കെ.എം. ഗോവി
കെ.എം. ഗോവി | |
---|---|
തൊഴിൽ | ലൈബ്രേറിയൻ |
ശ്രദ്ധേയമായ രചന(കൾ) | ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും, മലയാളഗ്രന്ഥസൂചി |
ഭാരതീയഭാഷകളിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കർത്താവാണ് കെ.എം. ഗോവി (17 ജൂൺ 1930- 3 ഡിസംബർ 2013). മലയാളത്തിലല്ലാതെ വേറെ ഒരു ഇന്ത്യൻ ഭാഷയിലും ഇക്കാലം വരെ ഇതിനു സമാനമായ ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കപ്പെട്ടില്ല.[1] തലശ്ശേരി സ്വദേശിയായ ഗോവി സെൻട്രൽ റഫറൻസ് ലൈബ്രറി, കൽക്കത്തയിൽ ഭേശീയ ഗ്രന്ഥസൂചി മലയാള വിഭാഗം ഉദ്യോഗസ്ഥൻ ആയിരുന്നു.. മലയാളം അച്ചടിയെക്കുറിച്ചും ലൈബ്രറി സയൻസിനെക്കുറിച്ചും ഗവേഷണ സ്വഭാവമുള്ള പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ലൈബ്രറിസയൻസ് എന്ന പുസ്തകമാണ് ഗ്രന്ഥാലയശാസ്ത്രത്തെ സംബന്ധിച്ച മലയാളത്തിലെ ആദ്യഗ്രന്ഥം. 'നമ്മുടെ ഗ്രന്ഥാലയശാസ്ത്രത്തിന്റെ വിജ്ഞാനശേഖരത്തിലേക്കു് ഏറ്റവുമധികം സംഭാവന ചെയ്ത ഏറ്റവും പ്രാമാണികനായ ലൈബ്രറി ശാസ്ത്രജ്ഞൻ' എന്ന ബഹുമതിയ്ക്കു് എല്ലാംകൊണ്ടും അർഹനാണദ്ദേഹം എന്നാണു് ടി.എൻ. ജയചന്ദ്രൻ ഗോവിയെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളതു്.
ജീവചരിത്രം
[തിരുത്തുക]തലശ്ശേരിയിലെ ചേറ്റംകുന്നിൽ സി.കെ. ശങ്കുണ്ണിനായർ, കെ. എം. മായി അമ്മ എന്നിവരുടെ പുത്രനായി 1930 ജൂൺ 17-ആം തീയതിയായിരുന്നു ഗോവി ജനിച്ചതു്. ഗോവിയ്ക്കു് നാലുവയസ്സുള്ളപ്പോൾ അച്ഛനും പതിമൂന്നുവയസ്സുള്ളപ്പോൾ അമ്മയും ചരമമടഞ്ഞു. വലിയൊരു കൂട്ടുകുടുംബത്തിലെ ഒരംഗമായി ഗോവി വളർന്നു. മാളികവളപ്പ് സ്കൂൾ, ബി.ഇ.എം.പി. ഹൈ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1950-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും ബിരുദം നേടി. തുടർന്നു് മദിരാശി സർവ്വകലാശാലയിൽനിന്നും 1952-ൽ ലൈബ്രറി സയൻസിൽ ബിരുദാനന്തര ഡിപ്ലോമ സമ്പാദിച്ചു.
ബിരുദമെടുത്തതിനു തൊട്ടുപിന്നാലെ മദിരാശിയിലെ ഫോർട്ട് സെന്റ്ജോർജ്ജിലുള്ള സെക്രട്ടറിയേറ്റിൽ അദ്ദേഹം ഗുമസ്തനായി ചേർന്നു. (ഇന്ത്യയിലെ അച്ചടിസാങ്കേതികതയുടെ ചരിത്രത്തിലെ ഒരു പ്രധാന സ്ഥാപനം കൂടിയാണു് ഫോർട്ട് സെന്റ് ജോർജ്ജ്). എന്നാൽ ആറേഴുമാസക്കാലമേ അവിടെ തുടർന്നുള്ളൂ. 1952 ഏപ്രിലിൽ കോഴിക്കോട് മലബാർ ജില്ലാ ലൈബ്രറി അതോറിട്ടിയിലെ ഡിസ്ട്രിക്റ്റ് ലൈബ്രേറിയനായി ഗോവി നിയമിതനായി. പുതിയ ലൈബ്രറി നിയമം നടപ്പിലാക്കുന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഈ നിയമനം. ചുരുങ്ങിയ സമയത്തിനുള്ളിൽ മലബാറിലുടനീളം പതിനഞ്ചു ബ്രാഞ്ചു ലൈബ്രറികളും ഡെലിവറി സ്റ്റേഷനുകളും അദ്ദേഹം സംഘടിപ്പിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഒരു ഗണ്യമായ വിഭാഗമുൾപ്പെടെ സാമാന്യം ഭേദപ്പെട്ട ഒരു പുസ്തകശേഖരം കോഴിക്കോടും അദ്ദേഹം കെട്ടിപ്പടുത്തു.1956ൽ കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ ജോലിക്കുചേർന്നു.
മലയാള ഗ്രന്ഥസൂചി
[തിരുത്തുക]1970 ൽ കേരള സാഹിത്യ അക്കാദമിക്കുവേണ്ടി മലയാള ഗ്രന്ഥസൂചി തയ്യാറാക്കാൻ തുടങ്ങി. 1772 മുതൽ 1970 വരെയുള്ള പുസ്തകങ്ങളുടേതായിരുന്നു ആദ്യത്തെ വോള്യം. സാഹിത്യം, വിജ്ഞാനസാഹിത്യം എന്നീ രണ്ടു ഭാഗങ്ങളിലായാണ് ആദ്യ വോള്യം. 1973 ൽ ഇത് പ്രകാശനംചെയ്തു. 1970 മുതൽ 1975 വരെയുള്ള പുസ്തകങ്ങളായിരുന്നു രണ്ടാമത്തെ വോള്യത്തിൽ . തുടർന്ന് 2000 വരെ ഓരോ അഞ്ചുവർഷത്തെയും പുസ്തകങ്ങളടങ്ങുന്ന വോള്യങ്ങൾ പുറത്തിറക്കി. ആറ് വോള്യങ്ങളായി 1995 വരെയുള്ള ഗ്രന്ഥസൂചി പുറത്തിറക്കി. 1996 മുതൽ 2000 വരെയുള്ള ഗ്രന്ഥസൂചി തയ്യാറാക്കി അക്കാദമിക്ക് നല്കിയെങ്കിലും പുസ്തകരൂപത്തിൽ പുറത്തിറക്കിയിട്ടില്ല. ഗ്രന്ഥസൂചി തയ്യാറാക്കി മലയാളത്തിന് നല്കിയത് പരിഗണിച്ചാണ് അദ്ദേഹത്തെ 2013 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചത്[2].
1999 ൽ 'ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും' എന്ന പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
2013 ഡിസംബർ 3 ന് അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- ലൈബ്രറിസയൻസ്
- ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും
- കാറ്റലോഗ് നിർമ്മാണം
- പുസ്തകവും വായനയും
- കാറ്റലോഗും ഗ്രന്ഥസൂചിയും
- നമ്മുടെ റഫറൻസ് സാഹിത്യം
- പുസ്തകവും വായനയും
- മുത്തുസ്വാമി ദീക്ഷിതർ
- ശ്യാമശാസ്ത്രി
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം - 2013[3]
അവലംബം
[തിരുത്തുക]- ↑ http://www.mathrubhumi.com/technology/others/m-v-govi-library-science-library-index-indian-book-index-history-of-print-410029/ Archived 2013-11-28 at the Wayback Machine Mathrubhumi Technology Thursday, November 28, 2013 Mathrubhumi Home ENGLISH EDITIONFEEDSFONT PROBLEM HOMESOCIAL MEDIA|SCIENCE|WEB|MOBILE|GADGETS|OTHERS follow us on മലയാളത്തിന്റെ ഗ്രന്ഥാലയ ശാസ്ത്രജ്ഞൻ - കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ കെ.എം.ഗോവിയുടെ വിശേഷങ്ങൾ
- ↑ "മലയാളത്തിന്റെ ഗ്രന്ഥാലയ ശാസ്ത്രജ്ഞൻ -കെ.എം.ഗോവി - അക്കാദമിയുടെ വായനാമുറി". Retrieved 2021-09-23.
- ↑ "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളത്തിന്റെ ഗ്രന്ഥാലയ ശാസ്ത്രജ്ഞൻ Archived 2013-11-28 at the Wayback Machine
- മലയാളഗ്രന്ഥസൂചിയെ അടിസ്ഥാനമാക്കി അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച മലയാളഗ്രന്ഥവിവരം പ്രോജക്റ്റ് Archived 2013-04-01 at the Wayback Machine
- മലയാളം ഗ്രന്ഥസൂചിയെപ്പറ്റി ആർ. രാമൻ നായർ, തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടത്തിയ സെമിനാർ Archived 2007-09-29 at the Wayback Machine