Jump to content

ചൈനീസ് ജ്യോതിഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദുൻഹാങ് നക്ഷത്ര ചാർട്ട്. വടക്കൻ ചൈനയിൽ നിന്ന് കണ്ടെടുത്ത ആദ്യകാല നക്ഷത്ര ചാർട്ടുകളിലൊന്ന്.

ജ്യോതിഃശാസ്ത്രത്തിന്റെ രംഗത്ത് വളരെ നീണ്ട ചരിത്രമുള്ള രാജ്യമാണ് ചൈന. [1] അൻയാങിൽ നിന്നും ലഭിച്ച പുരാവസ്തു ലിഖിതങ്ങളിൽ നിന്നും ഇവർ ബി.സി.ഇ 14-ാം നൂറ്റാണ്ടിൽ തന്നെ നക്ഷത്രങ്ങളെ ഗണങ്ങളായി തിരിച്ചതിനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെ പിന്നീട് 28 സൗധങ്ങളായി ചൈനക്കാർ കണക്കാക്കി. ചാന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരുന്നു ഇവ.[2]

ബി.സി.ഇ. 3,4 നൂറ്റാണ്ടുകളിൽ നിന്നാണ് ജ്യോതിഃശാസ്ത്ര നിരീക്ഷണങ്ങളെ കുറിച്ചുള്ള വിശദമായ രേഖകൾ കിട്ടുന്നത്. ക്രാന്തിവൃത്തത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിദ്ധാന്തങ്ങളല്ലായിരുന്നു ചൈനീസ് ജ്യോതിഃശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ചത്. പകരം ധ്രുവത്തെ ചുറ്റിക്കറങ്ങുന്ന നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരുന്നു. ഭൂമിശാസ്ത്രപരമായ ചൈനയുടെ സ്ഥാനം ഇത്തരത്തിലുള്ള പഠനങ്ങൾക്കേ അക്കാലത്തു സാഹചര്യമൊരുക്കിയിരുന്നുള്ളു.[3]

സി.ഇ. 25-220 കാലത്ത് പിൽക്കാല ഹാൻ രാജവംശം ഭരണം നടത്തിയിരുന്നപ്പോഴാണ് ഇന്ത്യയിൽ നിന്നും ബുദ്ധമതം ചനയിലേക്ക് വ്യാപിച്ചത്. ഈ ബുദ്ധഭിക്ഷുക്കളിലൂടെ ഭാരതീയ ജ്യോതിഃശാസ്ത്രവും ചൈനയിലെത്തി. ഇവരിൽ നിന്നും കുറെ കാര്യങ്ങൾ ചൈനീസ് ജ്യോതിഃശാസ്ത്രജ്ഞർ ഉൾക്കൊണ്ടു. എന്നാൽ വിപുലമായ തോതിൽ ഭാരതീയ ജ്യോതിഃശാസ്ത്രത്തിൽ സ്വീകരണങ്ങൾ നടന്നത് താങ് രാജവംശത്തിന്റെ കാലത്തായിരുന്നു. ഈ കാലത്ത് നിരവധി ഇന്ത്യൻ പണ്ഡിതന്മാരെ ചൈനീസ് തലസ്ഥാനത്തേക്കു ക്ഷണിച്ചുവരുത്തി. യുവാൻ രാജവംശത്തിന്റെ കാലത്ത് ഇസ്ലാമിക ജ്യോതിഃശാസ്ത്രവുമായും ചൈനീസ് പണ്ഡിതന്മാർ ബന്ധം പുലർത്തി. തുടർന്നു വന്ന മിംങ് രാജവംശം കാലം ചൈനീസ് ജ്യോതിഃശാസ്ത്രത്തിന്റെ തളർച്ചയുടെ കൂടി കാലമായിരുന്നു. പിന്നീട് ജസ്യൂട്ട് സംഘങ്ങളിലൂടെയാണ് പാശ്ചാത്യ ജ്യോതിഃശാസ്ത്രം ചൈനയിലേക്കെത്തുന്നതും ആധുനിക ജ്യോതിശാസ്ത്രത്തിന് തുടക്കമിടുന്നതും. പതിനേഴാം നൂറ്റാണ്ടിലാണ് ദൂരദർശിനി ചൈനയിലെത്തുന്നത്. ക്വിങ് രാജവംശം ഭരണത്തിലിരിക്കുമ്പോൾ 1669ൽ ജസ്യൂട്ട് മിഷനറിയായെത്തിയ ഫെർഡിനന്റ് വെർബീസ്റ്റിന്റെ നേതൃത്വത്തിൽ പീക്കിങ് ഓബ്സർവേറ്ററി പുതുക്കി പണിതു. ഇന്ന് ചൈന നിരവധി നിരീക്ഷണാലയങ്ങളും സ്വന്തമായ ബഹിരാകാശ പദ്ധതികളുമുള്ള ഒരു രാജ്യമാണ്.

അവലംബം

[തിരുത്തുക]
  1. Needham, Volume 3, p.171
  2. Needham, Volume 3, p.242
  3. Needham, Volume 3, p.172-3