എസ്.എ. നോഡ്
ഹൃദയപേശികൾക്ക് താളാത്മകമായി പ്രവർത്തിക്കുവാൻ ആവശ്യമായ പ്രേരണ ചെലുത്തുന്ന ആവേഗങ്ങൾ ഹൃദയഭിത്തിയിലെ രൂപമാറ്റം സംഭവിച്ച പേശികളിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഈ ഭാഗമാണ് ഹൃദയത്തിന്റെ പേയ്സ്മേക്കർ അഥവാ സിനോഏട്രിയൽ അഥവാ S-A നോഡ് എന്നറിയപ്പെടുന്നത്.
ഘടന
[തിരുത്തുക]3 മി.മീറ്റർ വീതിയും 15മി.മീറ്റർ നീളവും ഒരു മില്ലീമീറ്റർ കനവുമുള്ള, പരന്ന, എലിപ്സിന്റെ ആകൃതിയുള്ള ഹൃദയപേശീഭാഗമാണിത്. വലത്തേ ഏട്രിയത്തിന്റെ(വലത്തേ ആറിക്കിൾ)പിൻമുകളിൽ വശത്തായി, ഊർദ്ധ്വമഹാസിര(സുപ്പീരിയർ വീനക്കാവ)യുടെ വെൻട്രിക്കിളിലേയ്ക്കുള്ള തുറക്കൽസുഷിരത്തിനടുത്താണ് ഇവയുടെ സ്ഥാനം. ഇവിടെയുള്ള പേശീതന്തുക്കൾക്ക്(ഹൃദയപേശീകോശങ്ങൾ) സ്വയം സങ്കോചശേഷി കാണിക്കുന്ന തന്തുക്കളില്ല. ഓരോ പേശീതന്തുവും 3 മുതൽ 5 മൈക്രോ മീറ്റർ വരെ മാത്രം വ്യസമുള്ളവയാണ്. എസ്.ഏ.നോഡിലെ തന്തുക്കളോരോന്നും ഏട്രിയത്തിന്റെ പേശീതന്തുക്കളുമായി സമ്പർക്കത്തിലിരിക്കുന്നതിനാൽ എസ്.ഏ.നോഡിലുണ്ടാകുന്ന വൈദ്യുത ആവേഗങ്ങൾ എളുപ്പത്തിൽ ഏട്രിയത്തിലേയ്ക്കും വ്യാപിക്കുന്നു. വലത്തേ വാഗസ് നാഡിയാണ് എസ്.ഏ.നോഡിനെ നാഡീയമായി നിയന്ത്രിക്കുന്നത്.
എസ്.ഏ.നോഡിൽ ചെറിയ ഗോളാകൃതിയിലുള്ള, വളരെക്കുറച്ചുമാത്രം കോശാംഗങ്ങളുള്ള P കോശങ്ങൾ കാണപ്പെടുന്നു. എസ്.ഏ.നോഡിന്റെ പേസ്മേക്കർ എന്നാണ് ഇവ അറിയപ്പെടുന്നത്. അവശേഷിക്കുന്ന കോശങ്ങളെ T കോശങ്ങൾ അഥവാ ട്രാൻസിഷണൽ കോശങ്ങൾ എന്നുവിളിക്കുന്നു. P കോശങ്ങൾക്ക് സ്വയം താളാത്മകമായി ഉത്തേജിപ്പിക്കപ്പെടാനും തുടർച്ചയായി ആക്ഷൻ പൊട്ടൻഷ്യൽ (നാഡീയ ആവേഗം)പുറപ്പെടുവിക്കാനും കഴിവുണ്ട്. കണ്ടക്ഷൻ സിസ്റ്റത്തിലെ എല്ലാ ഭാഗങ്ങൾക്കും ആവേഗങ്ങൾ സൃഷ്ടിക്കാൻ കഴിവുണ്ടെങ്കിലും എസ്.ഏ.നോഡിനാണ് വളരെ എളുപ്പത്തിൽ ആവേഗോത്പാദനം നടത്താൻ കഴിവുള്ളത്. അതിനാൽ എസ്.ഏ നോഡിനെ ഹൃദയത്തിന്റെ പേസ്മേക്കർ എന്നുവിളിക്കുന്നു. സിക്ക് സൈനസ് സിൻഡ്രോം പോലെയുള്ള വൈകല്യങ്ങളിൽ എസ്.ഏ.നോഡ് പ്രവർത്തന രഹിതമാകുന്നു. എസ്.ഏ.നോഡ് ഒഴികെയുള്ള ഭാഗങ്ങൾ എസ്.ഏ നോഡുപോലെ ആവേഗങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങുന്നതാണിതിന് കാരണം.
പ്രാധാന്യം
[തിരുത്തുക]മയോകാർഡിയം എന്ന ഹൃദയപേശീഭാഗങ്ങളിലെ ചില കാർഡിയോമയോസൈറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആക്ഷൻ പൊട്ടൻഷ്യൽ എന്ന വൈദ്യുതആവേഗമാണ് ഹൃദയപ്രവർത്തനത്തിനാധാരം.[1] ഇവയുടെ വൈകല്യം ഹൃദയപ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്നതിനാൽ ഇവയുടെ ആരോഗ്യസംരക്ഷണവും തകരാറിലായ പേയ്സ്‌മേക്കറിന്റെ പരിഹരണവും പ്രാധാന്യമർഹിക്കുന്നു. മിക്ക രോഗികളിലും തകരാറുകൾ പരിഹരിക്കുന്നതിന് കൃത്രിമ പേയ്സ്‌മേക്കറുകൾ സ്ഥാപിക്കാറുണ്ട്.[2]==
കൃത്രിമപേയ്സ്‌മേക്കർ
[തിരുത്തുക]ഹൃദയത്തിൽ ഘടിപ്പിച്ച ഇലക്ട്രോഡുകൾ വഴി കൃത്യമായ ഇടവേളകളിൽ വൈദ്യുത ആവേഗങ്ങൾ എത്തിച്ച് ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കാൻ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന യന്ത്രമാണ് കൃത്രിമ പേസ് മേക്കർ. സൈനോ ഏട്രിയൽ നോഡ് എന്ന പ്രകൃതിദത്ത പേസ് മേക്കറിന്റെ വേഗം കുറയുമ്പോഴോ ഹൃദയത്തിലെ ആവേഗ പ്രസരണ വ്യവസ്ഥയിൽ എന്തെങ്കിലും തടസ്സമുണ്ടാകുമ്പോഴോ ആണ് കൃത്രിമ പേസ് മേക്കറിന്റെ ആവശ്യം വരുന്നത്. സാധാരണഗതിയിൽ യന്ത്രത്തിന്റെ പ്രധാന ഭാഗം ശരീരത്തിനു വെളിയിൽ ഘടിപ്പിക്കാവുന്നതാണ്. ഓരോ വ്യക്തിക്കും വേണ്ട ഹൃദയതാളം മനസ്സിലാക്കി അതനുസരിച്ച് പ്രോഗ്രാം ചെയ്യാവുന്നവയാണ് ആധുനിക പേസ് മേക്കറുകൾ.
അവലംബം
[തിരുത്തുക]- ↑ http://en.wikipedia.org/wiki/Cardiac_pacemaker
- ↑ CSIR-UGC-NET life sciences, Ramesh Publishing house, New Delhi, page: 329