കെ. കരുണാകരൻ
കെ. കരുണാകരൻ | |
---|---|
കേരളത്തിന്റെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിനഞ്ചാമത്തെയും മുഖ്യമന്ത്രി | |
ഓഫീസിൽ മാർച്ച് 25, 1977 - ഏപ്രിൽ 25, 1977 ഡിസംബർ 28, 1981 - മാർച്ച് 17, 1982 മേയ് 24, 1982 - മാർച്ച് 25, 1987 ജൂൺ 24, 1991 - മാർച്ച് 16, 1995 | |
മുൻഗാമി | സി. അച്യുതമേനോൻ ഇ.കെ. നായനാർ കെ. കരുണാകരൻ എ.കെ. ആന്റണി |
പിൻഗാമി | എ.കെ. ആന്റണി കെ. കരുണാകരൻ ഇ.കെ. നായനാർ എ.കെ. ആന്റണി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണോത്ത് കരുണാകരമാരാർ ജൂലൈ 5, 1918 കണ്ണൂർ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 23 ഡിസംബർ 2010 തിരുവനന്തപുരം, കേരളം | (പ്രായം 92)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡി.ഐ.സി, എൻ.സി.പി |
പങ്കാളി | കല്യാണിക്കുട്ടി |
വസതിs | തൃശ്ശൂർ തിരുവനന്തപുരം |
പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരമാരാർ (ജനനം: 5 ജൂലൈ 1918; മരണം: 23 ഡിസംബർ 2010). നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. 2010 ഡിസംബർ 23-ന് 92-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി.[1]
ജീവിതരേഖ
[തിരുത്തുക]1918 ജൂലൈ 5-ന് മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കിഴക്കേക്കരമ്മൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. കുഞ്ഞിരാമമാരാർ, ബാലകൃഷ്ണമാരാർ, ദാമോദരമാരാർ (അപ്പുണ്ണിമാരാർ) എന്നിവർ സഹോദരന്മാരും ദേവകി സഹോദരിയുമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
വടകര ലോവർ പ്രൈമറി സ്കൂളിലാണ് കരുണാകരൻ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് അണ്ടല്ലൂരിലും ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസായിയെങ്കിലും ചെറുപ്പത്തിലേ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മാരാർ എന്ന ജാതിപ്പേര് ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഇക്കാലഘട്ടത്തിൽ കണ്ണിന് അണുബാധ പിടിപെട്ട കരുണാകരൻ, ചികിത്സാർത്ഥം മൂത്ത ജ്യേഷ്ഠൻ കുഞ്ഞിരാമമാരാർക്കൊപ്പം തൃശ്ശൂർ വെള്ളാനിക്കരയിലുള്ള അമ്മാവന്റെ വീട്ടിലേയ്ക്ക് താമസം മാറ്റുകയുണ്ടായി. പിന്നീട് അദ്ദേഹം തൃശ്ശൂരിൽ തന്നെ സ്ഥിരതാമസമാക്കുകയും അവിടം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ചെറുപ്പം മുതലേ ചിത്രകലയിൽ തത്പരനായിരുന്ന കരുണാകരൻ, ഇതിനുശേഷം തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി.
സ്വകാര്യ ജീവിതം
[തിരുത്തുക]അമ്മാവൻ രാഘവമാരാരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ൽ തന്റെ 36-ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാവായ കെ. മുരളീധരനും ബി.ജെ.പി. നേതാവായ പത്മജ വേണുഗോപാലും. കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കേ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്. ഹൃദ്രോഗം ബാധിച്ച് ദീർഘകാലം ഇന്ത്യയിലും യു.എസ്.എയിലും ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു കല്യാണിക്കുട്ടിയമ്മയുടെ അന്ത്യം. മൃതദേഹം വിലാപയാത്രയായി കേരളത്തിലെത്തിച്ചശേഷം തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു.
1992 ജൂൺ 3-ന് പുലർച്ചെ രണ്ടേകാലിന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് തലകീഴായി മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി.[2] നീന്തൽ അടക്കം ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
മരണം
[തിരുത്തുക]വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന്[3] വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്. ഡിസംബർ 10 മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. മരണസമയത്ത് 92 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്തിച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന് ശവകുടീരമൊരുക്കിയത്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള ബഹുമതി കെ. കരുണാകരന് അവകാശപ്പെട്ടതാണ്. ആകെ നാലു തവണയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്.
ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. (1982-1987)
കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയതും കരുണാകരൻ തന്നെയാണ്. (1977 മാർച്ച് 25 - ഏപ്രിൽ 27)
ജനിച്ചത് കണ്ണൂരിൽ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ചില അദ്ദേഹം വളർച്ച നേടിയത് തൃശൂരിൽ എത്തിയതോടെയാണ്. ആദ്യകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആയിരുന്നു കൂടുതൽ താല്പര്യം.
ഐ.എൻ.ടി.യു.സിയുടെ സ്ഥാപക നേതാവായിരുന്നു കരുണാകരൻ. പിന്നീട് തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെ ആണ് അധികാരത്തിലേക്കുള്ള പടയോട്ടം ആരംഭിച്ചത്.
1945-ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്. തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി. തിരു-കൊച്ചി അസംബ്ലിയിൽ 1952-1953 കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പായിരുന്നു.
1957-ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നാണ് കരുണാകരൻ മത്സരിച്ചത്. പക്ഷേ വിജയം തുടർക്കഥയാക്കി മാറ്റിയിരുന്ന കരുണാകരനെ അത്തവണ കാത്തിരുന്നത് പരാജയമായിരു���്നു.
ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡോ.എ.ആർ. മേനോൻ കരുണാകരനെ പരാജയപ്പെടുത്തി. പക്ഷേ പരാജയം അദ്ദേഹത്തെ തളർത്തിയില്ല. ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്നതിനാൽ നിയമസഭ ചേരാതിരുന്ന 1965-ലെ തിരഞ്ഞെടുപ്പിൽ കരുണാകരൻ വിജയക്കൊടി പാറിച്ചു. തൃശൂർ ജില്ലയിലെ മാള നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി. അതൊരു തുടക്കമായിരുന്നു.
1967-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം.എൽ.എമാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. ഒരുപക്ഷേ, കേരളത്തിലെ കോൺഗ്രസിൻ്റെ അന്ത്യനാളുകൾ എന്ന് ജനങ്ങൾ കരുതിയ കാലഘട്ടമായിരുന്നു അത്.
എന്നാൽ 1970-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 സീറ്റുമായി കോൺഗ്രസിനെ മുന്നിലെത്തിക്കാൻ കരുണാകരന് കഴിഞ്ഞു. കോൺഗ്രസ് നയിച്ച ഐക്യ മുന്നണി 69 സീറ്റുമായി അധികാരത്തിലെത്തി. 1971-ൽ അദ്ദേഹം സി. അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. ആക്കാലത്തായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി. പാർട്ടി നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹം രാജി വച്ചു. ആകെ 33 ദിവസമാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നത്.
അതിനു ശേഷം മൂന്ന് തവണ കൂടി കരുണാകരൻ മുഖ്യമന്ത്രിയായി. (1981-1982, 1982-1987, 1991-1995) ഇതിൽ ഒരു തവണ മാത്രമെ കാലാവധി തികക്കാനായുള്ളൂ.
തുടർച്ചയായി എട്ടുതവണ (1965, 1967,1970,1977,1980,1982,1987,1991) മാള നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് കരുണാകരൻ നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ മാളയിൽ നിന്നും നേമത്ത് നിന്നും ഒരേ സമയം വിജയിച്ച അദ്ദേഹം നേമം സീറ്റ് രാജിവയ്ക്കുകയാണ് ഉണ്ടായത്. 1967-1969, 1980-1981, 1987-1991 എന്നീ വർഷങ്ങളിൽ കേരള നിയമസഭ യിലെ പ്രതിപക്ഷ നേതാവായിരുന്നു കരുണാകരൻ.
1969 മുതൽ 1995 വരെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലും 1970-ൽ പാർലമെൻ്ററി ബോർഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധേയനായി.
കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ് രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച കോൺഗ്രസ് നേതാക്കളിലൊരാളാണ് കരുണാകരൻ.
മൂന്ന് തവണ രാജ്യസഭയിലും (1995-1997, 1997-1998, 2004-2010) രണ്ട് തവണ ലോക്സഭയിലും (1998-1999, 1999-2004) അദ്ദേഹം അംഗമായിരുന്നു. കുറച്ച് കാലം (1995-1996) കേന്ദ്രത്തിലെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരിക്കെ 1996-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ നിന്ന് മത്സരിച്ചു എങ്കിലും സി.പി.ഐ യിലെ വി.വി. രാഘവൻനോട് പരാജയപ്പെട്ടു.
1978-ലെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ പിളർപ്പിനെ തുടർന്ന് കേരളത്തിലെ കോൺഗ്രസിൽ ഇന്ദിര ഗാന്ധിയെ പിന്തുണയ്ക്കുന്ന ഐ ഗ്രൂപ്പിൻ്റെ സമുന്നതനായ സ്ഥാപക നേതാവായിരുന്ന കരുണാകരൻ 2005-ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് നാഷണൽ കോൺഗ്രസ്(ഇന്ദിരാ) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി. പിന്നീട് ഈ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്നാക്കി മാറ്റി. 2006-ൽ ഡി.ഐ.സി (കെ.) എൻ.സി.പി യിൽ ലയിച്ചു. പിന്നീട് 2007 ഡിസംബർ 31-ാം തീയതി കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഡി.ഐ.സി (കെ.) ലയിച്ചു.2008 ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ കരുണാകരൻ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.
കാസർഗോഡ്, പത്തനംതിട്ട എന്നി ജില്ലകൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ രൂപികരിച്ചതാണ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, ഗുരുവായൂർ റെയിൽവേ ലൈൻ എന്നിവ ആരംഭിക്കാനായത് അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്.
കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോഴാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് രൂപം കൊടുത്തത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഗോശ്രീപാലം പദ്ധതി, കായംകുളം എൻ.ടി.പി.സി കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവയും അദ്ദേഹത്തിൻ്റെ ആശയങ്ങളാണ്.
അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മക്കൾ രാഷ്ട്രീയത്തിൽ എത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. മകൻ കെ. മുരളീധരൻ എം.പിയും എം.എൽ.എയും ഒരു തവണ സംസ്ഥാന മന്ത്രിയും ആയി. മകൾ പത്മജ വേണുഗോപാൽ കെ.ടി.ഡി.സി.യുടെ ചെയർപേഴ്സൻ ആയിരുന്നു.
ഒര��യൊരു ലീഡർ
[തിരുത്തുക]കെ. കരുണാകരനെ കോൺഗ്രസ് പ്രവർത്തകർ വിളിച്ചുതുടങ്ങിയ ലീഡർ എന്ന വിശേഷണം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. [6]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
1999 | മുകുന്ദപുരം ലോകസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഇം.എം. ശ്രീധരൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
1998 | തിരുവനന്തപുരം ലോകസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 337429 | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. 322031 | കേരള വർമ്മ രാജ | ബി.ജെ.പി. 94303 |
1996 | തൃശ്ശൂർ ലോക്‌സഭാമണ്ഡലം | വി.വി. രാഘവൻ | സി.പി.ഐ, എൽ.ഡി.എഫ് | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | ||
1991 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | വി.കെ. രാജൻ | സി.പി.ഐ, എൽ.ഡി.എഫ് | ||
1987 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | മീനാക്ഷി തമ്പാൻ | സി.പി.ഐ, എൽ.ഡി.എഫ് | ||
1982 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | ഇ. ഗോപാലകൃഷ്ണ മേനോൻ | സി.പി.ഐ, എൽ.ഡി.എഫ് | ||
1982*(1) | നേമം നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | പി. ഫക്കീർ ഘാൻ | സി.പി.ഐ.എം, എൽ.ഡി.എഫ് | ||
1980 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | പോൾ കോക്കാട്ട് | സി.പി.എം. | ||
1977 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ | പോൾ കോക്കാട്ട് | സി.പി.എം. | ||
1970 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ | വർഗ്ഗീസ് മേച്ചേരി | സ്വതന്ത്രൻ | ||
1967 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ | കെ.എ. തോമസ് | സി.പി.ഐ | ||
1957 | തൃശ്ശൂർ നിയമസഭാമണ്ഡലം | എ.ആർ. മേനോൻ | സ്വതന്ത്ര സ്ഥാനാർത്ഥി | കെ. കരുണാകരൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ആരോപണങ്ങൾ
[തിരുത്തുക]നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന് രാജൻ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയിൽ 24 മണിക്കൂറിനകം ഹാജരാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചര വാര്യർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജ്ജിയിൽ വാദം കേൾക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ രാജി വെച്ചു.
ആത്മകഥ
[തിരുത്തുക]- പതറാതെ മുന്നോട്ട്
ചിത്രശാല
[തിരുത്തുക]-
കെ. കരുണാകരൻസ്മാരക ടൗൺ ഹാൾ, തൃശ്ശൂർ
-
ലീഡർ സ്ക്വയർ, മാള
-
കെ. കരുണാകരന്റെ പ്രതിമ, തിരുവനന്തപുരം
അവലംബം
[തിരുത്തുക]- ↑ "ചരിത്രമായി ലീഡർ". മാതൃഭൂമി. 23 ഡിസംബർ 2010. Archived from the original on 2010-12-26. Retrieved 23 ഡിസംബർ 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-10. Retrieved 2015-03-08.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. Retrieved 2013 മാർച്ച് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ https://www.mathrubhumi.com/mobile/features/special/karunakaran-100th-birth-anniversary/k-karunakaran-congress-relation-1.2944652[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/features/special/karunakaran-100th-birth-anniversary[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ലീഡർക്ക് പകരം ലീഡർ മാത്രം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
- ↑ http://www.keralaassembly.org
- ↑ https://buybooks.mathrubhumi.com/product/patharathe-munnott/
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ലീഡർ രാഷ്ട്രീയത്തിലെ ഭീഷ്മർ Archived 2011-09-29 at the Wayback Machine.
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1918-ൽ ജനിച്ചവർ
- 2010-ൽ മരിച്ചവർ
- ജൂലൈ 5-ന് ജനിച്ചവർ
- ഡിസംബർ 23-ന് മരിച്ചവർ
- കേരളത്തിലെ മുഖ്യമന്ത്രിമാർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- കേരളത്തിലെ പ്രതിപക്ഷനേതാക്കൾ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ ആഭ്യന്തരമന്ത്രിമാർ
- തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- നാലാം കേരള നിയമസഭയിലെ മന്ത്രിമാർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ
- രാജ്യസഭാംഗങ്ങൾ
- 1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ