്രസക്തി സിദ്ധിച്ചിരിക്കുന്നു. മുതിർന്ന വ്യക്തി, നേതാവ് എന്നീ നൂതനാർത്ഥങ്ങളും ഈ പദത്തിന് ഈയിടെ ലഭിച്ചിട്ടുള്ളതായി കാണുന്നു.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലതൊട്ടപ്പൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലതൊട്ടപ്പൻ&oldid=2283202" എന്ന താളിൽനിന്ന് ശേഖരിച്ചത്