Jump to content

അഫ്ഗാനിസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഫ്‌ഗാനിസ്ഥാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്ലാമിക്‌ എമിറേറ്റ് ഓഫ്‌ അഫ്ഗാനിസ്താൻ

جمهوری اسلامی افغانستان
ജൊമൊഹുരിയെ ഇസ്ലാമിയെ അഫ്ഗാനിസ്ഥാൻ
(പേർഷ്യൻ)
د افغانستان اسلامي جمهوریت
ദ അഫ്ഗാനിസ്ഥാൻ ഇസ്ലാമി ജൊംഹൊരിയാത്
(പഷ്തോ)
Flag of അഫ്ഗാനിസ്താൻ
Flag
ദേശീയ ഗാനം: അഫ്ഗാൻ ദേശീയ ഗാനം
Location of അഫ്ഗാനിസ്താൻ
തലസ്ഥാനം
and largest city
കാബൂൾ
ഔദ്യോഗിക ഭാഷകൾഡരി പേർഷ്യൻ
പഷ്തോ[1]
നിവാസികളുടെ പേര്അഫ്ഗാൻ [alternatives]
ഭരണസമ്പ്രദായംഇസ്ലാമിക്ക് എമിറേറ്റ്
ഹിബത്തൂള്ള അഖുണ്ട്സാദാ
ഹസൻ ആഘുണ്ട്
അബ്ദുൽ ഹകീം ഹക്കാനി
നിയമനിർമ്മാണസഭഇല്ല
മൂപ്പന്മാരുടെ സഭ
സ്ഥാപനം
ഒക്ടോബർ 1747
• സ്വാതന്ത്ര്യം (യുണൈറ്റഡ് കിങ്ഡത്തിൽനിന്ന്)
ഓഗസ്റ്റ് 19, 1919
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
647,500 കി.m2 (250,000 ച മൈ) (41ആം)
•  ജലം (%)
തുച്ഛം
ജനസംഖ്യ
• 2012 estimate
30,419,928 [4] (40)
• 1979 census
15.5 ദശലക്ഷം[5]
•  ജനസാന്ദ്രത
43.5/കിമീ2 (112.7/ച മൈ) (150ആം)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$29.731 ശതകോടി[6]
• പ്രതിശീർഷം
$956[6]
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$18.181 ശതകോടി[6]
• Per capita
$585[6]
ജിനി (2008)29[7]
Error: Invalid Gini value
എച്ച്.ഡി.ഐ. (2011)0.398[8]
Error: Invalid HDI value · 172nd
നാണയവ്യവസ്ഥഅഫ്ഗാനി (AFN)
സമയമേഖലUTC+4:30 (D†)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+93
ഇൻ്റർനെറ്റ് ഡൊമൈൻ.af

ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ്‌ അഫ്ഗാനിസ്താൻ. ഔദ്യോഗിക നാമം ഇസ്ലാമിക് എമിറേറ്റ് ഓഫ്‌ അഫ്ഗാനിസ്താൻ. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പാകിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന,ഇന്ത്യ (പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ പ്രദേശം) എന്നിവയാണ് ഈ രാജ്യത്തിൻറെ അയൽ രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഇത്.

പേരിന്റെ ഉദ്ഭവം

[തിരുത്തുക]

പഷ്തോ ഭാഷയിൽ അഫ്ഘാൻ എന്നാൽ പഷ്തൂണുകൾ എന്നാണർഥം. ഇവരാണ് അഫ്ഘാനിസ്ഥാനിലെ പ്രധാന വംശം.സ്ഥാൻ എന്നാൽ പേർഷ്യൻ ഭാഷയിൽ സ്ഥാനം എന്നു തന്നെയാണർഥം. ആഫ്ഗാനിസ്ഥാന്റെ പുതിയ ഭരണഘടനപ്രകാരം, അഫ്ഘാൻ എന്നാൽ അഫ്ഘാനിസ്ഥാനിലെ പൗരന്മാരെ വിളിക്കുന്ന പേരാണ്.

അതിരുകൾ

[തിരുത്തുക]

ഭൂമിശാസ്ത്രം

[തിരുത്തുക]
ഹിന്ദുകുഷ്
ഹിന്ദുകുഷ്

അഫ്ഗാനിസ്താനിലെ വിവിധ ഭൂരൂപങ്ങളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നത് ഹിന്ദുക്കുഷ് പർവതനിരകളാണ്. കിഴക്കരികിലെ വഖാൻ ഉന്നത തടത്തിന്റെ തുടർച്ചയായി വരുന്ന മലനിരകളുടെ സമുച്ചയമാണ് ഹിന്ദുക്കുഷ്. രാജ്യത്തിന്റെ വടക്കേ പകുതിയിലുള്ള ഫലഭൂയിഷ്ഠങ്ങളായ പ്രദേശങ്ങളെ തെക്കുള്ള നിമ്ന്നോന്നത ഭൂഭാഗങ്ങളിൽനിന്നു വേർതിരിച്ചുകൊണ്ട് ഹിന്ദുക്കുഷിന്റെ മുഖ്യനിര വടക്ക് കിഴക്ക് - തെക്ക് പടിഞ്ഞാറൻ രാജ്യാതിർത്തിയോളം നീണ്ടുകിടക്കുന്നു. കാബൂളിന് 100 കി.മീ. വടക്ക് നിന്ന് പടിഞ്ഞാറേക്കു നീളുന്ന അനേകം പർവതങ്ങളിൽ പ്രാധാന്യമുള്ളത് ബാബാ, ബായൻ, സഫേദ് കോഹ് എന്നീ മലനിരകൾക്കാണ്. ഇവയോരോന്നിലും വിവിധ ദിശകളിൽ നീളുന്ന മലനിരകൾ ഉണ്ട്. ഇവയിൽ വടക്ക് പടിഞ്ഞാറേക്കു നീണ്ടുകിടക്കുന്ന തുർകിസ്താന നിരകളും കസാമുർഗ്, ഹിസാർ, മസാർ, ഖുർദ് എന്നിവയും പ്രാധാന്യമർഹിക്കുന്നു. കിഴക്ക് പാകിസ്താനതിർത്തിക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന മലനിരകൾ ഇന്ത്യാസമുദ്രത്തിൽ നിന്നെത്തുന്ന നീരാവി പൂരിതമായ കാറ്റിനെ പ്രതിരോധിക്കുന്നതുമൂലം രാജ്യത്തിന്റെ ഉൾഭാഗങ്ങളിൽ മഴക്കുറവും വരൾച്ചയും അനുഭവപ്പെടുന്നു.

ഹിന്ദുക്കുഷും ശാഖാ പർവതങ്ങളും ചേർന്ന് അഫ്ഗാനിസ്താനെ മൂന്നു നൈസർഗിക മേഖലകളായി തിരിക്കുന്നു. (i) മധ്യ ഉന്നതതടങ്ങൾ; (ii) ഉത്തരസമതലങ്ങൾ; (iii) തെക്ക് പടിഞ്ഞാറൻ പീഠപ്രദേശം. ഇവയിൽ മധ്യഉന്നതതടം ഹിമാലയൻ നിരകളുടെ തുടർച്ചയാണെന്നു കരുതാം; ഹിന്ദുക്കുഷ് പർവതത്തിലെ പ്രധാനനിര ഈ ഭാഗത്താണു സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ അഗാധതാഴ്വരകളും ഉത്തുംഗമായ മലനിരകളും നിറഞ്ഞ മധ്യഉന്നതതടത്തിന്റെ വിസ്തീർണം: സു. 4,14,400 ച.കി.മീ.യും, ശരാശരി ഉയരം 3650-4575 മീ.യും ആണ്. 6,400 മീ.ലേറെ ഉയരമുള്ള അനേകം കൊടുമുടികളും ഉണ്ട്. ബാബാനിരകൾ പ്രധാനപർവതത്തിൽനിന്നുപിരിയുന്ന ഭാഗത്തുള്ള സേബർ, പാകിസ്താൻ അതിർത്തിയിലുള്ള ഖൈബർ എന്നീ മലമ്പാതകൾ തന്ത്രപ്രധാനങ്ങളാണ്. ഇവയിൽ സേബർ കാബൂളിനു വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മധ്യഉന്നതതടത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബരാക്ഷാൻ ഒരു ഭൂകമ്പമേഖലയാണ്. പ്രതിവർഷം അഫ്ഗാനിസ്താനിൽ അനുഭവപ്പെടുന്ന അമ്പതോളം ഭൂകമ്പങ്ങളിൽ മിക്കവയുടേയും അഭികേന്ദ്രം (epicentre) ബരാക്ഷാനിലാണ്.

മധ്യ ഉന്നതതടത്തിനു വടക്കായി ഇറാനതിർത്തിയിൽനിന്നു കിഴക്കോട്ട് പാമീറിന്റെ അടിവാരം വരെ വ്യാപിച്ചു കിടക്കുന്ന സമതല മേഖലയാണ് രണ്ടാമത്തെ ഭൂവിഭാഗം. സു.1,03,600 ച.കി.മീ. വിസ്തീർണമുള്ള ഈ ഭൂഭാഗം ആമു-ദാരിയ നദീതടത്തിലേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് വ്യാപിച്ചിരിക്കുന്നത്. മധ്യേഷ്യൻ സ്റ്റെപ്പ് (steppe) പുൽമേടുകളുടെ ഒരു ഭാഗമാണിത്. ശരാശരി ഉയരം 600 മീ. ഉർവരമായ മണ്ണിനാലും ധാതുനിക്ഷേപങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. പ്രകൃതിവാതകം ആണ് പ്രധാന ഖനിജോത്പന്നം.

മധ്യ ഉന്നത തടത്തിനു തെക്കായാണ് തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്തിന്റെ കിടപ്പ്. താരതമ്യേന ഉയരം കൂടിയ ഈ പീഠഭൂമി (ശരാശരി ഉയരം 915 മീ.), മണലാരണ്യങ്ങളും അർധമരുഭൂമികളുമായി പരിണമിച്ചിരിക്കുന്നു. മൊത്തം 1,29,500 ച.കി.മീ. വിസ്തൃതിയുള്ള ഈ പീഠപ്രദേശത്���ിന്റെ കാൽഭാഗത്തോളവും രേഗിസ്താൻ മരുഭൂമിയാണ്. ഈ മണൽപ്പരപ്പിന്റെ പടിഞ്ഞാറായി മഡ്ഗാവ് എന്നറിയപ്പെടുന്ന മറ്റൊരു മരുഭൂമിയുണ്ട്. ഇടയ്ക്കിടെയുള്ള സ്റ്റെപ്പ് മാതൃക പുൽമേടുകളും കല്ലുപ്പുമടകളുമാണ് ഈ പ്രദേശത്തിന്റെ മുഖ്യ സവിശേഷതകൾ. സാമാന്യം വലിപ്പമുള്ള ഏതാനും നദികൾ ഈ പീഠപ്രദേശത്തിനുകുറുകെ ഒഴുകുന്നുണ്ട്. ഹെൽമന്ത് (1,046 കി.മീ.), അതിന്റെ പോഷകനദിയായ അർഗൻദാബ് എന്നിവയാണ് ഇവയിൽ മുഖ്യം.

അഫ്ഗാനിസ്താന്റെ ഏറിയഭാഗവും 600-3,050 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും താണമേഖല ദക്ഷിണ പശ്ചിമപീഠപ്രദേശത്തെ ശീസ്താൻ താഴ്വാര (450-520 മീ.) ആണ്. 14-ാം ശ. വരെ നിലനിന്നിരുന്ന പ്രാചീന സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്നു ശീസ്താൻ.

അപവാഹം

[തിരുത്തുക]
കാബൂൾ നദി ജലാലബാദിലെ ബെഹ്‌സൂദ് പാലം

അഫ്ഗാനിസ്താനിലെ പ്രധാന നദികളിൽ മിക്കവയും ആന്തരാപവാഹക്രമം പാലിക്കുന്നവയാണ്; ഇവ ഉൾനാടൻ തടാകങ്ങളിൽ പതിക്കുകയോ മരുഭൂമികളിലേക്കൊഴുകി ലുപ്തമായിത്തീരുകയോ ചെയ്യുന്നു. ഇവയൊക്കെത്തന്നെ മധ്യ-ഉന്നതതടത്തിൽ നിന്ന് ഉദ്ഭവിക്കുന്നവയാണ്. കിഴക്കോട്ടൊഴുകുന്ന കാബൂൾനദീവ്യൂഹം ഉദ്ദേശം 83,000 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. മുഖ്യനദിയായ കാബൂൾ പാകിസ്താനിലേക്കു കടന്ന് സിന്ധുനദിയിൽ ലയിക്കുന്നു. പാമിർ പീഠഭൂമിയിലെ ഹിമാനികളിൽ നിന്നുദ്ഭവിക്കുന്ന ആമു അഫ്ഗാനിസ്താന്റെ വടക്ക് കിഴക്കും വടക്ക് ഭാഗങ്ങളിലുമുള്ള 31,080 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. സു. 2525 കി.മീ. നീളമുള്ള ഈ നദിയിലെ 600 കി.മീ. തജികിസ്താൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളുമായുള്ള അഫ്ഗാൻ അതിർത്തി നിർണയിക്കുന്നുണ്ട്. ഉസ്ബെകിസ്താനിലെ ആറാൾ കടലിലേക്കാണ് ആമു ഒഴുകുന്നത്. കൌക്ഷേ, ഖോൺഡൂസ് എന്നിവ അഫ്ഗാനിസ്താനിനുള്ളിൽ വച്ച് ഈ നദിയിൽ ചേരുന്ന പോഷകനദികളാണ്. കൌക്ഷേയുടെ ലയനസ്ഥാനം മുതൽ ആമു നദി ഗതാഗതയോഗ്യമായി മാറുന്നു.

വടക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹം ഹാരീ റൂദും (1126 കി.മീ.) പോഷകനദികളുമാണ്. 2745 മീ. ഉയരത്തിൽ ബാബാപർവതത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ഹാരീ ഹീരേത്ത് താഴ്വരയിലൂടെ പടിഞ്ഞാറേക്കൊഴുകിയശേഷം വടക്കോട്ടു തിരിയുന്നു. ഇറാനുമായുള്ള അന്താരാഷ്ട്രാത്തിർത്തിയിലൂടെ 104 കി.മീ. പിന്നിട്ടശേഷം തുർക്മെനിസ്താനിലേക്കു കടക്കുന്ന ഹാരീ കാരാകും മരുഭൂമിയിൽ ലുപ്തമായിത്തീരുന്നു. ഹീരേത്ത് താഴ്വരയെ ജലസിക്തമാക്കുന്നുവെന്നതാണ് ഈ നദിക്കുള്ള പ്രാധാന്യം.

തെക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹമാണ് ഹെൽമന്ത് (1144 കി.മീ.). കാബൂളിന് 80 കി.മീ. പടിഞ്ഞാറായി, ബാബാ മലനിരകളിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. പോഷകനദികളിൽ ഏറ്റവും പ്രമുഖം അർഗൻദാബ് ആണ്. 160,000 ച.കി.മീ. ആവാഹക്ഷേത്രമുള്ള ഈ നദീവ്യൂഹം സാബ്ദി തടാകത്തിൽ പതിക്കുന്നു. തെക്ക് അഫ്ഗാനിസ്താനിലെ രേഗിസ്താൻ, മഡ്ഗാവ് എന്നീ മരുഭൂമികളെ താണ്ടിയാണ് ഹെൽമന്ത് ശീസ്താൻ താഴ്വാരത്തിലെ തടാകസമുച്ചയത്തിലെത്തുന്നത്. ഈ തടാകങ്ങളിലും കാലികമായി മാത്രമേ വെള്ളമുണ്ടാകാറുള്ളൂ.

അഫ്ഗാനിസ്താന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ജലവാഹകങ്ങളായ നദികൾ കാണപ്പെടുന്നത്. കാബൂൾനദിയും ഉപനദികളുമാണ് ഇക്കൂട്ടത്തിൽ പ്രധാനം. മസാർ ഇ ഷെരീഫ് മലനിരകളിൽനിന്ന് ഉദ്ഭവിച്ചൊഴുകുന്ന ഇവ കാബൂൾ നദിയായി പരിണമിച്ചശേഷം രാജ്യാതിർത്തി കടന്ന് പാകിസ്താനിൽ പ്രവേശിക്കുകയും തുടർന്ന് സിന്ധുനദിയിൽ ലയിക്കുകയും ചെയ്യുന്നു. ലൌഗാർ ആണ് കാബൂളിന്റെ പ്രധാന പോഷകനദി. അഫ്ഗാനിസ്താനിലെ നിരവധി തടാകങ്ങളിൽ ബാബാമലനിരകളിലെ ആമീർതടാകങ്ങൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ അഞ്ചുതടാകങ്ങളുടെ സമുച്ചയമാണ് ആമീർ. ആധാരശിലകളിലെ സ്വഭാവസവിശേഷതകളുടെ പ്രതിഫലനമായി ഈ തടാക ജലം തൂവെള്ള മുതൽ കടുംപച്ച വരെയുള്ള വർണവൈവിധ്യം പ്രദർശിപ്പിക്കുന്നു.

ബാന്ദ് ഇ ആമീർ

മണ്ണിനങ്ങൾ

[തിരുത്തുക]

രാജ്യത്തെ വടക്കൻ സമതലങ്ങളിൽ മാത്രമാണ് ഫലഭൂയിഷ്ഠമായ ലോയസ്സ് ഇനം മണ്ണ് കാണപ്പെടുന്നത്. മധ്യ-ഉന്നതതടങ്ങളിൽ പൊതുവേ വളക്കൂറുകുറഞ്ഞ സ്റ്റെപ്പ് മാതൃക മണ്ണിനങ്ങളും; തെക്ക് പടിഞ്ഞാറൻ പീഠഭൂമിയിൽ മരുഭൂമികളിലേതായ പരുക്കൻ മണലുമാണുള്ളത്. നദീതീരങ്ങളിൽമാത്രം അല്പമായ തോതിൽ എക്കൽമണ്ണ് കാണപ്പെടുന്നു. ശേഷിക്കുന്ന ഭാഗങ്ങളിൽ ഉർവരത തീരെകുറവാണ്. മധ്യഉന്നതതടങ്ങളിൽ വർധിച്ച തോതിലുള്ള മണ്ണൊലിപ്പ് ചരിവുതലങ്ങളുടെ സ്ഥായിത്വത്തിന് കടുത്ത ഭീഷണിയായി തുടരുന്നു.

കാലാവസ്ഥ

[തിരുത്തുക]

അർധ-ശുഷ്ക സ്റ്റെപ് മാതൃകാ കാലാവസ്ഥയാണ് പൊതുവിലുള്ളത്; അതികഠിനമായ ശൈത്യകാലവും അത്യുഷ്ണമുള്ള ഗ്രീഷ്മകാലവും ഇവിടെ അനുഭവപ്പെടുന്നു. കാലാവസ്ഥയുടെ പൊതുസ്വഭാവത്തിൽ സ്ഥാനീയമായ അവസ്ഥാന്തരങ്ങളും സാധാരണമാണ്. വടക്ക് കിഴക്ക് ഭാഗത്തെ പർവതസാനുക്കളിൽ വരൾച്ചയും അതിശൈത്യവും അനുഭവപ്പെടുന്നു; പാകിസ്താനതിർത്തിക്കടുത്തുള്ള മലമ്പ്രദേശങ്ങളിൽ ജൂൺ മുതൽ സെപ്. വരെ സാമാന്യം നല്ല മഴയും അന്തരീക്ഷത്തിന് ഉയർന്ന ഈർപ്പനിലയും പ്രദാനം ചെയ്യുന്ന മൺസൂൺ പ്രഭാവത്തിന്റെ തുടർച്ചയായി താരതമ്യേന തണുപ്പു കുറഞ്ഞ ശൈത്യകാലമാണുള്ളത്. വടക്ക്പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉഷ്ണകാലത്ത് നിത്യേനയെന്നോണം ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റുകൾ വീശുന്നതിനും മൺസൂൺ പ്രഭാവം കാരണമാകുന്നു. ഉച്ചാവചത്തിന്റെ അടിസ്ഥാനത്തിലും കാലാവസ്ഥയിൽ സ്ഥാനീയ വ്യതിയാനങ്ങൾ കാണാം. ശൈത്യകാലത്ത് വടക്ക് നിന്നുള്ള ഉപധ്രുവീയ വാതങ്ങളും വടക്ക് പടിഞ്ഞാറ് നിന്നെത്തുന്ന അത്ലാന്തിക് നിമ്നമർദ (depression)ങ്ങളും ചേർന്ന് വടക്ക് അഫ്ഗാനിസ്താനിലെ ഉന്നതപ്രദേശങ്ങളിൽ മഞ്ഞുപൊഴിയുന്നതിനും താഴ്വാരങ്ങളിൽ മഴപെയ്യുന്നതിനും ഇടവരുത്തുന്നു.

താപനിലയുടെ കാര്യത്തിൽ അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങൾക്കിടയിൽ വലിയ അന്തരം കാണാം. രാജ്യത്തിലെ ഏറ്റവും ചൂടു��ൂടിയ സ്ഥാനമായ ജലാലാബാദിൽ ജൂലാ.-യിലെ ഊഷ്മാവ് 49 °C വരെ ഉയർന്നു കാണുന്നു. തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്ത് ശരാശരി താപനില 35 °C ആണ്. ഉന്നതമേഖലകളിൽ ശൈത്യകാല താപനില -5 °C വരെ താഴുന്നു; കാബൂൾ നഗരത്തിൽ -31 °C രേഖപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

ഉന്നതമേഖലകളിലെ വാർഷിക വർഷപാതത്തിന്റെ തോത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വർധിച്ചുകാണുന്നു; ശരാശരി 40 സെ.മീ. മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറിയഭാഗവും. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഹിന്ദുക്കുഷിലെ സലാങ്പാത (137 സെ.മീ.)യിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറരികിലെ ഫറായിൽ വാർഷികവർഷപാതം കേവലം 8 സെ.മീ. ആണ്. ഉത്തര അഫ്ഗാനിസ്താനിലെ താഴ്വാരങ്ങളിൽ ഡി.മുതൽ ഏ. വരെയുള്ള മാസങ്ങളിൽ ഇടവിട്ട് മഴ കിട്ടുന്നു. ഇവിടത്തെ പർവതസാനുക്കളിൽ ഡിസംബർ മാസത്തിൽ കാലത്ത് മഞ്ഞുവീഴ്ച ഉണ്ടാവുന്നു. അഫ്ഗാനിസ്താനിൽ മൺസൂൺ പ്രഭാവം അനുഭവപ്പെടാത്ത പ്രദേശങ്ങളിൽ ഗ്രീഷ്മകാലത്ത് അത്യുഷ്ണവും വരൾച്ചയും മേഘരഹിതമായ ആകാശവുമാണ് പൊതുവിലുള്ളത്.

ജീവജാലങ്ങൾ

[തിരുത്തുക]
വടക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താൻ
കിഴക്കൻ അഫ്ഗാനിസ്താൻ

ദക്ഷിണ അഫ്ഗാനിസ്താനിൽ, പ്രത്യേകിച്ച് പടിഞ്ഞാറേക്കു നീങ്ങുന്തോറും സസ്യവളർച്ച പൊതുവേ കുറവാണ്. വരൾച്ച ബാധിച്ച് മരുസ്ഥലങ്ങളായി മാറിയിട്ടുള്ള ഇവിടങ്ങളിൽ അപൂർവമായി പെയ്യുന്ന മഴയെത്തുടർന്ന് പൊട്ടിമുളയ്ക്കുന്ന പൂച്ചെടികളും പുൽവർഗങ്ങളുമാണുള്ളത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കുനീങ്ങുന്തോറും സാമാന്യമായ തോതിൽ മഴ ലഭിക്കുന്നതുമൂലം സസ്യപ്രകൃതിയിലും മാറ്റമുണ്ടാവുന്നു. ജലാലാബാദിനു വടക്കുള്ള മലഞ്ചെരിവുകളിൽ ഇടതൂർന്ന മൺസൂൺ വനങ്ങൾ കാണാം; സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങളുടെ സ്തരീകൃതമായ കേന്ദ്രീകരണം ഉത്തര അഫ്സാനിസ്താനിലെ വനങ്ങളുടെ സവിശേഷതയാണ്. 3,050 മീ. ലേറെ ഉയരമുള്ളയിടങ്ങളിൽ 55 മീ. വരെ ഉയരത്തിൽ വളരുന്ന പൈൻ, ഫെർ തുടങ്ങിയ വൃക്ഷങ്ങളും 1,675 മുതൽ 2,200 മീ. വരെ ഉയരത്തിൽ സെഡാർ വൃക്ഷങ്ങളും കാണപ്പെടുന്നു. ഇതിലും ഉയരം കുറഞ്ഞ മലഞ്ചെരിവുകളിൽ ഓക്, വാൽനട്ട്, ആൽഡർ, ആഷ്, ജൂനിപെർ തുടങ്ങിയയിനം സമ്പദ്പ്രധാനമായ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു. മുൾച്ചെടികൾ, കുറ്റിച്ചെടികൾ, പൂച്ചെടികൾ തുടങ്ങിയവയാൽ സമ്പന്നമായ അടിക്കാടുകളും ഈ വനങ്ങളുടെ സവിശേഷതയാണ്.

അഫ്ഗാനിസ്താനിൽ ഉപോഷ്ണമേഖലയിലുള്ള തനതു ജന്തുജാലങ്ങളിലെ സസ്തനിവർഗങ്ങൾ, വിശിഷ്യ വലിപ്പമേറിയവ, ഏറെക്കുറെ വംശനാശത്തെ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു. ആമു നദീതീരത്തെ വനങ്ങളെ അധിവസിച്ചിരുന്ന സൈബീരിയൻ കടുവകളും തെക്ക്കിഴക്ക് ഭാഗത്തുള്ള വനങ്ങളിൽ ബഹുലമായി കാണപ്പെട്ടിരുന്ന മറ്റിനം കടുവകളും ഏതാണ്ട് അപ്രത്യക്ഷങ്ങളായിക്കഴിഞ്ഞു. മലനിരകളിലും അടിവാരങ്ങളിലുമുള്ള കാടുകളിൽ ചെന്നായ്, കുറുനരി, കഴുതപ്പുലി, ഹരിണ വർഗങ്ങൾ, കാട്ടുപൂച്ച, കാട്ടുനായ തുടങ്ങിയവ സമൃദ്ധമാണ്. ഉയരം കൂടിയ പർവതങ്ങളിൽ ഹിമപ്പുലി (Snow leopard) ധാരാളമായുണ്ട്. പാമിർ പരിസരത്തും ഹിന്ദുക്കുഷ് നിരകളിലും കാട്ടാടുകൾ, മലയാട് (ibex), തവിട്ടുകരടി (brown bear) തുടങ്ങിയവയും മൂഷിക വർഗങ്ങൾ, കുഴിപ്പന്നി, കങ്ഗാരു എലി (jerboa) എന്നിവയും വർധിച്ച തോതിൽ കാണപ്പെടുന്നു; ഇവയിൽ നീണ്ടുപിരിവുകളുള്ള കൊമ്പുകളോടുകൂടിയ കാട്ടാടും പിറകോട്ടു പിരിഞ്ഞു നീളുന്ന കൊമ്പുകളുള്ള ഐബെക്സ് മലയാടും സവിശേഷയിനങ്ങളാണ്.

ഇരപിടിയന്മാരായ കഴുകൻ, പരുന്ത് എന്നീ പക്ഷികൾക്കുപുറമേ വാൻകോഴി (pheasant), കാട (quail), പെലിക്കൻ, പുള്ള്, ചകോരം, കൊറ്റി (crane), കാക്ക, വാവൽ എന്നീ പറവകളും നിരവധിയിനം ദേശാടനപ്പക്ഷികളും അഫ്ഗാനിസ്താനിൽ സുലഭമായുണ്ട്. ശുദ്ധജലസ്രോതസ്സുകൾ മത്സ്യസമ്പന്നങ്ങളാണ്.

ചരിത്രം

[തിരുത്തുക]
അഫ്ഗാനിസ്താന്റെ ചരിത്രം
Thumb
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ

ലൂയിസ് ഡൂപ്രീ നടത്തിയ പുരാഖനനം തെളിയിക്കുന്നത്, ഇന്നു അഫ്ഘാനിസ്ഥാൻ എന്നു വിളിക്കുന്ന ഈ പ്രദേശത്ത് കുറഞ്ഞത്, 50,000 വർഷങ്ങൾക്കുമുമ്പുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ലോകത്തെ തന്നെ കൃഷിചെയ്തുജീവിച്ച വർഗ്ഗങ്ങളിൽ ഇവിടുത്തെ ജനങ്ങൾ ആദ്യത്തേതിൽ പെടുന്നു. ഇവിടുത്തെ ഘനനസ്ഥലങ്ങൾ പരിശോധിച്ചവർ സാക്ഷ്യപ്പെടുത്തുന്നത്, ഈ പ്രദേശത്തെ ഉത്ഘനനസ്ഥലങ്ങളെ ഈജിപ്ഷ്യൻ സംസ്കാരവുമായി ചരിത്രപരമായ പ്രാധാന്യം താരതമ്യം ചെയ്യാമെന്നാണ്.


മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്‌ഗാനിസ്താൻ, അതിന്റെ കിടപ്പുകൊണ്ട് അനേകം സംസ്കാരങ്ങളുമായി സമ്പർക്കം പുലർത്തിവന്നു. കാലങ്ങളിലൂടെ പലതരം ജനതതികൾ ഇവിടം തങ്ങളുടെ വാസസ്ഥലമാക്കി. അതിൽ, പുരാതന പേർഷ്യക്കാർ ഇവിടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചതിനാൽ അവരുടെ ഭാഷയ്ക്ക് ഇവിടെ പ്രാധാന്യം ലഭിച്ചു. ഇന്റോ-ഇറാനിയൻ ഭാഷയാണിവിടുത്തെ ജനങ്ങളുടെ സംസാര ഭാഷ. പേർഷ്യൻ സാമ്രാജ്യം, ജെങ്കിസ് ഖാൻ, അലക്സാണ്ടർ ചക്രവർത്തി ഇന്ത്യക്കാരായ മൗര്യൻമാർ, മുസ്ലിം അറബികൾ, ബ്രിട്ടിഷുകാർ, സോവിയറ്റ് റഷ്യ തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. കുശാനവംശം, ഹെഫ്തലൈറ്റ്, സമാനി സാമ്രാജ്യം, സഫാരി സാമ്രാജ്യം, ഗസ്നവി സാമ്രാജ്യം, ഗോറി സാമ്രാജ്യം, ഖിൽജി രാജവംശം, മുഗൾ സാമ്രാജ്യം, ഹോതകി സാമ്രാജ്യം, ദുരാനി സാമ്രാജ്യം എന്നീ സാമ്രാജ്യങ്ങളുടെ ഉത്ഭവം ഇവിടെനിന്നായിരുന്നു.

ഇന്നത്തെ രൂപത്തിലുള്ള അഫ്‌ഗാനിസ്താൻ നിലവിൽ വന്നത്‌ 1746-ലാണ്‌. ദുരാനി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇത്‌. എന്നാൽ അധികം താമസിയാതെ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യമുറപ്പിച്ചു. 1919-ൽ അമാനുള്ള രാജാവിന്റെ കാലത്താണ്‌ ബ്രിട്ടീഷ്‌ ആധിപത്യം അവസാനിച്ചത്‌.
1900 മുതലിങ്ങോട്ട്‌ അഫ്‌ഗനിസ്താനിലെ ഭരണാധികാരികളെല്ലാം അസ്വഭാവികമായി പുറത്താവുകയായിരുന്നു. ആർക്കുംതന്നെ സ്ഥിരമായി ഭരണ നിയന്ത്രണം ലഭിച്ചിരുന്നില്ല. 1933 മുതൽ 1973 വരെ സഹീർ ഷാ രാജാവിന്റെ കാലത്താണ്‌ ഇവിടെ സ്ഥായിയായ ഭരണകൂടമുണ്ടായിരുന്നത്‌. എന്നാൽ 1973-ൽ സഹീർ ഷാ ചികിത്സർഥം വിദേശത്തുപോയപ്പോൾ അർധസഹോദനും മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ അദ്ദേഹത്തെ പട്ടാള അട്ടിമറിയിലുടെ അധികാരഭ്രഷ്ടനാക്കി. പിന്നീടിങ്ങോട്ട്‌ അഫ്ഗാനിസ്താനിൽ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു. ദൌദിനെയും കുടുംബത്തെയും വധിച്ച്‌ കമ്മ്യൂണിസ്റ്റുകൾ 1978-ൽ അധികാരം പിടിച്ചു. കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീൻ സേനയുടെ നീക്കങ്ങൾക്ക്‌ അമേരിക്ക പിന്തുണ നൽകിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകൾ നടത്തിയ ചെറുത്തുനിൽപ്പിനെത്തുടർന്ന് 1989-ൽ സോവ്യറ്റ്‌ സൈന്യം പിൻവാങ്ങി.
മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾക്കാണ്‌ പിന്നീട്‌ അഫ്‌ഗാനിസ്താനിൽ കളമൊരുങ്ങിയത്‌. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കടുത്ത യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാൻ സേന അഫ്‌ഗാനിസ്താനിൽ ആധിപത്യമുറപ്പിച്ചു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനടക്കമുള്ള അൽഖയ്ദ ഭീകരർക്ക്‌ സംരക്ഷണം നൽകിയെന്ന പേരിൽ അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാറാണ് 2001 അവസാനം മുതൽ രാജ്യത്ത് ഭരണത്തിലിരിക്കുന്നത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ രൂപീകരണം

[തിരുത്തുക]

താലിബാന്റെ പതനശേഷം, 2001 ഡിസംബറിൽ, ജർമ്മനിയിലെ ബേണിനടുത്തുള്ള പീറ്റേഴ്സ്ബർഗിൽ അഫ്ഗാനിസ്താനിലേയും വിദേശരാജ്യങ്ങളുടേയും നേതാക്കൾ ഒരു സമ്മേളനം നടത്തി. ഇതനുസരിച്ച് ഹമീദ് കർസായിയെ അഫ്ഗാനിസ്താന്റെ പ്രസിഡണ്ട് പദവി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി. തോൽപ്പിക്കപ്പെട്ട താലിബാന്റെ പ്രതിനിധികളേയും പീറ്റേഴ്സ്ബർഗ് സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് പിൽക്കാലത്ത് ആരോപണമുയർന്നിരുന്നു.

2002 പകുതിയായപ്പോഴേക്കും അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ഏതാണ്ട് ശാന്തമായി. പലായനം ചെയ്ത സഹീർ ഷാ രാജാവ് 2002 ഏപ്രിലിൽ രാജ്യത്ത് തിരിച്ചെത്തുകയും ഇദ്ദേഹത്തിന് രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകുകയും ചെയ്തു.

2002 ജൂണിൽ 1500-ഓളം പ്രതിനിധികൾ പങ്കെടുത്ത ഒരു ലോയ ജിർഗ വിളിച്ചു ചേർക്കപ്പെടുകയും ഇതിൽ ഹമീദ് കർസായിയെ പ്രസിഡണ്ടായും, പുതിയ ഇടക്കാല സർക്കാരിന്റെ രൂപീകരണത്തേയും സ്ഥിരീകരിച്ചു. 2003 ഡിസംബർ 2004 ജനുവരിയിലുമായി 500 അംഗങ്ങൾ പങ്കെടുത്ത മറ്റൊരു ലോയ ജിർഗ കൂടൂകയും ഒരു പുതിയ ഭരണഘടനക്കായുള്ളനിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിലൂടെയുള്ള എല്ലാ അഫ്ഗാനികൾക്കും തുല്യാവകാശങ്ങളുള്ളതുമായ ഒരു ജനാധിപത്യ അഫ്ഗാനിസ്താൻ ഈ ഭരണഘടന വിഭാവനം ചെയ്തു. 2004 ജവുവരി 4-നാണ് ഈ ഭരണഘടന അംഗീകരിക്കപ്പെട്ടത്.

2004 ഒക്ടോബർ 9-ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ ആരോഗ്യം വിദ്യാഭ്യാസഗതാഗതസൗകര്യങ്ങൾ വൻ തോതിൽ പുരോഗമിച്ചു. ഏകദേശം 30,000 അംഗങ്ങളടങ്ങുന്ന ദേശീയസൈന്യവും രൂപവൽക്കരിക്കപ്പെട്ടു.[9]

പ്രവിശ്യകൾ

[തിരുത്തുക]
അഫ്ഗാനിസ്താനിലെ 34 പ്രവിശ്യകളെ സൂചിപ്പിക്കുന്ന ഭൂപടം.

ഭരണപരമായി അഫ്ഗാനിസ്താനെ 34 പ്രവിശ്യകളായി തിരിച്ചിരിക്കുന്നു. ഓ���ോ പ്രവിശ്യക്കും ഓരോ തലസ്ഥാനമുണ്ട്. ഓരോ പ്രവിശ്യകളെയും വിവിധ ജില്ലകളായി തിരിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് പ്രവിശ്യാ ഗവർണ്ണറെ നിയമിക്കുന്നത്. പ്രവിശ്യാ ഗവർണ്ണറാണ് ജില്ലാ ഭരണാധികാരികളെ നിയമിക്കുന്നത്. ഇപ്പോൾ താലിബാൻ ആണ് ഭരിക്കുന്നത്

  1. ബദാഖ്‌ശാൻ
  2. ബദ്ഘീസ്
  3. ബാഘ്ലാൻ
  4. ബാൽഖ്
  5. ബാമിയാൻ
  6. ദായ്‌കുണ്ഡി
  7. ഫറ
  1. ഫറ്യാബ്
  2. ഗസ്നി
  3. ഗോർ
  4. ഹെൽമന്ദ്
  5. ഹെറാത്
  6. ജോസ്‌ജാൻ
  7. കാബൂൾ
  1. കന്ദഹാർ
  2. കപിസ
  3. ഖോസ്ത്
  4. കൊനാർ
  5. കുന്ദുസ്
  6. ലാഘ്മാൻ
  7. ലോഗാർ
  1. നംഗർതാർ
  2. നിംറൂസ്
  3. നൂറിസ്താൻ
  4. ഉറൂസ്‌ഗാൻ
  5. പാക്തിയ
  6. പാക്തിക
  7. പഞ്ച്ശീർ
  1. പാർവൻ
  2. സമംഗാൻ
  3. സർ ഇ പോൽ
  4. തഖാർ
  5. വാർദാക്
  6. സാബൂൾ

ജനങ്ങൾ

[തിരുത്തുക]
അഫ്ഗാനിസ്താന്റെ ഭൂപടം

അഫ്ഗാനിസ്താനിലെ ഏകദേശജനസംഖ്യ 33,609,937 ആണ്. ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം വളരെ കുറവാണ്. 2009 ആണ്ടിലെ ഒരു കണക്കനുസരിച്ച് ഇത് വെറും 44.64 വയസാണ്[10].

കാലങ്ങളിലായി നിരവധി ജനവംശങ്ങൾ അഫ്ഗാനിസ്താനിലെത്തി വാസമുറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നാലു ദിക്കുകളിൽ നിന്നും ഇത്തരത്തിൽ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. സമീപകാലത്തെ ഒരു പഠനമനുസരിച്ച് ഇവിടെ ഏതാണ്ട് 55 ജനവംശങ്ങളുണ്ട്. ഭാഷയനുസരിച്ച് ഇവരെ ഇറാനികൾ (ഇതിൽ ബലൂചികൾ, പഷ്തൂണുകൾ, താജിക്കുകൾ എന്നിവർ ഉൾപ്പെടുന്നു), തുർക്കിക്ക് വംശജർ (തുർക്ക്മെൻ, ഉസ്ബെക് വംശജർ), മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്[11]

ഇറാനിയൻ വംശജർ

[തിരുത്തുക]

പഷ്തൂണുകളെയാണ് യഥാർത്ഥത്തിൽ അഫ്ഗാനികൾ എന്നു വിളിക്കുന്നത്. ഹിന്ദുകുഷിന് തെക്ക് വസിച്ചിരുന്ന പഷ്തൂണുകളുടെ വാസസ്ഥലത്തെ സൂചിപ്പിക്കാനായി മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബറാണ് അഫ്ഗാനിസ്താൻ എന്ന പദം ആദ്യം ഉപയോഗിച്ചത്.[12] അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. പത്തൊമ്പതാം നൂറ്റാ‍ണ്ടുവരെ ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാൻ അതിർത്തിരേഖ) വടക്കും തെക്കുമായി വസിക്കുന്ന പഷ്തൂണുകളുടെ ആവാസമേഖലയെ സൂചിപ്പിക്കുന്നതിനാണ് അഫ്ഗാനിസ്താൻ എന്ന പദം പ്രയോഗിച്ചിരുന്നത്. ഈ സമയത്ത് ഖുറാസാൻ എന്നും തുർക്കിസ്താൻ എന്നുമായിരുന്നു യഥാക്രമം ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും ഭാഗങ്ങളെ വിളിച്ചിരുന്നത്.

പഷ്തൂണുകൾ

അഫ്ഗാനിസ്താനിൽ പഷ്തൂണുകൾ ഇന്ന് രാജ്യത്തിന്റെ കിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പഷ്തൂണുകളിലെ പ്രധാനവിഭാഗങ്ങൾ ദുറാനികളും ഘൽജികളുമാണ്‌. ദുറാനികൾ ആദ്യകാലത്ത് അബ്ദാലികൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കന്ദഹാർ കേന്ദ്രമാക്കി രാജ്യത്തിന്റെ തെക്കും തെക്കുപടിഞ്ഞാറും ഭാഗത്ത് ഇവർ വസിക്കുന്നു. ഘൽജികളാകട്ടെ, ഘസ്നി കേന്ദ്രീകരിച്ച് രാജ്യത്തിന്റെ കിഴക്കുവശത്ത് അധിവസിക്കുന്നു. ഘൽജികളുടെ എണ്ണം ദുറാനികളെ അപേക്ഷിച്ച് ഏതാണ്‌ ഇരട്ടിയാണ്.

അഫ്ഗാനിസ്താനിലെ ഇറാനിയൻ പേർഷ്യന്റെ ഒരു വകഭേദമായ ദാരി സംസാരിക്കുന്ന ഒരു ഇറാനിയൻ ജനവംശമാണ് താജിക്കുകൾ. രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് താജിക്കുകൾ വസിക്കുന്നത്. അഫ്ഗാനിസ്താനിലെ ഒരു പുരാതനജനവിഭാഗമാണിവർ. ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കൻ അഫ്ഗാനിസ്താനും പിടിച്ചടക്കിക്കൊണ്ടിരുന്ന ഉസ്ബെക്കുകൾ, അഫ്ഗാനിസ്താനിലെ ഫാഴ്സി സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പേരാണ്‌ താജിക്. ഇക്കാലം മുതലേ, അഫ്ഗാനിസ്താനിലേയും താജികിസ്ഥാൻ പോലുള്ള സമീപപ്രദേശങ്ങളിലേയും പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ താജിക് എന്ന പേരുപയോഗിച്ചുവന്നു. എന്നാൽ ഇപ്പോൾ, അഫ്ഗാനിസ്താനിലെ പേർഷ്യൻ സംസാരിക്കുന്ന പഷ്തൂണുകളല്ലാത്ത എല്ലാവരേയും സൂചിപ്പിക്കാൻ ഈ പേര്‌ ഉപയോഗിക്കാറുണ്ട്. അഫ്ഗാനിസ്താനിലെ യഥാർത്ഥ താജിക്കുകൾ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ്‌ വസിക്കുന്നത്. താജിക് എന്ന പേരിൽ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവർ, പഞ്ച്ശീരി, ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നു.

മദ്ധ്യ അഫ്ഗാനിസ്താനിൽ പേർഷ്യൻ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ജനവിഭാഗമാണ്‌ ഹസാരകൾ. ഇവർ മംഗോളിയൻ വംശജരായ ഇവർ കൂടുതലും ഷിയകളാണ്‌. അഫ്ഗാനിസ്താനിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ രാജ്യത്തെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്. 65 മുതൽ 81 ലക്ഷത്തോളമാണ്‌ ഇവരുടെ ജനസംഖ്യ.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് അതായത് ഇറാന്റേയും പാകിസ്താന്റേയും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന ഇറാനിയൻ ജനവംശമാണ് ബലൂചികൾ. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ ബലൂചിയാണ് ഇവർ സംസാരിക്കുന്നത്. 1979-ലെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടു ലക്ഷം ബലൂചികൾ അഫ്ഗാനിസ്താനിലുണ്ട്. ബലൂചികളോട് കൂടിക്കലർന്നു ബലൂചിസ്ഥാൻ പ്രദേശത്ത് വസിക്കുന്ന ഒരു ദ്രാവിഡജനതയാണ് ബ്രഹൂയികൾ[11].

തുർക്കിക്ക് വംശജർ

[തിരുത്തുക]

ഉത്തര അഫ്ഗാനിസ്താനിലെ തുർക്കിക്ക് വംശജരിലെ ഏറ്റവും വലിയ വിഭാഗമാണ്‌ ഉസ്ബെക്കുകൾ. ഇവർ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ഇവിടെ വാസമാരംഭിച്ചത്. ഇവരുടെ ജനസംഖ്യ ഏതാണ്ട് 16 ലക്ഷത്തോളമുണ്ട്. തൊട്ടടുത്ത ഉസ്ബെക്കിസ്ഥാനിലേയും മറ്റും ഉസ്ബെക്കുകളുമായി ഇവർക്ക് വംശീയവും, ഭാഷാപരവും, സാംസ്കാരികവുമായി വളരെ സാമ്യമുണ്ട്.

വടക്കുപടിഞ്ഞാറുഭാഗത്ത് വസിക്കുന്ന മറ്റൊരു തുർക്കിക്ക് വിഭാഗക്കാരാണ് തുർക്ക്മെൻ വംശജർ. പതിനാറാം നൂറ്റാണ്ടുമുതലാണ് ഇവർ ഇവിടെ വാസം തുടങ്ങിയത്. പിൽക്കാലത്ത് റഷ്യൻ വിപ്ലവത്തിനു ശേഷം നിരവധി തുർക്ക്മെന്മാർ അഭയാർത്ഥികളായി എത്തിയിട്ടുണ്ട്. പരവതാനി, തുകൽ നിർമ്മാണത്തിന് പേരുകേട്ട ഇവരുടെ ജനസംഖ്യ 1995-ലെ കണക്കനുസരിച്ച് 5 ലക്ഷത്തോളമാണ്. ഉസ്ബെക്കുകളും തുർക്ക്മെന്മാരും സുന്നി മുസ്ലീങ്ങളാണ്[11].

മറ്റുള്ളവർ

[തിരുത്തുക]

കാബൂളിന്‌ വടക്കുകിഴക്കായുള്ള നൂറിസ്ഥാൻ പ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ നൂറിസ്ഥാനികൾ. ഇവർ പണ്ട് ഇസ്ലാംമതവിശ്വാസികളല്ലാത്തതിനാലും സമീപസ്ഥരുമായി വ്യത്യസ്തമായ സംസ്കാരവുമുള്ളവരായിരുന്നതിനാൽ ഇവരെ കാഫിറുകൾ എന്നും, ഇവരുടെ ആവാസമേഖലയെ കാഫിറിസ്ഥാൻ എന്നുമായിരുന്നു. അറിയപ്പെട്ടിരുന്നത്. നൂറിസ്ഥാന്റെ പടിഞ്ഞാറൂം തെക്കും അതിരുകളിൽ വസിക്കുന്ന പഷായികളും ശ്രദ്ധേയമായ ഒരു ജനവംശമാണ്‌.

പശ്ചിമമദ്ധ്യ അഫ്ഗാനിസ്താനിലെ നാടോടികളായ ഒരു ജനവിഭാഗമാണ്‌ അയ്‌മഖുകൾ. പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഇവർ സുന്നികളാണ്‌. ഹെറാത് നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്‌.[11].

ഹസാരകൾക്കിടയിൽ അപരിഷ്കൃതരായ ചെറിയ സമൂഹങ്ങളുണ്ട്. ദ്രാവിഡരായ ഇവരും ആര്യാധിനിവേശത്തിനു മുൻപുള്ള തദ്ദേശവാസികളാണ്. അതുപോലെ താജിക്കുകളുമായിച്ചേർന്ന് ചില സാഫികൾ വസിക്കുന്നുണ്ട്. ഇവരും തദ്ദേശീയരായ ജനവിഭാഗമാണ്. മദ്ധ്യ അഫ്ഗാനിസ്താനിൽ, ആദ്യകാല ഇസ്ലാമികാധിനിവേശകാലത്ത് എത്തിച്ചേർന്ന അറബികളുടെ ചെറിയ കോളനികളും, പേർഷ്യൻ ഖിസിൽബാഷ് വംശജരുടെ ചെറിയ മേഖലകളുമുണ്ട്.[13]

ഇന്നത്തെ അഫ്ഗാനിസ്താനിലെ ജനങ്ങളിൽ ഏറിയ പങ്കും ഇസ്ലാംമതവിശ്വാസികളാണ്.

സസാനിയരുടെ കാലം വരെ സൊറോസ്ട്രിയൻ മതത്തിന് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. കുശാനരുടെ കാലത്ത് പ്രത്യേകിച്ച് അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് ബുദ്ധമതം ശക്തമായി. ഇക്കാലത്ത് ബുദ്ധമതവുമായി ബന്ധപ്പെട്ട് വാസ്തുകലാരീതിയും ഇവിടെ ഉടലെടുത്തു. ഗാന്ധാരകല എന്നാണ് ഈ വാസ്തുകലാരീതി അറിയപ്പെടുന്നത്. ബുദ്ധമതത്തിന്റെ പ്രോത്സാഹകരായിരുന്ന കുശാനരുടെ ഭരണം മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചെങ്കിലും ആറാം നൂറ്റാണ്ടോടെയാണ് ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചത്. മദ്ധ്യേഷ്യയിൽ നിന്നുള്ള തുർക്കിക്ക് വിഭാഗക്കാരുടെ വരവ് ബുദ്ധമതകേന്ദ്രങ്ങൾ തകർക്കപ്പെടാനും ബുദ്ധമതത്തിന്റെ മേഖലയിലെ ക്ഷയത്തിനും കാരണമായി[14]‌.

ബുദ്ധമതത്തിന്റെ ക്ഷയത്തോടെ കിഴക്കൻ മേഖലയിൽ ഹിന്ദുമതം അല്പം ഉയർച്ച പ്രാപിച്ചെങ്കിലും അറബികളുടെ വരവോടെ ഇസ്ലാം മതം വ്യാപകമായി.

ഭൂമിശാസ്ത്രഭൂപടം

അഫ്ഗാനിസ്താന്റെ ആകെ ഭൂപ്രദേശത്തിന്റെ 12 ശതമാനം പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതിൽ 20 ശതമാനം ഭാഗം ജലസേചനമില്ലാതെയുള്ള കൃഷിക്ക് അനുയോജ്യമാണ്.ഇവിടെ ഗോതമ്പും ബാർലിയും കൃഷി ചെയ്യുന്നു. ബാക്കി പ്രദേശത്ത് ജലസേചനം അത്യാവശ്യമാണ്.

തെക്കുകിഴക്കൻ ഭാഗത്ത് കണ്ടഹാർ മരുപ്പച്ച പ്രദേശം, കിഴക്കുഭാഗത്ത് കാബൂൾ താഴ്വര, ജലാലാബാദ്, വടക്ക് ഖുണ്ഡസ്, മസാരി ഷരീഫ്, പടിഞ്ഞാറ് ഹാരി റുദ് താഴ്വര, ഹെറാത് എന്നിവിടങ്ങളിലാണ് രാജ്യത്തെ കൃഷിഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. പണ്ട് സിസ്റ്റൻ ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗത്ത് വൻ ജലസേചനപദ്ധതികളിലൂടെ കാർഷികപുരോഗതി കൈവരിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടം നശിപ്പിക്കപ്പെടുകയോ താനേ നശിക്കുകയോ ചെയ്തു.

കന്നുകാലിവളർത്തൽ ഇവിടത്തുകാരുടെ മറ്റൊരു തൊഴിലാണ്. ആട്, ചെമ്മരിയാട്, കോഴി തുടങ്ങിയവയോക്കെ മിക്കവാറും അഫ്ഘാൻ ഗ്രാമങ്ങളിലും കണ്ടുവരുന്നു. കന്നുകാലികൾക്കാവശ്യമായ തീറ്റ മുഴുവനായും അതതു ഗ്രാമങ്ങളിൽ ലഭിക്കാറില്ല. അതുകൊണ്ട് വേനൽക്കാലങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്നതിന് മലമുകളിൽ കൊണ്ടുപോകുന്നു.

ഇത്തരത്തിൽ കന്നുകാലികളെ മലമുകളിൽ മേയ്ക്കാൻ കൊണ്ടുപോകൽ ചിലയാളുകൾ തങ്ങളുടെ മുഴുവൻസമയ ജോലിയാക്കാറുണ്ട്. അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന ഇവർ, ഓരോ വസന്തകാലാത്തും തങ്ങളുടെ കാലിക്കൂട്ടങ്ങളേയും മേച്ച് മദ്ധ്യ അഫ്ഗാനിസ്താനിലെ മലകളിലേക്ക് യാത്രയാകുന്നു. തണുപ്പു തുടങ്ങുന്നതിനു മുൻപ് ഇവർ തങ്ങളുടെ ഗ്രാമങ്ങളിലോ തണുപ്പുകാലകേന്ദ്രങ്ങലിലോ തിരിച്ചെത്തുന്നു. 1979-ലെ ഒരു കണക്കെടുപ്പനിസരിച്ച് അഫ്ഗാനിസ്താനിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഇത്തരം പത്തിനും ഇരുപതു ലക്ഷത്തിനുമിടയിൽ ആളുകളുണ്ടെന്നു കണക്കാക്കുന്നു. ഇവരിൽ മിക്കവാറൂം പേരും പഷ്തൂണുകളും ബലൂചികളുമാണ്. ഇവരെ പൊതുവേ കുചി എന്നു വിളിക്കുന്നു. അലഞ്ഞു തിരിഞ്ഞുനടക്കുന്നവർ എന്ന ഫാഴ്സി വാക്കായ കുച് എന്ന വാക്കിൽ നിന്നാണ് ഈ പേര്[15].

ധാതുനിക്ഷേപം

[തിരുത്തുക]

പുരാതനകാലം മുതലേ അഫ്ഗാനിസ്താൻ, ധാതുക്കളുടെ ഉല്പാദകരായിരുനു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കോക്ച്ചാ നദിയുടെ തീരത്തുള്ള സരി സാങ് (sar-i sang) പ്രദേശത്തുള്ള ലാപിസ് ലസൂലി (നീലനിറത്തിലുള്ള കല്ല്) നിക്ഷേപം ഇതിൽ വളരെ പ്രശസ്തമാണ്. അഫ്ഘാൻ പാകിസ്താൻ അതിർത്തിയിൽ ക്വെറ്റക്കു പടിഞ്ഞാറായുള്ള ചഗായ് കുന്നുകളിലും ഇപ്പോൾ ലാപിസ് ലസൂലിയുടെ നിക്ഷേപം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ലാപിസ് ലസൂലിയുടെ നിക്ഷേപമുള്ളൂ. എന്നാൽ നിസ്താനിലെ ഖനികളിൽ നിന്നും പ്രത്യേകിച്ച് ബദാഖ്ഷാനിൽ നിന്നും ഇത് പുരാതനകാലം മുതലേ ഖനനം ചെയ്യപ്പെട്ടിരുന്നു. ബി.സി.ഇ. നാലാം സഹസ്രാബ്ദത്തിന്റെ അവസാനകാലങ്ങളിൽ, ഈജിപ്തിലേക്കു വരെ ഈ കല്ലുകൾ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നു.

രാജ്യത്ത് നിരവധി പ്രദേശങ്ങളിൽ ചെമ്പിന്റെ നിക്ഷേപമുണ്ട്. കാബൂളിനു തെക്കുള്ള ലോഗർ താഴ്വര, ഹെറാതിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ, കണ്ടഹാറിനു വടക്ക് അർഘന്ദാബ് നദിയോടു ചേർന്നപ്രദേശങ്ങൾ, പഞ്ച്ഷീർ താഴ്വരക്കു വടക്കുള്ള അന്ദരാബ് തുടങ്ങിയ ഇടങ്ങളിൽ ചെമ്പിന്റെ നിക്ഷേപമുണ്ട്.

ഹെറാത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വെളുത്തീയത്തിന്റെ നിക്ഷേപമുണ്ട്. കണ്ടഹാറിനു വടക്കുകിഴക്കുള്ള മുഖർ പ്രദേശത്തും, ബഡാഖ്ഷാനിലെ നദികളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കാബൂളിനു പടിഞ്ഞാറുള്ള ഹാജിഗാക് ചുരത്തിനടുത്ത് ഇരുമ്പിന്റെ വൻ‌നിക്ഷേപവുമുണ്ട്.

ഷിബർഘൻ, സരൈ പൂൽ എന്നീ പ്രദേശങ്ങളിൽ പ്രകൃതിവാതകനിക്ഷേപമുണ്ട്. ഇവിടെ നിന്നും 1960 മുതൽ തന്നെ പ്രകൃതിവാതകം ശേഖരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്[15]‌.

ഗതാഗതം

[തിരുത്തുക]
ആരിയാനാ അഫ്ഗാൻ എയർലൈൻസ്

റോഡുകളാണ് പ്രധാന ഗതാഗത മാർഗങ്ങൾ സമുദ്രസാമീപ്യമില്ലായ്മ, നിമ്നോന്നതമായ ഭൂപ്രകൃതി, റെയിൽവേ സൌകര്യം വർധിപ്പിക്കുന്നതിലുള്ള പരിമിതികൾ, ജലസമൃദ്ധി കുറഞ്ഞ ഗതാഗത സൌകര്യമില്ലാത്ത നദികൾ തുടങ്ങിയവ മറ്റു ഗതാഗത മാർഗങ്ങളുടെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. രാജ്യത്തെ വ്യാപാരകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നവയും അയൽരാജ്യങ്ങളിലെ റെയിൽവേ കേന്ദ്രങ്ങളോളം എത്തുന്നവയുമായ ഒന്നാംകിട റോഡുകളുടെ നിർമ്മാണത്തിനാണ് അഫ്ഗാനിസ്താൻ ഊന്നൽ നൽകിയത്. 1960-നുശേഷം ഈ മേഖലയിൽ സാമാന്യമായ പുരോഗതി നേടാനായി.


വിപുലമായ റോഡ് ശൃംഖലയിലൂടെ അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെ കഷ്ക, തുർക്മെനിസ്താൻ, ടെർമിസ്, ഉസ്ബെകിസ്താൻ, ചമൻ, പെഷാവർ തുടങ്ങിയ അയൽനാടൻ റെയിൽവേ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ റോഡുകൾ ഇന്ത്യാഉപഭൂഖണ്ഡത്തിലെ വിപണന കേന്ദ്രങ്ങൾക്ക് മധ്യേഷൻ നഗരങ്ങളുമായി നേരിട്ടുബന്ധം പുലർത്തുവാനുള്ള സൌകര്യം നല്കുന്നു. നഗരങ്ങൾക്കിടയിൽ മോട്ടോർ വാഹനഗതാഗതം നന്നെ പുരോഗമിച്ചിട്ടും ഗ്രാമവാസികൾ ഒട്ടകങ്ങളും കഴുതകളും വലിക്കുന്ന വണ്ടികളെ ഗതാഗത മാധ്യമമായി അവലംബിക്കുന്ന സ്ഥിതിയാണ് തുടർന്നുവരുന്നത്.

അഫ്ഗാനിസ്താനിൽ വ്യോമസഞ്ചാരം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പ്രവിശ്യാനഗരങ്ങളിൽ മിക്കവയിലും വിമാനത്താവളങ്ങളുണ്ടെങ്കിലും ഇവയിൽ പലതും ശൈത്യകാലത്ത് അടച്ചിടേണ്ടിവരുന്നു. കാബൂളിലും കാന്ദഹാറിലുമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത്. സ്റ്റേറ്റ് ഉടമയിലുള്ള ആരിയാനാ അഫ്ഗാൻ എയർലൈൻസ് 1955 മുതൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഡൽഹി, ദുബൈ, ഫ്രാങ്ക്ഫർട്ട്, കാന്ദഹാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാബൂളിൽനിന്നും ആരിയാനാ അഫ്ഗാൻ എയർലൈൻസ് വിമാനസർവീസുകൾ നടത്തുന്നു.[16]

സുരക്ഷാഭീഷണികളും വിദേശസൈനികസാന്നിധ്യവും

[തിരുത്തുക]

2001 അവസാനം താലിബാൻ തോപ്പിക്കപ്പെട്ടെങ്കിലും 2003 മുതൽ പാകിസ്താനിൽ ഇവർ പുനഃസംഘടിക്കപ്പെടുകയും അഫ്ഗാനിസ്താന്റെ തെക്കും കിഴക്കും അതിർത്തികളിലൂടെ രാജ്യത്തേക്ക് കടന്നും കയറാനും തുടങ്ങി. 2004-ലെ ആദ്യ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താരതമ്യേന മെച്ചപ്പെട്ട ജനപങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും തെക്കും, കിഴക്കും അഫ്ഗാനിസ്താനിൽ പങ്കാളിത്തം വളരെക്കുറവായിരുന്നു. 25% പേരേ ഇവിടെ വോട്ട് രേഖപ്പെടുത്തിയുള്ളൂ. മേഖലയിലെ ക്രമസമാധാനപ്രശ്നങ്ങളായിരുന്നു ഇതിന് കാരണം.

2007-ഓടെ രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സർക്കാർ ഭരണസംവിധാനം ഭദ്രമായെങ്കിലും തെക്കും കിഴക്കും ഭാഗങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇവിടെ ആത്മഹത്യാക്രമണങ്ങളും മറ്റു അക്രമങ്ങളും നിത്യസംഭവമായി. 2007-ൽത്തന്നെ 6300 പേർ മരണമടയുകയും 140-ഓളം ആത്മഹത്യാക്രമണങ്ങൾ ഉണ്ടാകുകയും ചെയ്തു. അൽ ഖ്വയ്ദയുടെ വിദേശപോരാളികളാണ് അഫ്ഗാനിസ്താനിൽ ആത്മഹത്യാക്രമണരീതി കൊണ്ടുവന്ന് എന്നു കരുതപ്പെടുന്നു.

നാറ്റോയുടെ നേതൃത്വത്തിലുള്ള 40,000-ത്തോളം വരുന്ന സൈന്യത്തെയാണ് ആഭ്യന്തരസുരക്ഷക്കായി അഫ്ഗാൻ സർക്കാർ ആശ്രയിക്കുന്നത്. നാറ്റോ സൈന്യം, ഇന്റർനാഷണൽ സെക്ര്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സ് (ISAF) എന്നും അറിയപ്പെടുന്നു. ഇതിനും പുറമേ ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി 8000 പേരടങ്ങുന്ന അമേരിക്കൻ സൈനികരും ഇവിടെയുണ്ട്. ഇവർ, ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം ഇൻ അഫ്ഗാനിസ്താൻ (OEF) എന്നും അറിയപ്പെട്ടു. ഐ.എസ്.എ.എഫ്. പ്രധാനമായും അഫ്ഗാൻ സർക്കാരിനെ സഹായിക്കുമ്പോൾ ഒ.ഇ.എഫ്. അൽ ഖ്വയ്ദക്കും താലിബാനുമെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.[9]


പഷ്തൂൺ ദേശീയതാവാദം

[തിരുത്തുക]

ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്, താജിക്കുകൾ പോലെയുള്ള പഷ്തൂണിതരവിഭാഗങ്ങളുമായി അധികാരം പങ്കുവക്കേണ്ടി വന്നത്, പതിനെട്ടാം നൂറ്റാണ്ടുമുതലേ രാജ്യത്തിന്റെ അധികാരികളായിത്തുടർന്ന പഷ്തൂണുകളിലെ ഒരു വലിയ വിഭാഗം തോൽവിയായാണ് കരുതുന്നുണ്ട്. ഇന്നത്തെ അഫ്ഗാൻ സർക്കാരിന്റെ പ്രധാന എതിരാളികളിലൊരാള ഗുൾബുദ്ദീൻ ഹെക്മത്യാർ ഈ വാദഗതിയുടെ പ്രധാനവക്താവാണ്. പഷ്തൂൺ ദേശീയവാദമാണ് ഇദ്ദേഹത്തിന്റെ പ്രധാനനയം. വടക്കുകിഴക്കൻ പ്രദേശത്തെ പഷ്തൂണുകൾക്കിടയിലാണ് ഹെക്മത്യാറിന്റെ പ്രധാന പ്രവർത്തനമേഖല.

ഇതിനുപുറമേ, പുതിയ അഫ്ഗാൻ സർക്കാരിന്റെ പ്രവർത്തനം മൂലം, വടക്കും പടിഞ്ഞാറൂം ഭാഗങ്ങൾക്ക് ലഭിച്ച അത്ര വികസനം, പഷ്തൂണുകളുടെ മേഖലയായ തെക്കും കിഴക്കും ഭാഗങ്ങളിൽ ലഭിച്ചിട്ടില്ല. ഈ ഭാഗം സുരക്ഷിതമല്ലാത്തതിനാൽ ഇവിടത്തെ വികസനം താരതമ്യേന മെല്ലെയായിരുന്നു. വിദേശികളും സ്വദേശികളുമായ സന്നദ്ധപ്രവർത്തകരും തെക്കുഭാഗത്ത് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല്. ദാരിദ്യവും സർക്കാർ നിയന്ത്രണത്തിന്റെ അഭാവവും അഴിമതിയും മൂലം ഈ ഭാഗങ്ങളിൽ അരാജകത്വം ഉടലെടുത്തു. ഇതിനു പുറമേ ഈ മേഖലകളിൽ കറുപ്പിന്റെ ഉത്പാദനവും വർദ്ധിച്ചു. താലിബാന്റെ ഭരണത്തിന്റെ തുടക്കത്തിൽ 91,000 ഹെക്റ്റർ കറുപ്പ് കൃഷിക്ക് ഉപയോഗിച്ചിരുന്നത്, 2006 ആയപ്പോഴേക്ക്കും 1,65,000 ഹെക്ടർ ആയി ഉയർന്നു. ഇതിൽത്തന്നെ തെക്കൻ അഫ്ഗാനിസ്താനിലായിരുന്നു ഏറിയപങ്കും. ആ വർഷം ലോകത്തെ ആകെ കറുപ്പുൽപ്പാദനത്തിന്റെ 92 ശതമാനവും അഫ്ഗാനിസ്താനിലായിരുന്നു. കറുപ്പ് ഹെറോയിൻ ആയി പരിവർത്തനം ചെയ്യുന്നതും അഫ്ഗാൻ രാസശാലകളിലാണ്. അതുകൊണ്ട് ഈ പടിയിൽ ഏർപ്പെട്ട ധാരാളം പണമുണ്ടാക്കുന്ന അഫ്ഗാനികൾ സർക്കാർ നിയന്ത്രണം താല്പര്യപ്പെടുന്നുമില്ല.[9]

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം

[തിരുത്തുക]

പാകിസ്താനുമായുള്ള 2000 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖയാണ് അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളുടെ കേന്ദ്രം. ഈ രേഖക്കപ്പുറത്ത് പ്രവർത്തിക്കുന്ന പാകിസ്താനിലെ താലിബാൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനിലെ സർക്കാറിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല, നടപടിയെടുക്കാൻ പാകിസ്താൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ വലിയ വിഭാഗം ജങ്ങൾ പാശ്ചാത്യവിരുദ്ധരാണ്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന പാക് പ്രവിശ്യകളായ എൻ.ഡബ്ല്യു.എഫ്.പി, ബലൂചിസ്താൻ എന്നിവയിലെ മിക്കവരും പഷ്തൂണുകളും മൗലിക ഇസ്ലാമികവാദികളും പാശ്ചാത്യവിരുദ്ധരുമാണ്. എൻ.ഡബ്ല്യു.എഫ്.പിക്കക്കത്ത്, ഫെഡറലി അഡ്മിനിസ്ട്രേഡ് ട്രൈബൽ ഏരിയാസ് (FATA) എന്നറിയപ്പെടുന്ന സ്വതന്ത്രപ്രദേശങ്ങളും അഫ്ഗാൻ അതിർത്തിയോട് ചേർന്നുണ്ട്. സ്വയംഭരണമുള്ള ഈ മേഖലയിൽ പാക് സർക്കാരിന് കാര്യമായ നിയന്ത്രണമൊന്നുമില്ല. ഈ മേഖലകൾ അഫ്ഗാനിസ്താൻ സർക്കാർ വിരുദ്ധർക്കും അൽ-ഖ്വയ്ദക്കും വളക്കൂറുള്ള പ്രദേശമാണ്.

അവലംബം

[തിരുത്തുക]
  1. "Central Intelligence Agency". Cia.gov. Archived from the original on 2014-03-07. Retrieved 6 May 2012. Archived 2014-03-07 at the Wayback Machine.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CIA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Last-Afghan-empire എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CIA-pop എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Chapter 2. The Society and Its Environment" (PDF). Afghanistan Country Study. Illinois Institute of Technology. pp. 105–06. Archived from the original (PDF) on 2001-11-03. Retrieved 12 October 2010.
  6. 6.0 6.1 6.2 6.3 "Afghanistan". International Monetary Fund. Retrieved 17 ഏപ്രിൽ 2012.
  7. "Gini Index". World Bank. Retrieved 2 March 2011.
  8. "Human Development Index and its components" (PDF). Retrieved 19 May 2012.
  9. 9.0 9.1 9.2 Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 338. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  10. "CIA factbook". Archived from the original on 2017-12-28. Retrieved 2009-10-24. Archived 2017-12-28 at the Wayback Machine.
  11. 11.0 11.1 11.2 11.3 Vogelsang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 16–36. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  12. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 36. {{cite book}}: Cite has empty unknown parameter: |coauthors= (help)
  13. William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 59. {{cite book}}: Cite has empty unknown parameter: |coauthors= (help)
  14. Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 156. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  15. 15.0 15.1 Vogelsang, Willem (2002). "1 - Up and Down the Hindu Kush". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 13–15. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  16. "Ariana". Flyariana.com. Archived from the original on 2009-02-17. Retrieved 2009-12-29.

പുറം കണ്ണികൾ

[തിരുത്തുക]

Office of the President | Islamic Republic of Afghanistan Archived 2010-06-21 at the Wayback Machine.

‍‍

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫ്ഗാനിസ്താൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഫ്ഗാനിസ്താൻ&oldid=4008991" എന്ന താളിൽനിന്ന് ശേഖരിച്ചത്