ഒക്കൽ തുരുത്ത്
ഒക്കൽ തുരുത്ത് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
ഉയരം | 16 മീ(52 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലിഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 683550 |
ടെലിഫോൺ കോഡ് | 0484 |
വാഹന റെജിസ്ട്രേഷൻ | KL07 (കാക്കനാട്), KL39 (തൃപ്പൂണിത്തുറ), KL49 (പറവൂർ) |
ഒക്കൽ തുരുത്ത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ, കൂവപ്പടി ബ്ളോക്കിൽ, ഒക്കൽ ഗ്രാമ പഞ്ചായത്തിലെ 15 ാം നമ്പർ വാർഡിൽ ഉൾപ്പെട്ട 4 വശവും പെരിയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പ്രദേശമാണ്. ഏകദേശം 60 ഏക്കറോളം (0.24281139 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള മനോഹരമായ ഒരു ഭൂപ്രദേശമാണിത് (ഇതിൽ 20 ഏക്കർ ദ്വീപ് നിവാസികൾക്ക് പട്ടയങ്ങളുള്ള സ്ഥലവും 40 ഏക്കർ സർക്കാർ വകയും). സ��ുദ്രനിരപ്പിൽനിന്ന് ഏകദേശം 16 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. പെരിയാറിൻറെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ഇതിന് സമീപത്തായാണ് ഒക്കൽ, താന്നിപ്പുഴ, ഓണമ്പിള്ളി, ചേലാമറ്റം ഗ്രാമങ്ങൾ. ഇത് പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലും ചാലക്കുടി ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെട്ട പ്രദേശമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ജാതി മരങ്ങളാൽ സമൃദ്ധമായ ഈ ഈ ദ്വീപിൽ വാഴ, മരച്ചീനി എന്നിവയും പയർ ഉൾപ്പെടെയുള്ള വിവിധ പച്ചക്കറികളും സമൃദ്ധമായി വിളയുന്നു. പെരിയാറിൻറെ തീരത്തെ വളക്കൂറുള്ള മണ്ണിൽ കൃഷി ചെയ്യുന്ന ഈ പച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണ്. മുൻകാലത്ത്, ദ്വീപിലെയും സമീപ ഗ്രാമമായ ഒക്കലിലെയും ആളുകൾ മുളയും ഞാങ്ങണയും ഉപയോഗിച്ച് കൊട്ടകളും മറ്റും നെയ്തിരുന്നു. വിദൂരത്തുനിന്നും സമീപ ഗ്രാമങ്ങളിൽനിന്നുമുള്ള വ്യാപാരികൾ മുളയും ഞാങ്ങണയും ഉപയോഗിച്ചുണ്ടാക്കിയ വസ്തുക്കളുമായി കച്ചവടത്തിന് ഇവിടെയെത്തിയിരുന്നു. ക്രമേണ അവർ ഒത്തുചേരുന്ന ഒരു സ്ഥലമായി അത് മാറുകയും 'ഒരുമിക്കുക' എന്ന വാക്ക് 'ഒക്കൽ' എന്നായി ചുരുങ്ങിയതോടെ സമീപത്തെ ഗ്രാമത്തിന് ഒക്കൽ എന്ന പേര് ലഭിക്കുകയും ചെയ്തായാണ് ഐതിഹ്യം. തൊട്ടടുത്തുള്ള ദ്വീപിൻറെ പേര് ഒക്കൽ തുരുത്ത് എന്നായി മാറി. മുമ്പ് മലയാറ്റൂർ പള്ളിയിലേക്ക് വരാപ്പുഴ-ചെറായി ഭാഗത്തുനിന്ന് കെട്ടുവള്ളത്തിലും വഞ്ചിയിലും പോയിരുന്നവർക്ക് ഇടത്താവളമായിരുന്നു ഇവിടം. രാജഭരണകാലത്ത് കൊച്ചി അമ്മൻ കോവിലകത്തെ സ്ത്രീകൾ കെട്ടുവള്ളത്തിൽ യാത്രചെയ്ത് ഒക്കൽ തുരുത്തിലെത്തിയിരുന്നതായി പറയപ്പെടുന്നു. ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശനത്താൽ ധന്യമായ പ്രകൃതി രമണീയമായ ഒക്കൽ തുരുത്തിൽ അദ്ദേഹം ധ്യാനത്തിൽ ഇരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന് സമീപം ഒരു ഗുരു ക്ഷേത്രവും സ്ഥിതിചെയ്യുന്നു. രാജഭരണകാലത്ത് ഇടവൂർ ശ്രീശങ്കര നാരായണ ക്ഷേത്ര പ്രതിഷ്ഠയുടെ ആലോചനയ്ക്കായി വന്നപ്പോഴാണ് ശ്രീനാരായണഗുരു തുരുത്ത് സന്ദർശിച്ചത്. പിന്നീട് തുരുത്ത് നിവാസികളുടെ നേതൃത്വത്തിൽ ഗുരുദേവക്ഷേത്രം നിർമ്മിക്കുകയും 30 വർഷങ്ങളായി ഒക്കൽ ശിവരാത്രി ആഘോഷം ഇവിടെ നടക്കുകയും ചെയ്യുന്നു. കോടനാട് അഭയാരണ്യം, മലയാറ്റൂർ പള്ളി എന്നിവ സമീപത്തായതിനാൽ ഏറെ വികസന സാധ്യതയുള്ള പ്രദേശമാണിത്. വർഷം തോറും നടക്കുന്ന ഒക്കൽ ശിവരാത്രി ആഘോഷത്തിനും തുരുത്ത് ആതിഥേയത്വം വഹിക്കുന്നു. മുൻകാലത്ത് നടന്ന അശാസ്ത്രീയമായ മണൽഖനനം മൂലം തുരുത്തിന്റെ തീരം പലയിടത്തും ഇടിഞ്ഞു പോയിട്ടുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിൽ തുരുത്ത് പൂർണ്ണമായി മുങ്ങിയിരുന്നു. സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാനായി സമീപവാസികൾ കുടുംബസമേതം തുരുത്തിൽ എത്തിച്ചേരാറുണ്ട്.
ക്യാമ്പുകളും ശിൽപശാലകളും നടത്തുന്നതിന് അനുയോജ്യമായ ഇവിടെ മുമ്പ് ലളിതകലാ അക്കാദമിയുടെ 2 ചിത്രകലാ ക്യാമ്പുകളും അതുപോലെ ഫോക് ലോർ അക്കാദമിയുടെ നാട്ടുകൂട്ടം, കലയരങ്ങിന്റെ അഭിനയ ക്യാമ്പ് തുടങ്ങിയവയും നടത്തിയിരുന്നു. വിവാഹ വീഡിയോകളുടെ ചിത്രീകരണവും നടക്കുന്ന സ്ഥലമാണിത്.[1]
പച്ചത്തുരുത്ത് പദ്ധതി
[തിരുത്തുക]ദ്വീപ് സ്ഥിതിചെയ്യുന്ന പ്രദേശം ഒരു ഗ്രാമീണ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിനു മുന്നോടിയായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പച്ചത്തുരുത്താക്കുന്നതിനുള്ള നടപടികൾ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ചിച്ചുണ്ട്. ഇവിടെ മുളകളും രാമച്ചം ഉൾപ്പെടെയുള്ള വിവിധ സസ്യ വർഗ്ഗങ്ങളും നട്ടപിടിപ്പിക്കുകയെന്നതാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ആദ്യപടി. ഏകദേശം 500 മീറ്ററോളം വരുന്ന പുഴയോരത്ത് 30 മീറ്റർ വീതിയിലുള്ള വഴിയും തീരഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി കയർ ഭൂവസ്ത്രം വിരിക്കൽ തുടങ്ങിയ പദ്ധതികളും പഞ്ചായത്തിൻറെ പരിഗണനയിലുണ്ട്. നടപ്പാതകളുടം ഉദ്യാനങ്ങളും സൗരോർജ വിളക്കുകളും സ്ഥാപിക്കുന്നതോടെ പ്രദേശത്തിനു പുതിയോരു രൂപവും ഭാവവും കൈവരും. ഇവിടെയത്തുന്ന സഞ്ചാരികൾക്കായി ഹെലിപാഡ്, കോട്ടേജുകൾ, സ്വിമ്മിങ് പൂൾ, പെഡൽ ബോട്ട് സർവീസുകൾ എന്നിവയും വികസന പദ്ധതിയിലുണ്ട്.[2] ഈ പ്രദേശത്തിൻറെ വിനോദ സഞ്ചാര സാധ്യതകൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെ ഒരു സംഘം അടുത്തകാലത്ത് തുരുത്ത് സന്ദർശിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടുള്ള വികസനത്തിൻറെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപിച്ചു. ഒക്കൽ പഞ്ചായത്ത് നടപ്പിൽ വരുത്തിയ ഒരു പദ്ധതിയുടെ ഭാഗമായി 23 പുതിയ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് തുരുത്ത് പ്രകാശ പൂരിതമാക്കിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു മാതൃകാ തോട്ടവും വിഭാവനം ചെയ്യപ്പെടുന്നു.[3] വികസനം പൂർത്തിയാകുന്നതോടെ ഇത് ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ മാത്രമല്ല, ഗുരുദേവ തീർത്ഥാടന കേന്ദ്രം എന്ന നിലയിലും ശ്രദ്ധിക്കപ്പെടും.
ജനസംഖ്യ
[തിരുത്തുക]ഏകദേശം 60 എക്കർ വിസ്തീർണമുള്ള ഈ പ്രദേശതത്ത് മുമ്പ് 32 കുടുംബങ്ങളാണുണ്ടായിരുന്നത്. 2018 ലെ ലെ വെള്ളപ്പൊക്കത്തിനു ശേഷം ഏതാനും കുടുംബങ്ങൾ താമസം മാറ്റിയതിനു ശേഷം നിലവിൽ 24 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. പഴയ കാലത്ത് കൊച്ചി രാജകുടുംബം ഈ ദ്വീപ് ഒരു വേനൽക്കാല വിശ്രമ കേന്ദ്രമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കൊച്ചി രാജകുടുംബം കൂലിവേലയ്ക്കായി ദ്വീപിലേക്ക് കൊണ്ടുവന്ന 4 പേരാണ് ദ്വീപിൽ നിലവിലെ താമസക്കാരുടെ മുൻഗാമികൾ എന്ന് വിശ്വസിക്കപ്പെടുന്നു.
ഗതാഗതം
[തിരുത്തുക]ഈ ദ്വീപിൽ ആകെ 3 റോഡുകളുണ്ട്. ഏഴ് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ആലുവ മണപ്പുറം എന്നിവയുടെ സാമീപ്യം ഇവിടം ടൂറിസത്തിന് അനുയോജ്യമായ ഒരു പ്രദേശമാക്കുന്നു. നേരത്തെ വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നിരുന്ന തുരുത്തിലേക്കുള്ള ഏക ഗതാഗത മാർഗം വഞ്ചികളായിരുന്നു ഒക്കൽ പഞ്ചായത്ത് രൂപീകരിച്ച ശേഷം പുഴയിലൂടെ ഒരു ചപ്പാത്ത് നിർമ്മിക്കപ്പെട്ടു. തുരുത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിനായി പഞ്ചായത്ത് വക വഞ്ചി സർവ്വീസുണ്ട്. ഇവിടെ ഒക്കൽ പഞ്ചായത്ത് വിനോദ സഞ്ചാരവികസനത്തിനായി 40 ഏക്കർ സ്ഥലം റവന്യൂ പുറമ്പോക്കായി അളന്നു തിരിച്ചിട്ടുണ്ട്. തുരുത്തിൻറെ ഉൾപ്രദേശങ്ങളിൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ഒക്കൽതുരുത്ത് വിനോദ സഞ്ചാരം കടലാസിൽ". Retrieved 02/12/2024.
{{cite web}}
: Check date values in:|access-date=
(help) - ↑ "പെരിയാറിനു നടുവിലെ അതിവിശാലമായ സുന്ദരസങ്കേതം, ഈ ഭൂമികയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..." Retrieved 02/12/2024.
{{cite web}}
: Check date values in:|access-date=
(help) - ↑ മനോരമ ലേഖകൻ. "ഒക്കൽ തുരുത്ത് 'പച്ച'യാകും; നിലമൊരുക്കൽ തുടങ്ങി". Retrieved 02/12/2024.
{{cite web}}
: Check date values in:|access-date=
(help)