Jump to content

ജനനാട്യമഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൽഹി ആസ്ഥാനമായി 1973-ൽ രൂപീകരിച്ച ജനകീയ തെരുവുനാടകസംഘമാണ് ജനനാട്യമഞ്ച്. നാട്യമഞ്ച് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. അരങ്ങ് ജനങ്ങളുടെ അടുത്തേക്ക് എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യൻ പീപ്പിൾസ് തിയെറ്റർ അസ്സോസിയേഷൻ എന്ന സംഘടനയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ഉദ്ഭവം. ചൂഷണം ചെയ്യപ്പെടുന്ന വ്യാവസായിക തൊഴിലാളികളുടെ ജീവിതചക്രം രംഗത്ത് അവതരിപ്പിക്കുന്നതായിരുന്നു ആദ്യനാടകം. ജനകീയാഭിപ്രായങ്ങളും, പ്രതികരണങ്ങളും അവതരിപ്പിക്കുക വഴി നാട്യമഞ്ച് തെരുവ് നാടകങ്ങളെ ജനകീയവത്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

തെരുവ് നാടകത്തിനിടെ ഗുണ്ടകളാൽ കൊല്ലപ്പെട്ട സഫ്‌ദർ ഹാഷ്മിയാണ് ജനനാട്യമഞ്ചിന്റെ സ്ഥാപകരിലൊരാൾ. ജന നാട്യ മഞ്ചിന്റെ 60-ഓളം തെരുവ് നാടകങ്ങൾ 8000-ഓളം വേദികളിൽ അവതരിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ജന നാട്യ മഞ്ചിന്റെ നാടകങ്ങൾ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും ജനം(Janam) എന്ന ചെറുനാമധേയത്തിൽ അറിയപ്പെടുന്ന ഈ സംഘം തങ്ങളുടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

നാടക പ്രമേയങ്ങൾ

[തിരുത്തുക]

വിലക്കയറ്റം, വർഗീയത, സാമ്പത്തികനയങ്ങൾ, തൊഴിലില്ലായ്മ, തൊഴിലവകാശങ്ങൾ, സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസ അവകാശങ്ങൾ, ആഗോളവത്കരണം തുടങ്ങിയ വിഷയങ്ങളാണ് നാടകാവിഷ്കാരങ്ങളിൽ മുഖ്യപ്രമേയങ്ങളായത്. ഈ തെരുവരങ്ങ് തൊഴിലാളികൾക്കും, സാമൂഹ്യപ്രവർത്തകർക്കും വിപ്ളവകാരികൾക്കും ഒരു സുപ്രധാന മാധ്യമമായിരുന്നു.

ചരിത്രം

[തിരുത്തുക]

1988 മുതൽ സംഘം തെരുവിലും സ്ഥിരം വേദികളിലും നാടകം അവതരിപ്പിക്കാൻ തുടങ്ങി. 1993-ൽ ദ്വിഭാഷാനാടകവേദി, 1997-ൽ സഞ്ചരിക്കുന്ന നാടകവേദി എന്നിവ രൂപവത്കരിച്ചു. സെമിനാറുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ എന്നിവയും സംഘത്തിന്റെ ചുമതലയിൽ സംഘടിപ്പിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾക്കൊന്നും കോർപ്പറേറ്റ്-സ്റേറ്റ് ഫണ്ടിംങ് സ്വീകരിക്കാറില്ല. സംഘത്തിലെ അംഗങ്ങളുടെ സംഭാവന മാത്രമാണ് കൈമുതൽ. ക്ളാസ്സിക് നാടകങ്ങൾ 2001 മുതൽ അവതരിപ്പിക്കാൻ തുടങ്ങി.

നാടകങ്ങൾ

[തിരുത്തുക]

ആസാദി നെ ജാബ് ദസ്തക് ദി എന്ന ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തപ്പെട്ട ചിറ്റഗോംഗ് കലാപം പ്രമേയമാക്കിയതായിരുന്നു. 2004 ജനുവരിയിൽ അവതരിപ്പിച്ച ബുഷ്കാ മത്ലാബ് ജാദി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാട്ടുനീതിയെ ചോദ്യം ചെയ്യുന്നതായിരുന്നു. ജാതിസമ്പ്രദായം കേന്ദ്രപ്രമേയമാക്കി 2004 അവസാനം ശംഭുകവധം എന്ന നാടകം അരങ്ങേറി.

പൃഥ്വിതിയെറ്റർ (മുംബൈ), നാഷണൽ സ്കൂൾ ഒഫ് ഡ്രാമ (ന്യൂ ഡൽഹി), സഹിത്യകലാപരിഷത്ത് (ന്യൂഡൽഹി), സംഗീതനാടക അക്കാദമി (കേരള), നാട്യഅക്കാദമി (ബംഗാൾ) എന്നീ സ്ഥാപനങ്ങൾ നടത്തിയ നാടകോത്സവങ്ങളിൽ നാട്യമഞ്ച് പങ്കെടുത്തിട്ടുണ്ട്. സംഘത്തിന്റെ അരങ്ങ് എപ്പോഴും വിപ്ളവകാരികൾക്കും പുരോഗമനജനാധിപത്യപ്രസ്ഥാനങ്ങൾക്കും ആവേശം പകരുന്നതായിരുന്നു. ശാസ്ത്രീയവും മതനിരപേക്ഷവും ജനാധിപത്യപരവുമായ സാംസ്കാരിക മൂല്യങ്ങളെ പരിപോഷിപ്പിക്കുവാൻ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പുരോഗമന രാഷ്ട്രീയത്തോടുള്ള പക്ഷപാതിത്വം തന്നെയാണ് നാട്യമഞ്ചിന്റെ വ്യക്തിത്വവും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ ��്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാട്യമഞ്ച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജനനാട്യമഞ്ച്&oldid=1696909" എന്ന താളിൽനിന്ന് ശേഖരിച്ചത്