അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്)

അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്) ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു. 1824 ജൂലൈ 27-ന് പാരിസിൽ ജനിച്ച ഇദ്ദേഹം സുപ്രസിദ്ധ ഫ്രെഞ്ച് സാഹിത്യകാരനായ അലക്സാണ്ടർ ഡ്യൂമാസ് (1802-70)യുടെ പുത്രനാണ്. ഒരേ പേരുകാരായ പിതാവിനേയും പുത്രനേയും തിരിച്ചറിയുന്നതിനു വേണ്ടി അച്ഛന്റെ പേരിനോടൊപ്പം പിയെ (Pere-പിതാവ്) എന്നും മകന്റെ പേരിനോടൊപ്പം ഫിൽ (Fils- പുത്രൻ) എന്നും ചേർക്കാറുണ്ട്.
കാമിലെ എന്ന പ്രധമനോവൽ
[തിരുത്തുക]അപഥസഞ്ചാരത്തിൽ തത്പരനായിരുന്ന പിതാവിന് അതിന്റെ ഭാഗമായുണ്ടായ ഒരു ബന്ധത്തിൽ പിറന്ന പുത്രനായിരുന്നു അലക്സാണ്ടർ ഡൂമാ (ഫിൽ). ഇക്കാര്യം പറഞ്ഞ് സഹപാഠികൾ സദാ പരിഹസിച്ചിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ബാല്യകാലം ദുഃഖപൂർണമായിത്തീർന്നു. പിതാവിന്റെ ചെയ്തികളോടുള്ള കടുത്ത എതിർപ്പുകാരണം സ്വന്തം കൃതികളിൽ എന്നും ധർമപ്രബോധനപരമായ പ്രതിപാദ്യങ്ങൾക്കും ശൈലിക്കും പ്രാധാന്യം നൽകി. പീയ്യെ ദെ ജ്യൂനെസെ (യൗവനപാപങ്ങൾ, 1847) എന്ന കാവ്യകൃതിയുമായാണ് സാഹിത്യവേദിയിൽ തുടക്കം കുറിച്ചത്. 1848-ൽ കാമിലെ എന്ന പ്രഥമനോവൽ പ്രസിദ്ധീകരിച്ചു. നാലുവർഷത്തിനുശേഷം ഇതിന്റെ നാടകരൂപവും ആസ്വാദകരുടെ മുന്നിലെത്തി. ഇതിൽ രാജകൊട്ടാരത്തിലെ ഒരു ദാസിയുടെ കഥ പറയുന്നു. സ്വകാമുകന്റെ നന്മയ്ക്കായി ത്യാഗം ചെയ്യുന്ന അവളുടെ അനുഭവങ്ങൾ ഹൃദയസ്പർശിയാണ്. (അരങ്ങത്തവതരിപ്പിച്ചപ്പോൾ സാറാ ബേൺഹാർഡ്റ്റും, ചലച്ചിത്രമാക്കിയപ്പോൾ ഗ്രെറ്റാ ഗാർബോയും കാമിലെയിലെ അഭിനയത്തിലൂടെ പ്രശസ്തി നേടി.) ഡൂമായ്ക്കു നാടകരംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കാൻ ഈ കൃതി ഏറെ സഹായകമായി.
പ്രധാന നാടകങ്ങൾ
[തിരുത്തുക]ഡൂമാ തുടർന്നും നോവലുകൾ എഴുതിയിരുന്നെങ്കിലും നാടകങ്ങളുടെ പേരിലാണ് കൂടുതൽ വിജയിച്ചത്.
- ആദ്യനാടകമായ കാമിലെ (1848)
- ലെ ഡെമി-മോൻഡെ (1855)
- ല ക്വെസ്ച്യൻഡ് ആർജെന്റ് (1857)
- ലെ ഫിൽ നാച്വെറൽ (1858)
- ഫ്രാൻസിലോൻ (1887)
എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യനാടകങ്ങൾ. ലെ ഡെമി മൊൻഡേയിൽ അധഃസ്ഥിതരായി കഴിയുന്നതിൽ അതൃപ്തി കാട്ടാത്ത സ്ത്രീവർഗം നാടകകൃത്തിന്റെ ശകാരത്തിനു പാത്രീഭവിക്കുന്നു. അത്യാഗ്രഹികളായ പണമിടപാടുകാരുടെ നേരെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളയയ്ക്കുന്നു ല ക്വെസ്ച്യൻഡ് ആർജെന്റ്. ഫ്രാൻസിലോനിൽ ദാമ്പത്യത്തിലെ വിശ്വസ്തത, ഭാര്യമാർ പാലിക്കേണ്ടതുപോലെ തന്നെ അനുഷ്ഠിക്കുവാൻ ഭർത്താക്കന്മാരും ബാധ്യസ്ഥരാണെന്ന യാഥാർഥ്യത്തിലേക്കു വിരൽചൂണ്ടുന്നു. ഇദ്ദേഹത്തിന്റെ നാടകങ്ങളിലെല്ലാം ജീവിതത്തിന്റെ യഥാതഥ ചിത്രീകരണം കാണാം.
പിതാവിന്റെ കുത്തഴിഞ്ഞ ജീവിതശൈലി ഒരിക്കലും പൊറുക്കാൻ കഴിയാതിരുന്ന ഡൂമാ ജീവിതത്തിലും രചനകളിലും ധാർമികതയ്ക്കു മുൻതൂക്കം നൽകി. 1874-ൽ ഫ്രഞ്ച് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഡൂമാ 1895 നവംബർ 27-ന് മർലിലെ റോയിയിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/173436/Alexandre-Dumas-fils
- http://www.amazon.co.uk/s?_encoding=UTF8&search-alias=books-uk&field-author=Dumas%20Alexandre%201824-1895
- http://www.unz.org/Pub/WarnerCharles-1896v12-05001
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൂമാ, അലക്സാണ്ടർ (ഫിൽ) (1824 - 95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |