ത്വരീഖത്ത്
ഇസ്ലാമിലെ ആധ്യാത്മിക മാർഗ്ഗമാണ് ത്വരീഖത്ത് (അറബി:طريقة ). സരണി, വഴി, പാത, രീതി എന്നൊക്കെയാണ് ഈ വാക്കിന്റെ ഭാഷാർത്ഥം. ഈ മാർഗ്ഗത്തിലൂടെയാണ് സൂഫിസത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത് എന്നത് കൊണ്ട് തന്നെ മുസ്ലിം ആത്മീയ വാദികളായ സൂഫികളുമായാണ് ത്വരീഖത്ത് ഇഴ പിരിഞ്ഞു ചേർന്നിരിക്കുന്നത്.
ദൈവത്തിലേക്ക് കൂടുതൽ അടുക്കാനായി ചിട്ടപ്പെടുത്തിയ ആരാധന ആചാര ക്രമങ്ങൾ അടങ്ങിയ സാധക മാർഗ്ഗമായി ത്വരീഖത്തിനെ വിശേഷിപ്പിക്കാം. ആത്മാവിനെ സ്ഫുടം ചെയ്തെടുക്കാനായി പ്രശസ്ത സൂഫി സന്യാസികൾ പരിശീലിച്ചതും, പരിശീലിപ്പിച്ചതും , ശിഷ്യർക്കായി ചിട്ടപ്പെടുത്തിയതുമായ സാധക മാർഗ്ഗങ്ങളാണ് അതത് സ്ഥാപക ആധ്യാത്മിക ഗുരുക്കന്മാരുടെ പേരിൽ അറിയപ്പെടുന്ന ത്വരീഖത്തുകൾ. ഖുർആൻ, പ്രവാചക ചര്യ എന്നിവകളിൽ നിന്നുമുള്ള ഖനനമാണ് എല്ലാ സാധക മാർഗ്ഗങ്ങളുടെയും സ്രോതസ്സെന്നു സൂഫികൾ അവകാശപ്പെടുന്നുണ്ടെങ്കിലും നവീന വാദികളായ മുസ്ലിങ്ങൾ ഇതിനെ പ്രമാണികമല്ലാത്ത മത വിരുദ്ധ പ്രവർത്തി ആയാണ് വിലയിരുത്തുന്നത്.
ചരിത്രം
[തിരുത്തുക]മുഹമ്മദ് നബിയുടെ കാലത്ത് യമനിൽ ജീവിച്ചിരുന്ന ഉവൈസുൽ ഖർനി എന്ന ആധ്യാത്മിക സന്യാസിയുടെ സാധക മാർഗ്ഗമായ ഉവൈസിയ്യ സരണിയാണ് ഏറ്റവും പഴക്കം ചെന്ന സാധക മാർഗ്ഗം. പിന്നീട് ഹസ്സൻ ബസ്വരി ദുന്നൂനൂൽ മിസ്രി, ജുനൈദുൽ ബാഗ്ദാദി [1] എന്നിവരുടെ സാധക മാർഗ്ഗങ്ങളായ ഹസ്സനിയ്യ ജുനൈദിയ്യ എന്നിവയും പ്രശസ്തി നേടി. ഓരോ ആചാര്യന്മാരുടെ ചിന്താധാരകളോട് ചേർന്ന് ഉപ സാധക മാർഗ്ഗങ്ങളും പിന്നീട് രൂപപ്പെട്ടു. ഓരോ ത്വരീഖത്തും ഓരോ സാഹോദര്യ സംഘടനയായാണ് (ബ്രദർ ഹുഡ്) അറിയപ്പെടുന്നത്. എല്ലാ ത്വരീഖത്തുകളുടെയും ആരാധന ആചാര രീതികളിൽ വ്യത്യസ്തത ദർശിക്കാമെങ്കിലും എല്ലാ എല്ലാമാർഗ്ഗങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് ഉവൈസുൽ ഖർനി, ഹസ്സൻ അൽ ബസ്വരി ജുനൈദുൽ ബാഗ്ദാദി തുടങ്ങിയ ആദ്യ കാല സൂഫി ജ്ഞാനികളുടെ സാധക മാർഗ്ഗങ്ങളാണ്. [2]
അതേ പ്രകാരം ഓരോ മാർഗ്ഗങ്ങളുടെയും സിൽസിലകൾ (പരമ്പര) വ്യത്യസ്തമായിരിക്കുമെങ്കിലും സംഗമ സ്ഥാനം മുഹമ്മദ് ആയിരിക്കും. [3]ഭൂരിപക്ഷ പരമ്പരകളും അലി വഴി കടന്നു പോകുമ്പോൾ ചുരുക്കം ചിലവ അബൂബക്കർ ,സൽമാനുൽ ഫാരിസി എന്നിവരിലൂടെയും സഞ്ചരിക്കുന്നു. നൂറ്റാണ്ടുകളുടെ കാലയളവിൽ സാധക മാർഗ്ഗങ്ങളും ഉപ സാധക മാർഗ്ഗങ്ങളുമായി ഇത്തരത്തിൽ ആയിരത്തിലധികം സരണികൾ ജന്മം പൂണ്ടിട്ടുണ്ടെങ്കിലും നൂറോളം സാധക മാർഗ്ഗങ്ങൾ മാത്രമാണ് ഇന്നും സജീവ സാന്നിധ്യമറിയിച്ചു നിലനിൽക്കുന്നത്. അതിൽ നാൽപത് വിപുലമായ രീതിയിൽ പ്രചാരമുള്ളവയാണ്. ഖ്വാജാ മുഈനുദ്ദീൻ ചിശ്തി, അബ്ദുൽ ഖാദിർ ഗീലാനി , ബഹാഉദ്ദീൻ നഖ്ശ്ബന്ദ് ബുഖാരി, അബൂ നജ്ബ് സുഹ്റവര്ദി എന്നീ സൂഫി സന്യാസികളുടെ സാധക മാർഗ്ഗങ്ങളായ ചിശ്തിയ്യ, ഖാദിരിയ്യ, നഖ്ശ്ബന്ദിയ്യ, സുഹ്റവര്ദിയ്യ ത്വരീഖത്തുകളാണ് ഇന്നുള്ള സാധക മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട നാലെണ്ണം.
സഞ്ചാരം
[തിരുത്തുക]ഇസ്ലാമിക നിയമ ക്രമങ്ങളായ ശരീഅത്ത് പൂർണ്ണമായി മുറുകെ പിടിച്ചു ഫിഖ്ഹ് ഇൽ അറിവ് നേടിയതിനു ശേഷമായിരിക്കണം ത്വരീഖത്തിലേക്കുള്ള സഞ്ചാരം ആരംഭിക്കേണ്ടത്. [4] ഇതിനായി ആത്മീയാന്വേഷകൻ സനദ് (പരമ്പര) ഉള്ള ഒരു ഗുരുവിനെ( മാഷായിഖ്/ശൈഖ്) കണ്ട് പിടിക്കേണ്ടതായിട്ടുണ്ട്. [5] മുറബ്ബി (പരിശീലകൻ), മുർഷിദ് (വഴികാട്ടി) എന്നിങ്ങനെയാണ് ഈ ഗുരുക്കന്മാർ അറിയപ്പെടുക. ഏതെങ്കിലും സാധക മാർഗ്ഗങ്ങളുടെ ആചാര്യന്മാരോ, അവരിൽ നിന്നും ഇജാസിയ്യത്ത് (അനുമതി പത്രം) ലഭിച്ച സാധക മാർഗ്ഗ പരിശീലനത്തിൽ സമാപ്തി കുറിച്ചവരോ ആണ് ഗുരുക്കന്മാരായി പരിഗണിക്കപ്പെടുക. അധിക പക്ഷവും ഇത്തരം ഗുരുക്കന്മാർ സാവിയ/തകിയ/രിബാത്വ്/ ഖാൻഖാഹ് എന്നിങ്ങനെ അറിയപ്പെടുന്ന സൂഫി സന്യാസി മഠങ്ങളുടെ അധികാരികളായിരിക്കും. ഇസ്തിഖാമ (استقامة) (നേർമ്മാർഗ്ഗം )എന്നാണു ഇത്തരം പരമ്പരകൾ വിശേഷിപ്പിക്കപ്പെടുക. ഇതല്ലാതെ സയ്യിദുത്ത്വാ ഇഫത് എന്ന രീതിയിൽ ഉള്ള സൂഫി ഗുരുക്കന്മാരും ഉണ്ട്. ഗുരുക്കന്മാരിൽ ഈ രണ്ടാമത്തെ വിഭാഗം മണ്മറഞ്ഞു പോയ മഹത്തുക്കളാണ്. സൂഫി സരണികളിൽ പ്രാഗൽഭ്യം നേടുന്നതോടെയാണ് ഇത്തരം ഗുരുക്കന്മാരുടെ സരണിയിൽ പ്രവേശിക്കാനാവുക. ആത്മീയോന്നതി നേടിയവർക്ക് ആത്മാക്കളുമായി സംവദിക്കാൻ കഴിയുമെന്നും അവരിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കാനാകുമെന്നും വിശ്വസിക്കപ്പെടുന്നു.
ഗുരുക്കന്മാരുടെ കീഴിൽ ശിഷ്വത്വം നേടിയെത്തുന്നവരെ മുബ്തദീ(തുടക്കക്കാരൻ) എന്ന് വിശേഷിപ്പിക്കുന്നു. പരിശീലനത്തിൽ വിജയിച്ചാൽ മുത്തദറിജ് (പരിശീലനത്തിലെ വിജയി) ആകും അതോടെ അയാൾ ശിഷ്യനായി സാധക മാർഗ്ഗത്തിൽ പ്രവേശിക്കുന്നു. ശൈഖിനെ ബൈഅത്ത്അനുസരണ പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ത്വരീഖത്തിലേക്കുള്ള പ്രവേശനം സാധ്യമാവുക .നെഞ്ചിൽ കൈ വെച്ചോ, ആലിംഗനം ചെയ്തോ, കാതിൽ ചൊല്ലിയോ വിർദ് ആയി സ്തോത്രങ്ങളും, ഖിർക്കയെന്ന വസ്ത്രങ്ങളും നൽകുന്നതോടു കൂടി തസ്ക്കിയ(ശുദ്ധീകരണ പ്രക്രിയ), തർബ്ബിയ്യത്ത്(സർവ്വോമുഖ വളർച്ച), സുലൂക്ക് (ആത്മപ്രയാണം) എന്നീ പക്രിയകൾക്കു തുടക്കം കുറിക്കപ്പെടും. ഇതോടെ ശിഷ്യനെ സംസ്കരിച്ചെടുക്ക��ണ്ട ചുമതല ഗുരുവിൽ നിക്ഷിപ്തമാകുന്നു. ഒരു ജഡം പോലെ ശിഷ്യൻ ഗുരുവിനോ, ഗുരു നിയമിക്കുന്ന നിർവ്വാഹകനോ കീഴൊതുങ്ങി നിൽക്കണമെന്നാണ് ചട്ടം. [6] പരിശീലന കളരിയിൽ യഥാക്രമം മുരീദ്, സാലിക് (സഹയാത്രികൻ), മജ്ദൂബ്(ആകൃഷ്ടൻ), മുതദാറക് (വീണ്ടെടുക്കപ്പെട്ടവൻ) എന്നീ സ്ഥാനങ്ങൾ താണ്ടി ശിഷ്യൻ ഗുരു സ്ഥാന ലബ്ധി നേടും.
സഞ്ചാര പഥങ്ങൾ
[തിരുത്തുക]ശരീഅത്ത് ബാഹ്യ ശുദ്ധീകരണത്തിനാണെങ്കിൽ ത്വരീഖത്ത് ആന്തരിക ശുദ്ധീകരണത്തിനാണ് എന്നാണ് സൂഫികൾ നിർവചിക്കുന്നത്. ബാഹ്യശുദ്ധീകരണം യാത്രയുടെ തുടക്കമായി സൂഫികൾ വിശേഷിപ്പിക്കുന്നു.അസ്സൈറു ബില്ലാഹ് (ദൈവിക നിയമാനുഷ്ഠാന പ്രയാണം) എന്ന ശരീഅത്ത് പിന്നിട്ട് ത്വരീഖത്തിൽ പ്രവേശിക്കുന്ന വ്യക്തി അസ്സൈറു ഇലല്ലാഹ്(ദൈവത്തിലേക്കുള്ള പ്രയാണം) ആരംഭിക്കുന്നു. ഈ ആത്മീയ യാത്രയിലെ മഖാമുകൾ (സ്ഥാനങ്ങൾ) പിന്നിടാൻ നിരവധി ഘട്ടങ്ങൾ ത്വരീഖത്ത് സഞ്ചാരി പിന്നിണ്ടേണ്ടതായിട്ടുണ്ട് ഹയാഅ് (ലജ്ജ), ഇഖ്‌ലാസ് (ആത്മാർത്ഥത), തൗബ (പശ്ചാത്താപം), സുഹ്ദ് (പ്രപഞ്ച പരിത്യാഗം), മുജാഹദ (ഇച്ഛയ്ക്കെതിരെയുള്ള സമരം), സ്വബ്ർ (പ്രതിസന്ധികളോടുള്ള ക്ഷമ), എന്നിവകൾ ആർജ്ജിച്ചു ഉസ്ലത്ത് (ഏകാന്ത വാസം), ഖൽവത്ത് (ഏകാഗ്രതാവാസം), സുകൂത്ത് (മൗനവ്രതം), സലാഅ് (ആരാധനകൾ), മുറാഖബ (ആത്മീയ നിരീക്ഷണം,തപസ്സ്) പോലുള്ള രിയാള (തീവ്ര സാധകമുറ)കൾ സ്വായത്തമാക്കുമ്പോൾ അനാനിയ്യത്(അഹംബോധം) നശിച്ചു സ്രഷ്ടാവുമായുള്ള മറ നീക്കപ്പെടുമെന്നു സൂഫികൾ കരുതുന്നു. അനാനിയ്യത്തിനെ ഇല്ലായ്മ ചെയ്യാനും, ആത്മാവിനെ നിയന്ത്രണത്തിലാക്കാനായി ചിലർ നിരന്തരോപവാസങ്ങളും, പരുക്കൻ വസ്ത്രങ്ങളണിഞ്ഞു വെയിലും, തണുപ്പും വകവെക്കാതെയുള്ള ജീവിതവുമൊക്കെ നയിക്കും.
വുസ്വൂൽ, (وصول) മുകാശഫ (ആത്മ ദർശനം), മുശാഹദ (ദിവ്യദർശനം), മുആയന , ഹുളൂർ (ദൃശ്യപ്പെടൽ) തുടങ്ങി ഓരോ മഖാമുകൾ [7]പിന്നിടുമ്പോൾ കശ്ഫ്(മറനീക്കൽ), കറാമത്ത് (അതീന്ദ്രീയ പ്രവർത്തനങ്ങൾ) തുടങ്ങിയ ഗുണങ്ങൾ ഇതിൻറെ ഫലമായി യോഗി കൈവരിക്കുമെന്ന് സൂഫി ആചാര്യമാർ വിവരിക്കുന്നു. മഖാമുൽ ഖൗഫ് , മഖാമുർ റജാഅ്, മഖാമുൽ മുറാഖബ, മഖാമുൽ ഗൈബത്ത്, മഖാമുൽ ഹുളൂർ എന്നിങ്ങനെയാണ് ഈ പടവുകൾ വിശേഷിപ്പിക്കപ്പെടുന്നത്. [8]
ഈ പ്രണയ യാത്രയുടെ പരിസമാപ്തി കുറിക്കുന്നത് ഹഖീഖത്തിലാണ്. അസ്സൈറു ഫില്ലാഹ്(ദൈവത്തിലുള്ള പ്രയാണം) എന്നാണിതിനെ വിശേഷിപ്പിക്കുക. ഹഖീഖത്തിൽ നിന്നും പരിസമാപ്തി കുറിക്കുന്ന മഅരിഫഅത്തിലെത്തുന്ന ഘട്ടത്തിൽ സഞ്ചാര പഥികന് വിവിധ ഉന്മാദ അവസ്ഥകളായ അഹ്‌വാൽലുകൾ (മാനസിക അവസ്ഥകൾ) തരണം ചെയ്യേണ്ടതായി വരും. ഇത്തരം ഹാലുകളുടെ അവസാന ഘട്ടത്തെ ഫന എന്ന പേരിലാണ് വിശേഷിപ്പിക്കപ്പടുന്നത്. [9] മജ്ദൂബും (ദൈവത്തിലേക്ക് വലിക്കപ്പെട്ടവൻ) എന്നാണ് ഉന്മാദ അവസ്ഥയിലുള്ള സൂഫികളെ വിശേഷിപ്പിക്കുക. [10]വളരെ ചുരുക്കം ആത്മീയ അന്വേഷകർ മാത്രമേ ഈ ഘട്ടങ്ങളിലൊക്കെ എത്തിച്ചേരുകയുള്ളു. അപ്രകാരം ഫനയെന്ന ഉന്മാദ അവസ്ഥയിൽ നിന്നും മുക്തമാകുന്നവർ അതിലും ചുരുക്കമായിരിക്കും. ഫനയും കഴിഞ്ഞു മഅ്‌രിഫത്ത് എന്ന അതീന്ദ്രയ ജ്ഞാനം കരഗതമാകുന്നതാണ് ത്വരീഖത്തിലെ അവസാന ഇടം. ഇത് പ്രാപ്യമായാൽ പിന്നെ പ്രവർത്തനങ്ങളുടെ ഫലമായി സ്ഥാനമാനങ്ങൾ കൂടി കൊണ്ടിരിക്കും. അസ്സൈറു ഇലല്ലാഹ്’ (ദൈവത്തിലേക്കുള്ള പ്രയാണം) അവസാനിക്കുകയാണ്.ഇതിന്നു ശേഷം ‘അസ്സൈറു ഫില്ലാഹ്’ (ദൈവത്തിലുള്ള പ്രയാണം) അവസാനമില്ലാതെ തുടർന്ന് കൊണ്ടിരിക്കുകായും ചെയ്യും. [11]
സ്വൂഫികളുടെ സാങ്കേതിക പ്രയോഗ പ്രകാരം ശരീഅത്ത് പദവിയിലുള്ളവർ ‘ ത്വാലിബീൻ’ (طالبين) അന്വേഷി എന്നും, ത്വരീഖത്ത് പദവി കരസ്ഥമാക്കിയവർ ‘സാ ഇരീൻ’ (ساعرين) (പ്രയാണം അവസാനിച്ചവൻ) എന്നും, ഹഖീഖത്ത് പദവിയിലുള്ളവർ ‘വാസ്വിലീൻ’ (واصلين) (ചെന്നെത്തിയവൻ) എന്നും വിശേഷിക്കപ്പെടുന്നു. [12]
അനുഷ്ഠാന മുറകൾ
[തിരുത്തുക]റാത്തീബ്, മൗലൂദ്, ഔറാദ്, ദിഖ്ർ ഹൽഖകൾ, ദാറൂദ്, (സ്വലാത്തുകൾ) ധ്യാനവേളകൾ എന്നിങ്ങനെയുള്ള അനുഷ്ഠാന മുറകൾ എല്ലാ ത്വരീഖത്തുകൾക്കും പൊതുവായി ഉണ്ടാകും. ഒറ്റ നോട്ടത്തിൽ ഇവകൾ തമ്മിൽ സാമ്യത തോന്നുമെങ്കിലും ആചാര രീതികളും ചൊല്ലുന്ന സ്തോത്രങ്ങളും രീതികളുമൊക്കെ വ്യത്യസ്തമായിരിക്കും. ഇത്തരം ചടങ്ങുകൾക്കിടയിൽ ത്വറബ്(ആനന്ദതുന്ദിലത) നശ്വ(നിർവൃതി) ഗൈബ്(ഐഹികലോക വിസ്മൃതി) ഉണ്ടാവുകയും റഖ്സ്വ് എന്ന പരിസരം മറന്നെന്ന പോലുള്ള ചലനങ്ങൾ ഉണ്ടാകുകയും ചെയ്യും. മൗലവിയ്യ ദർവീശുകൾ കറങ്ങുകയാണ് ചെയ്യാറെങ്കിൽ[13] ശാദുലിയ്യ മാർഗ്ഗത്തിൽ അവ ഇളകിയാടലാണ്. ആത്മീയ അനുഭൂതി കരസ്ഥമാക്കാൻ നശീദ്, ഖസീദഃ, മനാഖിബ്, ശ്രുതിമധുരമായ വേദ പാരായണം, ഖവ്വാലി, ഗിനാഅ് (ഗാനാലാപനം), പോലുള്ള സമാഃ സദസ്സുകളും, സൂഫിയാന കലാമുകളിൽ പെട്ട ശ്യാരി , റുബായി, നഅ്ത്ത് കവിതാസദസ്സുകളും, മുശാഅറ കവി സദസ്സുകളും വിവിധ ത്വരീഖത്തുകളുടെ ഭാഗമായി സംഘടിക്കപ്പെടാറുണ്ട്. [14] റബാബ്, ഊദ്, സിത്താർ, ബുൾബുൾ, ഷാഹിബാജ, ദഫ്, അറബന പോലുള്ള സംഗീത ഉപകരണങ്ങളുടെ വികാസവും ചില ത്വരീഖത്തുകളുടെ ഭാഗമായി വളർന്നു വന്നവയാണ്.
വ്യാജ ത്വരീഖത്ത്
[തിരുത്തുക]പരമ്പര ഇല്ലാത്ത, ശരീഅത്ത് അനുസരിക്കാത്ത സൂഫി സരണികളെയാണ് വ്യാജ ത്വരീഖത്ത് എന്ന് വിശേഷിക്കപ്പെടുന്നത്. ഇത്തരം ആളുകൾ വിവിധ മതങ്ങളുടെ ആരാധനാ രീതികൾ പിന്തുടരുകയും ലഹരിയോ, ദ്രാക്ഷാരസം പാനം ചെയ്തോ, മയക്കുമരുന്നുപയോഗിച്ചോ ആത്മീയ അനുഭൂതി കരസ്ഥമാക്കാൻ ശ്രമിക്കുന്നവരുമാണെന്നാണ് പ്രധാന ആരോപണങ്ങൾ
നിർവചനങ്ങൾ
[തിരുത്തുക]- ശൈഖ് സൈനുദ്ധീൻ മഖ്ദൂം
- ശരീഅത്ത് കപ്പലാണ് ത്വരീഖത്ത് സമുദ്രവും ഹഖീഖത്ത് അമൂല്യമായ പവിഴവും. കപ്പലില്ലാതെ കടലിൽ മുങ്ങി പവിഴം വാരുവാൻ സാധ്യമല്ല [15]
- ദൈവത്തെ മാത്രം കാംക്ഷിച്ച് കൊണ്ടുള്ള കർമ്മങ്ങളും ജീവിതഭദ്രതയും മുറുകെ പിടിക്കലാണ് ത്വരീഖത്ത്[16]
- ഇബ്നു അജീബ
മാനുഷിക ദുർഗ്ഗുണങ്ങളിൽ നിന്ന് ഹൃദയത്തെ സ്ഫുടം ചെയ്യലാണ് ത്വരീഖത്ത് [17]
- ശൈഖ് ദഹ്‌ലാൻ
ഇൽമ്, അമൽ, ദുഃസ്വഭാവങ്ങളിൽ നിന്നുള്ള മുക്തി, സൽസ്വഭാവങ്ങൾ കൊണ്ട് നന്നായിത്തീരൽ എന്നിവയാണ് ത്വരീഖത്തുകളുടെയും അടിസ്ഥാനം [18]
- ശൈഖ് അബ്ദുല്ലാ അൽ ഐദറൂസി
പദവികളും മഖാമുകളും മുറിച്ചുകടന്ന് ദൈവത്തിലേക്ക് നിന്നെ അടുപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടും തഖ്‌വ കൊണ്ടും പിടിച്ചുനിൽക്കലാകുന്നു ത്വരീഖത്ത് [19]
പ്രധാന സരണികൾ
[തിരുത്തുക]- ഖാദിരിയ്യ
- ചിശ്തിയ്യ
- നഖ്ശബന്ദിയ
- രിഫാഇയ്യ
- ശാദുലിയ്യ
- ദസൂഖിയ്യ
- ബദവിയ്യ
- സുഹ്റവർദിയ്യ
- മൗലവിയ്യ
- തീജാനിയ്യ[20]
- സനൂസിയ്യ
- നൂരിയ്യ
- ആരിഫിയ്യ
- തീജാനി സരണി
ഇവ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഇമാം ശഅറാനി -ഇർഷാദു ത്വാലിബീൻ- പേജ് 32,33
- ↑ ശൈഖ് സൈനീ ദഹ്ലാൻ -തഖ്രീബുൽ ഉസ്വൂൽ പേജ്281
- ↑ ശൈഖ് സൈനീ ദഹ്‌ലാൽ-തഖ്രിബുൽ ഉസ്വൂൽ- പേജ് 281
- ↑ ഇമാം ശഅ്റാനി -അൽ അ��വാറുൽ ഖുദ്സിയ്യ 1/66
- ↑ അൽ ഫതാവൽ അസ്ഹരിയ്യ/54
- ↑ അൽ അൻവാറുൽ ഖുദ്സിയ്യ 1/66
- ↑ ഹാശിയതു ശൈഖിസാദ: വാ 1 പേജ് 40
- ↑ shykh busaidi, al adaabul marlliyya, page : 82(39)
- ↑ ഇമാം ഗസ്സാലി ഇഹ്യാ ഉലൂമുദീൻ
- ↑ ഇബ്നു അറബി -അൽ ഫുതൂഹാതുൽ മക്കിയ്യ: അദ്ധ്യായം 44 വാള്യം 1 പേജ് 315,316
- ↑ ഹാശിയത്തുൽ ബൈളാവി വാള്യം 1 പേജ് 46
- ↑ ഇബ്നു അജീബ- ഈഖാളുൽ ഹിമം- പേജ് 125
- ↑ J. K. Birge, "The Bektashi Order of Dervishes", London and Hartford, 1937
- ↑ Cocept of Reality and Existence - Toshiko Izutsu - I. B. T Kualalampur – 2007
- ↑ ശൈഖ് സൈനുദ്ധീൻ മഖ്ദൂം-അദ്ഖിയാഅ്
- ↑ ശൈഖ് സൈനുദ്ധീൻ മഖ്ദൂം-അദ്ഖിയാഅ്
- ↑ ഈഖാളുൽ ഹിമം പേജ് 31 ഇബ്നു അജീബ
- ↑ തഖ്രീബുൽ ഉസ്വൂൽ/18,19
- ↑ രിസാലതുൽ ഐദറൂസി/11
- ↑ J. M. Abun-Nasr, "The Tijaniyya", London 1965
- പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ത്വരീഖത്ത് സമഗ്ര പഠനം