ഖസാക്കിന്റെ ഇതിഹാസം
കർത്താവ് | O.V. Vijayan |
---|---|
രാജ്യം | India |
ഭാഷ | Malayalam |
സാഹിത്യവിഭാഗം | Novel |
പ്രസിദ്ധീകൃതം |
|
പ്രസാധകർ | DC Books |
ISBN | 978-8171301263 |
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.[1][2][3]. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
ഒരെളിയ വായനക്കാരൻ എന്ന നിലയ്ക്ക് ഞാൻ പറയുന്നു ഇത് ഒരു പ്ലിങ്ങാസപരമായ കൃതിയാണ്.
കഥ എഴുതിയ പശ്ചാത്തലം
[തിരുത്തുക]ഒ.വി. വിജയൻ, സക്കറിയ, കാക്കനാടൻ, എം. മുകുന്ദൻ, വി.കെ.എൻ, തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാർ ദില്ലിയിൽ താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടി സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചർച്ചചെയ്യാറുണ്ടായിരുന്നു. പാരീസിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്ക് ഇടക്കുള്ള ഇടവേളയിൽ ഒട്ടനവധി അമേരിക്കൻ എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. (എസ്രാ പൗണ്ട്, ഏണസ്റ്റ് ഹെമ്മിംഗ്‌വേ തുടങ്ങിയവർ നഷ്ടപ്പെട്ട തലമുറ അഥവാ ലോസ്റ്റ് ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ. വിജയന്റെ സഹോദരിയായ ഒ.വി. ശാന്തയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ വിജയൻ അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്, എങ്കിലും കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
പുസ്തകം എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളിൽ വിജയൻ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു. കഥാന്ത്യത്തിൽ കഥാനായകൻ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ പോകുന്നതായിരുന്നു വിജയൻ ഉദ്ദ്യേശിച്ചിരുന്നതെങ്കിലും കാക്കനാടൻ ആണ്, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് എന്ന് കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഖസാക്കിൻ്റെ ഇതിഹാസത്തിന് മാതൃകയായ കൃതിയാണ് - വെങ്കിടേഷ് മാട് ഗുൽക്കർ മറാത്തിയിൽ എഴുതിയ ബങ്കർവാടി എന്ന് പ്രൊഫ.ജി.എൻ.പണിക്കരുടെ നീണ്ട ഗവേഷണ ലേഖനം ആരോപണം ഉന്നയിച്ചിരുന്നു.
പ്രസിദ്ധീകരണം
[തിരുത്തുക]1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു [4] 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്[5].
കഥാസാരം
[തിരുത്തുക]പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. ചെതലിമലയുടെ മിനാരങ്ങളിൽ കണ്ണുംനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച, പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സർക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയിൽ നിന്ന് കഥയാരംഭിക്കുന്നു. കഥയാരംഭിക്കുന്നു എന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല.കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലിൽ. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു.
രവി സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിക്കുന്നു. നാഗരികസംസ്കൃതിയുടെ അടയാളമായ ഏകാധ്യാപകവിദ്യാലയത്തിൽ കുട്ടികളെല്ലാം ചേരുന്നതോടെ ഗ്രാമത്തിലെ മതപാഠശാലയായ ഓത്തുപള്ളിയും അതിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപ്പിച്ചാമൊല്ലാക്കയും ഉപേക്ഷിക്കപ്പെടുന്നു. പിന്നീട് മൊല്ലാക്ക രവിയുടെ വിദ്യാലയത്തിലെ തൂപ്പുജോലിക്കാരനാവുന്നു (അദ്ദേഹം അത് നേരാം വണ്ണം ചെയ്യുന്നില്ലെന്നത് മറ്റൊരു കാര്യം). അധ്യാപകനായ രവി ആ ഗ്രാമത്തിലെ നാഗരികതയുടെ ശിലാസ്ഥാപകനാവുകയാണ്. ഖസാക്കിലെ ജീവിതത്തിൽ അയാൾ മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുക്കിളി, നൈജാമലി,മൈമുന, കുഞ്ഞാമിന തുടങ്ങി ഒരുപാട് ആളുകളുമായി പരിചയപ്പെടുന്നു. മൊല്ലാക്ക വളർത്തിയ അനാഥനായ നൈജാമലി മൊല്ലാക്കയുടെ മകളും അതിസുന്ദരിയുമായ മൈമുനയെ പ്രണയിച്ചതും മൊല്ലാക്ക മൈമുനയെ മുങ്ങാങ്കോഴി(ചുക്രു റാവുത്തർ)യെന്ന, മൈമുനയേക്കാൾ പ്രായമേറെ ചെന്ന രണ്ടാംകെട്ടുകാരന് വിവാഹം കഴിച്ചുകൊടുത്തതും അതിൽ പ്രതിഷേധിച്ച് നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെ ആയ ചരിത്രം ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിലെ പുതിയ മതപുരോഹിതനായ ഖാലിയാരാണ്.
ഖസാക്കിലെ ജീവിതത്തിൽ, രവിയുടെ ഓർമ്മകളിലൂടെ അയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ചിത്രം വ്യക്തമാവുന്നു. രോഗിയായ അച്ഛന്റെ രണ്ടാം ഭാര്യയുമായി അഗമ്യാഗമനത്തിൽ ഏർപ്പെട്ടതിലുള്ള കുറ്റബോധം നിമിത്തം മദിരാശിയിലെ ബിരുദ പഠനം പാതിവഴിയിലുപേക്ഷിച്ച്, പാപമോചനാർഥം പല നാടുകളിൽ അലഞ്ഞ് ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നതാണ് രവി. ഖസാക്കിൽ ഉള്ളിലെരിയുന്ന പാപബോധത്തിൽ കഴിയുമ്പോഴും അയാൾക്ക് അഭിനിവേശങ്ങൾ ഒഴിവാക്കാനാകുന്നില്ല. അത് ഖാസാക്കിന്റെ സ്ത്രീകളായ മൈമുനയിലേയ്ക്കും, കേശിയിലേയ്ക്കും പടരുന്നു. ഓരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കിക്കാണുന്നു. വിദ്യാഭ്യാസകാലത്തെ കാമുകിയായ, രവിയ്ക്ക് വേണ്ടി തന്റെ മനസ്സും ശരീരവും അനാഘൃതമായി സൂക്ഷിച്ച പദ്മയുടെ സ്നേഹവും ശരീരവും പോലും രവിക്ക് വിരസമായിത്തീരുന്നു. ജീവിതത്തിന്റെ അർഥങ്ങളെക്കുറിച്ചും അർഥശൂന്യതകളെക്കുറിച്ചും അയാൾ ചിന്തിക്കുന്നു. അയാൾ ആത്മനിരാസത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നു.
തന്റെ വിദ്യാർഥിനിയായ, ബാല്യത്തിന്റെ അവസാന പടവിലെത്തിയ നിഷ്ക്കളങ്കയായ കുഞ്ഞാമിന തന്റെ കൈകളിലേക്ക് ഋതുമതിയാവുമ്പോൾ പാപബോധവും പാപഭയവും രവിയെ ഉൽക്കടമായി പിടികൂടുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കുവാതിരിക്കുവാൻ രവി ഒടുവിൽ ഖസാക്ക് വിടുകയാണ്. ഖസാക്കിൽ നിന്ന് യാത്രയാകുവാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന രവി സർപ്പദംശനത്താൽ മൃതിയടയുന്നു. കാലവർഷത്തിൽ രവി ബസ് കാത്ത് കിടക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു. ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992
മനുഷ്യന്റെയുള്ളിലെ അസ്ത്വിത്വവിഷാദവും പാപബോധവുമാണ് ഈ നോവലിന്റെ അന്തർധാരയെന്ന് പൊതുവിൽ പറയാവുന്നതാണ്. പാപത്തിൽ നിന്ന് പാപത്തിലേയ്ക്കുള്ള പ്രയാണത്തിലൂടെ ജീവിതത്തിന്റെ അർഥങ്ങളന്വേഷിക്കുന്ന ഒരു പര്യവേഷകനാണ് ഖസാക്കിലെ രവി. സങ്കീർണമായ ഒരുപിടി മാനസികതലങ്ങൾ നമുക്ക് ഈ നോവലിൽ അനുഭവവേദ്യമാകും. പുണ്യപാപചിന്തകളാൽ മഥിക്കപ്പെടുന്ന രവി, പുണ്യപാപസങ്കൽപ്പങ്ങളെ അപ്രസക്തമാക്കുന്ന മൈമുന, വ്യവസ്ഥാപിത - ആത്മാർഥ പ്രണയത്തിന്റെ മാതൃകയായ പദ്മ, നിഷ്കളങ്കവും വിശുദ്ധവുമായ സ്നേഹത്തിന്റെ മൂർത്തഭാവമായ കുഞ്ഞാമിന, മന്ദബുദ്ധിയെങ്കിലും ജീവിതത്തിന്റെയും ജൈവരാശികളുടെയും വളർച്ചകളെക്കുറിച്ച് അനുവാചകനെ ബോധവാനാക്കുന്ന അപ്പുക്കിളി, “നിനക്ക് അച്ഛന്റെ തനിഛായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയിൽ നിന്ന് ഈഡിപ്പസ് കോമ്പ്ലക്സ് കാരണം ഒളിച്ചോടുന്ന മാധവൻ നായർ .. അങ്ങനെ സ്നേഹത്തിന്റെയും ധർമ്മാധർമ്മങ്ങളുടെയും പുണ്യപാപസങ്കൽപ്പങ്ങളുടെയും, ജീവിതാർഥങ്ങളുടെയും വിവിധവശങ്ങൾ സന്ദേഹിയായ വിജയൻ ഖസാക്കിലൂടെ അന്വേഷിക്കുന്നു. ഇവയ്ക്കൊന്നും ലളിതമായ, സ്പഷ്ടമായ ഉത്തരങ്ങൾ വിജയൻ പക്ഷേ നൽകുന്നില്ല. കഥ വായനക്കാരന് വിടുന്ന, അവനെ കഥയുടെ അനന്തരമനനം ഏറ്റെടുക്കുവാൻ നിർബന്ധിതനാക്കുന്ന എഴുത്തിന്റെ മാന്ത്രികനിലയിൽ വിജയൻ നോവലിനെ പ്രതിഷ്ഠിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008. Khasakkinte ithihasam
ഖസാക്കിന്റെ ഇതിഹാസവും മലയാള നോവൽ സാഹിത്യവും
[തിരുത്തുക]1969-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. ഖസാക്കിലെ കരിമ്പനകളിൽ കാറ്റ് പിടിക്കുമ്പോൾ, ഈരച്ചൂട്ടുകൾ ബഹിരാകാശക്കപ്പലുകളിലെ സന്ദേശവാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോൾ, ഒക്കെ മലയാളി അത് കൗതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്നു. അപരിചിതമായ വാക്കുകളും ശൈലികളും ഖസാക്കിൽ അവർ കണ്ടു. പുതുമയും പൂർണതയുമാർന്ന ബിംബങ്ങൾ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. പ്രൗഢവും കുലീനവുമായ ഒരു നോവൽ ഭാഷ ഖസാക്കിൽ ഉടലെടുത്തു. ആ ഭാഷ മലയാളത്തിന്റെ പുതിയ സാഹിത്യതലമുറയിൽ പുതിയൊരു ഭാഷാവബോധവും ശൈലീതരംഗവും സൃഷ്ടിച്ചു. ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടന്നു.
പ്രമേയപരമായി ഖസാക്ക് മലയാളസാഹിത്യത്തിൽ നടത്തിയ വിപ്ലവമായിരുന്നു ഭാഷാപരമായ വിപ്ലവത്തേക്കാൾ മാരകം. പരസ്ത്രീഗമനം നടത്തുന്ന, അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങൾ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാർ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലം വരെ ആദർശധീരരായ, നന്മയുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തിൽ പ്രധാനമായും വിരാജിച്ചിരുന്നത്. ആ ചരിത്രസന്ധിയിലേയ്ക്കാണ് രവിയെന്ന, തോന്നിയപടി ജീവിക്കുന്ന, അസന്മാർഗിയായ നായകൻ ധൈര്യപൂർവ്വം കയറിവന്നത്. ആദ്യമൊക്കെ മലയാളസാഹിത്യലോകമപ്പാടെ അന്ധാളിച്ച് പോയി. പുതിയ സത്യങ്ങൾ ഉൾക്കൊള്ളാൻ മടിച്ച്, ഖസാക്കിനെതിരെ, രവിക്കെതിരെ, വിജയനെതിരെ അന്ന് വാളെടുത്തവരിൽ അന്നത്തെ യാഥാസ്ഥിതികരായ പല സാഹിത്യരാജാക്കന്മാരുമുണ്ടായിരുന്നു (ആധുനികരായ മാധവിക്കുട്ടി, അയ്യപ്പപ്പണിക്കർ എന്നിവർ പോലും പുസ്തകത്ത അനുകൂലിച്ചു പറഞ്ഞില്ല) ഖസാക്കിനെ ഉൾക്കൊള്ളാൻ സാഹിത്യസമൂഹവും വായനാസമൂഹവും അൽപ്പം സമയമെടുത്തു. പക്ഷേ പിന്നീട് മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറ ഖസാക്കിനെ ആവേശപൂർവ്വം സ്വീകരിച്ചു നെഞ്ചേറ്റി. ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. വിശകലനത്തിനും വിമർശനത്തിനും ഗവേഷണത്തിനും ഖസാക്ക് ആവർത്തിച്ച് വിധേയമായി. ഖസാക്കിലെ താത്വികചിന്തകൾക്ക് പുതിയ മാനങ്ങൾ കൽപ്പിക്കപ്പെട്ടു. ഖസാക്ക് മാറ്റത്തിന്റെ പതാകയായി മലയാളസാഹിത്യത്തിൽ ഉയർന്നുനിന്നു. അതിന്റെ തണലിൽ പുതിയ എഴുത്തുകാർ ധൈര്യത്തിന്റെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെയും പുതിയ തുരുത്തുകൾ കണ്ടെത്തി. അങ്ങനെ മലയാളനോവൽ സാഹിത്യം “ഖസാക്ക് പൂർവ്വമെന്നും ഖസാക്കാനന്തരമെന്നും” രണ്ടായി വിഭജിക്കപ്പെട്ടു.
“ഖസാക്കിന്റെ ഇതിഹാസം” പോലെയോ അതിനേക്കാളോ ഭാഷയിലും പ്രമേയത്തിലും ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നോവൽ എഴുതാൻ ഒ.വി.വിജയൻ ഉൾപ്പെടെ ഒരു നോവലിസ്റ്റിനും സാധിച്ചിട്ടില്ലെന്ന് സാഹിത്യനിരൂപകർ സാക്ഷ്യം ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ഖസാക്ക് മലയാളനോവൽ സാഹിത്യചരിത്രത്തിലെ ഉദാത്തരചനയായി നിലകൊള്ളുന്നു. [6]
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- ഓടക്കുഴൽ പുരസ്ക്കാരം (1970)
- മുട്ടത്തുവർക്കിസ്മാരകസാഹിത്യപുരസ്ക്കാരം (1992)
മറ്റു കണ്ണികൾ
[തിരുത്തുക]വിവരണം
[തിരുത്തുക]- ↑ "O. V. Vijayan" (in ഇംഗ്ലീഷ്). Berlin: International Literature Festival. Archived from the original on 2005-12-19. Retrieved 2009-01-01.
- ↑ "Khasakkinte Ithihasam (Legends of Khasak) by O.V. Vijayan – Book Review" (in ഇംഗ്ലീഷ്). Kerala Tips. 2008-06-28. Archived from the original on 2009-10-19. Retrieved 2009-01-01.
- ↑ Shobha Warrier (2009-03-30). "Vijayan: Guru of a whole generation" (in ഇംഗ്ലീഷ്). ചെന്നൈ: Rediff.com. Retrieved 2009-01-01.
- ↑ ഖസാക്കിന്റെ ഇതിഹാസം നോവൽ, S.P.C.S.1986
- ↑ ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992
- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഖസാക്കിന്റെ ഇതിഹാസം നാൽപ്പതാം വാർഷിക പ്രത്യേക പതിപ്പ്, 2008.