Jump to content

കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോഡിലൈൻ

ബോഡിലൈൻ അഥവാ ഫാസ്റ്റ് ലെഗ് തിയറി എന്നത് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം രൂപീകരിച്ച ഒരു ബൗളിങ് തന്ത്രമാണ്‌. 1932 - 33 ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ (ആഷസ് പരമ്പര) ഓസ്ട്രേലിയയുടെ വിഖ്യാത ബാറ്റ്സ്മാനായ ഡോൺ ബ്രാഡ്മാനെതിരെ പ്രയോഗിക്കാനാണ്‌ പ്രധാനമായും ഈ തന്ത്രം രൂപീകരിച്ചത്. പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി (In the line of body) ഉയർത്തുന്നു. സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രം. ഈ തന്ത്രം ശാരീരിക ഭീഷണിയുയർത്തുന്നവയായി പരിഗണിക്കുന്നു.

ഇത്തരം പന്തുകളെറിയുമ്പോൾ ലെഗ് സൈഡിൽ അടുത്തായി ധാരാളം ഫീൽഡർമാരെ വിന്യസിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബാറ്റ്സ്മാന്റെ മുന്നിലുള്ള രണ്ട് വഴികൾ ശരീരത്തിന്‌ അപകടം സംഭവിക്കാതിരിക്കാനായി ഒഴിഞ്ഞുമാറുക അല്ലെങ്കിൽ പന്ത് ലെഗ് സൈഡിലേക്ക് കളിക്കുക എന്നുള്ളവയാണ്‌. പ്രതിരോധാത്മക ഷോട്ടുകൾ (Defensive Shots) കളിക്കുമ്പോൾ റണ്ണുകൾ കിട്ടുകയില്ല മാത്രമല്ല പുറത്താവാനുള്ള സാധ്യത കൂടുതലുമായിരുന്നു. റൺ സ്കോർ ചെയ്യാൻ ബാറ്റ്സ്മാന്റെ മുന്നിലുള്ള വഴി ഹുക്ക് ഷോട്ടുകൾ മാത്രമാണ്‌. അതിനാൽത്തന്നെ ഇത്തരം പന്തുകളെറിയുന്ന സമയത്ത് ഫീൽഡിങ് ടീം ലെഗ് സൈഡ് അതിർത്തിയിൽ രണ്ട് ഫീൽഡർമാരെ വിന്യസിച്ചിരുന്നു. അതിനാൽ ഹുക്ക് ഷോട്ട് പുറത്താകാൻ വളരെയധികം സാധ്യത ഉണ്ടായിരുന്നു. മാത്രവുമല്ല തലയിൽ പന്ത് കൊള്ളാനുള്ള സാധ്യതയും ഈ ഷോട്ടിന്‌ കൂടുതലാണ്‌.

...പത്തായം കൂടുതൽ വായിക്കുക...