Jump to content

ചിറ്റമൃത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Tinospora cordifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. cordifolia
Binomial name
Tinospora cordifolia
(Thunb.) Miers
Synonyms

ഗുഡൂചി, ഗുളൂചി, അമൃത് (സം.)
ഗിലോ, ഗുളഞ്ച (ബംഗാളി)
ഗ���ലോയ(ഹി.)
ഗഡോ, ഗളോ(ഗുജ.)
ഗുൾവെൽ(മറാഠി)
ദുയുന്തിഗെ, ടെപ്പടികെ(തെലു.)

അമൃത്
സംസ്കൃതത്തിലെ പേര്ഗുളൂചി
വിതരണംഇന്ത്യയിലെ ഉഷ്ണമേഖലാവനങ്ങൾ
രാസഘടങ്ങൾബെർബെറിൻ,കാണ്ഡത്തിൽ ഗ്ലൂചിസത്ത്
രസംതിക്തം,കടു
ഗുണംഉഷ്ണം,സ്നിഗ്ധം,ലഘു
വീര്യംഉഷ്ണം
വിപാകം‍മധുരം
ഔഷധഗുണംശരീരതാപം ക്രമീകരിക്കും,രക്തശുദ്ധി,ദഹനശക്തി,ധാതുപുഷ്ടി,ചർമരോഗം,വാതരക്തം,പ്രമേഹം


ഹാർട്ട്‌ലീഫ് മൂൺ സീഡ് Heartleaf moon seed എന്ന ആംഗലേയ നാമവും, മെനിസ്പെർമേസീ കുടുംബത്തിലെ റ്റീനോസ്പോറ കോർഡിഫോലിയ (Tinospora cordifolia) എന്ന ശാസ്ത്ര നാമവുമുള്ള അമൃത്, ശ്രീലങ്ക, ഇൻഡ്യ എന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്[1]. രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതം.[1][2][3][1]. അമൃതിന്റെ ഇലകളിൽ 11.2% മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്.[2][3] സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു.ആയുർവേദ ഔഷധങ്ങളിൽ ഏറ്റവും കൂടുതൽ പഠനം നടന്ന ഒരു സസ്യം കൂടിയാണ് അമൃത്. ശാസ്ത്രീയമായ പഠനങ്ങൾ കാണിക്കുന്നത് അമൃതിൽ അടങ്ങിയ പല രാസ പദാർഥങ്ങളും കരളിന് കാര്യമായ തകരാറ് വരുത്തും എന്ന് തന്നയാണ്.[4][5]

തരങ്ങൾ

[തിരുത്തുക]

കാട്ടമൃത് റ്റീനോസ്പോറ മലബാറിക്ക ചിറ്റമൃതിനേക്കാൾ വലിയ ഇലകൾ, ഇളം തണ്ടിലും ഇലകളുടെ അടിവശത്തും വെള്ള രോമങ്ങൾ കാണുന്നു.[1].

  • കിഴങ്ങിൽ നിന്ന് മുളച്ചു വരുന്ന തരം ചിറ്റമൃതിന് കന്ദോത്ഭവ, കന്ദാമൃതാ, പിണ്ഡഗുളൂചിക തുടങ്ങിയ പര്യായങ്ങളുമുണ്ട്.[6]

പ്രത്യേകതകൾ

[തിരുത്തുക]
ചിറ്റമൃതിന്റെ പഴുത്ത കായ്കൾ

കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തിൽ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാൽ നല്ല പച്ചനിറമായിരിക്കും. ആകൃതിയിൽ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു. കാട്ടമൃതിന്റെ (ടി. മലബാറിക���ക) ഇല വലിപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളരോമങ്ങളുണ്ട്. അമൃതിന്റെ വള്ളിയുടെ ഒരു കഷ്‌ണം മുറിച്ച്‌ ഏതെങ്കിലും മരക്കൊമ്പിൽ വച്ചിരുന്നാൽ ഒരറ്റത്തുനിന്നും വേരു പതിയെ താഴോട്ടു വളർന്ന് മണ്ണിലെത്തി പുതിയ ചെടി ഉണ്ടായി വരും. അതോടൊപ്പം തന്നെ മറ്റേ അറ്റത്ത്‌ ഇലകൾ മുളച്ചും വരും.

ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; കാട്ടമൃതും ഉപയോഗിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്. പാലാഴിമഥനത്തിൽകിട്ടിയ അമൃതം ഏതാനും തുള്ളികൾ സന്ദർഭവശാൽ ഭൂമിയിൽ വീഴാൻ ഇടയായെന്നും, അവ മുളച്ചുവളർന്നുണ്ടായതാണ് ഈ ചെടിയെന്നും ഒരു ഐതിഹ്യം ഉണ്ട്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :തിക്തം, കടു

ഗുണം :ഉഷ്ണം, സ്നിഗ്ധം,ലഘു

വീര്യം :ഉഷ്ണം

വിപാകം :മധുരം [7]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

തണ്ട്[7]

ആയുർവേദ ഉപയോഗങ്ങൾ

[തിരുത്തുക]

ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു. മൂത്രാശയ രോഗങ്ങളിലും ആമാശയ രോഗങ്ങളിലും കരൾ സംബന്ധിയായ രോഗങ്ങളിലും ത്വക് രോഗങ്ങളിലും മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു.[3] തണ്ടിൽ നിന്ന് നിർമ്മിക്കുന്ന അരിഷ്ടം ലൈംഗികശേഷി വർദ്ധിപ്പിക്കും.[6][2] അമൃതാദി എണ്ണ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.[8]

ആയുർവേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കടുത്ത കയ്പുള്ള അമൃത് പചിച്ചുകഴിഞ്ഞാൽ മധുരരസമായിത്തീരുന്നു. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്]

കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.[അവലംബം ആവശ്യമാണ്]


സംസ്കൃത നാമം :-

ഗുളൂചി, ഛിന്നാരുഹ , ഛിന്നോൽഭവ , വൽസാദനി , കുണ്ടലിനാ, അമൃത വല്ലി, അമൃത ലതിക, ഭിഷക് പ്രിയ , മധുപർണി


  • അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂർ വെള്ളത്തിലിട്ടാൽ ഇവയുടെ നൂറ് കിട്ടും. ഒരൌൺസ് നൂറ് പത്തിരട്ടി വെള്ളത്തിൽ ചേർത്ത് 1-3 ഔൺസായി ഉപയോഗിച്ചാൽ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും.
  • രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികൾക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔൺസ് നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് 6 നേരം കഴിച്ചാൽ പനി മാറും.
  • വൃക്കരോഗങ്ങൾക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തിൽ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റൽ മാറ്റാൻ അമൃതിൻ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം.
  • വാതജ്വരം കുറയ്ക്കാൻ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങൾ സമം ചേർത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്.
  • ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീർക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേർത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും.
  • അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികൾക്കും ഉത്തമമാണ്.
  • അമൃതിൻ നീര്, നെല്ലിക്കാനീര്, മഞ്ഞൾപൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ ഉത്തമമാണ്.
  • അമൃതിൻ നീര് തേനിൽ ചേർത്തുപയോഗിക്കുന്നത് മൂത്രവർദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്.
  • അമൃതിൻ കഷായത്തിൽ കുരുമുളകുപൊടി ചേർത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്.
  • അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും.
  • അമൃതനീര് തേൻ ചേർത്തുപയോഗിച്ചാൽ ഛർ‍ദ്ദി കുറയും.
  • ദഹനക്കുറവുള്ളവർ അമൃതിൻ നീരിൽ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയിൽ വെണ്ണ പുരട്ടിയിട്ടാൽ കുരുക്കൾ പെട്ടെന്നും പഴുത്തു പൊട്ടും.
  • കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേർത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക.
  • പ്രമേഹത്തിനും വൃക്കരോഗങ്ങൾക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും.
  • അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔൺസ് വീതം സേവിച്ചാൽ പെരുമുട്ടുവാതം ശമിക്കും.
  • അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാൽ മൂത്രാശയരോഗങ്ങൾ ശമിക്കും. ‌
  • അമൃതിൻ നീരിൽ ചുക്കുപൊടി ചേർത്ത് സേവിച്ചാൽ നല്ല ദഹനം ലഭിക്കും.
  • അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞൾപൊടി ചേർത്തു കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാം.
  • അമൃതിൻ നീരും തേനും ചേർന്ന ലേപനം വ്രണങ്ങൾ ഉണക്കും [അവലംബം ആവശ്യമാണ്]
ഇലകൾ

ആധുനിക ഔഷധ ശാസ്ത്രം

[തിരുത്തുക]

അമൃതിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഘടകങ്ങൾ റ്റീനോകോർഡിഫോലിൻ tinocordifolin, റ്റീനോകോർഡിഫോലിയൊസൈഡ് tinocordifolioside, റ്റീനോസ്പോണോൺ tinosponone, റ്റീനോകോർഡിയോസൈഡ് tinocordioside, കോർഡിയോസൈഡ് cordioside, പൈക്രോരെറ്റിൻ picroretine, കൊളൊംബിൻ colombine, കൊളൂമ്പിൻ columbin, അറബിനോഗാലക്റ്റിൻ പോളീസാക്കറൈഡ് arabinogalactan polysaccharide തുടങ്ങിയവയാണ്[9][2]തണ്ടിൽ നിന്ന് വേർതിരിച്ചെടുത്ത അറബിനോഗാലക്റ്റിൻ പോളീസാക്കറൈഡ് എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധ പ്രക്രീയയെ അത്യന്തം വേഗത്തിലാക്കുന്നു[2]. ത്വക്കിനെ ബാധിക്കുന്ന അർബുദം മറ്റ് ശരീര ഭാഗങ്ങളിലേക്ക് രക്തത്തിൽ കൂടി പകരുന്നത് തടയുന്നതിന് ഈ ഘടകത്തിന് സാധിക്കുന്നു.[2]. മറ്റ് ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ പ്രമേഹരോഗികളുടെ കാലുകളിൽ ഉണ്ടാകുന്ന ത്വക്-രോഗങ്ങളും നേത്രരോഗങ്ങളും ശമിപ്പിക്കുകയും, മുറിവുകൾ ഉണങ്ങുവാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.[2][3]

പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ അമൃതിനു സാധിക്കും[3]

ചില ഘടകങ്ങൾ ആസ്പിരിൻ, ഇന്റോമെതാസിൻ പോലെയുള്ള ആധുനിക ഔഷധങ്ങളോടൊപ്പം തന്നെ ഫലം നൽകുന്ന വേദന സംഹാരിയായി കണ്ടെത്തിയിട്ടുണ്ട്[3]. അമൃതിലെ സ്ജീവഘടകങ്ങൾക്ക് വാർദ്ധക്യത്തെ തടയുവാനുള്ള ശേഷിയുണ്ട്[10]

ഔഷധ ഉപയോഗം (ആയുർവേദം)

[തിരുത്തുക]

അമൃതാരിഷ്ടം, ധന്വന്തരം തൈലം, ചെറിയ രാസ്നാദി കഷായം, വലിയ മർമ്മ ഗുളിക എന്നിവയിൽ ഉപയോഗിക്കുന്നു. [11]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 വി. വി. ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും; ഡി. സി. ബുക്സ് ISBN 81-713-0363-3
  2. 2.0 2.1 2.2 2.3 2.4 2.5 2.6 എൻസൈക്ലോപ്പീഡിയ ബ്രിട്ടാണിക്ക
  3. 3.0 3.1 3.2 3.3 3.4 3.5 ഇൻഡ്യൻ ജേണൽ ഒഫ് ഫാർമ്മക്കോളജി[പ്രവർത്തിക്കാത്ത കണ്ണി]
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; “ref4” എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. https://pubmed.ncbi.nlm.nih.gov/35037744/. https://pubmed.ncbi.nlm.nih.gov/37273324/.
  6. 6.0 6.1 അഷ്ടാംഗഹൃദയം, സൂത്രസ്ഥാനം; വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ; സാംസ്കാരിക വകുപ്പ്,(താളുകൾ 442-445)കേരള സർക്കാർ Archived 2021-03-09 at the Wayback Machine. ISBN 81-86365-06-0
  7. 7.0 7.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  8. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  9. മതർ ഹെർബ്
  10. VEENA R DESAI, J P KAMAT and K B SAINIS,Cell Biology Division, Bhabha Atomic Research Centre, Trombay; Immunomodulator from Tinospora cordifolia with antioxidant activity in cell-free systems;Indian Academy of Science (Chem. Sci.), Vol. 114, No. 6, December 2002, pp 713–719
  11. എം. ആശാ ശങ്കർ, പേജ്10 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമൃതവള്ളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചിറ്റമൃത്&oldid=4073678" എന്ന താളിൽനിന്ന് ശേഖരിച്ചത്