അപ്പയ്യദീക്ഷിതർ
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ശാസ്ത്രവിശാരദനും സാഹിത്യകാരനുമായ ദക്ഷിണേന്ത്യൻ പണ്ഡിതനായിരുന്നു അപ്പയ്യദീക്ഷിതർ. തമിഴ്നാട്ടിലെ വടക്കൻ ആർക്കാട്ട് ജില്ലയിൽ കാഞ്ചീപുരത്തിനടുത്തുള്ള അടയപ്പലം ഗ്രാമമാണ് അപ്പയ്യദീക്ഷിതരുടെ ജൻമസ്ഥലം. ഭരദ്വാജ മഹർഷിയാണ് ഇദ്ദേഹത്തിന്റെ കുലകൂടസ്ഥൻ എന്നു പറയപ്പെടുന്നു. അനേകം ദിവ്യസൂരികൾക്ക് ജന്മം നൽകിയിട്ടുള്ള ഒരു അനുഗൃഹീതകുടുംബമാണ് ദീക്ഷിതരുടേത്. ഇദ്ദേഹത്തിന്റെ പിതാമഹനായ ആച്ചാദീക്ഷിതർ ആന്ധ്രഭോജരാജനായ കൃഷ്ണദേവരായരിൽ നിന്ന് വക്ഷസ്ഥലാചാര്യർ എന്ന ബിരുദം നേടിയ വിദ്വൽകവിയാണ്. ആച്ചാദീക്ഷിതരുടെ അഞ്ചാമത്തെ പുത്രനായ രംഗരാജദീക്ഷിതരുടെ രണ്ടു പുത്രന്മാരിൽ ജ്യേഷ്ഠനാണ് അപ്പയ്യദീക്ഷിതർ. അനുജൻ ആച്ചാദീക്ഷിതർ മഹാപണ്ഡിതനും പ്രസിദ്ധ വിദ്വൽകവിയായ നീലകണ്ഠ ദീക്ഷിതരുടെ പിതാമഹനുമാണ്.
ജീവിതകാലം
[തിരുത്തുക]അപ്പയ്യദീക്ഷിതരുടെ ജീവിതകാലത്തെപ്പറ്റി പക്ഷാന്തരങ്ങളുണ്ട്. പേരിനുതന്നെ അപ്പയൻ എന്നും അപ്പൻ എന്നും രൂപാന്തരങ്ങൾ കാണാം. അതേ കുടുംബത്തിൽതന്നെ അപ്പയ്യനാമാക്കളായി വേറെയും രണ്ടുപേർ ഉണ്ടായിട്ടുണ്ട്. പ്രസ്തുതനായ അപ്പയ്യദീക്ഷിതരെ പ്രകീർത്തിച്ച് ശിവാനന്ദയോഗി രചിച്ച അപ്പയ്യദീക്ഷിതേന്ദ്രവിജയത്തിലെ:
“ | വീണാതത്ത്വജ്ഞ സംഖ്യാലസിതകലിസമാ- ഭാക്പ്രമാദീയ വർഷേ, കന്യാമാസേതുകൃഷ്ണപ്രഥമതിഥയുതേ∫ കന്യാലഗ്നേ ∫ ദ്രികന്യാപതിരമിതദയാ- ശേവധിർവൈദികേഷു ശ്രീഗൗര്യൈ പ്രാഗ്യഥോക്തം സമജനി ഹി സമീ- പേ ∫ ത്ര കാഞ്ചീനഗര്യാഃ |
” |
(പ്രമാദീ എന്നു പേരുള്ള കലിവത്സരത്തിൽ 4654-ൽ കന്നിമാസത്തിൽ കറുത്തപക്ഷത്തിലെ പ്രതിപദത്തിൽ ഉത്തൃട്ടാതിനാളിൽ കന്നിരാശിയിൽ വൈദികൻമാരിൽ അതികാരുണ്യത്തോടുകൂടിയ ശ്രീ പരമേശ്വരൻ മുൻപേതന്നെ ശ്രീപാർവതിയോടു പറഞ്ഞപ്രകാരം കാഞ്ചീപുരത്തിന്റെ അടുത്തുള്ള ദേശത്തിൽ ജനിച്ചു.) എന്ന പദ്യത്തിൽ, ദീക്ഷിതരുടെ ജനനം കലിവർഷം 4654 (എ.ഡി. 1552) ആണെന്നു പ്രസ്താവിച്ചിരിക്കുന്നു. നീലകണ്ഠദീക്ഷിതർ ശിവലീലാർണവത്തിൽ ചെയ്തിട്ടുള്ള പ്രസ്താവംകൂടി സ്വീകരിക്കുന്നതായാൽ ഇദ്ദേഹം 72 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും ചരമം എ.ഡി. 1624-ൽ എന്നും സിദ്ധിക്കും.
ബാല്യകാലം
[തിരുത്തുക]ബാല്യകാലത്ത് സ്വപിതാവിൽ നിന്നും ദീക്ഷിതർ സകല ശാസ്ത്രങ്ങളും അഭ്യസിച്ചു. 20 വയസ്സാകുന്നതിന് മുമ്പു തന്നെ ഇദ്ദേഹം സർവജ്ഞനായി പരക്കെ അറിയപ്പെട്ടു. അപ്പോഴേക്കും വിവാഹിതനാവുകയും ചെയ്തു. അച്ചാളു എന്നായിരുന്നു പത്നിയുടെ പേര്.
വെല്ലൂരിലെ ചിന്നബൊമ്മനായ്ക്കന്റെ ആശ്രിതനായിരുന്നുകൊണ്ടാണ് ഇദ്ദേഹം ആദ്യകാലത്ത് ഗ്രന്ഥരചന നടത്തിയത്. പാശുപതാദ്വൈത പ്രചാരകനായ ശ്രീകണ്ഠശിവാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ശിവാർക്കമണിദീപിക എന്നൊരു വ്യാഖ്യാനം ഇദ്ദേഹം രചിച്ചു. അതുകണ്ടു സന്തുഷ്ടനായ ചിന്നബൊമ്മൻ സ്വന്തം കൈകൊണ്ട് ദീക്ഷിതർക്ക് കനകാഭിഷേകം നടത്തുകയുണ്ടായി. ദീക്ഷിതർ തന്റെ രക്ഷാധികാരിയുടെ സഹായത്തോടുകൂടി അടയപ്പലത്ത് കാളകണ്ഠേശാലയമെന്നപേരിൽ ഒരു ക്ഷേത്രം സ്ഥാപിക്കയും അവിടെവച്ച് അഞ്ഞൂറു ശിഷ്യൻമാരെ ശിവാർക്കമണിദീപിക പഠിപ്പിക്കയും ചെയ്ത്തായി പ്രസ്തുത ക്ഷേത്രത്തിലെ ഒരു ശിലാശാസനത്തിൽ (എ.ഡി. 1590) രേഖപ്പെടുത്തിക്കാണുന്നു.
പ്രധാനകൃതികൾ
[തിരുത്തുക]കല്പതരു എന്ന അദ്വൈതഗ്രന്ഥത്തിന് പരിമളം എന്ന പേരിൽ രചിച്ച പ്രൌഢഗംഭീരമായ വ്യാഖ്യാനം ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതിയാണ്. വേദാന്തമതത്തിലെ പഞ്ചഗ്രന്ഥികളിലൊന്നായി ഈ കൃതി പരിഗണിക്കപ്പെട്ടുപോരുന്നു. ഇവയ്ക്കു പുറമേ അദ്വൈതം, ശൈവമതം, മീമാംസ, സാഹിത്യം എന്നിങ്ങനെ നാനാവിഷയങ്ങളെ പുരസ്കരിച്ച് നൂറിൽപരം ഗ്രന്ഥങ്ങൾ ദീക്ഷിതരുടെ വകയായുണ്ട്. ചതുർമതസാരാർഥസംഗ്രഹം, പൂർവോത്തരമീമാംസാവാദനക്ഷത്രമാല, ഉപക്രമപരാക്രമം, നാമസംഗ്രഹമാല, ന്യായരക്ഷാമണി, മീമാംസാധികരണമാല, ശിവകർണാമൃതം, ശിവതത്ത്വവിവേകം, രാമായണ താത്പര്യസംഗ്രഹം, ഹരിവംശസാരചരിതവ്യാഖ്യാനം, ദശകുമാരചരിതസംക്ഷേപം, മധ്വതന്ത്രമുഖമർദനം എന്നിവ അക്കൂട്ടത്തിൽപെടുന്നു.
ആസ്ഥാനപണ്ഡിതൻ
[തിരുത്തുക]ചിന്നബൊമ്മന്റെ മരണാനന്തരം ദീക്ഷിതർ വിജയനഗര സാമ്രാജ്യാധിപനായ വേങ്കടപതിയുടെ ആസ്ഥാനപണ്ഡിതനായി ക്ഷണിക്കപ്പെട്ടു. വേങ്കടപതിയുടെ ആജ്ഞാനുസരണം രചിക്കപ്പെട്ട കൃതിയാണ് കുവലയാനന്ദം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം. സാഹിത്യശാസ്ത്രവിഷയകമായി രണ്ടു ഗ്രന്ഥങ്ങൾകൂടി ദീക്ഷിതർ രചിച്ചിട്ടുണ്ട്-വൃത്തിവാർത്തികവും ചിത്രമീമാംസയും. ആദ്യത്തേതിൽ പദങ്ങളുടെ അഭിധാവ്യഞ്ജനാർഥങ്ങൾ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. കുറേക്കൂടി കനപെട്ട രണ്ടാമത്തെ കൃതിയിൽ ധ്വനി, ഗുണീഭൂതവ്യംഗ്യം, ചിത്രകാവ്യം, അലങ്കാരങ്ങൾ എന്നിവയാണ് പ്രതിപാദ്യവിഷയങ്ങൾ. ഈ കൃതി അപൂർണമാണ്.
അപ്പയ്യദീക്ഷിതരുടെ സാഹിത്യവിഷയകമായ അഭിപ്രായങ്ങളെ രസഗംഗാധരകർത്താവായ ജഗന്നാഥപണ്ഡിതർ (17-ആം നൂറ്റാണ്ട്) കഠിനമായി എതിർത്തിട്ടുണ്ട്. ചിലപ്പോൾ ആ എതിർപ്പ് വ്യക്തിവിദ്വേഷത്തിന്റെ രൂപം കൈക്കൊണ്ടിട്ടുള്ളതായി തോന്നും.
അന്ത്യവിശ്രമസ്ഥാനം
[തിരുത്തുക]ഭാരതത്തിലെ വിവിധ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചശേഷം അപ്പയ്യദീക്ഷിതർ ചിദംബരത്തു താമസമാക്കി. 11 പുത്രന്മാരും 2 പുത്രിമാരും ഇദ്ദേഹത്തിനുണ്ടായിരുന്നു. തങ്ങൾ എന്തുചെയ്യണമെന്ന് ആസന്നമരണനായ പിതാവിനോടു ചോദിച്ച മക്കൾക്ക് ഇദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്രേ.
“ | ചിദംബര��ിദം പുരം പ്രഥിതമേവ പുണ്യസ്ഥലം സുതാശ്ച വിനയോജ്വലാഃ സുകൃതയശ്ച കാശ്ചിൽ കൃതാഃ വയാംസി മമ സപ്തതേരുപരി, നൈവഭോഗേ സ്പൃഹാ ന കിഞ്ചിദഹമർഥയേ ശിവപദം ദിദൃക്ഷേ പരം. |
” |
(എന്റെ ഈ അന്ത്യവിശ്രമസ്ഥാനം പ്രശസ്ത പുണ്യഭൂമിയായ ചിദംബരമാണ്. എന്റെ പുത്രന്മാർ വിദ്വാൻമാരാണ്; ഒട്ടേറെ ഗ്രന്ഥങ്ങളും ഞാൻ നിർമിച്ചു; വയസ്സാണെങ്കിൽ 70-ൽ അധികമായി. ലോകഭോഗങ്ങളിൽ ഒരാഗ്രഹവുമില്ല; ശിവപദപ്രാപ്തി ഒഴികെ മറ്റൊന്നും എനിക്കു പ്രാർഥിക്കാനില്ല.)
ദ്വിതീയശങ്കരൻ എന്ന സ്ഥാനത്തിന് ദീക്ഷിതർ സർവഥാ സമർഹനാണെന്ന് ഇദ്ദേഹത്തിന്റെ ശിഷ്യന്മാരും ആരാധകന്മാരും കരുതുന്നു. ശിഷ്യൻമാരിൽ പ്രഥമഗണനീയനാണ് വൈയാകരണശിരോമണിയായ ഭട്ടോജിദീക്ഷിതർ.
പുറംകണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പയ്യദീക്ഷിതർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |