വൈക്കം സത്യാഗ്രഹം
ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന[1] അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി. ഇതെതുടർന്ന് കെ.പി.സി.സി. അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. [2]
രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.
പശ്ചാത്തലം
[തിരുത്തുക]അവകാശനിഷേധം
[തിരുത്തുക]അയിത്തം, തീണ്ടൽ, എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ; നമ്പൂതിരി, ക്ഷത്രിയർ, നായന്മാർ, നസ്രാണികൾ, ഈഴവർ,എഴുത്തച്ഛൻ,വിശ്വകർമജർ,നാടാർ,അരയർ,പുലയർ, പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു.[ക] തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളിൽ ഈഴവർക്കും സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവർണ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരേയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവസമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവർക്കിടയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവക്ക് സംഘടിതസമരത്തിന്റെ ആക്കം ലഭിച്ചിരുന്നില്ല. ക്രമേണ ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ അവർ സമരമുഖത്തേക്കിറങ്ങി. വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് തന്റെ പത്രമായ ദേശാഭിമാനിയിലൂടെ ടി.കെ. മാധവൻ വാദിച്ചു. കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നൽകി. ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു മാധവന്റെ പോരാട്ടം.
വൈക്കത്തെ സാഹചര്യങ്ങൾ
[തിരുത്തുക]വേമ്പനാട്ടുകായലിന്റെ കിഴക്കേ കരയിൽ മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്ഷേത്രനഗരമാണ് വൈക്കം. അവിടത്തെ പ്രസിദ്ധമായ ശിവക്ഷേത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജാതിവാദത്തിന്റേയും യാഥാസ്ഥിതികത്വത്തിന്റേയും നെടുങ്കോട്ടയായിരുന്നു. അന്നത്തെ പതിവനുസരിച്ച്, അവർണ്ണവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവീഥികളിൽപ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഈ ജനവിഭാഗങ്ങളെ അവരുടെ സാമൂഹ്യ അപകർഷത അനുസ്മരിപ്പിക്കാനെന്നവണ്ണം വഴിയിൽ പലയിടത്തും അവർക്കുള്ള നടപ്പുനിരോധനം രേഖപ്പെടുത്തിയ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. അഹിന്ദുക്കളായ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ വിലക്ക് ബാധകമായിരുന്നില്ല എന്നത് അവർണ്ണ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള ഈ വിലക്കിനെ കൂടുതൽ അപമാനകരമാക്കി. ക്ഷേത്രത്തെ തീണ്ടാതെ നടക്കാനായി, അവർണ്ണയാത്രക്കാർക്ക് രണ്ടുമൂന്നു മൈൽ ദൈർഘ്യം കൂടുതലുള്ള വഴിയേ ചുറ്റിവളഞ്ഞു യാത്രചെയ്യേണ്ടി വന്നു,ഹിന്ദുക്കൾക്കിടയിൽവളർത്താനും അത് വഴി മതം മാറ്റത്തിന് വഴിയൊരുക്കാൻ ബ്രിട്ടീഷ്കാർ ചെയ്‌ത ബുദ്ധിയാണെന്നും ഈ സത്യാഗ്രഹത്തെ വിശേഷിപ്പിക്കുന്നു
കാളവണ്ടിയിൽ യാത്രചെയ്യുകയായിരുന്ന പുലയസമുദായ നേതാവ് അയ്യങ്കാളി വണ്ടിയിൽ നിന്നിറങ്ങി ചുറ്റിവളഞ്ഞ വഴിയേ നടന്നു പോകാൻ നിർബ്ബന്ധിതനായെങ്കിലും, അദ്ദേഹമില്ലാത്ത കാളവണ്ടിക്ക് വിലക്കെപ്പെട്ട വഴിയേ പോകാൻ അനുവാദം കിട്ടി എന്ന് പറയപ്പെടുന്നു. മറ്റൊരിക്കൽ ശ്രീ നാരായണ ഗുരു യാത്ര ചെയ്തിരുന്ന റിക്ഷ വൈക്കം ക്ഷേത്രത്തിന് സമീപം വച്ച് തടയുകയും തിരിച്ചുവിടുകയും ചെയ്തിരുന്നു.
1865-ൽ തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും വർണ്ണനിരപേക്ഷമായി ആർക്കും ഉപയോഗിക്കാം എന്ന അറിയിപ്പ് തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ചു. 1884 ജൂലൈ മാസത്തിലെ മറ്റൊരുത്തരവിൽ മുൻ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിനെ അതീവ ഗൗരവത്തോടെ കാണുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി . എന്നാൽ ഈ ഉത്തരവ് ഹൈക്കോടതിയുടെ മുമ്പാകെ പരിഗണനക്കു വന്നപ്പോൾ, കോടതി, വഴികളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചിട്ട്, സർക്കാരിന്റെ നേരത്തേയുള്ള ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികൾ ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു. അതുകൊണ്ടാണ്, യാത്രാനുമതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി 65 വർഷത്തിനു ശേഷവും ആ വഴികൾ അവർണ്ണർക്ക് അപ്രാപ്യമായി തുടർന്നത്. മാത്രമല്ല ആ വീഥികളിൽ ഒരു കൂട്ടം പോലീസുകാരെ കാവലിന് ഏർപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.
എന്നാൽ ഗ്രാമവീഥികളേയും നഗരവീഥികളേയും വേർതിരിക്കുന്ന തീരുമാനം 'അധഃകൃതവർഗ്ഗക്കാരെ' സംബന്ധിക്കുന്നതല്ലെന്നും, ജൂതതെരുവിലൂടെ ക്രിസ്ത്യാനികളുടെ ഘോഷയാത്ര പോകുന്നതു സംബന്ധിച്ച വിവാദത്തിന്റെ തീരുമാനമായിരുന്നു അതെന്നും, പിന്നീട് നിയമസഭയിൽ സഞ്ചാരസ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചു കൊണ്ടു ചെയ്ത പ്രസംഗത്തിൽ എസ്.എൻ.ഡി.പി. കാര്യദർശി എൻ.കുമാരൻ വാദിച്ചിട്ടുണ്ട്.[3]
മുൻകാല ശ്രമങ്ങൾ
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബാലരാമവർമ തിരുവിതാംകൂർ രാജാവായിരിക്കെ, ഏകദേശം ഇരുനൂറോളം വരുന്ന ഈഴവ യുവാക്കൾ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുവാനും പ്രാർത്ഥിക്കുവാനും തീരുമാനിച്ച് തീയതി നിശ്ചയിച്ചു. ക്ഷേത്രാധികാരികൾ ഈ വിവരം രാജാവിനെ അറിയിക്കുകയും വേണ്ടത് ചെയ്യാമെന്ന് രാജാവ് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ക്ഷേത്രപ്രവേശനം നടത്തുവാൻ നിശ്ചയിച്ചിരുന്ന ദിവസം (1806ൽ )[1]രാജാവിന്റെ ഒരു കുതിരപ്പടയാളി അവിടെയെത്തുകയും ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുകയായിരുന്ന യുവാക്കളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയും പരിക്കേല്പിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. അവിടെക്കിടന്ന ജഡങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേനടക്കു സമീപത്തുള്ള ഒരു കുളത്തിൽ കുഴിച്ചിട്ടു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായി കണക്കാക്കപ്പെട്ട അന്നത്തെ ദളവാ[1]യുമായി ബന്ധപ്പെടുത്തി ആ കുളം നിന്ന സ്ഥലത്തെ അന്നുമുതൽ ദളവാക്കുളം എന്ന് വിളിച്ചു വന്നു. ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
1905-ൽ തിരുവിതാംകൂർ നിയമസഭയിലെ ഈഴവ പ്രതിനിധികൾ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിൽക്കൂടിയുള്ള യാത്രാനിരോധനത്തിന്റെ പ്രശ്നം സഭയിൽ ഉന്നയിച്ചെങ്കിലും തർക്കം മതസംബന്ധിയാണെന്ന ന്യായം പറഞ്ഞ് വിഷയം ചർച്ചക്കായി പരിഗണിക്കാൻ പോലും അധികാരികൾ വിസമ്മതിച്ചു. 1920-21-ൽ സഭയിൽ അംഗമായിരുന്ന പ്രസിദ്ധകവി കുമാരനാശാനും ഈ വിഷയം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. എസ്.എൻ.ഡി.പി. കാര്യദർശിയായിരുന്ന ടി.കെ. മാധവൻ പിന്നീട് പ്രശ്നം ദിവാൻ രാഘവയ്യായുടെ മുൻപിൽ ഉന്നയിച്ചപ്പോഴും അനുഭാവപൂർണമായ പ്രതികരണമല്ല ലഭിച്ചത്. തുടർന്ന് രാജാവിനെ നേരിൽ കണ്ട് നിവേദനം നടത്താൽ മാധവൻ അനുമതി ചോദിച്ചെങ്കിലും അതും നിഷേധിക്കപ്പെടുകയാണുണ്ടായത്. തങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനും, രാജാവിന്റെ ശ്രദ്ധയിൽ പെടുത്താനും അനുമതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് എന്ത് പോംവഴിയാണുള്ളത്, അവർ തിരുവിതാംകൂർ വിട്ടുപോവുകയാണോ വേണ്ടത് എന്ന് പരിതപിച്ച മാധവനോട് ദിവാൻ പറഞ്ഞത്, പ്രശ്നം പരിഹരിച്ചു കിട്ടാൻ ആരെങ്കിലും തിരുവിതാംകൂർ വിട്ടുപോയാലും വിരോധമില്ല എന്നായിരുന്നത്രെ.[4]
കോൺഗ്രസിന്റെ ഇടപെടൽ
[തിരുത്തുക]1917 സെപ്തംബർ 27ന് [1] തിരുനൽവേലി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ടി.കെ. മാധവൻ തിരുവിതാംകൂറിലെ ഈഴവ സമുദായത്തിന്റെ അവസ്ഥ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി. സത്യാഗ്രഹത്തിൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും ഇടപെടൽ സാദ്ധ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി.കെ. മാധ��നാണ്.[5] ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് ഘടകത്തിന് എഴുതാമെന്ന് ഗാന്ധി സമ്മതിച്ചു.[6] 1923 ഡിസംബറിൽ മൗലന മുഹമ്മദ് അലി അദ്ധ്യക്ഷനായ[1] കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിലും ടി.കെ. മാധവൻ, സർദാർ കെ.എം.പണിക്കർ, കെ.പി. കേശവമേനോൻ എന്നിവരോടൊപ്പം പങ്കെടുത്തു. മാധവന്റെ ശ്രമഫലമായി കോൺഗ്രസ് പ്രമേയം ഈ പ്രശ്നം പ്രത്യേകം പരിഗണിക്കുകയും അത് കൈകാര്യം ചെയ്യാൻ സംസ്ഥാന കോൺഗ്രസ് ഘടകത്തെ അധികാരപ്പെടുത്തുകയും ചെയ്തു.[4] അതേ തുടർന്ന് കേരള സംസ്ഥാന കോൺഗ്രസ് സമിതി, 1924 ജനുവരി 24-ൻ എറണാകുളത്ത് സമ്മേളിച്ച് കെ.വേലപ്പന്റെ അദ്ധ്യക്ഷതയിൽ ഒരു അസ്പർശ്യതാ നിർമ്മാർജ്ജന സമിതിക്ക് രൂപം കൊടുത്തു. ടി.കെ. മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. വേലായുധ മേനോൻ, എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.[7] ടി.കെ. മാധവൻ അദ്ധ്യക്ഷനായി ഒരു പ്രചാരണ സമിതിക്കും രൂപം കൊടുത്തു. സമിതികളിലെ അംഗങ്ങൾ 1924 ഫെബ്രുവരി 28-ന് വൈക്കത്തെത്തി ഒരു വലിയ പൊതു സമ്മേളനം നടത്തി.[8] സമ്മേളനത്തിൽ മാധവൻ അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയോട്, അവർണ്ണവിഭാഗങ്ങളെ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഫലകങ്ങൾ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ നിരോധിക്കപ്പെട്ട വഴികളിലൂടെ അവർണ്ണരുടെ ഒരു ജാഥ നയിക്കാനാണ് സമിതി തീരുമാനിച്ചത്.
സത്യാഗ്രഹത്തിന്റെ തുടക്കം
[തിരുത്തുക]ഒരുക്കം
[തിരുത്തുക]ജാഥ നടത്താനുള്ള തീരുമാനം അറിഞ്ഞപ്പോൾ സവർണ്ണ നേതാക്കളിൽ ചിലർ മജിസ്ട്രേട്ട്, പോലീസ് ഇൻസ്പെക്ടർ , തഹസീൽദാർ എന്നിവർക്കൊപ്പം കോൺഗ്രസ് നേതാക്കളെ അവരുടെ താവളത്തിലെത്തി കണ്ടു. ഇണ്ടന്തുരുത്ത് നീലകണ്ഠൻ നമ്പ്യാതിരി ആയിരുന്നു അവരുടെ നേതാവ്. ജാഥ കുറേ ദിവസം കഴിഞ്ഞായാൽ അനുവദിക്കാമെന്നും ഉടനേ അത് നടത്തുന്നത് സാമുദായിക സൗഹാർദ്ദം തകർക്കാൻ ഇടയാക്കുമെന്നും അവർ വാദിച്ചു. ഈ ആവശ്യത്തിന് വഴങ്ങി, കോൺഗ്രസ് ജാഥയുടെ തിയതി 1924 മാർച്ച് 30 എന്ന് നിശ്ചയിച്ചു. അതിനിടെ അയിത്തം കാലങ്ങളായി നിലനിന്നു വരുന്ന ഒരാചാരമാണെന്നു വാദിച്ച സവർണ്ണർ, അത് സംരക്ഷിക്കാനുള്ള 'കടമ' നിർവഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. ഈ ആചാരത്തെ തകർക്കാൻ കോൺഗ്രസ്സ് ഒരു പ്രക്ഷോഭത്തിലൂടെ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.[9] പിന്നീട്, മജിസ്ട്രേട്ട്, വർഗ്ഗീയ കലഹം ഒഴിവാക്കാനെന്ന ന്യായം പറഞ്ഞ്, ജാഥക്കെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു.[10] അതോടെ അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയും അടവ് മാറ്റി, ജാഥക്ക് പകരം എല്ലാ ദിവസവും, വിഭിന്ന ജാതിക്കാരായ മൂന്നു പേരുടെ ഒരു സംഘത്തെ വിലക്കുള്ള വഴികളിലേക്ക് അയക്കാൻ തീരുമാനിച്ചു. ആദ്യ ദിവസം പുലയനയ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരുമാണ് പോയത്.[1] ഈ കാര്യപരിപാടിയുടെ കേന്ദ്രമായിരിക്കാൻ, ക്ഷേത്രത്തിൽ നിന്ന് ഒരു ഫർലോങ്ങ് മാത്രം അകലെ ഒരു സത്യാഗ്രഹാശ്രമവും സ്ഥാപിതമായി. [ഖ]
ആദ്യസംഘം
[തിരുത്തുക]ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു.[11] ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്. പോലീസ് അവരെ തടഞ്ഞുനിർത്തി ജാതി ചോദിച്ച ശേഷം സവർണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽപെട്ട സത്യാഗ്രഹി മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ അറസ്റ്റിലും ജയിൽശിക്ഷയിലും പ്രതിഷേധിച്ച് പൊതുസമ്മേളനവും സംഘടിക്കപ്പെട്ടു. എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു. ഇടക്ക് സവർണ്ണനേതൃത്വവുമായി ചർച്ച വഴി ഒത്തുതീർപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ 5-6 തിയതികളിൽ സത്യാഗ്രഹം നിർത്തിവച്ചു. എന്നാൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹം പുനരാരംഭിച്ചു. ഏപ്രിൽ 7-ന് ടി.കെ. മാധവനും, സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷൻ കെ.പി. കേശവമേനോനും സത്യാഗ്രഹത്തിൽ അറസ്റ്റ് വരിച്ചു. പിന്നീട് അവരെ വിട്ടയച്ചു. അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ, തിരുവിതാംകൂർ മഹാരാജവ് ശ്രീ മൂലം തിരുനാൾ മരിച്ചപ്പോൾ വിട്ടയച്ചു.
മാറിയ 'അടവ്'
[തിരുത്തുക]ഏപ്രിൽ 10 വരെ സമരം ഈ മട്ടിൽ തുടർന്നു. അന്ന് സർക്കാർ അടവ് മാറ്റി. സത്യാഗ്രഹികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം, വഴിയിൽ ബാരിക്കേഡുകൾ ഉയർത്തി നിരോധിക്കപ്പെട്ട റോഡുകളിൽ അവർ പ്രവേശിക്കുന്നത് തടയുക എന്നതായി പുതിയ നയം.[12] ഇതിനോട് സത്യാഗ്രഹികൾ പ്രതികരിച്ചത് നിരാഹാരം അനുഷ്ടിച്ചു കൊണ്ടാണ്. എന്നാൽ ഈ സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ടിക്കുന്നതിന് ഗാന്ധി അനുകൂലമല്ലായിരുന്നു.[13][14] സത്യാഗ്രഹികളെ അറസ്റ്റ് ചെയ്യാതെ സമരത്തെ നേരിടാനുള്ള ശ്രമം ഫലിക്കാതെ വന്നപ്പോൾ സർക്കാർ മർദ്ദനമുറ സ്വീകരിച്ചതായും സത്യാഗ്രഹത്തെ തകർക്കാൻ പോലീസ് യാഥാസ്ഥിതികരുമായി സഹകരിക്കുന്നതായും സത്യാഗ്രഹികൾ ആരോപിച്ചു. ക്രമേണ നിയന്ത്രണം സവർണ്ണ നേതൃത്വത്തിന് വിട്ടിട്ട് പോലീസ് ദൃക്സാക്ഷികളുടെ നിലയിലായെന്നും അവർ ആരോപിച്ചു. സത്യാഗ്രഹത്തിന്റെ ആരംഭഘട്ടത്തിൽ രാജാവായിരുന്ന ശ്രീ മൂലം തിരുനാളും, ദിവാൻ ബഹദൂർ ടി. രാഘവയ്യായും യാഥാസ്ഥിതികരെ പിന്തുണക്കുന്നതായി സത്യാഗ്രഹികൾ കരുതി.
സത്യാഗ്രഹത്തെ വിമർശിച്ച് സവർണ്ണരിൽ ചിലർ ഗാന്ധിക്ക് കത്തുകളയച്ചു. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ളത്, സ്വകാര്യ വഴികളാണെന്നും അതിനാൽ, നടപ്പവകാശം ആവശ്യപ്പെടുന്നതിന് ന്യായമില്ലെന്നും ഒക്കെ ആയിരുന്നു ഈ കത്തുകളെഴുതിയവർ വാദിച്ചത്.
അഖിലേന്ത്യാശ്രദ്ധ
[തിരുത്തുക]സത്യാഗ്രഹം വലിയതോതിൽ അഖിലേന്ത്യാ ശ്രദ്ധ ആകർഷിച്ചു. ആളും അർത്ഥവും വൈക്കത്തെക്ക് പ്രവഹിച്ചു. സത്യാഗ്രഹികൾക്കായി സൗജന്യ ഭോജനാലയം തുടങ്ങാനായി പഞ്ചാബിൽ നിന്നും ഒരു അകാലി സംഘം എത്തി. ഹൈന്ദവേതരരായ ബാരിസ്റ്റർ ജോർജ് ജോസഫ്, ഭജേമാതരം മാത്തുണ്ണി, 'യങ്ങ്-ഇൻഡ്യ'യുടെ സമ്പാദകനായിരുന്ന അബ്ദുൾ റഹ്‌മാൻ തുടങ്ങിയവരും സത്യാഗ്രഹത്തിനൊരുങ്ങി മുന്നോട്ടു വന്നു. കേരളത്തിനു വെളിയിൽ നിന്നുള്ള പ്രശസ്തരായ പലരെയും ഈ ചരിത്രസംഭവം കേരളത്തിലേക്കാകർഷിച്ചു. വിനോബാ ഭാവേ, സ്വാമി ശ്രദ്ധാനന്ദ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ഗാന്ധിയുടെ വിലക്കുണ്ടായിട്ടും, തമിഴ്നാട്ടിൽ നിന്ന് ഇ.വി. രാമസ്വാമി നായ്‌കർ ഭാര്യ നാഗമ്മയോടൊപ്പമെത്തി സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.[15] [ഗ] വിദേശലേഖകന്മാർ പോലും സത്യാഗ്രഹത്തെ ശ്രദ്ധിച്ചു. 1924 മേയ് 9-ന് അമേരിക്കൻ പത്രപ്രതിനിധി റവറന്റ് ചാൾസ് ബി ഹിൽ വൈക്കം സന്ദർശിച്ചു.[16]
അമൃതസറിൽ നിന്നുള്ള ലാൽസിങ്ങിന്റെ നേതൃത്വത്തിൽ സത്യാഗ്രഹഭടന്മാർക്കുവേണ്ടി സൗജന്യ ഭക്ഷണശാല തുടങ്ങി.[1]
ഗാന്ധിയുടെ വിലക്കുകൾ
[തിരുത്തുക]എന്നാൽ കേരളത്തിനു പുറത്തുള്ളവരുടേയോ, ഹൈന്ദവേതരരുടേയോ സഹായം ഈ സത്യാഗ്രഹത്തിന് സ്വീകരിക്കുന്നതിന് ഗാന്ധി എതിരായിരുന്നു. കേരളത്തിലെ ഹിന്ദു സമുദായത്തിലെ ഒരു കളങ്കം ഇല്ലായ്മ ചെയ്യാനുള്ള ഈ സമരത്തിൽ കേരളത്തിലെ ഹിന്ദുക്കൾ മാത്രം പങ്കെടുത്താൽ മതിയെന്നായിരുന്നു ഗാന്ധിയുടെ നിലപാട്. ഏതു സമൂഹത്തിലും പരിവർത്തനം ആത്മാർഥവും സ്ഥായിയും ആകണമെങ്കിൽ അത് ആ സമൂഹത്തിനുള്ളിലുള്ളവരുടെ തന്നെ ശ്രമഫലമായി നടക്കണം എന്നായിരുന്നു അദ്ദേഹം വാദിച്ചത്.[13] പഞ്ചാബിൽ നിന്നുള്ള അകാലിസംഘം സത്യാഗ്രഹാശ്രമത്തിൽ ഭോജനശാല നടത്തുന്നതിനേയും ഗാന്ധി നിശിതമായി വിമർശിച്ചു.
“ | സിക്കുകാർ നടത്തുന്ന ഭോജനശാല അസ്ഥാനത്താണെന്നു തന്നെയുമല്ല, അത് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിന്, കേരളീയരുടെ ആത്മാഭിമാനത്തിനു തന്നെ, ഹാനികരവുമാണ്....സിക്കു സ്നേഹിതന്മാർ വിതരണം ചെയ്യുന്ന ആഹാരപദാർത്ഥങ്ങൾ കേരളീയർ മറ്റൊന്നുമാലോചിക്കാതെ കഴിക്കുന്നത് വെറുമൊരു ഭിക്ഷയായി മാത്രമേ ഞാൻ കണക്കാക്കുകയുള്ളു.[17] | ” |
അത്തരമൊരു ഭോജനശാല, ജനങ്ങൾ പട്ടിണി കിടക്കുന്ന പ്രദേശത്ത് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും മാത്രമേ സങ്കല്പിക്കാൻ സാധിക്കൂ എന്നും ഗാന്ധി വാദിച്ചു.[17] അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് അകാലികളുടെ ഭോജന ശാല പിന്നീടു നിർത്തൽ ചെയ്തു.
നാരായണഗുരുവിന്റെ പങ്ക്
[തിരുത്തുക]ഒരു രാഷ്ട്രീയ മുന്നേറ്റമെന്നതിനു പകരം, ഹൈന്ദവ സമൂഹത്തെ അതിന്റെ മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടിയുള്ള സംരംഭമായിരുന്നു ഈ സത്യാഗ്രഹം. നാരായണഗുരുവിന്റെ സന്ദേശവുമായി ഒത്തു പോകുന്ന ഒരു ലക്ഷ്യമായിരുന്നു ഇത്. അതിനാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കലും താൽപര്യം കാണിക്കാതിരുന്ന ഗുരു, വൈക്കം സത്യാഗ്രഹത്തിൽ പ്രത്യേകം താൽപര്യമെടുത്തു സഹകരിച്ചു. വൈക്കത്തുള്ള നാരായണഗുരുവിന്റെ ആശ്രമം സത്യാഗ്രഹികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. കൂടാതെ ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.[18] എന്നാൽ എങ്ങനെയോ, സത്യാഗ്രഹത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് ഗുരുവും, ഗാന്ധിയും തമ്മിൽ ചില തെറ്റിദ്ധാരണകൾ ഉടലെടുത്തു. എസ്.എൻ.ഡി.പി. യുടെ കാര്യവാഹിയുമായുള്ള സംഭാഷണങ്ങളിലൊന്നിൽ ഗുരു പ്രകടിപ്പിച്ച ചില അഭിപ്രായങ്ങൾ, ഗുരുവിന്റേയും ഗാന്ധിയുടേയും നിലപാടുകൾ വിഭിന്നമാണെന്ന മട്ടിൽ വ്യാഖ്യാനിക്കപ്പെട്ടു. കോൺഗ്രസിന്റെ തത്ത്വങ്ങൾക്കു വിപരീതമായി ഈഴവരുടെ ആത്മീയനേതാവ് തന്റെ അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പറഞ്ഞ്, ഒരു ഘട്ടത്തിൽ സത്യാഗ്രഹത്തിനുള്ള പിന്തുണ പിൻവലിക്കാൻ ചിലർ ഗാന്ധിയെ ഉപദേശിച്ചു.
ഗുരുവിന്റെ വീക്ഷണം
[തിരുത്തുക]ഗുരുവിന്റെ ഇഷ്ടശിഷ്യൻ ടി.കെ. മാധവൻ വൈക്കത്തെ പ്രശ്നത്തിൽ ഗാന്ധിയെ കണ്ടത്, ഗുരുവുമായി ചർച്ച ചെയ്തശേഷമായിരുന്നു. സത്യാഗ്രഹം തുടങ്ങിയ സമയത്ത് ഗുരു എസ്.എൻ.ഡി.പി.യുടെ അന്നത്തെ കാര്യദർശി കെ.എം.കേശവനുമായി വിഷയം വീണ്ടും ചർച്ച ചെയ്തു. മറുപക്ഷത്തിന്റെ മനംമാറ്റം ലക്‌ഷ്യംവച്ചുള്ള അഹിംസാത്മകമായ സ്വയം സഹനത്തിന്റെ മാർഗ്ഗമാണ് ഗാന്ധി നിർദ്ദേശിക്കുന്നതെന്ന് കേശവൻ പറഞ്ഞതിനോട് ഗുരു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:-
സഹിക്കാനും ത്യജിക്കാനുമുള്ള സന്നദ്ധത വേണ്ടത് തന്നെയാണ്. എന്നു വെച്ച് വെറുതേ നനഞ്ഞുകുതിരുകയോ, വിശന്നുപൊരിയുകയോ ചെയ്യേണ്ട കാര്യമൊന്നുമില്ല. പ്രവേശനം നിരോധിച്ചിരിക്കുന്നിടത്ത് പ്രവേശിച്ചിട്ട് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടുക. അടിയേറ്റാലും തിരിച്ചടിക്കേണ്ടതില്ല. പക്ഷേ, മുൻപിൽ ഒരു മതിലുണ്ടെങ്കിൽ മടങ്ങിപ്പോരരുത്. അത് ചാടിക്കടക്കുക. വഴി നടക്കുന്നതിൽ നിർത്തരുത്; ക്ഷേത്രത്തിൽ കയറുക. എല്ലാ ക്ഷേത്രത്തിലും എല്ലാ ദിവസവും എല്ലാവരും കയറട്ടെ. പായസ നിവേദ്യം ഉണ്ടെങ്കിൽ, എടുത്ത് കഴിക്കുക. ക്ഷേത്രത്തിൽ പന്തിഭോജനം നടക്കുന്ന സ്ഥലത്ത് ചെന്ന് മറ്റുള്ളവർക്കൊപ്പം ഇരിക്കുക. ചെയ്യാൻ പോകുന്ന കാര്യം ആദ്യം സർക്കാരിനെ അറിയിക്കണം. ജീവൻ ത്യജിക്കേണ്ടി വരുമെങ്കിൽ അതിനും തയ്യാറായിരിക്കണം. മറ്റുള്ളവരുടെ സ്പർശനം തങ്ങൾക്ക് അശുദ്ധി വരുത്തുമെന്ന് കരുതുന്നവരെ, അവരുടെ 'ശുദ്ധിയിൽ' തുടരാൻ അനുവദിക്കരുത്. ഇതാണ് എന്റെ അഭിപ്രായം. ഇത് പത്രങ്ങളിൽ കൊടുക്കൂ. ഞാൻ അവരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്ന് ജനങ്ങൾ അറിയട്ടെ. പക്ഷേ അക്രമവും, ശക്തിപ്രകടനവും അരുത്. ബലപ്രയോഗത്തിൽ പ്രകോപിതരാകരുത്.
സത്യാഗ്രഹത്തിന്റെ അന്തിമലക്‌ഷ്യമായ ക്ഷേത്രപ്രവേശനം അടുത്ത വർഷത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് കേശവൻ പറഞ്ഞപ്പോൾ, ഇപ്പോൾ തന്നെ അതിന് വൈകിയിട്ടില്ലേ എന്നാണ് ഗുരു ചോദിച്ചത്.
ഗാന്ധിയുടെ പ്രതികരണം
[തിരുത്തുക]ഗുരുവിന്റെ ഈ അഭിപ്രായങ്ങൾക്ക് വലിയ പ്രചാരം കിട്ടുകയും അതിനെക്കുറിച്ചുള്ള പത്രവാർത്ത ഗാന്ധിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു. 1924 ജൂൺ പത്തൊൻപതാം തിയതിയിലെ 'യങ്ങ്-ഇൻഡ്യ'യിൽ ഗാന്ധി ഇങ്ങനെ പ്രതികരിച്ചു:-
ഈഴവരുടെ ആദ്ധ്യാത്മിക നേതാവായ നാരായണഗുരു, വൈക്കത്തെ ഇപ്പോഴത്തെ സത്യാഗ്രഹരീതികളോട് വിയോജിക്കുന്നതായി കേൾക്കുന്നു. ബാരിക്കേഡുകളുള്ള വഴികളിൽ സത്യാഗ്രഹികൾ അവ ചാടിക്കടക്കണമെന്നാണത്രെ അദ്ദേഹത്തിന്റെ അഭിപ്രായം. സത്യാഗ്രഹികൾ ക്ഷേത്രത്തിൽ പ്രവേശിച്ച് മറ്റുള്ളവർക്കൊപ്പം പന്തിഭോജനത്തിനിരിക്കുകയും വേണമത്രെ. ഇപ്പറഞ്ഞ തരം നടപടി സത്യാഗ്രഹമല്ല. ബാരിക്കേഡുകൾ ചാടിക്കടക്കുന്നത് തുറന്ന അക്രമമാണ്. അത് ശരിയാണെങ്കിൽ, ക്ഷേത്രവാതിൽ തല്ലിപ്പൊളിക്കുകയോ, ക്ഷേത്രമതിൽ ഭേദിക്കുകയോ ഒക്കെ ചെയ്യാമല്ലോ. ബലം പ്രയോഗിച്ചല്ലാതെ സത്യാഗ്രഹികൾക്ക് പോലീസ് നിര ഭേദിച്ച് മുന്നേറാനാകുന്നതെങ്ങനെ? ഈഴവർക്ക് ശക്തിയും കൂറേയധികം ജീവൻ ബലികൊടുക്കാൻ സന്നദ്ധതയുമുണ്ടെങ്കിൽ, അവർ ഇങ്ങനെയൊക്കെ കാര്യം നേടിയെന്നുമിരിക്കും. പക്ഷേ, അങ്ങനെ നേടുന്ന നേട്ടം, സത്യാഗ്രഹത്തിന്റേതിൽ നിന്ന് വിപരീതമായ മാർഗ്ഗം വഴി നേടുന്നതായിരിക്കുമെന്നാണ് എനിക്ക് പറയാനുള്ളത്. യാഥാസ്ഥിതികർക്ക് മനഃപരിവർത്തനം വരുത്തിക്കൊണ്ടാവില്ല ഈ നേട്ടം കൈവരിക്കുന്നത്; മറ്റുള്ളവരുടെ നിലപാട് അവരുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ടായിരിക്കും.
ഈ പത്രവാർത്ത എനിക്കയച്ചുതന്ന സുഹൃത്ത്, അക്രമത്തിനുള്ള ഗുരുവിന്റെ ആഹ്വാനത്തോട് പ്രതികരിച്ച് കോൺഗ്രസിനോട് സത്യാഗ്രഹത്തിൽ നിന്ന് പിന്മാറാൻ പറയണമെന്ന് എന്നെ ഉപദേശിച്ചു. അത് സ്വന്തം മാർഗ്ഗത്തിലുള്ള വിശ്വാസമില്ലായ്മ കാട്ടുന്നതിനും ഹിംസക്ക് കീഴടങ്ങുന്നതിനും തുല്യമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വൈക്കത്തെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ഈഴവരുടെ ആദ്ധ്യാത്മികനേതാവിന്റേതെന്നു പറഞ്ഞുകേൾക്കുന്ന അഭിപ്രായങ്ങൾ പിന്തുടർന്നാൽ മാത്രമേ സത്യാഗ്രഹം നിർത്തിവച്ചു പ്രായശ്ചിത്തം ചെയ്യേണ്ട കാര്യമുള്ളു. അല്ലെങ്കിൽ അതിന്റെ ആവശ്യമില്ല. അതുകൊണ്ട് വൈക്കത്തെ സംഘാടകരോട്, അവരുടെ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും അതിൽ പങ്കുചേരുന്നവരുടെ പെരുമാറ്റം വഴിവിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കാനും മാത്രമേ എനിക്ക് പറയാനുള്ളു. ലക്‌ഷ്യത്തിലെത്താൻ എത്രസമയമെടുത്താലും, അതിലേക്കുള്ള വഴി, സഹനവും സ്വയം ശുദ്ധീകരണവും വഴി, സമാധാനപരമായി യാഥാസ്ഥിതികർക്ക് മനം മാറ്റം വരുത്താൻ ശ്രമിക്കുകയെന്നതാണ്.[19]
നിലപാടുകളുടെ താരതമ്യം
[തിരുത്തുക]നാരായണഗുരുവിന്റേയും ഗാന്ധിയുടേയും നിലപാടുകൾ ശ്രദ്ധാപൂർവം പരിശോധിച്ചാൽ, അവ തമ്മിൽ മൗലികമായ അന്തരമൊന്നും കാണുകയില്ലായിരുന്നു എന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ഇരുവരുടേയും ലക്‌ഷ്യം അസ്പർശ്യത ഉൽമൂലനം ചെയ്ത് മനുഷ്യർക്കിടയിൽ സമത്വം ഉറപ്പുവരുത്തുക എന്നതായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ അടിയന്തരലക്‌ഷ്യമാകട്ടെ, ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതു വഴികൾ ഉപയോഗിക്കുവാനുള്ള അടിസ്ഥാന മനുഷ്യാവകാശം സ്ഥാപിച്ചെടുക്കുകയെന്നതുമായിരുന്നു. ഇക്കാര്യത്തിൽ ഗാന്ധിയും ഗുരുവും ഒരേ അഭിപ്രായക്കാരായിരുന്നു. അവിടന്നും മുന്നോട്ടുപോയി, ക്ഷേത്രപ്രവേശനം സാധിച്ചെടുക്കുന്നതുവരെ വിശ്രമിക്കരുതെന്നേ ഗുരു പറഞ്ഞതിനർഥമുണ്ടായിരുന്നുള്ളു എന്നു കരുതണം. അയിത്തോച്ചാടനത്തിനു വേണ്ടി സ്വീകരിക്കുന്ന ഏതു പ്രവർത്തനമാർഗ്ഗവും തികച്ചും അഹിംസാനിഷ്ഠമായിരിക്കേണ്ടതാണ് എന്ന തന്റെ അഭിപ്രായം ഗുരു ഒരു നിഷേധക്കുറിപ്പിൽ പിന്നീടു വ്യക്തമാക്കി.[20] ഒരു ഘട്ടത്തിൽ, ഗുരുവിന്റെ നിലപാടു അക്രമത്തിനുള്ള ആഹ്വാനമായി ഗാന്ധി കണ്ടിരിക്കാം. ബാരിക്കേഡുകൾ ചാടിക്കടക്കാനുള്ള ഗുരുവിന്റെ ആഹ്വാനത്തെ അക്രമത്തിനുള്ളതായി കണ്ട ഗാന്ധി തന്നെ ദണ്ഡിയിൽ നിയമം ലംഘിച്ച് ഉപ്പുണ്ടാക്കുന്നതിന് നേതൃത്വം കൊടുത്തു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഗുരുവിന്റെ പിന്തുണ, വൈക്കം സന്ദർശനം
[തിരുത്തുക]ഏതായാലും, ഒരിക്കലും വാദിച്ചു ജയിക്കുന്നതിൽ തത്പരനല്ലാതിരുന്ന ഗുരു 'യങ്ങ്-ഇൻഡ്യ'യിൽ ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായത്തോട് പ്രതികരിച്ചില്ല. അതേസമയം അദ്ദേഹം വൈക്കത്തിനടുത്തുള്ള വെല്ലൂരെ തന്റെ മഠം സത്യാഗ്രഹികളുടെ ഉപയോഗത്തിന് വിട്ടുകൊടുത്തു. അവിടെ ഒരു കാര്യാലയവും സ്ഥാപിച്ചു. സത്യാഗ്രഹ നിധിയിലേക്ക് അന്ന് വലിയൊരു തുകയായിരുന്ന ആയിരം രൂപ സംഭാവന ചെയ്യുകയും ശിവഗിരി ആശ്രമത്തിൽ സത്യാഗ്രഹത്തിലേക്കുള്ള സംഭാവനക്കായി ഒരു പെട്ടി സ്ഥാപിക്കാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു. തന്റെ ഇഷ്ടശിഷ്യന്മാരായിരുന്ന സ്വാമി സത്യവൃതനേയും കൊട്ടുകോയിക്കൽ വേലായുധനേയും അദ്ദേഹം വൈക്കത്തേക്ക് നിയോഗിച്ചു.
സത്യാഗ്രഹം അതിന്റെ മൂർദ്ധന്യത്തിൽ ആയിരുന്നപ്പോൾ, 1924 സെപ്റ്റംബർ 27-ന് ഗുരു സ്ഥലം സന്ദർശിച്ചു. വൈക്കത്തെത്തിയത് ബോട്ടിലാണ്. അദ്ദേഹത്തെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകൾ ജെട്ടിയിൽ കാത്തുനിന്നിരുന്നു. ഗാന്ധി അയച്ചുകൊടുത്ത കൈത്തറിനൂലിന്റെ ഒരു ബഹുവർണ്ണഹാരം അർപ്പണം ചെയ്ത് അദ്ദേഹത്തെ സ്വീകരിച്ചു. സത്യാഗ്രഹാശ്രമത്തിൽ നെയ്ത ഒരു കൈത്തറി കൈലേസും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. അടുത്ത ദിവസം മഹാത്മഗാന്ധിയുടെ ആരോഗ്യത്തിനായുള്ള ഒരു പൊതു പ്രാർഥനാസമ്മേളനത്തിന് ഗുരു അദ്ധ്യക്ഷത വഹിച്ചു. ഗുരുവിന്റെ പങ്കെടുപ്പ് വലിയ ഭാഗ്യമാണെന്ന് സ്വാമി സത്യവൃതൻ പറഞ്ഞപ്പോൾ താൻ വെറുതേ പങ്കെടുക്കാനല്ല പ്രാർഥിക്കാനാണ് വന്നതെന്ന് ഗുരു പറഞ്ഞു. എല്ലാവർക്കും മുൻപിൽ അദ്ദേഹം ഏതാനും നിമിഷം ധ്യാനനിരതനായി. നാരായണഗുരു പരസ്യമായി പ്രാർഥിക്കുന്നതായി കണ്ട ഒരേയൊരവസരം ഇതായിരുന്നു എന്ന് പറയപ്പെടുന്നു.[21]
സവർണ്ണ പദയാത്ര
[തിരുത്തുക]ഇതിനിടെ, സവർണ്ണവിഭാഗങ്ങളുടെ പിന്തുണ വൈക്കത്തെ പ്രസ്ഥാനത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ഗാന്ധിക്ക് തോന്നി. സവർണ്ണർ മാത്രമടങ്ങുന്ന ഒരു പദയാത്ര തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്ത് ചെന്ന് അവർണരുമായുള്ള ഐക്യം പ്രകടിപ്പിക്കുകയും അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ഗാന്ധി നിർദ്ദേശിച്ചു. നായർസമുദായ നേതാവായിരുന്ന മന്നത്ത് പദ്മനാഭന്റെ നേതൃത്ത്വത്തിൽ 500 പേരടങ്ങിയ സവർണ്ണ പദയാത്ര 1924 നവംബർ ഒന്നിന് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. പദയാത്രക്ക് അത് എത്തിയിടത്തൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്. വഴിക്ക് കൂടുതൽ പേർ ചേർന്നതുമൂലം പദയാത്ര തുടങ്ങിയതിനേക്കാൾ വലുതായി. ഇടക്ക് യാത്രികർ ശിവഗിരിയിൽ ചെന്ന് നാരായണഗുരുവിന്റെ അനുഗ്രഹം വാങ്ങി. തിരുവനന്തപുരത്തെത്തുമ്പോൾ പദയാത്രയിൽ അയ്യായിരം ആളുകളുണ്ടായിരുന്നു. അതേദിവസം തന്നെ ശുചീന്ദ്രത്ത് നിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ ആയിരം പേരടങ്ങിയ അത്തരം മറ്റൊരു പദയാത്രയും തിരുവനന്തപുരത്തെത്തി. അവിടെ ഒരു പൊതുസമ്മേളനവും നടത്തി.[22]
1924 നവംബർ 13-ന് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റീജന്റ് മഹാറാണി സേതുലക്ഷ്മീഭായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർഥനയായിരുന്നു മെമ്മോറണ്ടത്തിന്റെ ഉള്ളടക്കം.[23]
നിയമസഭയിലെ പ്രമേയം
[തിരുത്തുക]മെമ്മോറാണ്ടം വലിയ പ്രതീക്ഷകളോടെയാണ് സമർപ്പിക്കപ്പെട്ടതെങ്കിലും, അതിനു കിട്ടിയ പ്രതികരണം അനുകൂലമായിരുന്നില്ല. കാര്യം തീരുമാനിക്കേണ്ടത് നിയമനിർമ്മാണസഭയാണെന്ന നിലപാടാണ് റാണി സ്വീകരിച്ചത്. സവർണ്ണയാത്രയിലെ നിവേദകർക്ക് മഹാറാണി കൊടുത്ത മറുപടി ഇതായിരുന്നു:-
“ | ഇതിന് പെട്ടെന്നൊരു മറുപടി പറയത്തക്കതല്ല. പ്രധാനമായ ഒരു കാര്യമാണ്. ഇതിനെ സംബന്ധിച്ച് ഒരു 'റസല്യൂഷൻ' കൗൺസിലിൽ എടുത്തു കഴിഞ്ഞിട്ടുണ്ട്. അതിന്മേൽ അവസാനമായി തീരുമാനം ചെയ്യുമ്പോൾ, മെമ്മോറിയലിൽ പറഞ്ഞിരിക്കുന്ന സംഗതികളെ കൂടി പ്രത്യേകം ആലോചിക്കാം[24] | ” |
പിന്നീട് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ എസ്.എൻ ഡി.പി. കാര്യദർശി എൻ കുമാരൻ 1925 ഫെബ്രുവരി 7-ന് നിയമസഭയിൽ ഒരു പ്രമേയം അവതരിപ്പിച്ചങ്കിലും അത് 21-ന് എതിരെ 22 വോട്ടിന് പരാജയപ്പെട്ടു.[ഘ] സർക്കാർ പ്രമേയത്തെ എതിർത്തെങ്കിലും, ദിവാൻ രാഘവയ്യാ തന്റെ പ്രസംഗം ഉപസംഹരിച്ചത്,യാഥാസ്ഥിതികർ കാലത്തിന്റെ സൂചനകൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടാണ്:
“ | ജാതിഹിന്ദുക്കൾ ഈ പഴയ അനാചാരങ്ങളെ നിഷ്കർഷിച്ചു കൊണ്ടിരിക്കുന്നതു ബുദ്ധിപൂർവകമായിരിക്കുകയില്ല എന്നും കാലത്തിനു വരുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നത് ആവശ്യമാണെന്നും.....ലോകം മുഴുവൻ സമ്മതിക്കുന്നതായ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടിരിക്കുന്നതു ശരിയല്ലെന്നും ആകുന്നു ഗവണ്മെന്റിനുള്ള അഭിപ്രായം.[25] | ” |
പ്രമേയത്തിന്റെ പരാജയം സത്യാഗ്രഹികളുടെ ആത്മവീര്യം തളർത്തുകയും യാഥാസ്ഥിതികരുടെ അക്രമനടപടികൾക്ക് ആക്കം കൂട്ടുകയും ചെയ്തു. സത്യാഗ്രഹികളോട് നിശ്ചയദാർഢ്യം നിലനിർത്താനും ക്ഷമാപൂർവമായ സമാധാനം പുലർത്താനും ഗാന്ധി ആവശ്യപ്പെട്ടു. യാഥാസ്ഥിതികരുടെ നേതാവായ ഇണ്ടൻ തുരുത്തിൽ നമ്പൂതിരിയാകട്ടെ സത്യാഗ്രഹികളെ മർദ്ദിക്കാൻ ആളെ വാടകക്കെടുത്ത് അയക്കുകയാണ് ചെയ്തത്. സത്യഗ്രഹികളെ കഴുത്തറ്റം വെള്ളത്തിൽ തള്ളിയിടുകയും അവരുടെ കണ്ണിൽ ചുണ്ണാമ്പ് കലർത്തിയ ലായിനി തളിക്കുകയും ഒക്കെ ചെയ്തപ്പോഴും, ഇടപെടരുതെന്ന് രഹസ്യ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പോലീസ് നോക്കി നിൽക്കുകയേ ചെയ്തുള്ളു എന്ന് ആരോപിക്കപ്പെട്ടു. പെരുമ്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയ സമുദായക്കാരനായ തേവനേയും മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിനേയും പച്ചചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ചു. തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയെ മർദ്ദിച്ചു കൊന്നു. ഇദ്ദേഹമാണ് വൈക്കം സത്യാഗ്രഹത്തിലെ ആദ്യ രക്തസാക്ഷി.[1] നിഷ്ടൂരത കയ്യുംകെട്ടി നോക്കി നിൽക്കാൻ കോൺഗ്ഗ്രസ്സിനാവില്ലെന്ന് തിരുവിതാംകൂറിലെ അധികാരികളെ സബഹുമാനം പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നെന്നും പ്രതിബദ്ധരായ സത്യാഗ്രഹികളുടെമേൽ ഗുണ്ടകളെ അഴിച്ചുവിടുന്നത്, അഖിലേന്ത്യാ തലത്തിൽ ജനാഭിപ്രായം അവർക്കനുകൂലമായി തിരിയാനേ സഹായിക്കൂ എന്നും ഗാന്ധി 'യങ്ങ്-ഇൻഡ്യ'യിൽ എഴുതി.
അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി. വലിയ സവർണക്ഷേത്രങ്ങൾ ബഹിഷ്കരിക്കപ്പെട്ടതിന്റെ ഫലമായി അവയുടെ വരുമാനം കുറഞ്ഞു. സവർണമഹാജനസഭ അതിന്റെ ശക്തികേന്ദ്രങ്ങളിൽ സത്യാഗ്രഹത്തിനെതിരായി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സ്ഥിതി സംഘർഷഭരിതമാവുകയായിരുന്നു. സത്യാഗ്രഹത്തിന്റെ അക്രമരഹിതവും മെല്ലെയുള്ളതുമായ രീതി അക്രമത്തേയും ഗുണ്ടായിസത്തേയും നേരിടാൻ മതിയാവില്ലെന്ന് സത്യാഗ്രഹികൾക്കുപോലും തോന്നിത്തുടങ്ങി.
ഗാന്ധിയുടെ സന്ദർശനം
[തിരുത്തുക]തന്റെ സത്യാഗ്രഹ സിദ്ധാന്തം ഇങ്ങനെ പരീക്ഷിപ്പെടുന്ന സ്ഥലത്തേക്ക് ഗാന്ധിയുടെ ഒരു സന്ദർശനം ഒഴിവാക്കാവുന്നതായിരുന്നില്ല. 1925 മാർച്ച് 10-ന്, സഹായി മഹാദേവദേശായി, മകൻ രാംദാസ്, അലാഡി കൃഷണസ്വാമി അയ്യർ, സി. രാജഗോപാലാചാരി എന്നിവർക്കൊപ്പം ഗാന്ധി കേരളത്തിലെത്തി.
ശിവഗിരി, വൈക്കം
[തിരുത്തുക]ശിവഗിരിയിൽ അദ്ദേഹം നാരായണഗുരുവിനെ സന്ദർശിച്ചു. വൈക്കത്തെ സത്യാഗ്രഹരീതിയോട് വിയോജിപ്പുണ്ടോ എന്ന് ഗാന്ധി ചോദിച്ചപ്പോൾ, എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് ഗുരു പറഞ്ഞു. അഹിംസയും സത്യാഗ്രഹവും പ്രയോജനരഹിതമാണെന്നും, അവകാശപ്രാപ്തിക്ക് ഹിംസ ആവശ്യമായി വരുമെന്നും ചിലർക്ക് അഭിപ്രായമുള്ളതായി ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോൾ, ഹിംസ നല്ലതാണെന്ന അഭിപ്രായക്കാരനല്ല താൻ എന്ന് ഗുരു പ്രതികരിച്ചു.[26]
വൈക്കത്തെ ആശ്രമത്തിൽ താമസിച്ച ഗാന്ധി സത്യഗ്രഹികളോട് സംസാരിച്ചു. സഹനത്തിന്റേയും ത്യാഗത്തിന്റേയും ക്ഷമയുടേയും പ്രാധാന്യം അടക്കം സത്യാഗ്രഹത്തിന്റെ തത്ത്വങ്ങൾ വിശദീകരിച്ചുകൊടുത്ത്, സത്യഗ്രഹികളുടെ ആത്മവീര്യം ഉയർത്താൻ അദ്ദേഹം ശ്രമിച്ചു.
ഇണ്ടന്തുരുത്തി മന
[തിരുത്തുക]സവർണ്ണ നേതൃത്വവുമായി ഒരു ഒത്തുതീർപ്പും ഗാന്ധി ആഗ്രഹിച്ചു. അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു. ആശ്രമത്തിൽ വരാൻ ക്ഷണിച്ച്, സവർണ്ണ നേതാവ് ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിക്ക് ഗാന്ധിയുടെ സഹായി മഹാദേവദേശായി ഒരു കുറിപ്പയച്ചു. തന്നെ കാണണമെന്നുള്ളവർക്ക് വീട്ടിൽ വന്ന് കാണാമെന്ന് നമ്പൂതിരി മറുപടി പറഞ്ഞു.[28]
പിറ്റേദിവസം ഉച്ചക്ക് ഗാന്ധിയും കൂട്ടരും നമ്പൂതിരിയുടെ വസതിയായ ഇണ്ടംതുരുത്തി മനയിൽ എത്തി. സി. രാജഗോപാലാചാരി, മഹാദേവദേശായി, പുത്രൻ രാമദാസ് ഗാന്ധി എന്നിവർ ഗാന്ധിയുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നമ്പ്യാതിരിക്കൊപ്പം വടക്കുംകൂർ രാജ, വഴുതനക്കാട്ടു രാജ, എം.കെ.രാമൻപിള്ള, പി.സി.കൃഷ്ണപിള്ള എന്നിവരും ഉണ്ടായിരുന്നു.
പങ്കാളിത്തം
[തിരുത്തുക]- ദേവൻ നീലകണ്ഠൻ നമ്പ്യാതിരി
- തെക്കൻകൂർ രാജാവ്
- വടക്കൻകൂർ രാജാവ്
- വഴുതനക്കാട്ട് രാജാ
- എം.കെ. രാമൻ പിള്ള
- പി.സി. കൃഷ്ണപിള്ള
- അഡ്വ. വെങ്കട്ടരാമ അയ്യർ
- അഡ്വ. ഗണപതി അയ്യർ
- കൊച്ചുമാടൻ ഗോവിന്ദൻ പിള്ള
- എം.കെ. ഗാന്ധി
- സി. രാജഗോപാലാചാരി
- മാഹാദേവ ദേശായി
- രാംദാസ് ഗാന്ധി
- ടി.ആർ. കൃഷ്ണസ്വാമി അയ്യർ
- എം.വി. സുബ്രഹ്മണ്യ അയ്യർ (ദിവാൻ പേഷ്കാർ)
- ടി. വിശ്വനാഥ അയ്യർ (അസി. ദേവസ്വം കമ്മീഷണർ)
- സുബ്രഹ്മണ്യ അയ്യർ (തഹ്സീൽദാർ
- കൂടാതെ മറ്റുള്ളവരും.
സന്ദർശകരെ വീടിന്റെ വരാന്തയിൽ ഇരുത്തിയിട്ട് നമ്പൂതിരിയും കൂട്ട���ും അകത്തെ മുറിയിൽ ഇരുന്നു. ഗാന്ധിയും സഹപ്രവർത്തകരും അവർണരുടെ സ്പർശനമേറ്റ് അശുദ്ധി വന്നവരായതുകൊണ്ട് അവരെ മനയുടെ അകത്ത് കടത്തുന്നത് ശരിയല്ല എന്ന് നമ്പൂതിരി കരുതി.[ങ]
ചർച്ച
[തിരുത്തുക]അവരുടെ ചർച്ച മൂന്നു മണിക്കൂറോളം നീണ്ടു. കള്ളന്മാർക്കോ, മദ്യപാനികൾക്കൊ, ദുർന്നടപ്പുകാർക്കോ പൊതുവഴിയിൽ കൂടിയുള്ള നടത്തം അനുവദിക്കാതിരിക്കുന്നതു തനിക്കു മനസ്സിലാകുമെന്നും എന്നാൽ ജനിച്ച ജാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ വഴിമുടക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും ഗാന്ധി പറഞ്ഞു. അവർണ്ണരുടെ അവസ്ഥ, അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്. അവരുടെ സംഭാഷണത്തിലെ ആ ഭാഗം ഈവിധമായിരുന്നു:-[30]
എം.കെ.ഗാന്ധി | ....സംശയിക്കേണ്ടവരോ ശത്രുക്കളോ അല്ല അവർ....അവർ കൊള്ളക്കാരോ കള്ളന്മാരോ മദ്യപാനികളോ ദുർനടപ്പുകാരോ ആണെങ്കിലും എനിക്കു മനസ്സിലാക്കാനാവും. പക്ഷേ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഈയൊരു തടസ്സമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല....ഇതിനു നിങ്ങളുടെ ഉത്തരം എന്താണെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. |
ഇണ്ടന്തുരുത്തി | ഹിന്ദുമതശാസ്ത്രഗ്രന്ഥങ്ങളുടെ പാവനത്വത്തിൽ മഹാത്മജി വിശ്വസിക്കുന്നുണ്ടോ? |
എം.കെ.ഗാന്ധി | ഉണ്ട്. |
ഇണ്ടന്തുരുത്തി | താങ്കൾ പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ? |
എം.കെ.ഗാന്ധി | ഉണ്ട്. |
ഇണ്ടന്തുരുത്തി | ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻജന്മങ്ങളിലെ പാപങ്ങളുടെ ഫലമായി അവർ അയിത്തജാതിയിൽ പിറക്കുന്നു. ആചാരവിധികളനുസരിച്ച്, അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാളും ഹീനരാണ്. |
എം.കെ.ഗാന്ധി | കവർച്ചക്കാരോടും മദ്യപാനികളോടുമെന്നതിനെക്കാൾ മോശമായി ഇവരോടു നിങ്ങൾ പെരുമാറുന്നതിന്റെ കാരണം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. |
ഇണ്ടന്തുരുത്തി | കള്ളനേയും മദ്യപാനിയെയും അവരുടെ ദുഷ്ചെയ്തികളിൽ നിന്ന് പിന്മാറ്റാൻ, പക്ഷേ, നിയമപരിചരണം കൊണ്ട് കഴിഞ്ഞേക്കാം. ഇവരെ സംബന്ധിച്ചാണെങ്കിൽ അങ്ങനെ യാതൊരു മാർഗ്ഗവുമില്ല തന്നെ. |
എം.കെ.ഗാന്ധി | അവർക്ക് ആ റോഡുകളിൽ ഇരിക്കണമെന്നില്ല. റോഡുകളിൽ അവർ മാർഗ്ഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവർക്കു കടന്നു പോകണമെന്നു മാത്രം. |
ഇണ്ടന്തുരുത്തി | കടന്നുപോകാൻ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. |
വൈക്കത്ത് നിലവിലിരിക്കുന്ന തരം വിലക്ക് ഹിന്ദുസംഹിതകളിലൊന്നും വിധിച്ചിട്ടില്ലാത്തതാണെന്ന് ഗാന്ധി വാദിച്ചു. ഈ വിലക്ക് ആദിശങ്കരൻ ഏർപ്പെടുത്തിയതാണെന്നായിരുന്നു എതിർപക്ഷത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ, നിഷ്പക്ഷനായ ഒരു ഹിന്ദു പണ്ഡിതൻ ശങ്കരന്റെ സ്മൃതികൾ പരിശോധിക്കണമെന്നും അവയിൽ ഇത്തരം വിലക്ക് പറഞ്ഞിട്ടില്ലെങ്കിൽ അത് പിൻവലിക്കണമെന്നും ഗാന്ധി നിർദ്ദേശിച്ചു. സവർണ്ണരുടെ ഇടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിട്ട്, വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിനെ ഭൂരിപക്ഷം അനുകൂലിക്കുന്നുവെന്ന് കണ്ടാൽ, അത് അംഗീകരിക്കണമെന്നായിരുന്നു ഗാന്ധിയുടെ മറ്റൊരു നിർദ്ദേശം. യാഥാസ്ഥിതികർ നിയോഗിക്കുന്ന ഒരു പണ്ഡിതനും സത്യാഗ്രഹികൾക്കു വേണ്ടി താൻ നിയോഗിക്കുന്ന മറ്റൊരു പണ്ഡിതനും തമ്മിൽ തിരുവിതാംകൂറിലെ ദിവാന്റെ സാന്നിദ്ധ്യത്തിൽ ചര്ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മൂന്നാമതൊരു നിർദ്ദേശവും ഗാന്ധി മുന്നോട്ടു വച്ചു. എന്നാൽ യാഥാസ്ഥിതികർക്ക് ഈ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമായില്ല. അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി. സത്യാഗ്രഹം തുടരുകയും സത്യാഗ്രഹികൾക്കെതിരായ അക്രമങ്ങൾ പെരുകുകയും ചെയ്തു.
ഒത്തുതീർപ്പ്
[തിരുത്തുക]അക്രമവാഴ്ചക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട്, ഗാന്ധി തിരുവിതാംകൂറിലെ പോലീസ് കമ്മീഷണറായിരുന്ന ഡബ്ലിയൂ.എച്ച്. പിറ്റിന് എഴുതി. ഒരു യൂറോപ്യനായിരുന്നെന്നത്‍ തിരുവിതാംകൂർ സർക്കാരും സത്യാഗ്രഹികളും ആയി ഒത്തുതീർപ്പ് സാദ്ധ്യമാക്കാൻ പിറ്റിന് സഹായകമായി. ബാരിക്കേഡുകളും നിരോധനാജ്ഞയും പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാമെന്ന് പിറ്റ് ഏറ്റു. തൽക്കാലം നിരോധനഫലകം കടന്നു പോകരുതെന്ന് ഗാന്ധി സത്യാഗ്രഹികൾക്ക് നിർദ്ദേശം നൽകണം എന്ന വ്യവസ്ഥയിലായിരുന്നു അത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാകും വരെ പോലീസ് സ്ഥലത്തുണ്ടാകും എന്നും തീരുമാനമായി. എഴുത്തുകൾ കൈമാറിയാണ് ഈ ഒത്തുതീർപ്പിൽ എത്തിച്ചേർന്നത്.
1924 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻവലിക്കാമെന്ന് സർക്കാരും സത്യാഗ്രഹം പിൻവലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു. ക്ഷേത്രത്തിന്റെ വടക്കും തെക്കും പടിഞ്ഞാറും വശങ്ങളിലുള്ള വഴി എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും, കിഴക്കുവശത്തെ വഴിയും അതിലേക്കു ചെന്നുചേരുന്ന വേറേ രണ്ട് വഴികളും സവർണ്ണർക്ക് മാത്രമുള്ളവയായി തുടർന്നു.
മൂന്നു സ്ഥലങ്ങളിൽ കവാടങ്ങൾ നിർമ്മിക്കണമെന്നും തീരുമാനമായി. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ, ഗോപുരത്തിൽ നിന്ന് കുറച്ചകലെയായി ആയിരുന്നു ഒരു കവാടം. മറ്റു രണ്ടു കവാടങ്ങൾ പടിഞ്ഞാറുവശത്തെ വഴിയുടെ തെക്കും വടക്കും അറ്റങ്ങളിലായിരുന്നു. ദർശനസമയത്ത്, ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ഉള്ളവർക്ക് മാത്രമായി തുറക്കാനായിരുന്നു ഈ മൂന്നു കവാടങ്ങൾ. ഈ കവാടങ്ങൾക്ക് ഇടയിലുള്ള വഴി, ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ലാതിരുന്ന അവർണ്ണ ഹിന്ദുക്കൾക്കെന്നപോലെ ക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കും അപ്രാപ്യമായിരിക്കുമെന്നും തീരുമാനമായി. ക്ഷേത്രത്തിന്റെ കിഴക്കും വടക്കും ഉള്ള വഴികളെ കൂട്ടിയിണക്കി ഒരു പുതിയ വഴി പൊതുജനങ്ങളുടെ സൗകരാർദ്ധ്യം നിർമ്മിക്കാനും തീരുമാനമായി. തീരുമാനത്തിന്റെ വിശദാംശങ്ങൾ സി.രാജഗോപാലാചാരി ഒരു കത്തിൽ ഗാന്ധിയെ അറിയിച്ചതിനെ തുടർന്ന്, സത്യാഗ്രഹം പിൻവലിക്കാൻ 1925 ഒക്ടോബർ 8-ന് ഗാന്ധി സത്യാഗ്രഹികൾക്ക് നിർദ്ദേശം നൽകി. എന്നാൽ ഒത്തുതീർപ്പു വ്യവ��്ഥകൾ നടപ്പാകാൻ വൈകിയതുമൂലം പ്രക്ഷോഭം അടുത്ത മാസമാണ് പിൻവലിച്ചത്.
പ്രളയകാലം
[തിരുത്തുക]വൈക്കം സത്യാഗ്രഹം നടന്നത്, പ്രകൃതിയിലും സമൂഹത്തിലും ഒരുപോലെ മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രളയകാലത്തായിരുന്നു എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറിലെ ജനതയുടെ ചരിത്രസ്മൃതിയിൽ ഇന്നും പച്ചയായി നിൽക്കുന്ന "99-ലെ വെള്ളപ്പൊക്കം", വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കവർഷമായ 1924-ലായിരുന്നു. [31]
വിലയിരുത്തൽ
[തിരുത്തുക]കേരളത്തിന്റെ ആധുനിക സാമൂഹികചരിത്രം വൈക്കം സത്യാഗ്രഹത്തിന് മുമ്പും പിമ്പും എന്ന് കാലഗണന നടത്താനാവുമെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.[32] അതേസമയം, ക്ഷേത്രത്തിന്റെ മൂന്നു വശങ്ങളിലുള്ള വഴികളിൽ മാത്രം പ്രവേശനം നേടാൻ കഴിഞ്ഞതു കൊണ്ട്, അവർണ്ണജനതക്ക് സത്യാഗ്രഹത്തിൽ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവർക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തിൽ കടന്ന് ആരാധന നടത്താനുള്ള അവകാശമാണെങ്കിൽ അവർക്ക് പൂർണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാൻ അവർണ്ണജനതക്ക് പിന്നെയും ഒരു ദശകം കൂടി കഴിഞ്ഞ് 1936-ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ കാത്തിരിക്കേണ്ടി വന്നു. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കുമാണെങ്കിൽ, സത്യാഗ്രഹത്തെ തുടർന്ന് കിഴക്കു ഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.
ഇൻഡ്യൻ നാഷനൽ കോൺഗ്രസിന് സത്യാഗ്രഹം വലിയ നേട്ടം ഉണ്ടാക്കി എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സത്യാഗ്രഹത്തിന് മുൻപ്, കോൺഗ്രസ്, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്ന മലബാറിൽ ഒതുങ്ങിയ ഉയർന്ന ജാതിക്കാരുടെ ഒരു പാർട്ടി ആയിരുന്നു. സാമൂഹ്യ ഉച്ചനീചത്വങ്ങളെ നീക്കുന്ന കാര്യത്തിൽ ശ്രദ്ധ കാട്ടാതിരുന്ന ആ പാർട്ടിയോട് അവർണ്ണജനതക്ക് അടുപ്പമില്ലായിരുന്നു. വൈക്കം സത്യാഗ്രഹത്തോടെ, അവർണ്ണരുടെ കോൺഗ്രസിനോടുള്ള മനോഭാവത്തിൽ വലിയ പരിവർത്തനം വന്നു. ടി.കെ. മാധവന്റേയും മറ്റും ആഹ്വാനം പിന്തുടർന്ന്, അവർ കൂട്ടമായി കോൺഗ്രസിൽ ചേർന്നു. ഉപരിവർഗപ്രസ്ഥാനമെന്ന നിലയിൽ നിന്ന് കോൺഗ്രസ് ഒരു ബഹുജനപ്രസ്ഥാനം ആയി മാറി.
സത്യാഗ്രഹത്തിന്റെ മറ്റൊരു നേട്ടം അതുണ്ടാക്കിയ സാമുദായികസൗഹാർദ്ദമാണ്. സവർണ്ണരും അവർണ്ണരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അടക്കം എല്ലാ വിഭാഗങ്ങളിലേയും ഉത്പതിഷ്ണുക്കൾക്കിടയിൽ അത് ഐക്യം സ്ഥാപിച്ചു. സത്യാഗ്രത്തിന്റെ സമാപ്തി വരെ പല സവർണ്ണ നേതാക്കാളും അതിൽ കാര്യമായ പങ്ക് വഹിച്ചുവെന്നത് പ്രത്യേകം സ്മരിക്കപ്പെടാറുണ്ട്.[32] കേരള സമൂഹത്തിന്റെ അടിസ്ഥാനപരമായ ഒരുമയാണ് ഇതിൽ തെളിഞ്ഞത്. നായർ-ക്രൈസ്തവ സമുദായങ്ങളിൽ പെട്ട മന്നത്തു പത്മനാഭൻ, എ.കെ. പിള്ള, ചങ്ങനാശേരി പരമേശ്വരൻ പിള്ള, ജോർജ്ജ് ജോസഫ് എന്നിവർ, സി.വി. കുഞ്ഞിരാമൻ, കെ.കേളപ്പൻ തുടങ്ങിയവർക്കൊപ്പം ഈ സമരത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു.[33] ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ ഏറെക്കാലം ഗ്രസിച്ചിരുന്നെങ്കിലും, സമൂഹത്തിലെ ബഹുഭൂരിപക്ഷവും അതിനെ ഒരുകാലത്തും മനസാ അംഗീകരിച്ചിരുന്നില്ല എന്ന് സത്യാഗ്രഹത്തിനു ലഭിച്ച വിശാലമായ ജനപിന്തുണയും അതിന്റെ വിജയകരമായ പരിസമാപ്തിയും തെളിയിച്ചു.[32]
എല്ലാത്തിലുമുപരി, വൈക്കം, ഗാന്ധിയുടെ ആദർശങ്ങളുടെ ഒരു പരീക്ഷണ ഭൂമിയായി. അദ്ദേഹത്തിന്റെ സത്യാഗ്രഹസിദ്ധാന്തം അവിടെ പരീക്ഷിക്കപ്പെടുകയും വളരെ ഫലപ്രദമെന്ന് ആദ്യമായി തെളിയിക്കപ്പെടുകയും ചെയ്തു.[32]
സത്യാഗ്രഹരേഖകൾ
[തിരുത്തുക]ഭാരതത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഏറ്റവുമേറെ രേഖകൾ അവശേഷിപ്പിച്ച് കടന്നുപോയ ചരിത്രസംഭവങ്ങളിലൊന്നാണ് വൈക്കം സത്യാഗ്രഹം. സത്യാഗ്രഹവുമായി ബന്ധപ്പെട്ട ഇരുനൂറിലധികം രേഖകളുടെ നാനൂറുപുറങ്ങൾ വരുന്ന ഒരു സമാഹാരം, മഹാത്മഗാന്ധി സർവകലാശാല, "വൈക്കം സത്യാഗ്രഹരേഖകൾ" എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യാഗ്രഹവുമായി ബന്ധപ്പെട്ട തിരുവിതാംകൂർ നിയമസഭാരേഖകൾ, സർക്കാർ വിജ്ഞാപനങ്ങൾ, കോടതി ഉത്തരവുകൾ, മഹാത്മഗാന്ധിയും സത്യാഗ്രഹനേതൃത്വവുമായുള്ള കത്തിടപാടുകൾ, സത്യാഗ്രഹത്തിന്റെ നിർണ്ണയകസന്ധികളിൽ ദേശീയനേതൃത്വം സത്യാഗഹികൾക്കയച്ച സന്ദേശങ്ങൾ, ഗാന്ധിയും ഇണ്ടന്തുരുത്തിൽ നമ്പൂതിരിയടക്കമുള്ള ക്ഷേത്രകാര്യദർശികളുമായുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഇതിൽ ഉൾകൊള്ളുന്നു.[34]
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കൃതികൾ
[തിരുത്തുക]- "വൈക്കം സത്യാഗ്രഹരേഖകൾ"
- വൈക്കം സത്യഗ്രഹം - പഴ.അതിയമാൻ (തമിഴ്)
- വൈക്കം സത്യഗ്രഹം - 1920
- അയിത്താചരണവും വൈക്കം സമരവും - പെരിയാർ ഇ വി രാമസ്വാമി
- വൈക്കം സത്യാഗ്രഹം ഒരു ഇതിഹാസ സമരം - സുകുമാരൻ മൂലേക്കാട്ട്
കുറിപ്പുകൾ
[തിരുത്തുക]- ക.^ കേരളത്തിലെ ജാതിവിഭജനത്തിന്റെ കാഠിന്യം കണ്ട് ധർമ്മരോഷം പൂണ്ട്, സ്വാമി വിവേകാനന്ദൻ, 1892-ലെ സന്ദർശനവേളയിൽ കേരളത്തെ ഭ്രാന്താലയത്തിനോട് തുലനം ചെയ്തു എന്ന് പറയപ്പെടുന്നു.[35]
- ഖ.^ അന്നത്തെ സത്യാഗ്രഹാശ്രമ സ്ഥാനത്താണ് ഇന്ന്, എസ്. എൻ.ഡി.പി.യുടെ നടത്തിപ്പിലുള്ള, വൈക്കത്തെ സത്യാഗ്രഹ സ്മാരക സ്കൂൾ നിലകൊള്ളുന്നത്.
- ഗ.^ ഈ സമരത്തിൽ അദ്ദേഹം വഹിച്ച പങ്ക് ഇ.വി. രാമസ്വാമി നായ്ക്കർക്ക് ചില വിഭാഗങ്ങൾക്കിടയിൽ ഒരു തരം താരപരിവേഷം നൽകിയെന്ന് കരുതണം. വൈക്കം വീരൻ എന്ന് അദ്ദേഹം അനുനായികൾക്കിടയിൽ അറിയപ്പെടാൻ പോലും തുടങ്ങി. വൈക്കത്തെ പ്രധാന കവലയിൽ, തമിഴ്നാട് സർക്കാർ നായ്ക്കരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സത്യാഗ്രഹം തുടങ്ങിയത് അദ്ദേഹമാണെന്ന് തമിഴ്നാട്ടിലെ ചില പാഠപുസ്തകങ്ങളിൽ പറയുന്നു.
- ഘ.^ ശ്രീനാരായണഗുരുവിന്റെ അടുത്ത ശിഷ്യനായിരുന്ന ഡോക്ടർ പല്പുവിന്റെ സഹോദരനും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത് കൊണ്ടാണ് അത് പരാജയപ്പെട്ടതെന്ന് പറയപ്പെടുന്നു. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചാണത്രെ അദ്ദേഹം ഇത് ചെയ്തത്. പിന്നീട് അദ്ദേഹം ഈഴവസമുദായത്തിന് തീർത്തും അനഭിമതനായിത്തീർന്നു.
- ങ.^ അന്നത്തെ ഇണ്ടൻ തുരുത്തിൽ മന ഇന്ന് ജില്ലാ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ആണെന്നത് വിധി വൈപരീത്യമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ചെത്തു തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവ് സി.കെ. വിശ്വനാഥൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അന്ത്യവിശ്രമസ്ഥാനവുമാണ് ഇന്നവിടം.[27]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 സുബ്രഹ്മണ്യൻ അമ്പാടി (30 മാർച്ച് 2014). "ആ മഹത്തായ സമരത്തിന് നവതി". മാതൃഭൂമി. Archived from the original (പത്രലേഖനം, വാരാന്തപതിപ്പ്) on 2014-04-05 06:00:38. Retrieved 13 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 21
- ↑ "പ്രമേയാവതരണ പ്രസംഗം", ടി.എൽ.സി. പ്രൊസീഡിങ്സ്, വാല്യം 6,പാർട്ട് 1 (പുറം 317), വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 218-237)
- ↑ 4.0 4.1 ടി.കെ. മാധവൻ, 1929 നവമ്പർ 21-ന് ഓച്ചിറയിൽ നടത്തിയ പ്രസംഗം, വൈക്കം സത്യാഗ്രഹരേഖകൾ 2009, (പുറങ്ങൾ 357-64)
- ↑ വൈക്കത്തെ സത്യാഗ്രഹ സ്മാരകം രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിനെ സംബന്ധിച്ച്, 2008 സെപ്റ്റംബർ 8-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന റിപ്പോർട്ട് [1] Archived 2011-09-16 at the Wayback Machine.
- ↑ "മഹാത്മഗാന്ധി-ടി.കെ. മാധവൻ സംഭാഷണം": തിരുനെൽവേലിയിൽ ടി.കെ. മാധവൻ മഹാത്മഗാന്ധിയുമായി നടത്തിയ സംഭാഷണത്തിന്റെ, 1097 കന്നി 15-ലെ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ച രേഖ - വൈക്കംസത്യഗ്രഹരേഖകൾ, 2009 (പുറങ്ങൾ 27-32)
- ↑ ആധുനിക കേരളത്തിലേക്ക് - മിഷൻ അക്ഷയയുടെ മലയാളം സാമൂഹ്യപാഠപുസ്തകം, അദ്ധ്യായം ഒൻപത് - [2]
- ↑ "കോൺഗ്രസ് പ്രചാരണ ഡെപ്യൂട്ടേഷൻ വൈക്കത്ത്" - 1924 ഫെബ്രുവരി 29-ലെ സത്യഗ്രഹബുള്ളറ്റിനിലെ വാർത്ത - വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 33-34)
- ↑ പ്രൊ.എൻ.കെ., ഭാസ്കരൻ (2000). കേരളീയ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ കോട്ടയം ജില്ലാ മജിസ്ട്രേട്ട് എം.വി. സുബ്രഹ്മണ്യ അയ്യരുടെ നിരോധ ഉത്തരവ് - വൈക്കംസത്യാഗ്രഹ രേഖകൾ, 2009 (പുറം 38)
- ↑ "സത്യാഗ്രഹ വാർത്തകൾ: ഒന്നാം ദിവസം" - 1977-ലെ വൈക്കംസത്യാഗ്രഹ സ്മാരകഗ്രന്ഥത്തെ ആശ്രയിച്ച്, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 44-45)
- ↑ "സത്യാഗ്രഹവാർത്തകൾ", 1024 ഏപ്രിൽ 10-ലെ സത്യാഗ്രഹാശ്രമം വാർത്താ ബുള്ളറ്റിൻ, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറം 70)
- ↑ 13.0 13.1 1924 മേയ് 1-ന് ഗാന്ധി യങ് ഇന്ത്യയിൽ എഴുതിയ ലേഖനം, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 110-15
- ↑ 1924 ഏപ്രിൽ 12-ന് ഗാന്ധി ബാരിസ്റ്റർ ജോർജ്ജ് ജോസഫിനയച്ച കത്ത്, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 74-75)
- ↑ 1924 ഏപ്രിൽ 13-ലെ സത്യാഗ്രഹാശ്രമം വാർത്താബുള്ളറ്റിൻ, വൈക്കം സത്യാഗ്രഹരേഖകൾ, 2009(പുറം 78)
- ↑ "ആമേരിക്കൻ പത്രപ്രതിനിധിയുടെ സന്ദർശനം" 1924 മേയ് 9-ലെ സത്യാഗ്രഹാശ്രമ വാർത്താ ബുള്ളറ്റിൻ - വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 126-27)
- ↑ 17.0 17.1 "ഹിന്ദുക്കളിൽ ഒതുക്കി നിർത്തുക: മഹാത്മജി" - ഹിന്ദു ദിനപത്രവുമായി 1924 മേയ് 20ന് ഗാന്ധി നടത്തിയ അഭിമുഖസംഭാഷണം, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 135-37)
- ↑ പി.എസ്., വേലായുധൻ (1978). എസ്.എൻ.ഡി.പി.യോഗചരിത്രം.
- ↑ "ശ്രീനാരയണഗുരുവിന്റെ നിർദ്ദേശത്തെക്കുറിച്ച് മഹാത്മ", യങ് ഇന്ത്യ, 1924 ജൂൺ 19 - വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 165-66)
- ↑ "ഒരു നിഷേധക്കുറിപ്പ്" 1924 ജൂലൈ 10ന് ശ്രീനാരായണ ഗുരു എഴുതിയ കത്ത് - വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 184-86)
- ↑ ശ്രീനാരായണഗുരുവും വൈക്കം സത്യാഗ്രഹവും, 1924 ഒക്ടോബർ 11-ലെ ദേശാഭിമാനി മുഖപ്രസംഗം - വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറം 195)
- ↑ "സവർണ്ണജാഥയും മെമ്മോറിയലും", സാധു എം.പി. നായരുടെ വൈക്കം സത്യാഗ്രഹം എന്ന കൃതിയെ(പുറങ്ങൾ 204-226) ആശ്രയിച്ച് വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 196-206)
- ↑ 'ഭീമഹർജി', സത്യഗ്രഹാശ്രമം വാർത്താ ബുള്ളറ്റിൻ, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 207-209)
- ↑ "മഹാറാണിയുടെ മറുപടി" - സത്യാഗ്രഹവാർത്താ ബുള്ളറ്റിൻ, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറം 209)
- ↑ ദിവാൻ രാഘവയ്യാ പ്രജാസഭയിൽ 1925 ഫെബ്രുവരി 5-നു ചെയ്ത പ്രസംഗം -1977-ലെ വൈക്കം സത്യാഗ്രഹസ്മാരക ഗ്രന്ഥത്തെ ആശ്രയിച്ച് - വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 238-41)
- ↑ "മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു" - 1977-ലെ വൈക്കം സത്യാഗ്രഹസ്മാരകഗ്രന്ഥത്തെ (പുറം 234-35) ആശ്രയിച്ച്, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 292-96)
- ↑ 27.0 27.1 "വൈക്കം ഇണ്ടംതുരുത്തി മന" - 2010 ജൂൺ 26-ലെ മലയാളമനോരമ ദിനപത്രത്തിൽ ആത്മജവർമ്മ തമ്പുരാൻ എഴുതിയ ലേഖനം[3] Archived 2010-07-02 at the Wayback Machine.
- ↑ ഇണ്ടംതുരുത്തി മന സി.പി.ഐ. പുനർനിർമ്മിക്കുന്നു" - മലയാള മനോരമ ദിനപത്രത്തിലെ വാർത്ത[4]
- ↑ പി, ബിജു (2018). വൈക്കം സത്യാഗ്രഹ ചരിത്ര രേഖകൾ. തിരുവനന്തപുരം: കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പ്. p. 104.
- ↑ "മഹാത്മജി സവർണ്ണമേധാവികളുമായി നടത്തിയ സംഭാഷണം", സർക്കാർ റിപ്പോർട്ടർമാർ എഴുതിയെടുത്തു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട്, വൈക്കം സത്യാഗ്രഹരേഖകൾ, 2009 (പുറങ്ങൾ 266-290)
- ↑ ഒരു പ്രളയകാലം(നോവൽ) - എം.കെ. ഗംഗാധരൻ - ഡി.സി. ബുക്ക്സ് പ്രസിദ്ധീകരണം.[5] Archived 2016-03-04 at the Wayback Machine.
- ↑ 32.0 32.1 32.2 32.3 വൈക്കത്തെ സത്യാഗ്രഹ സ്മാരകത്തിൽ, മഹാത്മഗാന്ധി സർവകലാശാലയുടെ സത്യാഗ്രഹ സാംസ്കാരിക ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തപ്പോൾ, പ്രശസ്ത ചരിത്രകാരി റോമില്ലാ ഥാപ്പറും, ഡോക്ടർ പി.കെ. മൈക്കൾ തരകനും മറ്റും നടത്തിയ പ്രഭാഷണങ്ങൾ - ഉദ്ഘാടനച്ചടങ്ങിന്റേയും പ്രഭാഷണങ്ങളുടേയും റിപ്പോർട്ട് 2009 ജൂലൈ 22-ലെ മാതൃഭൂമി ദിനപത്രത്തിൽ [6][പ്രവർത്തിക്കാത്ത കണ്ണി] അതേ ദിവസത്തെ ഹിന്ദു ദിനപത്രത്തിലെ റിപ്പോർട്ട് ഇവിടെ Archived 2013-11-28 at the Wayback Machine.
- ↑ മനോരമ ഈയർബുക്ക് 1992 - പുറം 131
- ↑ 2009 ജൂലൈ 21-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന റിപ്പോർട്ട് - [7] Archived 2009-07-25 at the Wayback Machine.
- ↑ മീനിംഗ് ഓഫ് വൈക്കം, 1999 ഏപ്രിൽ 5-ലെ ഹിന്ദു ദിനപത്രത്തിൽ വന്ന പി.രാധാകൃഷ്ണന്റെ ലേഖനം
ഗ്രന്ഥസൂചി
[തിരുത്തുക]- വൈക്കംസത്യാഗ്രഹരേഖകൾ, മാഹാത്മഗാന്ധി.സർവകലാശാല (2009). "സാമൂഹിക രേഖകൾ എന്ന പരമ്പരയുടെ ഭാഗമായി മഹാത്മഗാന്ധി സർവകലാശാല 2009-ൽ പ്രസിദ്ധീകരിച്ച "വൈക്കം സത്യാഗ്രഹരേഖകൾ"
- ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2. Archived from the original on 2016-03-04. Retrieved 2013-04-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വൈക്കം സത്യാഗ്രഹം Archived 2007-09-28 at the Wayback Machine.
- കേരളചരിത്രം Archived 2007-03-11 at the Wayback Machine.