Jump to content

ഒറീസ്സ ക്ഷാമം (1866)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1907-ലെ വിശാലബംഗാളിന്റെ ഭൂപടം. തെക്കുപടിഞ്ഞാറുഭാഗത്ത് കിടക്കുന്ന ഒറീസ്സ മേഖലയിലെ ബാലാസോർ ജില്ലയാണ് ക്ഷാമം ഏറ്റവുമധികം അനുഭവപ്പെട്ട പ്രദേശങ്ങളിലൊന്ന്.

മദ്രാസ് മുതൽ വടക്കോട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരദേശത്ത് 1866-ൽ അനുഭവപ്പെട്ട ഭക്ഷ്യക്ഷാമത്തെയാണ് ഒറീസ്സ ക്ഷാമം എന്നറിയപ്പെടുന്നത്. ഏതാണ്ട് നാലേമുക്കാൽ കോടി ജനങ്ങളെ ബാധിച്ച ഈ ക്ഷാമത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റത്, അന്ന് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നിന്ന് തികച്ചും ഒറ്റപ്പെട്ടുകിടന്നിരുന്ന ഒറീസ്സയെയായിരുന്നു.[1]

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ മറ്റു ക്ഷാമങ്ങളെപ്പോലെ, ഒറീസ്സ ക്ഷാമവും ഒരു വരൾച്ചയെത്തുടർന്നുണ്ടായതാണ്. മേഖലയിലെ ജനങ്ങൾ മുഴുവൻ മഴക്കാലത്തെ ആശ്രയിച്ചുള്ള നെൽകൃഷിയിൽനിന്നുള്ള വിളവിനെയാണ് ഭക്ഷണത്തിനായി അവലംബിച്ചിരുന്നത്. 1865-ലെ മൺസൂൺ നേരത്തേതന്നെ അവസാനിച്ചത് വിളവിനെ ബാധിച്ചു.[1] ഇതിനുപുറമേ സഹായം നൽകേണ്ടുന്നവരുടെ കണക്കെടുക്കുന്നതിൽ ബംഗാൾ റെവന്യൂ ബോർഡിന് പറ്റിയ വീഴ്ചയും ഭക്ഷ്യവിഭവങ്ങളുടെ വിലനിശ്ചയിക്കുന്നതിലെ തകരാറും ക്ഷാമത്തെ കൂടുതൽ വഷളാക്കി. ഭക്ഷ്യശേഖരം അവസാനിക്കാൻ തുടങ്ങിയിട്ടും ഗുരുതരാവസ്ഥ ഭരണാധികാരികൾക്ക് പിടികിട്ടുന്നതിന് 1866 മേയ് അവസാനം വരെ സമയമെടുത്തു അപ്പോഴേക്കും മഴക്കാലമാരംഭിച്ചതോടെ ഒറ്റപ്പെട്ടുകിടക്കുന്ന ഒറീസ്സ മേഖലയിലേക്ക് സഹായമെത്തിക്കലും അവതാളത്തിലായി. കുറച്ച് ഭക്ഷ്യവിഭവങ്ങൾ ഒറീസ്സ തീരത്തെത്തിക്കാനായെങ്കിലും ഉൾനാടുകളിലേക്ക് നീക്കാൻ സാധിച്ചുമില്ല. ക്ഷാമം നേരിടാൻ ബ്രിട്ടീഷ് ഇന്ത്യ സർക്കാർ ഇറക്കുമതി ചെയ്ത പതിനായിരം ടൺ അരി ദുരിതബാധിതരുടെയടുത്തെത്തിയപ്പോഴേക്കും സെപ്റ്റംബർ മാസമായി[1]

ഏറെ ജനങ്ങൾ പട്ടിണികൊണ്ട് മരണമടഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് കുറേപ്പേർ കോളറ മൂലവും അതിനുശേഷം മലമ്പനി മൂലവും ആളുകൾ മരണമടഞ്ഞു. ഒറീസ്സയിൽ മാത്രം കുറഞ്ഞത് പത്തുലക്ഷം പേർ 1866-ൽ മരിച്ചു. അവിടത്തെ മൊത്തം ജനസംഖ്യയുടെ മുന്നിലൊന്നായിരുന്നു ഇത്. ഈ ക്ഷാമം മൂലം രണ്ടുകൊല്ലക്കാലത്ത് മൊത്തത്തിൽ ഏതാണ്ട് നാൽപ്പതുമുതൽ അമ്പതുലക്ഷം വരെയാളുകൾ മരണമടഞ്ഞിട്ടുണ്ട്.[1]

1866-ലെ കൂടിയ മഴ, വെള്ളപ്പൊക്കമുണ്ടാക്കുകയും താഴ്ന്ന പ്രദേശങ്ങളിലെ നെൽകൃഷിക്ക് നാശമുണ്ടാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തൊട്ടടുത്തവർഷവും ക്ഷാമം പ്രതീക്ഷിച്ച് ബ്രിട്ടീഷ് ഇന്ത്യ സർക്കാർ 40,000 ടൺ അരി നാലിരട്ടി വിലയിൽ ഇറക്കുമതി നടത്തിയിരുന്നു.[1] എന്നാൽ ഈവട്ടം അവരുടെ കണക്കുകൂട്ടലുകൾ തെറ്റി: ഇറക്കുമതി ചെയ്ത അരി ആവശ്യത്തിലധികമായിരുന്നു. 1867 പകുതിയായപ്പോഴേക്കും ഇതിൽ പകുതി അരിയേ ഉപയോഗിക്കാനായുള്ളൂ. 1867-ലെ മഴക്കാലത്തിനു ശേഷമുള്ള ഒരു നല്ല വിളവെടുപ്പിനു ശേഷം 1868-ൽ ഈ ക്ഷാമം അവസാനിച്ചു. ക്ഷാമം നേരിടുന്നതിന് ഈ രണ്ടുവർഷക്കാലം മൂന്നരക്കോടി യൂണിറ്റ് (ഒരു യൂണിറ്റെന്നാൽ ഒരാൾക്ക് ഒരു ദിവസം നൽകുന്ന ഭക്ഷ്യസഹായം) സഹായം നൽകുന്നതിന് 95 ലക്ഷം രൂപ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ ചെലവഴിച്ചു. ഇതിന്റെ വലിയൊരു ഭാഗവും കൂടിയ വിലകൊടുത്തുള്ള അരിയിറക്കുമതിയിനത്തിലാണ് ചെലവായത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 Imperial Gazetteer of India vol. III 1907, പുറം. 486
"https://ml.wikipedia.org/w/index.php?title=ഒറീസ്സ_ക്ഷാമം_(1866)&oldid=3091781" എന്ന താളിൽനിന്ന് ശേഖരിച്ചത്